‘ഒരു ആകസ്മിക വിവർത്തകയാണ് ഞാൻ’

മലയാള വിവർത്തകരിൽ ശ്ര​​ദ്ധേയയാണ്​ പ്രസന്ന കെ. വർമ. ത​ന്റെ വിവർത്തനവഴികളെക്കുറിച്ചും വിവർത്തനരീതികളെക്കുറിച്ചും സംസാരിക്കുകയാണ്​ അവർ. മലയാളത്തിൽ വളരെയധികം ആവശ്യക്കാരുള്ള വിവർത്തകയാണ് പ്രസന്ന കെ. വർമ. മനു എസ്. പിള്ളയുടെ ഒരു പുസ്തകം ഒഴികെ എല്ലാ കൃതികളും, ടോണി ജോസഫ് എഴുതിയ ‘ആദിമ ഇന്ത്യക്കാർ’ തുടങ്ങിയ ശ്രദ്ധേയ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രസന്ന കെ. വർമയാണ്. വിവർത്തനത്തിന് കേരള സർക്കാറിന്റെ കെ.എസ്.സി.ടി.ഇ ശാസ്ത്ര സാഹിത്യ അവാർഡ് 2019 വർഷത്തിൽ വിവർത്തനത്തിന് പ്രസന്ന കെ. വർമക്കായിരുന്നു. അപൂർവമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കവിത എഴുത്ത്, തൃപ്പൂണിത്തുറ ഹിൽ പാലസ് നവീകരിച്ചപ്പോൾ...

മലയാള വിവർത്തകരിൽ ശ്ര​​ദ്ധേയയാണ്​ പ്രസന്ന കെ. വർമ. ത​ന്റെ വിവർത്തനവഴികളെക്കുറിച്ചും വിവർത്തനരീതികളെക്കുറിച്ചും സംസാരിക്കുകയാണ്​ അവർ. 

മലയാളത്തിൽ വളരെയധികം ആവശ്യക്കാരുള്ള വിവർത്തകയാണ് പ്രസന്ന കെ. വർമ. മനു എസ്. പിള്ളയുടെ ഒരു പുസ്തകം ഒഴികെ എല്ലാ കൃതികളും, ടോണി ജോസഫ് എഴുതിയ ‘ആദിമ ഇന്ത്യക്കാർ’ തുടങ്ങിയ ശ്രദ്ധേയ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രസന്ന കെ. വർമയാണ്. വിവർത്തനത്തിന് കേരള സർക്കാറിന്റെ കെ.എസ്.സി.ടി.ഇ ശാസ്ത്ര സാഹിത്യ അവാർഡ് 2019 വർഷത്തിൽ വിവർത്തനത്തിന് പ്രസന്ന കെ. വർമക്കായിരുന്നു. അപൂർവമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കവിത എഴുത്ത്, തൃപ്പൂണിത്തുറ ഹിൽ പാലസ് നവീകരിച്ചപ്പോൾ അതിന്റെ ക്യൂറേറ്റർ ടീമിൽ അംഗം, കിളിമഞ്ജാരോ വരെ കയറിയ പർവതാരോഹക തുടങ്ങി നിരവധി മുഖങ്ങൾ ഉണ്ടെങ്കിലും വിവർത്തക എന്ന നിലയിലാണ് അറിയപ്പെടുന്നത്. വിവർത്തനത്തെ മുൻനിർത്തി പ്രസന്ന കെ. വർമയുമായി നടത്തിയ സംഭാഷണമാണ് ചുവടെ:

ഏതാണ്ട് 50 വയസ്സിനടുത്ത് എത്തുമ്പോഴാണ് ആദ്യത്തെ വിവർത്തനം. മനു എസ്. പിള്ളയുടെ ‘IvoryThrone’ ‘ദന്തസിംഹാസനം’ എന്ന പേരിൽ 2017 വർഷത്തിൽ. അതുവരെ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ഈ രംഗത്ത് വരാൻ ഇത്രയും വൈകിയത്? അതോ ഇതിനു മുമ്പ് അങ്ങനെ എന്തെങ്കിലും സംരംഭം ഉണ്ടായിട്ടുണ്ടോ?

ഒരു ആകസ്മിക വിവർത്തകയാണ് ഞാൻ. വിവർത്തനത്തിനോട് എന്നല്ല, ഒന്നിനോടും ഗൗരവമായിട്ട്, പ്രഫഷനലായിട്ട് ഒരു സമീപനം ഇല്ല എനിക്ക്. ചില കൗതുകങ്ങളുടെ പുറത്ത് ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്തുനോക്കുന്നതാണ് ഞാൻ. ‘ദന്തസിംഹാസന’വും അങ്ങനെ സംഭവിച്ചതാണ്. അമ്മൂമ്മക്ക് വായന വളരെ ഇഷ്ടമായിരുന്നു. പക്ഷേ, ഇംഗ്ലീഷ് വായിക്കാൻ അറിയില്ല. ‘Ivory Throne’ ഞാൻ വായിച്ച് അപ്പപ്പൊ മലയാളത്തിലാക്കി പറഞ്ഞുകൊടുക്കുകയാണ് ചെയ്തിരുന്നത്.

അക്കാലത്ത് മനുവിന്റെ ഒരു മെയിൽ ഐഡി കിട്ടാനിടയായി. ഈ പുസ്തകം മലയാളത്തിൽ വരുന്നുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു, അതാവുമ്പോൾ അമ്മൂമ്മക്ക് സ്വയം വായിക്കാമല്ലോ. പുസ്തകത്തിന്റെ വലുപ്പം കാരണമാവും ആരും ഇതുവരെ താൽപര്യം കാണിച്ചില്ല, why don't you try it എന്നു ചോദിച്ചു മനു. ഞാൻ ഇതുവരെ ഒരു പുസ്തകവും വിവർത്തനം ചെയ്തിട്ടില്ല എന്നു പറഞ്ഞപ്പോൾ ഞാനും ഇതുവരെ എഴുതിയിട്ടില്ല, എന്റെയും ആദ്യത്തെ പുസ്തകമാണ് എന്നാണ് മനു പറഞ്ഞത്.

എന്നിട്ടും ഞാൻ തമാശയായേ എടുത്തുള്ളൂ. പിന്നീട് ഡി.സി, ട്രാൻസ് ലേഷന്റെ റൈറ്റ് എടുത്തിട്ടുണ്ട്, അവരോടു സംസാരിക്കൂ എന്നും മനുതന്നെയാണ് പറഞ്ഞത്. ആരോടാണ് സംസാരിക്കേണ്ടത് എന്നും എനിക്കറിയില്ലായിരുന്നു. ഞാൻ ഒന്നും ചെയ്തില്ല. പിന്നെ എങ്ങനെയോ things fell in to place എന്നു പറയില്ലേ അതാണുണ്ടായത്. മഹാരാജാസിൽ എന്റെ ജൂനിയർ ആയിരുന്ന, അന്ന് മുതൽ ഇപ്പോഴും എന്റെ അടുത്ത സുഹൃത്തായ സുഭാഷ് ചന്ദ്രനാണ് ഡി.സി ബുക്സിൽ വിളിച്ചതും വിവർത്തനത്തിന്റെ സാമ്പിൾ അയച്ചുകൊടുക്കാൻ പറഞ്ഞതും. അതങ്ങനെ സംഭവിച്ചതാണ്.

അമ്മൂമ്മക്ക് വായിച്ചുകൊടുത്തു, അമ്മൂമ്മക്ക് വായിക്കാമല്ലോ എന്നൊക്കെ പറഞ്ഞല്ലോ. അതെന്താണ് ഈ പുസ്തകത്തോട് സവിശേഷ താൽപര്യം വരാൻ കാരണം?

‘Ivory Throne’ അമ്മൂമ്മയുടെ കാലഘട്ടത്തിലെ തിരുവിതാംകൂറിന്റെ കഥയാണ്. അമ്മൂമ്മയും ഞാനും കിളിമാനൂർ കോവിലകത്തെ, ആ കുടുംബമാണ്. കഥാപാത്രങ്ങളെ പലരെയും അമ്മൂമ്മക്ക് നേരിട്ടും എനിക്ക് അമ്മൂമ്മയുടെ കഥകളിൽനിന്നും പരിചയമുള്ളവരാണ്. അതുകൊണ്ട് തന്നെ ആ കുടുംബകഥ പറയുന്നത് കേൾക്കാൻ പ്രത്യേക താൽപര്യമുണ്ടായിരുന്നു.

എത്ര സമയമെടുത്തു വിവർത്തനം പൂർത്തിയാക്കാൻ? അനായാസമായിരുന്നോ വിവർത്തനം? ആദ്യത്തെ വിവർത്തനാനുഭവം ഒന്നു പറയുമോ?

ഏഴ്, എട്ടു മാസമെടുത്തു എന്ന് തോന്നുന്നു റഫ് ലി. വിവർത്തനം ചെയ്യാൻ ആയാസം തോന്നിയില്ല. കാരണം, ഞാൻ നന്നായി ആസ്വദിച്ചു വായിച്ച പുസ്തകമാണ്. പിന്നെ മനുവിന്റെ ഭാഷ നല്ല ചലഞ്ചിങ് ആണ്, എനിക്ക് ചലഞ്ചസ് പൊതുവെ ഇഷ്ടവുമാണ്. ആദ്യമായിട്ട് ചെയ്യുന്നതിന്റെ ശങ്കകൾ ഉണ്ടായിരുന്നു. എത്ര സ്വാതന്ത്ര്യമെടുക്കാം ഭാഷാപരമായിട്ട് എന്നൊക്കെ. എങ്കിലും ആയാസം എന്നു പറയാൻ പറ്റില്ല. ​ത്രില്ലിങ്ങായിരുന്നു. ‘Ivory Throne’ പിന്നെ ഇവിടെ, കേരളത്തിന്റെ ഒരു കൾചറൽ ബാക്ക് ഗ്രൗണ്ടിലാണല്ലോ നടക്കുന്നത്. അത് എനിക്ക് അഡ്വാന്റേജായി. മനു അത് ഇംഗ്ലീഷിൽ വിവരിക്കാനാവും ബുദ്ധിമുട്ടിക്കാണുക.

പ്രസന്ന കെ. വർമ

തലയിൽ താളി തേച്ചു കുളിച്ചു എന്ന് എനിക്ക് എഴുതാലോ, മനു ഇംഗ്ലീഷിൽ applied herbal paste on scalp എന്നൊക്കെ പറയുമ്പോ... നേരെ മറിച്ചും പറ്റിയിട്ടുണ്ട്. ഇംഗ്ലീഷിൽ കസിൻസ് എന്ന് എളുപ്പത്തിൽ പറഞ്ഞുപോകുമ്പോൾ മലയാളത്തിൽ അതിനൊരു വാക്കില്ല. മനുവിന്റെ കൃതിയിലെ നായികമാർ സഹോദരിമാരല്ല, കസിൻസ് ആണ്. അവരുടെ അമ്മമാർ തമ്മിലുണ്ടായിരുന്ന സ്പർധ അവരിലേക്കും പകർന്നുകിട്ടുന്നുണ്ട് എന്നതുകൊണ്ട് കസിൻസ് എന്നു മനു പറയുമ്പോൾ സഹോദരിമാരല്ല എന്ന വിവക്ഷ പലപ്പോഴുമുണ്ട്. അവിടെയൊക്കെ ഞാൻ വിഷമിച്ചിട്ടുമുണ്ട്.

അദ്ദേഹം വായിച്ചു അഭിപ്രായം പറഞ്ഞിരുന്നോ വിവർത്തനത്തിനിടയിൽ? അദ്ദേഹത്തിന് മലയാളം വായിക്കാൻ കഴിയുമോ?

ഇല്ല. മലയാളം അറിയില്ല. അതുകൊണ്ട് തന്നെ വായിക്കലോ അഭിപ്രായം പറയലോ ഒന്നും ഉണ്ടായിട്ടില്ല. പുസ്തകമായ ശേഷം മനുവിന്റെ അമ്മ വായിച്ചുകൊടുത്തു എന്ന് പറഞ്ഞിട്ടുണ്ട്. ഇനി ഇത്ര വലിയ പുസ്തകം എഴുതിയാൽ വായിച്ചു തരില്ല എന്നും പറഞ്ഞുവത്രെ... He must have been joking. I am not sure.

വിവർത്തനം ചെയ്യുമ്പോൾ ആരായിരുന്നു ഒരു സഹായം? അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നോ? സംശയം വരുമ്പോൾ ചോദിക്കാനും വ്യക്തത വരുത്താനും... പ്രത്യേകിച്ച് ആദ്യത്തെ വിവർത്തനം അല്ലേ?

വിവർത്തനം ശരിയാവുന്നുണ്ടോ എന്ന് ആരോടു ചോദിക്കും എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പലരോടും ഞാൻ സഹായം ചോദിച്ചിട്ടുണ്ട്. വലിയ പുസ്തകമായതുകൊണ്ട് സമയം പലർക്കും പ്രശ്നം. പിന്നെയാണ് ഞാൻ ചെറിയമ്മയോട് (അമ്മയുടെ സഹോദരി) ചോദിച്ചത്. ചെറിയമ്മ മലയാളം ടീച്ചർ ആയിരുന്നു. ചെറിയമ്മയാണ് എന്റെ കൂടെനിന്ന് നിഷ്കർഷിച്ചു വായിച്ച് കുറവുകൾ പലതും കാണിച്ചുതന്നത്.

ആദ്യത്തെ വിവർത്തനം പുറത്തു വന്നപ്പോൾ എന്തായിരുന്നു ആളുകളുടെ പ്രതികരണം? വിവർത്തകയെ ആളുകൾ അംഗീകരിച്ചോ? മാനിച്ചോ?

സത്യമായിട്ടും എനിക്കറിയില്ല. എന്റെ വിവർത്തനത്തിന്റെ മികവ് എന്നതിനേക്കാൾ ‘Ivory Throne’ എന്ന പുസ്തകത്തിനു കിട്ടിയതിന്റെ അംഗീകാരം റിഫ്ലക്ട് ചെയ്തതാണ് എനിക്കു കിട്ടിയ റെക്കഗ്നിഷൻ എന്ന് ഞാൻ വിചാരിക്കുന്നു. അതുകഴിഞ്ഞു പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഇപ്പോഴും ‘Ivory Throne’ പരിഭാഷപ്പെടുത്തിയ ആൾ എന്നാണ് എന്നെ പരിചയപ്പെടുത്തുന്നത്. അത് ആ കൃതിയുടെ പോപുലാരിറ്റി തന്നെയാണ്.

അംഗീകരിച്ചതും മാനിച്ചതും ആ പുസ്തകത്തെയാണ് എന്നു കരുതുന്നു. പുസ്തകം വായിക്കും എന്നല്ലാതെ എഴുത്തുകാരുടെ ലോകവുമായി ഒരു ബന്ധവും ഇല്ലാത്തയാളാണ് ഞാൻ. ഈ പുസ്തകം വഴി എനിക്ക് ഒരു ജനൽകാഴ്ച കിട്ടി ആ ലോകത്തേക്ക്. അതും സന്തോഷം. പിന്നെ എക്സ്റ്റൻഡഡ് ഫാമിലിയിലെ കുറച്ചുപേരൊക്കെ ഇത് ചെയ്യരുതായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഫാമിലിയെ മോശമായി ചിത്രീകരിക്കുന്നുണ്ട് പലയിടത്തും എന്നതുകൊണ്ട്.

എന്താ ഹരി വിവർത്തനം കഴിഞ്ഞിട്ടുള്ള കാര്യം മാത്രം ചോദിക്കണേ? വിവർത്തനം ചെയ്യുമ്പോഴത്തെ കാര്യമല്ലേ പ്രധാനം? ചെയ്തുകഴിഞ്ഞാൽ പിന്നെ അത് തീർന്നില്ലേ... ഓണർഷിപ് ഒന്നും ഇല്ലല്ലോ. ചെയ്യുമ്പോഴുള്ള ഫീലിങ് ആണ് രസം. വേറൊരാളുടെ തലച്ചോറിന്റെ മടക്കുകളിൽക്കൂടി അരിച്ചുനടക്കുന്ന ഉറുമ്പിന്റെപോലെ ഒരു അനുഭവമാണത് എനിക്ക്. വായന എന്നതിനേക്കാൾ ആഴത്തിൽ പോകേണ്ടിവരുമ്പോഴത്തെ എല്ലാ സുഖവും പേടിയും ശ്വാസംമുട്ടും എല്ലാമുള്ള ഒരു അനുഭവം. അതിൽനിന്നു പുറത്തുവന്നാൽ അതു കഴിഞ്ഞു. പിന്നെ അറ്റാച്ച്മെന്റ് ഇല്ല. ഒരുതരം സറോഗേറ്റ് പ്രഗ്നൻസി പോലെ. സൃഷ്ടിയുടെ എല്ലാ വേദനയും സുഖവും പേടിയും ഒക്കെയുണ്ട്. പക്ഷേ കൺസീവ് ചെയ്തത് വേറൊരിടത്താണ്. കഴിഞ്ഞാലുമില്ല ഓണർഷിപ്.

 

പക്ഷേ, വിവർത്തകർ ഇത്രയും ശ്രമമെടുത്താലും പൊതുവെ വിമർശനമാണല്ലോ ബാക്കി, മലയാളത്തിൽ? ശ്രദ്ധയില്ലാതെ മോശമായി ചെയ്തു എന്നാണല്ലോ പൊതുവെ കേൾക്കുക പതിവ്? എന്താ അഭിപ്രായം?

ആണോ? ഞാൻ പൊതുവെ നേരിട്ടു പറഞ്ഞാലല്ലാതെ വിമർശനം അധികം അറിയാറില്ല. വായനക്കാർക്ക് മോശമായിട്ട് തോന്നിയാൽ ഞാൻ അത്രയും ശ്രമിച്ചതാണ് എന്നു പറയാൻ എനിക്ക് അവകാശമില്ല. ഉണ്ടോ? വളരെക്കാലം പണിപ്പെട്ടും മോശം വസ്തുക്കൾ ഉണ്ടാക്കാമല്ലോ. നന്നായില്ലെങ്കിൽ അതു പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഞാൻ ശ്രമിച്ചു അതുകൊണ്ട് പറയരുത് എന്നു പറയുന്നതിൽ അർഥമുണ്ടോ... ആസ്വദിച്ചു ചെയ്തതും വേറൊരാൾക്ക് നല്ല റിസൽട്ട്‌ ആയി തോന്നണമെന്നില്ലല്ലോ. ആസ്വദിച്ചു ചെയ്യുമ്പോൾ അത് വിവർത്തനത്തിൽ എന്നല്ല ഏതു പ്രവൃത്തിയിലും റിഫ്ലക്ട് ചെയ്യും എന്നാണ് എന്റെ വിശ്വാസം. പെർഫക്ട് ആവുമെന്നല്ല, പാളിച്ചകൾ ഉണ്ടാവും. എങ്കിലും മൊത്തത്തിൽ അതിനൊരു ക്വാളിറ്റി ഉണ്ടാവും. മടുപ്പോടെ ചെയ്യുന്ന പ്രവൃത്തികളിൽ അതുണ്ടാവാൻ സാധ്യത കുറവാണ്.

എങ്ങനെയാണ് ഒരു കൃതി വിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്നത്? വായിച്ചിട്ടാണോ തീരുമാനിക്കുക? എന്താണ് മാനദണ്ഡം?

വായിച്ചിട്ടാണ് തിരഞ്ഞെടുക്കേണ്ടത്. പക്ഷേ, പലപ്പോഴും വേറെ പല കാരണംകൊണ്ടും വായിക്കാതെ ശരി എന്നു പറയുകയും പിന്നെ വേണ്ടായിരുന്നു എന്നു തോന്നുകയും ഉണ്ടായിട്ടുണ്ട്. മറിച്ചും എഴുത്തുകാരന്റെ പേര് മിസ് ലീഡ് ചെയ്യപ്പെടാൻ ഒരു വലിയ ഘടകമാണ്. പിന്നെ സ്വന്തം ടേംസ് ഉറപ്പിച്ചു പറയുവാനുള്ള ശീലക്കുറവ്, എനിക്കു സമയം വേണം, വായിച്ചിട്ടേ പറയാൻ പറ്റൂ എന്ന് ഉറപ്പിച്ചു പറയാനുള്ള മടി.

എന്താണ് പൊതുവെ വിവർത്തനത്തിൽ പിന്തുടരുന്ന ഒരു രീതി? ആ പ്രക്രിയ ഒന്ന് വിശദീകരിക്കാമോ?

എനിക്കുതന്നെ വൃത്തിയായിട്ടു പറയാൻ അറിയില്ല എന്റെ രീതി. എന്നാലും യൂഷ്വലി ഞാൻ ആദ്യം ഒരുമിച്ചു വായിക്കും. പിന്നെ ചാപ്റ്റർ ഒരെണ്ണം. പാരഗ്രാഫ് ഒരെണ്ണം. വിവർത്തനം ചെയ്യുക സെന്റൻസ് മാത്രമെടുത്താണ്. ഒരു സെന്റൻസ് വിവർത്തനം ചെയ്യുമ്പോൾ അത് എനിക്കൊരു സെൽഫ് സ്റ്റാൻഡിങ് സെന്റൻസ് ആണ്. ഒരു പാരഗ്രാഫിൽ 10 വാക്യമുണ്ടെങ്കിൽ അതോരോന്നും എന്റെ മനസ്സിൽ വെവ്വേറെയായിട്ടാണ് നിൽക്കുക. തമ്മിൽ ബന്ധമില്ലാത്തപോലെ. ഓരോന്നും ചെയ്തു കഴിഞ്ഞ് പാരഗ്രാഫ് കൂട്ടിവായിക്കുമ്പോഴാണ് ഇവരൊക്കെ തമ്മിൽ ബന്ധമുള്ളവരാണെന്ന തോന്നൽ വരിക. പിന്നെ ആ രീതിയിൽ വായിച്ച് മാറ്റിയെഴുതും. അടുത്ത പാരഗ്രാഫിലേക്ക് കടക്കും. അവിടെയും ഇതുതന്നെ. ഒരു അധ്യായത്തിലെ പാരഗ്രാഫുകൾ എല്ലാമായാൽ അവരെ എല്ലാവരെയും കൂട്ടിവായിക്കും. അങ്ങനെ പുസ്തകം ചുരുങ്ങി വാക്കുകളാവും, വാക്കുകൾ ഒടുവിൽ വികസിച്ച് പുസ്തകമാവും.

ഇതുവരെ ചെയ്‌ത എല്ലാ പുസ്തകങ്ങളും ഈ രീതിയിൽ തന്നെയാണോ ചെയ്തത്? ഏതെങ്കിലും ചെയ്ത് കഴിഞ്ഞു വേറെ രീതിയിൽ ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ഇത് ഞാൻ തിരഞ്ഞെടുത്ത ഒരു രീതിയല്ല. ഇങ്ങനെ ചെയ്യാനേ എനിക്കറിയൂ. മറ്റുള്ളവർ ചെയ്യുന്ന രീതികൾ എന്തൊക്കെയാണ് എന്നൊന്നും അന്വേഷിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ വേറെ രീതിയിൽ ചെയ്യാമായിരുന്നു എന്ന തോന്നൽ ഉണ്ടായിട്ടില്ല. എനിക്കു വഴങ്ങുന്ന രീതിയിൽ ചെയ്യുന്നു, ഇതിലും നന്നാക്കാമായിരുന്നു എന്ന് എല്ലാ പുസ്തകവും തോന്നിച്ചിട്ടുണ്ട്.

വിവർത്തനത്തെ കുറിച്ചുള്ള പഠനങ്ങൾ, സിദ്ധാന്തങ്ങൾ അതൊക്കെ നോക്കിയിട്ടുണ്ടോ? പഠനത്തിന്റെ ഭാഗമായി അങ്ങനെ നോക്കിയിട്ടുണ്ടോ?

ഭാഗ്യംകൊണ്ട് ഒന്നും നോക്കിയിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിനു പുറപ്പെടില്ലായിരുന്നു. ഞാൻ പഠനത്തിന്റെ ആളേയല്ല. ചെയ്തുനോക്കലാണ് എന്റെ മെയിൻ അഥവാ ഇനി പഠനകാലത്ത് എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽതന്നെ 50 വയസ്സാവുമ്പോഴേക്കും അതൊക്കെ മറന്നും പോയിരുന്നു. പഠനങ്ങളും സിദ്ധാന്തങ്ങളുമൊക്കെ അന്നേ അട്ടത്തുകേറ്റിവെച്ചു.

 

മനു എസ്​. പിള്ളയോടൊപ്പം പ്രസന്ന കെ. വർമ 

വിവർത്തനം ചെയ്യുമ്പോൾ മനസ്സിൽ കരുതുന്ന, ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

അർഥം മനസ്സിലാവാൻ രണ്ടാമത് ഒന്നുകൂടി വായിച്ചു നോക്കേണ്ടി വരരുത് എന്നാണ് മോഹം. നോൺ ഫിക്ഷൻ ആവുമ്പോൾ പലപ്പോഴും അതെനിക്ക് അച്ചീവ് ചെയ്യാൻ പറ്റാറുമില്ല. സാങ്കേതിക പദങ്ങൾ പലതും മലയാളത്തിൽ കടുകട്ടി സംസ്കൃത പദങ്ങളാണ്. ഒരു വാക്യത്തിൽ അത് ഒന്നുരണ്ടെണ്ണം വന്നാൽ തന്നെ കീറാമുട്ടി പോലെയാവും. ലാളിത്യം ഉണ്ടാവണം, ഒറ്റ വായനയിൽ മനസ്സിലാവണം എന്നാണ് മോഹം.

മനു പിള്ളയുടെ പുസ്തകത്തിന്റെ തലക്കെട്ടിൽ മഹാത്മാ എന്നത് ഗാന്ധി എന്നാക്കി. അതുപോലെ courtesan എന്നതിന് ഗണിക എന്നാണ് മലയാളം വാക്ക് നൽകിയത്. അപ്പൊ മലയാളത്തിൽ കൂടുതൽ ആകർഷകമായി. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണോ അതോ ആലോചിച്ചു കുറെ പരീക്ഷിച്ചു ഒന്നിൽ ഉറക്കുന്നതാണോ?

തലക്കെട്ട് ആലോചിക്കാതെ തരമില്ലല്ലോ. സ്വാഭാവികം ഒന്നുമല്ല. ഒരു ഭാഷയിലെ വാക്കിന് മറ്റൊന്നിലെ ഒരു വാക്കിനോട് ഏറ്റവും അടുപ്പം എന്നേ കാണൂ. ജീവിതരീതികളുടെ സംസ്കാരത്തിന്റെ ഒക്കെ വ്യത്യാസം കാണുമല്ലോ. Widow എന്ന വാക്ക് ഇംഗ്ലീഷുകാരൻ വായിക്കുന്ന അതേ വികാരമല്ലല്ലോ വിധവ എന്ന വാക്ക് ഇന്ത്യയിൽ വായിക്കുമ്പോൾ ഉണ്ടാകുന്നത്. വൈധവ്യം എന്ന അവസ്‌ഥയെക്കുറിച്ച് രണ്ടു രാജ്യത്തുമുള്ള അണ്ടർസ്റ്റാൻഡിങ് രണ്ടല്ലേ. Courtesan എന്ന വാക്കിനുള്ള ഭംഗിയും നെഗറ്റിവിറ്റി ഇല്ലായ്മയും ഗണികയിലാണ് ഉള്ളതെന്ന് തോന്നി. പിന്നെ മനു മഹാത്മാ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് ഗാന്ധിയെ അല്ല, ഫൂലെയെ ആണ്. മലയാളത്തിലായപ്പോൾ ഗണികയുടെ കൂടെ ഗാന്ധിയാണ് നന്നാവുക എന്നു തോന്നി. മനുവിനോട് ചോദിച്ചിട്ടുതന്നെയാണ് ചെയ്തത്.

മനു പിള്ളയുടെ ഒരു പുസ്തകം ഒഴികെ ബാക്കിയെല്ലാം ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. അദ്ദേഹം പ്രസന്ന വർമ തന്നെ വിവർത്തനം ചെയ്യണം എന്ന് പ്രസാധകരോട് നിർബന്ധംപിടിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണ് എഴുത്തുകാരനും വിവർത്തകയും തമ്മിലുള്ള ഈ ബന്ധം രൂപപ്പെട്ടത്?

ആദ്യം പറഞ്ഞില്ലേ ഒരു ആക്സിഡന്റൽ ബന്ധമാണ്. ഒരു ഇ-മെയിലിലാണ് തുടങ്ങിയത്. ‘Ivory Throne’ മലയാളത്തിൽ നല്ല പോപുലാരിറ്റി കിട്ടിയ പുസ്തകമാണ്. ഇപ്പോൾ 17 പതിപ്പ് ആയീന്ന് തോന്നണു. അത് മനുവിന് ഒരു വിശ്വാസം ഉണ്ടാക്കിയിട്ടുണ്ടാവും. പിന്നെ ഞങ്ങളുടെ വർക്കിങ് റിലേഷൻഷിപ് വലിയ കുഴപ്പമില്ലാത്തതാണ്. അധികം കടന്നുകയറ്റങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇല്ല. ‘False Allies’ന്റെ acknowledgementsൽ ‘‘I don't have to think about another translator’’ എന്നോ മറ്റോ എഴുതിക്കണ്ടു. സന്തോഷമുണ്ട്. വിവർത്തനം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന ഒരു ത്രിൽ ആണ് ഏറ്റവും നല്ലത്. കഴിഞ്ഞ് നന്നായി എന്നു കേട്ടാൽ അത് ബോണസ് സന്തോഷം.

മറ്റു വിവർത്തനങ്ങൾ ഏതൊക്കെയാണ്?

ഹരാരിയുടെ ‘ഹോമോ ദിയൂസ്’. ടോണി ജോസഫിന്റെ ‘ഏർലി ഇന്ത്യൻസ്’. ഷെഹാൻ കരുണതിലകയുടെ നോവൽ. അതു മാത്രമാണ് ഫിക്ഷൻ. പൗലോ കൊയ്‌ലോയുടെ ‘മക്തൂബ്’, പിന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ഇന്ത്യൻ ഭാഷകളിൽനിന്നുള്ള രണ്ടു ചെറുകഥകൾ... ചില ഒറ്റയൊറ്റ ലേഖനങ്ങൾ... മകൾ കൃഷ്ണ അനുജൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘വയലറ്റ് കുക്കൂ’ എന്ന പേരിൽ ഒരു കോളം ചെയ്തിരുന്നു. അതിലെ എല്ലാ ലേഖനങ്ങളും പേര് വെച്ചിരുന്നില്ലെങ്കിലും ഞാനാണ് വിവർത്തനംചെയ്തിരുന്നത്.

ഒന്ന് ഒഴികെ ബാക്കിയെല്ലാം നോൺ ഫിക്ഷൻ, അതിൽ തന്നെ ഭൂരിഭാഗം ജനപ്രിയ കൃതികൾ... അതിനോടാണോ താൽപര്യം?

ഫിക്ഷൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല. ഞാൻ പൊതുവെ ഫിക്ഷനാണ് വായിക്കാറുള്ളത്. ആദ്യം ചെയ്തത് നോൺ ഫിക്ഷൻ ആയതുകൊണ്ട് പിന്നെ അതങ്ങനെ ആയതാണ്. എനിക്ക് ഇതു ചെയ്യണം എന്ന് ഞാൻ ഇതുവരെ ഒന്നും തിരഞ്ഞെടുത്തിട്ടില്ല. ജനപ്രിയം എന്നതും എന്റെ ചോയ്സ് അല്ല. ഈ പുസ്തകം ചെയ്യാമോ എന്നു ചോദിക്കുമ്പോൾ ആവാം എന്നു പറയുന്നതാണ്. കവിത, ഫിക്ഷൻ ഒക്കെയാണ് പൊതുവെ വായിക്കാനിഷ്ടം.

 

അമീഷ്​ ത്രിപാഠിക്കൊപ്പം പ്രസന്ന കെ. വർമ കെ.എൽ.എഫിൽ

അങ്ങനെ വായിച്ചതിൽ വിവർത്തനം ചെയ്യാൻ താൽപര്യം തോന്നിയ കൃതികൾ എന്തെങ്കിലുമുണ്ടോ?

ഇല്ല! വിവർത്തനം എന്റെ തലയിൽ അത്ര ശക്തിയായിട്ട് പതിഞ്ഞിട്ടില്ല! അങ്ങനെ ഒരു ആംഗിളിൽ ഞാൻ ഒന്നും നോക്കാറില്ലാന്ന് തോന്നണു.

ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയ ഏതെങ്കിലും കൃതിയുണ്ടോ? എന്തായിരുന്നു അതിലെ വെല്ലുവിളി?

ഓരോന്നിൽ ഓരോതരം ചലഞ്ച് ഉണ്ടാവാറുണ്ട്. ‘ഏർലി ഇന്ത്യൻസ്’​ പല ശാസ്ത്രശാഖകളും കവർ ചെയ്യുന്നതുകൊണ്ട് അതതിന്റെ സാങ്കേതിക പദങ്ങൾ കണ്ടെത്തലായിരുന്നു ചലഞ്ച്. മാലി അൽമെയ്ദയുടെ ‘ഏഴു നിലാവുകൾ’ എന്ന നോവലിൽ ഇംഗ്ലീഷിൽ അസഭ്യം എന്നു നമ്മൾ കരുതുന്ന വാക്കുകൾ, (അതിനൊന്നും സഭ്യമായ മലയാള വാക്കുകൾ ഉരുത്തിരിഞ്ഞു വന്നിട്ടുപോലുമില്ല) ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അതിനൊക്കെ മലയാളം കണ്ടെത്താൻ പണിപ്പെട്ടു. ടോണി ജോസഫിന്റെ ബുക്ക്‌ അദ്ദേഹം തന്നെ വായിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് മറ്റൊരു പുസ്തകത്തിനും സാധിച്ചിട്ടില്ല. അദ്ദേഹം തന്നെ ചില തിരുത്തലുകളും നിർദേശിച്ചിരുന്നു.

വിവർത്തനംചെയ്യുന്നതിൽ തൃപ്തയാണോ? പല വിവർത്തകരും തങ്ങളുടെ അധ്വാനം വേണ്ട രീതിയിൽ അംഗീകരിക്കപ്പെടുന്നില്ല, മതിയായ പ്രതിഫലം ലഭിക്കുന്നില്ല എന്നൊക്കെ പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. എന്താണ് താങ്കളുടെ അനുഭവം? അഭിപ്രായം?

എനിക്ക് ധാരാളം വിവർത്തകരെ ഒന്നും പരിചയമില്ല. വേണ്ടത്ര പ്രതിഫലം കിട്ടുന്നില്ല എന്ന് വിവർത്തകർ മാത്രമല്ല സാഹിത്യകാരന്മാരും പറഞ്ഞു കേട്ടിട്ടുണ്ട്. പൊതുവെ വിവർത്തനം ഒരു രണ്ടാംകിട പ്രവൃത്തിയാണ് എന്നൊരു തോന്നലുണ്ട്, ശരിയാണ്. വിവർത്തനം നിർത്തി സ്വന്തമായിട്ട് എന്തെങ്കിലും എഴുതൂ എന്ന് സ്നേഹത്തോടെയും പറഞ്ഞുകേട്ടിട്ടുണ്ട്.

ഇംഗ്ലീഷിൽ സാമാന്യത്തിലധികം വ്യുൽപത്തിയുണ്ടല്ലോ, തിരിച്ചു മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതിൽ താൽപര്യമുണ്ടോ?

സാമാന്യത്തിൽ അധികമില്ല. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് എൻ. മോഹനന്റെ ‘ഒരിക്കൽ’ എന്ന കൃതി എന്റെ ഒരു സുഹൃത്തിന്റെ മലയാളം അറിയാത്ത കുട്ടികൾക്ക് വായിക്കാൻ വേണ്ടി ചെയ്തിട്ടുണ്ട്. പബ്ലിഷ്ഡ് വർക്സ് ഒന്നുമില്ല.

ചെയ്യാൻ താൽപര്യം ഉണ്ടോ?

പറയാൻ അറിയില്ല. വെറുതെ കമ്മിറ്റ്​െമന്റ്സ് ഒന്നുമില്ലാതെ ചെയ്യാൻ ഇഷ്ടമാണ്. ഇപ്പൊ മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്താൽ മിനിമം ജെ.സി.ബി എങ്കിലും വാങ്ങിക്കൊടുക്കണം! അത്രയും കമ്മിറ്റ്മെന്റ് ഒന്നും വയ്യ. ഭീകരമായ എക്സ്​പെക്ടേഷൻസ് ആണ്!

ധാരാളം വനിതകൾ വിവർത്തനരംഗത്ത് പ്രവർത്തിക്കുന്നുണ്ടല്ലോ. സാധാരണയിൽനിന്ന് വിഭിന്നമായി ഈ രംഗത്ത് സ്ത്രീ സാന്നിധ്യം കൂടാൻ എന്താവും കാരണം?

അതിന് മറുപടി പറയാൻ എനിക്ക് അറിയില്ല. സമയത്തിന്റെ ഫ്ലക്സിബിലിറ്റി ആവാം ഒരു കാരണം. രണ്ടു ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിൽനിന്നുള്ള ശീലവും ക്രാഫ്റ്റും സ്ത്രീകൾക്ക് തലമുറകളായി കൈമാറിക്കിട്ടിക്കാണും ചിലപ്പോൾ. അറിയില്ല.

അച്ഛൻ ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രവർത്തകനും തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാനുമൊക്കെ ആയിരുന്നല്ലോ. എഴുത്തിലും വായനയിലും അച്ഛൻ ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചിട്ടുണ്ടോ?

അച്ഛൻ ഇപ്പോഴത്തെ രീതിയിലുള്ള ഒരു ആക്ടിവ് പാരന്റ് അല്ലായിരുന്നു. ഒന്നും പറഞ്ഞു ചെയ്യിച്ചിട്ടില്ല, എപ്പോഴും വായിക്കുന്നത് കണ്ട് ഞങ്ങളൊക്കെ വായിച്ചു തുടങ്ങിയതാവണം. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആരോടു സംശയം ചോദിക്കണമെന്ന് അലയില്ലായിരുന്നു. അച്ഛനുണ്ടല്ലോ.

എന്തൊക്കെയാണ് പുതിയ പദ്ധതികൾ?

അമിതാവ് ഘോഷിന്റെ പുതിയ പുസ്തകം ഉണ്ട്. തുടങ്ങുന്നേയുള്ളൂ. ‘Smoke and Ashes’. നോൺ ഫിക്ഷൻ തന്നെ.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.