മോദിസർക്കാർ മൂന്നാമതും അധികാരത്തിലേറിയ പശ്ചാത്തലത്തിൽ ചിന്തകനും എഴുത്തുകാരനുമായ പ്രഫ. രാജീവൻ ഇന്ത്യൻ-കേരള അവസ്ഥകളെക്കുറിച്ച് സംസാരിക്കുന്നു. ഹിന്ദുത്വയെക്കുറിച്ച് നിശിതവിമർശനം മുന്നോട്ടുവെക്കുന്ന അദ്ദേഹം കേരളത്തിലെ ബുദ്ധിജീവികളെയും വിലയിരുത്തുന്നു.
കേരളത്തിന്റെ ധൈഷണിക മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ് ബി. രാജീവന്. വിവിധ വിഷയങ്ങളില്‍ ധൈര്യത്തോടുകൂടി സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്ന എഴുത്തുകാരൻ. രാജീവന് മാഷിന്റെ പല നിലപാടുകളും സാംസ്കാരിക മണ്ഡലത്തില്‍ വലിയ സംവാദമായി മാറാറുണ്ട്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കുറിച്ചും ബുദ്ധിജീവികളുടെ മൗനത്തെക്കുറിച്ചും അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
നരേന്ദ്ര മോദി ഭരണകൂടത്തിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ല. ഇൻഡ്യ സഖ്യം കാര്യമായ പ്രതിരോധം സൃഷ്ടിച്ചു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകൂടം എന്താണ് ചെയ്യാന്‍ പോകുന്നത്?
ഈ സാഹചര്യത്തെ സവിശേഷമായി വിലയിരുത്തേണ്ടതുണ്ട്. എന്നാല്‍ മുമ്പും ഇതുപോലെ ഇന്ത്യയുടെ അടിത്തട്ടില്‍നിന്നും ഉണർവുകള്‍ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലത്ത്. ജനങ്ങളുടെ ഉണര്വില്നിന്നാണ് അന്ന് ഇന്ദിര ഗാന്ധിക്ക് ഭരണം നഷ്ടപ്പെട്ടത്. അടിയന്തരാവസ്ഥ പോലെയുള്ള അടിച്ചമര്‍ത്തല്‍ ഭരണരീതി ഇന്ത്യയില്‍ സാധ്യമല്ല എന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു. അതുപോലെ 2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഉയര്‍ന്നു. അടുത്ത ഭരണം വാജ്പേയിക്ക് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ആ സമയത്തും ജനങ്ങള്‍ അതിനെ അട്ടിമറിച്ചു. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ജനങ്ങള്‍ അടിയില്‍നിന്നും ഉണരുന്ന സംഭവമാണ് ഇപ്പോള്‍ നടന്നത്.
നാനൂറ് സീറ്റുകള്‍ പ്രതീക്ഷിക്കുകയും, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വരുകയും ചെയ്ത സമയത്താണ് ജനങ്ങള്‍ അവരുടെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ജനതയുടെ ബദല്‍ അധികാരശക്തി പാശ്ചാത്യ പാര്‍ലമെന്ററി രീതിയില്‍ ഒതുങ്ങുന്നതല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരംപോലും നമ്മുടെ പാഠപുസ്തകം അനുസരിച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നടത്തിയ സമരമാണ്. ഇന്ത്യന്‍ ജനത ജനാധിപത്യ ബോധമില്ലാത്ത, ആധുനിക ജനാധിപത്യത്തിലേക്ക് ഉയരാന്‍ കഴിയാത്ത പ്രാകൃത ജനതയായിട്ടാണ് പാശ്ചാത്യ രാഷ്ട്രമീമാംസ കണ്ടിരുന്നത്. അവിടെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൗലികത തിരിച്ചറിയേണ്ടത്. ഇന്ത്യന്‍ ജനത ഈ മൗലികശക്തിയെയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മുതല്‍ ഇതുണ്ട്.
ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്നുപറയുന്നതും നമ്മള് ഒന്നാം സ്വാതന്ത്ര്യസമരം എന്നുപറയുന്നതുമായ 1847ലെ കലാപത്തിന് ഒരു നൂറു വര്‍ഷം മുമ്പു മുതല്‍തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ നൂറു കണക്കിന് ആദിവാസി സമൂഹങ്ങള്‍ ബിര്‍സാ മുണ്ടെയെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന് ബലിയര്‍പ്പിച്ച് സമരരംഗത്തു വന്നിരുന്നു. ഇതൊന്നും സ്വാതന്ത്ര്യസമരമായി പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ജനതയുടെ സ്വാധികാരത്തിന്റെ ബദല്‍ രാഷ്ട്രീയ ശക്തി എന്ന കാഴ്ചപ്പാട് ചരിത്രകാരന്മാര്ക്കും രാഷ്ട്രീയക്കാര്ക്കുമില്ലാതെ പോയതാണ് അതിന് കാരണം. ഇന്ത്യന്‍ ജനതയുടെ ഈ ശക്തിയെ കണക്കിലെടുത്തുകൊണ്ട് മാത്രമേ നമുക്ക് ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ.
സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടോ?
ഭരണഘടനയെ തള്ളിക്കളയാനുള്ള ഭൂരിപക്ഷത്തിലേക്ക് പോകാനാണ് അവര്‍ ഈ തെരഞ്ഞെടുപ്പില്‍ ആഗ്രഹിച്ചത്. അവര്‍ക്ക് ഭരണഘടനയില്‍ തൊടാന്‍ പറ്റിയില്ല. ജനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരായി മാറിയിരിക്കുന്നു. രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചത് വളരെ ശ്രദ്ധേയമായാണ്. അങ്ങനെ ഹിന്ദുത്വ ശക്തികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഇന്ത്യന്‍ ജനത ആത്യന്തികമായി ഫാഷിസത്തെ പൊറുപ്പിക്കില്ല. അതുകൊണ്ട് സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട വേഗത്തില്‍ നടപ്പാക്കാന്‍ കഴിയില്ല.
ഇൻഡ്യ സഖ്യത്തിന് കിട്ടിയ സീറ്റുകള്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയ അംഗീകാരമായി കരുതാനാകുമോ?
രാഹുല്‍ ഗാന്ധി എന്ന വ്യക്തിയിലേക്ക് ഇതിനെ ചുരുക്കാന്‍ പാടില്ല. മോദിയെ മാറ്റിനിര്‍ത്തിക്കൊണ്ട് രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ ജനങ്ങള്‍ ശ്രമിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കണം. ഒരു കോണ്‍ഗ്രസ് ലീഡറായതുകൊണ്ട് മാത്രമല്ല. കോണ്‍ഗ്രസിന്റെ നയംമാറ്റം ഇവിടെ വിശകലനം ചെയ്യണം. കോണ്‍ഗ്രസ് ഇന്ന് മോദി നടപ്പാക്കുന്ന ആഗോളീകരണ നയങ്ങള്‍ തുടങ്ങിവെച്ച പാര്‍ട്ടിയാണ്.
പിന്നാക്ക വിഭാഗങ്ങള്‍, കീഴാള, ആദിവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും വംശനശീകരണത്തിലേക്കു നയിക്കുന്ന ആഗോള മുതലാളിത്ത പദ്ധതിക്ക് കുട പിടിച്ച പാര്‍ട്ടിയാണിത്. എന്നാല്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഈ നയം മാറ്റിയെഴുതാന്‍ ശ്രമിച്ചു. ആഗോളീകരണത്തിനെതിരെയും കോർപറേറ്റ് മുതലാളിത്തത്തിനെതിരെയും രാഹുല്‍ ഗാന്ധി സംസാരിച്ചു. സാധാരണക്കാരെക്കുറിച്ചും സംസാരിച്ചു. ഇതാണ് ജനങ്ങള്‍ക്ക് പ്രതീക്ഷക്കു വകനല്കിയത്.
കോണ്‍ഗ്രസിന്റെ നയംമാറ്റമായി ഇതിനെ കാണാന്‍ കഴിയുമോ?
തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ നയംമാറ്റം തന്നെയായിട്ട് കാണണം. അടിത്തട്ടില്‍നിന്നും ഉയര്‍ന്നുവന്ന സമരമാണ് കര്‍ഷക സമരം. ആ സമരത്തെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് കോണ്‍ഗ്രസാണ്. മറ്റ് പാര്‍ട്ടികളല്ല. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന ബൂര്‍ഷ്വാ നയത്തില്‍നിന്നും, എന്നുവെച്ചാല്‍ ആഗോളീകരണത്തിന്റെ ഏജന്റുമാരായി പ്രവര്ത്തിക്കുന്നതില്നിന്നുള്ള ഒരു മാറ്റം കാണാനാകും. അതുകൊണ്ട് കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കാമെന്ന് ജനങ്ങള്‍ക്ക് തോന്നി. അതാണ് അവര്‍ രാഹുൽ ഗാന്ധിയെ പിന്തുണക്കാനും വോട്ട് മാറി വീഴാനും കാരണം.
അടുത്ത കാലത്തുണ്ടായ കര്‍ഷക സമരം, സി.എ.എ സമരം എന്നിവ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ അല്ല നടന്നത്. ഈ സമരങ്ങളെ ജനസഞ്ചയം എന്ന കാഴ്ചപ്പാടില്‍ വിശകലനം ചെയ്യാന്‍ കഴിയുമോ?
ഇനിയുള്ള മഹാസമരങ്ങള്‍ ഒന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്‍മികത്വത്തില്‍ മാത്രം ഉയര്‍ന്നു വരുന്നതായിരിക്കില്ല. അതുകൊണ്ട് പുതിയ ജനസഞ്ചയ ജനാധിപത്യ സമരങ്ങളുടെ കാഴ്ചപ്പാടില്‍ ഇതിനെ വിലയിരുത്താനാകും. യഥാർഥ ജനസഞ്ചയം (Multitude) എന്നത് പഴയ പാര്‍ട്ടികളെ മാറ്റിനിര്‍ത്തുന്ന അരാജക നേതൃരഹിത ആള്‍ക്കൂട്ടങ്ങള്‍ അല്ല എന്നോര്‍ക്കണം. അത് ഒരു തികഞ്ഞ വര്‍ഗ പരികൽപനയാണ്. പഴയ വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ മുന്നണിപ്പടയുടെ സ്ഥാനത്ത് ഇന്ന് ചൂഷിതരും മർദിതരുമായ എല്ലാതരം കീഴാള ജനവിഭാഗങ്ങളും ഒത്തുചേരുന്ന ആഗോള മൂലധന സാമ്രാജ്യത്തിന്റെ കാലത്തെ ഒരു വര്‍ഗ പരികൽപന. വീട്ടടിമകളായ സ്ത്രീകള്‍ മുതല്‍ വംശനാശത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ആദിവാസികളും ദലിതരും മുതല്‍ കര്‍ഷകരും ഐ.ടി തൊഴിലാളികളും വരെയുള്ള എല്ലാ ചൂഷിത-പീഡിത വിഭാഗങ്ങളും അണിനിരക്കുന്ന ജനങ്ങളുടെ ബദല്‍ അധികാരത്തിന്റെ നൂതന സംഘടനാരൂപമാണ് ബഹുജന സഞ്ചയം.
പഴയ മുതലാളിത്ത ഉൽപാദനം ഫാക്ടറികളില്‍ കേന്ദ്രീകരിച്ച ചൂഷണവ്യവസ്ഥ മാത്രമായിരുന്നെങ്കില്‍ ഇന്ന് ആഗോളീകരിക്കപ്പെട്ട മൂലധനം ചെറുതും വലുതുമായ എല്ലാ അധ്വാന രൂപങ്ങളെയും പ്രകൃതിയെയും ഒന്നാകെയാണ് ചൂഷണം ചെയ്യുന്നത്. ആ ഭീകരശക്തിക്കെതിരെ ഉയരുന്ന ബഹുജന പ്രതിരോധത്തിന്റെ ആഗോളമാനമുള്ള ബദല്‍ശക്തിയാണ് ജനസഞ്ചയം. പഴയ ഫാക്ടറി മതില്‍ക്കെട്ടുകളില്‍നിന്ന് പുറത്തുകടന്ന ഉൽപാദനത്തിന്റെ സാമൂഹികവത്കരണം (Socialisation of production) ആണ് വർഗസമരത്തില്‍ സംഭവിച്ച ഈ മാറ്റത്തിന് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ അമിത പ്രതീക്ഷകളെ തകിടംമറിച്ച ജനവിധിയില്‍ ഒരു പ്രധാന പങ്കുവഹിച്ചത് ഇന്ത്യന്‍ കര്‍ഷകര്‍ നയിച്ച ജനസഞ്ചയ പ്രക്ഷോഭമാണ്. എന്നാല്‍, ജനങ്ങളുടെ ബദല്‍ അധികാരത്തിന്റെ ഈ സമര സംഘടനാരൂപം ഇന്ന് അതിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സ് തികയുമ്പോള്‍ സഖ്യമില്ലാതെ ഒരു സീറ്റ് മാത്രമാണ് നേടാനായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ വളരാനാകാത്തത് എന്തുകൊണ്ടാണ്?
ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഒരു വലിയ പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇന്ന് സംഭവിക്കുന്നതുപോലെ ഒരു നയംമാറ്റം ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും സംഭവിക്കേണ്ടതുണ്ട്. ആഗോള കോർപറേറ്റ് കൊള്ളകള്‍ക്കെതിരായ സമരങ്ങളില്‍ ജനങ്ങളോട് ഒപ്പം ചേരുന്ന ഒരു നയംമാറ്റമാണ് ഇടതുപക്ഷത്തിനു വേണ്ടത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും ഇടതുപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ കോർപറേറ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ്. ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അടവുപരമായിട്ടല്ലാതെ തന്ത്രപരമായി തന്നെ ഇത്തരം മുന്നേറ്റങ്ങളുടെ മുന്നിലേക്ക് വരാന്‍ കഴിയുന്നില്ല.
കാരണം മുതലാളിത്ത വിപ്ലവ പൂര്‍ത്തീകരണം എന്ന പഴയ തന്ത്രത്തില്‍ തന്നെ തളഞ്ഞുകിടക്കുകയാണ് അവയെല്ലാം. അതുകൊണ്ടാണ് കൃഷിഭൂമിയും കാടും ഒക്കെ നശിപ്പിച്ചിട്ടായാലും വ്യവസായം കൊണ്ടുവരണമെന്ന് അവര്‍ വാദിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ നയിച്ച കൂടങ്കുളം ആണവനിലയ വിരുദ്ധ സമരത്തില്‍ പങ്കെടുക്കാന്‍ പോയ വി.എസ്. അച്യുതാനന്ദനെ അവര്‍ ബലമായി തടഞ്ഞത് അതുകൊണ്ടാണ്. ദേശീയ ജനാധിപത്യ വിപ്ലവം എന്നും ജനകീയ ജനാധിപത്യ വിപ്ലവം എന്നും ഒക്കെ ഇടതുപക്ഷ പാര്‍ട്ടികള്‍ വിളിക്കുന്ന ഈ മുതലാളിത്ത വികസനത്തിലൂന്നിയ തന്ത്രപരമായ നിലപാട്, ആഗോള മൂലധന സാമ്രാജ്യം ദേശീയ മുതലാളിത്ത വ്യവസ്ഥകളെ തന്നെ ഇല്ലാതാക്കി കഴിഞ്ഞ ഇക്കാലത്ത് തികച്ചും കാലഹരണപ്പെട്ടു കഴിഞ്ഞ ഒന്നാണ്.
ഇത് തിരിച്ചറിയാതെ കാടിനും നാടിനും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും വിനാശകരമല്ലാത്ത ഒരു ബദല്‍ വികസന നയം ഭാവന ചെയ്യാനാവില്ല. ഈ പരിമിതി മൂലമാണ് കേരളത്തിലെ കെ. റെയില്‍ പദ്ധതിയുടെയും മറ്റും കാര്യത്തില്‍ എന്നപോലെ പ്രകൃതിയെയും ജീവിതത്തെയും നശിപ്പിക്കുന്ന കോർപറേറ്റ് കൊള്ളകള്‍ക്ക് വികസനത്തിന്റെ പേരില്‍ അവര്‍ക്ക് കൂട്ടുനില്ക്കേണ്ടിവരുന്നത്. മുതലാളിത്ത വിപ്ലവത്തിന്റെ പൂര്‍ത്തീകരണത്തിനു ശേഷം സോഷ്യലിസം നടപ്പാക്കാമെന്ന മുതലാളിത്ത വികസനത്തിലൂന്നിയ ഈ കാലഹരണപ്പെട്ട നിലപാടുകള്‍മൂലം ഇന്ത്യന്‍ ഇടതുപക്ഷം ജനങ്ങളില്‍നിന്ന് വീണ്ടും അകലുകയാണ്. ജനങ്ങള്‍ അവരെ പിന്തള്ളിക്കൊണ്ട് മുന്നോട്ടുപോവുകയാണ്. അതാണ് ഇന്ന് നാം കാണുന്നത്.
കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നയംമാറ്റം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തിരിച്ചറിയണം. ആഗോള മൂലധന സാമ്രാജ്യത്തിന്റെ സാമന്തനായ നരേന്ദ്ര മോദിക്കെതിരെ നിലകൊള്ളുന്ന രാഹുല്‍ ഗാന്ധി ഇന്ന് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ നേതാവല്ല. അങ്ങനെ ഒരു വർഗത്തിന്റെ അടിത്തറ തന്നെ ഇന്നില്ലാതായിരിക്കുന്നു. ദേശാതിര്‍ത്തികള്‍ ഇല്ലാത്ത മൂലധനമാണ് ഇന്ന് ലോകത്തെ ഒന്നാകെ വിഴുങ്ങുന്നത്.
അതുകൊണ്ട് അതിനെതിരെ നിലകൊള്ളുന്ന രാഹുല്‍ ഗാന്ധി ഇന്ന് ഇന്ത്യന്‍ ജനസാമാന്യത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. അതിനാല്‍ ഇടത് പ്രസ്ഥാനങ്ങള്‍ പഴയ കോണ്‍ഗ്രസിനോടുള്ള തന്ത്രപരമായ സമീപനത്തില്‍നിന്ന് പിന്മാറേണ്ടിയിരിക്കുന്നു. അവര്‍ ഇന്ന് ചെയ്യേണ്ടത് പണ്ട് നെഹ്റുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരുക എന്ന് സി.പി.ഐക്കാര്‍ പറഞ്ഞതുപോലെ രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് ശക്തി പകരുകയാണ്.
ജാതി സെന്‍സസ് പോലുള്ള കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചത് കോണ്‍ഗ്രസിന് ഗുണകരമായോ?
മണ്ഡല് പ്രക്ഷോഭം മുതലാണ് ഇത് ചര്‍ച്ചചെയ്യേണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു മുന്നേറ്റമായിരുന്നു അത്. ഇന്ത്യന്‍ ലിബറല്‍-ഇടതുപക്ഷ രാഷ്ട്രീയത്തെ ചോദ്യംചെയ്യുന്ന വലിയ മുന്നേറ്റം. അടിത്തട്ട് വിഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന മണ്ഡല് പ്രക്ഷോഭം ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് സങ്കൽപിക്കാന് കഴിയാത്ത ഒന്നായിരുന്നു. ഇത് ഉയര്‍ന്നുവരുന്നത് കണ്ട് ഇന്ത്യന്‍ മൂലധനത്തിന്റെ ഉടമകളായിരുന്ന കോർപറേറ്റുകള്‍ക്ക് ഹാലിളകി.
മണ്ഡല് പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് വളരെ ആക്രമണോത്സുകമായി ഹിന്ദുത്വത്തെ അങ്ങനെയാണ് അവര്‍ അഴിച്ചുവിടുന്നത്. മണ്ഡല് പ്രക്ഷോഭം കഴിഞ്ഞ് ദശാബ്ദങ്ങളായി അത് അമര്‍ന്നു കിടക്കുകയായിരുന്നു. ഈ മണ്ഡല് പ്രക്ഷോഭം ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു തുടരാന്‍ പോകുന്നു. ഇടതുപക്ഷവും അതേറ്റെടുക്കണം, അടിത്തട്ടിലുള്ള രാഷ്ട്രീയത്തെ ഏറ്റെടുക്കലാണത്. വെറുമൊരു ജാതി സെന്‍സസായി അതിനെ ചുരുക്കി കാണരുത്. അതൊരു പൊളിറ്റിക്കല്‍ ആക്ട് ആണ്.
ഈ സാഹചര്യത്തില്‍ ഗാന്ധി-അംബേദ്കര്‍ സംയോഗത്തെ എങ്ങനെ കാണുന്നു?
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള അംബേദ്കറുടെ രാഷ്ട്രീയ പരിണാമം ശ്രദ്ധിക്കേണ്ടതാണ്. ആ കാലഘട്ടത്തിലെ അംബേദ്കറും ലോഹ്യയുമായുള്ള കത്തിടപാടുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഗാന്ധിയുടെ മരണശേഷം ലോഹ്യ അംബേദ്കറോട് ആവശ്യപ്പെടുന്നത്; നിങ്ങള്‍ ഗാന്ധിയുടെ കസേരയിലേക്ക് വരണം എന്നാണ്.
അതുകൊണ്ട് ഇന്ത്യന്‍ ജനതയെ ഇനി നയിക്കേണ്ടത് താങ്കളാണ് എന്നാണ് ലോഹ്യ പറഞ്ഞത്. ഈ ക്ഷണം അംബേദ്കര്‍ ഏറ്റെടുത്തു. ഇന്ത്യയില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ ജനാധിപത്യം ഫോര്‍മലായി നിലനിര്‍ത്താമെങ്കിലും, സാമൂഹിക ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും അവര്‍ ഇവിടെ വരുത്താന്‍ പോകുന്നില്ല എന്ന കാര്യത്തില്‍ അംബേദ്കര്‍ക്ക് നല്ല ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. അതുകൊണ്ട് സോഷ്യലിസ്റ്റുകളുമായി ചേര്‍ന്ന് ഒരു പുതിയ മുന്നേറ്റം സൃഷ്ടിക്കണമെന്നാണ് അംബേദ്കര്‍ കരുതിയത്.
അതിന് തുടക്കം കുറിച്ചത് ഗാന്ധിയാണ്. സ്വാതന്ത്ര്യസമരത്തിനുശേഷം കോണ്‍ഗ്രസ് ഉപേക്ഷിച്ച പൂര്‍ണ സ്വരാജിലേക്ക് ഇന്ത്യയെ എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ജയപ്രകാശ് നാരായണനും ലോഹ്യയും ഗാന്ധിയും കൂടിയാലോചിക്കുന്നുണ്ട്. ഇതില്‍നിന്നും രൂപപ്പെട്ട ആശയത്തിന്റെ പൂര്‍ത്തീകരണത്തിന് ഗാന്ധിയുടെ അഭാവത്തില്‍ നേതാവായി ലോഹ്യ ക്ഷണിക്കുന്നത് അംബേദ്കറെയാണ്. അത് പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കുവേണ്ടിയായിരുന്നു. പക്ഷേ, അത് നടന്നില്ല. ഇപ്പോള്‍ അതിനുള്ള സന്ദര്‍ഭമാണ്. ഇനിയും രൂപപ്പെട്ടാല്‍ അതില്‍ മുന്നില്‍ വരുന്നത് ഗാന്ധിയും അംബേദ്കറുമായിരിക്കും.
ആര്.എസ്.എസ് രൂപവത്കരിച്ചിട്ട് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നു. പുതിയ ഭരണഘടന അവര്‍ രൂപപ്പെടുത്തുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്?
ഇന്നത്തെ ആര്.എസ്.എസ് പഴയ ആര്.എസ്.എസിന്റെ തുടര്‍ച്ചയല്ല. പഴയ ആര്.എസ്.എസ് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതിനുള്ള പഴയ കൊളോണിയല്‍ സാമ്രാജ്യത്വത്തിന്റെ ഉപകരണമായിരുന്നു. ഇന്നത്തെ ആര്.എസ്.എസ് പുതിയ ആഗോള മൂലധന സാമ്രാജ്യത്വത്തിന്റെ സാമന്തശക്തിയാണ്. ആഗോള മൂലധന സാമ്രാജ്യത്തിന് ജനാധിപത്യം ആവശ്യമില്ല. അതിനുവേണ്ടത് വിഭാഗീയ ഭീകര ശക്തികളെയാണ്. എല്ലാ രാജ്യങ്ങളിലും ആഗോള മൂലധന ശക്തി പ്രതിലോമ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ആഗോള സാമ്രാജ്യത്തിനെതിരായ ബഹുജന സഞ്ചയത്തിന്റെ വര്‍ഗസമരവും ആര്.എസ്.എസിനെതിരായ സമരവും ഒരുമിച്ചാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത്.
അതിനാല്‍, ആര്.എസ്.എസിനെ പഴയ ബ്രാഹ്മണിസ്റ്റ് യാഥാസ്ഥിതികത്വത്തിന്റെ പ്രതിനിധിയായി മാത്രം കണ്ട് ഒരു വര്‍ഗീയശക്തി എന്ന നിലയില്‍ മാത്രം അതിനെതിരായി നടത്തുന്ന സമരങ്ങള്‍ അതിന്റെ വര്‍ത്തമാന രാഷ്ട്രീയ അടിത്തറയെ അവഗണിക്കലാവും. ആ പഴയ സമീപനം പരോക്ഷമായി ആര്.എസ്.എസിനെ ശക്തിപ്പെടുത്തുകയേയുള്ളൂ. പുതിയ രാഷ്ട്രീയ സമരങ്ങള്‍ ആഗോള കോർപറേറ്റ് ശക്തികള്‍ക്കും അതിന്റെ നടത്തിപ്പുകാരായ പ്രതിലോമ ശക്തികള്‍ക്കുമെതിരെ ഒരേസമയം നടക്കുന്ന സമരങ്ങള്‍ ആയിരിക്കും. അതിനാല്‍ ബഹുജന സഞ്ചയത്തിനോടൊപ്പം കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും അണിചേരുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് വലിയ പരാജയമുണ്ടായി. ഈ മാറ്റത്തെ എങ്ങനെ വിശകലനം ചെയ്യുന്നു?
ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമായിരുന്നു. ഈ തവണ അത്തരമൊരു സാഹചര്യമൊന്നുമില്ലായിരുന്നു. ഭരണത്തിലെ പിടിപ്പുകേടും ധൂര്‍ത്തും ജനവിരുദ്ധമായ നടപടികളും പരാജയത്തിന് കാരണമായി. ഏറ്റവും അടിത്തട്ടിലെ മനുഷ്യരെ വിസ്മരിച്ചു. ദീര്‍ഘകാലം പെന്ഷന് കൊടുക്കാതെ നവകേരള സദസ്സും മറ്റും സംഘടിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ചു. ലോകത്തിന്റെ മുന്നില്‍ മുഖംമിനുക്കാന്‍ ഒട്ടേറെ പരിപാടികള്‍ നടത്തി. ഈ മുഖംമിനുക്കല്‍ പട്ടിണി കിടക്കുന്ന ജനങ്ങളുടെ പ്രശ്നമല്ല. അങ്ങനെ വരുമ്പോഴാണ് ജനങ്ങള്‍ ഭരണവിരുദ്ധരാകുന്നത്. ഇടതുപക്ഷം അംഗീകരിക്കില്ലെങ്കിലും ഭരണവിരുദ്ധ വികാരമുണ്ടായി എന്നത് യാഥാർഥ്യമാണ്.
ശബരിമല വിഷയം കേരളത്തിന്റെ പുരോഗമന മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തിയില്ലേ?
ജനങ്ങളെ എങ്ങനെ ഇതിലേക്ക് കൊണ്ടുവന്നു എന്ന് പരിശോധിക്കേണ്ടത് അവരുടെ കാഴ്ചപ്പാടില്‍നിന്നു വേണം. ഇവിടെ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയമായ തകര്‍ച്ച ഉണ്ടായിട്ടുണ്ട്. മുമ്പ് കേരള രാഷ്ട്രീയത്തിന്റെ നട്ടെല്ലായിരുന്നത് ജനങ്ങളുടെ ഇടതുപക്ഷ ബോധ്യങ്ങളാണ്. അതിന് വലിയ തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. എല്ലായിടത്തും അതിന്റെ പ്രതിഫലനം കാണാനാകും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ മൂല്യങ്ങളില്‍നിന്നും വ്യതിചലിച്ചതാണ് കാരണം. അവര്‍ വികസനം എന്നതുകൊണ്ട് അർഥമാക്കുന്നത് ജനങ്ങളുടെ ജീവിത വികസനമല്ല. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം കേരളത്തെ അതുപോലെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്.
ലോകോത്തരമായ പ്രകൃതിയും വിഭവങ്ങളും മനുഷ്യജീവിത സാഹചര്യങ്ങളുമുള്ള കേരളത്തെ നശിപ്പിച്ചുകൊണ്ടു മാത്രമേ ഇവിടെ ദുബൈ കെട്ടിപ്പടുക്കാന്‍ കഴിയൂ. അവര്‍ മരുഭൂമിയിലാണ് അത് കെട്ടിപ്പടുത്തത്. ആ പരിശ്രമം ഇവിടെ അനുകരിക്കുന്നതിന് കേരളത്തെ ആദ്യം മരുഭൂമി ആക്കേണ്ടിവരും. ഈ മുതലാളിത്ത വികസന സങ്കൽപമാണ് ഇടതുപക്ഷത്തെ ബംഗാളിലും തറപറ്റിച്ചത്. ബംഗാളില്‍ കര്‍ഷക സമൂഹത്തെയാകെ ശത്രുക്കളാക്കി മാറ്റി. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി പിടിച്ചെടുത്ത് വ്യവസായം തുടങ്ങാന്‍ ടാറ്റക്ക് കൊടുത്തു. മുതലാളിത്ത പൂര്‍ത്തീകരണത്തിന് ശേഷം സോഷ്യലിസ്റ്റ് വിപ്ലവം എന്ന ആശയമാണ് ഇതിന് പിന്നിലുള്ള സിദ്ധാന്തം. മാര്ക്സിന് ആദ്യകാലത്ത് ഇങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അദ്ദേഹംതന്നെ പിന്നീടത് ഉപേക്ഷിച്ചു.
ഇന്ത്യയില്‍ ദേശീയ മുതലാളിത്തംതന്നെ ഇന്ന് നിലനില്‍ക്കാത്ത സാഹചര്യത്തില്‍ മുതലാളിത്തത്തെ വികസിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ആഗോള സാമ്രാജ്യ മൂലധനത്തിന്റെ വികാസത്തിലാവും കലാശിക്കുക. ആഗോള മുതലാളിത്തം ഒരിക്കലും ഉൽപാദനാത്മകമല്ല; മറിച്ച് ചൂഷണം മാത്രമാണ് അതിന്റെ ലക്ഷ്യം.
പഴയ മുതലാളിത്തം ഉൽപാദനക്ഷമമായിരുന്നു. ഇന്നത്തെ ആഗോള മുതലാളിത്തം നിലനില്‍ക്കുന്ന നിക്ഷേപങ്ങളെ, പ്രകൃതിയിലും മനുഷ്യനിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ശക്തികളെ മുഴുവന്‍ ഊറ്റിക്കുടിക്കുന്ന ഒരു വാംപെയര്‍ ആണ്. മോദി എങ്ങനെയാണോ കോർപറേറ്റുകളുടെ ഏജന്റ് ആയി മാറിയത് അതുപോലെ ഇവിടെ ഈ വികസന നയം പിന്തുടര്ന്നാല് പിണറായി വിജയനും ഒരു കോർപറേറ്റ് ഏജന്റായി പ്രവര്‍ത്തിക്കാന്‍ മാത്രമേ ഇന്ന് കഴിയൂ. മോദിയെ ഇന്ത്യന്‍ ജനത തള്ളിക്കളയാന്‍ ശ്രമിച്ചതുപോലെ കേരളത്തില്‍ പിണറായിയെയും ജനങ്ങള്‍ തള്ളിക്കളയാന്‍ ശ്രമിച്ചു.
കേന്ദ്രത്തിലെ ഫാഷിസ്റ്റ് പ്രവണതകളെ ശക്തമായി എതിര്‍ക്കുകയും കേരളത്തില്‍ മൗനംപാലിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളെക്കുറിച്ച്?
കേരളത്തിലെ ബുദ്ധിജീവികള്‍ പൊതുവെ ഇടത്തരക്കാരാണ്. ഈ ഇടത്തരക്കാര്‍ പണ്ട് ലെനിന് പറഞ്ഞതുപോലെ ഇരട്ടനിലപാടുള്ള വിഭാഗമാണ്. ഇവര്‍ക്ക് ഏതെങ്കിലും ആശയത്തോട് ദൃഢമായ പ്രതിബദ്ധത ഇല്ല. നമ്മുടെ ബുദ്ധിജീവികള്‍ ഇടത്തരക്കാരായതുകൊണ്ടു തന്നെ ഇവര്‍ക്ക് സുരക്ഷിതമായ സാമൂഹിക ജീവിതം കിട്ടും. അധികാരത്തിന്റെ ഭാഗമായി നിന്നാല്‍ അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത സ്ഥാനങ്ങള്‍ ലഭിക്കും. ഇടത്തരക്കാരന് ഉള്ളില്‍ നിറയെ ആര്‍ത്തിയാണ്. ഇതിനെ തൃപ്തിപ്പെടുത്താന്‍ ആഗോളീകരണത്തിന് കീഴ്പ്പെട്ട കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയും. അവര്‍ ആശയങ്ങളെ ബലി കൊടുത്തുകൊണ്ട് അവരുടെ നിലനില്‍പ്പിനെ ഭദ്രമാക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് നമ്മുടെ ബുദ്ധിജീവികള്‍ നിശ്ശബ്ദരാകുന്നത്.
ഇനി, പാര്‍ട്ടിയോട് ഒട്ടിനില്ക്കുന്ന ധിഷണാശാലികളായി നടിക്കുന്ന മറ്റൊരു വിഭാഗം ബുദ്ധിജീവികളുണ്ട്. വസ്തുവാദപരമായ സ്റ്റാലിനിസ്റ്റ് ഭൗതികവാദത്തെയും പാശ്ചാത്യ ആധുനികതയെയും പിന്തുടരുന്ന ഒരു പാര്‍ട്ടിക്ക് ഇക്കാലത്ത് നേരിടേണ്ടിവരുന്ന പല വലിയ വെല്ലുവിളികളുമുണ്ട്. ജനാധിപത്യത്തെയും ധാര്‍മിക ജീവിതമൂല്യങ്ങളെയും ആഴത്തില്‍ തള്ളിക്കളഞ്ഞുകൊണ്ട് അടവുപരമായി മാത്രം അവയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടിക്ക് ആ അടവുനയത്തിന്റെ കാപട്യത്തെ ജനങ്ങളില്‍നിന്നും മറച്ചുപിടിക്കാന്‍ ഒരു പുരോഹിത സംഘത്തെ ആവശ്യമാണ്.
ക്വട്ടേഷന്‍ കൊലകളും ബോംബു നിർമാണവും ഒരുവശത്ത് പുരോഗമിക്കുമ്പോള്‍ മറുവശത്ത് ഗാന്ധിക്കും ശ്രീനാരായണ ഗുരുവിനും വിവേകാനന്ദനും സ്തുതി പാടിക്കൊണ്ട് അവര്‍ ജനാധിപത്യത്തിന്റെയും ധാർമിക മൂല്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. അതാണ് ഈ പാര്‍ട്ടി പുരോഹിത ബുദ്ധിജീവികളുടെ പണി.
ഈ തരം ബുദ്ധിജീവികള്ക്കെല്ലാമുള്ള ഒരു സംരക്ഷണ കവചമാണ് അവരുടെ നരേന്ദ്ര മോദി വിമര്‍ശനം. അങ്ങനെ അവര്‍ക്ക് അനായാസം വിപ്ലവകാരിയുടെ പരിവേഷം കിട്ടും. എന്നാല്‍, കേരളത്തിലും ജനാധിപത്യ മൂല്യങ്ങള്‍ക്കുവേണ്ടി ആത്മാർഥമായി വാദിക്കുന്നവര്‍ക്കു മാത്രമേ അഖിലേന്ത്യാതലത്തിലും നരേന്ദ്ര മോദിയുടെ ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ അര്‍ഹതയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.