മധ്യകേരളത്തിൽ ദലിത് വിഭാഗങ്ങൾക്കിടയിൽനിന്നും ഉയർന്നുവന്ന ജനകീയ പ്രസ്ഥാനമാണ് സി.എസ്.ഡി.എസ്. അതിന്റെ സംസ്ഥാന പ്രസിഡന്റും ദലിത്-ആദിവാസി സംയുക്ത സമിതിയുടെ ചെയർമാനുമായ കെ.കെ. സുരേഷ് ദലിത് സംഘടനാ പ്രവർത്തനങ്ങളെ കുറിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ദലിത് നിലപാടുകളെ കുറിച്ചും ദലിത് ആദിവാസി സംയുക്ത സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുന്നു.
വിനിൽ പോൾ: സമകാലിക കേരള രാഷ്ട്രീയത്തിൽ ജാതി സംഘടനകൾക്ക് മുമ്പുള്ളതിനേക്കാൾ കൂടുതൽ ദൃശ്യതയും പിന്തുണയും ഇന്ന് ലഭിക്കുന്നുണ്ട്. ഈ കൂട്ടത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ലഭിച്ച ദലിത് സംഘടനയാണല്ലോ സി.എസ്.ഡി.എസ് (ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി). എന്തായിരുന്നു ഇതിന്റെ രൂപവത്കരണത്തിന് പിന്നിലുണ്ടായിരുന്ന കാരണങ്ങൾ?
സി.എസ്.ഡി.എസ് വളരെ പെെട്ടന്നുണ്ടായ ഒരു സംഘടനയല്ല. മറിച്ച്, പ്രസ്ഥാനം രൂപംകൊള്ളുന്നതിന് പിന്നിൽ ചരിത്രപരമായ ചില കാരണങ്ങൾ കൂടിയുണ്ടായിരുന്നു. കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷം ദലിതർ എല്ലായിടങ്ങളിലും വഞ്ചിതരായി എന്നതാണ് ഇതിൽ ഒന്നാമത്തെ കാരണം. ഇടതുപക്ഷത്തിന്റെ പൂർണമായും പരാജയപ്പെട്ട ഭൂപരിഷ്കരണ പദ്ധതിയും അതോടൊപ്പം കേരളത്തിലെ ദലിതരുടെ രാഷ്ട്രീയ അനാഥത്വവുമാണ് ഇതിൽ എടുത്തുപറയേണ്ട മറ്റ് ചില വസ്തുതകൾ. പിന്നാക്കാവസ്ഥയിൽനിന്ന് മോചനമുണ്ടാകാനും രാഷ്ട്രീയ ആധിപത്യങ്ങളെ പ്രതിരോധിക്കുന്നതിനുമായി 1980കൾക്കുശേഷം കൂണുകൾപോലെ നിരവധി സാമൂഹിക പ്രസ്ഥാനങ്ങൾ ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്നെങ്കിലും അവക്കൊന്നുംതന്നെ പ്രാദേശിക മേഖലകൾക്ക് അപ്പുറം സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ആ കാലത്ത് കല്ലറ സുകുമാരൻ, പോൾ ചിറക്കരോട് എന്നിവരുടെ നേതൃത്വം വലിയ പ്രതീക്ഷകൾ നൽകിയിരുന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്.
ഞാൻ അൽപകാലം കല്ലറ സുകുമാരൻ സാറിന്റെ ഒപ്പം പ്രവർത്തിച്ചിരുന്നു. എന്നാൽ, കാലക്രമേണ ഈ പ്രസ്ഥാനങ്ങളെല്ലാം ദലിതർക്കിടയിൽതന്നെ അപ്രസക്തമായി. രാഷ്ട്രീയ പാർട്ടികൾ ഇത്തരം കീഴാള പ്രസ്ഥാനങ്ങളെ വളരാൻ അനുവദിച്ചിരുന്നില്ല എന്ന ഒരു മറുവശംകൂടി സംഘടനകളുടെ തകർച്ചക്ക് പിന്നിലുണ്ട്. ഇതിനിടയിൽ ദേശീയതലത്തിൽ ശ്രദ്ധേയമായ ബി.എസ്.പി കേരളത്തിലേക്ക് കടന്നുവരുകയും അതിനേക്കാൾ വേഗത്തിൽ അസ്തമിക്കുകയുംചെയ്തു. അതായത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നാം കാണുന്നത് ഒരു സ്ഥാനമാനവും ലഭിക്കാതെ അടിമകളായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കേണ്ടിവരുന്ന പട്ടികജാതിക്കാരെയും രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ അകറ്റിനിർത്തപ്പെട്ടിരിക്കുന്ന ദലിത് ക്രൈസ്തവരെയുമാണ്. പലയിടങ്ങളിലും ദലിതർ ആക്രമിക്കപ്പെടുന്നു – ആരും ചോദിക്കാനും പറയാനുമില്ല, എല്ലായിടങ്ങളിലും പൂർണമായ അനാഥത്വം തുടങ്ങി നിരവധി കാരണങ്ങളാണ് സി.എസ്.ഡി.എസ് എന്ന പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചത്. രണ്ടാമത്തെ കാരണം അല്ലെങ്കിൽ പ്രധാന കാരണം 2013 മേയ് 26ന് എെന്റ നാടായ വാഴൂരിൽ മിഥുൻ എന്ന ഒരു ദലിത് ക്രിസ്ത്യൻ യുവാവ് കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
വാഴൂർ പഞ്ചായത്ത് ദലിതർ ഭൂരിപക്ഷമുള്ള ഒരു പ്രദേശമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സഹായമില്ലാതെ ദലിതർ പഞ്ചായത്ത് അംഗങ്ങളായിട്ടുണ്ട് ഇവിടെ. ഞാൻ 1996 മുതൽ 15 വർഷം രാഷ്ട്രീയ പിൻബലമില്ലാതെ വിജയിച്ച, ഇലക്ഷനിൽ സ്വതന്ത്രരായി മത്സരിച്ച അഞ്ച് ദലിതർ രണ്ടാം സ്ഥാനത്തെത്തിയ പഞ്ചായത്ത് കൂടിയാണ് വാഴൂർ. ഇങ്ങനെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു പഞ്ചായത്തിൽ ഒരു ദലിതൻ കൊല്ലപ്പെട്ടതും പൊലീസ് ഈ കൊലപാതക വിഷയത്തിൽ നിശ്ശബ്ദത പാലിച്ചതുമെല്ലാം ഞങ്ങളെ ആകെ അസ്വസ്ഥരാക്കി. വേഗത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ശക്തമായ സമരപരിപാടികൾ ഞങ്ങൾ അവിടെ നടത്തുകയും ചെയ്തു. പാർട്ടി-മത വ്യത്യാസമില്ലാതെ പഞ്ചായത്തിലെ ദലിതർ ഒന്നടങ്കം ഇതിൽ പങ്കെടുത്തു. ഒരാഴ്ച അവിടത്തെ കടകൾ മുഴുവൻ അടപ്പിച്ചു, ഒറ്റയൊരാളെയും കട തുറക്കാൻ അനുവദിച്ചില്ല. പിന്നീട് കൊലപാതകികളെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ഈ സമരത്തിനുശേഷം ഞങ്ങൾ ഒന്നടങ്കം തീരുമാനിച്ചു, ഇങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നമ്മൾ ഐക്യത്തോടെ നിന്നിട്ടു കാര്യമില്ല, നമ്മൾ ഐക്യത്തോടെനിന്നാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ല. അതുകൊണ്ട് നമ്മുടേതായ ഒരു സംഘടന ആവശ്യമാണ്, ഇത് കേവലമായി വാഴൂർ പഞ്ചായത്തിലെ മാത്രം ഒറ്റപ്പെട്ട വിഷയമല്ല, നമ്മുടെ ആളുകൾ എവിടെയെല്ലാമുണ്ടോ അവിടെല്ലാം അവർ വിവേചനവും സംഘർഷങ്ങളും നേരിടുന്നുണ്ട്, ഇനി അത് തുടരാൻ പാടില്ല എന്ന ഉറച്ച ഒരു ലക്ഷ്യത്തിലാണ് സി.എസ്.ഡി.എസ് പ്രസ്ഥാനം 2013 സെപ്റ്റംബർ എട്ടിന് രൂപവത്കരിക്കുന്നത്.
എന്താണ് സി.എസ്.ഡി.എസിന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുമോ? അതോടൊപ്പം പ്രസ്ഥാനത്തിന്റെ പ്രവർത്തനരീതി, പോഷക സംഘടനകൾ, ഇതര പ്രവർത്തനങ്ങൾ തുടങ്ങിയവ കൂടി...
ബാബാസാേഹബ് അംബേദ്കർ വിഭാവനചെയ്ത അധികാര ഇടങ്ങളിൽ ദലിതർക്ക് പ്രാതിനിധ്യം ലഭിക്കുക എന്നതാണ് സി.എസ്.ഡി.എസ് ലക്ഷ്യംവെക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഞങ്ങൾ ദലിതർ എല്ലാവരും ഒരേപോലെ ലക്ഷ്യമിടുന്ന ഒരു കാര്യംകൂടിയാണ് മതിയായ പ്രാതിനിധ്യം ലഭിക്കുക എന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷം ഈ ലക്ഷ്യവുമായി ദലിതർക്കിടയിൽനിന്നും വലിയ ഒരു ധാര ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ജനകീയ പങ്കാളിത്തമുള്ള ഒരു പ്രസ്ഥാനമാണ് സി.എസ്.ഡി.എസ്. 2013ൽതന്നെ പ്രസ്ഥാനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും കോട്ടയം വാഴൂരിൽ സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ അടിത്തറയെന്നത് കുടുംബമാണ്, കുടുംബത്തിലെ എല്ലാവരും ഇതിൽ അംഗങ്ങളാകുന്നു. പ്രാദേശിക മേഖലകളിൽ കുടുംബ യൂനിറ്റുകളും അവക്കു മുകളിൽ പഞ്ചായത്ത്, താലൂക്ക്, സംസ്ഥാനം എന്നിങ്ങനെ പ്രവർത്തന/ തീരുമാനങ്ങളെ സുതാര്യമായ ഘടനകൾ വഴിയാണ് പ്രാവർത്തികമാക്കുന്നത്. കുട്ടികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും മാത്രമായ പോഷക സംഘടനകളും ഞങ്ങൾക്കുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾ, ആംബുലൻസ് സർവിസ് തുടങ്ങി ജാതി മത ഭേദമേന്യ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു.
ബഹുജൻ സമാജ്വാദി പാർട്ടിയുടെ വിജയത്തിനുശേഷം ഇന്ത്യയിലെമ്പാടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ദലിതരെ പരിഗണിക്കേണ്ടിയും അവർക്കായി പാർട്ടികൾക്കുള്ളിൽ ഔദ്യോഗിക പട്ടികജാതി പോഷക സംഘടനകൾ ആരംഭിക്കേണ്ടിയും വന്നിട്ടുണ്ട്. കേരളത്തിൽ സി.പി.എം ഔദ്യോഗികമായി ആരംഭിച്ച പട്ടികജാതി ക്ഷേമ സമിതി (PKS) ഒരു വയസ്സിലേക്ക് കടക്കുന്നതിന് മുമ്പാണ് സി.എസ്.ഡി.എസ് വലിയ ഒരു ജനസാഗരത്തെ അവർക്ക് മുമ്പാകെ അണിനിരത്തിയത്. പി.കെ.എസിനെ കുറിച്ചും ദലിത് പോഷകസംഘടനകളെ കുറിച്ചും എന്താണഭിപ്രായം?
ഭരണഘടനക്ക് വിരുദ്ധമായ ജാതി വിവേചനത്തെ വേണ്ടരീതിയിൽ മനസ്സിലാക്കാതെ മത അടിസ്ഥാനത്തിൽ ഇന്ത്യയിലെ ദലിതരെ വിഭജിക്കുന്ന ഒരു പദ്ധതിയായിരുന്നു പ്രസിഡൻഷ്യൽ ഓർഡറിലൂടെയുള്ള പട്ടിക ജാതി/ വർഗ നിർണയം. കോൺഗ്രസാണ് ഈ വർഗീയ ഹിന്ദുത്വ പദ്ധതി നടപ്പാക്കിയത്. ഈ മനുസ്മൃതിബോധത്തിൽതന്നെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ ദലിത് സംഘടനകൾ രൂപവത്കരിച്ചത്. വലിയൊരു വിഭാഗം ദലിതർ ഈ പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടു. കേരളത്തിനെ സംബന്ധിച്ച് ദലിത് ഹിന്ദുക്കളെപ്പോലെതന്നെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ദലിത് ക്രൈസ്തവർ. അങ്ങനെ ഒരു വിഭാഗത്തിനെ പരിഗണിക്കാതെ ഹൈന്ദവ ബോധത്തിൽ നിർവചിക്കപ്പെട്ട ദുർബല വിഭാഗങ്ങൾക്ക് മാത്രമായാണ് പി.കെ.എസ് രൂപവത്കരിച്ചത്. ദലിതരുടെ സാമൂഹിക ലോകത്തെക്കുറിച്ച് ഇടതുപക്ഷം തികച്ചും അജ്ഞരാണ് എന്നതിന്റെ പ്രഖ്യാപനമായാണ് ഞാൻ പി.കെ.എസിനെ മനസ്സിലാക്കുന്നത്.
വർഗസമരവും രാഷ്ട്രീയവും പറഞ്ഞുനടന്നവരാണ്, സ്വത്വബോധത്തെ പൂർണമായി നിഷേധിച്ചവരാണ് ‘പള്ളിക്കുള്ളിൽ ഒരു കൊച്ചുപള്ളി’ പട്ടികജാതിക്കാർക്കായി നിർമിച്ചിരിക്കുന്നത്. ഉള്ളതു പറഞ്ഞാൽ പട്ടികജാതിക്കാർ രണ്ടാം തരം പാർട്ടി അംഗങ്ങളായി മാറുകയായിരുന്നു പി.കെ.എസിന്റെ വരവോടുകൂടി. 2016ൽ തലസ്ഥാന നഗരിയിൽ സി.എസ്.ഡി.എസ് ശക്തമായ ഒരു പ്രകടനം കാഴ്ചവെച്ചതിന് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി തിരുവനന്തപുരത്ത് കൂടുകയും പാർട്ടി ഒരു വലിയ സമ്മേളനം നടത്തുകയും അതിനുശേഷം പി.കെ.എസ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിക്കുകയും ചെയ്തു. എന്തായാലും ഞങ്ങൾ സി.എസ്.ഡി.എസും മറ്റ് ദലിത് സംഘടനകളും സജീവമായതോടുകൂടിയാണ് സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റിയിൽ എങ്കിലും ദലിതരെ അവർ അംഗങ്ങളായി എടുത്തുതുടങ്ങുന്നത്. സമീപ സമയത്ത് സി.പി.എമ്മിന്റെ ഗോവിന്ദൻ മാഷും സംഘവും നയിച്ച ജാഥയിൽ പി.കെ. ബിജുവിന്റെ പേരും ചിത്രവും വരുന്നതിനു കാരണം ദലിതർ സംഘടിക്കുന്നു എന്ന ഒറ്റ കാരണത്താലാണ്. മാഷിന്റെ ജാഥയുമായി ബന്ധപ്പെട്ടു ഒരു കാര്യം കൂടി പറയട്ടെ, ബാബാസാേഹബ് അംബേദ്കർ ഉൾപ്പെടെയുള്ളവർ എതിർത്തതും ദലിതരെ അപമാനിക്കുന്നതുമായ ഹരിജൻ എന്ന പദം വിദ്യാസമ്പന്നനായ പി.കെ. ബിജു ഇന്നും ഉപയോഗിക്കുന്നു, ബിജുവിന്റെ നിലവാരം എന്താണെന്ന് കേരള പൊതുസമൂഹം തിരിച്ചറിഞ്ഞു. അതായത് ഞാൻ പറഞ്ഞുവരുന്നത് പി.കെ.എസ് ഈ 2023ലും ഹരിജൻ ചിന്തയിൽ കിടക്കുകയാണ്. ജന്മി-കുടിയാൻ മനഃസ്ഥിതിയുടെ നിർമാണശാലയാണ് പി.കെ.എസ് എന്നതിന് ഏറ്റവും നല്ല തെളിവാണ് പി.കെ. ബിജു. പി.കെ.എസിനു കേരള പൊതുസമൂഹത്തിന് മുമ്പാകെ ധൈര്യത്തോടെ നിർത്തി കാണിക്കാൻ ശേഷിയുള്ള ഒരു നേതാവുണ്ടോ? ഒരു നേതാവിനെ നിർമിക്കാൻ ഈ 10 വർഷംകൊണ്ട് സി.പി.എമ്മിന് സാധിച്ചോ? ഇനി കോൺഗ്രസിന്റെ കാര്യം, അത് ചർച്ച ചെയ്യേണ്ട ആവശ്യമേയില്ല എന്നാണ് എനിക്ക് തോന്നുന്നത്, അവർ പൊതുസമൂഹത്തിന്റെ കണ്ണിൽപൊടിയിടാനായിപോലും ദലിതരെ നേതൃത്വത്തിൽ കൊണ്ടുവരില്ല. അവരെ ചർച്ചക്ക് എടുക്കേണ്ട ഒരു കാര്യവുമില്ല.
സി.എസ്.ഡി.എസ് പ്രസ്ഥാനത്തിന്റെ യോഗങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിലെ വലിയ ജനപങ്കാളിത്തമാണ്. ഇത്രമാത്രം ജനങ്ങൾ ഇതിനു പിന്നിൽ അണിനിരക്കുന്നതിന് പിന്നിലെ കാരണം എന്താണ്? അതായത് ദലിതരുടെ കൂടിവരവിന് പിന്നിലെ രാഷ്ട്രീയ കാരണം എന്താണ്?
കേരളത്തിലെ ദലിതരെ എല്ലാവിധ രാഷ്ട്രീയ പാർട്ടികളും അയിത്തം കൽപിച്ചു അകറ്റിനിർത്തിയിരിക്കുന്നു എന്ന യാഥാർഥ്യം ഒരുവിഭാഗം ദലിതർ തിരിച്ചറിഞ്ഞു എന്നതാണ് ഈ ആൾക്കൂട്ടത്തിന് പിന്നിലെ പ്രധാന കാരണം. കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ പട്ടികജാതി സംവരണ സീറ്റിൽ അല്ലാതെ ജനറൽ സീറ്റുകളിൽ അതായത് ഏതൊരു പാർട്ടിക്കും നൂറ് ശതമാനം ഉറപ്പുള്ള അവരുടെ കോട്ടകളിൽപോലും അവർ പട്ടികജാതിക്കാരെ ഇലക്ഷനിൽ മത്സരിപ്പിക്കാറില്ല. സംവരണ സീറ്റുകളിൽ മാത്രം പട്ടിക ജാതിക്കാർ മത്സരിച്ചാൽ മതി, പട്ടിക ജാതി വകുപ്പിൽ മാത്രം പട്ടിക ജാതിക്കാരൻ മന്ത്രിയായാൽ മതി എന്നതാണ് ഇവരുടെ നിലപാട്. ദലിത് ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങളിൽപോലും അവർ സവർണ സമുദായങ്ങളെ മാത്രമേ ഇലക്ഷനിൽ നിർത്താറുള്ളൂ. എന്നാൽ, മധ്യകേരളത്തിലെ ഈഴവ ഭൂരിപക്ഷമുള്ളയിടത്ത് അവർ ഈഴവരെ മാത്രമേ ഇലക്ഷനിൽ നിർത്തുകയുള്ളൂ.
കേരളത്തിലെ ദലിത് ക്രൈസ്തവരുടെ നിയമസഭാ പ്രാതിനിധ്യം നോക്കൂ, 1960-64 കാലയളവിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ചു ജയിച്ച പി. ചാക്കോ സാറിനുശേഷം ഒരു ദലിത് ക്രിസ്ത്യാനിയും നിയമസഭയിൽ എത്തിയിട്ടില്ല. സി.പി.എം രണ്ടു മൂന്ന് വട്ടം ദലിത് ക്രിസ്ത്യാനികളെ നിർത്തുകയുണ്ടായി, ബി.സി.സി.എഫ് സ്ഥാപകനായ വി.ഡി. ജോൺ സാർ ഉൾപ്പെടെയുള്ളവരെ തോൽപിക്കുകയാണ് ചെയ്തത്. ഇത് ഞാൻ ഉണ്ടാക്കി പറയുന്നതല്ല, വി.ഡി. ജോൺ സാറിന്റെ ആത്മകഥ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇപ്പോഴത്തെ പിണറായി മന്ത്രിസഭയുടെ തുടക്കസമയത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ ജാതി-സമുദായം തിരിച്ചുള്ള കണക്കുകൾ പലരും പ്രസിദ്ധീകരിച്ചത് വിനിലുമൊക്കെ വായിച്ചിട്ടുണ്ടല്ലോ. അക്ഷരാർഥത്തിൽ കേരളത്തിലെ ദലിതരെ ഇടതും വലതും ചേർന്ന് വഞ്ചിക്കുകയല്ലായിരുന്നോ? ഇടതും വലതും കൂടി ചേർന്ന് കേരള നിയമസഭയെന്നാൽ നായന്മാരുടെയും ക്രിസ്ത്യാനികളുടെയും കുടുംബവീടാക്കി തീർക്കുകയല്ലായിരുന്നോ? ഒരു കണക്ക് പ്രകാരം നാളിതുവരെ 116 മന്ത്രിമാർ നായന്മാരിൽനിന്നും 77 മന്ത്രിമാർ മുന്നാക്ക ക്രിസ്ത്യാനികളിൽനിന്നുമാണ് എത്തിയത്. കേരളത്തിൽ ഏറ്റവും ജനസംഖ്യയുള്ള ഈഴവരിൽനിന്നും മുസ്ലിംകളിൽനിന്നും മന്ത്രിമാരായവരുടെ എണ്ണം നായന്മാരുടെ പകുതിയേ കാണുകയുള്ളൂ. അപ്പോൾ പിന്നെ ഞങ്ങൾ ദലിതരുടെയും പട്ടിക ജാതിക്കാരുടെയും കാര്യം പറയണ്ടല്ലോ. ഞങ്ങൾ നേരിടുന്ന ഈ രാഷ്ട്രീയ അവഗണനയാണ് സി.എസ്.ഡി.എസിന്റെ ജനപിന്തുണക്ക് കാരണം. മാന്യമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നതിനായി ഒത്തുചേരുന്ന ജനങ്ങളുടെ കൂട്ടത്തിനെയാണ് നിങ്ങൾ ഈ കാണുന്നത്.
പട്ടികജാതിയിലെ പ്രബല ജാതികളായ പുലയർ, പറയർ എന്നീ വിഭാഗങ്ങൾ മാത്രമായി സംഘടിക്കുന്നു എന്ന ഒരു വിമർശനം സി.എസ്.ഡി.എസിനു നേർക്ക് പലരും ഉന്നയിക്കാറുണ്ടല്ലോ? എന്താണ് അത്തരം വിമർശനങ്ങൾക്കുള്ള താങ്കളുടെ മറുപടി?
ദലിത്-പട്ടികജാതി വിഭാഗങ്ങളിൽ ജനസംഖ്യ ഏറ്റവുമധികമുള്ള ജാതികൾ പുലയരും പറയരുമാണ് അഥവാ ചേരമരും സാംബവരുമാണ്, ഇവർക്കിടയിൽ ഒരു ഐക്യമുണ്ടായാൽ ക്രമേണ മറ്റ് ജാതി വിഭാഗങ്ങൾക്കും ഈ ഐക്യത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ആരംഭിച്ചത്. പട്ടിക ജാതി-ദലിത് ക്രൈസ്തവ വിഭാഗങ്ങളുടെ ഏതൊരു പ്രശ്നത്തിലും ഞങ്ങൾ ഇടപെടുകയും പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ പേരിൽ രണ്ട് ജാതി വിഭാഗങ്ങൾ ആണെങ്കിലും പട്ടിക ജാതി-ദലിത് ക്രൈസ്തവ വിഭാഗങ്ങളുടെ ഏതൊരു പ്രശ്നത്തിലും ഞങ്ങൾ ഇടപെടുകയും പിന്തുണയുമായി പ്രത്യക്ഷത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുമുണ്ട്. ഈ വിമർശനത്തിന് ഒരു മറുവശം കൂടിയുണ്ട്. എന്തുകൊണ്ട് ഈ ജനാധിപത്യം നിലനിൽക്കുന്ന സംസ്ഥാനത്ത് ജാതി സംഘടനകൾ രൂപവത്കരിക്കേണ്ടി വരുന്നു എന്ന മറുചോദ്യത്തിനു ഇവിടത്തെ രാഷ്ട്രീയക്കാർ മറുപടി നൽകേണ്ടതാണ്. കേരളത്തിൽ എൻ.എസ്.എസോ എസ്.എൻ.ഡി.പിയോ ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവരുന്നില്ല എന്നതും ഈ ചോദ്യം ഉന്നയിക്കുന്നവർ തിരിച്ചറിയേണ്ടതാണ്. കേരളത്തിൽ വിഭവങ്ങൾ വിതരണം ചെയ്യപ്പെടുന്നത് ജാതിയുടെയും സമുദായത്തിന്റെയും പേരിലാണ്, ആ വിഭവ വിതരണത്തിൽ പങ്കാളികളാകാൻ ദലിതർ ശ്രമിക്കുന്നതിനെയാണ് ഇവിടെ ജാതിയായി ചിലർ മുദ്രകുത്തുന്നത് എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
സി.എസ്.ഡി.എസിനു കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽനിന്നാണല്ലോ ഏറ്റവുമധികം പ്രവർത്തകരുള്ളത്. ഇലക്ഷനിൽ ഒരു നിർണായക ശക്തി എന്ന നിലയിലേക്ക് നിങ്ങൾക്ക് മാറാൻ സാധിക്കുന്നുണ്ടോ? ഇലക്ഷൻ വിഷയത്തിൽ ഇടത്-വലതു പക്ഷ പാർട്ടികൾക്ക് നിങ്ങളോടുള്ള സമീപനം എന്താണ്?
തീർച്ചയായും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചില മണ്ഡലങ്ങൾ, ഇപ്പോൾ ഉദാഹരണമായി പറഞ്ഞാൽ പുതുപ്പള്ളി, തിരുവല്ല, കുട്ടനാട്, റാന്നി, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിൽ വിധി നിർണയിക്കാൻ ശേഷിയുള്ള വിഭാഗമാണ് ദലിതർ. പട്ടിക ജാതിക്കാരും ദലിത് ക്രൈസ്തവരും ധാരാളമായി താമസിക്കുന്ന ഈ മണ്ഡലങ്ങളിൽ ഒരു പാർട്ടിയും ദലിതരെ ഇലക്ഷനിൽ പരിഗണിക്കാറില്ല. നാളിതുവരെ ജനങ്ങൾ ഇതിനെക്കുറിച്ചു ബോധവാന്മാരുമല്ലായിരുന്നു. എന്നാൽ, സി.എസ്.ഡി.എസ് പ്രസ്ഥാനം സജീവമായതിനുശേഷം അന്തരീക്ഷം ആകെ ഒന്നു മാറിയിട്ടുണ്ട്. ബാബാസാേഹബ് അംബേദ്കർ തന്റെ ജനതയിൽനിന്നും ആഗ്രഹിച്ച നിയമസഭയിലെ പ്രാതിനിധ്യമാണ് ഞങ്ങളും ലക്ഷ്യമിടുന്നത്.
ആദ്യ സമയങ്ങളിൽ ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ ഓർത്തത് ഞങ്ങളുടെ പ്രസ്ഥാനമെന്നത് ആയുസ്സ് ഒട്ടുമില്ലാത്ത കേവലമായ ഒരു ജാതി സംഘടനയാണ് അല്ലെങ്കിൽ നാട്ടിൻപുറത്തെ ഏതാണ്ട് ‘യുവരശ്മി’ ക്ലബ് എന്നൊക്കെപ്പറയുന്നപോലെ ഏതാണ്ടൊരു പരിപാടിയാണെന്നാണ്. ഞങ്ങളെ അവർ ലവലേശം പരിഗണിച്ചിരുന്നില്ല, എന്നാൽ, ഇന്ന് കാര്യങ്ങൾ അങ്ങെനയല്ല. ഇനി വരുന്ന നിയമസഭ ഇലക്ഷൻ ഞങ്ങളെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദലിതർക്ക് ഭൂരിപക്ഷമുള്ള നിയമസഭ മണ്ഡലങ്ങളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും, അവിടത്തെ ദലിതരുടെയും ആദിവാസികളുടെയും വോട്ട് എത്രയെന്നു ഞങ്ങൾ കൃത്യമായി കണക്കെടുക്കുകയും അതിനനുസരിച്ചുള്ള ആസൂത്രണങ്ങൾ വികസിപ്പിച്ചുവരുകയുമാണ്.
ശബരിമല വിഷയത്തിനുശേഷം ഇടതു സർക്കാർ നിങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക ജാതിസംഘടനകളോട് ചേർന്നുനിന്നാണ് പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങളോടുകൂടി നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിൽ താങ്കൾ ക്ഷണിക്കപ്പെട്ട ഒരു അതിഥിയായിരുന്നല്ലോ. നിങ്ങളോടും ഇതര ജാതി സംഘടനകളോടുമുള്ള ഇടതുപക്ഷ സമീപനം എങ്ങനെയാണ്?
1970കളുടെ തുടക്കത്തിൽ പി.കെ. ചാത്തൻ മാസ്റ്റർ ഇടതുപക്ഷ പിന്തുണയാൽ സ്ഥാപിച്ച കേരള പുലയർ മഹാസഭയല്ലാതെ ഒരു ജാതി സംഘടനയും കേരളത്തിൽ വളരാൻ ഇടതുപക്ഷ പ്രസ്ഥാനം അനുവദിച്ചിട്ടില്ല എന്നത് ഏവർക്കും അറിവുള്ള കാര്യമാണല്ലോ. കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷമുള്ള ചരിത്രം പരിശോധിച്ചാൽ ഈ വെട്ടിനിരത്തൽ കാണാൻ സാധിക്കും. അതായത് ഞാൻ പറഞ്ഞുവരുന്നത് നായർ, ഈഴവ ജാതികളുടെ ഒഴികെ, വേറേതൊരു ജാതിസംഘടനയെയും ഇടതുപക്ഷം അംഗീകരിക്കുന്നില്ല. എന്നാൽ, പി.കെ.എസ് രൂപവത്കരണത്തോടുകൂടി വലിയ ഒരു വൈരുധ്യത്തിലേക്ക് അല്ലെങ്കിൽ അവരുടെ പ്രത്യയശാസ്ത്രത്തിന് വിപരീതദിശയിലായിപ്പോയി അവർ. ആദ്യത്തെ കുറെ വർഷങ്ങളിൽ സി.എസ്.ഡി.എസിനെ തകർത്ത് തരിപ്പണമാക്കാനുള്ള ശ്രമങ്ങൾ സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
പ്രസ്ഥാനം രൂപംകൊള്ളുന്നതിന് കാരണമായ മിഥുൻ കൊലപാതകത്തിനുശേഷം മിഥുന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തുകയും ലഭിച്ച അത്രയും തുക മിഥുന്റെ കുടുംബത്തിന് കൈമാറുകയുമുണ്ടായി. എന്നാൽ, സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രസ്ഥാനത്തിനുമേൽ സാമ്പത്തിക ആരോപണം പ്രചരിപ്പിക്കുകയും മിഥുന്റെ കുടുംബത്തെ സി.പി.എം ഏറ്റെടുക്കുകയും അവർക്ക് വീട് നിർമിച്ച് നൽകുകയും ചെയ്തു. പാർട്ടിയുടെ അന്നത്തെ സെക്രട്ടറി സാക്ഷാൽ കോടിയേരി ബാലകൃഷ്ണൻ വാഴൂർ വരുകയും വലിയ ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്തതിനുശേഷമാണ് അദ്ദേഹം താക്കോൽദാന ചടങ്ങ് നടത്തിയത്. ഈ അവസരത്തിൽ സി.എസ്.ഡി.എസിനെ തകർത്ത് കളയുമെന്ന് ഇപ്പോഴത്തെ ഒരു മന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അതേപോലെ പ്രാദേശിക മേഖലകളിൽ നിരവധി തവണ സി.പി.എമ്മുമായി വഴക്കുണ്ടായിട്ടുണ്ട്. തന്നെയുമല്ല ഇടതും വലതും കൂടി ചേർന്ന് ഞങ്ങളുടെ പ്രസ്ഥാനത്തിൽ പിളർപ്പുണ്ടെന്നു വരുത്തിത്തീർക്കാൻ ആദ്യകാല പ്രവർത്തകരെ സ്വാധീനിക്കുകയും അവരിൽ ചിലരെ ഇതിൽനിന്ന് അടർത്തിയെടുക്കുകയുമുണ്ടായി. മാത്രമല്ല, ഭരണാധികാരികൾ പ്രസ്ഥാനത്തിലെ നിരവധിയാളുകളെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി വ്യാപകമായി ഉപദ്രവിച്ചിട്ടുമുണ്ട്. ഇതിനെയൊക്കെ അതിജീവിച്ചാണ് സി.എസ്.ഡി.എസ് മുന്നോട്ട് പോകുന്നത്. വലിയ സംഘർഷങ്ങളുടെ നടുവിൽ ആലപ്പുഴയിൽ ഞങ്ങളുടെ വാർഷിക സമ്മേളനം നടന്നത് സി.പി.എമ്മിനെ ഞങ്ങൾ അതിജീവിച്ചു എന്നതിന്റെ പ്രഖ്യാപനമായിരുന്നു. സത്യം പറയാമല്ലോ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി, അത്രമാത്രം ജനങ്ങളാണ് ആലപ്പുഴ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ‘‘ഞാൻ ഇവിടെ രണ്ട് കടലുകളാണ് കാണുന്നതെന്ന്’’ ഷാനിമോൾ ഉസ്മാൻ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പിന്നീട് സി.പി.എമ്മും ഞങ്ങളുമായി പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അതേപോലെ പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ ഭീഷണിയായിരുന്നല്ലോ ശബരിമല വിഷയം. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സവർണ വിഭാഗങ്ങൾ ഇടതുപക്ഷത്തിന്റെ നിലപാടിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ ഇടതുപക്ഷത്തെ രക്ഷിച്ചത് ഇവിടത്തെ പിന്നാക്ക ജാതി സംഘടനകൾ മാത്രമായിരുന്നു. ഭരണഘടന അട്ടിമറിക്കപ്പെടുന്നു, ഭരണഘടന സംരക്ഷിക്കുക എന്നീ വിഷയങ്ങൾ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതിനാലാണ് ഞങ്ങൾ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്തായാലും ശബരിമല വിഷയം വന്നതോടെ ഞങ്ങളും സി.പി.എമ്മും തമ്മിലുള്ള ബന്ധം അൽപം സൗഹൃദത്തിലേക്ക് പ്രവേശിച്ചു. അതോടൊപ്പം നവോത്ഥാന സമിതിയും മതിലിലുമെല്ലാം ഞങ്ങൾ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ആ സമിതി അത്ര സജീവമല്ല.
അതേ, ആ വിഷയത്തിലേക്കാണ് ഞാൻ വരുന്നത്. ജനസാഗരത്തെ സാക്ഷിയാക്കിയാണ് താങ്കൾ ചെയർമാനായും പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായ ദലിത്-ആദിവാസി സംയുക്ത സമിതിയുടെ അവകാശ പ്രഖ്യാപനം കോട്ടയത്തു വെച്ച് നടത്തിയത്. ദലിത്-ആദിവാസി സംയുക്ത സമിതിയെന്ന ആശയം എങ്ങനെയാണ് ഉണ്ടായത്? എങ്ങനെയാണ് രൂപംകൊള്ളുന്നത്? ഇടതുപക്ഷത്തിന്റെ നവോത്ഥാന സമിതിക്ക് ഒരു ബദൽ ആണോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിൽ സംഘടിക്കപ്പെട്ട നവോത്ഥാന സമിതി കാര്യമായ കുറെ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ, അത് ക്രമേണ കടുത്ത ഇടതുപക്ഷ ആശയങ്ങൾ ചർച്ചചെയ്യുന്ന വേദിയായും ഞങ്ങളെ എല്ലാം പി.കെ.എസിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു കൂട്ടായ്മയുമായി മാറി. പുന്നല ശ്രീകുമാർ ആദ്യം നവോത്ഥാന സമിതിയിൽനിന്ന് അകലം പാലിക്കുകയും ക്രമേണ നിരവധി സംഘടനകൾ സമിതി വിട്ട് പോകുകയും ചെയ്തു. അങ്ങനെയിരിക്കെ പുന്നല ശ്രീകുമാർ സി.എസ്.ഡി.എസ് കേന്ദ്ര ഓഫിസിൽ വരുകയും കേരളത്തിലെ പട്ടിക ജാതി സംഘടനകൾ സ്വതന്ത്രമായി പ്രവർത്തനം നടത്തുന്ന സമയത്തുതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അവകാശങ്ങൾക്കുമായി എല്ലാവരും ഒരുമിച്ചുനിൽക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ തമ്മിലുള്ള ചർച്ചകളുടെ ഭാഗമായി ദലിത്-ആദിവാസി വിഭാഗങ്ങൾ എല്ലാവരും ഒരുമിച്ചുനിന്ന് പ്രവർത്തിക്കണമെന്നും ഈ രണ്ടു വിഭാഗങ്ങൾ ഒരേപോലെ സർക്കാർ സംവിധാനങ്ങളിൽനിന്നും വിവേചനം നേരിടുന്നവരാണെന്നും അവർ എല്ലാവരും ഒരുമിച്ചാൽ മാത്രമേ ഇത്തരം വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകൂ എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിച്ചേരുകയുണ്ടായി.
സംഘടനകൾ വ്യത്യസ്ത നിലകളിലും തലങ്ങളിലും പ്രവർത്തിക്കുമ്പോൾ ദലിതരുടെയും ആദിവാസികളുടെയും പൊതുവായ വിഷയങ്ങളിൽ നാമെല്ലാം ഒന്നിക്കണം എന്ന ഒരു മുദ്രാവാക്യമാണ് ഇതിൽനിന്നും രൂപപ്പെട്ടുവന്നത്. ക്രമേണ ഈ ആശയം ഇതര സംഘടനകളുമായി ആലോചിക്കുകയും അവരെല്ലാം ഈ ആശയത്തോട് ചേർന്നുനിൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നീ മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയുണ്ടായി. നവോത്ഥാന സമിതി ദലിതരുടെയും ആദിവാസികളുടെയും അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ല. നേതാക്കളുടെ അനുസ്മരണം നടത്തുക, സെമിനാറുകൾ സംഘടിപ്പിക്കുക മാത്രമല്ലല്ലോ ദലിത് പ്രവർത്തനം? ദലിതർ നേരിടുന്ന ഭൂമിപ്രശ്നമൊന്നും അവർക്ക് മനസ്സിലാകില്ല. പി.കെ.എസും ഇതേ രീതിയിൽതന്നെയാണ്. രൂപവത്കരണത്തിനുശേഷം ഏതാണ്ട് 10 വർഷം കഴിഞ്ഞപ്പോഴാണ് പി.കെ.എസ് എയ്ഡഡ് കോളജുകളിലെ സംവരണ വിഷയത്തെ കുറിച്ച് വാ തുറക്കുന്നത്. കേരളത്തിലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും സാമൂഹിക-സാമ്പത്തിക ഉന്നമനവുമാണ് ഈ സംയുക്ത സമിതി ലക്ഷ്യമിടുന്നത്. ഈ ഒരു കൂട്ടായ്മക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നതിന് ഏറ്റവും നല്ല തെളിവായിരുന്നു കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ജനസാഗരം.
ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നിവ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങൾതന്നെയാണ്, അംഗീകരിക്കുന്നു. പേക്ഷ, കുറെയധികം കാലമായി പല ദലിത് പ്രസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലേ? രാഷ്ട്രീയ പ്രാതിനിധ്യമല്ലേ ദലിതർക്ക്, പ്രത്യേകിച്ച് ആദിവാസികൾക്ക് ലഭിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ആവശ്യം?
ഗോവിന്ദൻ മാഷിന്റെ ജാഥയുടെ സമാപന സമ്മേളന പ്രസംഗം കേട്ടിരുന്നോ? അദ്ദേഹം കുറെ കണക്കുകൾ പറയുകയാണ്, 3,42,000 പേർക്ക് സ്വന്തമായി ഭൂമിയില്ലെന്നും 10,500 ഹെക്ടർ ഭൂമിയുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാമെന്നും മൂന്ന് സെന്റ് എങ്കിലും ആളുകൾക്ക് കൊടുക്കണ്ടേ എന്നൊക്കെയാണ് മാഷ് പറയുന്നത്. അവർ ഇന്നും ആ മൂന്ന് സെന്റിൽതന്നെ ഇങ്ങനെ കിടക്കുകയാണ്. പട്ടികജാതി-വർഗത്തിന് വെറും മൂന്ന് സെന്റ് ഭൂമി മതിയെന്നാണ് അവർ ഇന്നും പറയുന്നത്. ഇതേ ഇടതുപക്ഷ സർക്കാർ വിമാനത്താവളങ്ങളുടെയും വികസനത്തിന്റെയും പേരിൽ ഏക്കർ കണക്കിന് ഭൂമി കൊടുക്കാൻ തയാറാണ്, എന്നാൽ ദലിതരുടെയും ആദിവാസികളുടെയും കാര്യം വരുമ്പോൾ മൂന്ന് സെന്റ് മാത്രമേ പ്രഖ്യാപിക്കൂ. അതായത്, ഞാൻ പറഞ്ഞുവരുന്നത് വികസനത്തിന്റെ പേര് പറയുമ്പോൾ അല്ലെങ്കിൽ ഇവർ പറയുന്ന കേരള വികസന മാതൃകക്ക് ഭൂമിയുണ്ട്. ഇവിടത്തെ പാവപ്പെട്ട ദലിതനും ആദിവാസിക്കും കൊടുക്കാൻ മാത്രമാണ് ഭൂമി ഇല്ലാത്തത്. ഞങ്ങൾ സംയുക്ത സമിതിയിലൂടെ ശക്തമായി മുന്നോട്ടുവെച്ച ഭൂമിയുടെ പ്രശ്നം ഇത്രയും നാൾ കേരളം ഭരിച്ച സി.പി.എം സമ്മതിക്കുന്ന കാഴ്ചയാണ് ഗോവിന്ദൻ മാഷിന്റെ പ്രസംഗത്തിൽ നാം കണ്ടത്.
ഭൂമിയുടെ പ്രശ്നത്തെ അവർക്ക് തള്ളിക്കളയാൻ പറ്റില്ല എന്നതിന് തെളിവായിട്ടാണ് ഞാൻ മാഷിന്റെ പ്രസംഗത്തെ കാണുന്നത്. വിനിലിന്റെ ചോദ്യത്തിനോടുള്ള വിയോജിപ്പ് സൂചിപ്പിക്കട്ടെ ഇനി. കേരളത്തിൽ ജാതി സംഘടനകൾ ഒത്തൊരുമയോടെ ഇത്രയും വലിയ ഒരു സമ്മേളനം നടത്തിയിട്ടുണ്ടോ? ഇത്രയും ജനപങ്കാളിത്തമുള്ള ഒരു നീക്കം കേരളം ആദ്യമായി കാണുകയാണ് എന്നതിന് തർക്കമില്ല. രണ്ടാമത്തെ വിഷയം എന്താണെന്നു വെച്ചാൽ, ജാതി സംഘടനകൾ ശക്തമായി ഭൂമി വിഷയത്തിൽ ഇടപെടുന്നത് ഇത് ആദ്യമായിട്ടാണ്. രാഷ്ട്രീയ പാർട്ടികളെ പോലെ ജാതി സംഘടനകളും മിക്ക ഭൂ സമരങ്ങളിൽനിന്നും മാറിനിൽക്കുകയാണ് പതിവ്. എന്നാൽ, ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിച്ചത്. ഞങ്ങൾ എല്ലാവരും ഒരേപോലെ ആവശ്യപ്പെടുന്നത് ഭൂമിയാണ്. ഇനി രാഷ്ട്രീയ പ്രാതിനിധ്യത്തെ സംബന്ധിച്ചു പറഞ്ഞാൽ അതും വളരെ പ്രധാനപ്പെട്ടതുതന്നെയാണ് എന്നതിന് തർക്കമില്ല. ആദിവാസികളുടെ കാര്യം നോക്ക്, കേരള സംസ്ഥാനത്തിൽ നാളിതുവരെ ഒരു ആദിവാസി മാത്രമാണ് മന്ത്രിയായിരിക്കുന്നത്. അതിന്റെ സാഹചര്യം നമുക്ക് അറിയാമല്ലോ, സ്ത്രീകൾ ഇല്ലാതിരുന്നപ്പോൾ അവരെ ഉമ്മൻ ചാണ്ടിക്കും സംഘത്തിനും മന്ത്രിയാക്കേണ്ടി വന്നതാണല്ലോ. എല്ലാവിധ ഇലക്ഷനിലും പട്ടികജാതി-വർഗ വിഭാഗങ്ങളെ സംവരണ സീറ്റിൽ മാത്രമല്ലേ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിക്കുന്നത്. അധികാര കേന്ദ്രങ്ങളിൽ ഞങ്ങൾക്ക് മാന്യമായ പരിഗണന ലഭിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം.
സി.എസ്.ഡി.എസ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന വിഷയങ്ങൾ എന്തെല്ലാമാണ്?
കേരളത്തിലെ ദലിത് ക്രൈസ്തവർക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിരക്ഷ നൽകുക എന്ന ആവശ്യത്തിനായാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ദലിത് ക്രൈസ്തവ വിഷയത്തിൽ വിനിൽ ഉൾപ്പെടെയുള്ള ഗവേഷകർ വെളിയിൽ കൊണ്ടുവന്ന ഞെട്ടിക്കുന്ന വിവേചനത്തിന്റെ ഡേറ്റ ഇന്ന് നമ്മുടെ മുന്നിലുണ്ട്. ദലിത് ക്രൈസ്തവർക്ക് മാത്രമായി പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ സംവരണം അനുവദിക്കുക, പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ കോർപറേഷൻ മാന്യമായ രീതിയിൽ കാലത്തിന് അനുസരിച്ചു പ്രവർത്തിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സി.എസ്.ഡി.എസ് ഉയർത്തിയിരിക്കുന്നത്. നാടാർ ക്രിസ്ത്യാനികളുമായി ദലിത് ക്രിസ്ത്യാനികൾ പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ സംവരണം പങ്കിടുന്നതിനാൽ പ്രബലരായ നാടാർ ക്രിസ്ത്യാനിക്കുതന്നെയാണ് എപ്പോഴും കൂടുതൽ സീറ്റുകൾ ലഭിക്കുന്നത്. ഈ ഒരു അനീതി സർക്കാർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതായത് ഞങ്ങളുടെ ആവശ്യങ്ങളടങ്ങുന്ന ഒരു പ്രത്യേക പാക്കേജ് ദലിത് ക്രൈസ്തവർക്ക് മാത്രമായി സംസ്ഥാന സർക്കാർ നടപ്പാക്കുക എന്നതാണ് സി.എസ്.ഡി.എസ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാറിന്റെ പി.എസ്.സി റൊട്ടേഷൻ ക്രമീകരണത്തെയും ഞങ്ങൾ പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമുള്ള എസ്.ഐ.യു.സി നാടാർ മുപ്പത്തിയെട്ടാമത് ജോലിക്ക് കയറുമ്പോൾ അവരുടെ ജനസംഖ്യയുടെ ഇരട്ടിയുള്ളതും കേരളത്തിൽ ഏറ്റവും മോശമായ അവസ്ഥയിൽ ജീവിക്കുന്ന ഒരു ആദിവാസി ജോലിക്ക് കയറുന്നത് നാൽപത്തിയൊന്നാമതാണ്, ദലിത് ക്രിസ്ത്യാനി കയറുന്നത് നാൽപത്തിയെട്ടാമതാണ്. ഇങ്ങനെ സർക്കാർ സംവിധാനത്തിൽ ആദിവാസികളും ദലിതരും നേരിടുന്ന പ്രശ്നങ്ങളും, അതേപോലെ എയ്ഡഡ് മേഖലയിലെ സംവരണം നടപ്പിലാക്കുക തുടങ്ങിയവയും ഞങ്ങളുടെ മുഖ്യ അജണ്ടകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.