ഏഴ് പതിറ്റാണ്ട് കാലമായി ചരിത്രരചനാ രംഗത്ത് നിറസാന്നിധ്യമായ പ്രഫ. ഇർഫാൻ ഹബീബ് നവതിയുടെ നിറവിലാണ്. ഇന്ത്യൻ സാമൂഹിക ശാസ്ത്ര അക്കാദമിക ലോകത്ത് വിവിധ ജ്ഞാനമേഖലകളെ കൂട്ടിയിണക്കി അറിവ് നിർമിച്ചവരിൽ പ്രഥമഗണനീയൻ ആണ് പ്രഫ. ഇർഫാൻ ഹബീബ്. ചരിത്രകാരൻ, അധ്യാപകൻ, മാർക്സിസ്റ്റ് ചിന്തകൻ, സാമൂഹിക വിമർശകൻ, സംഘാടകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇടപെട്ട അദ്ദേഹം തന്‍റെ ചിന്തകളും നിലപാടുകളും പങ്കുവെക്കുകയാണിവിടെ...
ചരിത്രരചനക്ക് നൊബേൽ സമ്മാനമുണ്ടായിരുന്നെങ്കിൽ അത് ലഭിക്കേണ്ടത് ഫെർനാൻഡ് ബ്രോദലിനായിരിക്കുമെന്ന് ഒരിക്കൽ ഒരു ചരിത്രകാരൻ എഴുതുകയുണ്ടായി. ഈ വിശേഷണ നിരീക്ഷണത്തിന് പ്രഥമഗണനീയനായ ഇന്ത്യൻ ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. ഇന്ത്യാചരിത്രത്തെ കൊളോണിയൽ വർഗീയ സമീപന രീതിയിൽനിന്നും മോചിപ്പിച്ച് ശാസ്ത്രീയ ചരിത്ര രചനാ രീതിശാസ്ത്രത്തിലൂടെ വീണ്ടെടുത്ത ധീര ചരിത്ര പണ്ഡിതനാണ് അദ്ദേഹം. സാധാരണയായി മധ്യകാല ഇന്ത്യാ ചരിത്രത്തിെൻറ പഠിതാവായിട്ടാണ് അദ്ദേഹത്തെ പലരും കണ്ടുവരുന്നത്. മധ്യകാല ഇന്ത്യ സാമ്പത്തിക അധഃപതനത്തിന്റെ കാലമായിരുന്നെന്ന ഇംഗ്ലീഷ് സാമ്പത്തിക ചരിത്രകാരന്മാരുടെ വാദഗതികളെ, തെളിവുസാമഗ്രികളുടെ ബലത്താൽ തള്ളിക്കളഞ്ഞ ഇർഫാൻ, മധ്യകാല ഇന്ത്യാ ചരിത്രത്തെ, പ്രത്യേകിച്ചും സാമ്പത്തിക ചരിത്രത്തിലെ ഘടനാപരമായ മാറ്റം എങ്ങനെയെന്ന് വിശകലനം ചെയ്യുന്നുണ്ട്. മുഗൾ കാലഘട്ടത്തിൽ യഥാർഥ സാമ്പത്തിക സമീപന രീതിയിലുള്ള കുടമാറ്റം ഇന്ത്യയെ അതുവരെയുണ്ടായിരുന്ന അവസ്ഥയിൽനിന്നും മാറ്റിയതായി അദ്ദേഹം കണ്ടെത്തി. മതമോ വർഗീയകാരണങ്ങളോ അല്ല, മറിച്ച് യഥാർഥ സാമ്പത്തിക ഘടകങ്ങളാണ് ഇന്ത്യയെ മാറ്റിയതെന്ന വാദമാണ് ഹബീബ് മുന്നോട്ടുവെക്കുന്നത്. ''ഒരു പുതിയ സത്യജിത്ത് റായ് സിനിമ കാണാൻ കാത്തിരുന്നതുപോലെ'' ചരിത്രപഠിതാക്കൾ അദ്ദേഹത്തിന്റെ ആദ്യകാല കൃതികൾ നോക്കിയിരുന്നിരുന്നു.
ഏഴ് പതിറ്റാണ്ട് കാലമായി ചരിത്ര രചനാ രംഗത്ത് നിറസാന്നിധ്യമായ പ്രഫ. ഇർഫാൻ ഹബീബ് നവതിയുടെ നിറവിലാണ്. ഇന്ത്യൻ സാമൂഹിക ശാസ്ത്ര അക്കാദമിക ലോകത്ത് വിവിധ ജ്ഞാനമേഖലകളെ കൂട്ടിയിണക്കി അറിവ് നിർമിച്ചവരിൽ പ്രഥമഗണനീയൻ ആണ് അദ്ദേഹം. തന്‍റെ ഏറ്റവും പ്രധാന പഠനഗവേഷണ മേഖലയായി അദ്ദേഹം കണ്ട മധ്യകാല ചരിത്രപഠനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമല്ല ചരിത്ര സാമൂഹിക ശാസ്ത്ര പഠനത്തിലുള്ള അദ്ദേഹത്തിന്റെ സംഭാവന. അലീഗഢ് സർവകലാശാലയിലെ തന്‍റെ ഔദ്യോഗിക ജീവിത പൂർത്തീകരണത്തിന് ശേഷം അദ്ദേഹം എഡിറ്ററായും മുഖ്യ രചയിതാവായും പുറത്തിറങ്ങിയ (ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന) ജനകീയ ചരിത്ര സീരിസുകൾ അതിന് ഉദാഹരണമാണ്. തന്‍റെ ഒൻപത് പതിറ്റാണ്ട് പിന്നിട്ട ജീവിത കാലയളവിൽ ചരിത്രകാരൻ, അധ്യാപകൻ, മാർക്സിസ്റ്റ് ചിന്തകൻ, സാമൂഹിക വിമർശകൻ, സംഘാടകൻ എന്നിങ്ങനെ വിവിധങ്ങളായ നിലകളിൽ ഇടപെട്ട മേഖലകളിൽ ഒക്കെയും തന്‍റെ സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താൻ പ്രഫ. ഹബീബിന് സാധിച്ചു. അക്കാദമിക രംഗത്തെന്നതുപോലെ തന്നെ സംഘാടനത്തിലും പ്രഫ. ഹബീബ് മികവ് കാണിക്കുകയുണ്ടായി. വിവിധ കാലയളവുകളിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ അധ്യക്ഷതയും സെക്രട്ടറി സ്ഥാനവും വഹിച്ച അദ്ദേഹം ഇപ്പോഴും അതിന്റെ മുന്നണിയിൽതന്നെയുണ്ട്.
പൊതു സാമൂഹിക രംഗത്തും തന്‍റെ നിലപാട് രാഷ്ട്രീയം ഉറപ്പിച്ചു പറയാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് എടുത്തു പറയേണ്ട സംഗതി. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രഫ. ഹബീബ് ഒരു നിരന്തര പ്രതിപക്ഷമായിരുന്നു. ഒന്നിനോടും കൂട്ടുചേരാതെ കലഹിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പണ്ഡിതോചിതമായ ചരിത്രജ്ഞാനവും അടിയുറച്ച മാർക്സിയൻ രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധവും ആയിരിക്കണം. അധികാര രൂപങ്ങളുടെ വർഗീയ രാഷ്ട്രീയ നീക്കങ്ങളെ ചരിത്രപരമായി എതിർക്കുന്ന എതിർപക്ഷത്തിന്റെ ചരിത്രകാരനായിരുന്നു പ്രഫ. ഹബീബ് എക്കാലവും. അദ്ദേഹത്തിന്റെ രാഷ്ട്രീയം നിരന്തരമായ ചരിത്രസ്രോതസ്സുകളുടെ ശാസ്ത്രീയ വിമർശനപഠനങ്ങളിലടിയുറച്ച ധീര നിലപാടായിരുന്നു. തൊണ്ണൂറിലും കത്തിക്കയറുന്ന ചരിത്രവീര്യം ഇർഫാൻ ഹബീബിനെ എല്ലാകാലത്തും എതിർപക്ഷത്തു നിലയുറപ്പിക്കുന്ന ഇടതു ചരിത്രകാരനും ചിന്തകനും പ്രവർത്തകനുമാക്കിത്തീർത്തിരിക്കുന്നു.
ഉൽപതിഷ്ണുവായ കുടുംബ പശ്ചാത്തലം തീർച്ചയായും അദ്ദേഹത്തിലെ ചിത്രകാരനെ നിർമിക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മതേതര മൂല്യങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും മാർക്സിയൻ ചരിത്ര രചനയുടെയും പശ്ചാത്തലത്തിൽനിന്നാണ് ഇർഫാൻ ഹബീബ് വരുന്നത്. അലീഗഢ് സർവകലാശാലയിലെ തന്നെ വിഖ്യാതനായ ചരിത്ര പണ്ഡിതൻ മുഹമ്മദ് ഹബീബാണ് അദ്ദേഹത്തിന്റെ പിതാവ്, മാതൃ-പിതൃ വഴിയിലുള്ള ബന്ധുക്കളിൽ അധികവും സാമൂഹിക ചിന്തയിൽ ഒട്ടുമേ യാഥാസ്ഥിതികമല്ലാത്തവർ ആയിരുന്നു എന്നതും ചെറുപ്പത്തിൽ തന്നെ ലഭിച്ച രാഷ്ട്രീയ ബോധവും ഇർഫാനിലെ ചരിത്രകാരനെ സ്വാധീനിക്കുന്നുണ്ട്. തന്‍റെ മാതൃ സർവകലാശാലയായി അദ്ദേഹം കാണുന്ന അലീഗഢിൽനിന്ന് ചരിത്രപഠനത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രഫ. ഹബീബ് പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽനിന്നും മുഗൾ ഇന്ത്യയിലെ കാർഷിക വ്യവസ്ഥ (The Agrarian System of Mughal India) എന്ന പ്രബന്ധത്തിന് ഗവേഷണ ബിരുദം നേടുകയുണ്ടായി. തന്‍റെ 22ാം വയസ്സിൽ അലീഗഢ് ചരിത്ര വിഭാഗത്തിൽ അധ്യാപകനായ അദ്ദേഹം 1960ൽ അസോസിയേറ്റ് പ്രഫസറും 1970ൽ പ്രഫസറുമാവുകയും, 1992ൽ വിരമിച്ചതിന് ശേഷം പ്രഫസർ എമിരിറ്റസായി ഇപ്പോഴും തുടരുകയും ചെയ്യുന്നു. ശാസ്ത്രീയ ചരിത്ര രചനയുടെയും വസ്തുനിഷ്ഠാപരമായ നിലപാടുകളുടെയും മതനിരപേക്ഷ ചരിത്ര ഗവേഷണത്തിന്റെയും കാവലാൾ ചരിത്രകാരനാണ് പ്രഫസർ ഇർഫാൻ ഹബീബ്; അന്നും, ഇന്നും.
ചരിത്രം ഒരേസമയം ഒരു വിജ്ഞാനശാഖയും പ്രത്യയശാസ്ത്രവും ആണല്ലോ. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോൾ സ്വേച്ഛാധികാരികളായ ഭരണകർത്താക്കൾ തങ്ങളുടെ ഭരണത്തിന് ഉതകും വിധം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നില്ലേ എന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ? ഏതൊക്കെ രീതിയിലാണ് ചരിത്രം ഭരണാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്, പ്രത്യേകിച്ചും ഇന്ത്യപോലുള്ള ഒരു രാജ്യത്ത്?
എനിക്ക് തോന്നുന്നത് ചരിത്രം അതിൽതന്നെ ഒരു പ്രത്യയശാസ്ത്രം എന്നതിനെക്കാളും ഒരു വിജ്ഞാനശാഖയാണ്. പ്രത്യയശാസ്ത്രത്തിന് വേണമെങ്കിൽ ചരിത്ര ഗവേഷണത്തിലൂടെ കണ്ടെത്തുന്ന വസ്തുതകളിൽനിന്ന് അതിന്റേതായ അനുമാനങ്ങൾ സ്വീകരിക്കാവുന്നതാണ്. വസ്തുതകളുടെ ആധിക്യംകൊണ്ട് തന്നെ വ്യത്യസ്ത വസ്തുതകൾക്ക് നൽകുന്ന പ്രാധാന്യവും അവയിൽനിന്ന് രൂപപ്പെടുത്തുന്ന അനുമാനങ്ങളും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, വസ്തുതകൾ എന്ന സംജ്ഞക്ക് ഞാൻ വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. ആർക്കും കെട്ടുകഥകൾ തോന്നുംപടി നിർമിച്ച് അതിനെ ചരിത്രം എന്ന് വിളിക്കാൻ ആവില്ലല്ലോ. ഇത്തരത്തിലുള്ള കെട്ടുകഥ ചരിത്ര നിർമാണത്തിന്റെ കുപ്രസിദ്ധമായ ഉദാഹരണങ്ങളിൽ ഒന്നാണ് ജർമൻ ജനത ആര്യൻ വംശജർ ആണെന്നും ജർമനി അവരുടെ യഥാർഥ മാതൃഭൂമി ആണെന്നുമുള്ള നാസികളുടെ വാദം. ജൂതന്മാരെ വംശഹത്യ ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമായിട്ട് പോലും നാസികൾ ഇതിനെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഈ അടുത്ത കാലത്ത് യു.ജി.സി ഇന്ത്യൻ സർവകലാശാല ബിരുദ വിദ്യാർഥികൾക്കായി നിർദേശിച്ച ചരിത്ര സിലബസിൽ ആര്യൻ വംശ സിദ്ധാന്തം എന്ന നാസിവാദം കടന്നുകൂടിയിരുന്നത് ഈ അവസരത്തിൽ നാം കരുതലോടെ നോക്കേണ്ട സംഗതിയാണ്.
ആളുകളുടെ ചരിത്രപരമായ ഓർമകളെ മായ്ച്ചുകളയുന്ന ഭരണകൂട ഇടപെടലാണ് സമകാലിക ഇന്ത്യയിൽ നാം അനുഭവിക്കുന്നത്. തെരുവുകൾക്ക്, മന്ദിരങ്ങൾക്ക്, സ്ഥാപനങ്ങൾക്ക് ഒക്കെ പുതിയ പേര് നൽകുന്നത് കേവല രാഷ്ട്രീയം മാത്രമായി കാണുന്നതിനും ഉപരിയായി സാംസ്‌കാരിക പൈതൃക സ്‌മൃതികളെ മായ്ച്ചുകളയാനുള്ള തന്ത്രമാണ്. കാലക്രമേണ പല അടരുകളുള്ള ഇന്ത്യൻ ഭൂതകാലത്തെ തെറ്റായി വ്യാഖ്യാനിക്കാൻ ഇത് കാരണവും സൗകര്യവുമാവും. ഇതേപ്പറ്റി താങ്കളുടെ അഭിപ്രായം വ്യക്തമാക്കാമോ?
ഭരണഘടനക്ക് ഉള്ളിൽ തന്നെ കാണുന്ന മതേതരത്വം, സമ്മിശ്ര സംസ്കാരം തുടങ്ങിയ ആശയങ്ങളോട് ബി.ജെ.പിക്ക് യാതൊരു വിധ പ്രതിപത്തിയും ഇല്ലെന്ന് മാത്രമല്ല, ഈ ആശയ മണ്ഡലങ്ങളെ നിരന്തരം ആക്രമിക്കാൻ കോപ്പ് കൂട്ടുന്നവരുമാണവർ. ഈ വഴിയിൽ ചിന്തിക്കുന്ന നേതാക്കന്മാരുടെ ഇംഗിതപ്രകാരം ഇന്ത്യൻ സംസ്കാര പൈതൃകത്തിലെ മുസ്‌ലിം ഭാഗത്തെ മുഴുവനും മായ്ച്ചുകളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിലെയും ചരിത്രത്തിലെയും ചിഹ്നങ്ങളെ മായ്ക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് മുസ്‌ലിം സ്ഥലനാമങ്ങളും, തെരുവിെൻറ പേരുകളും മനപ്പൂർവം ഒഴിവാക്കുന്നത്. ബ്രിട്ടീഷ് ചരിത്രകാരൻമാരും, ഒപ്പം ചില ഇന്ത്യൻ ചരിത്രരചയിതാക്കളും ഇന്ത്യാചരിത്രത്തിലെ വിവിധ കാലങ്ങളെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് എന്ന് നാമകരണം ചെയ്തത് മുസ്‌ലിം ഭരണാധികാരികളുടെ കാലം വൈദേശിക ആധിപത്യത്തിന്റെ കാലമാണെന്ന ധാരണ പരത്താൻ കാരണമായിട്ടുണ്ട്. എന്നാൽ കൊളോണിയൽ വൈദേശിക ആധിപത്യ കാലഘട്ടത്തിലെ സാമ്പത്തിക ചൂഷണത്തിന് സമാനമായി ഈ മുസ്‌ലിം നാമധാരികളായ ഭരണാധികാരികൾ ഇന്ത്യൻ സമ്പത്ത് വിദേശത്തേക്ക് കയറ്റി അയക്കുകയുണ്ടായില്ല. മറിച്ചവർ ഇന്ത്യയിൽ തന്നെ ജീവിക്കുകയും, എന്താണോ ഇവിടെ നിന്ന് നികുതിയായി പിരിച്ചത് അതിവിടെ തന്നെ ചെലവഴിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഈ ഭരണാധികാരികളുടെ കാലത്തെ 'ആയിരം വർഷക്കാലത്തെ അടിമത്തം' എന്ന ബി.ജെ.പി നേതാക്കളുടെ വിശേഷിപ്പിക്കൽ ഒരു കെട്ടുകഥ മാത്രമാണ്. എല്ലാ സർവകലാശാലകളും പിന്തുടരണം എന്നാവശ്യപ്പെട്ടുകൊണ്ട് നിർദേശിച്ചിരിക്കുന്ന ചരിത്ര സിലബസ് മുസ്‌ലിം ഭരണത്തിന് എതിരെ മാത്രമല്ല സംസാരിക്കുന്നത്, മറിച്ച് ഈ മുസ്‌ലിം ഭരണാധികാരികളുടെ കാലത്താണ് ഇന്ത്യയിൽ ജാതിവ്യവസ്ഥ ആരംഭിച്ചത് എന്ന വിതണ്ഡാവാദംകൂടി പറഞ്ഞുവെക്കുന്നുണ്ട്.
ഏകീകൃത ചരിത്ര പാഠ്യപദ്ധതി എന്നത് അത്യന്തം അപകടകരമാണ്. ഒട്ടും സദുദ്ദേശ്യപരമല്ലാത്ത ഇമ്മാതിരി നയപരിപാടികളുമായിട്ടാണ് യു.ജി.സി മുന്നോട്ട് പോവുന്നത്. പഴയ കൊളോണിയൽ തന്ത്രമായ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതിനാണോ ഭരണാധികാരികൾ ഈ പരിപാടിയിലൂടെ വീണ്ടും ശ്രമിക്കുന്നത്. ഇന്ത്യാ ചരിത്രത്തെ മതാത്മകമായി വിഭജിക്കുകയും വർഗീയവത്കരിക്കുകയും ചെയ്ത കൊളോണിയൽ ചരിത്ര സമീപനത്തേക്കാൾ ഭീഷണി ഉയർത്തുന്നതാണോ ഇപ്പോഴുള്ള നീക്കങ്ങൾ?
തങ്ങളുടെ ഭൂതകാലത്തെ സത്യസന്ധമായി സമീപിക്കുന്ന ദേശരാഷ്ട്രങ്ങൾക്ക് ചരിത്രത്തെ ഭയക്കേണ്ട കാര്യമില്ല. നാല് നൂറ്റാണ്ടോളം ഫ്രഞ്ച് തങ്ങളുടെ ഔദ്യോഗിക ഭാഷ ആയിരുന്നതിനെയും തങ്ങളുടെ മുൻ ഭരണാധികാരികളായ നോർമൻമാർ കൂടുതലും ഫ്രഞ്ച് പശ്ചാത്തലം ഉള്ളവർ ആയിരുന്നതിനെയും പറ്റി സംസാരിക്കാൻ ഇംഗ്ലീഷ് ചരിത്രകാരന്മാർ ഒരു വൈഷമ്യവും പ്രകടിപ്പിച്ചതായി കേട്ടിട്ടില്ല. സമാനമായി ചൈനീസ് സമൂഹത്തിൽ അതിെൻറ മധ്യകാല, ആധുനിക പൂർവ ചരിത്ര കാലങ്ങളിൽ മംഗോളിയൻ, മാഞ്ചു രാജവംശങ്ങൾ ഭരിക്കുന്നുണ്ട്. ക്രി.വ. 800 മുതൽ 1200 വരെയുള്ള കാലഘട്ടത്തിൽ രജപുത്രന്മാർ ഉത്തരേന്ത്യയും ഡെക്കാൺ പ്രദേശങ്ങളും ഭരിച്ചതിന് സമാനമായി തന്നെ കാണാവുന്നതേയുള്ളൂ ഡൽഹിയിലെ സുൽത്താന്മാരുടെ ഭരണവും. അതുകൊണ്ട് തന്നെ ഡൽഹിയിലെ സുൽത്താന്മാരുടെ ഭരണത്തിന്റെ കാര്യമാണെങ്കിലും, തെലുഗ് പ്രദേശത്ത് ഉത്ഭവിച്ച് കർണാടകയുടെയും തമിഴ്നാടിന്റെയും ഭാഗങ്ങളിൽ ഭരണം നടത്തുകയും ചെയ്ത വിജയനഗരത്തിന്റെ കാര്യമെടുത്താലും അവിടെയൊന്നും വിദേശഭരണം എന്ന വാക്കിനോ പ്രയോഗത്തിനോ ഒരു സാംഗത്യവുമില്ല. മധ്യകാല ചരിത്രത്തെ സംബന്ധിക്കുന്ന സിലബസ് ഭാഗത്ത് മനപ്പൂർവം വിഭജനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിതന്നെയാണ് യു.ജി.സി ഹിന്ദു സമൂഹം, മുസ്‌ലിം സമൂഹം എന്നിങ്ങനെയുള്ള ഭാഗങ്ങൾ പഠന പദ്ധതിയുടെ ഭാഗം ആക്കിയിരിക്കുന്നത്. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ അന്യതാബോധം നിർമിക്കുക എന്നതാണ് ഈ വാദത്തിന്റെ ഉദ്ദേശ്യം. ബി.ജെ.പിയുടെ വർഗീയ അജണ്ട നടപ്പിലാക്കാനായി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.ജി.സി നൽകിയിരുന്ന സിലബസിനെ എല്ലാ സർവകലാശാലകളും തള്ളിക്കളയേണ്ടതാണ്.
ദേശരാഷ്ട്രങ്ങൾ വിമർശനാത്മക ചരിത്രത്തെ ഭയക്കുന്നുണ്ടോ? ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്ര പഠന വിഭാഗം (സി.എച്ച്.എസ്), അലീഗഢ് ചരിത്ര വിഭാഗം എന്നിവക്കെതിരെ നടത്തുന്ന നീക്കങ്ങളെ തന്നെ ഉദാഹരണമായി എടുക്കാം. ഈ വിഷമസന്ധിയിൽ ഇത്തരം വൈജ്ഞാനിക കേന്ദ്രങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തെപ്പറ്റി താങ്കളുടെ അഭിപ്രായം?
ജവഹർലാൽ നെഹ്റു സർവകലാശാലയുടെ സ്വയംഭരണത്തിൽ കൈകടത്താനും അക്കാദമിക് പാരമ്പര്യത്തെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾ ദിനപത്രങ്ങളിൽ വലിയതോതിൽ തന്നെ വാർത്താ പ്രാധാന്യം ലഭിച്ച സംഗതിയാണ്. ജെ.എൻ.യു നിലകൊണ്ട ജനാധിപത്യ, മതേതര പാരമ്പര്യത്തെ തകർക്കുക എന്ന ഗൂഢ ലക്ഷ്യംവെച്ചുകൊണ്ടാണ് അധികാരികൾ ഇത് ചെയ്യുന്നത്. ഇത്തരുണത്തിൽ നോക്കുമ്പോൾ അലീഗഢ് സർവകലാശാലയുടെ കാര്യത്തിൽ കുറേക്കൂടി മയമുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അലീഗഢ് സർവകലാശാല പ്രസിദ്ധീകരണങ്ങളിലെ ചരിത്രപാഠങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മാത്രമേ അലീഗഢിനെ വെല്ലുവിളിക്കാൻ ആവൂ. പ്രത്യക്ഷ ശാരീരിക ആക്രമണത്തേക്കാൾ സർവകലാശാല പ്രസിദ്ധീകരിച്ച ചരിത്ര പുസ്തകങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കിയാണ് യു.ജി.സി അലീഗഢ് സർവകലാശാലയെ നേരിടുന്നത്. രസകരം എന്ന് പറയട്ടെ, പ്രസിദ്ധ വർഗീയവിരുദ്ധ ചരിത്രകാരൻ പ്രഫ. ബിപിൻ ചന്ദ്രയുടെ ചരിത്രരചനകൾ പ്രസിദ്ധ ബംഗാളി ദേശീയവാദി ബിപിൻ ചന്ദ്രപാലിെൻറ പേരിനോട് ചേർത്ത് തെറ്റായി മനസ്സിലാക്കി ഇവർ സിലബസിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആത്മനിഷ്ഠമായ ഭൂതകാലത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രാഖ്യാനം സാധ്യമാണോ? ഈ സാഹചര്യത്തിൽ പല അടരുകളിലായി കിടക്കുന്ന, പ്രാദേശിക വ്യത്യാസങ്ങൾ ഉള്ള, ബഹുമുഖമുള്ള ചരിത്രത്തെ എങ്ങനെയായിരിക്കണം ചരിത്രകാരൻ സമീപിക്കേണ്ടത്? പ്രത്യേകിച്ചും ജാതി - സ്വത്വ രൂപവത്കരണത്തെ സംബന്ധിക്കുന്ന ചരിതങ്ങളെ എങ്ങനെ ആയിരിക്കണം ചരിത്രകാരൻ സമീപിക്കേണ്ടത്?
ആത്മനിഷ്ഠ സമീപനം പൂർണമായും ഒഴിവാക്കാൻ മനുഷ്യപ്രാപ്തമായ ഒരു ശ്രമത്തിനും സാധിക്കില്ല. അതേസമയം ചരിത്രകാരന്മാരും പണ്ഡിതരും അവരുടെ എല്ലാകാലത്തെയും ഏറ്റവും പരമമായ ലക്ഷ്യമായി കണ്ടത് ഇതേ ആത്മനിഷ്ഠതയെ ചരിത്രത്തിൽനിന്ന് ഒഴിവാക്കുക എന്നതാണുതാനും. ചരിത്രരചയിതാവ് മതം, ജാതി, പ്രദേശം, ദേശം മുതലായവയെ സമീപിക്കുമ്പോൾ ഇത് തീർച്ചയായും മനസ്സിൽ ഉണ്ടായിരിക്കണം. ചരിത്രത്തെ മിത്തുകൾകൊണ്ടും മുൻവിധികൾകൊണ്ടും പകരം വെക്കാൻ ശ്രമിക്കുന്ന നിലവിലുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ അതുകൊണ്ട് തന്നെ എതിർക്കേണ്ടതും കൂടുതൽ വസ്തുനിഷ്ഠമായതും, ഉൾക്കൊള്ളൽ ശേഷിയുള്ളതുമായ ചരിത്രാഖ്യാനംകൊണ്ട് പകരംവെക്കേണ്ടതുമാണ്. പുതുതായി വരുന്ന പ്രസിദ്ധീകരണങ്ങളിൽനിന്നും, ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ വാർഷിക സമ്മേളന പ്രസിദ്ധീകരണത്തിൽനിന്നും ഞാൻ മനസ്സിലാക്കുന്നത്, ഇപ്പോൾവരെ ഇന്ത്യൻ ചരിത്രരചയിതാക്കൾ ഈ വെല്ലുവിളിയോട് നന്നായി പ്രതികരിച്ചിട്ടുണ്ട് എന്നുതന്നെയാണ്.
പുതുതലമുറ ചരിത്രകാരന്മാർ പ്രത്യേക ഊന്നൽ നൽകേണ്ട മേഖലകൾ ഏതൊക്കെ ആണെന്നാണ് താങ്കൾ കരുതുന്നത്? ഇതിനോട് കൂട്ടി തന്നെ ചോദിക്കട്ടെ, ഇന്ത്യൻ പാരിസ്ഥിതിക ചരിത്ര രചനയെ പുതുദിശാബോധത്തോടെ അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത്? എങ്ങനെയാണ് ഈ പാരിസ്ഥിതിക ചരിത്രം നമ്മുടെ ദേശത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക ചരിത്രത്തോട് ഇഴുകി നിൽക്കുന്നത്..?
ചരിത്രഗവേഷകർ തിരഞ്ഞെടുത്ത ഗവേഷണമേഖല ഏതുമാവട്ടെ, അവർക്ക് അവരവരുടെ മേഖലയുമായി ബന്ധപ്പെട്ട ഉപദാനങ്ങൾ സ്വയം മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, ആധുനിക പൂർവ കാലത്തെപ്പറ്റിയാണ് ഗവേഷകർ പഠിക്കുന്നതെന്ന് വെക്കുക, അവരുടെ ഗവേഷണ മേഖലയുമായി സംസ്കൃതം, പ്രാകൃതം, തമിഴ്, പേർഷ്യൻ അല്ലെങ്കിൽ പ്രാദേശിക ഭാഷകളിലുള്ള ആഖ്യാനങ്ങൾ ഉണ്ടെങ്കിൽ അത് തനിയെ വായിച്ചു മനസ്സിലാക്കാനുള്ള പാടവം ഗവേഷകർക്ക് ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള പാടവം നേടിക്കഴിഞ്ഞാൽ ചരിത്ര ഗവേഷകർക്ക് മുന്നിൽ തുറക്കപ്പെടുന്ന സാധ്യതകൾ ഒട്ടേറെയായിരിക്കും. അത് പാരിസ്ഥിതിക ചരിത്രം, ലിംഗപഠനം, പ്രാദേശിക ചരിത്രപഠനം, സാമ്പത്തിക സാഹചര്യം, ജാതിഘടന, പ്രത്യയശാസ്ത്രപരവും ബൗദ്ധികവുമായ വളർച്ച, തത്ത്വചിന്താപരവും ദൈവശാസ്ത്രപരവുമായ ധാരകൾ, സാങ്കേതികവും സാഹിത്യപരവുമായ ചരിത്രം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലേക്ക് നീണ്ടുകിടക്കുന്നു. രാഷ്ട്രീയചരിത്രമെന്നത് ഞാൻ മനപ്പൂർവം വിട്ടുകളഞ്ഞതാണ്. അതിനെപ്പറ്റി ഇതിനോടകം തന്നെ ധാരാളം രചനകൾ നടന്നിട്ടുണ്ടല്ലോ. പക്ഷേ അതേസമയം, ഭരണകൂട ഘടന, കാർഷിക സംഘാടനം എന്നിവയെപ്പറ്റി പഠിക്കാനുള്ള ശ്രമങ്ങൾ ഇതുവരെയും വേണ്ടത്ര ഉണ്ടായിട്ടുമില്ല.
അവസാനമായി ഒരു ചോദ്യം കൂടി, ഉപയോഗവാദം ഏറുന്ന കാലത്ത് ചരിത്രംപോലുള്ള വൈജ്ഞാനിക ശാഖകൾ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. വിദ്യാഭ്യാസ നയ നിർമാതാക്കളും നാക് പോലുള്ള ഏജൻസികളും നിർദേശിക്കുന്നത് ചരിത്രം, വിനോദസഞ്ചാരം, പൈതൃകപഠനം, മാനേജ്‌മെന്റ് പഠനം എന്നിവയോട് കൂട്ടിച്ചേർത്ത് കമ്പോളത്തിന് ഉപയുക്തമായ രീതിയിൽ പ്രയോഗിക്കണം എന്നാണ്. ഇത്തരത്തിലുള്ള കമ്പോളവുമായുള്ള യോജിപ്പിക്കലുകൾ വിമർശനാത്മക ചരിത്രപഠനത്തിന്റെ ഗുണപരതയെ റദ്ദ് ചെയ്യാൻ കാരണമായേക്കാമെന്നും കരുതുന്നു. ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്?
ദീർഘകാലത്തെ പഴക്കമുള്ള ഒരാശയമാണ് ടൂറിസം രംഗത്തെ ചരിത്രവിജ്ഞാനീയത്തിന്റെ ഉപയോഗം. ടൂറിസ്റ്റ് പ്രദേശത്തിന് അടുത്തുള്ള സ്ഥലങ്ങളിലെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമല്ല, രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഒരു മേഖല കൂടിയാണത്. വരുന്ന സഞ്ചാരികൾക്ക് വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകണമെന്ന നിർബന്ധം ഒഴിച്ചാൽ ടൂറിസം രംഗത്ത് ചരിത്ര വിജ്ഞാനീയത്തിന്റെ ഉപയോഗത്തോട് എനിക്ക് നിഷേധാത്മക നിലപാട് ഒന്നും തന്നെയില്ല. പുരാവസ്തു കേന്ദ്രങ്ങൾ കൃത്യമായി പരിപാലിക്കുകയും തെറ്റായ വിവരങ്ങൾ അതിന്മേൽ ആരോപിക്കുന്നത് ഒഴിവാക്കുകയും വേണം. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട പുരാവിജ്ഞാനീയ പ്രദേശങ്ങളിൽ കൂടുതൽ ഉദ്‌ഖനനം ആവശ്യമാണ്. അതേസമയം ഈ നാഗരികതയുടെ അവശിഷ്ടങ്ങളെ സരസ്വതി സംസ്കാരമെന്നും മറ്റും പേരിട്ട് വിളിക്കുന്നതും അതിനെ വേദകാലഘട്ടവുമായി കൂട്ടിയിണക്കാൻ ശ്രമിക്കുന്നതും അപഹാസ്യമാണ്. ആര്യൻ സാംസ്കാരിക ഉന്നതിയെ പ്രഘോഷിക്കുമ്പോൾ തന്നെ ഇവക്ക് ദ്രാവിഡ സംസ്‌കാരവുമായി ഒരു ബന്ധവും ഇല്ലെന്ന് സ്ഥാപിക്കാനും ഉത്സാഹം കാണിക്കുന്നവർ ഉണ്ട്. ദ്രാവിഡ സാംസ്കാരിക ചിഹ്നങ്ങളായ മൽസ്യം, അമ്പടയാളം എന്നിവ ഹാരപ്പൻ ഉദ്‌ഖനന പ്രദേശത്തുനിന്ന് ധാരാളം കിട്ടിയിട്ടുണ്ട് എന്നുകൂടി പരിശോധിക്കേണ്ടതാണ്. ഇടുങ്ങിയ സാംസ്കാരിക വാദവും പ്രാദേശികതയും കൊടികുത്തി വാഴുന്ന കാലം ആയതുകൊണ്ടാണ് ഇത് ഞാൻ ഇപ്പോൾ സൂചിപ്പിച്ചത്. ഭാഗ്യത്തിന്, ഇതുവരെയും പണ്ഡിതോചിത അഭിപ്രായ പ്രകടനം നടത്തുന്ന പുരാവസ്തു ഗവേഷകർ ആരും സിന്ധു നദീതട / ഹാരപ്പൻ നാഗരികതയെ സരസ്വതി - സിന്ധു നാഗരികത എന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഇതുവരെയും ഇക്കാര്യത്തിൽ കാണിച്ച സ്ഥൈര്യം ഇന്ത്യൻ പുരാവസ്തു ഗവേഷകർ തുടരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.