മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മഹേഷ് നാരായണൻ തന്റെ ചലച്ചിത്രജീവിതവും സിനിമാ കാഴ്ചപ്പാടുകളും തുറന്നുപറയുകയാണ് ഇൗ സംഭാഷണത്തിൽ. സിനിമകൾക്കെതിരെ പല കോണുകളിൽനിന്നുയർന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറയുന്നു.
ഫിലിം എഡിറ്റിങ് ഒരു നുണയാണെന്ന് ഗൊദാർദ് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകനെ ഇരുട്ടിൽ നിർത്തി പ്രദർശിപ്പിക്കുന്ന സിനിമയെന്ന മാധ്യമത്തിന് കാണിയെ സ്ക്രീനിൽ ലയിപ്പിക്കാനും കബളിപ്പിക്കാനും എഡിറ്റിങ് അത്യാവശ്യമാണ് താനും. ഒരു കലാകാരന്റെ താളത്തിലും ചടുലതയിലും മലയാള സിനിമകൾക്ക് കത്രികവെച്ച മഹേഷ് നാരായണൻ എഡിറ്റിങ്ങിലെ മികവിലാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയുടെ ഭാവുകത്വം തിരുത്തിയെഴുതിയ പല സിനിമകളെയും പൂർണതയിലേക്കെത്തിച്ചതിൽ ഈ എഡിറ്റർക്ക് വലിയ പങ്കുണ്ട്. പരസ്യചിത്രങ്ങളിലും സജീവമായി ജോലിചെയ്തു. എഡിറ്റിങ്ങിൽനിന്നും തിരക്കഥയിലേക്കും സംവിധാനത്തിലേക്കും പരകായപ്രവേശം നടത്തിയ മഹേഷ് നാരായണൻ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തിളക്കത്തിലാണിപ്പോൾ. ആദ്യ സിനിമയായ ‘ടേക്ക് ഓഫി’ന് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മഹേഷ് ‘അറിയിപ്പി’ലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കിയിരിക്കുന്നു.
കൊച്ചിയിലെ ഫ്ലാറ്റിൽ െവച്ച് നടത്തിയ ഇൗ സംഭാഷണത്തിൽ തന്റെ സിനിമാജീവിതവും സങ്കൽപങ്ങളും രാഷ്ട്രീയ നിലപാടുകളും അദ്ദേഹം പങ്കുവെക്കുന്നു.
തിരുവനന്തപുരം നഗരവും സൗഹൃദങ്ങളുമാണോ മഹേഷ് നാരായണനെന്ന ചലച്ചിത്രപ്രവർത്തകനെ രൂപപ്പെടുത്തുന്നത്?
യൂനിവേഴ്സിറ്റി കോളജിലാണ് ഡിഗ്രിക്ക് പഠിച്ചത്. പഠനകാലത്ത് നഗരത്തിലെ ഫിലിം സൊസൈറ്റികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ ഓരോ മൂലയിലും സിനിമയുണ്ട്. ടാഗോർ തിയറ്ററിലും മ്യൂസിയത്തിലും എല്ലാം സിനിമാ ചർച്ചകളും പ്രദർശനങ്ങളുമൊക്കെ ഉണ്ടാകും. അക്കാലത്ത് സിനിമയെ പിന്തുടരുന്ന നഗരത്തിലെ ചെറുപ്പക്കാർക്കിടയിൽ ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു. തൃശൂർ ഡ്രാമ സ്കൂളിൽ പഠിക്കുന്ന ഒരുപാട് പേർ ഈ കൂട്ടായ്മയിലുൾപ്പെടും. ഒരു ചെറുകിട സെറ്റപ്പിലുള്ള സ്റ്റുഡിയോ എനിക്കുണ്ടായിരുന്നു. എല്ലാവരും അവിടെ വരും, ഇരിക്കും, സംസാരിക്കും, അവരുടെ സിനിമാ സ്വപ്നങ്ങൾ പങ്കുവെക്കും. ക്രമേണ അതൊരു ചെറിയ ഹബായി. ആ കൂട്ടായ്മയിലുള്ള പലരെയും ഇന്ന് നിങ്ങളറിയും. രാജേഷ് പിള്ള, വൈശാഖ്, പ്രമോദ് പയ്യന്നൂർ, ഫിലിം ഫെസ്റ്റിവലിലൊക്കെ സജീവമായിരുന്ന ഷിജി അങ്ങനെ നീളുന്നു ആ സൗഹൃദങ്ങൾ.
ആ സമയത്താണ് കൈരളി ചാനൽ തിരുവനന്തപുരത്ത് തുടങ്ങുന്നത്. പഠനത്തോടൊപ്പംതന്നെ പ്രൊഡക്ഷൻ അസിസ്റ്റന്റായി അവിടെ ജോലി നോക്കി. പി.ടി. കുഞ്ഞുമുഹമ്മദായിരുന്നു ചീഫ് പ്രോഗ്രാം പ്രൊഡ്യൂസർ. മനസ്സിലുണ്ടായിരുന്നത് മുഴുവൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. പക്ഷേ, അത് എളുപ്പമുള്ള കാര്യമായിരുന്നില്ല. കൈരളിയിലുള്ള പലരും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ളവർ ആയിരുന്നു. അവരൊക്കെ ആ മോഹത്തിന് ശക്തി പകർന്നു.
അധികമാരും തിരഞ്ഞെടുക്കാത്ത ഫിലിം എഡിറ്റിങ് പഠിക്കാനാണ് ചെന്നൈയിലേക്ക് പോയത്. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം എങ്ങനെ ഓർക്കുന്നു?
പുണെ, കൊൽക്കത്ത, ചെന്നൈ ഈ മൂന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളേ അന്നുള്ളൂ. അഡ്മിഷനായി പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ അഡയാറിൽ ഫിലിം എഡിറ്റിങ്ങിന് അഡ്മിഷൻ ലഭിച്ചു. ഇന്റർവ്യൂ ബോർഡിൽ ബാലു മഹേന്ദ്രയടക്കമുള്ളവരാണ് ഉണ്ടായിരുന്നത്. എങ്ങനെയാണ് സെലക്ടായത് എന്നറിയില്ല. പക്ഷേ, ഞാൻ തൃപ്തനായിരുന്നില്ല. എന്റെ മനസ്സിലുണ്ടായിരുന്നത് മുഴുവൻ സിനിമാറ്റോഗ്രഫിയായിരുന്നു. അതുകൊണ്ടുതന്നെ എഡിറ്റിങ് പഠിക്കാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പലരുടെയും പ്രേരണയിലാണ് അഡയാറിലേക്ക് പോകുന്നത്. അഡയാർ മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളെപ്പോലെയല്ല, ആർട്ട് സിനിമകളേക്കാളുപരി വാണിജ്യ സിനിമകളെ മുൻനിർത്തിയാണ് കോഴ്സ് പഠിപ്പിക്കുന്നത്. കലയേക്കാളുപരി ഇതുകൊണ്ട് എങ്ങനെ ജീവിക്കാമെന്നാണ് അവിടെ പഠിപ്പിച്ചത്. അഡയാറിലെ സിനിമാറ്റോഗ്രഫി ഡിപ്പാർട്മെന്റ് ലെജൻഡുകളെ ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണ്. രാജീവ് മേനോൻ, പി.സി. ശ്രീറാം അടക്കമുള്ള പൂർവവിദ്യാർഥികളുടെ നീണ്ടനിര അവിടെയുണ്ട്. സിനിമാറ്റോഗ്രഫി അഡ്മിഷന് കടുത്ത മത്സരമാണ് അവിടെ നടക്കുന്നത്. അവിടെ പ്രവേശനം നേടാനാകാത്തത് നഷ്ടബോധമായി മനസ്സിലുണ്ടായിരുന്നു. സിനിമാറ്റോഗ്രഫിയും ഡയറക്ഷനും ആഗ്രഹിച്ച് കിട്ടാത്തവരായിരുന്നു എഡിറ്റിങ് ക്ലാസുകളിൽ ഉണ്ടായിരുന്നവരിൽ കൂടുതലും. എഡിറ്റിങ്ങും സൗണ്ട് മിക്സിങ്ങുമെല്ലാം അന്ന് സിനിമ വിദ്യാർഥികളുടെ മോഹങ്ങളുടെ പിന്നാമ്പുറത്തായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒരു ലോകം തന്നെയായിരുന്നു. ചലച്ചിത്ര മേഖലയുടെ പരിണാമം അടയാളപ്പെടുത്തുന്ന വലിയ സാങ്കേതിക ഉപകരണങ്ങളുടെ ശേഖരവും വിശാലമായ ലാബുമെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവസരം കിട്ടുമ്പോൾ സിനിമാറ്റോഗ്രഫി ക്ലാസുകളും അറ്റൻഡ് ചെയ്തു. അതെല്ലാം വലിയ രീതിയിൽ ഉപകരിച്ചു. നല്ല ഫാക്കൽറ്റീസ് അവിടെ ഉണ്ടായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’യിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മികച്ച തുടക്കമായിരുന്നല്ലോ?
ചെറിയ രീതിയിൽ എഡിറ്റിങ് സ്റ്റുഡിയോ തിരുവനന്തപുരത്ത് തുടങ്ങിയിരുന്നു. സി.എസ്. വെങ്കിടേശ്വരന്റെ മന്ദാകിനി നാരായണനെക്കുറിച്ച ഡോക്യുമെന്ററി (Matha to Ma), സി.ഡിറ്റിന് വേണ്ടിയുള്ള വിഡിയോകൾ എന്നിവയിലെല്ലാം പങ്കാളിയായി. ആ സമയത്താണ് നാഷനൽ യൂത്ത് ഫെസ്റ്റിവലിന് തിരുവനന്തപുരം വേദിയാകുന്നത്. അന്ന് അതൊരു വലിയ ആഘോഷമാണ്. ലെനിൻ രാജേന്ദ്രനാണ് അതിന്റെ കോഓഡിനേറ്റർ. സൗഹൃദവലയത്തിലുള്ള പ്രമോദ് പയ്യന്നൂരാണ് മേളയുടെ സ്റ്റേജ് കോഓഡിനേറ്റർ. പ്രമോദിന്റെ ഇവന്റുകൾക്ക് ഞാൻ അസിസ്റ്റ് ചെയ്തു. അവിടെെവച്ചാണ് ലെനിൻ സാറുമായി പരിചയപ്പെടുന്നത്.
രാത്രിമഴയിൽ നിന്നുള്ള രംഗം
പെട്ടെന്നുതന്നെ നല്ല ബന്ധമായി. അങ്ങനെയാണ് ‘രാത്രിമഴ’യിൽ എത്തുന്നത്. ‘രാത്രിമഴ’ പലകാരണങ്ങളാൽ ഒരുപാട് നീണ്ടുപോയ സിനിമയാണ്. നായകകഥാപാത്രം തന്നെ പലകുറി മാറി. ആദ്യം ഒരു ഡാൻസറായിരുന്നു വന്നത്. പക്ഷേ, അദ്ദേഹത്തെ വെച്ച് മുന്നോട്ടുകൊണ്ടുപോകാനായില്ല. പിന്നീട് പൃഥ്വിരാജ് വന്നു. അതും എന്തോ നടന്നില്ല. അവസാനമാണ് വിനീത് സിനിമയിലേക്ക് എത്തുന്നത്. ബി.എസ്. അജിത്ത്കുമാറായിരുന്നു സിനിമയുടെ ആദ്യത്തെ എഡിറ്റർ. തിരക്കുമൂലം അദ്ദേഹം മാറിയ ശേഷമാണ് ഞാൻ എത്തുന്നത്. ലെനിൻ സാർ എന്നിൽ വിശ്വസിച്ചു. മ്യൂസികിന് വലിയ പ്രാധാന്യമുള്ള ചിത്രം കൈനിറയെ അവാർഡുകൾ നേടി.
പിന്നീട് വി.കെ. പ്രകാശിന്റെ കൂടെയാണ് തുടർച്ചയായ ചിത്രങ്ങൾ ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരീക്ഷണസ്വഭാവമുള്ള ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയില്ലേ?
വി.കെ.പിയെ പരിചയപ്പെടുന്നത് സുഹൃത്തുക്കൾ വഴിയാണ്. അദ്ദേഹം അന്ന് സിനിമയേക്കാൾ പരസ്യചിത്രങ്ങളിലാണ് സജീവം. പൊതുവേ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും വരുന്നവരെക്കുറിച്ച് അന്ന് സിനിമ മേഖലക്ക് പലവിധ മുൻവിധികളുണ്ട്. ഇവനൊരു ബുദ്ധിജീവിയാണ് അല്ലെങ്കിൽ ആർട്ട് ഓറിയന്റാണ് എന്നൊക്കെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ വരുന്നവരെക്കുറിച്ച് പറയുന്നത്. കമേഴ്സ്യൽ സിനിമകളിലേക്ക് അടുപ്പിക്കില്ല. ആ സമയത്താണ് നെറോലാക് കമ്പനിയുടെ ഒരു പരസ്യം കേരളത്തിൽ ഷൂട്ട് ചെയ്യുന്നത്. അതിന്റെ എഡിറ്ററായി കേരളത്തിൽനിന്ന് ഒരാൾ വേണമെന്ന് വന്നതോടെയാണ് ഞാൻ ചേരുന്നത്. വി.കെ.പിയുമായി പെട്ടെന്ന് തന്നെ സിങ്കായി. അദ്ദേഹത്തിന്റെ പരസ്യങ്ങളിൽ സ്ഥിരം എഡിറ്ററായി മാറി. രാജീവ് മേനോനെ പരിചയപ്പെടുന്നതും വി.കെ.പി വഴിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് പരസ്യചിത്രങ്ങളിലും എഡിറ്ററായി. അതോടെ, പരസ്യമേഖലയിൽ ഞാൻ എസ്റ്റാബ്ലിഷ്ഡ് ആയിത്തുടങ്ങി. സത്യത്തിൽ അന്നത്തെ വരുമാനമാർഗം പരസ്യങ്ങളായിരുന്നു. സിനിമയിൽ ചെയ്യുന്നതെല്ലാം ഒരു പാരലൽ സ്വഭാവമുള്ളതായതുകൊണ്ടുതന്നെ വരുമാനം പ്രതീക്ഷിക്കാൻ വയ്യ. അതിന് ആരെയും വിമർശിക്കാൻ കഴിയില്ല. അന്ന് ഇന്നത്തെപ്പോലെ സമാന്തര സിനിമകളും പരീക്ഷണ സിനിമകളൊന്നും വരുമാനമുണ്ടാക്കുന്ന ലെവലിലേക്ക് വളർന്നിട്ടില്ല.
അതിനിടയിൽ ‘ഫിർ കബി’ എന്ന ഹിന്ദി സിനിമ വി.കെ.പി ചെയ്തപ്പോൾ അതിന്റെ ഭാഗമായി. അതും മെയിൻ സ്ട്രീം സിനിമയല്ല, തിയറ്ററിൽ വരാതെ ഡി.വി.ഡിയിലാണ് ആ സിനിമ റിലീസ് ചെയ്തത്. മിഥുൻ ചക്രവർത്തിയും ഡിംപ്ൾ കബാഡിയയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. നടരാജ് സുബ്രഹ്മണ്യൻ, നിതിൻ ദേശായി അടക്കമുള്ള വലിയ ടെക്നീഷ്യൻസ് ആ സിനിമയുടെ ഭാഗമായിരുന്നു. പിന്നീട് വി.കെ.പിയുടെ കൂടെ തുടർച്ചയായ സിനിമകൾ വന്നു. തെലുഗു ചിത്രമായ ‘കാവ്യാസ് ഡയറി’, ‘പോസിറ്റീവ്’, ‘ഗുലുമാൽ’, ‘ത്രീ കിങ്സ്’ എന്നിങ്ങനെ നീളുന്നു അത്. മിനി എച്ച്.ഡി വെച്ചാണ് ‘ഗുലുമാൽ’ സിനിമ ഷൂട്ട് ചെയ്തത്. ലോ ക്വാളിറ്റി കാമറയായതുകൊണ്ടുതന്നെ ഞാനൊക്കെ എതിർത്തിരുന്നു. നല്ല ചാലഞ്ചുണ്ടായിരുന്നു അതിൽ. ഒത്തിരി ഫൂട്ടേജും.
ആർട്ട് സ്വഭാവമുള്ള സിനിമകളിലാണ് തുടങ്ങുന്നതെങ്കിലും പിന്നീട് കാണുന്നത് കമേഴ്സ്യൽ സിനിമകളിലാണ്. ‘പോക്കിരിരാജ’യെപ്പോലെയുള്ള ഒരു കമേഴ്സ്യൽ സിനിമയും ‘മകരമഞ്ഞ്’ പോലെയുള്ള ആർട്ട് സിനിമയും ഒരേസമയം എങ്ങനെയാണ് ബാലൻസ് ചെയ്തത്?
എന്നെ മെയിൻസ്ട്രീം സിനിമയിലേക്ക് എത്തിക്കുന്നത് വൈശാഖാണ്. വൈശാഖിന്റെ ‘പോക്കിരി രാജ’യും ലെനിൻ സാറിന്റെ ‘മകരമഞ്ഞും’ ഒരേ സമയമാണ് ഞാൻ എഡിറ്റ് ചെയ്തുകൊണ്ടിരുന്നത്. സമാന്തര സിനിമക്കാരുടെ കണ്ണുകളിൽ ‘പോക്കിരി രാജ’ തട്ടുപൊളിപ്പൻ സിനിമയാണല്ലോ. ‘മകരമഞ്ഞൊ’ക്കെ ചെയ്തിരുന്ന ഞാൻ ‘പോക്കിരി രാജ’ എഡിറ്റ് ചെയ്യുന്നതിൽ പലർക്കും ആശങ്കയുണ്ടായിരുന്നു. ഞാൻ പറഞ്ഞല്ലോ, പൊതുവേ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും വന്നവരെ ഇത്തരം സിനിമകളുടെ പരിസരത്തേക്ക് അടുപ്പിക്കാത്ത കാലമാണ്. അതുകൊണ്ടുതന്നെ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. എന്റെ വർക്ക് ശരിയായില്ലെങ്കിൽ മറ്റാരെയെങ്കിലും വെക്കാം എന്ന കണ്ടീഷനിൽതന്നെയാണ് ആ സിനിമ തുടങ്ങുന്നത്. എന്റെ വർക്ക് വൈശാഖിനും ഉദയകൃഷ്ണക്കുമെല്ലാം കൺവിൻസിങ് ആയി. ആ സിനിമ വൈശാഖിന് വലിയ ബ്രേക്ക് ആയിരുന്നു. വൈശാഖിന്റെ തുടർന്നുവന്ന ‘സീനിയേഴ്സ്’, ‘മല്ലുസിങ്’, ‘സൗണ്ട് തോമ’, ‘കസിൻസ്’ എന്നിവയുടെയെല്ലാം എഡിറ്റിങ് ഞാൻ തന്നെയായിരുന്നു. റോഷൻ ആൻഡ്രൂസിന്റെ ‘കാസനോവ’, ‘മുംബൈ പൊലീസ്’, ‘ഹൗ ഓൾ ആർ യൂ’, ‘36 വയതിനിലേ’ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി. അങ്ങനെ മെയിൻ സ്ട്രീം എന്ന് വിളിക്കുന്ന സിനിമകളിൽ സ്ഥിരമായി. ഓരോ സംവിധായകനും ഓരോ രീതിയാണ്. ചിലർ ഫസ്റ്റ് കട്ട് മുതൽ നമ്മുടെ കൂടെയിരിക്കും. ലെനിൻ സാറൊക്കെ അങ്ങനെയാണ്. കാരണം, അദ്ദേഹം അത്രയും കുറച്ചാണ് ഷൂട്ട് ചെയ്യുന്നത്. പക്ഷേ, വി.കെ.പിയും വൈശാഖുമെല്ലാം മുഴുവൻ സ്വാതന്ത്ര്യവും തരുന്നവരാണ്. ഫസ്റ്റ് കട്ട് പൂർണമായി നമുക്ക് വിട്ടുതരും.
മലയാളത്തിലെ ന്യൂജനറേഷൻ സിനിമകളുടെ തുടക്കം എന്നു വിളിക്കുന്ന ‘ട്രാഫിക്’, ‘ബ്യൂട്ടിഫുൾ’ പോലെയുള്ള സിനിമകളുടെ കൂടെ സഞ്ചരിച്ചയാളാണ് താങ്കൾ. അന്നത്തെ കാലത്ത് ‘ട്രാഫിക്’ പോലെയുള്ള സിനിമ സംഭവിക്കുന്നത് എങ്ങനെയാണ്?
‘ട്രാഫികി’ന്റെ സംവിധായകൻ രാജേഷ് പിള്ള അടുത്ത സുഹൃത്തായിരുന്നു. നേരത്തേ പറഞ്ഞ തിരുവനന്തപുരം ഫിലിം സർക്കിളിൽനിന്ന് തുടങ്ങിയ ബന്ധമാണത്. 2005ൽ പുറത്തിറങ്ങിയ ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ ആണ് രാജേഷിന്റെ ആദ്യത്തെ സിനിമ. അത് തിയറ്ററിൽ വലിയ പരാജയമായി. ആദ്യ സിനിമ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ടുതന്നെ ‘ട്രാഫിക്’ രാജേഷിന് അതിനിർണായകമായിരുന്നു. ലോകസിനിമകളെ നന്നായി നിരീക്ഷിക്കുന്നയാളാണ് രാജേഷ്. ലോക സിനിമകളുടെ വലിയ ഡി.വി.ഡി കലക്ഷൻ അദ്ദേഹത്തിനുണ്ടായിരുന്നു. ‘ട്രാഫികി’ന്റെ പ്രാരംഭ രൂപം മുതൽ ഞാൻ രാജേഷിന് കൂടെയുണ്ട്. പല പ്രതിസന്ധികളിലൂടെയാണ് അത് ജനിക്കുന്നത്. രാജേഷിനെ വിശ്വസിക്കാൻ പ്രൊഡ്യൂസർമാരൊന്നും തയാറായില്ല. 11 പ്രൊഡ്യൂസർമാർ കൈയൊഴിഞ്ഞുപോയ സിനിമയാണത്. ഏറ്റവും ഒടുവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമാതാവായി എത്തുന്നത്.
വളരെ പ്രായം കുറഞ്ഞ നിർമാതാവിനെ കണ്ടപ്പോൾ കൗതുകമായിരുന്നു. സിനിമ വലിയ ബെഞ്ച്മാർക്കായി. ഇന്ന് മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന പലരും തുടങ്ങുന്നത് ‘ട്രാഫികി’ലാണ്. ഷൈജു ഖാലിദ് സ്വതന്ത്രമായി സിനിമാറ്റോഗ്രഫി ചെയ്ത ആദ്യ സിനിമയാണത്. ജോമോൻ ടി. ജോൺ ഷൈജുവിന്റെ അസിസ്റ്റന്റായിരുന്നു ഇതിൽ. മൊത്തത്തിൽ പുതിയ പിള്ളേരുടെ പടം എന്ന ലേബലോടെയാണ് ‘ട്രാഫിക്’ വരുന്നത്. പലരും വിചാരിക്കുന്നത് ‘ട്രാഫിക്’ എഡിറ്റ് ചെയ്ത് നിർമിച്ച സിനിമയാണെന്നാണ്. പക്ഷേ, എഴുതിവെച്ച, കൃത്യമായി തയാറാക്കിയ സ്ക്രിപ്റ്റിന്റെ ബലത്തിലാണ് അത് സംഭവിക്കുന്നത്. ചെറിയ പാളിച്ചപോലും സിനിമയുടെ താളം നശിപ്പിക്കുമെന്നതിനാൽ തന്നെ അതീവ ശ്രദ്ധയോടെയാണ് എഡിറ്റ് ചെയ്തത്. ഒരു ടീമിന്റെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ‘ട്രാഫിക്’. ഒരുപാട് മനുഷ്യർക്കും മലയാള സിനിമക്കും ഒന്നാകെ അത് ഓക്സിജനായിത്തീർന്നു.
എഡിറ്റിങ് ഒരു അദൃശ്യകലയാണ്, അതുപോലെ അത് താങ്ക് ലെസ് ജോബ് കൂടിയല്ലേ. സിനിമ നന്നാകുമ്പോൾ എഡിറ്ററെ പരാമർശിക്കുകപോലും ചെയ്യാറില്ല എന്ന് പല എഡിറ്റർമാരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്?
ശരിയാണ്. പക്ഷേ സോഷ്യൽ മീഡിയയുടെ വരവോടെ മാറിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ റിവ്യൂകളുടെ കാലമാണല്ലോ, പലരും ഈ സിനിമയിലെ എഡിറ്റിങ് നന്നായില്ല, ലാഗ് ഫീൽ ചെയ്യുന്നുണ്ട് എന്നൊക്കെ പറയാറുണ്ട്. ഗുണമായാലും ദോഷമായാലും എഡിറ്റർമാരെ ശ്രദ്ധിക്കുകയെങ്കിലും ചെയ്യുന്നുവെന്ന സന്തോഷമുണ്ട്.
മലയാളത്തിൽ സജീവമായി തുടരുന്ന സമയത്തുതന്നെയാണ് തമിഴിൽ ‘വിശ്വരൂപ’ത്തിലേക്ക് എത്തുന്നത്. ലോകോത്തര ടെക്നീഷ്യൻസ് അണിനിരക്കുന്ന ഒരു സിനിമയിലേക്ക് എങ്ങനെ എത്തി?
‘ട്രാഫിക്’ കമൽ ഹാസന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥാകൃത്തായ സഞ്ജയുമായി സ്ക്രിപ്റ്റ് ചർച്ചകൾ വരെ അദ്ദേഹം നടത്തി. അങ്ങനെയാണ് കൊച്ചിയിൽ നടക്കുന്ന ‘ട്രാഫികി’ന്റെ നൂറാം ദിവസത്തെ ആഘോഷത്തിലേക്ക് അദ്ദേഹം വരുന്നത്. ഏറ്റെടുത്ത ഒരുപാട് വർക്കുകൾ പൂർത്തിയാക്കേണ്ടതിനാൽ ചടങ്ങിന് അവസാന നിമിഷമാണ് ഞാൻ എത്തിച്ചേരുന്നത്. ‘ട്രാഫികി’ന്റെ ഭാഗമായ എല്ലാവർക്കും വേദിയിൽ അവാർഡ് നൽകുന്ന ചടങ്ങുണ്ടായിരുന്നു. ആക്ടേഴ്സിന് അവാർഡ് നൽകാനാണ് കമൽ സാറിനെ നിശ്ചയിച്ചിരുന്നത്. പക്ഷേ ചടങ്ങിലേക്ക് അവസാനം എത്തിയതുകൊണ്ട് അദ്ദേഹം അവാർഡ് നൽകുന്നവരിൽ ഞാനും ഉൾപ്പെട്ടു. അവാർഡ് കൈമാറവെ തമിഴിലേക്ക് വരാൻ താൽപര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഞാനത് അത്ര കാര്യമായി എടുത്തില്ലെങ്കിലും അഡയാറിൽ പഠിച്ച കാര്യവും തമിഴ് സിനിമക്ക് വർക്ക് ചെയ്യാനുള്ള ആഗ്രഹവും പങ്കുവെച്ചു. അദ്ദേഹം ബന്ധപ്പെടാമെന്ന് പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞ് സഞ്ജയ് എന്നെ വിളിച്ച് കമൽ സാർ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞു. ചെന്നൈയിലേക്ക് വണ്ടി കയറി. ഞാൻ എത്തുമ്പോഴേക്ക് ‘വിശ്വരൂപം’ ഷൂട്ട് തുടങ്ങിയിരുന്നു.
ചിത്രത്തിന്റെ കാമറ ചെയ്യുന്ന സാനു വർഗീസ് പരസ്യങ്ങളിൽ ഒരുമിച്ച് വർക്ക് ചെയ്തയാളാണ്. പരസ്യമേഖലയിൽ പരിചയമുള്ള ടെക്നീഷ്യൻസ് അവിടെ വേറെയുമുണ്ടായിരുന്നു. ‘വിശ്വരൂപം’ എല്ലാ അർഥത്തിലും പുതിയ അനുഭവമായിരുന്നു. ഒരു കോർപറേറ്റ് സെറ്റപ്പിലുള്ള കരാറൊപ്പിടലും നിയമനടപടികളുമൊക്കെ ആദ്യമായി കാണുന്നത് അവിടെയാണ്. ‘വിശ്വരൂപം’ ഒരേസമയം തന്നെ പല ഭാഷകളിൽ ഷൂട്ട് ചെയ്തിരുന്നു. അതും പുതിയ എക്സ്പീരിയൻസ് നൽകി. മലയാളത്തിൽ തിരക്കുള്ള കാലമാണ്. പക്ഷേ, കമൽ സാറിന് വേണ്ടത് ഒരു മുഴുവൻ സമയ എഡിറ്ററെയാണ് പക്ഷേ, എനിക്കതിന് വലിയ ബുദ്ധിമുട്ടുണ്ട്. ‘കാസനോവ’ അടക്കമുള്ള വലിയ േപ്രാജക്ടുകൾ മലയാളത്തിലും തീർക്കാനുണ്ട്. ചെന്നൈയിലും കൊച്ചിയിലും മാറി മാറി വന്നാണ് എഡിറ്റിങ് നടത്തിയിരുന്നത്. എന്റെ ഒരു ടീം ‘വിശ്വരൂപ’ത്തിനൊപ്പമുണ്ടായിരുന്നു. ‘വിശ്വരൂപ’ത്തിൽ ഫുൾ കമ്മിറ്റഡ് ആയതിനാൽ ‘ഉസ്താദ് ഹോട്ടൽ’ അടക്കമുള്ള പല പടങ്ങളും ചെയ്യാൻ കഴിഞ്ഞില്ല.
തിരക്കഥ, കഥ, നിർമാണം, അഭിനയം എന്നിവയെല്ലാം അദ്ദേഹം നിർവഹിക്കുന്ന ഒരു ‘കംപ്ലീറ്റ് കമൽഹാസൻ’ സിനിമ നൽകുന്ന അനുഭവം എങ്ങനെയായിരുന്നു?
എന്റെ ജോലി അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ, അല്ലെങ്കിൽ അദ്ദേഹം ഉദ്ദേശിച്ച ലെവലിലേക്ക് എത്താൻ ആകുന്നുണ്ടോ എന്നെല്ലാമുള്ള വലിയ സംശയം ഉള്ളിലുണ്ടായിരുന്നു. ഞാൻ കമൽഹാസനാണെന്ന് കരുതി എന്നെ കൂടുതൽ സമയം സ്ക്രീനിൽ കാണിക്കുന്ന വിധം എഡിറ്റ് ചെയ്യേണ്ട എന്നദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. അതെനിക്ക് വലിയ ആത്മവിശ്വാസം നൽകി. മലയാളത്തിന് പുറത്ത് ജോലി ചെയ്യുമ്പോൾ നേരെ തിരിച്ചാണ് പലപ്പോഴും അനുഭവം. സ്വന്തം സിനിമയെക്കുറിച്ചും സിനിമയുടെ സാങ്കേതിക മേഖലകളെക്കുറിച്ചും അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ട്. ഇന്ത്യയിൽ ആദ്യമായി റെഡ് വൺ കാമറ വാങ്ങിയയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രഫഷനലിസത്തിന് വേറെയും ഉദാഹരണങ്ങളുണ്ട്. ‘വിശ്വരൂപ’ത്തിലെ ഒരു ഫൈറ്റ് സീൻ ആ സമയത്തെ പതിവ് തമിഴ് സിനിമകളുടെ രീതിയിലാണ് എഡിറ്റ് ചെയ്തത്. അത് കണ്ടയുടനെ അദ്ദേഹം എന്നെ വിളിപ്പിച്ചു. അൽപം ഗൗരവത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. കോടമ്പാക്കം രീതിയിൽ എഡിറ്റ് ചെയ്യാനാണെങ്കിൽ തമിഴ് സിനിമയിൽ തന്നെ ഒരുപാട് പേരുണ്ട്. അതിന് നിങ്ങളെ ആവശ്യമില്ല എന്നദ്ദേഹം പറഞ്ഞു. തുടർന്ന് ആ സീൻ റീസ്ട്രെക്ച്ചർ ചെയ്യുകയായിരുന്നു. അത് അദ്ദേഹത്തിന് വലിയ രീതിയിൽ ഇഷ്ടമായി. അദ്ദേഹവുമായി മികച്ചബന്ധം രൂപപ്പെടുന്നതും അവിടെവെച്ചാണ്.
‘വിശ്വരൂപം’ പോലെയുള്ള ഒരു വലിയ ചിത്രത്തിൽ ജോലി ചെയ്തതാണോ ‘ടേക്ക് ഓഫ്’ പോലെയുള്ള സിനിമ നിർമിക്കാൻ ആത്മവിശ്വാസം നൽകിയത്?
‘വിശ്വരൂപ’ത്തിലെ എക്സ്പീരിയൻസ് ‘ടേക്ക് ഓഫി’ന് സ്വാധീനം നൽകിയിട്ടുണ്ടാകാം. പക്ഷേ, അതുകൊണ്ട് മാത്രമാണെന്ന് പറയാൻ കഴിയില്ല. സിനിമകളിൽ തുടർച്ചയായി ഭാഗമായതുകൊണ്ടുതന്നെ എറണാകുളത്തും ഒരു വലിയ ഫിലിം സർക്കിൾ രൂപപ്പെട്ടിരുന്നു. സംവിധായകരും ആർട്ടിസ്റ്റുകളുമൊക്കെ ഇതിൽ ഉൾപ്പെടും. ‘നത്തോലി ഒരു ചെറിയ മീനല്ല’ മുതൽ ഫഹദ് ഫാസിലുമായി മികച്ച സൗഹൃദമുണ്ട്. ഫഹദാണ് ഒരു സിനിമ സംവിധാനം ചെയ്തുകൂടേ എന്നുചോദിച്ചത്. പക്ഷേ ഞാൻ സംവിധാനം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ആരെഴുതും എന്നായി ചോദ്യം. എഴുതാൻ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. മാത്രമല്ല, സമയത്തിന്റെ പ്രശ്നങ്ങളുമുണ്ട്. എഡിറ്റിങ് ജോലി ലൂപ്പ് പോലെയാണ്. ഒരേസമയം തന്നെ പല സിനിമകൾ ചെയ്യുന്നുണ്ടാകും. ഓരോന്നും തീരുമ്പോഴേക്കും മാലപോലെ അടുത്തതു വരും. എഴുതാനുള്ള സമയമൊന്നും കിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ഇടവേള ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ‘വിശ്വരൂപ’ത്തിനായി ഫുൾ എൻഗേജ്ഡ് ആയതോടെ മറ്റു സിനിമകളിൽനിന്നും ഞാൻ പിന്മാറിയിരുന്നു. ഇത് അൽപം ആശ്വാസമായി. ആ ഇടവേളയിലാണ് രാജേഷ് പിള്ളയുടെ ‘മിലി’ക്ക് തിരക്കഥ എഴുതുന്നത്. ആദ്യം പാർവതിയെ മനസ്സിൽ കണ്ടാണ് എഴുതിയത്. പിന്നീടാണ് അമല പോൾ വരുന്നത്. മിലി കഴിഞ്ഞതോടെ സിനിമ എഴുതാമെന്ന ആത്മവിശ്വാസം കൈവന്നു.
വലിയ മൂലധനം കണ്ടെത്തേണ്ട, ഒരുപാട് സന്നാഹങ്ങൾ ആവശ്യമുള്ള ‘ടേക്ക് ഓഫി’ന്റെ കഥയിലേക്ക് എങ്ങനെയാണ് എത്തുന്നത്?
എനിക്ക് ഒരു ജേണലിസ്റ്റ് സുഹൃത്തുണ്ട്. അവർ ഡിവോഴ്സ്ഡ് ആണ്. പക്ഷേ ആ ബന്ധത്തിൽ ഒരു മകനുണ്ട്. ഇവർ ഭർത്താവുമായി പിരിഞ്ഞത് ഈ കുട്ടിക്ക് അറിയില്ല. പിന്നീട് ഇവർ മറ്റൊരാളുമായി ലിവിൻ റിലേഷനിലാകുകയും ഗർഭിണിയാകുകയും ചെയ്തു. പക്ഷേ, ഇവർക്ക് ആ കുട്ടിയെ ഇതറിയിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. കുട്ടിക്ക് മുന്നിൽ ഗർഭിണിയാണെന്നത് അറിയിക്കാതിരിക്കാൻ ചുരിദാർ പൈജാമ ടൈറ്റായി കെട്ടുമായിരുന്നു. ഇതെല്ലാം കണ്ടപ്പോൾ എനിക്ക് വലിയ വേദന തോന്നി. ആ ചിത്രം എന്റെ മനസ്സിൽ കിടന്നിരുന്നു. പാർവതിയുമായി ഈ കഥ സംസാരിക്കുകയും ചെയ്തിരുന്നു.
ഇതേസമയത്താണ് രാജേഷ് പിള്ള മരണത്തിന് കീഴടങ്ങുന്നത്. രാജേഷിന്റെ അപ്രതീക്ഷിത മരണം ഞങ്ങൾ എല്ലാവർക്കും ഷോക്ക് ആയി. രാജേഷ് സ്വന്തം മെഡിക്കൽ കണ്ടീഷനെക്കുറിച്ച് ബോധവാനായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ചികിത്സ പേടിയായിരുന്നു. അമിതവണ്ണമൊക്കെയാകാം കാരണം. സത്യത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നത് നോൺ ആൽക്കഹോളിക് ലിവർ സിറോസിസാണ്. പക്ഷേ, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് തെറ്റായാണ് പല വാർത്തകളും വന്നത്. അദ്ദേഹത്തിന്റെ അമ്മക്കും സമാന സ്വഭാവമുള്ള അസുഖമുണ്ടായിരുന്നു. അത്തരം അവസ്ഥക്കിടയിൽനിന്നാണ് അദ്ദേഹം ‘വേട്ട’ ഷൂട്ട് ചെയ്യുന്നത്. രാജേഷ് പിള്ള ഫിലിംസിന്റെ ബാനറിലാണ് വേട്ട പൂർത്തിയാക്കിയത്. രാജേഷിന്റെ മരണത്തിന് ശേഷമാണ് സിനിമ റിലീസാകുന്നത്. മരണത്തോടെ അദ്ദേഹത്തിന്റെ ഫിലിം ഹൗസ് നിന്നുപോകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് രാജേഷുമായി സഹകരിച്ച എല്ലാവരെയും ചേർത്ത് ഒരു സിനിമ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനെ പിന്താങ്ങാൻ ആന്റോ ജോസഫ് വന്നത് വലിയ എനർജിയായി. പൊതുവേ ഇത്തരം ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിൽ പലർക്കും തുണയായി എത്തുന്നയാളാണ് അദ്ദേഹം.
ഇറാഖിൽനിന്നും തിരിച്ചെത്തിയ നഴ്സുമാരുടെ ജീവിതം എങ്ങനെയാണ് ഇതിനോട് ചേരുന്നത്?
രാജേഷിന്റെ പേരിൽ വരുന്ന സിനിമ ഓർത്തിരിക്കാവുന്ന ഒന്നാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. മാത്രമല്ല, അത് മെയിൻ സ്ട്രീം സിനിമയാകണമെന്നും കരുതി. കഥക്കായുള്ള റിസർച്ചുകൾ നടത്തുന്നതിനിടയിലാണ് ഇറാഖിൽനിന്നും തിരിച്ചെത്തിയ നഴ്സുമാരുടെ കഥ സിനിമയാക്കാമെന്ന ചിന്തയുണ്ടാകുന്നത്. അതിലുൾപ്പെട്ട നഴ്സുമാരിൽ പലരെയും ഞാനും എഴുത്തുകാരൻ പി.വി. ഷാജികുമാറും നേരിൽ കണ്ടു. ഇവരുടെ അനുഭവങ്ങളിൽ ഫിക്ഷൻ കൂടിച്ചേർത്താൽ വലിയ സിനിമക്കുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. ‘വിശ്വരൂപ’ത്തിന്റെ കാമറ ചെയ്ത സാനു വർഗീസുമായി സംസാരിച്ചപ്പോൾ അദ്ദേഹവും ഒാകെ പറഞ്ഞു. കുഞ്ചാക്കോ ബോബനും പാർവതിയുമെല്ലാം സിനിമയുടെ ഭാഗമായി അതിനോടകം തന്നെ മാറിയിരുന്നു. പക്ഷേ, വിചാരിച്ചപോലെ സ്ക്രീനിൽ എത്തിക്കണമെങ്കിൽ വലിയ ബജറ്റ് വേണം. അങ്ങനെയാണ് മാർക്കറ്റിങ് സാധ്യതകൂടി മുന്നിൽകണ്ട് ഫഹദിനെ സിനിമയിലേക്ക് വിളിക്കുന്നത്. ഫഹദ് വളരെ തിരക്കിലുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഫഹദ് അഭിനയിക്കുന്ന ൈക്ലമാക്സ് സീനുകളാണ് ആദ്യം എടുത്തത്. കേരളം, ഹൈദരാബാദ്, റാസൽഖൈമ എന്നിവിടങ്ങളിലായാണ് സിനിമ ഷൂട്ട് ചെയ്തത്. 50 ദിവസത്തിൽ താഴെ മാത്രമാണ് ‘ടേക്ക് ഓഫി’ന്റെ ഷൂട്ടിങ് നീണ്ടത്. പലർക്കും അത് അത്ഭുതമായിരുന്നു.
മഹേഷ് നാരയണൻ പാർവതിക്കൊപ്പം ഐ.എഫ്.എഫ്.ഐ വേദിയിൽ
മുസ്ലിം ഭാഷ, വേഷം തുടങ്ങിയവയിൽ സ്റ്റീരിയോടൈപ്പുകൾ സിനിമ തള്ളിക്കളയുന്നുണ്ട്. പക്ഷേ, മെറീന സമീറയായതും ഐ.എസിലെ മലയാളി സാന്നിധ്യവും ഉൾപ്പെടെ യഥാർഥ സംഭവങ്ങളുമായി വലിയ പൊരുത്തക്കേടുകൾ സിനിമയിലില്ലേ...
കഥയിലെ സമീറയും ജീവിതത്തിലെ മെറീനയും തമ്മിൽ ഒരു ബന്ധവുമില്ല. സമീറയെ സിനിമക്കുവേണ്ടി സൃഷ്ടിച്ചതാണ്. ഞാൻ നേരത്തേ പറഞ്ഞ ജേണലിസ്റ്റ് സുഹൃത്തിന്റെ അനുഭവവും സമീറയെന്ന കഥാപാത്രത്തിൽ ചേർത്തിട്ടുണ്ട്. സത്യത്തിൽ യഥാർഥ സംഭവത്തിൽ മുസ്ലിംകളായ നഴ്സുമാർ ആരും ഇല്ല. ആ വിമർശനം സത്യമാണ്. പക്ഷേ, നിങ്ങളൊരു കാര്യം മനസ്സിലാക്കണം. സിനിമ അഡ്രസ് ചെയ്യുന്നത് മുസ്ലിം തീവ്രവാദമായതുകൊണ്ടുതന്നെ അതിനെ കൗണ്ടർ ചെയ്യാനും ആ വിഭാഗത്തിൽ തന്നെയുള്ളവരെ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഏതൊരു ആശയത്തിലും വ്യത്യസ്തമായ വായനകൾ ഉണ്ടാകുമല്ലോ? അതുകൊണ്ട് കൂടിയാണ് അങ്ങനെ ചെയ്തത്. അതല്ലെങ്കിൽ മറ്റു പലരീതിയിലും വ്യാഖ്യാനിക്കപ്പെടും. സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും വിമർശനങ്ങൾ ഉയർന്നത് സൗദി അറേബ്യയിൽനിന്നാണ്. സൗദിയിൽ ജോലിചെയ്യുന്ന ഒരുപാട് പേർ വിളിച്ചിരുന്നു. പലരും വൈകാരികമായാണ് പ്രതികരിച്ചത്. പ്രത്യേകിച്ചും അവിടെ സ്വദേശിവത്കരണം നടക്കുന്ന കാലമായതിനാൽതന്നെ ആളുകൾക്ക് പലതരം ആശങ്കകളുണ്ടായി. സൗദിയിൽനിന്നും എനിക്കെതിരെ ഒരുസംഘം ഫത്വ പുറപ്പെടുവിക്കുന്ന സാഹചര്യമുണ്ടായി. മിഡിലീസ്റ്റിൽ പലയിടത്തും സിനിമക്ക് സെൻസർ ഏർപ്പെടുത്തി. പലയിടത്തും സിനിമ അവസാന നിമിഷം തിയറ്ററിൽനിന്നും പിൻവലിക്കപ്പെട്ട സാഹചര്യമുണ്ടായി. പക്ഷേ മിഡിലീസ്റ്റിൽനിന്നും സിനിമ വലിയ കലക്ഷൻ നേടിയിട്ടുണ്ട്.
സിനിമയുടെ ഭാഗമായി ഒരുപാട് ഗവേഷണങ്ങൾ നടത്തിയിരുന്നു. എൻ.ഐ.എയിൽനിന്നും പല ഉദ്യോഗസ്ഥരും സഹായിച്ചു. പലതും പുറത്തുപറയാൻ ബുദ്ധിമുട്ടുണ്ട്. സത്യത്തിൽ ആ സംഭവം നടക്കുമ്പോൾ ഐ.എസിൽ മലയാളി സാന്നിധ്യമുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ല. യു.പിയിലെ കല്യാണിൽനിന്നുമുള്ള ഒരാൾമാത്രമാണ് ഐ.എസിൽ ചേർന്നു എന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുണ്ടായിരുന്നത്. പിന്നെ നഴ്സുമാരുമായി സംസാരിച്ചപ്പോൾ മൂസിലിൽ ഇവർ ട്രീറ്റ് ചെയ്തവരിൽ ഒരു ഇന്ത്യക്കാരൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അയാൾ മലയാളം സംസാരിച്ചിരുന്നോ എന്ന സംശയവും അവർ പങ്കുവെച്ചു. സംശയം മാത്രമായിരിക്കാം. ഈ സംഭവമാണ് സിനിമയിൽ ചേർത്തത്. ഇത് ചേർക്കണമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടത്തി. അതിനുശേഷം തന്നെയാണ് ഉൾപ്പെടുത്തുന്നത്. പക്ഷേ, ആ മലയാളിയെ കാണിക്കുമ്പോൾ തന്നെ അതിനെതിരെയുള്ള ഒരു കൗണ്ടർ പോയന്റും സിനിമയിൽ കാണിക്കുന്നുണ്ട്. അത് കാണാതെ പോകരുത്.
സിനിമയിൽ സൗദി അറേബ്യയെയും ഒരു വ്യവസായിയെയും ബന്ധപ്പെടുത്തി കാണിക്കുന്ന സീൻ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു, ആ രംഗത്തിൽ വലിയ അവ്യക്തതകളുണ്ട്?
നഴ്സുമാരുടെ മോചനത്തിനായുള്ള നെഗോസിയേഷൻ നടന്നിരിക്കുന്നത് സൗദി അറേബ്യയിലാണ്. അത് ഭരണതലത്തിൽ നടക്കപ്പെട്ട ഒന്നല്ല. ഒരു പ്രമുഖ വ്യവസായി അതിലുണ്ട്. അദ്ദേഹവുമായി ഞാൻ സംസാരിച്ചിട്ടുമുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡിൽ എം.എ. യൂസുഫലിക്ക് നന്ദിയർപ്പിച്ചതുകൊണ്ട് പലരും അദ്ദേഹമാണെന്ന് തെറ്റിദ്ധരിച്ചു. അദ്ദേഹമല്ല, അത്. ആ വ്യവസായിയുടെ പേര് ഞാൻ പറയുന്നില്ല. അദ്ദേഹം അത് വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തോടെ ചെയ്തതാണ്.
നഴ്സുമാരുടെ മോചനത്തിനായി ഭരണകൂട തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമായില്ല എന്നാണോ..?
ഐ.എസ് പോലുള്ള പ്രാകൃത സ്വഭാവമുള്ള ഒരു സംഘവുമായുള്ള നയതന്ത്രജ്ഞ നീക്കങ്ങൾ എത്രത്തോളം ഫലം കാണുമെന്നത് ഊഹിക്കാമല്ലോ. ഭരണകൂടത്തിന് അപ്പുറത്ത് ഒരു വ്യക്തിയുടെ ശക്തമായ ഇടപെടലുകൾ അതിലുണ്ട്. ഭരണകൂടത്തിൽനിന്നും ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വലിയ ഇടപെടലുകൾക്ക് ശ്രമിച്ചിരുന്നു. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായ ഇരുവരും തമ്മിൽ വലിയ കമ്യൂണിക്കേഷൻ നടന്നു. പാതിരാത്രികളിൽ വരെ ഇവർ ഇടപെട്ടിരുന്നു.
പാർവതിയും കുഞ്ചാക്കോ ബോബനും ടേക്ക് ഓഫിൽ
ഇന്ത്യ ഇതേസമയം നടത്തിയ റെസ്ക്യൂ മിഷനുകളിൽ എത്രയെണ്ണം ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടെന്ന് കൂടി ഓർക്കണം. ആ സമയത്ത് ഐ.എസ് പിടിയിലായ പഞ്ചാബികൾ നേരത്തേ മരിച്ചിരുന്നുവെന്ന് എനിക്ക് വിവരം കിട്ടിയിരുന്നു. പക്ഷേ, സർക്കാർ ആ വിവരം പുറത്തുവിട്ടില്ല. പല ഇലക്ഷനുകൾക്കും ശേഷമാണ് മരണം റിവീൽ ചെയ്തത്. ഈ സംഭവത്തിൽ ഭരണകൂടത്തിനപ്പുറത്ത് വലിയ ഇടപെടൽ നടന്നുവെന്നതിന് തെളിവല്ലേ ഇത്.
ഇറാനിലെ ഫിലിം ഫെസ്റ്റിവലിലടക്കം ‘ടേക്ക് ഓഫ്’ പ്രദർശിപ്പിച്ചിരുന്നുവെന്ന് താങ്കൾ പറഞ്ഞിരുന്നു. സത്യത്തിൽ ഇറാൻ സിനിമയോട് പോസിറ്റിവ് സമീപനം സ്വീകരിച്ചത് അവരുടെ രാഷ്ട്രീയ നയത്തിന്റെകൂടി ഭാഗമല്ലേ?
ഒരുപക്ഷേ ആവാം. സിനിമയിൽ ഇസ്ലാമോഫോബിയയുണ്ടെങ്കിൽ ഇറാനിലുള്ളവർ അത് പ്രോത്സാഹിപ്പിക്കില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്. നോക്കൂ, ‘ടേക്ക് ഓഫ്’ പൂർണമായും യഥാർഥ സംഭവങ്ങളുടെ ചിത്രീകരണമാണെന്ന് ഞാൻ പറയുന്നില്ല. ആ ടൈംലൈൻ മാത്രമാണ് യൂസ് ചെയ്തത്. എനിക്ക് പറയണമെന്നുള്ള ചില കാര്യങ്ങൾകൂടി പറഞ്ഞു എന്നേയുള്ളൂ.
ടേക്ക് ഓഫിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി തന്നെ സിനിമയിലെ ഇസ്ലാമോഫോബിയയെ പരാമർശിച്ചത് വിമർശനങ്ങൾക്ക് സാധുത നൽകിയോ?
പാർവതിക്കുള്ള മറുപടി ഞാൻ പറഞ്ഞു കഴിഞ്ഞതാണ്. എക്സ്ട്രീമിസത്തെ ഹിന്ദുവിഭാഗത്തിൽനിന്നുള്ളതാണെങ്കിലും മുസ്ലിംകൾക്കിടയിൽനിന്നുള്ളതാണെങ്കിലും ഞാനതിനെ എതിർക്കുന്നു. ഇത് രണ്ടും ഒരേ തുലാസിലാണ് ഞാൻ തൂക്കുന്നത്. ഒന്ന് മറ്റൊന്നിനെ വളർത്തുകയാണ്. ഇറാനടക്കമുള്ള ഒരുപാട് രാജ്യങ്ങളിൽനിന്നുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. ഫിലിം മേക്കേഴ്സും സാധാരണക്കാരും എല്ലാം അടക്കം. അവരാരും അങ്ങനൊരു ഇസ്ലാമോഫോബിയയെക്കുറിച്ച് എന്നോട് പറഞ്ഞതേയില്ല.
‘മാലിക്കും’ സമാനമായ വിമർശനങ്ങൾ കേട്ടില്ലേ... ബീമാപള്ളി വെടിവെപ്പിൽനിന്നും ഒരുപാട് അകലെയുള്ള കാര്യങ്ങളല്ലേ സിനിമയിൽ അവതരിപ്പിച്ചത്...
നിങ്ങൾ ബീമാപള്ളിയിലെ വെടിവെപ്പിലേക്ക് സിനിമയെ ബന്ധിപ്പിക്കുമ്പോഴും ഞാൻ അങ്ങനെ പറയുന്നില്ല. ബീമാപള്ളി മാത്രമല്ല, കേരളത്തിലെ ഒരുപാട് രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ സിനിമയിലുണ്ട്. മാറാടും പൂന്തുറ വെടിവെപ്പും എല്ലാം സിനിമയിലുണ്ട്. സിനിമ റിലീസായ സമയത്ത് ഒരുപാട് ചർച്ചകൾക്ക് എന്നെ വിളിച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചാണ് ചോദിക്കാനുള്ളതെങ്കിൽ അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനെയോ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണനെയോ വിളിക്കൂ എന്നാണ്. എനിക്ക് സംസാരിക്കാനുള്ളത് എന്റെ സിനിമയെക്കുറിച്ച് മാത്രമാണ്.
പക്ഷേ, ബീമാപള്ളി വെടിവെപ്പിനോട് സിനിമക്ക് വലിയ സാദൃശ്യമുണ്ട്. അത് നിഷേധിക്കാൻ കഴിയില്ലല്ലോ?
ഒരു കലാകാരൻ ചെയ്യുന്നത് ചുറ്റുപാടിൽനിന്നും കഥയുണ്ടാക്കുകയാണ്. അതിനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്. ഞാൻ സത്യമാണ് പറയുന്നത് എന്നുപറഞ്ഞല്ല സിനിമ ചെയ്യുന്നത്. എന്തായാലും സിനിമ വന്നപ്പോൾ ജനം ബീമാപള്ളിയെക്കുറിച്ചും അവിടെ നടന്ന ഒരു വെടിവെപ്പിനെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയല്ലോ. അതിൽ ഞാൻ സന്തോഷിക്കുന്നു. പി.ഡി.പിയുടെ നേതൃത്വത്തിൽ ബീമാപള്ളിയിൽ എന്റെ കോലം കത്തിച്ചെന്ന് കേട്ടു. ബീമാപള്ളിയിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരിപ്പോഴും സുഹൃത്തുക്കൾതന്നെയാണ്.
തിരുവനന്തപുരത്ത് എം.എൽ.എ ഉള്ള മുസ്ലിം പാർട്ടിയെ സിനിമയിൽ േപ്ലസ് ചെയ്തതിലും പ്രശ്നമില്ലേ? ലത്തീൻ കത്തോലിക്ക വിഭാഗത്തെ ചിത്രീകരിച്ചതിലും പ്രശ്നമുണ്ടെന്ന് വിമർശനങ്ങളുയർന്നല്ലോ?
പലരും അത് മുസ്ലിം ലീഗിന്റെ പച്ചക്കൊടിയാണെന്ന് പറയുന്നു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് മാത്രമല്ലല്ലോ പച്ചക്കൊടിയുള്ളത്. സിനിമ നടക്കുന്ന ടൈം ലൈൻ യഥാർഥത്തിൽ ബീമാപള്ളി വെടിവെപ്പ് കാലത്തല്ല നടക്കുന്നത്. പലരീതിയിൽ വിമർശനങ്ങൾ സിനിമക്ക് നേരെ വന്നു. പലരും അവരുടെ വീക്ഷണങ്ങൾക്കനുസരിച്ച് എന്നെ കമ്മിയും സംഘിയും സുഡാപ്പിയുമെല്ലാമാക്കി. ഞാനൊരു മനുഷ്യൻ മാത്രമാണ്.
‘മാലിക്’ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിനൊപ്പം
അടിസ്ഥാനപരമായി സിനിമ പറയുന്നത് ഭരണകൂട ഭീകരത തന്നെയല്ലേ?
തീർച്ചയായും. ആ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് ഒരു കലാപവും തുടങ്ങുന്നത് വർഗീയമായല്ല എന്നാണ്. അങ്ങനെ മാറ്റിത്തീർക്കുകയാണ്. ‘മാലിക്’ എന്നതിന് ഉടമസ്ഥൻ എന്ന അർഥം കൂടിയുണ്ട്. ഞാൻ ഭൂമിയുടെ ഉടമസ്ഥരെക്കുറിച്ചാണ് സംസാരിക്കാൻ ശ്രമിച്ചത്. ഞാനും തിരുവനന്തപുരത്തെ തീരദേശത്തുള്ളവനാണ്. സ്കൂൾ കാലഘട്ടം മുതൽ കാണുന്ന ദേശമാണത്. 1994 മുതലാണ് തീരദേശത്ത് ഒരു വലിയ പ്രൊജക്ട് ആരംഭിക്കുന്നത്. സിനിമയിൽ ആ പദ്ധതിയുടെ വളർച്ച ഞാൻ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആ കോർപറേറ്റ് ഭീമനെക്കുറിച്ചും തീരദേശത്തുനിന്നും കുടിയിറക്കപ്പെട്ടവരെക്കുറിച്ചും ഒരു ചർച്ചയുമില്ല. എല്ലാ ചർച്ചകളും ബീമാപള്ളിയിലേക്ക് ഒതുക്കി. കോർപറേറ്റുകൾക്കെതിരെ സംസാരിക്കാൻ ആരുമില്ല. ഞാൻ അദാനിയെക്കുറിച്ചുതന്നെയാണ് പറയുന്നത്. ഒരു ചാനലും ആ വിഷയം ഏറ്റെടുക്കുന്നില്ല. മറക്കാനുള്ള ശേഷി മാധ്യമങ്ങൾക്കുണ്ട്. അതുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ചത് ഒരു ചാനൽ കട്ട് ചെയ്താണ് സംപ്രേഷണംചെയ്തത്. നിങ്ങൾ ഈ ബോധ്യത്തോടെ ആ സിനിമ ഒന്നുകൂടി കാണൂ. പുതിയ ഉത്തരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഈ പദ്ധതിയുടെ വരവിനുശേഷം തീരദേശത്ത് ചെറുതും വലുതുമായ ഒരുപാട് കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. കുടിയിറക്കങ്ങളുമുണ്ടായി.
കലാപങ്ങൾക്ക് പിന്നിൽ കോർപറേറ്റുകളാെണന്നാണോ പറയുന്നത്?
എല്ലാം അങ്ങനെയാണെന്നല്ല. പക്ഷേ, അതുണ്ട്. ഗുജറാത്തിലും ലക്ഷദ്വീപ് വിഷയത്തിലും എല്ലാം കോർപറേറ്റ് താൽപര്യങ്ങളുണ്ട്. ഒഴിഞ്ഞുപോകുന്ന മനുഷ്യരെയും തീരദേശ ജനതയെയും നമ്മൾ കാണുന്നേയില്ല. സൂനാമി, ഓഖി... അങ്ങനെ പലപേരിൽ തീരദേശത്തെ പലരെയും നാം മാറ്റിയിട്ടുണ്ട്. അവർക്ക് വേറെ കോൺക്രീറ്റ് കൂടാരങ്ങൾ ഒരുക്കിയിട്ടുമുണ്ട്. പക്ഷേ, അവിടങ്ങളിൽ അവരെങ്ങനെ ജീവിക്കുന്നു എന്നാരെങ്കിലും അന്വേഷിക്കാറുണ്ടോ? നമ്മൾ രാജ്യത്തിന്റെ അതിർത്തികളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നു. പക്ഷേ, കടലും ഒരു അതിർത്തിയാണെന്ന് നാം മറക്കുന്നു. അവിടെയും ഭരണകൂടത്തിന്റെ വലിയ രീതിയിലുള്ള ഇടപെടലുകളുണ്ട്. തീരദേശത്തുള്ളവർ റെസിസ്റ്റ് ചെയ്യുന്ന മനുഷ്യരാണ്. ഏത് സർക്കാർ ഭരിച്ചാലും തീരദേശത്തെ മനുഷ്യർക്ക് ഭരണകൂടത്തിൽ വിശ്വാസക്കുറവുണ്ട്. അതുകൊണ്ടാണ് അവർ ഒരു ബാങ്ക് അക്കൗണ്ടുപോലും എടുക്കാൻ മടിക്കുന്നത്.
‘മാലിക്കി’ലെ നായകനും സംഘവും ലക്ഷദ്വീപിലേക്ക് പോകുന്ന സീൻ വിവാദമായല്ലോ? ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ വിവാദങ്ങളുണ്ടാക്കുന്ന കാലത്താണ് സിനിമ റിലീസാകുന്നത്...
നിർഭാഗ്യകരം. ലക്ഷദ്വീപ് വിവാദം ഒക്കെ വരുന്നതിന് ഒരുപാട് മുന്നേയാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നതും എഴുതുന്നതും. ഈ വിഷയമടക്കം മുൻനിർത്തി എൻ.എസ്. മാധവൻ അടക്കമുള്ളവർ സിനിമ ഡിസ്ഹോണസ്റ്റാണെന്ന് ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിന് ഏറ്റവും സമീപത്തുള്ള സ്ഥലം എന്ന രീതിയിലാണ് മിനിക്കോയ് ദ്വീപ് തിരഞ്ഞെടുത്തത്. മറ്റൊരു കാര്യം പറയാനുള്ളത്, ‘മാലികി’ലെ നായകനെന്ന് വിളിക്കുന്ന സുലൈമാനെ ഞാൻ ഒരു ക്രിമിനലായല്ല അവതരിപ്പിക്കുന്നത്. സുലൈമാൻ തീരദേശത്തെ ചെറുത്തുനിൽക്കുന്ന ഒരു കമ്യൂണിറ്റിയുടെ പ്രതിനിധിയാണ്. സുലൈമാൻ മിനിക്കോയിയിലേക്ക് പോകുന്നത് വിവാഹത്തിന് ശേഷമാണ്. ദ്വീപിലെ ജനങ്ങളെ വളരെ സ്നേഹമുള്ളവരായാണ് കാണിക്കുന്നത്.
‘മാലിക്കി’ൽ ‘നായകൻ’ സിനിമയുടെ സ്വാധീനവുമുണ്ടല്ലോ?
നായകനേക്കാൾ ‘ഗോഡ് ഫാദർ’ എലമെന്റ്സ് ഉെണ്ടന്ന് പറയുന്നതാകും ശരി. ‘ഗോഡ് ഫാദറി’ൽനിന്നും കൊപ്പോളയിൽ നിന്നും സ്വാധീനമുൾക്കൊള്ളാത്ത ഏത് മുഖ്യധാര സംവിധായകരാണുള്ളത്.
പരിചയിച്ച കാഴ്ചകളിൽനിന്നും ഏറെ വേറിട്ട സിനിമയാണ് ‘സി യു സൂൺ’. ഈ സിനിമ ലോക്ഡൗൺ കാലത്ത് രൂപപ്പെട്ടതാണോ..?
ഒരിക്കലുമല്ല. അഡയാറിലെ സഹപാഠികൾ അൽജസീറയിലുണ്ട്. അവർ എനിക്ക് ഒരുപാട് സഹായങ്ങൾ നൽകാറുണ്ട്. ‘ടേക്ക് ഓഫി’ന്റെ റിസർച്ചിനൊക്കെ അത് നന്നായി ഉപകാരപ്പെട്ടു. അവരയച്ചുതന്ന ഹ്യൂമൻ ട്രാഫിക്കിൽ അകപ്പെട്ട ഒരു സ്ത്രീയുടെ വിഡിയോയിൽനിന്നാണ് കഥ കിട്ടുന്നത്. വെർട്ടിക്കൽ ഫോമിൽ അടുത്തുവെച്ച് ഭീതിയോടെ സ്വയം എടുത്ത ആ വിഡിയോ മനസ്സിൽ തറക്കുന്നതായിരുന്നു. ആ വിഡിയോ ഫഹദും കണ്ടിരുന്നു. ലോക്ഡൗൺ കാലത്ത് ഫഹദാണ് അതൊരു സിനിമയാക്കാനുള്ള ഇനിഷ്യേറ്റിവ് എടുക്കുന്നത്. കേരളത്തിൽനിന്നും ആദ്യമായി ഒ.ടി.ടിക്കുവേണ്ടി നിർമിച്ച സിനിമയാണ് ഇത്. അതിനെത്തുടർന്ന് ഒരു വിലക്കും കിട്ടി.
ജാതിഹിംസകളെ തുറന്നുകാണിക്കുന്ന ധാരാളം സിനിമകൾ തമിഴിൽനിന്നും പിറക്കുന്നു. ഒരു ‘പരിയേറും പെരുമാളോ’ ‘അസുരനോ’ മലയാളത്തിലുണ്ടാകുന്നില്ലെന്ന് പലരും വിമർശിച്ചിരുന്നു. താങ്കൾ എഴുതിയ ‘മലയൻ കുഞ്ഞ്’ അഭിമുഖീകരിക്കുന്നത് ജാതിയെയാണല്ലോ..?
പക്ഷേ, പലരും ആ സിനിമ അഡ്രസ് ചെയ്യുന്നത് ജാതിയാണെന്ന് മനസ്സിലാക്കിയിട്ടില്ല. ‘മലയൻ കുഞ്ഞി’നെ ‘Mountain Child’ എന്നുവരെ കരുതിയവരുണ്ട്. സംവിധായകനായ സജിയും ഈ വിഷയം ഏറ്റെടുക്കാൻ ധൈര്യം കാണിച്ചു. യഥാർഥത്തിൽ ആ കുട്ടിയാണ് സിനിമയിലെ നായകൻ. കുട്ടിയുടെ ജാതിയാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നം. കുട്ടിയുടെ കരച്ചിലല്ല, കുട്ടിയുടെ ജാതിയാണ് അവനെ അലോസരപ്പെടുത്തുന്നത്. ആ പടം ആ രീതിയിൽ അനലൈസ് ചെയ്യപ്പെട്ടോ എന്ന് സംശയമാണ്.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കുചേർന്നു. സുഹൃത്തിനുണ്ടായ ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു?
അതെ. ആ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരുപാട് പേരെ എനിക്ക് പരിചയമുണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട പ്രശ്നം എന്ന നിലയിൽ തന്നെയാണ് അതിന്റെ ഭാഗമായത്. ഫിലിം മേക്കർ ഒരു മനുഷ്യൻ തന്നെയാണ്.
താങ്കളുടെ സിനിമകളിൽ ചിരിക്കുന്ന മുഖങ്ങളെ കാണാനേയില്ലല്ലോ... എല്ലാവരും വിഷാദമുഖമുള്ളവർ..?
ശരിയാണ്. ചിലർക്ക് അതുകൊണ്ട് എന്റെ സിനിമകളോട് വിരക്തിയുണ്ട്. എട്ടു വയസ്സുള്ള എന്റെ മകൾ തന്നെ എന്നോട് ചോദിച്ചു. നിങ്ങൾക്ക് സന്തോഷം നൽകുന്ന ഒരു സിനിമ ചെയ്തൂടെയെന്ന്. ലവ്സ്റ്റോറിയൊക്കെ നിർമിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ട്. ‘മാലികി’ൽ ലവ്സീനൊക്കെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.
‘അറിയിപ്പ്’ ഫെസ്റ്റിവലുകൾക്കുവേണ്ടി നിർമിച്ചതാണോ? താങ്കളുടെ മറ്റു സിനിമകളിൽനിന്നും വേറിട്ടരീതിയിലുള്ള വ്യാകരണമാണ് സിനിമക്കുള്ളത്. സാമാന്യ മലയാളി പ്രേക്ഷകർക്ക് സിനിമയും സംസ്ഥാന അവാർഡും അത്ര ദഹിച്ചിട്ടില്ലല്ലോ?
ഏറെക്കാലത്തിനുശേഷം മലയാളത്തിൽനിന്നും ഏറ്റവുമധികം ഫെസ്റ്റിവലുകൾ കവർചെയ്ത സിനിമയാണ് ‘അറിയിപ്പ്’. ഇറ്റലിയിലെ ലൊകാർണോ ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ, ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, മൊറോക്കോയിലെ മാരാക്കിഷ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലെല്ലാം മികച്ച അഭിപ്രായമാണ് സിനിമ നേടിയത്. യൂറോപ്പിലും തെക്കേ അമേരിക്കയിലുമൊക്കെയുള്ള ഒരുപാട് മനുഷ്യർ സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞു. ഇറാനിൽനിന്നുള്ള അസ്ഗർ ഫർഗാദി ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഫിലിംമേക്കറാണ്. മാരാക്കിഷിൽ വെച്ച് അദ്ദേഹം എന്നെ മീറ്റ് ചെയ്തതും പരിചയപ്പെട്ടതും ‘അറിയിപ്പ്’ കണ്ടിട്ടാണ്. അദ്ദേഹത്തെ എന്റെ മറ്റു സിനിമകൾ കാണിക്കാൻ ചളിപ്പുണ്ട് എന്നതാണ് സത്യം. എന്റെ ഏറ്റവും മികച്ച സിനിമ ‘അറിയിപ്പാ’ണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരുപാട് പേർ ആ സിനിമ വേണ്ടവിധം ഉൾകൊണ്ടില്ല. ഞാൻ കൈവിട്ടുപോയെന്നൊക്കെയാണ് പറഞ്ഞത്.
സ്പൂൺ ഫീഡിങ് ഇല്ലാത്തതുകൊണ്ടാണോ, സിനിമ മിനിമലിസ്റ്റ് അപ്രോച്ചാണെന്ന് പറയുന്നവരുണ്ട്?
അതെ. നമ്മുടെ നിരൂപകർക്കടക്കം സ്പൂൺ ഫീഡിങ് വേണമെന്ന് തോന്നുന്നു. എല്ലാവരും അവരുടെ പേഴ്സനൽ തോട്ട്സാണ് റിവ്യൂ എന്ന പേരിൽ പങ്കുവെക്കുന്നത്. അവർക്ക് അവരെ ഉത്തേജിപ്പിക്കുന്ന സിനിമകൾ വേണം. ഇതുപോലുള്ള എരിവും രുചിയുമില്ലാത്ത ഭക്ഷണം ദഹിക്കില്ല. നമ്മുടെ ആളുകളും കുറച്ചുകഴിഞ്ഞാൽ ഈ സിനിമ സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പാട്രിയാർക്കി, തൊഴിൽ പ്രശ്നങ്ങൾ, തൊഴിലിടങ്ങളിലെ ജെൻഡർ വിവേചനങ്ങൾ, മലയാളികളുടെ കാണാത്ത കുടിയേറ്റങ്ങൾ ഇങ്ങനെ എത്രയോ വിഷയങ്ങൾ പല ലെയറുകളായി ഈ സിനിമയിലുണ്ട്. പുറത്തുള്ള മാധ്യമങ്ങളാണ് ഈ രീതിയിൽ സിനിമയെ വിലയിരുത്തിയത്. സിനിമയിലെ ആദ്യ സീൻ കാണിക്കുന്നത് വനിത ജോലിക്കാരുടെ മെൻസ്ട്രൽ പാഡ് ചെക്ക് ചെയ്യുന്നതാണ്. അതൊന്നും പലർക്കും മനസ്സിലായിട്ടില്ല. സിനിമ മിനിമലിസ്റ്റിക് ആണെന്ന് പറയാൻ കഴിയില്ല. സിനിമയിൽ കാണിക്കുന്ന ആ ഫാക്ടറി തന്നെ ഒരു സെറ്റാണ്. അതും ഡൽഹിയിൽ. ഊഹിക്കാമല്ലോ...
മലയാളി പ്രേക്ഷകർ ‘അറിയിപ്പി’നെ ഉൾക്കൊള്ളാത്തതിൽ വലിയ പ്രതിഷേധമുണ്ടെന്ന് തോന്നുന്നു?
മലയാളികളെ മൊത്തമായാണ് പറയുന്നത് എന്നു കരുതരുത്. ‘അറിയിപ്പി’നെ ശരിയായി ഉൾക്കൊണ്ട ഒരുപാട് പേരുണ്ട്. ഞാൻ പറയുന്നത് സ്വന്തം അഭിപ്രായത്തിനെ നിരൂപണമാക്കുന്ന സോകോൾഡ് നിരൂപകരെയാണ്. എന്നോട് പലരും ചോദിക്കുന്നത് ‘ടേക്ക് ഓഫ്’ പോലൊരു സിനിമ എപ്പോഴാണ് ചെയ്യുക എന്നാണ്. അതല്ലെങ്കിൽ ‘മാലിക്’ പോലെ ഒന്ന്. ഒരു ഫിലിം മേക്കർ പലതരം സിനിമകൾ ചെയ്യുമല്ലോ. ഒരു മാധ്യമപ്രവർത്തകനായ നിങ്ങൾ പല വിഷയങ്ങൾ കൈകാര്യം ചെയ്യില്ലേ? ഒരു വിഷയത്തിൽ മാത്രം ഒതുങ്ങണമെന്ന് പറയാൻ കഴിയില്ലല്ലോ... അതുപോലെ ഒാരോ ഫിലിം മേക്കർക്കും സ്വാതന്ത്ര്യമുണ്ട്. ഒരാളെ എൻഗേജ് ചെയ്യിക്കാത്തതു കൊണ്ടുമാത്രം ആ സിനിമ മോശമാണെന്ന് പറയാൻ പാടില്ല.
‘അറിയിപ്പ്’ - ഒരു ലൊക്കേഷൻ ചിത്രം
നമ്മുടെ നിരൂപകരെന്ന് പറയുന്നവരടക്കം ചെയ്യുന്നത് യഥാർഥ ഫിലിം റിവ്യൂ ആണോ? അവരുടെ നിരൂപണങ്ങൾ രാഷ്ട്രീയമായ കീറിമുറിക്കലുകളിൽ ഒതുങ്ങുന്നുണ്ടോ?
ഒരു ഫിലിം ക്രിട്ടിക് എന്നു വിളിക്കാവുന്ന എത്ര നിരൂപകർ നമുക്കുണ്ട്? വളരെ കുറച്ചുപേർ മാത്രം. സൂക്ഷ്മ രാഷ്ട്രീയത്തിൽ ഒതുങ്ങുന്ന നിരൂപണങ്ങൾ സോഷ്യൽ മീഡിയയുെട വരവോടെയാണ് സജീവമാകുന്നത്. സോഷ്യൽ മീഡിയയുടെ വരവോടെയാണ് അതിവായനകൾ തുടങ്ങിയത്. അവ ഞാൻ കാര്യമാക്കുന്നില്ല. എന്നോട് എം.ടി സർ പറഞ്ഞിട്ടുണ്ട്, ഇപ്പോഴാണ് നിർമാല്യം പുറത്തിറങ്ങുന്നതെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന്. ‘മാലികു’മായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളവേ പത്മരാജൻ സാറിന്റെ മകൻ അനന്തപത്മനാഭൻ വിളിച്ചിരുന്നു. ‘അരപ്പട്ട കെട്ടിയ ഗ്രാമം’ പുറത്തിറങ്ങിയ സമയത്ത് വീടിന് നേരെ കല്ലേറ് വരെ നടന്നിരുന്നുവെന്ന് പറഞ്ഞു. ഇതെല്ലാം എല്ലാകാലങ്ങളിലുമുണ്ട്.
പല രീതിയിലുള്ള വിമർശനങ്ങൾ വരുമ്പോൾ ചില സീനുകൾ വേണ്ടായിരുന്നു എന്ന് തോന്നാറുണ്ടോ?
അങ്ങനെ ചിന്തിച്ചാൽ അത് ആ കലാകാരന്റെ തകർച്ചയാണ്. ഒരു ഫിലിം മേക്കറെയും കഥാകാരനെയുമൊന്നും ബാലൻസ്ഡ് ത്രാസിൽ വെക്കാൻ കഴിയില്ല. എല്ലാ സ്വാതന്ത്ര്യ വും അവർക്കുണ്ടാകണം. സമൂഹത്തിന്റെ റിഫ്ലക്ഷനാണ് സിനിമയെങ്കിൽ അതിൽ എല്ലാ വശങ്ങളും ഉണ്ടാകണം. പക്ഷേ ചില പ്രാഥമിക ബോധ്യങ്ങൾ ഫിലിം മേക്കർക്ക് വേണം. ഗ്ലോറിഫൈ ചെയ്യുന്നത് എന്തിനെയാണെന്ന കാര്യം ചിന്തിക്കണം.
കമൽഹാസനുമായി ഒരു സിനിമ വരുന്നെന്ന വാർത്തകളുണ്ടായിരുന്നല്ലോ..?
അത് കമൽ സാറിന്റെ ഒരു സിനിമയുടെ സീക്വൽ ആയിട്ടാണ് പ്ലാൻ ചെയ്തത്. അദ്ദേഹം തന്നെയാണ് തിരക്കഥ എഴുതുന്നത്. തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഉടൻ ചെയ്യുന്നില്ല. അദ്ദേഹം കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കിലാണ്. അത് ഒരു സമാന്തര സിനിമയൊന്നുമല്ല. മലയാളത്തിൽ ഒരു പുതിയ സിനിമ എഴുതുന്നുണ്ട്. വൈകാതെ വിവരങ്ങൾ പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.