ഹിന്ദു, മുസ്ലിം, ന്യൂനപക്ഷ നിയമങ്ങളിൽ ആഗോളതലത്തിൽ ആധികാരികനായി ഗണിക്കപ്പെടുന്ന ഇന്ത്യൻ പണ്ഡിതനാണ് പ്രഫ. താഹിർ മഹ്മൂദ്. പുതിയ ഏക സിവിൽ കോഡ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്റെ നിലപാടുകൾ കൂടുതൽ തെളിച്ചത്തോടെ പ്രഖ്യാപിക്കുകയാണ് അദ്ദേഹം മാധ്യമം എഡിറ്ററുമായുള്ള ഇൗ സംഭാഷണത്തിൽ.
ഇന്ത്യൻ നിയമ കമീഷനിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ മുസ്ലിം നിയമജ്ഞനായിരുന്നു പ്രഫ. താഹിർ മഹ്മൂദ്. ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാൻ, ഡൽഹി സർവകലാശാല നിയമവിഭാഗം ഡീൻ, ദേശീയ മനുഷ്യാവകാശ കമീഷൻ അംഗം, രംഗനാഥ് മിശ്ര കമീഷനിൽ ജൂറിസ്റ്റ് മെംബർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വിവിധ നാടുകളിലെ കുടുംബനിയമങ്ങളിൽ മികച്ച അക്കാദമിക വിദഗ്ധനാണ്. സൗത്ത് ഏഷ്യൻ കൺസോർട്യം ഫോർ റിലീജ്യൻ ആൻഡ് ലോ സ്റ്റഡീസിന്റെ സ്ഥാപക പ്രസിഡന്റാണ്. ഇപ്പോൾ അമിറ്റി യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ചെയർമാനും ജൂറിസ്റ്റ് ചെയറും ‘ഇന്ത്യൻ എക്സ്പ്രസ്’, ‘ദ ക്വിന്റ്’, ‘ദ ഹിന്ദു’ അടക്കമുള്ള ദേശീയമാധ്യമങ്ങളിൽ പതിവ് എഴുത്തുകാരനുമാണ്. അനേകം കോടതിവിധികളിൽ പരാമർശിക്കപ്പെട്ട നിരവധി കൃതികളുടെ കർത്താവായ അദ്ദേഹത്തിന്റെ ‘മുസ്ലിം ലോകത്തിലെ കുടുംബനിയമ പരിഷ്കാരം’ എന്ന കൃതി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. രാജ്യത്ത് ഇതഃപര്യന്തം ഉയർന്ന ഏക സിവിൽ കോഡ് ചർച്ചകളിൽ പങ്കുകൊണ്ട അദ്ദേഹം പുതിയ ചർച്ചയും പ്രതികരണങ്ങളും നിരൂപണംചെയ്യുന്നു.
പതിറ്റാണ്ടുകളായി ഏക സിവിൽ കോഡിനു വേണ്ടിയുള്ള മുറവിളി ഇടക്കിടെ ഉയരുന്നു. ചിലപ്പോൾ കോടതി, മറ്റു ചിലപ്പോൾ മതേതര ലിബറൽ ആശയഗതിക്കാർ, പലപ്പോഴായി സംഘ്പരിവാർ എന്നിങ്ങനെ. ഇതിനെ എങ്ങനെ കാണുന്നു?
ഏക സിവിൽ കോഡിനായി ഇതുവരെ ഒരു ശ്രമവും ആരും നടത്തിയിട്ടില്ല. പലരും അതേക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നേയുള്ളൂ. ഗവൺമെന്റ് ഏക സിവിൽ കോഡിനുവേണ്ടി ശ്രമം നടത്തുന്നില്ലെന്നു സുപ്രീംകോടതി ആക്ഷേപിക്കുന്നുണ്ട്. അതു പറയുന്ന പരമോന്നത കോടതിയും പ്രസ്തുത വിഷയത്തിൽ നിർദേശങ്ങളൊന്നും നൽകുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ മാർഗനിർദേശകതത്ത്വത്തിൽ പെടുന്ന 44ാം അനുച്ഛേദം പറയുന്നത്, രാജ്യം പൗരന്മാർക്കായി ഇന്ത്യ ദേശവ്യാപകമായി ഒരൊറ്റ സിവിൽ കോഡ് കൊണ്ടുവരാൻ പരിശ്രമിക്കും എന്ന വകുപ്പാണത്. മാർഗനിർദേശക തത്ത്വം കോടതി നിയമാനുസൃതം നടപ്പിൽ വരുത്തേണ്ട വിഷയമല്ല. അവർക്ക് അഭിപ്രായം പറയാനും നിർദേശം മുന്നോട്ടുവെക്കാനും മാത്രമേ ആവൂ.
മുൻ ഗവൺമെന്റുകളൊന്നും ഏക സിവിൽ കോഡിനുവേണ്ടി പ്രായോഗികശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഈ സർക്കാറിന്റെ കൈയിലും അതിന്റെ രൂപരേഖയൊന്നും ഇല്ല. അവർ തത്ത്വം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ആരുടെ കൈയിലും അതു സംബന്ധിച്ച ഐഡിയയൊന്നും ഇല്ല.
ഇതൊരു പൊളിറ്റിക്കൽ ഗിമ്മിക്ക് ആണെന്നാണോ?
അല്ലാതെന്ത്? 1998 മുതൽ 2004 വരെ ആറുവർഷം ബി.ജെ.പിയായിരുന്നല്ലോ ഭരണത്തിൽ. അവരും പറഞ്ഞിരുന്നു, ഏക സിവിൽ കോഡിനെക്കുറിച്ച്. എന്നാൽ, ഒന്നും ചെയ്തില്ല. നിലവിലെ ബി.ജെ.പി സർക്കാർ ഒമ്പതു വർഷം പിന്നിട്ടു. എന്നാൽ, വെറും വർത്തമാനമല്ലാതെ ഒരു ഡ്രാഫ്റ്റ് പോലും തയാറാക്കാൻ അവർക്കായിട്ടില്ല. അങ്ങനെയാണ് കോടതി അവരോട് ചോദിച്ചത്, ഈ ഏക സിവിൽ കോഡിനെക്കുറിച്ച് വായ്ത്താരി നടത്തുന്ന നിങ്ങൾ എന്താണ് നടപ്പാക്കാൻ ശ്രമിക്കാത്തത് എന്ന്. സുപ്രീംകോടതിയിലെത്തിയ ഒരു ക്രൈസ്തവ കേസുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമുയർന്നത്. അങ്ങനെ 2018ൽ 21 ാമത് ലോ കമീഷനെ ഏക സിവിൽ കോഡിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തി.
ഈയൊരവസ്ഥയിൽ ഏകസിവിൽ കോഡ് അത്യാവശ്യമോ അഭികാമ്യമോ അല്ല എന്നായിരുന്നു അവർ സമർപ്പിച്ച റിപ്പോർട്ട്. പിന്നെ ഒരു നീണ്ട ഇടവേള കഴിഞ്ഞാണ് നിയമ കമീഷൻ പുനഃസംഘടിപ്പിക്കപ്പെടുന്നത്. നാളിന്നോളം നിയമകമീഷനെ നയിച്ചത് വിരമിച്ച സുപ്രീംകോടതി ജഡ്ജിയായിരുന്നു. കമീഷൻ അംഗമായിരുന്നിട്ടുള്ള എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണത്. ആ പതിവിനു വിരുദ്ധമായി ഇതാദ്യമായി ഒരു ഹൈകോടതി ജഡ്ജിയെയാണ് കമീഷൻ അധ്യക്ഷനായി നിയമിച്ചത്. ആരായിരുന്നു ആ ഹൈകോടതി ജഡ്ജി? കർണാടകയിൽ കാമ്പസുകളിൽ ഹിജാബ് വിലക്കി അന്നത്തെ ബി.ജെ.പി ഭരണകൂടത്തെ പ്രസാദിപ്പിച്ച അതേയാൾ. അന്നത്തെ വിധിക്ക് അദ്ദേഹത്തിനു ലഭിച്ച പാരിതോഷികമായിരുന്നു ഈ സ്ഥാനം. സ്ഥാനമേറ്റെടുത്ത കമീഷൻ പഴയ കമീഷന്റെ ഏക സിവിൽ കോഡ് റിപ്പോർട്ട് പഠനവിധേയമാക്കിയില്ല. പകരം വിഷയത്തിൽ പൊതുജനാഭിപ്രായം തേടി അവർ പുതിയ നോട്ടീസിറക്കുകയാണ് ചെയ്തത്. ഏക സിവിൽ കോഡ് വേണോ വേണ്ടേ എന്ന ഒരു ചോദ്യത്തിന് ഉത്തരം തേടുക മാത്രമേ നിയമ കമീഷന് ചെയ്യാനുള്ളൂ. അതിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായം ആരായുന്ന ഒരു സർവേ. അവർ ഒരു കരടും ഉണ്ടാക്കിയില്ല. നിർദിഷ്ട നിയമത്തിനൊരു രൂപരേഖയുണ്ടാക്കി അത് ജനങ്ങൾക്കു മുന്നിൽ വെച്ച് അഭിപ്രായം ശേഖരിക്കുകയാണെങ്കിൽ കുറേക്കൂടി സാംഗത്യമുണ്ടായേനെ. എന്നാൽ, ഇപ്പോൾ നടക്കുന്നത് അതല്ല. അവർ വെറുതെയിരുന്ന് ഇങ്ങനെയൊന്ന് വേണോ വേണ്ടേ എന്നു ചോദിക്കുകയാണ്.
ഏക സിവിൽ കോഡ് ഭരണഘടന നിർദേശിച്ചിട്ടുള്ളതാണ്. അത് എന്തായിരിക്കണം, എങ്ങനെ വേണം എന്നതൊക്കെ മറ്റൊരു വിഷയം. ഏതെങ്കിലും സർക്കാറിന് ആ വിഷയത്തിൽ താൽപര്യം ഉണ്ടെങ്കിൽ അവർ ഒരു കരട് തയാറാക്കി വിതരണംചെയ്ത് ജനങ്ങളുടെ അഭിപ്രായം തേടുകയാണ് വേണ്ടത്.
മുസ്ലിംകൾ ഈ വിഷയത്തിൽ അനാവശ്യമായ അമിതാവേശം കാണിക്കുകയാണ്. ഇതൊരിക്കലും ഒരു ഹിന്ദു-മുസ്ലിം വിഷയമല്ല. ഏക സിവിൽ കോഡ് എന്നാൽ എല്ലാ വ്യക്തിനിയമങ്ങളും റദ്ദു ചെയ്യുക (repeal) എന്നാണർഥം. ഹിന്ദു നിയമവും പോകും. ഇത് രാജ്യത്തെ മൊത്തം ജനവിഭാഗങ്ങളെ ബാധിക്കുന്നതാണ്. പിന്നെയെന്തിന്, മുസ്ലിംകൾ മാത്രം ഞങ്ങൾ സിവിൽ കോഡിനെ എതിർക്കും എന്നു പറഞ്ഞു അനാവശ്യമായി ബഹളം വെക്കുന്നത്?
ഇത് നിങ്ങളുടെ വിഷയമല്ല, ദയവുചെയ്ത് ശാന്തരാകുവിൻ. ആദ്യം ഡ്രാഫ്റ്റ് പുറത്തുവരട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം. ഇപ്പോൾ അത് വെറും അവ്യക്തമായൊരു ആശയമാണ് എന്നിരിക്കെ, ഇല്ലാത്ത ഒരു കാര്യത്തിനുവേണ്ടി ഒച്ചവെക്കുന്നതെന്തിന്? കരടു വന്നശേഷം അതിൽ ശരീഅത്ത് നിയമവുമായി ഇടയുന്ന കാര്യങ്ങളുണ്ടോ എന്നു പരിശോധിച്ച് അതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടത്തുകയല്ലേ വേണ്ടത്?
ഇപ്പോൾ ഏക സിവിൽ കോഡ് വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത് മുസ്ലിംകളെ ഉന്നമിട്ടാണ് എന്നാണ് വലതുപക്ഷത്തുനിന്നുള്ള പ്രതികരണങ്ങളും പ്രസ്താവനകളും സൂചിപ്പിക്കുന്നത്. മുത്തലാഖ് മുസ്ലിം യുവാക്കളെ ക്രിമിനലുകളാക്കി മാറ്റാനുള്ള ഉപാധിയാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്?
ഞാൻ നിലവിലെ സർക്കാറിനെ അംഗീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യില്ല. എന്നാൽ, മുത്തലാഖിന്റെ വിഷയത്തിൽ ഗവൺമെന്റ് ശരിയായ നീക്കമാണ് നടത്തിയത് എന്നു ഞാൻ പറയും. മുത്തലാഖ് വിഷയത്തിൽ ചില പരിഷ്കരണങ്ങൾ ഉണ്ടായേ തീരൂ. ഈ പരിഷ്കരണങ്ങൾക്ക് മുൻകൈയെടുക്കാൻ മൗലവിമാരോടും മുല്ലമാരോടും ഞാൻ എപ്പോഴും ആവശ്യപ്പെട്ടുവരുന്നതാണ്. ഈ അനാചാരം ഹറാമാണ് എന്ന് അവർ പറയുന്നു. എന്നിട്ടോ, അവരത് നടത്തിക്കൊടുക്കുകയും ചെയ്യുന്നു. എന്തൊരു അസംബന്ധമാണിത്! നിഷിദ്ധമായ (ഹറാം) ഒരു പ്രവൃത്തിയുടെ നിർവാഹകരാകുകയാണോ അവർ? ഇത്തരത്തിൽ നിയമം കൊണ്ടുവന്നില്ലെങ്കിൽ അതു നിർത്താനാവില്ല. ഇപ്പോൾ അതു കുറ്റകരമാക്കിയ ശേഷവും ജയിലൊന്നും കാര്യമാക്കാതെ മുത്തലാഖിനു മുതിരുന്നവരുണ്ട്.
മുത്തലാഖിന് ശരീഅത്തുമായി ഒരു ബന്ധവുമില്ല. അത് അനിസ്ലാമികമാണെന്ന് പണ്ഡിതന്മാരും പുരോഹിതരും സമ്മതിക്കുന്നു, മുസ്ലിം വ്യക്തിനിയമ ബോർഡ് സമ്മതിക്കുന്നു. പിന്നെയും എന്തിന് അതു വെച്ചുകൊണ്ടിരിക്കുന്നു? യഥാർഥത്തിൽ സമുദായത്തിനകത്തെ പണ്ഡിതന്മാർ ഇത്തരം ആചാരങ്ങൾ നിരാകരിക്കുകയാണെങ്കിൽ ഈ പരിഷ്കരണങ്ങളൊക്കെ നേരത്തേ വന്നുകഴിഞ്ഞേനെ.
ബഹുഭാര്യത്വത്തിന്റെ വിഷയവും ഇതുപോലെതന്നെ. ഖുർആൻ നിരുപാധികമായി അംഗീകരിച്ചതല്ല അത്. പൂർണമായ നീതി പുലർത്താനാവുമെങ്കിൽ മാത്രമേ ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നുള്ളൂ. എന്നാൽ ഈ ഉലമ പറയുന്നതെന്താണ്? അനുമതിയാണ് നിയമം. ഉപാധിയാകട്ടെ, ആളുകളെ നിർബന്ധിക്കാനാവാത്ത ഖുർആന്റെ ധാർമികാധ്യാപനം മാത്രവും. ഇങ്ങനെ ഖുർആനിലെ അധ്യാപനങ്ങളെ നിയമമെന്നും ധർമോപദേശമെന്നും വകതിരിക്കാൻ വകുപ്പുണ്ടോ? യഥാർഥത്തിൽ ഇവർ ചെയ്യേണ്ടിയിരുന്നത് പണ്ഡിതന്മാരുടെ ഒരു സമിതി രൂപവത്കരിക്കുകയും ഖുർആൻ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ബഹുഭാര്യത്വമടക്കമുള്ള വിഷയങ്ങളിൽ മാർഗദർശനം നൽകുകയുമായിരുന്നു. രണ്ടാമതും വിവാഹം ആഗ്രഹിക്കുന്നവർ പ്രദേശത്തെ പണ്ഡിതസമിതിയെ സമീപിക്കട്ടെ. ബഹുഭാര്യത്വത്തിന് അയാൾക്ക് സാധുതയുണ്ടോ, ഒന്നിൽ കൂടുതൽ ഇണകളെ പോറ്റാൻ അയാൾക്കു കഴിയുമോ, തുല്യനീതി പുലർത്താനാവുമോ എന്നൊക്കെയുള്ള അന്വേഷണം നടത്തി തൃപ്തികരമാണെന്നു കണ്ടാൽ മാത്രേമ അനുമതി നൽകേണ്ടതുള്ളൂ. ഇത്തരത്തിൽ മതാചാരങ്ങളെ സന്ദർഭാനുസൃതം പരിഷ്കരിക്കാനുള്ള ശ്രമമുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ. അതിലൊക്കെ തികഞ്ഞ അലംഭാവം പുലർത്തുകയും നിലവിലെ ശരീഅത്ത് നിയമം ദൈവികമാണ്, വിശുദ്ധമാണ്, അതിനെ തൊടരുത് എന്നൊക്കെ വെറുതെ വാചകമടിച്ചുകൊണ്ടിരിക്കുകയുമാണ് അവർ ചെയ്യുന്നത്. എന്താണ് ദൈവികനിയമം? അത് ഖുർആൻ പറയുന്നതും അതിൽനിന്നു നിർധാരണം ചെയ്തെടുക്കുന്നതുമാണ്. നിലവിലെ മുസ്ലിം വ്യക്തിനിയമമല്ല അത്, വിവിധ കാലത്തെ നിയമവിദഗ്ധർ ഉണ്ടാക്കിയ നിലവിലെ നിയമം എന്തുകൊണ്ട് കാലോചിതമായി പരിഷ്കരിച്ചുകൂടാ?
മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കുന്നതിനുവേണ്ടി ചില ശ്രമങ്ങളൊക്കെ നടന്നിരുന്നല്ലോ. ഖാസി മുജാഹിദുൽ ഇസ്ലാം ഖാസിമി ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡിന്റെ നേതൃത്വത്തിലിരിക്കെ, താങ്കൾ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ ഇത്തരമൊരു നീക്കം നടന്നതായി കേട്ടിരുന്നു?
ശരിയാണ്. വ്യക്തിനിയമ ബോർഡ് അഭിഭാഷകരുടെയും പണ്ഡിതരുടെയും ഒരു സമിതിയുണ്ടാക്കി. അവർ ഒരു കരട് തയാറാക്കി. മുജാഹിദുൽ ഇസ്ലാം ഖാസിമി ആശുപത്രിയിൽ മരണശയ്യയിൽ കിടക്കെ, എന്നെ വിളിച്ചുവരുത്തി. ‘‘താങ്കൾക്ക് ഈ കൃതിയുടെ ഉള്ളടക്കവുമായി പൊരുത്തപ്പെടാനാവില്ല എന്നറിയാം. എങ്കിലും അതൊന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തണം’’ –അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ തികഞ്ഞ വിശ്വസ്തതയോടെ അതു ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ വിയോഗശേഷം പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ആ പരിഭാഷ പിൻവലിച്ചു. എന്നാൽ, നേരത്തേ കോടതികൾ കാര്യമായെടുത്ത ആ പരിഭാഷ ഇപ്പോഴും പല വിധികളിലും ഉദ്ധരിക്കപ്പെടുന്നുണ്ട് എന്നത് മറ്റൊരു തമാശ. പരിഭാഷയിൽ ഞാൻ പുതുതായൊന്നും കൂട്ടിച്ചേർത്തില്ല. എന്നാൽ, കാലോചിതമല്ലാത്തതും അയുക്തികരവും പരിഹാസ്യവുമായ ഏതാനും ചില കാര്യങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട്. അതായിരിക്കാം ബോർഡ് അത് പിൻവലിക്കാനുള്ള കാരണം.
വ്യക്തിനിയമ ബോർഡ് മുസ്ലിം നിയമപരിഷ്കരണം ലക്ഷ്യമിടുന്നില്ല എന്നാണോ?
ഇല്ല. തങ്ങൾ മുസ്ലിം നിയമമായി ധരിച്ചുവെച്ചിരിക്കുന്നതിനെ പരിഷ്കരിക്കാൻ അനുവദിക്കുകയില്ല എന്നാണ് അവരുടെ പ്രഖ്യാപിത നിലപാട്. പരമ്പരാഗതമായി ഇന്ത്യയിൽ നിലനിന്നുപോരുന്ന നിയമത്തിന്മേൽ നിയമനിർമാണ സഭകളോ കോടതികളോ കൈവെച്ചുകൂടാ എന്നാണ് അവരുടെ വാദം. ലോകത്ത് പല മുസ്ലിം രാജ്യങ്ങളും വ്യക്തിനിയമം പരിഷ്കരിച്ചു. എന്നാൽ, ഇവിടെ ബ്രിട്ടീഷ് നിയമജ്ഞർ നിർധാരണം ചെയ്തെടുത്ത നിയമമാണുള്ളത്. അതിനെയാണ് മുസ്ലിം നിയമമായി കൊണ്ടുനടക്കുന്നത്.
മറ്റിടങ്ങളിലെ പരിഷ്കരണ ശ്രമങ്ങൾ മുന്നിൽവെച്ച് ഇന്ത്യൻ നിയമത്തെ പരിചിന്തനവിധേയമാക്കാൻ പണ്ഡിതർ തയാറാവാത്തതെന്താണ്?
ലോകത്ത് എല്ലാ മുസ്ലിം രാജ്യങ്ങളും വ്യക്തിനിയമങ്ങളിൽ കാലോചിതമായ മാറ്റം വരുത്തി. എന്നാൽ, ഇവിടെ ഒരുകൂട്ടം ഉലമ അതിനെ തൊടാൻ അനുവദിക്കുന്നില്ല. ഞങ്ങളുടെ കൈയിൽ ഖുർആനുണ്ട്, മറ്റുള്ളവർക്ക് അങ്ങനെയൊന്നില്ല എന്ന ഭാവമാണ് അവർക്ക്. എന്നാൽ, ഇക്കൂട്ടർക്ക് ഖുർആന്റെ ടെക്സ്റ്റ് അല്ലാതെ അതിന്റെ ആശയത്തെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ല. എല്ലാവരെക്കുറിച്ചുമല്ല ഞാൻ പറയുന്നത്. പള്ളികളിൽ പുരോഹിതരായി മതനേതൃത്വം ചമയുന്നവരെക്കുറിച്ചാണ്. പ്രാർഥനകളിൽ, പ്രഭാഷണങ്ങളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച്, ഖുർആൻ അധ്യാപനങ്ങളെക്കുറിച്ച് അവർക്കു വേണ്ടത്ര ധാരണയൊന്നുമില്ല. അവരെ തിരുത്താൻ കഴിയില്ല. സമൂഹത്തിനു മേൽ അവർക്കു വമ്പിച്ച സ്വാധീനമാണുള്ളത്.
അപ്പോൾ താങ്കൾ നിരാശനാണ് എന്നാണോ?
ഉറപ്പാണ്, ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. വ്യക്തിനിയമവും ഖുർആനും ഒന്നുതന്നെയാണ് എന്നാണ് മുസ്ലിം ജനസാമാന്യത്തിന്റെ ധാരണ. വ്യക്തിനിയമം പരിഷ്കരിക്കണമെന്നാൽ ഖുർആൻ പരിഷ്കരിക്കണമെന്നാണ് എന്ന് പുരോഹിതർ അവരെ വിശ്വസിപ്പിച്ചിരിക്കുന്നു. അപ്പോൾ പിന്നെ, ഖുർആൻ പരിഷ്കരിക്കാൻ മുസ്ലിംകൾ അനുവദിക്കുമോ?
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കിടയിൽ ഉള്ളത്ര അരക്ഷിതബോധം ഇതര സമുദായങ്ങളിൽ നിലനിൽക്കുന്നുണ്ടോ?
അസ്വാസ്ഥ്യം എല്ലായിടത്തുമുണ്ട്. ഹിന്ദു, ബുദ്ധ, സിഖ്, ക്രൈസ്തവ മതസ്ഥരിലൊക്കെ ആധിയും ആശങ്കയുമുണ്ട്. നിയമ കമീഷനു മുന്നിൽ അവരെല്ലാം അഭിപ്രായം തുറന്നു പറഞ്ഞിട്ടുമുണ്ട്. സിഖ്, ക്രൈസ്തവ വിഭാഗങ്ങൾ ഏക സിവിൽ കോഡിനെ തിരസ്കരിച്ചു. നാഗാലാൻഡ്, മിസോറം, ഗോവ സംസ്ഥാനങ്ങളും നിഷേധമറിയിച്ചു. അവർ മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങിയിട്ടില്ല. മുസ്ലിംകൾ ഈ വിഷയത്തിൽ അത്യുക്തിയോടെയാണ് പ്രതികരിക്കുന്നത്. അതോടെ ഇതൊരു ഹിന്ദു-മുസ്ലിം വിഷയം എന്ന നിലയിലേക്കു മാറുകയാണ്.
രാമക്ഷേത്ര നിർമാണം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്യൽ എന്നിവക്കൊപ്പമാണ് സംഘ്പരിവാർ ഏക സിവിൽ കോഡിനെക്കുറിച്ച് സംസാരിക്കുന്നത്?
അത് അവരുടെ രാഷ്ട്രീയ അജണ്ട തന്നെയാണ്. നേരത്തേ ജനസംഘം ആയിരുന്നപ്പോൾതന്നെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എപ്പോഴും അവർ ഏക സിവിൽ കോഡ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്നുവരെ അവർ അത് നടപ്പാക്കിയിട്ടില്ല. നേരത്തേ വാജ്പേയിക്ക് ആറുവർഷം ഭരണം കിട്ടിയിട്ടും ഇപ്പോൾ മോദി ഒമ്പതുവർഷം പിന്നിട്ടിട്ടും അവർ ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, ഈ വിഷയം ഉയർത്തിക്കാട്ടി മുസ്ലിംകളെ പ്രകോപിപ്പിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. മുസ്ലിംകൾ പ്രകോപിതരായാൽ വോട്ടുലക്ഷ്യം നേടാം –ലളിതമാണ് അവരുടെ കണക്കുകൂട്ടൽ.
ഏക സിവിൽ കോഡ് വിഷയത്തിൽ ഗോവയെ ബി.ജെ.പി തിളങ്ങുന്ന ഉദാഹരണമായി ഉയർത്തിക്കാട്ടുന്നുണ്ടല്ലോ?
1867ൽ രൂപംകൊണ്ട, ഒന്നര നൂറ്റാണ്ടു പഴകിയ നിയമമാണോ തിളങ്ങുന്ന മാതൃക? അസംബന്ധമാണത്. അതുതന്നെയും എല്ലാവർക്കും ബാധകമായ സമഗ്രമായ പൊതുനിയമമാണെന്നു പറഞ്ഞുകൂടാ. അവിടെ ഹിന്ദുക്കൾക്കു 31 വകുപ്പുകളുള്ള ഹിന്ദു യൂസേജസ് ആൻഡ് കസ്റ്റംസ് കോഡ് ഉണ്ട്.
അതനുസരിച്ച് സോപാധികം ബഹുഭാര്യത്വമാകാം (25 വയസ്സിനകം ഭാര്യ പ്രസവിക്കാതിരിക്കുകയോ, 30 വയസ്സിനകം ആൺകുഞ്ഞിനെ പ്രസവിക്കാതിരിക്കുകയോ ചെയ്താൽ ഭർത്താവിന് രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാം -ലേഖകൻ). ഭാര്യയുടെ പരപുരുഷ ബന്ധം മൂലമല്ലാതെ വിവാഹമോചനം നിരോധിക്കപ്പെട്ടിരിക്കുന്നു. അവിടെ പൊതു സിവിൽ നിയമം ബാധകമാക്കുമ്പോൾ ഹിന്ദുക്കളാണെങ്കിൽ അവർക്കു വേണ്ടിയുള്ള പ്രത്യേക നിയമം കൂടി പരിഗണിക്കണമെന്നുണ്ട്. ഇക്കാര്യം ആരും പറയുന്നില്ല.
അവിടെ പോർചുഗീസ് സിവിൽ കോഡ് മാത്രമല്ല നിലവിലുള്ളത്. ഹിന്ദുക്കൾക്കുള്ളതുപോലെ ക്രൈസ്തവർക്ക് 1946ൽ രൂപപ്പെടുത്തിയ Canonical Marriages Decree ഉണ്ട്. അതു കണക്കിലെടുത്തുവേണം അവരുടെ വിഷയങ്ങളിൽ കോടതി തീർപ്പു കൽപിക്കേണ്ടത്. മുസ്ലിംകൾക്ക് ഇങ്ങനെ പ്രത്യേകനിയമങ്ങളില്ലാത്തതിനാൽ അവർ പോർചുഗീസ് സിവിൽ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്.
ഗോവയിൽ, പുതുച്ചേരിയിൽ, നാഗാലാൻഡിൽ, മിസോറമിൽ എല്ലാം വെവ്വേറെ സിവിൽ നിയമങ്ങളാണ് നിലവിലുള്ളത്. ഇന്ത്യയിൽ ഹിന്ദുക്കൾക്ക് പലയിടത്തായി പലതരം നിയമങ്ങളാണുള്ളത്.
ഇതൊന്നും ചർച്ചയിൽ എങ്ങും കാണാനില്ല. ചുരുക്കത്തിൽ ഏക സിവിൽ കോഡ് എന്ന് ആവർത്തിക്കുകയല്ലാതെ എന്ത്, എങ്ങനെ എന്ന് ഇതുവരെ ആർക്കും കൃത്യമായ ധാരണയില്ല. അതുകൊണ്ടുതന്നെ കരടു മുന്നിൽ വരും മുമ്പേ കാടിളക്കിയിറങ്ങേണ്ട കാര്യമില്ല. അതു ധ്രുവീകരണത്തിന് ഇറങ്ങിത്തിരിച്ചവരെ സഹായിക്കുകയേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.