പാട്ട്​ ഇനിയും മാറും; അതൊരു അനിവാര്യതയാണ്​

മലയാളത്തിലെ പിന്നണിഗാനരംഗത്ത്​ തീർത്തും വ്യത്യസ്​തമായ മാറ്റം കൊണ്ടുവന്ന ‘‘ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍’’ എന്ന ഗാനത്തിന്​ രണ്ട്​ പതിറ്റാണ്ട്​ തികഞ്ഞു. ആ പാട്ട്​ സംവിധാനം ചെയ്യുകയും പാടുകയുംചെയ്​ത ജാസി ഗിഫ്​റ്റ്​ ത​ന്റെ പാട്ടുവഴികളെയും സമകാലിക പാട്ടുകളെയും കുറിച്ച്​ തുറന്നുപറയുകയാണ്​ ഇൗ സംഭാഷണത്തിൽ.മലയാള ചലച്ചിത്രഗാനരംഗത്ത് പുതുമാറ്റത്തിന് തുടക്കം കുറിച്ച സംഗീതസംവിധായകനാണ് ജാസി ഗിഫ്റ്റ്. ‘ഫോര്‍ ദ പീപ്പിള്‍’ എന്ന സിനിമയിലെ ‘‘ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍’’ എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍ ഇദ്ദേഹം അടയാളപ്പെട്ടു തുടങ്ങിയത്. പാരമ്പര്യവാദികളിൽനിന്ന്​...

മലയാളത്തിലെ പിന്നണിഗാനരംഗത്ത്​ തീർത്തും വ്യത്യസ്​തമായ മാറ്റം കൊണ്ടുവന്ന ‘‘ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍’’ എന്ന ഗാനത്തിന്​ രണ്ട്​ പതിറ്റാണ്ട്​ തികഞ്ഞു. ആ പാട്ട്​ സംവിധാനം ചെയ്യുകയും പാടുകയുംചെയ്​ത ജാസി ഗിഫ്​റ്റ്​ ത​ന്റെ പാട്ടുവഴികളെയും സമകാലിക പാട്ടുകളെയും കുറിച്ച്​ തുറന്നുപറയുകയാണ്​ ഇൗ സംഭാഷണത്തിൽ.

മലയാള ചലച്ചിത്രഗാനരംഗത്ത് പുതുമാറ്റത്തിന് തുടക്കം കുറിച്ച സംഗീതസംവിധായകനാണ് ജാസി ഗിഫ്റ്റ്. ‘ഫോര്‍ ദ പീപ്പിള്‍’ എന്ന സിനിമയിലെ ‘‘ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍’’ എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍ ഇദ്ദേഹം അടയാളപ്പെട്ടു തുടങ്ങിയത്. പാരമ്പര്യവാദികളിൽനിന്ന്​ എതിർപ്പും പുതുമ തേടുന്നവരിൽ അനുകൂലവുമായ തരംഗം പാട്ടിനുണ്ടായി. അവസരങ്ങൾ ധാരാളം​ തേടിയെത്തി. കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോർപറേഷന്‍ ചെയര്‍മാൻകൂടിയാണ്​ ഇപ്പോള്‍ ജാസി ഗിഫ്റ്റ്.

സംഗീതത്തിന്‍റെ സമകാലികതയെക്കുറിച്ചും തന്‍റെ സംഗീതവഴികളെക്കുറിച്ചും സംസാരിക്കുകയണ്​ ജാസി ഗിഫ്റ്റ് ഇൗ സംഭാഷണത്തിൽ.

‘‘ലജ്ജാവതിക്ക്’’ ഇരുപത് വയസ്സ് തികയുകയാണ്..?

സംഗീതം എനിക്ക് പ്രഫഷനാക്കാന്‍ പറ്റിയെന്നതാണ് ആ പാട്ടുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം. സംഗീതസംവിധായകന്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. കോളജ് പഠനകാലത്ത് ഇംഗ്ലീഷ് ബാന്‍ഡില്‍ കീ ബോര്‍ഡ് വായിച്ചും പിന്നീട് പാടിയും സംഗീതത്തോടൊപ്പമുണ്ടായിരുന്നു. പ​േക്ഷ, സിനിമയിലേക്ക് ഇങ്ങനെയൊരു എന്‍ട്രി ഉണ്ടാകുമെന്നും കരിയര്‍ ഇങ്ങനെയൊക്കെ മാറിമറിയുമെന്നും കരുതിയിട്ടില്ല. സിനിമയോട് പാഷനുണ്ടായിരുന്നു. സിനിമയിലെത്തിയതോടെ ഒരുപാട് വലിയ കലാകാരന്മാരെ പരിചയപ്പെടാന്‍ സാധിച്ചു. അതൊരു വലിയ കാര്യമാണ്. ‘‘ലജ്ജാവതി...’’യാണ് അതെല്ലാം തന്നതെന്നു പറയാം.

അക്കാലത്ത് ‘‘ലജ്ജാവതി’’ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ. സംഗീതത്തിന്‍റെ ലാളിത്യം നഷ്ടപ്പെടുത്തി എന്നൊക്കെ?

അത് സ്വാഭാവികമാണല്ലോ. അന്നുവരെ ഉണ്ടായിട്ടുള്ള പാട്ട് ശീലങ്ങളില്‍നിന്നും മാറിയൊരു ഈണമായിരുന്നല്ലോ അത്. ആളുകള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. പാട്ട് കേട്ട സാധാരണക്കാരില്‍നിന്നല്ല മറിച്ച് സംഗീതരംഗത്തുള്ളവരില്‍നിന്നാണ് കൂടുതല്‍ വിമര്‍ശനമുണ്ടായത്. സംവിധായകന്‍ ജയരാജ് സാറിന്‍റെ ആശയമായിരുന്നു ഇത്തരത്തിലൊരു ഫാസ്റ്റ് നമ്പര്‍ വേണമെന്നത്. മലയാളത്തിലെ ന്യൂജനറേഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമ എന്നനിലയില്‍ കോളജ് വിദ്യാർഥികളെ ആകര്‍ഷിക്കുന്ന പ്രമേയവുമായി ചേര്‍ന്നുനില്‍ക്കുന്ന ഈണം വേണമെന്നാണ്​ അദ്ദേഹം ആവശ്യപ്പെട്ടത്.

ഇത്രയും നാളും കേട്ടതില്‍നിന്ന് വ്യത്യാസം വേണം. ആ സമയത്തെ കോളജ് കുട്ടികളെ ആകര്‍ഷിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം. അദ്ദേഹവും സിനിമയും ആവശ്യപ്പെട്ടത് നല്‍കാന്‍ കഴിഞ്ഞു. ഒരു ഗാനം രചിക്കുന്നവരിലൂടെയും സംഗീതം നല്‍കുന്നവരിലൂടെയുമാണ് രൂപപ്പെടുന്നതെങ്കിലും സിനിമാഗാനത്തിന്‍റെ അമ്പത് ശതമാനം ക്രെഡിറ്റും ആ സിനിമയുടെ സംവിധായകനുള്ളതാണ്. അവരുടെ ആശയങ്ങള്‍ക്കനുസരിച്ചാണ് നമ്മള്‍ പാട്ട് ചിട്ടപ്പെടുത്തുന്നത്. നമ്മള്‍ ഒരു പാട്ട് ഹിറ്റാക്കാം എന്നു വിചാരിച്ചാല്‍ നടക്കില്ല. ഡയറക്ടര്‍ വിചാരിക്കണം. അതായത് പശ്ചാത്തലവും എല്ലാം പ്രധാനമാണ്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ പാട്ടുകള്‍ മാത്രം ഹിറ്റാകാറുമുണ്ട്. അപൂര്‍വമായി മാത്രം. ‘‘ലജ്ജാവതി...’’യുടെ വിജയത്തില്‍ പ്രധാന പങ്ക് സംവിധായകനുള്ളതാണ്.

താങ്കള്‍ തുടങ്ങി​െവച്ച മാറ്റത്തെ ഇന്ന് മലയാളം പൂര്‍ണമായും ഏറ്റെടുത്തോ?

ജനറേഷന്‍ മാറിയതും അഭിരുചി മാറിയതും പ്രതിഫലിക്കുന്നുണ്ട്. പഴയതിനേക്കാള്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡിന് അനുസരിച്ചു പോകുന്ന പാട്ടാണ് ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ‘‘ലജ്ജാവതി’’യെന്ന് ആളുകള്‍ ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പഴയതുപോലെയല്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ച മറ്റെന്തിനുമെന്നപോലെ സംഗീതത്തിലും വിശാല ലോകത്തെ തുറന്നിട്ടിരിക്കുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വേള്‍ഡ് മ്യൂസിക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഇന്ന് കുറച്ചുകൂടി വിശാലമായി ചിന്തിക്കുന്ന ജനറേഷനാണുള്ളത്.

അതായത് മുമ്പ് എല്ലാത്തിലും ഒരു നാരോമൈന്‍ഡഡ് ആയിരുന്നെങ്കില്‍ ഇന്ന് ബ്രോഡായി ചിന്തിക്കുന്ന ജനറേഷനാണ് എന്നർഥം. സോഷ്യല്‍ മീഡിയ വളര്‍ന്നില്ലായിരുന്നെങ്കില്‍ സിനിമ പാട്ട് അതിന്‍റെ പഴയനില തന്നെ തുടര്‍ന്നേനെ എന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയുടെ മൊത്തം ആറ്റിറ്റ്യൂഡ് മാറി. എല്ലാവരും ഓപണായി സംസാരിച്ചുതുടങ്ങി. പണ്ടൊന്നും അങ്ങനെയായിരുന്നില്ല. മുന്നോട്ടു പോകുംതോറും ഇനിയും മാറും. സംഗീതത്തിന്‍റെ അതിന്‍റെ മാറ്റം നന്നായി തിരിച്ചറിയാനാകും.

 

മലയാള സിനിമാഗാനങ്ങളെ ‘‘ലജ്ജാവതി’’ക്കു മുമ്പും പിമ്പുമെന്ന് വേര്‍തിരിച്ചാല്‍..?

തീര്‍ച്ചയായും. ഈ പാട്ടിന് അതിന്‍റേതായ സ്ഥാനമുണ്ട്. എന്‍റെയൊരു മൈല്‍സ്റ്റോണ്‍ എന്നു പറയാവുന്നത് ‘‘ലജ്ജാവതി’’ തന്നെയാണ്. ആളുകള്‍ ഇപ്പോഴും എന്നെ തിരിച്ചറിയുന്നതും ആ പാട്ടിലൂടെ തന്നെയാണ്. സാധാരണ ഫോര്‍മാറ്റില്‍നിന്ന് മാറിയിട്ടുള്ള ആല്‍ബം എന്ന നിലയില്‍ ഇതിനൊരു അപ്രിസിയേഷന്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. എന്നാല്‍, എന്‍റെ ആദ്യത്തെ സിനിമ ‘സഫല’മാണ്. ‘‘തൂവെള്ള തൂകുന്നുഷസ്സിന്‍...’’ ഇതാണ് ആദ്യത്തെ പാട്ട്.

മലയാളത്തില്‍ ട്രെന്‍ഡ് സെറ്റ് ചെയ്തയാള്‍, ‘‘ലജ്ജാവതി’’യുണ്ടാക്കിയ ഓളം ഇന്നും തുടരുന്നു. എന്നിട്ടും വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിട്ടുണ്ടോ?

അങ്ങനെയൊന്നുമില്ല. പാട്ടുകള്‍ ഹിറ്റാകുന്നത് അനുസരിച്ചാണ് അവസരങ്ങളും അംഗീകാരങ്ങളുമുണ്ടാകുന്നത്. മലയാളത്തില്‍ ഒരു സമയത്ത് ചെയ്ത പടങ്ങളൊന്നും അതിനു സഹായിച്ചില്ല. ഹിറ്റു ചെയ്യുന്നവര്‍ക്കാണ് സിനിമയില്‍ കൂടുതല്‍ സ്ഥാനം. ഹിറ്റ് എവിടെ ഉണ്ടാകുന്നുവോ അവിടെ അവസരം ലഭിക്കും. കന്നടയില്‍ എനിക്ക് 50 പടം കിട്ടാന്‍ കാരണം മലയാളത്തേക്കാള്‍ ഹിറ്റുകള്‍ അവിടെയുണ്ട് എന്നതുകൊണ്ടാണ്. തെലുഗുവില്‍ ഇരുനൂറോളം പാട്ടുകള്‍ പാടാന്‍ കഴിഞ്ഞത് കുറേ പാട്ടുകള്‍ അവിടെ ശ്രദ്ധിക്കപ്പെട്ടു എന്നതുകൊണ്ടാണ്.

ശ്രദ്ധ നേടുകയെന്നത് സിനിമയെ സംബന്ധിച്ച് പ്രധാനമാണ്. നമ്മള്‍ നന്നായി വര്‍ക്കുചെയ്യന്നതുകൊണ്ട് മാത്രമല്ല, നമ്മുടെ കൂടെയുള്ള ടീമും നല്ലതായിരിക്കണം. എല്ലാം കൂടി ശരിയായി വരണമെന്നില്ല. സിനിമ നല്ലതാണെങ്കില്‍ ബൂസ്റ്റപ് ഉണ്ടാകും. സിനിമ നല്ലതല്ലാതെ പാട്ട് എത്ര നല്ലതായാലും ശ്രദ്ധിക്കപ്പെടണമെന്നില്ല. നൂറ് ദിവസം ഓടുന്ന പടത്തില്‍ നമ്മള്‍ എന്തെങ്കിലും ഒരു ട്യൂണ്‍ ചെയ്താല്‍തന്നെ അത് ഹിറ്റാകും. സിനിമ രക്ഷപ്പെട്ടില്ലെങ്കില്‍ പാട്ടും ഫ്ലോപ്പാകും. ചില പാട്ടുകള്‍ അതിന് അപവാദമായുണ്ടെന്നതു ശരിയാണ്. വളരെ റയറായാണ് ഇങ്ങനെ സംഭവിക്കുക.

പാട്ടിന്‍റെ മുകളില്‍നിന്നു തന്നെയാണ് എല്ലാം അനലൈസ് ചെയ്യുന്നത്. ചെയ്യുന്ന വര്‍ക്ക് എങ്ങനെയുണ്ട് എന്നതാണ് ആളുകള്‍ നോക്കുന്നത്. നമ്മള്‍ ചെയ്യുന്ന സംഗീതം ജനങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ മറ്റൊന്നും ബാരിയറല്ല. ശ്രേയാ ഘോഷാലിനെക്കൊണ്ട് 18 പാട്ടുകള്‍ പാടിച്ചിട്ടുണ്ട്. ‘‘ശലഭമഴ പെയ്യുമീ വാടിയില്‍ പൂക്കളില്‍...’’ എന്നൊരു പാട്ടുണ്ട്. നാല് മണിക്കൂറോളം സമയമെടുത്ത് ശ്രേയ പാടിയ പാട്ടാണ്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടില്ല. വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ്. പക്ഷേ, ആരും കേട്ടിട്ടില്ല. മറഞ്ഞുകിടക്കുന്ന കുറെ പാട്ടുകളുണ്ട്. വര്‍ക്കില്‍ എന്തും ഇന്‍ക്ലൂഡ് ചെയ്യാന്‍ റെഡിയാണ്. ഇംഗ്ലീഷോ വെസ്റ്റേണോ സെമി ക്ലാസിക്കലോ, എന്തും ഉള്‍പ്പെടുത്താന്‍ തയാറാണ്. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് അവ ഉണ്ടായിവരുന്നത്.

സിനിമാ പാട്ടിന് സിനിമയില്‍നിന്നും വേറിട്ടൊരു നിൽപില്ലെന്നാണോ?

സിനിമാ പാട്ടല്ലേ. അത് സിനിമയുടെ പാട്ടാണ്. സിനിമ ആവശ്യപ്പെടുന്ന സിറ്റ്വേഷന്‍ അനുസരിച്ചാണ് പാട്ട് ഉണ്ടാക്കുന്നത്. അതായത് പൂര്‍ണമായും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നവയാണ് സിനിമാ പാട്ടുകള്‍. ഇപ്പോഴത്തെ ഹിറ്റുകള്‍ എടുത്താല്‍തന്നെ അത് തിരിച്ചറിയാനാകും.

കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് മുമ്പായിരുന്നോ, അതോ ഇപ്പോഴാണോ?

സോഷ്യല്‍മീഡിയ വന്നതോടുകൂടി മുമ്പത്തേക്കാള്‍ കൂടുതല്‍ സാധ്യതകള്‍ ലഭിക്കുന്നുണ്ട്. അവസരങ്ങള്‍ തേടി നടക്കേണ്ടിവരുന്നില്ല. മറ്റൊരു കാര്യം ഈ സമയത്ത് പാട്ടുകള്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നില്ല. കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. ഇപ്പോഴത്തെ ജനറേഷന്‍റെ ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത് ക്ലാസിക്കലാണെങ്കിലും പോപുലര്‍ സോങ്സാണെങ്കിലും മനസ്സിലാക്കാനും കുറച്ചുകൂടി ഇന്‍ഡെപ്ത്തായി പോകാനുമുള്ള മനസ്സ് അവര്‍ക്കുണ്ട് എന്നതാണ്. ക്ലാസിക്കല്‍ പഠിക്കണമെങ്കില്‍ പണ്ടൊക്കെ മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആര്‍ക്കും പഠിക്കാവുന്ന സാഹചര്യമുണ്ട്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ആര്‍ക്കും എന്തും പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു. അടഞ്ഞ ചിന്ത മാറിയിട്ടുണ്ട്. എല്ലാംകൂടി ബ്ലെന്‍ഡ് ചെയ്യുന്ന സംഭവം ഇപ്പോള്‍ വന്നിട്ടുണ്ട്. അത് എല്ലാം എല്ലാവര്‍ക്കും സ്വീകാര്യവുമാണ്.

 

ജയരാജ്​,കലാഭവൻ മണി

പുതിയ കാലത്തെ ‘ശുദ്ധസംഗീത’ത്തിന്‍റെ മേല്‍ക്കോയ്മക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ?

സിനിമാ പാട്ടുകളെ സംബന്ധിച്ചിടത്തോളം പണ്ടും അങ്ങനെയൊന്നില്ല. എല്ലാം ശുദ്ധസംഗീതം തന്നെയാണല്ലോ. ഇപ്പോഴത്തേതും ശുദ്ധസംഗീതം തന്നെയാണ്. വേറൊരർഥത്തില്‍ സംഗീതം ഇപ്പോള്‍ കുറച്ചുകൂടി ശുദ്ധമായെന്ന് പറയാം. എല്ലാവര്‍ക്കും മ്യൂസിക് ചെയ്യാന്‍ കഴിയും. പണ്ടൊക്കെ ഓര്‍ക്കസ്ട്ര ചെയ്യാനായി ഒരു കീബോര്‍ഡിസ്റ്റ് വേണം. ഇപ്പോ നമുക്കെല്ലാവര്‍ക്കും സംഗീതം ചെയ്യാമെന്നായിട്ടുണ്ട്. ഒരു ലാപ്ടോപ് ഉണ്ടായാല്‍ മതി. കുറേക്കൂടി മ്യൂസിക്കുമായി അടുത്തെന്ന് പറയാന്‍ പറ്റും. പണ്ട് അങ്ങനെയല്ല സ്റ്റുഡിയോയും ആര്‍ട്ടിസ്റ്റും വേണം. എനിക്ക് വേണമെങ്കില്‍ ഏത് മുറിയിലിരുന്നും റെക്കോഡ് ചെയ്യാം. ഇപ്പോ നമുക്ക് സ്വന്തമായി എല്ലാം ചെയ്യാനുള്ള സാഹചര്യമുണ്ട്.

എത്ര പാട്ടുകള്‍ വന്നാലും അനശ്വര ഗാനങ്ങള്‍ കുറച്ചു മാത്രമേ ഉണ്ടാകൂ എന്ന വാദത്തില്‍ കഴമ്പുണ്ടോ?

പാട്ടുകളുടെ ആസ്വാദനം വ്യക്തിപരമാണ്. ഞാന്‍ ആസ്വദിക്കുന്നതുപോലെയാവില്ല കൂടെയിരിക്കുന്നയാള്‍ ആസ്വദിക്കുന്നത്. ഇംഗ്ലീഷ് പാട്ടുകള്‍ മാത്രം കേള്‍ക്കുന്ന മലയാളി പയ്യന്മാരുണ്ട്. അവരോട് പഴയ പാട്ട് കേള്‍ക്കാന്‍ പറഞ്ഞാല്‍ എടുത്തോണ്ട് പോകാന്‍ പറയും. എന്നാല്‍, പഴയ പാട്ടുകള്‍ ആസ്വദിക്കുന്ന ചെറുപ്പക്കാരുമുണ്ട്. എല്ലാം ആസ്വദിക്കണമെന്ന് നമുക്ക് ശഠിക്കാന്‍ പറ്റില്ല. നമ്മുടെ കൾചറിന്‍റെ പാട്ടാണ് അത് കേട്ടേ പറ്റൂവെന്ന് പറയാന്‍ കഴിയില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ ജനറേഷനോട്. പണ്ടൊക്കെ റേഡിയോ കേള്‍ക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

ഇന്ന് അങ്ങനെയല്ലല്ലോ. ഒരു പാട്ട് കേട്ട് മുപ്പത് സെക്കൻഡിനുള്ളില്‍ നല്ലതല്ലെങ്കില്‍ തുടര്‍ന്ന് ആരും കേള്‍ക്കില്ല. മുപ്പത് സെക്കൻഡിനുള്ളില്‍ ആള്‍ക്കാരെ പിടിച്ചിരുത്താനുള്ള കണ്ടന്‍റ് അതിലില്ലെങ്കില്‍ അടുത്ത പാട്ടിലേക്ക് പോകും. അതാണ് ക്രിയേറ്റിവിറ്റിയുടെ പ്രധാന വെല്ലുവിളി. സമയപരിധിക്കുള്ളില്‍ അട്രാക്ട് ചെയ്തില്ലെങ്കില്‍ പാട്ട് ശ്രദ്ധിക്കപ്പെടാതെ പോകും. അപ്പോള്‍ ഈ സമയപരിധിക്കുള്ളില്‍നിന്ന് എന്ത് ചെയ്യാനും മ്യൂസിക് ഡയറക്ടര്‍മാരും ചലച്ചിത്രസംവിധായകരും തയാറാകും. പഴയ ഹാര്‍മോണിയവും തബലയും ​െവച്ചുകൊണ്ടുള്ള പാട്ടുകളുടെ ഘടന വേറെയാണ്. ഇപ്പോഴത്തെ സോഫ്റ്റ് വെയര്‍ ഒാറിയന്‍റഡായിട്ടുള്ള പാട്ടുകളുടെ രീതി മറ്റൊന്നാണ്. അതുകൊണ്ട് പാട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. റെ​േക്കാഡിങ് പ്രോസസില്‍ വരെ അത് കാണാനാകും. നിരന്തരം ഈ മാറ്റം സംഭവിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.

കേരളത്തിന് പുറത്ത് താങ്കള്‍ക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ച്?

കന്നട പടങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. അമ്പതോളം പടങ്ങള്‍ക്ക് മ്യൂസിക് ചെയ്തു. ഇരുനൂറോളം തെലുഗു പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. കീരവാണി സാറിന്‍റെ സംഗീതത്തില്‍ പാടി. രാജമൗലി പടത്തിലും. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, അ​േദ്ദഹത്തിന്‍റെ മകന്‍ എന്നിവര്‍ക്കു വേണ്ടിയും പാടാന്‍ കഴിഞ്ഞു. ഇതൊക്കെ വലിയ കാര്യമായാണ് ഞാന്‍ കരുതുന്നത്. കന്നടയിലാണ് ഇപ്പോള്‍ കൂടുതല്‍ ചെയ്യുന്നത്.

സംഗീതരംഗത്തേക്കും തുടര്‍ന്ന് സിനിമാരംഗത്തേക്കും വരാനിടയായ സാഹചര്യം എന്തായിരുന്നു..?

സംഗീതം കരിയറാക്കണമെന്ന് ഞാന്‍ വിചാരിച്ചിരുന്നേയില്ല. സിനിമ ഇഷ്ടമായിരുന്നു. സിനിമ ചെയ്യണമെന്ന ആഗ്രഹത്താല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ നല്‍കിയിരുന്നു. അത് 25 വര്‍ഷം മുമ്പാണ്. മ്യൂസിക് ഉള്ളപ്പോള്‍തന്നെ ഇന്നും സിനിമയോട് ഒരു അഭിനിവേശമുണ്ട്. സത്യജിത് റായിയുടെ ‘അവര്‍ ഫിലിംസ് ദെയര്‍ ഫിലിംസ്’ എന്നൊരു പുസ്തകമാണ് ആദ്യമായി ഇഷ്ടപ്പെട്ട് വായിക്കുന്നത്. യൂനിവേഴ്സിറ്റി കോളജ് പഠനകാലത്തെ സൗഹൃദങ്ങളാണ് സംഗീതത്തിലേക്കുള്ള വഴി ഒരുക്കുന്നത്. അന്ന് കോളജില്‍ ബാലഭാസ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഗീത ട്രൂപ്പുണ്ടായിരുന്നു.

അവരുടെ റെക്കോഡിങ് പ്രോസസ് കണ്ടാണ് പഠിച്ചത്. കോളജിലെ മത്സരങ്ങളില്‍ പങ്കെടുത്തതും സൗഹൃദങ്ങളുമെല്ലാം ഒത്തിരി ഹെല്‍പ് ചെയ്തിട്ടുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാന്‍ഡിനൊപ്പം സംഗീതപരിപാടിക്ക് പോകുമായിരുന്നു. യൂനിവേഴ്സിറ്റി കോളജിന്‍റെ നേരെ എതിര്‍വശമുള്ള സൗത്ത് പാര്‍ക്കിലാണ് ആദ്യം പോയത്. വെസ്റ്റേണ്‍ ബാന്‍ഡില്‍ കീബോര്‍ഡ് വായിക്കാനാണ് ചെല്ലുന്നത്. ഒരുദിവസം സിംഗറില്ലാതെ വന്നപ്പോള്‍ പാടേണ്ടിവന്നു. അവിടെനിന്നായിരുന്നു തുടക്കം. സിനിമയില്‍ വരുന്നതിനു മുമ്പ് എട്ടു പത്തു വര്‍ഷത്തോളം മ്യൂസിക്കിലുണ്ടായിരുന്നു. രണ്ടു മൂന്ന് ബാന്‍ഡുകളില്‍ ഫ്രീലാൻസായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് സൂര്യ ടി.വിക്കുവേണ്ടി ആല്‍ബം ചെയ്തു. ബിഗ്ബോസ് സാബു, റോഷന്‍ ഇവരുടെ ഒപ്പം ആല്‍ബം ചെയ്തു. ആ ആല്‍ബം സംവിധായകന്‍ ജയരാജ് കേട്ടിട്ട് മ്യൂസിക് ചെയ്യാന്‍ വിളിക്കുകയായിരുന്നു. സിനിമയിലേക്കുള്ള വഴി തുറക്കുന്നത് അങ്ങനെയാണ്.

സംഗീതരംഗത്തേക്ക് വന്നില്ലായിരുന്നെങ്കില്‍ ഏതു മേഖല തിരഞ്ഞെടുക്കുമായിരുന്നു?

അധ്യാപകനാകുക എന്നതായിരുന്നു പഠനകാലത്തെ ലക്ഷ്യം. ആ ആഗ്രഹം മനസ്സിലുള്ളതുകൊണ്ടാണ് ഫിലോസഫിയില്‍ ഡോക്ടറേറ്റ് എടുത്തത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ തന്നെയാണ് ഡിഗ്രിയും പി.ജിയും പഠിച്ചത്. ‘The philosophy of Harmony and Bliss with reference to Advaita and Buddhism’ എന്ന വിഷയത്തിൽ കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്നാണ് പിഎച്ച്.ഡി ലഭിച്ചത്. ജീവിതത്തില്‍ ഞാന്‍ ബഹളക്കാരനല്ല. എന്നാല്‍, പാട്ടുകളില്‍ അധികവും സൗണ്ടുള്ളതാണ്. എന്നാല്‍ ഞാന്‍ മെലഡിയും ചെയ്തിട്ടുണ്ട്.

പുതിയ പാട്ടുകളില്‍ വരികൾക്ക്​ പ്രാധാന്യം കുറയുന്നുണ്ടോ?

പുതിയ തലമുറയെ പ്രതിനിധാനംചെയ്യുന്ന സിനിമകളിലെ പാട്ടുകള്‍ ഹൈലി എക്സ്പ്രസിവാണ്. പണ്ടത്തെ പാട്ടുകളുടെ ആലാപനശൈലിയൊന്നുമല്ല ഇപ്പോഴുള്ളത്. ഏത് രാഗമാണെന്നൊന്നും പുതിയ തലമുറ ശ്രദ്ധിക്കാറില്ല. അവരുടെ വികാരം പ്രകടിപ്പിക്കത്തക്ക പാട്ടുകളാണ് ഇപ്പോൾ ഇറങ്ങുന്നത്. പുതിയ പാട്ടുകളില്‍ ലിറിക്കിന് പ്രാധാന്യമുണ്ട്. പുതിയ എഴുത്തുകാര്‍ വരുന്നുണ്ട്. പുതിയ തലമുറക്ക് സമൂഹത്തോട് പറയാനുള്ളത്, പറയാന്‍ ഇഷ്ടപ്പെടുന്നത്, അതൊക്കെ ഗാനരൂപേണ പ്രസന്‍റ് ചെയ്യാന്‍ ഇപ്പോഴത്തെ കമ്പോസര്‍മാര്‍ക്കും കഴിയുന്നുണ്ട്.

 

ശങ്കർ മഹാദേവൻ,ടി.എം. കൃഷ്​ണ

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ?

സംഗീതം അക്കാദമിക്കായി പഠിച്ചിട്ടില്ല. രമേശ് നാരായണന്‍ സാറിന്‍റെ അടുത്തുനിന്നാണ് ക്ലാസിക്കലായി ആദ്യം പഠിക്കുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത് കുറേ നാള്‍ പോയിരുന്നു. ഇപ്പോഴും പഠിക്കുന്നുണ്ട്. ചന്ദ്രബാബു ചേട്ടനും പഠിപ്പിക്കുന്നുണ്ട്. സംഗീതത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും ഞാനൊരു വിദ്യാര്‍ഥിതന്നെയാണ്.

പുതിയ നിരവധി ബാൻഡുകള്‍ ഉണ്ടാകുന്നുണ്ട്. നാടന്‍പാട്ടുകള്‍ മാത്രം അവതരിപ്പിക്കുന്നവയുണ്ട്. ഇത് അടുത്തകാലത്തുണ്ടായ മാറ്റമല്ലേ?

നാടന്‍പാട്ട് പാടുന്നതിന് കാരണം അത്രയും പോപുലറാണ് ആ പാട്ടുകള്‍ എന്നതുകൊണ്ടാണ്. കൈതോലപ്പായ എന്ന പാട്ട് അരുവിക്കരയില്‍ പാടിയാലും അമേരിക്കയില്‍ പാടിയാലും അതിന്‍റേതായ റിസല്‍ട്ടുണ്ട്. നാടന്‍പാട്ടുകള്‍ എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. അത് വീണ്ടും കേള്‍ക്കുമ്പോള്‍ ആസ്വദിക്കാന്‍ എല്ലാ തലമുറയിലും ഉള്ളവര്‍ക്ക് സാധിക്കുന്നുണ്ട്.

നാടന്‍പാട്ടിനെ വേറൊരു തരത്തില്‍ അവതരിപ്പിച്ച കലാഭവന്‍ മണിയെക്കുറിച്ച്..?

മണിച്ചേട്ടന്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ ചാലക്കുടിയിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിട്ടുണ്ട്. ഞങ്ങള്‍ അവിടെയിരുന്ന് പാടിയിട്ടുണ്ട്. വലിയൊരു ക്രൗഡിനെ സൃഷ്ടിക്കുക എന്നത് മഹത്തായ കാര്യമാണ്. നമ്മള്‍ റെ​േക്കാഡിങ് സ്റ്റുഡിയോയില്‍ പാടുന്നതുപോലെയല്ല ജനങ്ങളുടെ മുന്നില്‍ പാടുന്നത്. അക്കാര്യത്തില്‍ വിജയിച്ചയാളാണ് മണിച്ചേട്ടന്‍. ഞങ്ങള്‍ ഓപണ്‍ പരിപാടിയില്‍ പോകുമ്പോള്‍ മണിച്ചേട്ടനോടുള്ള ആള്‍ക്കാരുടെ സ്നേഹം തിരിച്ചറിയാനാകും. അദ്ദേഹത്തിന്‍റെ വേര്‍പാട് വലിയ നഷ്ടമാണ്.

പുതിയ സംഗീത സംവിധായകരെക്കുറിച്ച്?

ഇപ്പോഴത്തെ സംഗീത സംവിധായകര്‍ വളരെ ബ്രില്യന്‍റാണ്. സിങ്ങേഴ്സും. ഓവറോള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായി ബോധ്യമുള്ളവരാണ്.

സംഗീതയാത്രയില്‍ മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ച്?

ശങ്കര്‍ മഹാദേവന്‍ പാടാന്‍ വിളിച്ചത് ഒരിക്കലും മറക്കാനാകില്ല. അതുപോലെ പലരെയുംകൊണ്ട് പാടിക്കാന്‍ കഴിഞ്ഞതും വലിയ അനുഭവമാണ്. അതില്‍ പ്രധാനം യേശുദാസ് സാറിനെക്കൊണ്ടു പാടിച്ചതാണ്. അദ്ദേഹം ഒമ്പതോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. പിന്നെ ശ്രേയാഘോഷാല്‍, സോനു നിഗം അങ്ങനെ ഇന്ത്യയിലെ ടോപ് ആര്‍ട്ടിസ്റ്റുകളുമായൊക്കെ വർക്ക് ചെയ്യാന്‍ പറ്റിയെന്നുള്ളതും. മ്യൂസിക്കില്‍ വന്നതിനുശേഷമുള്ള വലിയ ഭാഗ്യമാണിതൊക്കെ.

സംഗീതത്തെ മെലഡിയെന്നോ അടിപൊളിയെന്നോ ക്ലാസിക്കലെന്നോ ഒരു കാറ്റഗറിയില്‍ ഒതുക്കി നിര്‍ത്താനാകുമോ?

അങ്ങനെ നിര്‍ത്താനാകില്ല. ഓരോന്നും ഓരോ രീതിയാണല്ലോ. ഏതാണ് മഹത്തരമെന്ന് പറയാനാകില്ല. പറഞ്ഞ് ഒന്നിനെ മഹത്തരമാക്കാനുമാകില്ല. ഏതാണെങ്കിലും ജനങ്ങള്‍ക്ക് സ്വീകാര്യമാവുക എന്നതാണ് പ്രധാനം.

സിനിമ തന്നെ പുതിയ ഭാവുകത്വത്തിലേക്ക് മാറിയിരിക്കുന്ന കാലഘട്ടമാണിത്. സംഗീതത്തിലെ മാറ്റത്തെ എന്തുകൊണ്ടാണ് അംഗീകരിക്കാത്തത്. സംഗീത വിദ്യാലയങ്ങള്‍പോലും സിലബസ് പരിഷ്കരിക്കാന്‍ തയാറാകുന്നില്ലല്ലോ?

മാറ്റം അനിവാര്യമാണ്. ചില സ്ഥലങ്ങളില്‍ കോഴ്സ് റിവൈസ് ചെയ്തതായി അറിയാം. മ്യൂസിക് തെറപ്പിപോലുള്ള മ്യൂസിക് അപ്രീസിയേഷന്‍ വന്നിട്ടുണ്ട്. സംഗീതവുമായി ബന്ധപ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സോഫ്റ്റ് വെയര്‍ പഠിപ്പിക്കുന്നത് അഫിലിയേറ്റഡ് കോഴ്സുകളായി വന്നിട്ടുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ഇനിയും മാറേണ്ടതായിട്ടുണ്ട്. പതുക്കെ എല്ലാം മാറും. ആവശ്യങ്ങള്‍ മാറിവരുമ്പോള്‍ എല്ലാം റിവൈസ് ചെയ്യേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്.

 

ജാസി ഗിഫ്​റ്റ്​ -ഇരുപത്​ വർഷം മുമ്പ്​

ഇന്ത്യന്‍ സംഗീതത്തിലെ പുതിയ പ്രവണതകള്‍..?

ഇന്ത്യന്‍ സംഗീതം ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക്കുകളിലൊന്നാണ്. ഇത്രയും കോംപ്ലിക്കേഷനുള്ള, ഡെപ്ത്തുള്ള മ്യൂസിക് ഞാന്‍ വേറെങ്ങും കേട്ടിട്ടില്ല. വളരെ അധികം ആരാധിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഭവമാണിത്. ഇപ്പോഴത്തെ തലമുറ ഇത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ലോകസംഗീതം എത്രമാത്രം മാറുന്നുണ്ട്?

മൈക്കൽ ജാക്സണും ബോബ് മാര്‍ലിയുമൊക്കെ സൃഷ്ടിച്ച ലോകത്തുനിന്നും മാറുന്ന കാഴ്ച എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ഏതാണ്ട് 21 രാജ്യങ്ങളില്‍ ഞാന്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെയാണ് ഇതെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത്. ലൈവ് മ്യൂസിക്കിന്‍റെ സാധ്യത വിശാലമാണ് അത് എവിടെയാണെങ്കിലും.

സംഗീതത്തില്‍ പുതിയ കാലത്തും അധീശത്വബോധം പ്രവര്‍ത്തിക്കുന്നുണ്ടോ?

ഇപ്പോള്‍ പഴയ കാലത്തില്‍നിന്നും വ്യത്യസ്തമായി സാധ്യതകള്‍ ഒരുപാടുണ്ട്. സോഷ്യല്‍ മീഡിയയുടെ വ്യത്യസ്ത പ്ലാറ്റ് ഫോമുകളാണ് അതിന് അവസരമൊരുക്കിയത്. അതുകൊണ്ട് ആരുടെയെങ്കിലും സ്വകാര്യതയായി ഒന്നിനെയും നിലനിര്‍ത്താന്‍ കഴിയില്ല.

ടി.എം. കൃഷ്ണയെപ്പോലുള്ളവര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി പ്രകടിപ്പിക്കാറുണ്ട്. താങ്കള്‍ അത്തരം ഇടപെടലുകള്‍ നടത്തിയതായി കാണുന്നില്ല?

സ്കൂളിലും കോളജിലും പഠിക്കുമ്പോള്‍പോലും ഒന്നിലും കാര്യമായി ഇടപെടാത്ത മിതവാദിയായിരുന്നു ഞാന്‍. ആരെയും അറ്റാക്ക് ചെയ്യുന്ന സ്വഭാവശൈലിയില്ലായിരുന്നു. അങ്ങനെ നിലപാടുകള്‍ പറയണമെങ്കില്‍ അത്രയും ശക്തനായിരിക്കണം. ഒരർഥത്തിലും ഞാന്‍ അത്രയും ശക്തനല്ല. കാരണം, നമ്മുടെ വ്യൂപോയന്‍റ്സ് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അവരൊക്കെ വലിയ നിലയില്‍ എത്തിയിട്ടുള്ളവരാണ്. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ നമ്മളെ അനുകൂലിക്കുന്നവരും അനുകൂലിക്കാത്തവരുമുണ്ട്. ഇതിനിടയില്‍ നില്‍ക്കണ്ട എന്നു കരുതിയാണ് പല കാര്യങ്ങളിലും അഭിപ്രായം പറയാത്തത്. അതായത് പ്രതികരിച്ചാല്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകും.

പറയുന്നവരാരും കൂടെക്കാണില്ല. സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ ഒരു സെക്കന്‍ഡ് മതി എല്ലാം തകരാന്‍. പേഴ്സനലായ അഭിപ്രായങ്ങള്‍ ആര്‍ക്കും ഹര്‍ട്ട് ചെയ്യാത്തത് നമുക്ക് പറയാം. ഇത്രയും വലിയ മ്യൂസിക്കല്‍ കൾചര്‍ കിടക്കുന്നിടത്ത് എന്തെങ്കിലും പറഞ്ഞ് നെഗറ്റിവാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ അത്രയും ശക്തനായ ആളായി തോന്നുന്നുമില്ല. പലരും എന്റെയടുത്ത് റിയാക്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. പ്രശ്നം ഒടുവില്‍ നമുക്ക് നമ്മള്‍ മാത്രമേ കാണൂ എന്നതാണ്. എപ്പോഴും വലിയ സപ്പോര്‍ട്ട് കിട്ടിയെന്നുവരില്ല. നമ്മുടെ ആശയങ്ങളൊക്കെ മാക്സിമം കൂട്ടുകാരുടെ ഇടയില്‍ നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പിന്നെ അഭിപ്രായം പറയാന്‍ കഴിയുന്നവരോട് മനസ്സുകൊണ്ട് ഐക്യപ്പെടുക മാത്രം.

ഈ അടുത്തകാലത്ത് ഒരു കോളജില്‍വെച്ചുണ്ടായ അനുഭവം വലിയ ചര്‍ച്ചയായല്ലോ. അതിനെക്കുറിച്ച് എന്തു പറയുന്നു?

കോളജില്‍ ഉണ്ടായ അനുഭവം ഒറ്റപ്പെട്ട സംഭവമാണ്. പിന്നെ ആലോചിച്ചപ്പോള്‍ ടീച്ചറിന്‍റെ ഭാഗത്തും ശരിയുണ്ടെന്നുതോന്നി. അവര്‍ക്ക് ഒരു പ്രോട്ടോകോളുണ്ട്. അത് അവര്‍ ചെയ്തുവെന്നേ പറയാന്‍ കഴിയൂ. അവരോട് പരാതിയൊന്നുമില്ല. പക്ഷേ, എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതിനു മുമ്പോ ശേഷമോ പറയാമായിരുന്നു. അത്രയേയുള്ളൂ. അത് ഒരു പ്രശ്നമാക്കാന്‍ പോയില്ല. അത് വെളിയില്‍ വരണമെന്നുപോലും വിചാരിച്ചതല്ല. ആരോ എടുത്ത വിഡിയോ പുറത്തുവരികയായിരുന്നു.

താങ്കളുടെ ഫീല്‍ഡിൽനിന്നു വ്യത്യസ്തമായ ഒന്നാണല്ലോ ഇപ്പോഴത്തെ പദവി. അവിടെ എന്തൊക്കെ പ്രവര്‍ത്തനമാണ് നടക്കുന്നത്?

പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന പദ്ധതികളാണ് സര്‍ക്കാര്‍ സഹായത്തോടെ കോർപറേഷന്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന പദ്ധതികളുണ്ട്. കുറച്ചൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ഇനിയും പുതിയ കാര്യങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.