മലയാള നാടകവേദിയുടെ ദീർഘചരിത്രത്തിൽ എൺപതുകളോടെ വലിയ വഴിത്തിരിവുകൾ ഉണ്ടായി. കേരളത്തിൽ ഉയർന്നുവന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പം വിവിധ തലങ്ങളിലുള്ള ദൃശ്യ-സംഗീത ആവിഷ്കാരങ്ങളും രൂപപ്പെട്ടുവന്നു. തെരുവുനാടകങ്ങൾ, കലാജാഥകൾ, കവിതകളുടെ ദൃശ്യാഖ്യാനങ്ങൾ തുടങ്ങിയവ സജീവമായിരുന്നു. സ്ത്രീസ്വത്വത്തിന്റെ വിളംബരങ്ങളായിരുന്നു...
മലയാള നാടകവേദിയുടെ ദീർഘചരിത്രത്തിൽ എൺപതുകളോടെ വലിയ വഴിത്തിരിവുകൾ ഉണ്ടായി. കേരളത്തിൽ ഉയർന്നുവന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പം വിവിധ തലങ്ങളിലുള്ള ദൃശ്യ-സംഗീത ആവിഷ്കാരങ്ങളും രൂപപ്പെട്ടുവന്നു. തെരുവുനാടകങ്ങൾ, കലാജാഥകൾ, കവിതകളുടെ ദൃശ്യാഖ്യാനങ്ങൾ തുടങ്ങിയവ സജീവമായിരുന്നു. സ്ത്രീസ്വത്വത്തിന്റെ വിളംബരങ്ങളായിരുന്നു ഈ കലാപ്രകടനങ്ങൾ. അന്വേഷി, സമത, മാനുഷി തുടങ്ങിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഇത്തരം കലാവിഷ്കാരങ്ങൾക്ക് വേദിയൊരുക്കി. ഈ ഊർജത്തിൽനിന്നാണ് കേരളത്തിൽ ഫെമിനിസ്റ്റ് നാടകവേദി രൂപപ്പെടുന്നത്. സ്ത്രീജീവിതത്തിന്റെ വിഭിന്ന അവസ്ഥകളെ അരങ്ങിൽ അവതരിപ്പിക്കാനാണ് ഈ നാടകവേദിയിലൂടെ ശ്രമിച്ചത്. അരങ്ങിന്റെ സവിശേഷ ഭാഷ, സ്ത്രീ ഉടലിന്റെ അസാധാരണ വിനിമയങ്ങൾ, ആശയസമീപനങ്ങളിലെ നവീനത തുടങ്ങിയവ ഫെമിനിസ്റ്റ് നാടകവേദികൾ രൂപപ്പെടുത്തി. ആധുനിക മലയാള നാടകവേദിയുടെ ചരിത്രത്തെ ഉന്മേഷഭരിതമാക്കിയത് ഈ നാടകസംഘങ്ങളാണ്. നിരീക്ഷ എന്ന ഫെമിനിസ്റ്റ് നാടകവേദിയെ ഈ ചരിത്രത്തിൽനിന്നാണ് കണ്ടെത്തേണ്ടത്. സുധി ദേവയാനി, രാജ രാജേശ്വരി എന്നിവർ നേതൃത്വം നൽകുന്ന നിരീക്ഷ ആധുനിക നാടകവേദിയുടെ പരീക്ഷണശാലകൂടിയാണ്.
സി.വി. സുധി എന്ന സുധി ദേവയാനി ചെറുപ്പത്തിൽതന്നെ നാടകം കണ്ടാണ് വളർന്നത്. കോട്ടയം ജില്ലയിലെ മാന്തുരുത്തിയിലെ വീട് തന്നെ ഒരു അരങ്ങായിരുന്നു. സുധി പറയുന്നു: ''എന്റെ സഹോദരന്മാരെല്ലാം നാടകത്തിൽ വലിയ താൽപര്യം ഉള്ളവരായിരുന്നു. ഓണത്തിനും ആഘോഷങ്ങൾക്കും നാട്ടിൽ അവരും സംഘവും നാടകങ്ങൾ അവതരിപ്പിക്കും. എല്ലാം പഴയ രീതിയിലുള്ള റിയലിസ്റ്റിക് നാടകങ്ങളായിരുന്നു. നാട്ടിൻപുറത്തിന് ചേരുന്ന നാടകങ്ങൾ. ഒരു സന്ദർഭത്തിൽ അവർ ഒരു പരീക്ഷണത്തിന് തയാറായി. ജി. ശങ്കരപ്പിള്ളയുടെ 'തിരുമ്പിവന്താൻ തമ്പി' എന്ന നാടകം അവതരിപ്പിച്ചു. പക്ഷേ, ആ അവതരണം പരാജയമായി. നാട്ടിൻപുറത്തെ സാധാരണക്കാർക്ക് ആ നാടകം ഉൾക്കൊള്ളാനായില്ല. ആ നാടകത്തിന്റെ പരാജയം അവരെ നിരാശരാക്കി.'' സുധിക്ക് ചെറുപ്പത്തിൽതന്നെ വായനയുടെ ഹരം തുടങ്ങിയിരുന്നു. കറുകച്ചാൽ ലൈബ്രറിയിൽ പോയി പുസ്തകങ്ങളെടുത്ത് വായിക്കുമായിരുന്നു. ''വീട്ടിലെ അന്തരീക്ഷം വായിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. വീട്ടിൽ പലപ്പോഴും അക്ഷരശ്ലോക സദസ്സ് ഉണ്ടാവും. അമ്മാവന് അതിൽ താൽപര്യം ഉണ്ടായിരുന്നു. അതുപോലെ കവിതകൾ ചൊല്ലുമായിരുന്നു. അമ്മക്കും ഇതിലൊക്കെ അഭിരുചി ഉണ്ടായിരുന്നു.'' ഈ പാരമ്പര്യമാവാം സുധി ദേവയാനി എന്ന നാടകപ്രവർത്തകയെ രൂപപ്പെടുത്തിയെടുത്തത്.
ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ എടുത്ത തീരുമാനമായിരുന്നു സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുക എന്നത്. അതുവരെ ഒരു നാടകത്തിൽപോലും വേഷം കെട്ടിയിട്ടില്ലാത്ത സുധി നാടക സ്കൂളിൽ ചേരാൻ എടുത്ത തീരുമാനം മലയാള നാടകചരിത്രത്തിൽ തന്നെ ഒരു ദിശാവ്യതിയാനം സൃഷ്ടിച്ചു. സി.ജെ. തോമസിന്റെ 'അവൻ വീണ്ടും വരുന്നു' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സുധി നാടകജീവിതം ആരംഭിക്കുന്നത്. സുധി അക്കാലം ഓർക്കുന്നു. ''സംവിധാനം പഠിക്കാനായിരുന്നു എനിക്ക് താൽപര്യം. പക്ഷേ, ഞങ്ങളുടെ ബാച്ചുകളിൽ പെൺകുട്ടികൾ കുറവായിരുന്നു. അതുകൊണ്ട് സ്കൂൾ ഓഫ് ഡ്രാമയിലെ എല്ലാ നാടകങ്ങളിലും അഭിനയിക്കേണ്ടി വന്നു. സംവിധാനത്തിനുള്ള സാധ്യതകൾ കിട്ടിയില്ല. ഏതാണ്ട് എഴുപത്തിയഞ്ചോളം നാടകങ്ങളിൽ അഭിനയിച്ചു. പക്ഷേ, ഓരോ നാടകത്തിന്റെ െപ്രാഡക്ഷനും നിശ്ശബ്ദമായി നോക്കിനിന്നു. നാടക റിഹേഴ്സലുകൾ പലപ്പോഴും രാത്രിയിൽ ആയിരിക്കും. പക്ഷേ ആറു മണിക്കുശേഷം ഹോസ്റ്റലിനു പുറത്തുപോകാൻ കഴിയില്ലായിരുന്നു. അത് വലിയ പരിമിതിയായിരുന്നു. സെറ്റ് നിർമാണം, ലൈറ്റിങ് തുടങ്ങിയവയെല്ലാം കണ്ടു പഠിച്ചു. ആ പഠനമാണ് പിൽക്കാലത്ത് സംവിധായികയാക്കി മാറ്റിയത്.''
സ്കൂൾ ഓഫ് ഡ്രാമ പഠനകാലത്തു തന്നെ അരങ്ങിനെ കുറിച്ചും സമൂഹത്തെ കുറിച്ചും സുധിക്ക് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു. സുധി പറയുന്നു: ''അക്കാലത്ത് കേരളത്തിൽ സജീവമായിരുന്ന മാനുഷിപോലുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയെടുത്ത സാമൂഹിക അവബോധം സ്വാധീനിച്ച് സമൂഹത്തിന്റെ വിവിധതലങ്ങളിലെ പോലെ അരങ്ങിലും പുരുഷാധിപത്യം നിലനിൽക്കുന്നു എന്ന് തിരിച്ചറിഞ്ഞു. സ്ത്രീകൾക്കായുള്ള ഒരു സർഗാത്മക ഇടം അരങ്ങിൽ നിലനിൽക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു. ശരീരവും ഭാവവും തമ്മിലുള്ള പാരസ്പര്യത്തിന്റെ പരിമിതികൾ മനസ്സിലായി. അങ്ങനെയാണ് പുതിയ നാടകവേദിയെ കുറിച്ച് അന്വേഷിക്കുന്നത്.'' ഈ അന്വേഷണത്തിൽനിന്നാണ് 1994ൽ അഭിനേത്രി എന്ന നാടകസംഘം രൂപപ്പെടുന്നത്. മലയാളത്തിലെ ഫെമിനിസ്റ്റ് തിയറ്ററിന്റെ തുടക്കമായിരുന്നു അത്. സുധി പറയുന്നു: ''ജി. ശങ്കരപ്പിള്ളയുടെ രണ്ടു നാടകങ്ങൾ ചേർത്ത് 'ചിറകടിയൊച്ചകൾ' എന്ന നാടകമാണ് ചെയ്തത്. കുന്തിയും രാധയും തമ്മിലുള്ള സമാഗമമായിരുന്നു നാടകത്തിന്റെ പ്രമേയം. ശ്രീലതയും സജിത മഠത്തിലുമാണ് അഭിനയിച്ചത്.'' സുധി ആദ്യമായി സംവിധാനംചെയ്ത ഈ നാടകത്തെപ്പറ്റി സജിത മഠത്തിൽ എഴുതുന്നു: ''കുന്തിയും രാധയും ജി. ശങ്കരപ്പിള്ളയുടെ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി മാറുന്ന കാഴ്ചയാണ് നമുക്ക് ഇവിടെ കാണാനാവുക. നടികളും കഥാപാത്രങ്ങളും തമ്മിൽ ഒട്ടേറെ കൊടുക്കൽ വാങ്ങലുകൾ സംഭവിക്കുന്ന രീതിയിലായിരുന്നു അതിന്റെ സംവിധാനം നിർവഹിച്ചിരുന്നത്.'' ഈ ആദ്യ നാടകംതന്നെ ശ്രദ്ധേയമായി. മൂന്നു പേർ ചേർന്ന ഈ നാടകസംഘം അധികകാലം മുന്നോട്ട് പോയില്ല. മൂന്നുപേരും മൂന്ന് വഴികൾ തേടി.
1998ലാണ് 'നിരീക്ഷ' ആരംഭിക്കുന്നത്. രാജ രാജേശ്വരിയുമായുള്ള സൗഹൃദത്തിൽനിന്നാണ് ആ നാടകവേദി രൂപംകൊള്ളുന്നത്. എറണാകുളത്തെ പ്രശസ്ത അഭിഭാഷകൻ ഈശ്വര അയ്യരുടെ മകൾക്ക് ചെറുപ്പത്തിൽതന്നെ കലകളോട് താൽപര്യം ഉണ്ടായിരുന്നു. രാജേശ്വരി പറയുന്നു: ''അച്ഛന് കലാകാരന്മാരോട് അടുപ്പമുണ്ടായിരുന്നു. കലാനിലയം നാടകങ്ങൾ കാണാൻ പോകുമായിരുന്നു. വായിക്കാനുള്ള ധാരാളം പുസ്തകങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. അങ്ങനെ എഴുത്തിനോടും കലകളോടും താൽപര്യം ഉണ്ടായി.'' 90കളിൽ തിരുവനന്തപുരത്തു നടന്ന സ്ത്രീകളുടെ പ്രതിരോധസമരങ്ങളിലൂടെയാണ് സുധിയും രാജേശ്വരിയും സുഹൃത്തുക്കളായത്. അപ്പോൾ രാജേശ്വരി തുമ്പ സെന്റ് സേവിയേഴ്സ് കോളജിലെ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. സമരങ്ങളിലെ സൗഹൃദം നാടകത്തിലേക്ക് എത്തി. നിരീക്ഷ എന്ന നാടകവേദി അങ്ങനെയാണ് ഉണ്ടാവുന്നത്. ആദ്യനാടകം 'പ്രവാചക' ആയിരുന്നു. രചന രാജേശ്വരി, സംവിധാനം സി.വി. സുധി. ഗ്രീക് മിത്തോളജിയിലേ കസാൻട്രയെ അടിസ്ഥാനമാക്കി രചിച്ച നാടകമായിരുന്നു അത്. ഒരു പരീക്ഷണനാടകമെന്ന് പറയാം. ആതിര, കനി എന്നിവരായിരുന്നു അഭിനയിച്ചത്. സമൂഹത്തോട് സത്യം പറയുന്ന, ചോദ്യംചെയ്യുന്ന പ്രവാചകയെയാണ് സുധി സാക്ഷാത്കരിച്ചത്. സജിത മഠത്തിൽ ഈ നാടകത്തെ കുറിച്ച് എഴുതുന്നു: ''പുതിയ തലമുറയിലെ കഴിവുറ്റ നടികളുടെ കൂട്ടായ്മയിൽ പ്രവാചകയും മറ്റു കഥാപാത്രങ്ങളും മിഴിവുറ്റതായി മാറുകയായിരുന്നു. ഗ്രീക് നാടകങ്ങളും അവയിലെ കഥാപാത്രങ്ങളും ഒട്ടേറെ പുനർവായനക്ക് വിധേയമായിട്ടുണ്ട്. മലയാള നാടകവേദിയിൽ ഇത്തരമൊരു പരീക്ഷണം ഒരുപക്ഷേ ആദ്യമാവും. പുരുഷ മേൽക്കോയ്മ സമൂഹത്തിനകത്തു പിറവികൊണ്ട് ഒരു കഥാപാത്രത്തെ ഇന്നത്തെ തലമുറയിലെ സ്ത്രീകൾ പുനർവായിക്കുമ്പോൾ കാലങ്ങളും ദേശങ്ങളും തമ്മിൽ വലിയ ദൂരമിെല്ലന്ന് കാണാം.''
'പ്രവാചക'യോടെ നിരീക്ഷ മലയാള നാടകവേദിയിൽ ശ്രദ്ധേയമായി. മലയാളത്തിലെ ശക്തമായ ഒരു ഫെമിനിസ്റ്റ് തിയറ്ററിന്റെ ഉദയമായിരുന്നു അത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തിനിടയിൽ നിരീക്ഷ അവതരിപ്പിച്ച ഓരോ നാടകവും വിഭിന്ന ആവിഷ്കാരങ്ങൾ ആയിരുന്നു. നാടകങ്ങളുടെ ഉള്ളടക്കത്തിൽ സ്ത്രീയുടെ ജീവിത ഇടങ്ങൾക്കും അതിജീവന സമരങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. നാടകഘടനയിലും ആവിഷ്കാരത്തിലുമെല്ലാം സ്ത്രീ സാന്നിധ്യത്തിന് സവിശേഷ പ്രസക്തി നൽകി. ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ, നിഴലുകളുടെ മണം, പുനർജനി, അവതാർ, അവന്തിക തുടങ്ങിയ നാടകങ്ങൾ അരങ്ങേറി. ഓരോ നാടകവും അരങ്ങിലും പുറത്തും പുരുഷമേധാവിത്വത്തെ ചോദ്യംചെയ്തു. സുധി പറയുന്നു: ''ഓരോ നാടകവും ഞങ്ങൾ അവതരിപ്പിച്ചത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. തിയറ്ററിലെ എസ്റ്റാബ്ലിസ്റ്റ് സംവിധാനങ്ങൾ നാടകങ്ങളെ അപ്രസക്തമാക്കാൻ പലപ്പോഴും ശ്രമിച്ചു. ചില അവതരണങ്ങൾക്കുമുമ്പ് അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും പിരിഞ്ഞുപോയ അനുഭവങ്ങൾവരെയുണ്ട്. അക്കാദമി മത്സരങ്ങളിൽ പോലും ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി. അരങ്ങിലെ സ്ത്രീയുടെ സ്പേസ് അംഗീകരിക്കാൻ പലരും തയാറായില്ല. ആരാണ് ഇതിന്റെ പിന്നിൽ എന്ന് ചോദിച്ചാൽ ഒരാളെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. മുഖമില്ലാത്ത കുറെ മനുഷ്യരാണ് എന്നേ പറയാൻ കഴിയൂ.'' തിരുവനന്തപുരത്തു മലയത്തിന് അടുത്ത് നിരീക്ഷക്ക് സ്ഥിരം തിയറ്റർ ഉണ്ട്. സുധിയും രാജേശ്വരിയും ജീവിതം നിരീക്ഷക്കായി സമർപ്പിക്കപ്പെട്ടവരാണ്.
മലയാളത്തിലെ സ്ത്രീ നാടകവേദി നേരിടുന്ന പ്രധാന പ്രശ്നം എന്താണ്?
സുധി: പ്രധാന പ്രശ്നം സ്ത്രീകൾക്ക് നാടകം ചെയ്യാനുള്ള സ്പേസ്, സ്വാതന്ത്ര്യം വേണമെന്നതാണ്. ഇത് നടക്കുമെന്ന് പുരുഷന്മാർ കൽപിക്കുന്നു. നമ്മൾ അനുസരിക്കുന്നു. അതാണ് കീഴ് വഴക്കം. സ്ത്രീകൾക്ക് നാടകംചെയ്യാനുള്ള ക്രിയാത്മകമായ ഒരു സ്പേസ് ഉണ്ടാക്കിയെടുക്കണം. എവിടെയും ഒരു രക്ഷകൻ വേണമെന്ന ഒരു അവസ്ഥ ഇവിടെയുണ്ട്, അത് നാടകത്തിലുമുണ്ട്. അതിന് മാറ്റംവന്നേ മതിയാവൂ. ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ സ്ത്രീ നാടകപ്രവർത്തകർക്കു നിവർന്നു നിൽക്കാൻ കഴിയണം. സ്ത്രീ നാടകപ്രവർത്തകരുടെ സ്വാതന്ത്ര്യമാണ് പ്രധാന പ്രശ്നം. അത് നേടിയെടുക്കുന്നതോടെ മലയാളത്തിലെ സ്ത്രീ നാടകവേദി ശക്തിപ്പെടും.
കേരളത്തിൽ രാഷ്ട്രീയ നാടകവേദിയുടെ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഇന്ന് അത്തരമൊരു സാന്നിധ്യം പ്രകടമല്ല. എന്തുകൊണ്ടാവാം?
സുധി: ഇവിടെ രൂപപ്പെട്ടു വരുന്ന സൂക്ഷ്മ രാഷ്ട്രീയത്തെ ബൃഹദ് രാഷ്ട്രീയം തമസ്കരിക്കുകയാണ്. അതുകൊണ്ട് യഥാർഥ രാഷ്ട്രീയം പറയാൻ കഴിയുന്നില്ല. ഇവിടെ എല്ലാം കോർപറേറ്റ് വത്കരിക്കുകയാണ്. ഇവിടെ ഉണ്ടാകുന്ന ജനപക്ഷ, ബഹുജന മുന്നേറ്റങ്ങളെപ്പോലും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ പിന്തുണക്കുന്നില്ല. തമിഴ്നാട്ടിൽ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ഉയർന്നുവന്നിട്ടുണ്ട്. ഇവിടെ അത്തരം പ്രവണതകളെ ബൃഹദ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിഴുങ്ങിക്കളയും. ആ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ രാഷ്ട്രീയ നാടകവേദിയെ കുറിച്ച് ആലോചിക്കാൻ.
രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാണ് ഈ സമീപനം സ്വീകരിക്കുന്നത്?
സുധി: രാഷ്ട്രീയ പാർട്ടികൾ അവരോടൊപ്പം നിൽക്കുന്നവരേ സഹായിക്കുള്ളു. രാഷ്ട്രീയ പാർട്ടികൾ അധികാരത്തിന്റെ ഭാഗമാണ്. അവർ സ്വതന്ത്രരായി നിൽക്കുന്ന സ്ത്രീകളെ സഹായിക്കില്ല. സ്ത്രീകൾക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ അവർക്ക് താൽപര്യമില്ല. കോർപറേറ്റുകളും സ്ത്രീകളെ ഒഴിവാക്കുകയാണ്. നിരീക്ഷ രാഷ്ട്രീയ നാടകത്തിന്റെ സാധ്യതകളെ തിരിച്ചറിയുന്നുണ്ട്. ഞങ്ങൾക്ക് ഈ മേഖലയിൽ ശ്രദ്ധേയമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഈയിടെ ഞങ്ങൾ നടത്തിയ ഓൺലൈൻ നാടകോത്സവത്തിൽ 'കാമഖ്യ' അവതരിപ്പിച്ചു. അതിനടിയിൽ ഒരു മോശം കമന്റ് പോലും വന്നില്ല.
ഒരു സംവിധായികയായി മാറിയപ്പോൾ നേരിട്ട പ്രതിസന്ധി എന്താണ്?
സുധി: സ്കൂൾ ഓഫ് ഡ്രാമയിലെ പരിചയംകൊണ്ടാണ് സംവിധാനംചെയ്തു തുടങ്ങിയത്. ലൈറ്റിങ് കാര്യത്തിലൊക്കെ ആദ്യം ചില പരിചയ കുറവുണ്ടായിരുന്നു. അതൊെക്ക പിന്നീട് മാറി. 30 അഭിനേതാക്കളെ വെച്ച് നാടകം ചെയ്യാനൊക്കെ കഴിഞ്ഞു. ഓരോ നാടകഘടനയും ഉടച്ചുവാർത്തുകൊണ്ടാണ് അടുത്തതിലേക്കു പോകുന്നത്. നാടകത്തിന്റെ കോമ്പോസിഷൻ ഒക്കെ മാറിക്കൊണ്ടിരിക്കും. അതുപോലെ സ്റ്റേജിലെ പൊസിഷനിങ്ങിൽ സ്ത്രീകൾക്കായിരിക്കും പ്രാധാന്യം നൽകുക. നാടക ദൃശ്യങ്ങളിലും സ്ത്രീകൾക്കാണ് പ്രാധാന്യം കൊടുക്കുക. സെറ്റിന്റെ നിർമാണത്തിൽപോലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
സംവിധായിക എന്നനിലയിൽ ഇപ്പോൾ തോന്നുന്ന പരിമിതി എന്താണ്?
സുധി: നമ്മുടെ നാടിന് പുറത്തെ വിശാലമായ ലോകത്ത് പോയി നാടകപരീക്ഷണങ്ങൾ കാണാനും പങ്കെടുക്കാനും കഴിഞ്ഞില്ല എന്ന പരിമിതിയുണ്ട്. സ്റ്റേജ്, ലൈറ്റ്, സെറ്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ കഴിയുമായിരുന്നു. തിയറ്റർ ഒരു ലബോറട്ടറി പോലെയാണല്ലോ. പരീക്ഷണങ്ങൾ ധാരാളം ഉണ്ടാവണം. സ്വയം പുതുക്കാൻ കഴിയണം.
നിരീക്ഷയുടെ ഇന്നത്തെ അവസ്ഥ എന്താണ്?
സുധി: പ്രധാനം സാമ്പത്തികപ്രശ്നങ്ങൾ തന്നെ. സർക്കാറിൽനിന്ന് ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല. കുട്ടികളുടെ നാടകവേദി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പല സ്ഥലത്തും വർക്ക്ഷോപ്പുകളും ക്ലാസ് എടുത്തുമാണ് മുന്നോട്ടു പോകുന്നത്.
സി.വി. സുധി എങ്ങനെ സുധി ദേവയാനി ആയി?
എന്റെ അമ്മയുടെ പേരാണ് ദേവയാനി. അമ്മ മരിച്ചപ്പോൾ ആ പേര് ഞാൻ എടുത്തു.
നിരീക്ഷ സാമൂഹികപ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്. പക്ഷേ, ഒരു നാടകവും റിയലിസ്റ്റിക് അല്ലല്ലോ?
രാജേശ്വരി: എന്റെ എഴുത്ത് അങ്ങനെയാണ്. ഞാൻ ഫാന്റസി രീതിയിലാണ് ആലോചിക്കുന്നത്. അതുകൊണ്ട് സ്റ്റേജിൽ ഒരുപാട് സ്വാതന്ത്ര്യം കിട്ടും. സ്റ്റേജിനെ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയും. അതുപോലെ സ്ത്രീകൾ എപ്പോഴും കഥകൾ ഉണ്ടാക്കുന്നവരാണ്. അവർ കഥ പറയുന്നത് കാലബദ്ധമായി അല്ല. വർത്തമാനത്തിൽനിന്ന് ഭൂതത്തിലേക്കും ഭൂതത്തിൽനിന്ന് വർത്തമാനത്തിലേക്കും അവർ സഞ്ചരിക്കും. റിയലിസ്റ്റിക് ലോകത്ത് കൂടിയല്ല അവർ സഞ്ചരിക്കുന്നത്. ഇത്തരം നാടക രചനക്ക് അതും ഒരു കാരണമാണ്.
നിങ്ങളുടെ നാടകങ്ങൾ ഒരു കൃതിയായി വായിച്ച് ആസ്വദിക്കാൻ കഴിയുമോ?
രാജേശ്വരി: എനിക്ക് ഭാഷയുടെ പരിമിതിയുണ്ട്. ഞാൻ പഠിച്ചത് തമിഴും ഇംഗ്ലീഷുമാണ്. അതുകൊണ്ട് പ്രാദേശിക ഭാഷകൾ പ്രയോഗിക്കാൻ കഴിയില്ല. മലയാളത്തിലെ പദപരിചയം കുറവാണ്. അതുകൊണ്ട് ഒരു പൊതുസ്വഭാവമുള്ള സ്ത്രീകളെയാണ് സൃഷ്ടിക്കുന്നത്. പക്ഷേ, സംഭാഷണങ്ങൾ താളാത്മകമാക്കാൻ ശ്രദ്ധിക്കാറുണ്ട്.
നാടകത്തിന്റെ പ്രമേയം സ്വീകരിക്കുന്നത് എവിടെനിന്നാണ്?
രാജേശ്വരി: ചുറ്റുപാടും കാണുന്ന പ്രശ്നങ്ങളിൽനിന്നാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങി പലതും.
രണ്ടു പതിറ്റാണ്ടു കാലമായി നിങ്ങൾ രണ്ടുപേരും ചേർന്നു പ്രവർത്തിക്കുന്നു. ഇതിന്റെ രസതന്ത്രം എന്താണ്?
രാജേശ്വരി: ഞങ്ങൾ കേരളീയരായ രണ്ടു സുഹൃത്തുക്കൾ. മറ്റു പലരും പറയുന്ന ബന്ധങ്ങളൊന്നും ഞങ്ങൾക്കില്ല. നാടകമാണ് ഞങ്ങളെ ബന്ധിപ്പിക്കുന്ന രസതന്ത്രം. നാടകത്തെ കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നത്. നാടകമില്ലെങ്കിൽ ഞങ്ങളില്ല. കൃത്യമായ നിയതമായ ഒരു ബന്ധത്തിനുള്ളിൽ ജീവിക്കുന്നവരല്ല ഞങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.