ഗുരു സോമസുന്ദരത്തിന്റെ ഐക്കണിക് ചിത്രങ്ങളായ ‘ആരണ്യകാണ്ഡ’ത്തിലും ‘മിന്നൽ മുരളി’യിലുമൊക്കെ അദ്ദേഹത്തിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു ജീവിയുടെ ബിംബവത്കരണം കാണാം. ആദ്യത്തേതിൽ കാളയും രണ്ടാമത്തേതിൽ കാക്കയും. റീൽ ലൈഫിന് അപ്പുറത്തുള്ള തന്റെ റിയൽ ലൈഫിനെ ബിംബവത്കരിക്കാൻ ഗുരു കണ്ടെത്തിയിരിക്കുന്ന ജീവി മുയൽ ആണ്: ‘‘മുയലിനെപ്പോലെതന്നെ വളരെ അന്തർമുഖനാണ് ഞാൻ. പതുങ്ങിയിരിക്കുന്ന ഒരാൾ. ചെറുപ്പകാലം മുതൽ ഉഗ്രൻ നാണക്കാരനാണ് ഞാൻ. ആരോടും അധികം സംസാരിക്കില്ല. വീടിനകത്ത് ഒരു മുഖം, പുറത്ത് ഒന്ന്, കോളജിലൊന്ന് എന്നിങ്ങനെ. മുയലിന് അടുക്കുന്നവരുടെ വൈബ് അറിഞ്ഞ് അവരുമായി ഇണങ്ങാൻ കഴിയും. എനിക്കും അതിനാകും’’ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഗുരു സോമസുന്ദരവുമായി ഒരു സംഭാഷണം.
‘‘ചെന്നൈയിൽ എനിക്ക് റോഡിലൂടെ ഇറങ്ങി നടന്ന് ചായ കുടിക്കാം. കേരളത്തിൽ അത് പറ്റില്ല. പ്രതിഫലം വർധിച്ചതല്ല, ‘മിന്നൽ മുരളി’ക്കുശേഷം ജീവിതത്തിൽ വന്ന ഏറ്റവും വലിയ മാറ്റം ഇതാണ്’’–ഗുരു സോമസുന്ദരം ചിരിയോടെ പറഞ്ഞു. ഒരു ചിരിക്കുള്ളിൽ പലതരം വികാരങ്ങൾ ഒളിപ്പിച്ചുവെച്ചുള്ള അതേ ചിരി. ഗുരു സോമസുന്ദരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ചുണ്ടിന്റെ നേരിയൊരു ചലനത്തിലൂടെ പ്രണയവും പ്രതികാരവും നേട്ടവും നിസ്സഹായതയും വേദനയും അലിവുമെല്ലാം കണ്ണിൽ പ്രതിഫലിപ്പിക്കുന്ന മാന്ത്രികവിദ്യയുണ്ട് ആ ചിരിയിൽ.
ചെറുപ്പത്തിൽ അഭിനയിക്കുന്നതു പോയിട്ട്, സുഹൃത്തുക്കളോട് സംസാരിക്കുന്നതിനുപോലും മടി കാണിച്ചിരുന്ന ഒരാൾക്ക് എങ്ങനെ ഇത് സാധിക്കുന്നു എന്ന അത്ഭുതം പലരിലും ഇനിയും മാറിയിട്ടില്ല. പഴയ സഹപാഠികൾ ചേർന്ന് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ അവർക്ക് അറിയേണ്ടിയിരുന്നത് ‘സോമു എന്ത് ചെയ്യുന്നു?’ എന്നായിരുന്നു. ‘ആക്ടർ ആണ്’ എന്ന് പറഞ്ഞപ്പോൾ നാടകം അല്ലെങ്കിൽ സീരിയലിന് അപ്പുറം ആരുമൊന്നും പ്രതീക്ഷിച്ചില്ല. ഇടറിയ ശബ്ദത്തിലൂടെയും ചിരിയിലൂടെയും ചെറു കൺചലനത്തിലൂടെയുമൊക്കെ ‘ആരണ്യകാണ്ഡ’ത്തിലൂടെ ഞെട്ടിച്ച ഗുരു സോമസുന്ദരം തങ്ങളുടെ പഴയ സോമു ആണെന്ന് വിശ്വസിക്കാൻ തന്നെ പലർക്കും മടിയായിരുന്നു.
ആദ്യ സിനിമ ‘ആരണ്യകാണ്ഡം’ ഇറങ്ങിയയുടൻ അഭിനയം ഇഷ്ടപ്പെട്ട് വിളിച്ചത് സാക്ഷാൽ മണിരത്നം. ‘കടലി’ലേത് ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. തുടർന്ന് ‘പാണ്ഡ്യനാട്’, ‘ജിഗർതണ്ട’, ‘തൂങ്കാവനം’, ‘കുട്രമേ ദണ്ഡനൈ’, ‘വഞ്ചഗർ ഉലകം’, ‘പേട്ട’, ‘മഞ്ച സട്ട പച്ച സട്ട’, ‘ജയ് ഭീം’, ‘ജോക്കർ’ തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായി അവരുടെ സോമു വളർന്നു. ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമാഖണ്ഡത്തിൽ സമീർ താഹിർ സംവിധാനംചെയ്ത ചിത്രത്തിലെ ബാലപീഡകനായ ഫോട്ടോഗ്രാഫർ ആയിട്ടായിരുന്നു മലയാളത്തിലെ തുടക്കം. പിന്നീട് ‘കോഹിനൂർ’ എന്ന സിനിമയിലും അഭിനയിച്ചശേഷം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടതേയില്ല. ‘മിന്നൽ മുരളി’യിലെ സൂപ്പർ ഹീറോക്കൊപ്പം നിൽക്കുന്ന വില്ലനായ ഷിബുവിലൂടെ ശക്തമായ മടങ്ങിവരവിനായിരുന്നു ആ ഇടവേള. ഇപ്പോൾ ‘നാലാംമുറ’, ‘പകലും പാതിരാവും’, ‘ചാൾസ് എന്റർപ്രൈസസ്’, ‘നീരജ’, ‘ചേര’, ‘റാണി’, ‘ഹെർ’, ‘ഇന്ദിര’, ‘ഹൗഡിനി’ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ നിറസാന്നിധ്യമാകുകയാണ് ഗുരു സോമസുന്ദരം.
ഇപ്പോൾ തകർത്ത് അഭിനയിക്കുന്ന ഗുരു സോമസുന്ദരത്തെ പഴയ സോമു നോക്കിക്കാണുന്നത് എങ്ങനെയാണ്...
അത്ഭുതത്തോടെയാണ്. കുട്ടിക്കാലത്ത് അഭിനയത്തിൽ എന്നല്ല ഒരു കലയോടും താൽപര്യമുള്ള ആളായിരുന്നില്ല ഞാൻ. സ്കൂൾ-ഉപരിപഠന കാലത്ത് ഒരു പരിപാടിക്കും സ്റ്റേജിൽ കയറിയിട്ടില്ല. അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. സ്കൂളിൽ പഠിക്കുമ്പോളൊന്നും എന്താണ് എന്റെ ഇഷ്ടം എന്ന് അറിയില്ലായിരുന്നു. പക്ഷേ, ഏത് ഇഷ്ടമില്ല എന്ന് അറിയാമായിരുന്നു. ഇഷ്ടമില്ലാത്ത കാര്യം ഞാൻ ചെയ്യുകയുമില്ല. പഠനമൊക്കെ കഴിഞ്ഞ് ജോലി, ബിസിനസ് എന്നിവയിലൊന്നും അധികകാലം തുടരാതിരുന്നപ്പോൾ അതൊന്നും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ല എന്ന തിരിച്ചറിവുണ്ടായി.
പത്ത് വർഷത്തോളം നാടകമേഖലയിൽ നിന്നപ്പോൾ മനസ്സിലായി, ഇതാണ് എന്റെ ഇഷ്ടം എന്ന്. ഭാവിയിൽ ആരാകണം എന്ന് ചോദിച്ചാൽ ദേഷ്യം വരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. ‘‘നിങ്ങൾക്ക് ഞാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ലല്ലോ, പിന്നെന്താ പ്രശ്നം?’’ എന്ന് തിരികെ ചോദിക്കുമായിരുന്നു. പിന്നീട് ആരാകണം എന്ന ചോദ്യം ഞാൻ സ്വയം ചോദിച്ചു. അഭിനയത്തിലൂടെ അതിന്റെ ഉത്തരം കണ്ടെത്തുകയും ചെയ്തു.
ബാല്യം എങ്ങനെയായിരുന്നു? അഭിനയമാണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ് ?
ഞാൻ ജനിച്ചതും പഠിച്ചതുമൊക്കെ മധുരയിലാണ്. അച്ഛൻ സുന്ദരം, അമ്മ പർവതാമ്മ, രണ്ട് സഹോദരങ്ങൾ എന്നിവർ അടങ്ങുന്നതായിരുന്നു കുടുംബം. സ്കൂൾ കാലഘട്ടത്തിൽ അഞ്ചാറ് വർഷം അമ്മയുടെ നാടായ തഞ്ചാവൂരിലും പഠിച്ചു. അമ്മാവന് എന്നെ ഐ.എ.എസ് ഓഫിസറോ ഡോക്ടറോ ഒക്കെ ആക്കാനായിരുന്നു ആഗ്രഹം. അതിന്റെ ഫലമായി മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ ജനിച്ച തഞ്ചാവൂർ ജില്ലയിലെ, അദ്ദേഹം പഠിച്ച രാജമഠത്തെ സ്കൂളിൽ എന്നെ ചേർക്കുകയായിരുന്നു. അസാധാരണമായി ഒന്നും പറയാനില്ലാത്ത ഒരു ബാല്യമായിരുന്നു എന്റേത്. പിന്നീട് മധുരയിൽതന്നെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കി.
തുടർന്ന് രണ്ടു വർഷം ടി.വി.എസിൽ ജൂനിയർ എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തു. അവിടെയും തുടരാൻ തോന്നിയില്ല. ചെറിയൊരു ബിസിനസ് തുടങ്ങിയതും പാതിവഴിയിൽ ഉപേക്ഷിച്ചു. മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായപ്പോൾ ഒരു ഒളിച്ചോട്ടവും നടത്തി. സ്വയം കണ്ടെത്താനുള്ള യാത്രയുടെ തുടക്കവുമായിരുന്നു അത്. കൈയിൽ കാശില്ലാതെ കൊൽക്കത്തയിലെ തെരുവുകളിലൊക്കെ അലഞ്ഞുനടന്നിട്ടുണ്ട് ഇക്കാലത്ത്.
എവിടെയെങ്കിലുമൊക്കെ കിടന്ന് ഉറങ്ങും. ക്ഷേത്രങ്ങളിൽനിന്ന് കിട്ടുന്ന ഭക്ഷണമൊക്കെയാണ് കഴിച്ചിരുന്നത്. നാടോടിയെപ്പോലെ ജീവിച്ച ഈ സമയത്തെ അനുഭവങ്ങളൊക്കെ പിന്നീട് അഭിനയത്തിൽ ഗുണമായി. നാടകങ്ങളൊക്കെ കണ്ട് തുടങ്ങുന്നത് ഈ യാത്രയിലാണ്. അതിനിടയിൽ എപ്പഴോ ആണ് നടൻ ആകണമെന്ന വെളിപാട് ഉണ്ടാകുന്നത്. അങ്ങനെയാണ് കള്ളവണ്ടി കയറി ചെന്നൈയിൽ എത്തുന്നത്.
അഭിനേതാവാകാൻ ആഗ്രഹിക്കുന്ന ഒരാളെ കടന്നുവന്ന സാഹചര്യങ്ങളും അനുഭവങ്ങളുമൊക്കെ സ്വാധീനിക്കാറുണ്ട്. അത്തരമൊരു ആഗ്രഹമില്ലാതെ വളർന്നതിനാൽ എങ്ങനെയാണ് അഭിനയത്തെ മെരുക്കിയെടുത്തത് ?
ചെന്നൈയിൽ എത്തിയിട്ടും അലച്ചിൽതന്നെയായിരുന്നു. ഒരിടത്തും ഞാൻ സ്വീകരിക്കപ്പെട്ടില്ല. പുതിയ ആളുകളെ സഹായിക്കുമെന്നറിഞ്ഞ് നടൻ നാസറിനെ കണ്ടതാണ് വഴിത്തിരിവായത്. സിനിമാഭിനയ മോഹവുമായി വീടുപേക്ഷിച്ച് എടുത്തുചാടി പുറപ്പെട്ട ആളാണെന്ന് കരുതി ആദ്യം അദ്ദേഹം എന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ, എന്റെ തീക്ഷ്ണമായ ആഗ്രഹം മനസ്സിലാക്കി അദ്ദേഹം പ്രമുഖ തമിഴ് നാടകസംഘവും അഭിനയ പരിശീലന കേന്ദ്രവുമായ കൂത്തുപ്പട്ടറൈയിൽ എന്നെ പരിചയപ്പെടുത്തി. ക്ഷമയോടെ, മൂന്ന് വർഷം പ്രയത്നിച്ചാൽ നടനായിട്ടാകും നീ ഇവിടെ നിന്നിറങ്ങുക എന്നുപറഞ്ഞാണ് അദ്ദേഹം അവിടെ എത്തിച്ചത്. 2002ലായിരുന്നു അത്.
ഒരു ദശകത്തോളം കഴിഞ്ഞ് 2011ലാണ് ഞാൻ കൂത്തുപട്ടറൈ വിടുന്നത്. നാടകാചാര്യൻ നാ മുത്തുസ്വാമിയുടെയും മറ്റ് പരിശീലകരുടെയും കൂടെയുള്ള ആ കാലഘട്ടമാണ് എന്നിലെ നടനെ മെരുക്കിയെടുത്തത്. അഭിനയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള വേറിട്ട കാഴ്ചപ്പാടും ലക്ഷ്യബോധവുമാണ് കൂത്തുപട്ടറൈ സമ്മാനിച്ചത്. എനിക്ക് നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ കാലം. എന്നിൽ ഉണ്ടായിരുന്ന, എനിക്ക് അജ്ഞാതമായിരുന്ന പല കാര്യങ്ങളും കണ്ടെത്തിയതും തിരിച്ചറിഞ്ഞതും അവിടെ വെച്ചാണ്. 10 കൊല്ലംകൊണ്ട് നാടകവുമായി ബന്ധപ്പെട്ട എല്ലാം ചെയ്തു. വർഷത്തിൽ മൂന്ന് ബിഗ് പ്രൊഡക്ഷനെങ്കിലും ഉണ്ടാകും. രണ്ട് മൂന്ന് നാടകത്തിൽ നായകനായി.
തിരക്കഥ എഴുതി, സംവിധാനം ചെയ്തു, ലൈറ്റിങ് നടത്തി. അങ്ങനെ എന്നിലെ കഴിവുകളെല്ലാം പുറത്തെടുത്ത് തന്നു. അതുവരെ ‘സോമസുന്ദരം ഒന്നും ചെയ്യുന്നില്ല’, ‘ജോലിയൊക്കെ കളഞ്ഞ് വെറുതേ നടക്കുന്നു’ എന്നൊക്കെ കുറ്റപ്പെടുത്തിയിരുന്ന ബന്ധുക്കൾ ‘‘നാടകംകൊണ്ട് എങ്ങനെ ജീവിക്കും?’’ എന്ന ചോദ്യവുമായെത്തി. ആദ്യ സിനിമ വന്നതോടെയാണ് ഇതെല്ലാം മാറിയത്. ഞാൻ സിനിമയിൽ വന്നത് അവർക്കാണ് ആശ്വാസമായത്. ഇവൻ രക്ഷപ്പെടും എന്ന വിശ്വാസം അവർക്കുണ്ടായി. അപ്പോഴേക്കും സിനിമ ഇല്ലെങ്കിലും ജീവിക്കാം എന്ന ആത്മവിശ്വാസത്തിൽ ഞാൻ എത്തിയിരുന്നു.
‘മിന്നൽ മുരളി’യിൽനിന്നൊരു രംഗം
നിരവധി പ്രതിഭകളെ തമിഴിന് സമ്മാനിച്ചിട്ടുണ്ട് കൂത്തുപട്ടറൈ. എങ്ങനെയാണ് അവിടത്തെ പരിശീലനം വ്യത്യസ്തമാകുന്നത് ?
ഇന്ത്യയിലെ കുറേ തിയറ്റർ ഗ്രൂപ്പുകളിൽ ഞാൻ കയറിയിറങ്ങിയിട്ടുണ്ട്. അഭിനയിക്കാനും വിസിറ്റിങ് പ്രഫസറായുമൊക്കെ. കൊൽക്കത്ത, ഭോപാൽ, ബംഗളൂരു, മുംബൈയിൽ എല്ലാം പോയിട്ടും കൂത്തുപട്ടറൈയിലെ രീതി ഒരിടത്തും കണ്ടിട്ടില്ല. തൃശൂരിലൊക്കെ നാടകാവതരണവുമായി ഞങ്ങൾ എത്തിയിട്ടുണ്ട്. മുത്തുസ്വാമിയുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് കൂത്തുപട്ടറൈയെ വേറിട്ടുനിർത്തുന്നത്. അദ്ദേഹം ചെറുകഥ-നാടക രചയിതാവ് ആയതിന്റെ വ്യത്യസ്തത അവിടെ എല്ലാ കാര്യത്തിലും പ്രകടമായിരുന്നു. കൂത്തുപട്ടറൈയിലെ ആക്ടർ എല്ലാം പഠിക്കും. എഴുത്ത്, സംവിധാനം, മേക്കപ്പ്, പ്രോപർട്ടി മേക്കിങ്, ലൈറ്റിങ് ഒക്കെ. ഏത് ഡിപ്പാർട്മെന്റിൽ സ്പെഷലൈസ് ചെയ്യണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
ലൈറ്റിങ് യൂനിറ്റിലൊക്കെ ഞാൻ ഏറെക്കാലം വർക്ക് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ അക്കാലത്ത് നടന്ന പ്രധാന തിയറ്റർ പരിപാടികളിലെല്ലാം ഞങ്ങൾ ആയിരുന്നു വെളിച്ചസംവിധാനം നിർവഹിച്ചിരുന്നത്. ഹാലജൻ, സ്പോട്ട് ലൈറ്റ് ഒക്കെ അടക്കം 150ലേറെ ലൈറ്റുകൾ ഉണ്ടാകും. 2009 വരെ അത് തുടർന്നു. എൽ.ഇ.ഡി ലൈറ്റുകളൊക്കെ സജീവമായതോടെയാണ് ആ മേഖല വിട്ടത്. ഒരു രംഗത്തിൽ വെളിച്ചം എന്തൊക്കെ ഇംപാക്ടുകളാണ് കൊണ്ടുവരുക എന്നതൊക്കെ മനസ്സിലാക്കാൻ ഇതുമൂലം കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള നാടകപ്രവർത്തകർ കൂത്തുപട്ടറൈയിൽ എല്ലാ വർഷവും എത്തിയിരുന്നു.
ആസ്ട്രേലിയ, ബ്രസീൽ, ഇറ്റലി, കോസ്റ്ററീക, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽനിന്നൊക്കെയുള്ള കലാകാരന്മാർ ഇവിടെ വന്ന് താമസിച്ച് ഞങ്ങൾക്കൊപ്പം നാടകം ചെയ്തിട്ടുണ്ട്. ആ സാംസ്കാരിക വിനിമയവും അറിവ് പങ്കുവെക്കലും തുറന്ന് നൽകിയ സാധ്യതകൾ വളരെ വലുതാണ്. ഇങ്ങനെയൊക്കെയാണ് വിജയ് സേതുപതി, പശുപതി, കലൈറാണി, വിമൽ, വിധാർഥ് പോലെയുള്ള പ്രതിഭകളെ സമ്മാനിക്കാൻ കൂത്തുപട്ടറൈക്ക് കഴിഞ്ഞത്.
പുതിയ മേഖല എന്തൊക്കെ സമ്മാനിച്ചു? എന്തൊക്കെ വെല്ലുവിളികൾ ഉയർത്തി? അത് എങ്ങനെ മറികടന്നു?
ഗുരു സോമസുന്ദരം എന്ന പേരായിരുന്നു ആദ്യ സമ്മാനം. എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ഗുരുവമ്മ എന്ന സ്ത്രീയുടെ പേര് കൂടി ചേർത്താണ് ഗുരു സോമസുന്ദരം എന്നാക്കിയത്. കൂത്തുപട്ടറൈയിലെത്തി രണ്ടാം വർഷം തന്നെ ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചതും അതുവഴി സിനിമയിലേക്ക് എത്തിപ്പെട്ടതും മറ്റൊരു അനുഗ്രഹമായി. ഏറ്റവും വലിയ വെല്ലുവിളി ശബ്ദമായിരുന്നു. എന്റെ നേർത്ത ശബ്ദം പുറത്തേക്ക് എത്തിക്കാൻ കഴിയാത്തത് ഒരു പ്രശ്നം ആയിരുന്നു. ഉർവശീശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ അത് പിന്നീട് നേട്ടവുമായി.
‘ചന്ദ്രഹരി’ എന്ന നാടകത്തിലെ എന്റെ നായക കഥാപാത്രത്തിന്റെ ശബ്ദം കേട്ടാണ് ആദ്യ സിനിമയായ ‘ആരണ്യകാണ്ഡ’ത്തിന്റെ സംവിധായകൻ ത്യാഗരാജൻ കുമാരരാജ എന്നെ ശ്രദ്ധിക്കുന്നത്. താൻ സംവിധാനംചെയ്യാൻ പോകുന്ന സിനിമയിൽ ഇതേ ശബ്ദത്തിൽ സംസാരിക്കുന്ന കഥാപാത്രം ഉണ്ടെന്നും അത് ഞാനായിരിക്കും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. പിന്നെയും 6,7 വർഷം കഴിഞ്ഞ് യാഥാർഥ്യമായ ‘ആരണ്യകാണ്ഡ’ത്തിൽ എന്റെ ശബ്ദം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.
‘മിന്നൽ മുരളി’യിലെ ‘‘നാട്ടുകാരേ, ഓടിവരണേ, കടക്ക് തീപിടിച്ചേ’’ എന്ന് ഹൈപിച്ചിൽ പറയുമ്പോൾ ഉള്ള അതേ ശബ്ദമാണത്. നിരന്തരമായ ശബ്ദ പരിശീലനത്തിലൂടെയാണ് ഈ പരിമിതികളെ ഞാൻ മറികടന്നത്. പിന്നീട് കോർപറേറ്റ് സ്ഥാപനങ്ങളിലും സ്കൂളുകളിലും കോളജുകളിലുമൊക്കെ അഭിനയ ശിൽപശാലകൾ നടത്തുന്ന തലത്തിലേക്ക് എന്നെ ഉയർത്തിയത് ഈ പരിശീലനമാണ്. ‘തെന്നാലിരാമൻ’ എന്ന നാടകം സംവിധാനം ചെയ്യാനും പറ്റി.
നാടകങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. നടൻ എഴുത്തുകാരനായപ്പോഴുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്?
എഴുത്തിന്റെ വഴിയിലേക്ക് നയിച്ചതും മുത്തുസ്വാമിയാണ്. ഏഴു വയസ്സ് മുതൽ വീടിന് അടുത്തുള്ള മധുര സെൻട്രൽ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളെടുത്ത് വായിക്കുമായിരുന്നു. പക്ഷേ, എഴുത്ത് എനിക്ക് സാധ്യമാകുമെന്ന് അന്നൊന്നും വിശ്വാസമില്ലായിരുന്നു. മൂന്ന് നാടകങ്ങൾ എഴുതി. എഴുത്തിന്റെ ലോകത്തുള്ള സ്വാതന്ത്ര്യം വളരെ വലുതാണ്. ഭാവനയുടെ ഏത് അറ്റത്തേക്കും നമുക്ക് പോകാം. അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയാത്ത പലതും എഴുത്തിലൂടെ ആവിഷ്കരിക്കാൻ കഴിയും. കഥാപാത്രത്തിന്റെ ഡീറ്റയ്ലിങ് ലഭിച്ചാലേ എനിക്ക് അത് സ്വീകരിക്കാനും അഭിനയിക്കാനുമൊക്കെ കഴിയൂ. കഥ പറയാനെത്തുന്ന എല്ലാ സംവിധായകരോടും ഞാൻ ഈ ഡീറ്റയ്ലിങ് ആവശ്യപ്പെടാറുണ്ട്.
അതുവെച്ച് ഞാൻ ആ കഥാപാത്രത്തിനു വേണ്ടിയുള്ള പശ്ചാത്തലം എഴുതി തയാറാക്കും. കഥാപാത്രത്തിന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മറ്റ് കുടുംബാംഗങ്ങൾ, അയാളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം, അയാൾ കടന്നുപോകുന്ന സംഘർഷങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ എന്നിവയെ കുറിച്ചെല്ലാം എഴുതി തയാറാക്കിയ ശേഷമാണ് ആ കഥാപാത്രത്തെ ഡിസൈൻ ചെയ്യുക. ഇതിന് കൂത്തുപ്പട്ടറൈയിലെ എഴുത്തനുഭവങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ നാടകരംഗം സജീവമാണോ... അല്ലെങ്കിൽ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുപോകാൻ എന്ത് ശ്രമങ്ങൾ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകും?
എനിക്ക് ഇന്നും സിനിമാക്കാരൻ എന്നല്ല, ഒരു തിയറ്റർ പേഴ്സൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹം. നിർഭാഗ്യവശാൽ തമിഴ്നാട്ടിൽ നാടകമേഖലക്ക് പഴയതുപോലെ ജനപ്രീതിയില്ല. കൂത്തുപട്ടറൈപോലും പഴയതുപോലെ സജീവമല്ല. ഒരു നാടകം പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്നുമാസം എടുക്കും. അത്രയും കാലം ഇതിനുവേണ്ടി ചെലവഴിക്കാൻ തക്ക അഭിനിവേശം ഉള്ളവർ കുറഞ്ഞുവന്നു. നാടകം കാണാൻ താൽപര്യമുള്ളവരുടെ എണ്ണവും കുറവാണ്. സിനിമ-സിനിമ അനുബന്ധ പരിപാടികൾ എത്ര മണിക്കൂർ വേണമെങ്കിലും കാണും. പക്ഷേ, അത്ര സമയം നാടകം കാണുന്നതിന് മാറ്റിവെക്കില്ല.
ടെസ്റ്റിൽനിന്ന് ഏകദിനത്തിലേക്കും ട്വന്റി 20യിലേക്കും ക്രിക്കറ്റ് മാറിയതുപോലെയാണ് അവിടെ നാടകത്തിന്റെ കാര്യം. ഒന്നര-രണ്ട് മണിക്കൂർ നാടകം ഇരുന്ന് കാണാനുള്ള ക്ഷമയുള്ളവർ കുറവാണ്. ചെറിയ സ്ലാപ്റ്റിക് കോമഡി ഷോകൾ ഒക്കെ ആ സ്ഥാനം കൈയടക്കി. എനിക്ക് നാടകത്തിന്റെ തുടർച്ചയാണ് സിനിമ. നാടകത്തിന്റെ അനുഭവങ്ങൾ സിനിമയിലും തുടരാനുള്ള ഇടങ്ങൾ ഞാൻ കണ്ടെത്താറുണ്ട്. അത് കൃത്യമായി വേണ്ടിടത്ത് സിനിമയിൽ ഉപയോഗപ്പെടുത്തുന്നതിനാൽ നാടകത്തിൽനിന്ന് വിട്ടുനിൽക്കുന്നതായി തോന്നാറില്ല. നാടകത്തിൽനിന്നുള്ള അനുഭവങ്ങളെ സിനിമയുടെ സാങ്കേതികതകളുമായി ചേർത്ത് കൊണ്ടുപോകുന്നതിനാലാണ് സിനിമയിൽ തുടരാനാകുന്നത്. അതുകൊണ്ട് നാടകം എന്നിൽനിന്ന് ഒരുകാലത്തും വിട്ടുപോയിട്ടില്ല.
ഏഴ് വർഷം മുമ്പാണ് നാടകവേദിയിൽ അവസാനമായി എത്തിയത്. അധികം വൈകാതെ ‘സോളോ’ പെർഫോമൻസ് ചെയ്യും. അതിനായി സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ്. തമിഴ്നാടിന് നാടകത്തെ ഇനിയും വളർത്താനുള്ള സംസ്കാരവും പാരമ്പര്യവും റിസോഴ്സും ഒക്കെയുണ്ട്. അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. തമിഴ്നാട്ടിലെ തെരുകൂത്തിന്റെ അതേ ഘടനയിൽതന്നെയാണ് ദീർഘകാലം തമിഴ് സിനിമ മുന്നോട്ടുപോയിരുന്നത്. നായകൻ, നായിക, തമാശക്കാരൻ, സൂത്രധാരൻ എന്നിവർതന്നെയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇപ്പോൾ കുറേ മാറ്റമുണ്ടായി. അതുപോലെ കാലത്തിനനുസരിച്ച് നാടകരംഗവും മാറണം. അതേസമയം, അതിന്റെ അടിസ്ഥാന വേരുകൾ വിടാനും പാടില്ല.
തുടക്കകാലത്ത് കിട്ടിയ റോളുകളെല്ലാം ചെയ്യുകയും പിന്നീട് സെലക്ടിവ് ആകുകയും ചെയ്തതായാണ് തോന്നിയിട്ടുള്ളത്. അങ്ങനെയാണോ?
എത്ര ഉഗ്രൻ നടനാണെങ്കിലും ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ കരിയർ പോയി. ഫഹദ് ഫാസിലൊക്കെ അത് മറികടന്നു എന്ന് പറയാം. ഞാൻ പറയുന്നത് ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ വന്ന എന്നെ പോലുള്ളവരെ കുറിച്ചാണ്. ‘ആരണ്യകാണ്ഡം’ ഇറങ്ങിയപ്പോൾ എല്ലാവരും ആരാണ് ഈ നടൻ എന്ന് തിരക്കുകയും എന്നെ തേടിയെത്തുകയും ചെയ്തു. അപ്പോൾ കിട്ടിയ പല റോളുകളും സ്വീകരിച്ചു. കാശ് വേണ്ടിയിരുന്നു അപ്പോൾ. അക്കാലത്തൊന്നും ബാങ്ക് ബാലൻസ് 7000ത്തിന് അപ്പുറം പോയിട്ടില്ല. ഭാര്യയും രണ്ട് മക്കളുമൊക്കെ ആയപ്പോൾ പണം ആവശ്യമായിരുന്നു. ആദ്യം കാശ് ഉണ്ടാക്കാം, പിന്നെ സെലക്ടിവ് ആകാം എന്ന ലൈൻ ആയിരുന്നു അന്ന്.
സാധാരണ ജീവിതം നയിച്ചിരുന്നതിനാൽ പണം നോക്കാതെ സിനിമ തിരഞ്ഞെടുക്കാനുള്ള നിലയിലേക്ക് ഞാൻ വേഗം എത്തി. ഇത്ര സിനിമകളിൽ അഭിനയിച്ച് ഇത്ര കാശ് സമ്പാദിക്കണം എന്ന സമ്മർദം വരുന്നത് ഒരു കലാകാരന്റെ പ്രകടനത്തെ ബാധിക്കുമെന്ന ചിന്തയാണ് എനിക്കുള്ളത്. ഇപ്പോൾ എനിക്ക് ഏത് സിനിമ തിരഞ്ഞെടുക്കണം, ഏത് വേണ്ട എന്ന് ഫ്രീ ആയി തീരുമാനമെടുക്കാൻ പറ്റുന്നുണ്ട്. പ്രതിഫലത്തെ കുറിച്ചല്ല, ചെയ്യുന്ന കഥാപാത്രത്തെ കുറിച്ചാണ് എന്റെ വേവലാതി. ‘മിന്നൽ മുരളി’ കഴിഞ്ഞ് ഇനി സിനിമ ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട് ഞാൻ സുഹൃത്തുക്കളോട്.
അന്യഭാഷയിൽനിന്ന് വന്നവർ മലയാളം പറയുന്നത് സ്വാഭാവികമാണ്. പക്ഷേ, വായിക്കാൻ പഠിക്കുന്നത് അപൂർവവും?
‘മിന്നൽ മുരളി’ കമ്മിറ്റ് ചെയ്ത ശേഷമാണ് മലയാളം വായിക്കാൻ പഠിക്കണമെന്ന തീരുമാനമെടുത്തത്. ഷിബുവിനെ അവതരിപ്പിക്കാൻ അത് അത്യാവശ്യമായിരുന്നു. യൂട്യൂബിന്റെ സഹായത്തോടെയാണ് മലയാളം വായിക്കാൻ പഠിച്ചത്. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ വായിച്ചായിരുന്നു തുടക്കം. മോഹൻലാൽ എഴുതിയ ‘ഗുരുമുഖങ്ങൾ’ എന്ന പുസ്തകമൊക്കെ വായിച്ചു. വായിക്കാൻ പഠിച്ചശേഷം മലയാളത്തിലെ കഥാപാത്രങ്ങൾ കൂടുതൽ അനായാസമായി ചെയ്യാൻ കഴിയുന്നുണ്ട്.
ഒരു ഭാഷയിൽ അഭിനയിക്കുന്നതിന് ആ ഭാഷ പഠിക്കേണ്ടത് അനിവാര്യമാണോയെന്ന് ചോദിച്ചാൽ അല്ല എന്ന് പറയാം. അഭിനയത്തിന് ഭാഷ ആവശ്യമില്ല. ഇമോഷൻ മതി. ലോകത്ത് എവിടെയുള്ളവർ കരഞ്ഞാലും കണ്ണീർ വരും. അതിന് ഭാഷ ഇല്ലല്ലോ. പക്ഷേ, ഒരു ഭാഷ പഠിച്ച് അഭിനയിക്കുമ്പോൾ കുറച്ചുകൂടി ആഴത്തിൽ ആ കഥാപാത്രത്തിന്റെ ആത്മാവിനെ അറിയാൻ കഴിയും. ഒരു സ്ഥലത്തേക്ക് പോകാൻ പല വഴികൾ ഉള്ളതുപോലെ, ഒരു കഥാപാത്രം അവതരിപ്പിക്കാനും പല രീതികളുണ്ട്.
ഒരു നാടകത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളൊക്കെ ചെയ്തിട്ടുള്ളതിനാൽ ഞാൻ ഒരു കഥാപാത്രത്തെ തന്നെ പലരീതിയിൽ സമീപിച്ചാണ് ഏത് ശൈലിയിൽ അവതരിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു മുറി പല ആംഗിളിൽനിന്ന് നോക്കി കാണുംപോലെയാണത്. ഓരോ ആംഗിളിലും മുറിക്ക് പല രൂപങ്ങളാണ്. പക്ഷേ, നമ്മൾ നിൽക്കുന്ന ഇടം കാണാനും കഴിയില്ല. ആ കാണാത്ത ഇടം കണ്ടെത്താൻ വായനയിലൂടെ കഴിയാറുണ്ട്.
മലയാളത്തിൽ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ആ പ്രായമാറ്റമൊക്കെ ഉൾക്കൊള്ളാൻ വായന സഹായിച്ചിട്ടുണ്ട്. ‘നാലാംമുറ’യിൽ എന്റെ കഥാപാത്രത്തിന് 34 വയസ്സാണ്. ‘ഇന്ദിര’യിൽ 56ഉം. ഇന്ന് 34കാരൻ ആണെങ്കിൽ നാളെ 56കാരനായി അഭിനയിക്കണം. കേരളത്തിലെ ഈ പ്രായത്തിലുള്ളവരുടെ വിചാരങ്ങളും വികാരങ്ങളും ഉൾക്കൊള്ളാനൊക്കെ വായന സഹായിക്കും.
മലയാളത്തിൽ വില്ലൻ വേഷങ്ങൾ കൂടുതലായി തേടിവരുമ്പോൾ ടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നിയിരുന്നോ?
‘മിന്നൽ മുരളി’ക്കുശേഷം രാവിലെ കുട്ടികൾ സ്കൂളിലേക്ക് പോകുംപോലെ ദിവസവും രാവിലെ സെറ്റിലേക്ക് പോകുന്നത്ര തിരക്കിലേക്ക് ഞാൻ മാറി. തേടിയെത്തിയതിൽ അധികവും വില്ലൻ വേഷങ്ങൾ. പക്ഷേ, എല്ലാമൊന്നും ഞാൻ സ്വീകരിച്ചില്ല. മലയാളത്തിൽ 10 കഥകൾ കേട്ടാൽ അതിൽ ഏഴും മർഡർ മിസ്റ്ററി ആയിരിക്കും. തമിഴിലാണെങ്കിൽ മണി ഹീസ്റ്റ്, ചേസിങ്. ഒരു സിനിമ ഞാൻ സ്വീകരിക്കണമെങ്കിൽ എന്നെ ആവേശം കൊള്ളിക്കുന്ന എന്തെങ്കിലും എലമെന്റ് ആ കഥാപാത്രത്തിൽ വേണം.
വില്ലൻ വേഷമാണ് ചെയ്യുന്നതെങ്കിലും ആ കഥാപാത്രത്തിന്റെ നല്ല ഒരു എലമെന്റ് കൂടി കണ്ടെത്തിയേ അഭിനയരീതി ഡിസൈൻ ചെയ്യൂ. നല്ല കഥാപാത്രമാണെങ്കിൽ അതിന്റെ മോശം എലമെന്റും കണ്ടെത്തും. ഉദാഹരണത്തിന് ഷിബു വില്ലൻ ആണ്. പക്ഷേ, നല്ല എലമെന്റും അയാളിൽ ഉണ്ട്. അത് കണ്ടെത്തി അതിൽ പിടിച്ചാൽ കാരക്ടറിന് നല്ല ഗ്രിപ്പ് ഉണ്ടാക്കാൻ പറ്റും. ഒരു കഥാപാത്രത്തിന്റെ മാനറിസവും ഞാൻ റിപ്പീറ്റ് ചെയ്യാറില്ല. ‘പകലും പാതിരാവി’ലും ചീത്ത പൊലീസ് ആണ്. ‘ചേര’യിൽ ചീത്ത അച്ഛൻ.
പക്ഷേ, ഈ രണ്ട് ചീത്ത ആളുകളിലും ഒരു സാമ്യവും വരുത്തില്ല. നോക്കിലും വാക്കിലുമൊക്കെ മാറ്റം വരുത്തിയാണ് കാരക്ടർ ഡിസൈൻ ചെയ്യുക. സിനിമയുടെ ക്രാഫ്റ്റ് ഉള്ളിൽ കയറിയാൽ പിന്നെ അത് ശരിയായിക്കോളും. ഇപ്പോൾ അഭിനയിക്കുന്ന ‘ഹൗഡിനി’യുടെ സെറ്റിൽ മേക്കപ്പ് ഇട്ട് എത്തിയപ്പോൾ എന്നെ ആരും തിരിച്ചറിഞ്ഞത് പോലുമില്ല.
ഇടക്ക് ചില കഥാപാത്രങ്ങൾ മാനസിക സമ്മർദം നൽകിയെന്നും കേട്ടിട്ടുണ്ട്. അതൊക്കെ എങ്ങനെയാണ് മറികടന്നത്?
നാടകത്തിലും സിനിമയിലും അത് സംഭവിച്ചിട്ടുണ്ട്. കൂത്തുപട്ടറൈ ഒരു ലാബ് പോലെ ആയിരുന്നു. പല കെമിക്കലുകൾ മിക്സ് ചെയ്യുന്നതുപോലെ ഒരു കാരക്ടറിനുവേണ്ടി പല ഇമോഷനും മിക്സ് ചെയ്യും. ഒരു ഡാർക്സൈഡ് ഡ്രാമ ചെയ്തപ്പോൾ സമൂഹത്തിൽ നിന്നൊക്കെ അകന്ന് നിൽക്കാൻ തോന്നിയിരുന്നു. ഒരു വേശ്യയെ പ്രേമിച്ച് പിന്നീട് അവളെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്ന ഒരു സൈനികന്റെ വേഷമായിരുന്നു അതിൽ. റിഹേഴ്സലിനും അവതരണത്തിനുമൊക്കെ ശേഷം ആ കഥാപാത്രത്തിന്റെ ഇമോഷനുകളിൽനിന്ന് വെളിയിൽ വരാൻ കുറേ കാലമെടുത്തു. സിനിമയിൽ ‘ജോക്കറി’ന് ശേഷമാണ് ഇത്തരമൊരു മാനസിക പിരിമുറുക്കം ഉണ്ടായത്.
അത്രയും വലിയ കാരക്ടർ ചെയ്തപ്പോൾ അത് ഉള്ളിൽ കയറി. ഇന്ത്യൻ പ്രസിഡന്റ് ആണെന്ന് സ്വയം വിശ്വസിച്ച് സമൂഹത്തിലെ അഴിമതിക്കും അവഗണനകൾക്കുമെതിരെ പോരാടുന്ന, നാട്ടുകാർ വട്ടൻ എന്ന് പരിഹസിക്കുന്ന മന്നാർ മന്നൻ ഞാൻതന്നെയാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ആ അവതാരത്തിനുള്ളിൽ കയറിയശേഷം ഇറങ്ങാൻ അൽപം ബുദ്ധിമുട്ടി. സിനിമ രണ്ട് രണ്ടര മണിക്കൂറിൽ തീരും.
പക്ഷേ, ചിത്രീകരണം നാലഞ്ച് മാസം എടുക്കില്ലേ? ‘ജോക്കർ’ പൂർത്തിയാക്കാൻ ഏഴ് മാസമെടുത്തു. ആ സമയത്ത് ഞാൻ മറ്റ് സിനിമകൾ ചെയ്യുന്നുമില്ലായിരുന്നു. അപ്പോൾ മാനസികനിലയിൽ ഒരു ഷേക്ക് ഉണ്ടായി. അത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരിലും ഉണ്ടാകാറുണ്ട്. കളരിയും യോഗയുമൊക്കെ നിരന്തരം ചെയ്താണ് അതിൽനിന്ന് മോചനമുണ്ടായത്.
സിനിമയും നാടകവും വിട്ട് വെബ് സീരീസുകളിൽ അഭിനയിച്ചപ്പോൾ എന്തൊക്കെ വ്യത്യസ്തതയാണ് അനുഭവപ്പെട്ടത്?
പുതിയ തലമുറയിലെ അഭിനേതാക്കൾ എങ്ങനെയാണ് ഒരു വേഷം ചെയ്യുന്നത്, എന്താണ് ചിന്തിക്കുന്നത്, മറ്റുള്ളവരുടെ അഭിനയത്തെ അവർ എങ്ങനെയാണ് വിലയിരുത്തുന്നത്, അവർക്കൊപ്പം അഭിനയിച്ച് എങ്ങനെ എനിക്ക് ഇംപ്രവൈസ് ചെയ്യാം തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള അവസരമായിരുന്നു എനിക്ക് വെബ് സീരീസുകൾ. ‘ടോപ്ലസ്’, ‘മീംബോയ്സ്’ എന്നീ വെബ് സീരീസുകളാണ് ചെയ്തത്. ‘റഫ് ആൻഡ് ടഫ്’ ആയ കോളജ് ഡീനിന്റെ കഥാപാത്രമാണ് ‘മീം ബോയ്സി’ൽ. നിറയെ ഇംഗ്ലീഷ് ഡയലോഗുകൾ ഉള്ള വേഷം. എന്റെ ഇംഗ്ലീഷ് ഉച്ചാരണം അത്ര പോരാ എന്നത് റിസ്ക് ആയിരുന്നു.
ഒരു മധുരക്കാരൻ ഇംഗ്ലീഷ് പറയുന്നതുപോലെയേ എനിക്ക് പറയാൻ കഴിയൂ. അങ്ങനെ ആ രീതിയിലേക്ക് ഡയലോഗുകൾ മാറ്റിച്ചിട്ടാണ് അത് ചെയ്തത്. നാടകമായാലും സിനിമയായാലും വെബ് സീരീസ് ആയാലും അഭിനയത്തിൽ വ്യത്യസ്ത വരുത്തുക എന്നതിന് മാത്രമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ‘ജോക്കറി’നും ‘മിന്നൽ മുരളി’ക്കുമൊക്കെ ദേശീയ-സംസ്ഥാന അവാർഡുകൾ ലഭിക്കുമെന്ന് പലരും പറഞ്ഞിട്ടും ഞാൻ പ്രതീക്ഷിക്കാതിരുന്നതും ലഭിക്കാഞ്ഞപ്പോൾ നിരാശനാകാഞ്ഞതും അതുകൊണ്ടാണ്.
സിനിമാ ഭ്രാന്തന്മാരുടെ സ്ഥലമാണ് മധുര. അവിടെ ജനിച്ച് വളർന്നത് കരിയറിൽ എങ്ങനെയൊക്കെ ഗുണം ചെയ്തു?
‘തൂങ്കാ നഗരം’ (ഉറങ്ങാത്ത നഗരം) ആണ് മധുര. ഇങ്ങനെയൊരു സിനിമാനഗരം വേറേ ഉണ്ടോയെന്നും അറിയില്ല. എന്റെ ചെറുപ്പകാലത്ത് 80ഓളം തിയറ്ററുകളുണ്ട് മധുരയിൽ. വീട്ടിൽനിന്ന് ഇറങ്ങിനടക്കാവുന്ന ദൂരത്തിൽ മാത്രം 12 തിയറ്ററുകൾ. ‘ജുറാസിക് പാർക്ക്’ ഇറങ്ങിയപ്പോൾ സിനിമാതാരങ്ങളുടേതുപോലെ ദിനോസറിന്റെ കട്ടൗട്ട് വരെ വെച്ച സ്ഥലമാണ്. ഇരുപത് അടി ഉയരമുള്ള ദിനോസറിന്റെ കട്ടൗട്ടിൽ മാലയൊക്കെ ഇട്ട്, പാലഭിഷേകം നടത്തി, നൃത്തം ചെയ്തൊക്കെയാണ് ആഘോഷിച്ചത്. ദീപാവലിക്ക് രജനികാന്തിന്റെ സിനിമ റിലീസ് ഇല്ലെങ്കിൽ ഞങ്ങൾക്കത് ദുഃഖ ദീപാവലിയാണ്.
രജനിക്ക് ദീപാവലി റിലീസ് ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലും പഴയ സിനിമ തിയറ്ററിൽ എത്തിക്കും. ആ ഫിലിം പെട്ടി റിലീസ് സിനിമയുടേത് കൊണ്ടുവരുന്നത്ര ആഘോഷമായി, ആട്ടവും പാട്ടുമൊക്കെയായിട്ടാണ് തിയറ്ററിൽ കൊണ്ടുവരുന്നത്. മറ്റ് സ്ഥലങ്ങളിൽ ഫ്ലോപ്പ് ആകുന്ന സിനിമകൾപോലും ഹിറ്റ് ആകുന്ന ഒരു തിയറ്റർ ഉണ്ടായിരുന്നു നാട്ടിൽ. എല്ലാവർക്കും അത് അത്ഭുതമായിരുന്നു. പിന്നീടാണ് മനസ്സിലായത് അവിടത്തെ ഓപറേറ്റർ എഡിറ്റ് ചെയ്താണ് ആ സിനിമകൾ കാണിച്ചിരുന്നത് എന്ന്. അത്ര സിനിമാറ്റിക് സെൻസ് ഒരു ഓപറേറ്റർക്കുപോലും ഉള്ള നാടാണ് ഞങ്ങളുടേത്.
മധുരയിൽ ഇറങ്ങിനടന്നാൽ തെരുവിൽ രണ്ട് മൂന്ന് എം.ജി.ആർമാരെയും രജനികാന്തുമാരെയുമൊക്കെ കാണാം. ഇവരുടെ വേഷം കെട്ടി ജീവിക്കുന്ന നിരവധിപേരുണ്ട്. അത്രക്ക് സിനിമാഭ്രാന്തന്മാരാണ്. ഓർക്കസ്ട്ര ഗാനമേള നടക്കുമ്പോൾ രജനിയുടെയും കമലിന്റെയും എം.ജി.ആറിന്റെയുമൊക്കെ ഡ്യൂപ്പുകൾ നൃത്തംചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇതെല്ലാം കണ്ട് വളർന്നതുകൊണ്ട് സിനിമ എത്രമാത്രം സാധാരണക്കാരെ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ ആ ഒരു കാഴ്ചപ്പാടോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നത്.
‘ആരണ്യകാണ്ഡ’ത്തിൽ ഗുരു സോമസുന്ദരം
സിനിമയിലെ സൗഹൃദക്കൂട്ടങ്ങളിലൊന്നും കാണാറില്ലല്ലോ?
എല്ലാവരുമായും സ്നേഹത്തിലാണ്. പക്ഷേ, ജോലിക്ക് അപ്പുറത്തേക്ക് ആരുമായും സൗഹൃദം വളർത്തിയിട്ടില്ല എന്നുപറയാം. എന്റെ ഒരു അന്തർമുഖ സ്വഭാവംകൊണ്ടാണത്. ‘ആരണ്യകാണ്ഡ’ത്തിലും ‘മിന്നൽ മുരളി’യിലുമൊക്കെ എന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു ജീവിയുടെ ബിംബവത്കരണം കാണാം. ആദ്യത്തേതിൽ കാളയും രണ്ടാമത്തേതിൽ കാക്കയും. റീൽ ലൈഫിന് അപ്പുറത്തുള്ള എന്റെ റിയൽ ലൈഫിനെ ബിംബവത്കരിക്കാൻ പറ്റുന്ന ജീവി മുയൽ ആണ്. മുയലിനെ പോലെതന്നെ വളരെ അന്തർമുഖനാണ് ഞാൻ. പതുങ്ങിയിരിക്കുന്ന ഒരാൾ.
ചെറുപ്പകാലം മുതൽ ഉഗ്രൻ നാണക്കാരനാണ് ഞാൻ. ആരോടും അധികം സംസാരിക്കില്ല. വീടിനകത്ത് ഒരു മുഖം, പുറത്ത് ഒന്ന്, കോളജിലൊന്ന് എന്നിങ്ങനെ. മുയലിന് അടുക്കുന്നവരുടെ വൈബ് അറിഞ്ഞ് അവരുമായി ഇണങ്ങാൻ കഴിയും. എനിക്കും അതിനാകും. അതുകൊണ്ട്, ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്നവരെയും ഞാൻ എനിക്കൊപ്പം ചേർക്കും. കാരണം, സിനിമയിൽ ഒരാളല്ല, എല്ലാവരും നന്നാകണം. അതുകൊണ്ട്, ഞാനെല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ജന്മദിനാശംസ നേരുന്നതിന് മുകളിലേക്ക് ആ സൗഹൃദത്തെ വളർത്തുന്നതിൽ പരാജയമാണ്. ‘ജോക്കർ’ കഴിഞ്ഞ് പ്രമുഖരടക്കം ഒരുപാട് താരങ്ങൾ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒരു താരം പറഞ്ഞത് ‘‘ഞങ്ങൾ ആണ് ഇത് ചെയ്തിരുന്നതെങ്കിൽ ഇ.ഡി റെയ്ഡ് വന്നേനെ’’ എന്നാണ്.
‘‘മടിയിൽ കനമുള്ളവൻ പേടിച്ചാൽ മതിയല്ലോ’’ എന്നായിരുന്നു എന്റെ മറുപടി. സറ്റയറിക്കൽ മൂവിക്ക് ആ കുഴപ്പമുണ്ട്. എവിടെനിന്നും, ആരിൽനിന്നും, എപ്പോൾ വേണമെങ്കിലും എതിർപ്പ് കിട്ടാം.
‘അഞ്ച് സുന്ദരികളി’ൽനിന്നൊരു രംഗം
മോഹൻലാലിന്റെ ആരാധകനാണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധാനംചെയ്യുന്ന സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം എന്തായിരുന്നു?
എന്റെ ഇഷ്ടനടന്മാരിൽ ഒരാളാണ് മോഹൻലാൽ. ‘ഹിസ് ഹൈനസ് അബ്ദുല്ല’, ‘അങ്കിൾ ബൺ’, ‘നമ്പർ 20 മദ്രാസ് മെയിൽ’ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. ‘ബറോസി’ൽ അഭിനയിക്കാൻ അദ്ദേഹം വിളിച്ചപ്പോൾ സന്തോഷവും അഭിമാനവുമൊക്കെ തോന്നി. സൂപ്പർ കൂൾ ഡയറക്ടർ ആണ് അദ്ദേഹം.
താൻ വലിയ നടനാണ് എന്ന ഭാവത്തോടെയല്ല, സംവിധായകൻ എന്ന നിലക്ക് തന്നെയാണ് അഭിനേതാക്കളെ സമീപിക്കുന്നത്. ഏറെ ആരാധിച്ചിരുന്ന കമൽ സാറിന്റെ ‘ഇന്ത്യൻ 2’വിൽ ഒരു സ്പെഷൽ കാരക്ടർ ചെയ്യാൻ കഴിഞ്ഞതും നേട്ടമായി കാണുന്നു. ഹിന്ദിയിലൊക്കെ ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. പക്ഷേ, ഭാഷ പഠിച്ചിട്ടേ അഭിനയിക്കൂ എന്ന തീരുമാനത്തിലാണ്.
(ഫോട്ടോ: ബിമൽ തമ്പി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.