രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന, The Population Myth: Islam, Family Planning and Politics in India, An Undocumented Wonder: The Making of the Great Indian Elections തുടങ്ങിയ കൃതികളുടെ കർത്താവുമായ ശഹാബുദ്ദീൻ യാഖൂബ് ഖുറൈശി എന്ന എസ്.വൈ. ഖുറൈശി മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. തെരഞ്ഞെടുപ്പ്, ജനാധിപത്യം, ഫാഷിസം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലൂടെ ഇൗ സംഭാഷണം നീളുന്നു.
ജനാധിപത്യത്തിന്റെ സ്വന്തം അംബാസഡർ
‘‘സ്വാതന്ത്ര്യം കിട്ടുന്ന മാത്രയിൽ തെരഞ്ഞെടുപ്പും അതിന്റെ അഴിമതികളും അനീതി, അധികാരവും സാമ്പത്തികാധിപത്യവും, ഭരണകൂടത്തിന്റെ കാര്യപ്രാപ്തിയില്ലായ്മ എല്ലാം കൂടിച്ചേർന്ന് ജീവിതം നരകതുല്യമാക്കിത്തീർക്കും. അതോടെ താരതമ്യേന നീതിപൂർവകവും കാര്യപ്രാപ്തവും സമാധാനപരവും കൂടിയോ കുറഞ്ഞോ സത്യസന്ധമായ ഭരണവും കാഴ്ചവെച്ച പഴയ ഭരണകൂടത്തെ ജനം ഖേദപൂർവം ഓർക്കും. ആകക്കൂടി നാം നേടുന്നത്, ഒരു വംശമെന്ന നിലയിൽ അവമതിപ്പിൽനിന്നും കീഴടങ്ങലിൽനിന്നും രക്ഷപ്പെടുന്നുവെന്നതാണ്. സൽസ്വഭാവം, ദൈവഭയം, സ്നേഹം എന്നീ ഗുണങ്ങൾ ചെറുപ്പത്തിൽതന്നെ പൗരന്മാരിൽ വളർന്നുവരണമെങ്കിൽ സാർവലൗകിക വിദ്യാഭ്യാസം മാത്രമാണു പ്രതീക്ഷ. അതിൽ വിജയിച്ചാൽ സ്വരാജ് സന്തോഷപ്രദമാകും. ഇല്ലെങ്കിൽ അത് എല്ലാം തകർത്തുകളയുന്ന അനീതിയും സമ്പത്തിന്റെ വിളയാട്ടവുമായി മാറും.’’
സ്വാതന്ത്ര്യത്തിന്റെ കാൽ നൂറ്റാണ്ടുമുമ്പ് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലുമായിരുന്ന സി. രാജഗോപാലാചാരി 1921-22 കാലത്ത് വെല്ലൂർ ജയിലിൽവെച്ച് എഴുതിയ ഡയറിക്കുറിപ്പിൽനിന്നാണ് ഇപ്പോൾ പുലർന്നുകഴിഞ്ഞ ആ സത്യപ്രവചനം.
1937ൽ തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യ പിച്ചവെക്കുമ്പോൾ എല്ലാം നേരെ വാ നേരെ പോ നിഷ്കളങ്കതയിലായിരുന്നു. സ്ഥാനാർഥിയുടെ ഗുണഗണങ്ങളും വോട്ടർമാരുടെ പിൻബലവും മാത്രം അടിസ്ഥാനമാക്കി ജയപരാജയങ്ങൾ നിർണയിച്ചായിരുന്നു തുടക്കം. 1937ൽ അലഹബാദിൽ ജവഹർലാൽ നെഹ്റു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്ന കഥ ലാൽ ബഹാദുർ ശാസ്ത്രി അനുസ്മരിച്ചിട്ടുണ്ട്. അവിടെ മീർസാപൂരിലെ കോൺഗ്രസ് പ്രവർത്തകർ പൊതുയോഗത്തിലെ പ്രസംഗം കഴിഞ്ഞ് നെഹ്റുവിനെ വെറുംകൈയോടെ യാത്രയാക്കി. ഒരു ചായപോലും ആരും ഓഫർ ചെയ്തില്ല. ‘‘എന്തൊരു മനുഷ്യരാണ്’’ എന്നു പിറുപിറുത്ത് നെഹ്റു നേരെ റെയിൽവേ സ്റ്റേഷനിലേക്കു വെച്ചുപിടിച്ചു. ചെന്നയുടൻ കണ്ട റസ്റ്റാറന്റിൽ കയറി കൂടെയുള്ളവരൊത്ത് ചായ കുടിച്ചു. ഇറങ്ങാൻ നേരം തുക അന്വേഷിച്ചപ്പോൾ തികച്ചുകൊടുക്കാൻ ആരുടെ കൈയിലും പണമില്ല. നെഹ്റു കീശ തപ്പിയെടുത്തത് ഒന്നേ കാൽ രൂപ. പൂർണിമ ബാനർജിയുടെ കൈയിൽ ഒരു രൂപ. ശാസ്ത്രിയുടെ പക്കൽ ഏതാനും അണകളും. എല്ലാം ചേർത്ത് രണ്ടര രൂപ ഒപ്പിച്ചെടുക്കുകയായിരുന്നുവത്രേ.
എന്നാൽ, കാലത്തിനൊപ്പം കഥയും മാറി. സ്ഥാനാർഥി ആരായാലും പണമുണ്ടായാൽ മതി ജയിക്കാൻ എന്നായി. കറൻസി നോട്ടുകൾ കണ്ടെയ്നറുകളിലും കാർഗോ ചരക്കുകളായും തെരഞ്ഞെടുപ്പിലേക്ക് പരന്നൊഴുകിയെന്നു മഹാത്മാ ഗാന്ധിയുടെ പേരമകനും എഴുത്തുകാരനുമായ മുൻ പശ്ചിമ ബംഗാൾ ഗവർണർ ഗോപാലകൃഷ്ണ ഗാന്ധി തെരഞ്ഞെടുപ്പുകളുടെ ദുരവസ്ഥ വിവരിച്ചിട്ടുണ്ട്. കമ്പനീസ് ആക്ട് അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ കമ്പനികളിൽനിന്നു സംഭാവനകൾ സ്വീകരിക്കാം. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ വഴിയും ഇക്കാര്യത്തിൽ നിയമവിധേയമായ ഉദാരവത്കരണമുണ്ടായി. അങ്ങനെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പിന്റെ സവിശേഷതയായി.
ഇതൊക്കെയാണ് വാസ്തവമെങ്കിലും അതേക്കുറിച്ച് നേർക്കുനേർ ഗൗരവത്തിലറിയാത്ത ജനം തെരഞ്ഞെടുപ്പിനെ വമ്പിച്ച ആഘോഷമാക്കി മാറ്റുന്നു. ഇന്ത്യ ലോകത്തെ വെന്നുനിൽക്കുന്ന മൂന്നു വിസ്മയങ്ങൾ ഗോപാലകൃഷ്ണ ഗാന്ധി എണ്ണിപ്പറഞ്ഞതിൽ താജ്മഹലും മഹാത്മാ ഗാന്ധിയും കഴിഞ്ഞാൽ മൂന്നാമത്തേത് തെരഞ്ഞെടുപ്പാണ്. ഈ ജനാധിപത്യമാമാങ്കത്തിന്റെ ഏകദേശചിത്രം 2009ലെ തെരഞ്ഞെടുപ്പ് വേളയിൽ ‘ന്യൂയോർക് ടൈംസ്’ ചിത്രീകരിച്ചത് ഇങ്ങനെ: 3060 കോച്ചുകളുള്ള 119 സ്പെഷൽ ട്രെയിനുകൾ, അതിൽ ദശലക്ഷക്കണക്കിന് അർധസേന, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ. ഒരു ഡസനോളം ഹെലികോപ്ടറുകൾ -എല്ലാംകൂടി ഒരു യുദ്ധസമാന സന്നാഹമാണ് 783 ദശലക്ഷം വോട്ടർമാരുള്ള ഇന്ത്യയിലെ ജനാധിപത്യ ഉത്സവത്തിനായി നടത്തുന്നത്. യൂറോപ്പ്, ഉത്തര-ദക്ഷിണ അമേരിക്കകൾ, ആസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങൾ കൂടിച്ചേർന്ന ജനസംഖ്യക്കു സമാനമാണ് ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം. ഈ ബാലികേറാമലയിൽ കൊടും കെടുകാര്യസ്ഥതകൾകൂടി ചേർന്നാൽ പിന്നെ കഥ പറയേണ്ടതില്ല. മസ്തകം കുലുക്കി ചിന്നംവിളിച്ചുവന്ന ടി.എൻ. ശേഷൻപോലും ഈ കഥയില്ലായ്മയുടെ ഭാഗമായതാണ് ചരിത്രം. കാർമികൻ വരനായി മാറിയതുപോലെ പാർലമെന്ററി മോഹം മൂത്ത രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പ് ഗോദയിൽ നിലക്കുനിർത്തിയ ശേഷൻ പിന്നീട് അതിലേക്ക് മുണ്ടുമാറ്റിയിറങ്ങുന്നതാണ് കണ്ടത്. എന്നാൽ, ഒച്ചയെടുക്കാതെ അച്ചടക്കത്തിന്റെ വരയിൽ തെരഞ്ഞെടുപ്പിലെ ജനാധിപത്യമര്യാദകളെ നിലക്കുനിർത്തിയവരുണ്ട്. അതിൽ പ്രധാനിയാണ് ശഹാബുദ്ദീൻ യാഖൂബ് ഖുറൈശി എന്ന എസ്.വൈ. ഖുറൈശി. ബഹളങ്ങളുടെ കാലുഷ്യത്തിലും അതിനു ചെവികൊടുക്കാതെ വസ്തുതകളെ പിന്തുടരാനും ആ നിജസ്ഥിതി ജനത്തിനു മുന്നിൽ കൊണ്ടുവരാനും എന്തെന്നില്ലാത്ത ആവേശമാണ് അദ്ദേഹത്തിന്. റിട്ടയർ ചെയ്തെങ്കിലും ബുദ്ധിവൈഭവവും നിരീക്ഷണപാടവവും ഇപ്പോഴും ചുറുചുറുക്കിൽ തന്നെ. അതിലൊടുവിലത്തേതായിരുന്നു ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവതിനെ നേരിൽ കണ്ടുള്ള സംസാരം. ഹിന്ദുത്വശക്തികളുടെ ന്യൂനപക്ഷ ഭർത്സനവും അതിക്രമങ്ങളും കാടുകയറിയപ്പോൾ ഇതേക്കുറിച്ച് നേരിട്ടുചെന്ന് സംസാരിച്ചാലെന്താ എന്ന ചിന്തയായിരുന്നു ഖുറൈശിക്ക്. അവിടെ മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയവാദികൾ സ്ഥാപിച്ചെടുക്കുന്ന മുൻവിധികളിലൊന്നാണ് ജനസംഖ്യ പ്രശ്നം. ഇതേക്കുറിച്ച് വസ്തുതകളുടെയും സ്ഥിതിവിവരങ്ങളുടെയും അകമ്പടിയോടെ The Population Myth: Islam, Family Planning and Politics in India എന്ന കൃതി രചിച്ചു അദ്ദേഹം. ഈ വിഷയത്തിലെ ആധികാരികമായ അക്കാദമിക ഗ്രന്ഥമാണിത്. 2006 മുതൽ 2012 വരെ ആറുവർഷക്കാലം തെരഞ്ഞെടുപ്പു കമീഷനിലുണ്ടായിരുന്നു അദ്ദേഹം – ആദ്യ നാലു വർഷം കമീഷണറും 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ രണ്ടു വർഷത്തോളം മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുമായി. കമീഷനു കീഴിൽ ചെലവു നിയന്ത്രണനിരീക്ഷണത്തിനും വോട്ടർ ബോധവത്കരണത്തിനും പ്രത്യേകവിഭാഗങ്ങൾ രൂപവത്കരിച്ചത് അദ്ദേഹമായിരുന്നു. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റ് എന്നൊരു വേദിയുണ്ടാക്കി ജനാധിപത്യത്തിലേക്ക് പുതുതായി കടന്നുവരുന്ന രാജ്യങ്ങൾക്ക് പ്രത്യേക പരിശീലന സംവിധാനമൊരുക്കി. എഴുപതിലേറെ രാജ്യങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. സ്റ്റോക്ഹോം ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് (IDEA) അംഗമാണ് അദ്ദേഹം. ആഗോള തെരഞ്ഞെടുപ്പ് മാർഗനിർദേശക, നിരീക്ഷകസമിതിയിലും സജീവ അംഗമാണ്. ഈ അനുഭവങ്ങളെല്ലാം ചേർത്തുവെച്ച് ലോകവിസ്മയങ്ങളിലൊന്നായ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം An Undocumented Wonder: The Making of the Great Indian Elections എന്ന കൃതിയെഴുതി. ഭരണനിർവഹണ സംവിധാനങ്ങളുമായി അര നൂറ്റാണ്ടുകാലം അടുത്തിടപഴകിയ അനുഭവത്തിൽനിന്നു വർത്തമാന ഇന്ത്യൻ സാഹചര്യത്തിലെ പുത്തൻ ജനാധിപത്യപ്രവണതകളെ അനാവരണം ചെയ്യുകയാണ് ജനാധിപത്യത്തിന്റെ അംബാസഡർ എന്നു വിശേഷിപ്പിക്കപ്പെടുന്ന എസ്.വൈ. ഖുറൈശി ഈ സംഭാഷണത്തിലൂടെ.
1971ലെ ഹരിയാന കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ താങ്കൾ അരനൂറ്റാണ്ടോളം ഭരണകൂടത്തിന്റെ ഭാഗമായിനിന്ന് രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിൽ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രയത്നിച്ചു വരുന്നുണ്ട്. ഈ നീണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ നിലവിലെ ഇന്ത്യനവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യൻ ജനാധിപത്യം ഏറ്റവും കൂടുതൽ ഊർജസ്വലമായ (vibrant) ജനാധിപത്യമായി ലോകം മുഴുക്കെ അംഗീകരിച്ചതാണ്. 90 രാജ്യങ്ങളിലേതിനു സമാനമായ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയിലേത്. കഴിഞ്ഞ 70 വർഷത്തിലേറെയായി ഫലപ്രദമായ രീതിയിൽ നമ്മൾ അത് കൊണ്ടുനടത്തുന്നു. ആറു വർഷം ആ മേഖലയിൽ സേവനമർപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. മികച്ച തെരഞ്ഞെടുപ്പ് എന്നാൽ മികച്ച ജനാധിപത്യം എന്നർഥമില്ല. ക്രിമിനലുകൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു. അഴിമതി ഇപ്പോഴും കൈയൊഴിയാനായിട്ടില്ല. നിയമസഭകളിലും പാർലമെന്റിലുമുള്ള വനിതാ പ്രാതിനിധ്യം ഇപ്പോഴും 10-11 ശതമാനം മാത്രമേ എത്തിയിട്ടുള്ളൂ. അങ്ങനെ ഇനിയും കുറേയേറെ രംഗത്ത് നാം മെച്ചപ്പെടേണ്ടതുണ്ട്.
അടുത്ത കാലത്തായി ജനാധിപത്യം ഭൂരിപക്ഷാധിപത്യത്തിലേക്കു മാറിവരുന്നതാണ് അനുഭവം?
നമ്മുടെ ജനാധിപത്യം പരീക്ഷണത്തിലാണ് എന്നതിന്റെ സൂചനകൾ പലതും ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഭൂരിപക്ഷാധിപത്യ, സ്വേച്ഛാധിപത്യ പ്രവണതകൾ ഇപ്പോൾ ദേശീയതലത്തിൽതന്നെ സംവാദവിഷയമായി വളർന്നുകഴിഞ്ഞു. എല്ലാ ഭരണകൂടങ്ങളും ഔദ്യോഗികസ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്, ചിലർ അതു ചെയ്തിരിക്കും. വേറെ ചിലർ ആവതുപോലെ ശ്രമിക്കും. നിലവിലെ കേന്ദ്ര ഭരണകൂടം അതിശക്തമാണ് എന്നതു ശരിയാണ്. ജനാധിപത്യ സംവിധാനങ്ങൾക്കൊക്കെ ചില ദൗർബല്യങ്ങൾ സംഭവിച്ചിട്ടുമുണ്ട്. എങ്കിലും ഇതൊരു താൽക്കാലിക പ്രതിഭാസമാണെന്നും പഴയ പ്രതാപം തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കാനും പ്രാർഥിക്കാനുമാണ് എനിക്കിഷ്ടം. ജനാധിപത്യത്തിനു ഉയർച്ചതാഴ്ചകളുണ്ടാകും. കാര്യങ്ങൾ സുസ്ഥിരതയിലെത്തുമെന്നും ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ജനാധിപത്യസംവിധാനങ്ങൾ ഒരിക്കൽകൂടി ശക്തിപ്രാപിക്കുമെന്നും തന്നെ ഞാൻ കരുതുന്നു.
തെരഞ്ഞെടുപ്പിലൂടെ തന്നെ ഫാഷിസ്റ്റ് സ്വേച്ഛാധിപത്യ വംശീയ ഭരണകൂടങ്ങൾ നിലവിൽ വരുന്നതാണല്ലോ ലോകത്തു കണ്ടുവരുന്നത്?
താങ്കൾ പറഞ്ഞതു ശരിയാണ്. തെരഞ്ഞെടുപ്പിലൂടെ ഉഗ്ര ദേശീയവാദികളും വലതു വംശീയവാദികളും അധികാരത്തിലേറുന്ന സ്ഥിതിയുണ്ട്. എന്നാൽ, ജനാധിപത്യത്തിൽ അനുരഞ്ജനത്തിനും (reconciliation) സാധ്യതകളുണ്ട്. പല ലോകരാജ്യങ്ങളിലും ദുർബല ജനാധിപത്യങ്ങൾ ശക്തമായി തിരിച്ചുവരവിനൊരുങ്ങുന്ന ഉദാഹരണങ്ങളുമുണ്ട്. ഈ ശക്തിക്ഷയങ്ങളും തിരിച്ചുപോക്കും തിരിച്ചുവരവുമെല്ലാം പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ജനാധിപത്യപ്രക്രിയയെ നിരീക്ഷിച്ചാലറിയാം. International Democracy and Electoral Assistance (IDEA) എന്ന അന്താരാഷ്ട്ര വേദിയിൽ ഞാൻ അംഗമായിരുന്നു. സ്വീഡൻ ആസ്ഥാനമായുള്ള 32 അംഗരാജ്യങ്ങളുള്ള മിനി യു.എൻ എന്നു പറയാവുന്ന രാജ്യാന്തര സംഘടനയാണത്. അതിന്റെ ഉപദേശകസമിതിയിൽ മൂന്നു ടേമിൽ ഒമ്പതു വർഷം ഞാനുണ്ടായിരുന്നു. അഞ്ചാറു വർഷം മുമ്പ് ലോകവ്യാപകമായി ജനാധിപത്യത്തിന്റെ അവസ്ഥാന്തരങ്ങൾ ഞങ്ങൾ പഠനവിധേയമാക്കി. ജനാധിപത്യത്തിനു തിരിച്ചുവരവിനുള്ള ക്ഷമതയുണ്ടെന്നായിരുന്നു ഞങ്ങളുടെ കണ്ടെത്തൽ. പലയിടത്തും അതു തിരിച്ചുവരുന്നു. പലയിടത്തും വളർച്ച പ്രാപിച്ചു ശക്തിപ്പെടുന്നു.
ഇന്ത്യയും അവിടെ ചർച്ചക്കു വന്നോ?
തീർച്ചയായും. ഞാൻ നേരത്തേ പറഞ്ഞ വിലയിരുത്തൽതന്നെയാണുണ്ടായത്. പരീക്ഷണഘട്ടത്തിലാണെങ്കിലും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുള്ള ഗണത്തിലാണ് നമ്മുടെ രാജ്യം.
ഭൂരിപക്ഷാധിപത്യവും കടന്ന്, ഇന്ത്യയിൽ ഇപ്പോൾ ഹിന്ദുരാഷ്ട്ര ചർച്ചകൾ സജീവമാണ്. കഴിഞ്ഞ വിജയദശമി പ്രസംഗത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ഇക്കാര്യം ഉറക്കെ പറഞ്ഞിട്ടുണ്ട്. അപ്പോഴും താങ്കൾ പ്രതീക്ഷയെക്കുറിച്ചാണ് പറയുന്നത്?
ഈ ആർ.എസ്.എസുകാർ പറയുന്നതിൽ എന്തർഥമാണുള്ളത്? 1947ൽ മതത്തിന്റെ പേരുപറഞ്ഞു രാജ്യം വെട്ടിമുറിച്ചപ്പോൾ മുസ്ലിംകൾ പാകിസ്താനിലേക്ക് പോയിരിക്കെ ഇവിടെ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാൻ എളുപ്പമായിരുന്നല്ലോ? 83 ശതമാനവും ഹിന്ദു അംഗങ്ങളുള്ള കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലാണ് ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാകണമെന്നു തീരുമാനിച്ചതെന്നോർക്കണം. ഹിന്ദുക്കൾ സെക്കുലർ ആയതുകൊണ്ട് ഇന്ത്യ സെക്കുലറായിത്തീരുന്നു എന്നു ഞാൻ പലപ്പോഴും പറയാറുണ്ട്. അവരാണ് ഹിന്ദുരാഷ്ട്രമാകാതെ ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായി മാറ്റിയെടുത്തത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്യന്തികമായി അങ്ങനെയേ ആകാൻ കഴിയൂ.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്ന് ആർ.എസ്.എസ് അവരുടെ എഴുത്തിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സംഘിന്റെ പോഷകഘടകമാണ് ബി.ജെ.പി. അവരിപ്പോൾ കേന്ദ്ര ഭരണത്തിൽ രണ്ടാമൂഴം പിന്നിടുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെ നോക്കുമ്പോൾ ഇവർതന്നെ തുടരുകയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. ഏറ്റവും ഒടുവിൽ ധർമസംസദും ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള രാജ്യത്തെ ജനാധിപത്യ എൻജിനീയറിങ്ങിൽ ഭാഗഭാക്കായ ആൾ എന്ന നിലക്ക് ഒരു ഹിന്ദുരാഷ്ട്ര സാധ്യതയെ എങ്ങനെ കാണുന്നു?
അത്രയും പെരുത്തൊരു ഭൂരിപക്ഷം അവർ നേടുകയും മിക്ക സംസ്ഥാനങ്ങളിലും ഭരണഘടന ഭേദഗതിക്കു വേണ്ട അക്കപ്പെരുക്കത്തിലേക്ക് അവർ എത്തുകയും ചെയ്താൽ അതിനുള്ള സാധ്യതയുണ്ടാവാം. ഇന്ത്യ ഇപ്പോൾതന്നെ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർ.എസ്.എസ് ചീഫ് മോഹൻ ഭാഗവത് തന്നെ പറയുന്നുണ്ട്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും മുസ്ലിം പ്രാതിനിധ്യം ഇല്ലെന്നുതന്നെ പറയാം. അവരെ സംബന്ധിച്ചിടത്തോളം ഹിന്ദുരാഷ്ട്രമെന്നത് ഏതാണ്ട് യാഥാർഥ്യമായിക്കഴിഞ്ഞു.
ഇക്കാര്യത്തിൽ രാഷ്ട്രീയമായ അഭിപ്രായപ്രകടനത്തിന് ഞാൻ മുതിരുന്നില്ല. ഞങ്ങളുമായുള്ള ആശയവിനിമയത്തിൽ ഭാഗവത് ഒരു കാര്യം തുറന്നുപറഞ്ഞു, ഇന്ത്യയിൽ മുസ്ലിംകളില്ലാത്ത ഒരു ഹിന്ദു രാഷ്ട്രമല്ല വിഭാവനം ചെയ്യുന്നതെന്ന്. മുസ്ലിംകളില്ലാത്ത ഒരു ഹിന്ദുരാഷ്ട്രം ഞങ്ങളുടെ സങ്കൽപത്തിലേ ഇല്ല എന്ന് അദ്ദേഹം പലവുരു ആവർത്തിച്ചു. മുസ്ലിംകളും ക്രൈസ്തവരും പൂർണമായും പാർശ്വവത്കരിക്കപ്പെടും എന്ന ആശങ്ക തെറ്റാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എന്നാൽ ഹിന്ദുക്കൾക്ക് മേധാവിത്തമുള്ള ഒരു രാഷ്ട്രഘടനയാകും എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഭരണഘടനയുടെ പവിത്രതയും പരമാധികാരികതയും അംഗീകരിച്ച്, ഭരണഘടന ഭേദഗതി ചെയ്യുമെന്ന് വലതു തീവ്രവാദികളിൽ ചിലർ പറയുന്നതിനെ വെറും ജൽപനങ്ങളായി തള്ളുകയാണ് അദ്ദേഹം ചെയ്തത്. ഭരണഘടനയാണ് പരമമെന്നും അതിനകത്തുനിന്നായിരിക്കും തങ്ങളുടെ പ്രവർത്തനമെന്നും അദ്ദേഹം ആവർത്തിച്ചു.
മുഖ്യധാര രാഷ്ട്രീയക്കാരുടെ അട്ടിമറി
ജമ്മു-കശ്മീരിൽ 1987ൽ നടന്ന തെരഞ്ഞെടുപ്പ് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയതായിരുന്നു. ജനാധിപത്യപ്രക്രിയയിൽ വിശ്വാസമർപ്പിച്ച് വിഘടനവാദി സംഘടനകൾപോലും അതിൽ സജീവമായി ഭാഗഭാക്കാകുകയുണ്ടായി. എന്നാൽ, തെരഞ്ഞെടുപ്പിൽ അന്നത്തെ ജമ്മു-കശ്മീരിലെ മുഖ്യധാരാ പാർട്ടികളുടെ മേൽനോട്ടത്തിൽ വ്യാപകമായ കൃത്രിമം നടന്നു. മുഖ്യ രാഷ്ട്രീയ കക്ഷികൾ ഇങ്ങനെ പരസ്യമായി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചതാണ് ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയത്?
1987ലെ ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പ് ഏറെ വിവാദപരവും ന്യായരഹിതവുമായിരുന്നു. അതാണ് സായുധവാദത്തിലേക്കും തീവ്രവാദത്തിലേക്കും അവിടത്തെ യുവാക്കളെ തള്ളിവിട്ടത് എന്നുപറയാം. ഒരു ആരോഗ്യകരമായ ജനാധിപത്യമാണ് നമുക്കാവശ്യം. അതിന് നീതിപൂർവകവും സ്വതന്ത്രവും വിശ്വാസയോഗ്യവുമായ തെരഞ്ഞെടുപ്പുവേണം. കാരണം, ജനങ്ങളിൽ അവിശ്വാസം ഉടലെടുത്താൽ അതനുസരിച്ച പ്രതികരണമുണ്ടാകും. കശ്മീരിൽ തന്നെ 2002ൽ ഞങ്ങൾ നല്ല രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി. 2008ൽ ഞാൻ കമീഷണറായിരിക്കെ നടത്തിയ തെരഞ്ഞെടുപ്പിൽ വമ്പിച്ച തോതിലുള്ള വോട്ടെടുപ്പാണ് നടന്നത്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് ഞങ്ങൾ കളമൊരുക്കിയപ്പോൾ 50-70 ശതമാനം ജനങ്ങളാണ് വോട്ടു രേഖപ്പെടുത്തിയത്. ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചുവരുന്നതിന്റെ അടയാളങ്ങൾ ഏറെ പ്രകടമായിരുന്നു. ഏറ്റവും സമാധാനപൂർണമായ തെരഞ്ഞെടുപ്പ് ജമ്മു-കശ്മീരിൽ നടന്നതും 2008ലായിരുന്നുവെന്നു ഞാൻ പറയും.
ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമാണസഭകളിൽ പ്രതിനിധികൾ വേണം. അതുകൊണ്ട് അവർക്ക് ജനാധിപത്യത്തോട് ഇഷ്ടമാണ്. ജനാധിപത്യം തന്നെയാണ് സായുധവാദത്തിനുള്ള ഉത്തമ മറുപടി. ഭരണകൂടത്തിൽ ജനത്തിന് വിശ്വാസമുണ്ടാകണമെങ്കിൽ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമാണ്.
ഇ.വി.എം സംശയങ്ങളും വിവാദങ്ങളും
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച സംശയങ്ങളും വിവാദങ്ങളും..?
അതൊക്കെ പഴങ്കഥയായില്ലേ? 1982ൽ കേരളത്തിൽ പറവൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിന്റെ ഒരു പാതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഇ.വി.എം ഉപയോഗിച്ചത്. അതോടെ മറ്റിടങ്ങളിലും ഇ.വി.എം വേണമെന്ന ആവശ്യമുയർന്നു. അതേസമയം പറവൂരിൽനിന്നുതന്നെ മെഷീനെതിരായ പരാതി സുപ്രീംകോടതി വരെയെത്തി. ബാലറ്റ് പേപ്പർ ഉപയോഗിക്കാത്ത വോട്ടിങ് നിയമവിധേയമല്ല എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. അതിന്റെ സാങ്കേതികമായ സംശയങ്ങളായിരുന്നില്ല, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പനുസരിച്ച് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് ജനഹിതം അറിയേണ്ടതെന്ന ന്യായം മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയത്. അങ്ങനെ വിഷയം പാർലമെന്റിൽ എത്തിയപ്പോൾ രണ്ടു രീതിയും ആവാമെന്ന് അംഗീകരിച്ച് നിയമത്തിൽ ഭേദഗതി വരുത്തുകയാണ് ചെയ്തത്. അങ്ങനെയാണ് 1998 മുതൽ ഇ.വി.എം ഉപയോഗിച്ചു തുടങ്ങിയത്.
എല്ലാ കക്ഷികളും മെഷീൻ വോട്ടിങ്ങിനെ എതിർക്കുന്നു. ഇവരൊക്കെ അധികാരത്തിൽ മാറിമാറി വന്നത് ഈ തരം വോട്ടിങ്ങിലൂടെയാണല്ലോ. ഇ.വി.എം മാനിപുലേറ്റ് ചെയ്യാവുന്ന തരത്തിലായിരുന്നുവെങ്കിൽ അധികാരത്തിൽ ഒരിക്കൽ വന്ന പാർട്ടിക്ക് കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ പിന്നീട് അധികാരം നഷ്ടപ്പെടുമായിരുന്നില്ലല്ലോ. വിശ്വാസ്യത ചോദ്യം ചെയ്യുന്നവരോട് ഞാൻ ഇപ്പോൾ ചൂണ്ടിക്കാണിക്കാറുള്ളത് പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പാണ്. അവിടെ വിജയിക്കാൻ കിട്ടിയ വല്ല അവസരവും ബി.ജെ.പി കളഞ്ഞുകുളിക്കുമായിരുന്നോ? നീണ്ട നാലു മാസക്കാലം കേന്ദ്ര കാബിനറ്റ് അവിടെ തമ്പടിച്ചാണ് പ്രചാരണം നടത്തിയത്. ആയിരക്കണക്കിനു കോടികൾ ചെലവഴിച്ചിട്ടും ദയനീയമായ തോൽവിയാണ് അവർക്കുണ്ടായത്. ഇ.വി.എം മാനിപുലേറ്റ് ചെയ്യാനാവുമായിരുന്നെങ്കിൽ അവർക്ക് പരാജയം ഒഴിവാക്കാമായിരുന്നല്ലോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഇ.വി.എമ്മിന്റെ വിശ്വാസ്യതക്കുള്ള ഏറ്റവും മികച്ച സർട്ടിഫിക്കറ്റാണ്.
കേരളത്തിലേക്കു നോക്കൂ. കേന്ദ്രത്തിലെ കരുത്തുകൊണ്ടൊന്നും അവിടെ ബി.ജെ.പിക്കു വേരോടാൻ കഴിഞ്ഞില്ല. ഇ.വി.എം മാനിപുലേഷൻ സാധ്യമെങ്കിൽ അതും ആവാമായിരുന്നു. പഞ്ചാബിൽ ബി.ജെ.പി മുന്നിലെത്താതെ പോയതെന്തേ? ചുരുക്കത്തിൽ മെഷീനെതിരായ ആരോപണങ്ങൾ ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
2009ൽ ഞാൻ കമീഷനിലുണ്ടായിരിക്കെ മെഷീൻ വിരുദ്ധ ആരോപണങ്ങൾ ഉച്ചിയിലായിരുന്നു. പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയായിരുന്നു അതിന്റെ മുന്നിൽ. ജനാധിപത്യം അപകടത്തിൽ (Democracy in Danger) എന്ന പേരിൽ ഒരു കൃതിതന്നെ ബി.ജെ.പി പുറത്തിറക്കി. എൽ.കെ. അദ്വാനിയാണ് അവതാരിക എഴുതിയത്. അന്നു ഞങ്ങൾ ഒരു സർവകക്ഷിയോഗം വിളിച്ചു. എന്താണ് പരാതിപരിഹാരമായി നിർദേശിക്കാനുള്ളതെന്നു ചോദിച്ചപ്പോൾ വിവിപാറ്റ് സംവിധാനം വേണമെന്നായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്. മെഷീനിൽ വോട്ടിന് അമർത്തുമ്പോൾ അത് അടയാളപ്പെടുന്നത് സെൻട്രൽ പ്രോസസിങ് യൂനിറ്റിലാണ്. അത് അവിടെയെത്തി എന്നോ വേറെ സ്ഥാനാർഥികൾക്ക് മാറിപ്പോയില്ല എന്നോ ഉറപ്പിക്കാനാവുമായിരുന്നില്ല. അതിനാൽ സുതാര്യതക്കായി വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റേറ്റ് (വിവിപാറ്റ്) കൂടി വേണം എന്നായിരുന്നു അവരുടെ ആവശ്യം. അവിടെ വോട്ട് ചെയ്യുമ്പോൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണ് അത് വീണതെന്നു സ്ക്രീനിൽ തെളിയും. അതിന്റെ പ്രിന്റും ലഭ്യമാകും. അതോടെ ഇ.വി.എമ്മിനെക്കുറിച്ച ആശയക്കുഴപ്പങ്ങളും തീരും.
പക്ഷേ, വിവിപാറ്റ് സൗകര്യം നാമമാത്ര അല്ലേ?
അല്ല, നൂറു ശതമാനമാണ്. 2019ലെ തെരഞ്ഞെടുപ്പിൽ വരെ അത് പൂർണമായ തോതിൽ ഉപയോഗിച്ചതാണ്. പക്ഷേ, എണ്ണൽ നാമമാത്രമാണ്. ഒരു നിയമസഭ നിയോജകമണ്ഡലത്തിൽ അഞ്ചെണ്ണം എന്ന തോതിലാണ് അതെണ്ണുന്നത് എന്നുമാത്രം. അതുകൊണ്ട് വീണ്ടും പഴയ ബാലറ്റു പേപ്പറിലേക്ക് തിരിച്ചുപോകുക എന്ന വിഡ്ഢിത്തമല്ല ചെയ്യേണ്ടത്. ഒരുദിവസം കൂടുതലെടുത്താലും മുഴുവൻ വിവിപാറ്റും എണ്ണിയാൽ തീരുന്നതേയുള്ളൂ അവശേഷിക്കുന്ന ആശയക്കുഴപ്പങ്ങളും. രണ്ടര മാസമൊക്കെ ഫലത്തിനു കാത്തിരിക്കുന്നവർക്കു രണ്ടു മൂന്നു നാൾകൂടി കാത്തിരിക്കാൻ പ്രയാസമൊന്നുമുണ്ടാവില്ല. അതുവഴി തെരഞ്ഞെടുപ്പിന്റെയും ജനാധിപത്യപ്രക്രിയയുടെയും മാറ്റു വർധിക്കുകയല്ലേ ചെയ്യുക. ബാലറ്റ് പേപ്പറിനേക്കാൾ സൈസ് വളരെ കുറവും ഒരു വിവിപാറ്റ് ചീട്ടിൽ ഒരാളുടെ പേരേ ഉണ്ടാവൂ എന്നതും അത് എണ്ണുന്നത് കൂടുതൽ എളുപ്പമാക്കും.
പടിഞ്ഞാറ് എല്ലാം കേമമല്ല
പാശ്ചാത്യ രാജ്യങ്ങൾ ഈ വഴിയേ പോകാത്തതെന്ത്?
എന്തിനു പടിഞ്ഞാറൻ രാജ്യങ്ങളെ നോക്കണം. പല കാര്യങ്ങളിലും നാം അവർക്കും മീതെയാണ്. 250 വർഷത്തെ പാരമ്പര്യമുണ്ട് അമേരിക്കൻ ജനാധിപത്യത്തിന്. രണ്ടര ശതകം പിന്നിട്ടിട്ടും ഇന്നോളം ഒരു വനിതയെ പ്രസിഡന്റായി വാഴിക്കാൻ അവർക്കായിട്ടില്ല. ഇന്ത്യ ജനാധിപത്യക്രമത്തിൽ 19 വർഷം പിന്നിട്ടപ്പോഴേക്കും ഇന്ദിര ഗാന്ധിയെപ്പോലെ കരുത്തുറ്റ ഒരു വനിതയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അപ്പോൾ ആരാണു മീതെ? ആര് ആരിൽനിന്നാണു പഠിക്കേണ്ടത്? സ്വതന്ത്ര ഇന്ത്യ 1950ൽ ആദ്യ തെരഞ്ഞെടുപ്പ് തൊട്ട് ആണിനും പെണ്ണിനും തുല്യ വോട്ടവകാശം നൽകി. അമേരിക്ക അങ്ങോട്ടെത്താൻ 144 വർഷമെടുത്തു. ആരാണ് മീതെ? നമ്മളെന്തിന് അമേരിക്കയിൽനിന്നു പഠിക്കണം? അവർ നമ്മിൽനിന്നാണു പഠിക്കേണ്ടത്. ഇംഗ്ലണ്ട് നൂറു വർഷമെടുത്തു സമ്മതിദാന വിനിയോഗത്തിലെ ലിംഗസമത്വത്തിന്. പിന്നെ നമ്മൾ എന്തിന് അങ്ങോട്ടു നോക്കണം? ചില വികസന സംരംഭങ്ങളിൽ നമ്മൾ ഇന്ത്യക്കാർ കുറെ മുന്നിലാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നമ്മൾ ഇന്ന് ലോകഗുരുവാണ്. പല രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കാൻ നമ്മുടെ സഹായം തേടിയെത്തുന്നുണ്ട്.
സൗജന്യ പ്രഖ്യാപനങ്ങൾ തടയാനാവില്ല
തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെ വിലക്കിയ സുപ്രീംകോടതി വിധിയെ താങ്കൾ എതിർത്തത് ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവത്കരിക്കരുതെന്നായിരുന്നു കമന്റ്. എന്തായിരുന്നു അത്തരമൊരു അഭിപ്രായപ്രകടനത്തിനു കാരണം?
സൗജന്യപ്രഖ്യാപനം കഴിഞ്ഞ കുറേ കാലങ്ങളായി ചർച്ചാവിഷയമാണ്. ഞാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ചുമതലയേറ്റ ശേഷം സുപ്രീംകോടതിയിൽ ഇതിനെതിരായി ഒരു പൊതു താൽപര്യ ഹരജി വന്നു. നിരുത്തരവാദപരമായ സൗജന്യപ്രഖ്യാപനങ്ങൾ നമ്മുടെ സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമെന്നും അതിനാൽ നിയന്ത്രിക്കണമെന്നുമായിരുന്നു ആവശ്യം. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് അഴിമതിയായി കാണാൻ പറ്റില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ തീർപ്പ്. എന്നിട്ടും രാഷ്ട്രീയകക്ഷികളെ വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ ചില മാർഗനിർദേശങ്ങൾ നൽകാൻ കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. അഴിമതിയല്ല എന്നു കോടതി നിരീക്ഷിച്ച വിഷയത്തിൽ പിന്നെയും എന്തിന് പാർട്ടികളെ വിളിച്ചുചേർക്കണം എന്നായിരുന്നു എന്റെ ചോദ്യം. ഏതായാലും യോഗം വിളിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തങ്ങൾ, ജനങ്ങൾക്കു മുമ്പിൽ നയനിലപാടുകളും വാഗ്ദാനങ്ങളും വെക്കും. അതു തങ്ങളുടെ അവകാശവും ബാധ്യതയുമാണ്. അതു തടയാൻ കമീഷൻ ആര് എന്നായിരുന്നു സകല കക്ഷികളുടെയും ചോദ്യം. എനിക്കും അതിനോട് യോജിപ്പായിരുന്നു. തെരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ പറയാനില്ലെങ്കിൽ പിന്നെ ജനത്തോട് സംസാരിക്കുന്നതെങ്ങനെ? വ്യാജ വാഗ്ദാനങ്ങളും തെറ്റായ പ്രഖ്യാപനങ്ങളുമുണ്ടാകുന്നത് മറ്റൊരു കാര്യം. വാഗ്ദാനങ്ങൾ നിറവേറ്റുന്നവരെ ജനം വീണ്ടും തെരഞ്ഞെടുക്കുന്നുണ്ട്. അത് ലംഘിക്കുന്നവരെ അവർ താഴെയിറക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ വോട്ടറാണ് ജഡ്ജി. അവർ ഇക്കാര്യത്തിൽ തീർപ്പു കൽപിക്കുന്നുമുണ്ട്.
എന്താണ് സൗജന്യങ്ങൾ? രണ്ടു രൂപക്ക് അരി തരാം എന്നു പറയുമ്പോൾ അതിനെ നമ്മൾ സൗജന്യമായി എടുത്തുകാണിക്കുന്നു. ഈ വിഷയത്തിൽ ഓരോ കക്ഷിയും മത്സരിച്ചു വില കുറക്കുകയും കാശില്ലാതെ അരി തരാം എന്നു പറയുകയും ചെയ്താൽ അത് സൗജന്യമെന്നു കുറ്റപ്പെടുത്താനുള്ളതാണോ? പണ്ടൊക്കെ പട്ടിണിമരണങ്ങളുണ്ടായിരുന്നു പലയിടത്തും. ഇത്തരം വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിലൂടെ അതു ചുരുക്കിക്കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ അതൊരു നേട്ടമല്ലേ? ചിലർ സൗജന്യമെന്ന് ആരോപിക്കുന്നതിനെ മറ്റു ചിലർക്ക് ക്ഷേമപദ്ധതിയെന്നും പറയാമല്ലോ? നിതീഷ് കുമാർ ബിഹാറിൽ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ സൈക്കിൾ കൊടുത്തപ്പോൾ അതിനെയും വിളിച്ചു, ഫ്രീബി (സൗജന്യം) എന്ന്. അതു ബിഹാറിലുണ്ടാക്കിയ വിപ്ലവം ആരും കാണാതെ പോയി. പെൺകുട്ടികൾ സൈക്കിളിൽ സ്കൂളിലെത്തി, അവരുടെ കൊഴിഞ്ഞുപോക്ക് സാരമായി കുറഞ്ഞു. ഒരു ലക്ഷം കോടി രൂപ വലിയ വ്യവസായ മുതലാളിമാർക്ക് നികുതിയിളവായി നൽകുന്നു. അത് സൗജന്യമല്ലേ? പാവങ്ങൾക്കു കൊടുക്കുമ്പോൾ സൗജന്യം, വൻകിടക്കാർക്ക് ലക്ഷം കോടികൾ നികുതിയിളവു നൽകുമ്പോൾ അത് മഹത്തായ സാമ്പത്തികനയവും! എങ്ങനെ നിർവചിക്കും ഈ ഫ്രീബി?
അപ്പോൾ ഇതൊരു വിഡ്ഢിത്തമാണെന്നാണോ?
ഒരിക്കലുമല്ല. അതു പാർലമെന്റിൽ ചർച്ചക്ക് വിട്ടുകൊടുക്കുക. സുപ്രീംകോടതി തീർപ്പാക്കുകയല്ല വേണ്ടത്. സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമീഷനുമൊക്കെ ഇത്തരം വിവാദങ്ങളിൽനിന്ന് വിട്ടുനിൽക്കണം. അതു പാർലമെന്റിൽ ചർച്ചചെയ്യട്ടെ. ഇപ്പോൾ പാർലമെന്റിലോ നിയമസഭകളിലോ ചർച്ചകളൊന്നും നടക്കുന്നില്ല. ഇരുപതും അമ്പതും ബില്ലുകൾ ഒറ്റയടിക്ക് പാസാക്കിയെടുക്കുകയാണ്. ഇത് ജനാധിപത്യത്തിന് അനാരോഗ്യകരമാണ്. അതിലാണ് നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. കോടതിവിധിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഇനിമേൽ പ്രകടനപത്രികയുടെ കൂടെ വാഗ്ദാനങ്ങളും അതു നിറവേറ്റാൻ പാർട്ടികൾ കാണുന്ന വഴിയും വ്യക്തമാക്കുന്ന ഒരു രേഖ കൂടി നൽകണമെന്ന് ആവശ്യപ്പെടാനിരിക്കുന്നു. അത്രയും കൊള്ളാം. എന്നാൽ ആരൊക്കെ വാഗ്ദാനങ്ങൾ പാലിച്ചു, പാലിച്ചില്ല എന്നു കമീഷൻ വിധിപറയുകയാണെങ്കിൽ അത് അപകടകരമായ നീക്കമായിരിക്കും. അത് കമീഷനെ കക്ഷിരാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുക. ഒരു കക്ഷി വാഗ്ദാനം പാലിച്ചോ ഇല്ലേ എന്നു നോക്കാൻ ജനങ്ങളുണ്ട്, മാധ്യമങ്ങളുണ്ട്, പ്രതിപക്ഷമുണ്ട്. അവർ അത് ജനങ്ങളോട് പറയും, ജനം സമ്മതിദാനത്തിലൂടെ വിധി നിർണയിക്കുകയും ചെയ്യും. അല്ലാതെ കമീഷനു വിട്ടുകൊടുത്ത് അവർ വാക്കു പാലിക്കുന്ന മികച്ച പാർട്ടി ഇതാണ് എന്നു ചൂണ്ടുന്നെങ്കിൽ പിന്നെ, അവരെ തന്നെ തുടർന്നും തെരഞ്ഞെടുത്താൽ പോരേ? പിന്നെ തെരഞ്ഞെടുപ്പിന്റെ ആവശ്യം എന്ത്?
തിരിച്ചുവിളി നിർദേശം അപ്രായോഗികം
‘നോട്ട’ പോലെ സ്ഥാനാർഥിയെ തിരിച്ചുവിളിക്കാനുള്ള അവകാശം വേണമെന്ന ആവശ്യവും ശക്തമാണ്..?
തിരിച്ചുവിളിക്കാനും തിരസ്കരിക്കാനുമുള്ള ആവശ്യം മുന്നോട്ടുവെച്ചത് അണ്ണാ ഹസാരെയാണ്. അന്നു കമീഷനിലുണ്ടായിരുന്ന ഞാൻ ഇക്കാര്യം അണ്ണാ ഹസാരെയുമായി ചർച്ച ചെയ്തിട്ടുണ്ട്. അതൊരു പിഴച്ച നിർദേശമാണ്. അത് രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് നയിക്കും. ഡൽഹിയിൽ മാത്രമല്ല, ജമ്മു-കശ്മീരിൽ, മണിപ്പൂരിൽ, നാഗാലാൻഡിൽ, അതിർത്തിദേശങ്ങളിൽ, മാവോവാദി ഭീഷണി പ്രദേശങ്ങളിൽ...അങ്ങനെ വിഷമം പിടിച്ച മറ്റു പലയിടങ്ങളിലുമായാണ് തെരഞ്ഞെടുപ്പ്. വമ്പിച്ച സുരക്ഷാസന്നാഹങ്ങളും മറ്റും സംവിധാനിച്ചാണ് ഈ അഭ്യാസം പൂർത്തിയാക്കുന്നത്. എന്നിട്ട്, അവിടെനിന്ന് എം.എൽ.എയെയും എം.പിയെയും തെരഞ്ഞെടുത്തയച്ച് ആറുമാസമോ കൊല്ലമോ കഴിഞ്ഞ് തിരിച്ചുവിളിക്കുന്നതും പിന്നെയും തെരഞ്ഞെടുപ്പ് നടത്തുന്നതും എത്രത്തോളം പ്രായോഗികമാണ്? അഞ്ചു ലക്ഷം വോട്ടുനേടി ജയിക്കുന്ന ഒരാൾക്കെതിരെ തോറ്റ സ്ഥാനാർഥി തിരിച്ചുവിളിക്കാനുള്ള കാമ്പയിൻ ആരംഭിക്കുന്നു. എത്ര പേരുടെ മാർജിൻ വെച്ചാണ് തിരിച്ചുവിളി വേണോ വേണ്ടേ എന്നു തീരുമാനിക്കുക? ഒരു ആയിരമോ പതിനായിരമോ പറഞ്ഞെന്നുവെച്ച് തിരിച്ചുവിളിക്കാനുള്ള വഴിതുറക്കുമോ? ബാക്കി ലക്ഷം വോട്ടർമാരുടെ ഹിതം എങ്ങനെയറിയും? നടക്കാത്ത കാര്യമാണത്. ഇതെല്ലാം വിശദീകരിച്ചപ്പോൾ അത്രത്തോളം ആലോചിച്ചില്ലെന്നും അതു ഞങ്ങളുടെ ഡിമാന്റുകളിൽനിന്നു വെട്ടിയൊഴിവാക്കുകയാണെന്നും അണ്ണാ ഹസാരെ വഴങ്ങുകയായിരുന്നു. അതിൽ പിന്നെ അദ്ദേഹം ആ ആവശ്യം ഉന്നയിച്ചിട്ടേയില്ല.
ഇലക്ടറൽ ബോണ്ടുകൾ വമ്പൻ സ്രാവുകൾക്ക്
ഇലക്ടറൽ ബോണ്ടുകളെക്കുറിച്ച് എന്താണ് അഭിപ്രായം? അധികാരത്തിന്റെ ബലമുള്ളവർക്ക് നിലനിൽപിനും ചെറിയ, ബദൽ കക്ഷികൾക്ക് അവസരനിഷേധത്തിനും വഴിയൊരുങ്ങുകയല്ലേ അതുവഴി ഉണ്ടാവുക?
പണം കറൻസിയായി സംഭാവന നൽകുന്നതിനു പകരം പാർട്ടികൾക്ക് ബാങ്ക് സംവിധാനം വഴി കൈമാറുന്ന രീതി നല്ലതുതന്നെ. എന്നാൽ അതിന്റെ ദുരന്തവശവും കാണാതിരുന്നുകൂടാ. സംഭാവന വിഷയത്തിൽ നേരത്തേ ഉണ്ടായിരുന്ന സുതാര്യത ഇല്ലാതായിക്കഴിഞ്ഞു. 20,000 രൂപയിൽ കൂടുതലുള്ള സംഭാവനകളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇലക്ടറൽ ബോണ്ട് വഴി ആയിരക്കണക്കിന് കോടികൾ കൈമാറ്റം ചെയ്യപ്പെടുമ്പോഴും ആര് ആർക്ക്, എത്ര നൽകുന്നുവെന്ന് അറിയാൻ മാർഗമില്ല. അതിനു പകരം എന്താണ് ഈ കക്ഷികൾ തിരികെ പറ്റുന്നതും എന്നും വ്യക്തമല്ല.
പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പരാമർശിച്ചു. മൂന്നു കാര്യങ്ങളാണ് അവർ പറഞ്ഞത്. ഒന്ന്, തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യമാകാതെ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല. രണ്ട്, കഴിഞ്ഞ 70 വർഷമായി ഈ സുതാര്യത നേടിയെടുക്കുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു. ഇതു രണ്ടും കേട്ടപ്പോൾ സന്തോഷമായി. ഇനി സുതാര്യത കൊണ്ടുവരാനുള്ള വഴിയായിരിക്കും മന്ത്രി പറയുക എന്നാണ് കരുതിയത്. മൂന്നാം വാചകം ഇലക്ടറൽ ബോണ്ട് നടപ്പിലാക്കുന്നു എന്നായിരുന്നു. എന്നാൽ സംഭാവന നൽകുന്നയാൾ പേര് രഹസ്യമായി സൂക്ഷിക്കാൻ താൽപര്യപ്പെടുന്നതിനാൽ ആര് സംഭാവന നൽകി എന്ന കാര്യം വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. അതോടെ കാര്യങ്ങളെല്ലാം പഴയതിലും മോശമായി. ഏതു വ്യക്തി/കമ്പനി, ഏതു പാർട്ടിക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകി എന്നെങ്കിലും വ്യക്തമാക്കണ്ടേ? അഞ്ചു വർഷമായി പ്രശ്നം സുപ്രീംകോടതിയുടെ മുന്നിലുണ്ട്. അവർക്ക് അടിയന്തരമായി പരിഗണിക്കേണ്ട കേസായിപോലും ഇത് തോന്നിയില്ല എന്നതാണ് കൗതുകം. ഒടുവിൽ ഇതിനായി ഒരു ഭരണഘടന ബെഞ്ച് രൂപവത്കരിച്ചിട്ടുണ്ട്. അവർ ഒരു തീർപ്പിലെത്തും എന്നു പ്രതീക്ഷിക്കാം. ലളിതമാണ് കാര്യം. ആര്, ആർക്ക് നൽകി എന്ന് വ്യക്തമാക്കി ഇലക്ടറൽ ബോണ്ട് തുടരട്ടെ.
സംവാദത്തിന്റെ വഴിയേ
ജനാധിപത്യവും സംവാദവും പരസ്പരം ബന്ധപ്പെട്ടതാണ്. ഈയിടെ എസ്.വൈ. ഖുറൈശി ഒരു സമുദായാന്തര സംവാദത്തിനു മുൻകൈയെടുത്തു. അങ്ങനെ ഇറങ്ങിത്തിരിക്കാനുള്ള കാരണം?
മുസ്ലിം സമുദായത്തിൽ അരക്ഷിതബോധം വളർന്നുവരുന്നുവെന്നത് യാഥാർഥ്യമാണ്. ആൾക്കൂട്ടക്കൊല, വംശഹത്യ ആഹ്വാനം, സാമ്പത്തിക ബഹിഷ്കരണം എന്നിങ്ങനെ പലതരത്തിൽ മുസ്ലിംകൾ ആക്രമണത്തിനും അവഹേളനത്തിനും ഇരയാകുന്നത് രാജ്യം കാണുന്നുണ്ട്. മുസ്ലിംകളെ കൊന്നുകളയാനും സാമ്പത്തികരംഗത്ത് ബഹിഷ്കരിക്കാനുമൊക്കെയുള്ള നിരുത്തരവാദപരമായ മുറവിളികൾ ഉയർന്നുകൊണ്ടിരിക്കുന്നു. ഈ ക്രിമിനൽ പാതകങ്ങൾക്കെതിരെ ഭരണകൂടം കാര്യമായി ഒന്നും ചെയ്യുന്നുമില്ല. ജനാധിപത്യത്തിനെതിരായ ഈ നഗ്നമായ ആക്രമണങ്ങളെ പൊലീസ് കൈയും കെട്ടി നോക്കിനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എന്തുചെയ്യണമെന്ന് ഞങ്ങൾ ആലോചിച്ചു. വെറുതെയിരുന്ന് നെഞ്ചത്തടിച്ചു കരയുകയോ, കുറുവടികളും ആയുധങ്ങളുമേന്തി തെരുവിൽ പ്രതിഷേധിക്കുകയോ, അങ്ങനെ സ്റ്റേറ്റിനോട് വിഫലമായ രീതിയിൽ എതിരിടുകയോ? ഇതു രണ്ടുമല്ലാത്ത മൂന്നാമതൊരു വഴിയേതാണ്? അതു സംവാദംതന്നെ. ഹിന്ദുത്വശക്തികളുടെ ഏറ്റവും ഉയർന്ന നേതൃത്വവുമായി, ആർ.എസ്.എസ് ചീഫുമായി നേരിട്ട് സംസാരിച്ചാലെന്താ എന്നായി. വർത്തമാനസാഹചര്യത്തെ അദ്ദേഹം എങ്ങനെ കാണുന്നു എന്നറിയണമല്ലോ. സന്തോഷകരമായ അനുഭവമായിരുന്നു ആ കൂടിക്കാഴ്ച. ഞങ്ങളുന്നയിച്ച കാര്യങ്ങൾ ഭാഗവത് ശ്രദ്ധാപൂർവം കേട്ടു. 22-25 കോടി വരുന്ന ഒരു ജനവിഭാഗം ഉപരോധത്തിനിരയായി അരക്ഷിതത്വം അനുഭവിച്ചു കഴിയേണ്ടിവരുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. മുസ്ലിംകളിൽനിന്ന് അഭിമുഖീകരിക്കുന്ന കാഫിർ വിളി, പശുവധം തുടങ്ങിയ ചില കാര്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. അതിന്റെ മറുവശം ഞങ്ങൾ പറഞ്ഞു. ജിഹാദി, പാകിസ്താനി തുടങ്ങി മുസ്ലിം സമൂഹം നേരിടുന്ന അവഹേളനങ്ങൾ ഞങ്ങളും ചൂണ്ടിക്കാട്ടി. അതിന് അദ്ദേഹവും മറുപടി പറഞ്ഞു. അങ്ങനെ ഇരുവിഭാഗവും അന്യോന്യം അറിയാനുപകരിച്ച മൊത്തം പോസിറ്റിവായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.