‘‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജാതി അറിയണമെങ്കിൽ സ്റ്റാഫ് റൂമിൽ പോയി നോക്കണം’’

കേരളത്തി​ന്റെ ചരിത്രത്തിൽ ശ്രദ്ധേയ ഇടപെടൽ നടത്തുന്ന യുവ ചരിത്രകാരനാണ്​ വിനിൽ പോൾ. കീഴാള ചരിത്രവായനകളുടെ ദിശയെ മാറ്റിമറിക്കാൻ​ പോന്നതാണ്​ അദ്ദേഹത്തി​ന്റെ ചരിത്രകൃതികൾ. കേരളത്തിലെ ചരിത്രരചന-പഠന രീതികളെക്കുറിച്ചും ത​ന്റെ തന്നെ ഗവേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.കോട്ടയം ആർപ്പൂക്കര സ്വദേശിയാണ് വിനിൽ പോൾ. മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ എം.എ, എം.ഫിൽ ബിരുദവും ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ഗവേഷണ ബിരുദവും കരസ്ഥമാക്കി. കേരളത്തിലെ അടിമക്കച്ചവടവും അതിനെതിരായി നടപ്പിലാക്കിയ നിയമങ്ങളുമെന്ന വിഷയത്തിലാണ് മുഖ്യ ഗവേഷണം നടത്തിയത്....

കേരളത്തി​ന്റെ ചരിത്രത്തിൽ ശ്രദ്ധേയ ഇടപെടൽ നടത്തുന്ന യുവ ചരിത്രകാരനാണ്​ വിനിൽ പോൾ. കീഴാള ചരിത്രവായനകളുടെ ദിശയെ മാറ്റിമറിക്കാൻ​ പോന്നതാണ്​ അദ്ദേഹത്തി​ന്റെ ചരിത്രകൃതികൾ. കേരളത്തിലെ ചരിത്രരചന-പഠന രീതികളെക്കുറിച്ചും ത​ന്റെ തന്നെ ഗവേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

കോട്ടയം ആർപ്പൂക്കര സ്വദേശിയാണ് വിനിൽ പോൾ. മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ എം.എ, എം.ഫിൽ ബിരുദവും ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ഗവേഷണ ബിരുദവും കരസ്ഥമാക്കി. കേരളത്തിലെ അടിമക്കച്ചവടവും അതിനെതിരായി നടപ്പിലാക്കിയ നിയമങ്ങളുമെന്ന വിഷയത്തിലാണ് മുഖ്യ ഗവേഷണം നടത്തിയത്. അടിമകേരളത്തിന്റെ അദ്യശ്യ ചരിത്രം എന്ന പുസ്തകത്തിന് 2023ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം ലഭിക്കുകയുണ്ടായി.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രഫ. സ്കറിയ സക്കറിയയുടെ സ്മരണാർഥം സാംസ്കാരിക പഠനമേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് 2024ൽ സർവകലാശാല ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ലഭിച്ചത് വിനിൽ പോളിന്റെ ‘മഞ്ചാടിക്കരി; ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം’ എന്ന കൃതിക്കായിരുന്നു. ദലിത് ചരിത്രദംശനം, മൃഗയ: കേരളത്തിന്റെ നായാട്ടു ചരിത്രം എന്നിവ മറ്റു പുസ്തകങ്ങളാണ്.

കേരളത്തിന്റെ ചരിത്രപഠനങ്ങളിൽ വിനിൽ പോൾ കാണുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

ഒരു മുതിർന്ന ചരിത്രകാരൻ പറയേണ്ട ഉത്തരമാണിതെന്നിരുന്നാലും ഒരു ചരിത്ര വിദ്യാർഥിയെന്ന നിലയിൽ എന്റെ ചില നിരീക്ഷണങ്ങൾ പങ്കുവെക്കട്ടെ. ഏതാണ്ട് ഒരു നൂറ്റാണ്ടായി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ചരിത്രകാരന്മാരെയും കേരള സൊസൈറ്റി പേ​േപ്പഴ്സ് പ്രസിദ്ധീകരിച്ച ചരിത്ര കൂട്ടായ്മകളെയുമൊക്കെ നാം കാണുന്നുണ്ട്. എന്നിരുന്നാലും മലയാളികൾക്കിടയിൽനിന്നു വ്യത്യസ്ത രീതിയിലുള്ള ചരിത്രപഠന മാതൃകകൾ ഒന്നുംതന്നെ കാര്യമായി ഉയർന്നുവന്നിട്ടില്ല എന്ന് തോന്നുന്നു. കേരളത്തിന്റെ ഭൂതകാല ആഖ്യാനങ്ങൾ കൂടുതലും വർഗസങ്കൽപത്തെ മുൻനിർത്തി തന്നെയാണ് നടത്തപ്പെട്ടിരിക്കുന്നത്.

വർഗന്യൂനീകരണത്താൽ സ്ത്രീകൾ, ജാതി, അയിത്തം, അടിമത്തം, സമുദ്രം, പരിസ്ഥിതി തുടങ്ങിയ സംജ്ഞകൾ ഒന്നുംതന്നെ കേരളചരിത്ര രചനകളിൽ കടന്നുവന്നിരുന്നില്ല. എന്നാൽ, 80കൾ മുതൽ ഇന്ത്യയിലെ മറ്റിടങ്ങളിൽ ഇവയെല്ലാം അന്വേഷണ വിധേയമാക്കിയിരുന്നു. കാർഷിക മേഖലയുടെ പരിണാമം, കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ, അതുപോലെ കുട്ടനാടും തോട്ടം മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളുമൊക്കെ പരിശോധിച്ചാൽ ഉൽപാദന പ്രക്രിയയിൽ ഏറ്റവുമധികം പങ്കെടുത്ത വിഭാഗത്തിന്റെ പരിണാമം, അവരുടെ ദൈനംദിന ജീവിതം എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങൾ ഒന്നുംതന്നെ നിലവിലെ കേരളചരിത്ര രചനകളിൽ കടന്നുവന്നിരുന്നില്ല.

ഇനി നവോത്ഥാനമെന്ന നിലയിൽ ആഘോഷിക്കപ്പെടുന്ന പഠനങ്ങൾ പരിശോധിച്ചാൽ സ്ത്രീകൾ, മിഷനറി പ്രസ്ഥാനം, ദലിതരുടെ മത പരിവർത്തനം, വിവിധ ജാതി-സമുദായങ്ങളുടെ പിന്തുടർച്ച അവകാശ നിയമങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കെല്ലാം അയിത്തം കൽപിച്ചിരിക്കുകയായിരുന്നു കേരളത്തിൽ. പരശുരാമ മിത്തും ക്ഷേത്ര-ബ്രാഹ്മണ വ്യവഹാരങ്ങളെ വീണ്ടെടുക്കാൻ ശ്രമിക്കുന്ന പ്രാചീന കേരള ചരിത്ര രചയിതാക്കളും അതേപോലെ സെന്റ് തോമസ് മിത്തിനെയും ക്രിസ്ത്യൻ കച്ചവട സംഘങ്ങളെയും വെള്ളപൂശിയെടുക്കുന്ന മധ്യകാല ചരിത്രകാരന്മാരും ശ്രീനാരായണ പ്രസ്ഥാനം, ചട്ടമ്പി സ്വാമികൾ തുടങ്ങി കൊളോണിയൽ ഭരണകൂട വിമർശനമാണ് ആധുനിക ചരിത്രം എന്ന് വിശ്വസിച്ച മറ്റൊരു കൂട്ടം ചരിത്ര രചയിതാക്കളുമായിരുന്നു മലയാളികൾക്കിടയിൽനിന്നും ഉയർന്നുവന്നിരുന്നതെന്നു തോന്നുന്നു.

ആഗോളതലത്തിൽ ശ്രദ്ധേയമായ, പുത്തൻ രീതിശാസ്ത്രം അവതരിപ്പിച്ച ചരിത്ര പുസ്തകങ്ങളുടെ മലയാള പരിഭാഷകളുടെ എണ്ണം ഈ ഒരു ചോദ്യത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ചരിത്രമെന്ന വിജ്ഞാനശാഖക്ക് ജനകീയമാകുന്നതിനു സാധിക്കുന്നില്ല എന്നതിന്റെ സൂചകമാണ് പരിഭാഷകളുടെ അഭാവം.

നമുക്കറിയാം സബാൾട്ടൻ സ്റ്റഡീസിന്റെ ഒരു വോള്യംപോലും മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടില്ല എന്നത്. സൂസി താരു, എസ്. സഞ്ജീവ് എന്നിവർ എഡിറ്റ് ചെയ്ത ‘കീഴാള പഠനങ്ങൾ’ എന്ന പുസ്തകം ഏതെങ്കിലും ഒരു വോള്യത്തിന്റെ നേർ പരിഭാഷയല്ലെങ്കിലും അതിനൊരു തുടർച്ച ഉണ്ടായിട്ടില്ല. ആഗോള ചരിത്രത്തിനോടോ, മാറിവരുന്ന ചരിത്രരചന സമീപനങ്ങളോടോ വേണ്ടത്ര ആഭിമുഖ്യം കാണിക്കാത്ത ചരിത്രരചനകളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.

ജെ. ദേവിക, ജി. അരുണിമ, സനൽ മോഹൻ, ദിലീപ് മേനോൻ, ടി.ടി. ശ്രീകുമാർ, വി.ജെ. വർഗീസ് തുടങ്ങിയവരിൽ ആരംഭിച്ച കേരള ചരിത്രരചനയിലെ പുത്തൻ ഉണർവ് ദിവ്യ കണ്ണൻ, ജയശീലൻ രാജ്, യാസർ അറഫാത്ത്, അഭിലാഷ് മലയിൽ, സന്തോഷ് എബ്രഹാം, ദിനേശൻ വടക്കിനിയിൽ, മുഹമ്മദ് കൂരിയ എന്നിങ്ങനെ നിരവധി പുതിയ ഗവേഷകരുടെ ഒരു നീണ്ടനിരയിലൂടെ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്​ ഇപ്പോൾ. ഈ കാരണത്താൽ ഇവിടെ പേര് പറഞ്ഞവരിലൂടെ മാത്രമാണ് ഈ മാറ്റം സാധ്യമായതെന്ന് അർഥമില്ല.

സൈദ്ധാന്തിക പിൻബലത്താൽ ആർ​െക്കെവൽ രേഖകളെ വിമർശനപരമായി സമീപിക്കുകയും കേരളോൽപത്തിയെയും ക്ഷേത്ര കേന്ദ്രീകൃത സാമൂഹിക പരിവർത്തനത്തെയും മാറ്റിനിർത്തി സ്ത്രീകളെയും അയിത്തജാതികളെയും കുടിയേറ്റത്തിനെയും സമുദ്രത്തെയും കച്ചവടക്കാരെയുമെല്ലാം കേന്ദ്രത്തിൽ നിർത്തി കേരളത്തിന്റെ ഭൂതകാലത്തെ വായിക്കുകയും അതോടൊപ്പം അവക്കൊരു ആഗോള ചരിത്ര പരിപ്രേക്ഷ്യം നൽകുകയും ചെയ്തു എന്നതാണ് സമീപകാലത്തെ ചരിത്രരചനയിലെ വിപ്ലവകരമായ മാറ്റം.

ചരിത്രമെന്ന പഠനവിഷയത്തെ കേരളത്തിലെ ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന രീതിയെ വിനിൽ എങ്ങനെ കാണുന്നു?

കേന്ദ്രസർക്കാർ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയ വിഷയങ്ങൾ പൊതുസമൂഹം ചർച്ചചെയ്യുന്നുണ്ടെങ്കിലും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് കേരളസമൂഹം ചർച്ചചെയ്യുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കേരള നവോത്ഥാനം എന്ന പേരിൽ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് പരിശോധിച്ചാൽ ഇത് വ്യക്തമാകും. കത്തോലിക്കാ പുരോഹിതനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ‘പള്ളിക്കൂട ചരിത്രവും’ ദലിത് മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എന്നൊക്കെ പറഞ്ഞു കുട്ടികളെ പഠിപ്പിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല.

കേരളത്തിലെ ഏതൊരു ജാതി- മത വിഭാഗവും ആവശ്യപ്പെടുന്നത് അവരുടെ ജാതി/മത നേതാവിന്റെ ചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഏവരുടെയും ആവശ്യം. 2024 മുതൽ നാലുവർഷ ബിരുദ പദ്ധതി ആരംഭിക്കുകയും അതിന്റെ ഭാഗമായി പുതിയ സിലബസ് എല്ലാ വിഷയങ്ങൾക്കുമായി തയാറാക്കുകയുമുണ്ടായി. പി.എച്ച്.ഡി ഗവേഷണത്തിനുള്ള യോഗ്യത ലഭിക്കുന്ന കോഴ്സ് എന്നതാണ് നാലുവർഷ ബിരുദത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹിസ്റ്ററി സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ചില കോഴ്സുകൾ നല്ലതാണെങ്കിലും അടിമുടി ഒരു പരിഷ്‍കരണം നടത്താൻ കേരളത്തിലെ സർവകലാശാലകൾക്ക് സാധിച്ചിട്ടില്ല.

ഈ കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് മഹാത്മാഗാന്ധി സർവകലാശാലയുടെ ഹിസ്റ്ററി സിലബസിന്റെ റീഡിങ്/ റഫറൻസ് ലിസ്റ്റ്. ബിരുദതലം മുതൽ കുട്ടികൾക്ക് പാഠപുസ്തകങ്ങളില്ലെന്നും സിലബസും അതിനോടനുബന്ധമായി ചേർത്തിരിക്കുന്ന റീഡിങ് ലിസ്റ്റുമാണ് കുട്ടികൾക്കും അധ്യാപകർക്കും പ്രസ്തുത സിലബസ് വ്യക്തമായി മനസ്സിലാക്കി തരുന്ന വഴികാട്ടിയെന്ന് നമുക്കേവർക്കുമറിയാം. എം.ജി സർവകലാശാലയുടെ ചരിത്ര സിലബസിലെ റീഡിങ് ലിസ്റ്റ് ഏതൊരു ചരിത്ര പഠിതാവിനെയും അതിശയിപ്പിക്കുന്ന ഒന്നാണ്. കേരളത്തിനെ സംബന്ധിച്ചു കഴിഞ്ഞ 20 വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച നിലവാരമുള്ള ഒരു അക്കാദമിക പഠനംപോലും അതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ജെ. ദേവിക, സനൽ മോഹൻ, അരുണിമ, ടി.ടി. ശ്രീകുമാർ, ദിലീപ് മേനോൻ, യാസർ അറഫാത്ത്, മുഹമ്മദ് കൂരിയ തുടങ്ങി ഏറ്റവും നിലവാരമുള്ള അക്കാദമിക ജേണലുകളിൽ ലേഖനങ്ങളും നിരവധി പുസ്തകങ്ങളും എഴുതിയ ഒറ്റയൊരാളുടെ പഠനംപോലും റീഡിങ് ലിസ്റ്റിൽ കാണാനില്ല. നൂറോളം അക്കാദമിക പഠനങ്ങൾ എഴുതിയ വ്യക്തിയാണ് ജെ. ദേവിക, ആധുനിക കേരള ചരിത്രം പഠിപ്പിക്കുന്ന, ​െജൻഡർ ആൻഡ് ഹിസ്റ്ററി എന്ന പേപ്പർ പഠിപ്പിക്കുന്ന സിലബസിൽ അവരുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ’ എന്ന ഒറ്റ പുസ്തകം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏവരെയും അതിശയിപ്പിക്കുന്ന ഒരു വായന നിർദേശമാണ് മഹാത്മാ ഗാന്ധി സർവകലാശാലക്കുവേണ്ടി ചരിത്ര സിലബസ് തയാറാക്കിയവർ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഗവേഷണ യോഗ്യതകൂടി ബിരുദത്തോടൊപ്പം നേടിയെടുക്കുന്ന കുട്ടികളെ കേരളത്തിലെ അക്കാദമിക പഠനങ്ങൾ ഒന്നുംതന്നെ പരിചയപ്പെടുത്തുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ.

ഡോ. സനൽ മോഹൻ ചരിത്രപഠനത്തിൽ കേരളത്തിന് നൽകിയ സംഭാവന എന്താണ്?

സാധാരണ ചരിത്രരചനാ ശാസ്ത്രത്തിന്‍റെ (Historiography) പിൻബലത്താലാണല്ലോ നമ്മൾ ചരിത്രകാരന്മാരെയും അവരുടെ രചനകളെയും താത്ത്വിക വിശകലനത്തിന് വിധേയമാക്കുന്നത്. ഒരു വിമർശന സാമൂഹികശാസ്ത്ര രീതി പിന്തുടർന്നുകൊണ്ടു മനുഷ്യാന്തസ്സ്‌, സമത്വം, മാനസിക പരിവർത്തനം എന്നീ സങ്കൽപങ്ങളെ സൈദ്ധാന്തിക പിൻബലത്തോടുകൂടി കേരളത്തിലെ മുൻകാല അടിമജാതികളുടെ ഭൂതകാല നിർവചനത്തിന് ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. നിലവിലെ ചരിത്രരചനകൾ സാമ്പത്തിക മാനദണ്ഡങ്ങളാൽ മാത്രം അളന്നുകൊണ്ടിരുന്ന അസമത്വത്തിന്‍റെയും കീഴാള ജീവിതചരിത്രങ്ങളുടെയും സ്ഥാനത്ത് സാമ്പത്തികേതര അനുഭവങ്ങളും മാനസിക അനുഭവങ്ങളും ഭൂതകാല നിർമിതിക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന ഒരു മാതൃക കേരള പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതിൽ സനൽ മാഷ് വഹിച്ച പങ്ക് വളരെ വലുതാണ്.

പുതിയ തരത്തിലുള്ള സാമൂഹിക അവബോധം നൽകുന്ന ചിന്താധാരകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരു വിമർശന ചരിത്രരചനാശാസ്ത്രം വളർത്തിയെടുക്കാൻ മാഷിന് സാധിച്ചിട്ടുണ്ട്. നിലവിലിരിക്കുന്ന ശ്രേണി കൃത്യമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ചരിത്രരചന സ്‌കൂളുകളുടെ അന്വേഷണ മേഖലകളെ വിമർശിക്കുകയും ജാതി അധികാരത്തെ പ്രശ്‍നവത്കരിക്കുന്ന അപഗ്രഥനങ്ങൾ നടത്തുകയും ചെയ്യുന്ന മാഷിന്റെ പഠനങ്ങൾ കീഴാള ജീവിതാനുഭവങ്ങളെ എങ്ങനെ സാമൂഹികശാസ്ത്ര സംജ്ഞയായി മനസ്സിലാക്കാമെന്നു നമ്മെ പഠിപ്പിക്കുന്നുണ്ട്.

 

സനൽ മോഹൻ

അതേപോലെ തന്നെ കേരളത്തിലെ ദലിതരുടെ ചരിത്രത്തെ വിശദമാക്കുന്നതിനായി വ്യത്യസ്തമായിട്ടുള്ള സോഴ്സുകൾ ഉപയോഗിച്ചു എന്നുള്ളതും മാഷിന്റെ പഠനങ്ങളുടെ പ്രത്യേകതയാണ്. ആർക്കൈവ് വിവരങ്ങൾക്ക് അപ്പുറമുള്ള അൺ ആർക്കൈവ്ഡ് സോഴ്‌സുകളും അദ്ദേഹത്തിന്റെ ചരിത്രരചനയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിലെ ദലിതരെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമയും പാട്ടുകളും പ്രാർഥനകളും അവരുടെ ഇടയിലെ കഥകളും തമാശകളുമെല്ലാം ചരിത്രരചനയിൽ പ്രധാനപ്പെട്ടതാണ് എന്ന കാര്യവും നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മാർക്സിസ്റ്റുകാരുടെ ചരിത്രവായനകൾ എങ്ങനെയുള്ളതായിരുന്നു? അവയുടെ പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?

ഇന്ത്യയിലെ ചരിത്രരചന സ്‌കൂളുകളിൽ ഏറ്റവും പ്രബലമായി നിലകൊള്ളുന്നതും ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും മാർക്സിയൻ ചരിത്ര സ്‌കൂളിനാണ്. നമുക്കറിയാം, സബാൾട്ടൻ സ്റ്റഡീസ് കലക്ടിവിന്‍റെ ചരിത്രം പരിശോധിച്ചാലും അവർ ഉന്നയിച്ച ചോദ്യങ്ങൾ മാർക്സിയൻ ചരിത്രരചനയുടെ സാഹചര്യത്തിൽനിന്നുകൊണ്ടായിരുന്നു എന്ന് പല സാമൂഹിക ശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുള്ള കാര്യം. കേരളത്തിലേക്ക് സൂക്ഷ്മമായി നോക്കുമ്പോൾ ഇ.എം.എസ് മുതൽ ഒരു നീണ്ടനിരയെ തന്നെ കാണാൻ കഴിയുന്നുണ്ട്. മാത്രമല്ല, നിരവധി സാമൂഹിക അനുഭവങ്ങളെ വിശദമാക്കാൻ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ശ്രമിച്ചിട്ടുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്.

അടിസ്ഥാനപരമായി ഇവർ മുന്നോട്ടുവെക്കുന്നത് ഉൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രരചനാരീതിയാണ്. ഇ.എം.എസ് മുതലുള്ള ചരിത്രകാരന്മാർ ‘ജാതി-ജന്മി-നാടുവാഴി മേധാവിത്വം’ എന്ന സങ്കൽപത്തെയാണ് വിശദമാക്കാൻ ശ്രമിച്ചത്. എന്നാൽ, ജാതിയെയും ജാതി അനുഭവങ്ങളെയും സാമൂഹികരംഗത്ത് മാത്രമായി പരിഗണിക്കുകയും സാമ്പത്തികരംഗത്ത് അവക്ക് വേണ്ടത്ര പരിഗണന കൊടുക്കാതെയുമിരിക്കുന്ന ഒരു പ്രശ്‌നം ആദ്യകാല മാർക്സിസ്റ്റ് പഠനങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.

അതേപോലെ യൂറോപ്യൻ ഫ്യൂഡലിസത്തെ മാതൃകയാക്കുന്ന ഒരു രീതിയും ഈ ചരിത്രകാരന്മാരിലുണ്ട്. ഈ ചരിത്രമാതൃകക്ക് നേർക്ക് ഒരു വിമർശന ചോദ്യമായി കടന്നുവരുന്നത് ഉൽപാദനം നടത്തുന്നവരെ കുറിച്ച് എത്രത്തോളം ആഴത്തിൽ ഇവർക്ക് പറയാൻ സാധിച്ചു എന്നുള്ളതാണ്. ഉൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ചരിത്രത്തെ സമീപിക്കണം എന്ന് പറയും. എന്നാൽ കേരളത്തിൽ ആരാണ് ഉൽപാദനം നടത്തുന്നത്? ആരാണ് മിച്ചം ഉൽപാദിപ്പിച്ചത്? നേരിട്ടുള്ള ഉൽപാദകർ ആരെല്ലാമായിരുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിലവിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ അല്ലെങ്കിൽ ഇന്ത്യൻ സാഹചര്യത്തിൽ അടിമത്തം ഇല്ലായിരുന്നു എന്നതാണ് മാർക്സിസ്റ്റുകാർ മുന്നോട്ടുവെക്കുന്ന വാദം.

അതോടൊപ്പം അടിയാർ, അടിയാളർ തുടങ്ങിയ വാക്കുകളാണ് അടിമത്തത്തിന് ബദലായി ഇവർ കൊണ്ടുവരുന്നത്. എന്നാൽ, ആരാണ് അടിയാർ എന്താണ് അടിയാളർ അവരുടെ ഒരു ജീവിതം എന്തായിരുന്നു എന്ന് വിശദമാക്കുന്നില്ല. എന്നാൽ അജിത് എഴുതിയ ‘ഭൂമി ജാതി ബന്ധനം’, കെ.ടി. രാം മോഹന്റെ ചില പഠനങ്ങൾ എല്ലാം അടിയായ്മയെ മറ്റൊരു രീതിയിൽ വായിക്കാൻ ശ്രമിക്കുന്നുണ്ട്. അതേപോലെ മാതാപിതാക്കളെയും കുട്ടികളെയും പലയിടങ്ങളിലായി വിൽക്കുന്നതിന് തൊഴിലാളി വിതരണം, തൊഴിൽ വിതരണം എന്ന നിലയിൽ കാണണമെന്ന വാദവും ചിലർ മുന്നോട്ടുവെക്കുന്നുണ്ട്.

അടിമത്ത നിരോധന വിളംബര നിയമം, മിഷനറി പ്രസ്ഥാനം, മതപരിവർത്തനം എന്നിവയുടെ ചരിത്രത്തെയെല്ലാം തോട്ടം മേഖലയിലെ തൊഴിലാളി നിർമാണ പ്രക്രിയയായി കാണുന്ന സമീപനവും ചിലർ നടത്തിയിട്ടുണ്ട്. ജാതി, അടിമത്തം, അയിത്തം, അതേപോലെ സാമ്പത്തികേതര അനുഭവങ്ങളുടെ നിഷേധമെല്ലമാണ് ഇടതുപക്ഷ ചരിത്രരചനകൾ നേരിട്ടിരുന്ന പ്രധാന വിമർശനങ്ങൾ. എന്നാൽ, സമീപകാല ഗവേഷണങ്ങൾ ഇത്തരത്തിലുള്ള പിടിവാശികൾ ഒഴിവാക്കിയാണ് നടത്തപ്പെടുന്നത്.

 

കേരളത്തിന്റെ അടിമത്തത്തിന്റെ ചരിത്രം അട്ടിമറിക്കാൻ ഒരു ശ്രമം നടന്നിട്ടുണ്ടോ? എങ്ങനെയാണ് അടിമത്തത്തെ വിനിൽ നോക്കിക്കാണുന്നത്?

ഒരിക്കലും അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്ന് ഞാൻ കരുതുന്നില്ല. കാരണം, അടിമത്തം എന്ന സംജ്ഞയും അടിമത്തത്തിന്റെ ചരിത്രരചനയും ഒരു നൂറ്റാണ്ടായി അക്കാദമിക സമൂഹത്തിനുള്ളിൽ സജീവമാണ്. അതായത്, അക്കാദമിക സമൂഹത്തിനെ സംബന്ധിച്ച് അടിമത്തം ഒരിക്കലും പുതുമയുള്ള വിഷയമല്ല. കൊ​ളോണിയൽ കാലത്ത് കേരള സൊസൈറ്റി പേപ്പേഴ്‌സിൽ ഹണ്ടും ടി.കെ. ജോസഫും എഴുതിയ തിരുവിതാംകൂറിലെ അടിമത്തം; അനന്തകൃഷണ അയ്യർ, തേർസ്റ്റൻ എന്നിവരുടെ മറ്റ് പഠനങ്ങൾ, ഐക്യ കേരളത്തിൽ കെ.കെ. കുസുമനും അടൂർ രാമചന്ദ്രൻ നായരും ശാരദാമണിയുമെല്ലാം നടത്തിയ പഠനങ്ങൾ തുടങ്ങി നിരവധി ചരിത്രകാരന്മാർ അടിമത്തത്തെ വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഒരു സൈദ്ധാന്തിക പ്രശ്നം അടിമത്തവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്നു.

ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ഉൽപാദന വ്യവസ്ഥിതികളുടെ പരിവർത്തനത്തെ പ്രശ്‍നവത്കരിച്ച പ്രബല ചരിത്രസ്‌കൂളുകൾ പരിപൂർണമായി തള്ളിക്കളഞ്ഞ ഉൽപാദന വ്യവസ്ഥിതിയായിരുന്നു അടിമത്തം. ഇന്ത്യയിലെ മിക്കവാറും എല്ലാതരം തൊഴിലാളികളും ഒരു പരിധിവരെ സാമ്പത്തികേതര നിയമങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു എന്നാണ് അവർ പറഞ്ഞത്. അടിമത്തം എന്ന് വിളിക്കാവുന്ന നിരവധി തൊഴിൽ ക്രമീകരണങ്ങൾ ചൂഷണത്തിന്‍റെ വിവിധ രൂപങ്ങളിലായി ഇന്ത്യയിൽ നിലനിന്നിരുന്നെന്നും അവയെ കുടുംബ/ ജാതി ബന്ധങ്ങൾ പുനർനിർമിച്ചുകൊണ്ടിരുന്നെന്നും അവർ പറഞ്ഞു. കേരള ചരിത്രരചനയിൽ ആധിപത്യമുള്ള ഇടതുപക്ഷ ചരിത്രകാരൻമാർ ഇതിനു സമമായ വാദമാണ് കേരളത്തിന്‍റെ ചരിത്രത്തിലും പ്രതിഷ്ഠിച്ചത്.

സംഘകാലത്തും തുടർന്നുള്ള ചില നൂറ്റാണ്ടുകളിലും അടിമത്തത്തിന് തുല്യമായ ഒരു സമ്പദ് വ്യവസ്ഥ നിലനിന്നിരുന്നെന്നും അതിനെ പ്രാചീന വർഗ സമുദായമെന്നാണ് വിളിക്കേണ്ടതെന്നും ഇടതുപക്ഷ ചരിത്രകാരന്മാർ പറഞ്ഞു. നാടുവാഴിത്ത ബന്ധിത അധ്വാനത്തോടൊപ്പം അടിമത്തത്തിന്‍റെ അംശങ്ങൾ ഉൾച്ചേർന്ന അടിയാളത്തം, അടിയായ്മ എന്ന സാമൂഹിക ക്രമമായിരുന്നെന്നും, ഇതിൽ അടിയാളരായവരെ അടിമകളായി കാണാൻ കഴിയില്ല എന്നതായിരുന്നു പ്രബല വാദം. ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ട സാമ്പത്തിക അടിത്തറയായിരുന്നു ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഫ്യൂഡൽ ബന്ധങ്ങളായിരുന്നു സമ്പദ് വ്യവസ്ഥയിലെ നിർണായക ഘടകമെന്നും ഇതാകട്ടെ ജന്മി-കുടിയാൻ ക്രമത്തിലായിരുന്നു മിച്ചം ഉൽപാദിപ്പിച്ചതെന്നും അവർ പറഞ്ഞു.

അടിയാളരെ അടിമകളായി കാണുന്നത് അബദ്ധമാണെന്നും ഗ്രിക്കോ-റോമൻ ചരിത്രത്തിലെപ്പോലെ ഒരു അടിമക്കാലം കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നും ജാതിയുമായി ഉറ്റബന്ധമുള്ള ഈ വ്യവസ്ഥിതിക്കു ചരിത്രത്തിൽ അറിയപ്പെടുന്ന സ്ഥാപകനോ ആരംഭിച്ച ഏകദേശ വർഷമോ കാര്യകാരണമോ കണ്ടെത്താൻ കഴിയുന്നില്ലെന്നും, അടിമകൾ ഇറക്കുമതി ചെയ്യപ്പെട്ടവരല്ലെന്നും മറ്റൊരു ഭാഷ ഉപയോഗിക്കുന്നവരല്ലെന്നും അനേക വർഷങ്ങളായി നിലനിന്നിരുന്ന ഈ വ്യവസ്ഥിതിയെ യൂറോപ്യൻമാർ അടിമത്തം എന്ന സംജ്ഞയിൽ ഉൾപ്പെടുത്തി വിളിക്കുകയായിരുന്നെന്നും ജാത്യാധിഷ്ഠിതമായ സമൂഹത്തിൽ അടിമത്തം സാധ്യമ​ല്ലെന്നും തുടങ്ങി നിരവധി വാദങ്ങൾ അവർ ഒന്നടങ്കം മുന്നോട്ടുവെച്ചു. അടിമത്തത്തെ നിഷേധിച്ചത് സൈദ്ധാന്തിക പശ്ചാത്തലത്തിലായിരുന്നു.

എന്നാൽ, കഴിഞ്ഞ പത്തുവർഷത്തെ പഠനങ്ങൾ പരിശോധിക്കുമ്പോഴാണ് സൈദ്ധാന്തിക പിടിവാശി തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ലൈഡനിലെ ഗവേഷണ സ്ഥാപനങ്ങൾ കൊച്ചിയെ മുൻനിർത്തി നടത്തിയ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ മറ്റൊരു ചരിത്രംകൂടിയാണ് വെളിയിലേക്ക് എത്തിയത്. മലയാളികൾ എങ്ങനെ ആഗോള അടിമക്കച്ചവടത്തിൽ പങ്കാളികളും ഇരകളുമായെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്ന 1700നും 1800നും ഇടയിലെ കേരളമെന്നത് സാമ്പ്രദായിക ചരിത്രരചനയിൽ കാണുന്ന ഒരു കേരളമേ അല്ല. പുതിയ പഠനങ്ങളുടെയും എ​െന്റ ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് സാമ്പ്രദായിക ചരിത്രരചനകൾ വിശദമാക്കുന്ന അടിയായ്മയുടെ ഒപ്പംതന്നെ കേരളത്തിൽ അടിമത്തം എന്ന സമ്പ്രദായവും നിലനിന്നിരുന്നു എന്നാണ്.

 

കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക മേഖലയിലെ എൻഡോവ്മെന്റ് അവാർഡ് നേടിയ വിനിലിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്താണ് പറയാൻ ശ്രമിക്കുന്നത്?

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം’ എന്ന പുസ്തകം ‘മാതൃഭൂമി’, ‘സമകാലിക മലയാളം’, ‘മാധ്യമം’, ‘ഭാഷാപോഷിണി’ എന്നിവയിലെല്ലാം പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ്. കേരളത്തിലെ അടിമത്തത്തെയും മിഷനറി പ്രസ്ഥാനങ്ങളിലെ ദലിതരുടെ പങ്കിനെയും ചർച്ചചെയ്യുന്ന രണ്ട് ഭാഗങ്ങളാണ് ആ പുസ്തകത്തിനുള്ളത്. കേരളത്തിന്റെ അടിമത്തത്തെ ചരിത്രകാരന്മാർ എങ്ങനെയാണ് പരിശോധിച്ചത് എന്നാണ് ആദ്യത്തെ ഭാഗം പ്രതിപാദിക്കുന്നത്.

അടിമത്തം എന്ന സങ്കൽപത്തെ ചരിത്രകാരന്മാർ എന്തുകൊണ്ട് നിഷേധിച്ചെന്നും അടിമക്കച്ചവടത്തിന്റെ തെളിവുകളും വിദേശത്ത് എത്തിച്ചേർന്ന മലയാളി അടിമകളുടെ ജീവിതവും അടിമത്തവുമായി ബന്ധപ്പെട്ട കോടതി വിചാരണകളും ആഗോള അടിമക്കച്ചവട ശൃംഖലയിലെ മലയാളി സാന്നിധ്യവുമൊക്കെയാണ് ആദ്യഭാഗം ചർച്ചചെയ്യുന്നത്. രണ്ടാമത്തെ ഭാഗമാകട്ടെ മിഷനറി പ്രസ്ഥാനത്തിന്റെ ഇടപെടലുകളും കേരളത്തിന്റെ മറ്റൊരു സാമൂഹിക പ്രവർത്തന ചരിത്രവുമാണ് വിശദമാക്കാൻ ശ്രമിക്കുന്നത്. അതേപോലെ പ്രാദേശിക അടിമച്ചന്തകളെ കുറിച്ചുള്ള കൊളോണിയൽ രേഖകളെ വിശകലനം ചെയ്യാനുള്ള ശ്രമമവും ഈ പുസ്തകം നടത്തുന്നുണ്ട്.

എങ്ങനെയാണ് പ്രാദേശിക അടിമച്ചന്തകൾ പ്രവർത്തിച്ചിരുന്നത്?

കൊച്ചിയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വ്യാപകമായി അടിമക്കച്ചവടം നടന്നിരുന്നതിന്റെ നിരവധി തെളിവുകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഭൂമിയോടുകൂടിയും അല്ലാതെയും അടിമകളെ വിറ്റിരുന്നു, അതോടൊപ്പം ക്രിസ്ത്യൻ ദേവാലയങ്ങളിലും അടിമക്കച്ചവടം നടന്നിരുന്നു. കൊച്ചിയിലെ പള്ളികളെക്കുറിച്ച് ഫ്രാൻസ് ഡേ പറയുന്നത്, ക്രിസ്ത്യൻ ദേവാലയങ്ങൾ ആറു ദിവസം അടിമകളെ കെട്ടിയിടുന്ന ഗോഡൗണുകളായിട്ടും ഏഴാമത്തെ ദിവസം ഞായറാഴ്ച അതേസ്ഥലം പ്രാർഥനക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗങ്ങളിൽപോലും ഇത്തരം മാർക്കറ്റുകൾ പലയിടത്തും കാണുന്നുണ്ട്.

മനുഷ്യക്കച്ചവടമെന്നത് നിയമപരമായ രേഖകളുടെ പിൻബലത്താൽ നടത്തപ്പെട്ട ഒരു സാമ്പത്തിക ക്രയവിക്രയമായിരുന്നെന്നും, അതിന്‍റെ ചുമതലക്കായി ഒരു ഔദ്യോഗിക വിഭാഗം പ്രവർത്തിച്ചിരുന്നു എന്നുമാണ് നിലവിലെ തെളിവുകൾ പറയുന്നത്. കോടതിക്കുള്ളിൽ മനുഷ്യക്കച്ചവടത്തെ ഒരു അംഗീകൃത സാമൂഹിക വ്യവസ്ഥിതിയെന്ന നിലയിൽ സംസാരിക്കുന്ന പല കോടതിരേഖകളും ലഭ്യമാണ്. കോട്ടയം തിരുനക്കര, പാലാ, ചങ്ങനാശ്ശേരി, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം പുളിമൂട്, കോവളം, മതിലകം, പുറക്കാട്, കൊടുങ്ങലൂർ, ചേറ്റുവ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ അടിമക്കച്ചവടം നടന്നിരുന്നതായി ചില പ്രാദേശിക ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗം മുതൽ കേരളത്തിലെ അടിമച്ചന്തകൾ പ്രവർത്തിച്ചത് കൊത്തുവാലിന്‍റെയും ദറോഘയുടെയും (ചന്തയുടെ ഓവർസിയർ/ പൊലീസ് ഉദ്യോഗസ്ഥൻ) അനുവാദത്തോടും നിയന്ത്രണത്തോടുമായിരുന്നു. നായർ ജാതിക്കാരായിരുന്നു ഈ രണ്ട് ജോലികളും ചെയ്തുവന്നിരുന്നത്. ദറോഘയെന്ന പൊലീസ് സ്റ്റേഷൻ വഴി നിരവധി അടിമക്കച്ചവടം നടത്തപ്പെട്ടിട്ടുണ്ട് (ദറോഘ സമ്പ്രദായം 1816ലെ രണ്ടാം റെഗുലേഷൻ പ്രകാരമാണ് ഇല്ലാതാകുന്നത്). അടിമജാതിക്കുട്ടികൾ മാത്രമല്ലായിരുന്നു കച്ചവടം ചെയ്യപ്പെട്ടിരുന്നത്, ക്ഷാമകാലത്ത് മാതാപിതാക്കൾ അവരുടെ കുട്ടികളെ വിൽക്കുന്ന രീതിയും നിലനിന്നിരുന്നു. ഒരു സാമ്പത്തിക പ്രവർത്തനം എന്നനിലയിൽ മനുഷ്യക്കച്ചവടം വ്യാപകമായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

അടിമക്കച്ചവടത്തിന് ഒരു രാജ്യാന്തര സ്വഭാവം ഉണ്ടാകുന്നത് എങ്ങനെയാണ്?

പോർചുഗീസുകാരും ഡച്ചുകാരും കേരളത്തിൽ കച്ചവടത്തിനായി എത്തിയതിനു ശേഷമാണ് കേരളത്തിലെ അടിമക്കച്ചവടത്തിന് ഒരു ആഗോള മുഖം ലഭിക്കുന്നത്. അവരെ സംബന്ധിച്ച് അവർക്ക് കേരളത്തിൽനിന്നും അടിമകളെ കണ്ടെടുക്കേണ്ടി വന്നില്ല, മറിച്ച് നിലവിലെ പ്രാദേശിക അടിമക്കച്ചവട ശൃംഖലയിൽ അവർ കണ്ണിചേരുകയായിരുന്നു. യൂറോപ്യൻ കമ്പനികളുടെ ഇടപെടലിനുശേഷം നിരവധി അടിമകൾ വിദേശ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്നു. സൗത്ത് ആഫ്രിക്കയുടെയും മൊറീഷ്യസിന്റെയും ഒക്കെ ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തപ്പെട്ട നിരവധി മലയാളി അടിമകളെ കാണാൻ സാധിക്കുന്നുണ്ട്.

 

ജി. അരുണിമ,ജെ. ദേവിക

യൂറോപ്പിലെ അടിമത്തവും കേരളത്തിലെ അടിമവ്യവസ്ഥിതിയും തമ്മിൽ താരതമ്യ പഠനങ്ങൾ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അവയിലെ കണ്ടെത്തലുകൾ എന്തായിരുന്നു?

ഉണ്ടായിരുന്നു, അധിനിവേശ ഭരണസമയത്ത് തെക്കുവടക്കു അമേരിക്കയിലെയും കരീബിയൻ ദ്വീപ സമൂഹങ്ങളിലെയും അടിമവ്യവസ്ഥിതിയുമായി കേരളത്തിലെ അടിമത്തത്തിനെ താരതമ്യംചെയ്യുന്ന ചില ബ്രിട്ടീഷ് എഴുത്തുകൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. കൊളോണിയൽ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏതൊരു അടിമയെക്കാളും കൂടുതൽ ഭീകരമായ ദുരിതത്തിൽ കഴിഞ്ഞവരാണ് കേരളത്തിലെ പുലയ അടിമകൾ എന്നാണ് കൊളോണിയൽ രേഖപ്പെടുത്തലുകൾ ഒന്നടങ്കം പറയുന്നത്. ബുക്കാനൻ രേഖപ്പെടുത്തുന്നത് മലബാറിലാണ് അടിമകളോട് ഇന്ത്യയിൽ ഏറ്റവും നികൃഷ്ടമായ രീതിയിൽ പെരുമാറുന്നതെന്നാണ്.

ലോകചരിത്രങ്ങളിൽ ഇത്രയും പീഡിപ്പിക്കപ്പെട്ട ഒരു വർഗം വേറെയില്ലെന്നും ചരിത്രത്തിൽ ഒരിടത്തും സമാനതയില്ലാത്തതാണ് കേരളത്തിലെ പുലയരുടെ ജീവിതമെന്നുമാണ് ബ്രിട്ടീഷ് മലബാറിലെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ക്രൂരതകളുടെ എല്ലാ മുഖങ്ങളും ഒരുമിച്ച് കാണാൻ സാധിക്കുന്നത് മലബാറിലെ അടിമകളുടെ ചരിത്രത്തിലാണെന്ന് ആഗോള അടിമത്ത നിരോധന പ്രസ്ഥാനത്തിൽ അവതരിപ്പിച്ച പേപ്പറിൽ വില്യം ആഡം പറയുന്നു. ചർച്ച് മിഷനറി സൊസൈറ്റിയുടെ ചില മാസികകളുടെ എഡിറ്ററായ യൂജിൻ സ്റ്റോക് പറയുന്നത് ക്യൂബയിലെ ‘നീഗ്രോ’ അടിമകളെക്കാളും മോശമായ അവസ്ഥയിൽ കഴിയുന്നവരാണ് തിരുവിതാംകൂറിലെ അടിമകൾ എന്നാണ്.

ലോകചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത പീഡനങ്ങൾ ഏറ്റവരാണ് മലയാളി അടിമകൾ എന്നാണ് കൂടുതൽ ആളുകളുടെയും വാദം. ആഫ്രിക്കൻ വംശജർ വ്യത്യസ്തരീതിയിലുള്ള അടിമത്തം നേരിട്ടെങ്കിലും അവരെ ഗാർഹിക അടിമകളായും ഉപയോഗിച്ചിരുന്നു. അവർക്ക് അടുക്കളപ്പണികളൊക്കെ ചെയ്യേണ്ടിവരുന്നുണ്ട്.

ഒരു കറുത്ത സ്ത്രീയും ഒരു വെളുത്ത സ്ത്രീയും ഗർഭിണിയായി അവർ ഒരേപോലെ പ്രസവിക്കുകയാണെങ്കിൽ കറുത്ത സ്ത്രീ വേണം വെളുത്ത സ്ത്രീക്ക് ഉണ്ടായിട്ടുള്ള കുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ. അങ്ങനെ കറുത്ത സ്ത്രീയുടെ കുട്ടിക്ക് മുലപ്പാൽ നിഷേധിക്കപ്പെടുന്നു. അവർ വെള്ളക്കാരികളായിട്ടുള്ള സ്ത്രീകളുടെ കുട്ടികളെ വളർത്തിയിരുന്നു, അവർ എഴുത്തും വായനയിലും പ്രവേശിച്ചിരുന്നു. പക്ഷേ, കേരളത്തിന്റെ അവസ്ഥ അങ്ങനെയല്ല. ഇവിടെ ജാതി അടിമത്തത്തിൽ അടിമകളെ അകറ്റിനിർത്തുകയായിരുന്നു.

പക്ഷേ, വിനിലിന്റെ പഠനങ്ങളിൽ ആദിവാസികളുടെ അടിമത്തത്തിന്റെ ഒരു ചരിത്രവും പറയുന്നില്ലല്ലോ?

യൂറോപ്യരുടെ ഇടപെടലുകൾക്കു ശേഷം, പ്രത്യേകിച്ച് പതിനാറാം നൂറ്റാണ്ടു മുതലുള്ള അടിമ കച്ചവടങ്ങളെക്കുറിച്ചുള്ള തെളിവുകൾ നമുക്ക് ലഭ്യമാണ്. അവയെക്കുറിച്ചു നടത്തിയ പഠനങ്ങൾ പരിശോധിക്കുമ്പോൾ നായന്മാർ ഉൾപ്പെടെയുള്ള ആളുകളെ അടിമകളായി വിറ്റിരുന്നതിനെ നമുക്ക് കാണാൻ സാധിക്കും. പുലയർ, ഈഴവർ, കണക്കർ, പറയർ തുടങ്ങി നിരവധി ജാതികളെ നാം കാണുന്നുണ്ടെങ്കിലും അതിലൊന്നും ഒരു ആദിവാസിയെ നാം കാണുന്നില്ല. ലഭ്യമായ അടിമത്തീറോലകൾ പരിശോധിച്ചാലും ആദിവാസികളുടെ സാന്നിധ്യം നാം കാണുന്നില്ല.

ഈ കാരണത്താൽ ആദിവാസികളെ വിറ്റിരുന്നില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ആദിവാസികൾ വിൽപനക്ക് വിധേയമാകുന്നത് ബ്രിട്ടീഷ് തോട്ടങ്ങളുടെ വളർച്ചക്കു ശേഷമായിരുന്നു. അത് 1850കൾക്കു ശേഷമാണ് സംഭവിക്കുന്നത്. അതായത് നിയമപരമായി അടിമത്തം നിരോധിച്ചതിനുശേഷം.

തിരുവിതാംകൂർ, കൊച്ചി, വയനാട് അതുപോലെ കുടക് പ്രദേശങ്ങളിൽ ആദിവാസികളെ പ്ലാന്റേഷൻ സെക്ടറുകളിലേക്ക് അടിമകളാക്കി വിറ്റിരുന്നു. വള്ളിയൂർക്കാവു പോലുള്ള ക്ഷേത്രങ്ങളിൽ ആദിവാസികളെ കൊണ്ട് ഒരു പ്രാർഥന ചെയ്യിച്ചിട്ടാണ് ഈ തൊഴിലിന് കൊണ്ടുപോകുന്നത്.

അടിമത്ത നിരോധനത്തിന്റെ ചിന്തകൾ ഉണ്ടാകുന്നതും അടിമത്തം നിരോധിക്കുന്നതിന്റെയും ഒരു ചരിത്രം എന്താണ്?

ബ്രിട്ടീഷ് ഭരണകൂടവും യൂറോപ്യൻ ലിബറൽ ചിന്തകളും ക്രിസ്ത്യൻ ആശയങ്ങളുടെ പ്രചാരണവും തുടങ്ങി നിരവധി കാര്യകാരണങ്ങളാണ് അടിമത്ത നിരോധന നിയമത്തിനു പിന്നിൽ ഉള്ളത്. അതോ​െടാപ്പം ചില പ്രാദേശിക കാരണങ്ങളും അതിന് പിന്നിലുണ്ടായിരുന്നു. മലബാറിന്റെ സാഹചര്യത്തിൽ അടിമ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഫ്രഞ്ച് കമ്പനിയുടെ പ്രധാന വരുമാന മാർഗത്തിനുമേൽ കത്തി വെക്കുക എന്ന ഒരു ലക്ഷ്യം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഉണ്ടായിരുന്നു. ഈ കാരണത്താൽ അവർ 1792ലെ അവരുടെ ജോയന്റ് സ്റ്റോക് കമീഷൻ റിപ്പോർട്ടിൽ അടിമക്കച്ചവടം നിരോധിച്ചതായി രേഖപ്പെടുത്തി.

കേരളത്തിൽ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ മനുഷ്യ കച്ചവടത്തിന് എതിരെ ആദ്യമായി ശബ്ദമുയർത്തിയത് ബ്രിട്ടീഷ് ഭരണാധികാരികളാണ്. അതിനുപിന്നിൽ എന്തെല്ലാം ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നാലും, അവർ മുൻകൈയെടുത്തതിനാലാണ് അടിമത്ത നിരോധന വിളംബരം ഉണ്ടായത്. കേരളത്തിൽ അന്നോളം നിലവിലുണ്ടായിരുന്ന ഒരു മതവും ഈ കച്ചവടത്തിനെതിരെ ഒരിക്കൽപോലും എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല. 1843ൽ മലബാറിൽ അടിമക്കച്ചവടം നിരോധിച്ചെങ്കിലും തിരുവിതാംകൂറിലും കൊച്ചിയിലും തുടർന്നിരുന്നു. നാട്ടുരാജ്യങ്ങളിൽ ഇതിനെതിരെ ശബ്ദമുയർത്തിയതാകട്ടെ ഇംഗ്ലീഷ് മിഷനറിമാർ മാത്രമാണ്.

1847ൽ മിഷനറിമാർ അടിമത്തം നിരോധിക്കാനായി ഒരു നിവേദനം സമർപ്പിച്ചു, അത് നടപ്പാക്കിയതാകട്ടെ 1855ലാണ്. നാട്ടുരാജ്യങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ലയിപ്പിക്കുമെന്ന ഭീഷണിയെ മറികടക്കാൻ കൂടിയായിരുന്നു അടിമത്ത നിരോധന വിളംബര നിയമം പ്രഖ്യാപിച്ചത്. 1851ൽ കൊച്ചിക്കാരനായ ഒരു കേശവൻ മാത്രമാണ് മിഷനറിമാർ കൊടുത്ത നിവേദനം നടപ്പാക്കണം എന്ന് മദ്രാസ് ഗവൺമെന്റിനോട് ആവശ്യപ്പെട്ട ഏക മലയാളി. എന്നാൽ ഇങ്ങനെ നിയമം ഉള്ളപ്പോൾ കേരളത്തിൽ പലയിടത്തും പുലയർ വിൽപനക്ക് വിധേയരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും ആളുകളെ വിറ്റിരുന്ന ദേശമായിരുന്നു കേരളം.

 

2023ലെ ​കേ​ര​ള​ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ജി.​എ​ൻ. പി​ള്ള എ​ൻ​ഡോ​വ്മെ​ന്റ് സച്ചിദാനന്ദനിൽനിന്ന്​ വിനിൽ പോൾ ഏറ്റുവാങ്ങുന്നു

ഈ അടിമത്ത നിരോധനത്തിനുശേഷം പിന്നീട് എന്താണ് സംഭവിക്കുന്നത്?

അടിമത്ത നിരോധനത്തിനുശേഷവും അടിമത്തം മറ്റൊരു രീതിയിൽ തുടരുകയായിരുന്നു എന്ന് വാദിക്കുന്ന ന്യൂ സിസ്റ്റം ഓഫ് സ്ലേവറി പോലുള്ള പഠനങ്ങൾ ഈ മേഖലയിൽ കാണാൻ കഴിയുന്നുണ്ട്. തോട്ടം മേഖലയെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള പഠനങ്ങൾ അടിമത്ത നിരോധനത്തിനുശേഷം തൊഴിൽ ഘടനയിൽ ഉണ്ടായ മാറ്റങ്ങളെ വിശദമാക്കുന്നവയാണ്. അതേപോലെതന്നെ എടുത്തുപറയേണ്ട ഒന്നാണ് കേരളത്തിലെ സാമൂഹിക മാറ്റത്തിന്റെ വേഗത വർധിച്ചത് അടിമത്ത നിരോധനത്തിനുശേഷമായിരുന്നു എന്നത്.

വ്യാപകമായ സാമൂഹിക മാറ്റങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം രൂപപ്പെടുന്നത് അടിമത്ത നിരോധനത്തിന് ശേഷമായിരുന്നു. മലബാറിൽ അടിമത്ത നിരോധനത്തിനുശേഷം സ്കൂളുകൾ ആരംഭിച്ചപ്പോൾ നാട്ടുരാജ്യങ്ങളിൽ മിഷനറി പ്രവർത്തകർ അടിമത്ത നിരോധന നിയമത്തെ അടിമജാതികൾക്കിടയിൽ എത്തിക്കുന്നതിനായി വ്യത്യസ്ത വഴികൾ കണ്ടെത്തിയിരിക്കുന്നു.

ലഘുലേഖകൾ വിതരണം ചെയ്യുക, അടിമത്ത നിരോധന നിയമത്തെ സംബന്ധിച്ചുള്ള പാട്ടുകൾ എഴുതി പൊതു ഇടങ്ങളിലും പാടശേഖരങ്ങളിലും ആലപിക്കുകയും അടിമകളെ ഈ വാർത്ത അറിയിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടന്നെങ്കിലും മുൻകാല അടിമജാതികളുടെ സാമൂഹിക ജീവിതത്തിൽ വേണ്ടത്ര മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അവർ പലയിടങ്ങളിലും വീണ്ടും ബന്ധിതർതന്നെയായിരുന്നു. മനുഷ്യക്കച്ചവടം പിന്നീടും തുടരുന്നതായാണ് നാം കാണുന്നത്.

‘ടൈംസ് ഓഫ് ഇന്ത്യ’യിലും, ‘മനോരമ’യിലും, ‘മാതൃഭൂമി’യിലുമൊക്കെ കുട്ടികളെ വാങ്ങിക്കുകയും വിൽക്കുകയും ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നും തുടരുന്ന ഒന്നാണ് ഇത്തരം മനുഷ്യക്കടത്ത്. നിരവധി ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ നിർബന്ധിത തൊഴിലെടുപ്പിക്കുന്ന കാഴ്ചകൾ നാം നിത്യേന പത്രങ്ങളിൽ കാണാറുണ്ടല്ലോ.

തൊഴിൽ കുടിയേറ്റങ്ങൾക്കും ഇങ്ങനെ ഒരു പശ്ചാത്തലം ഉണ്ടോ, ഇപ്പോഴുള്ള അന്താരാഷ്ട്ര തൊഴിൽ കുടിയേറ്റങ്ങളുമായി ഇവയെ ചേർത്ത് വായിക്കാൻ സാധിക്കുമോ?

അന്താരാഷ്ട്ര കുടിയേറ്റം വളരെ ഉയർന്ന തോതിൽ നടക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നാണല്ലോ കേരളം. സ്വാഭാവികമായും ഈ പ്രതിഭാസത്തെ ഗവേഷകരുടെയും നയരൂപവത്കരണക്കാരുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇരുദയ രാജൻ, ജിനു സക്കറിയ ഉമ്മൻ പോലുള്ളവർ അക്കാദമികമായി ഈ വിഷയത്തെ സമീപിച്ചവരാണ്. ആർ.കെ. ബിജുരാജിനെപ്പോലുള്ളവർ മലയാളികളുടെ കുടിയേറ്റത്തിന്റെ നീണ്ട ഒരു ചരിത്രം എഴുതാൻ ശ്രമിച്ചവരുമാണ്. സ്വാഭാവികമായും അടിമത്തവുമായി ബന്ധപ്പെട്ടാണ് ആദ്യകാല കുടിയേറ്റം നടക്കുന്നത്. നിരവധി മലയാളി അടിമകൾ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്, പിന്നീട് അടിമത്ത നിരോധനാനന്തരം നിർബന്ധിതമല്ലാതെയുമുള്ള തൊഴിലിനായി ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ വലിയ ഒരുകൂട്ടം മലയാളികളെ കാണാൻ സാധിക്കും.

എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷമുള്ള കുടിയേറ്റം പലതലങ്ങളിലായാണ് നടന്നതെങ്കിലും ഇപ്പോൾ കുടിയേറ്റത്തിനു മറ്റൊരു മുഖഭാവം വന്നതായി തോന്നുന്നു. ഇന്ന് ക്രൈസ്തവ സഭകൾ വ്യാപകമായി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ചെലവിൽ യൂറോപ്യൻ ഭാഷകൾ പഠിപ്പിക്കുകയും അവരുടേതായ ഇടങ്ങൾ യൂറോപ്പിലും കാനഡയിലുമൊക്കെ നിർമിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രത്യേകിച്ച്, ജർമനിയെ കീഴടക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഒരു പ്രബല സഭാ വിഭാഗമെന്ന് തോന്നിപ്പോകും. യുദ്ധകാല അടിസ്ഥാനത്തിലാണ് അവർ ജർമൻ ഭാഷ കോട്ടയത്തൊക്കെ പഠിപ്പിക്കുന്നത്.

 

വിനിൽ പോൾ

മഞ്ചാടിക്കരിയെ കുറിച്ചുള്ളതായിരുന്നല്ലോ വിനിലിന്റെ മറ്റൊരു പുസ്തകം. എന്താണ് മഞ്ചാടിക്കാരിയുടെ ചരിത്രം?

കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ഒരു തുരുത്താണ് മഞ്ചാടിക്കരി. ദലിതർ മാത്രം താമസിക്കുന്ന ആ പ്രദേശത്തെ മുൻനിർത്തി കൊളോണിയൽ ആധുനികതയുടെ പശ്ചാത്തലത്തിൽ ആ പ്രദേശത്തിനുണ്ടായ സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ നടത്തുന്നത്. എന്റെ എം.ഫിൽ ഗവേഷണ പ്രബന്ധത്തിന്റെ വികസിത രൂപമാണ് ഈ പുസ്തകം.

ഒളിച്ചോട്ടത്തിലൂടെ ഒരുകൂട്ടം ദലിതർ മനുഷ്യാന്തസ്സിനെ വീണ്ടെടുക്കുന്നതും സ്വയം കീഴടങ്ങിയ മനുഷ്യരല്ല ദലിതരെന്നും അവർ വിമോചനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും തെളിയിക്കാനുള്ള ഒരു ശ്രമമാണ് മഞ്ചാടിക്കരി എന്ന പ്രാദേശിക ചരിത്രരചനയിലൂടെ ഞാൻ നടത്തിയത്. മഞ്ചാടിക്കരിയുടെ ഭൂതകാലത്തിൽനിന്നും കേൾക്കാൻ സാധിക്കുന്ന ജാതി-മത അനുഭവങ്ങളെ ദലിത് ചരിത്രരചനാ രീതിശാസ്ത്ര പിൻബലത്താൽ ഒരു വിമർശന ചരിത്രരചന എന്ന നിലയിൽ അവതരിപ്പിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇത് കേവലമായ ജാതി അനുഭവങ്ങളുടെ പുനരാവിഷ്കാരമല്ല, മറിച്ച് മഞ്ചാടിക്കരിയുടെ പ്രാദേശിക ചരിത്രത്തിലൂടെ ദലിതർ നേരിട്ട ജാതീയതയുടെ തിക്താനുഭവങ്ങളെ വീണ്ടെടുത്തുകൊണ്ടു നിലവിലെ ചരിത്രരചനകളോട് മൗലികമായ ചില ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു.

അതുപോലെ വിനിലിന്റെ മറ്റൊരു ഗവേഷണ മേഖലയാണല്ലോ ദലിത് ക്രൈസ്തവരുടെ സാമൂഹിക അനുഭവങ്ങൾ. ദലിത് ക്രൈസ്തവർ അനുഭവിക്കുന്ന ക്രിസ്തുമതത്തിലെ ജാതി അനുഭവങ്ങൾ എങ്ങനെയാണ്?

ജാതിശ്രേണി നിലനിർത്തിയിരിക്കുന്ന ഒരു മതമാണ് ക്രിസ്തുമതം. കേരളത്തിലെ ക്രിസ്തുമതത്തിന് എത്ര നൂറ്റാണ്ടിന്റെ പഴക്കം പറയാനുണ്ടോ അത്രയും നൂറ്റാണ്ടിന്റെ വിവേചനത്തിന്റെ ചരിത്രംകൂടി അതിനു പറയാനുണ്ട്. നമുക്കറിയാം കേരളത്തിലെ ആദ്യ ദുരഭിമാന കൊലപാതകം എന്ന് കോടതി വിധിച്ചത് ദലിത് ക്രിസ്ത്യാനിയായ കെവിന്റെ മരണത്തിനെയാണ്. അത്രത്തോളം വിവേചനം നേരിടുന്ന ഒരു വിഭാഗമാണ് ദലിത് ക്രിസ്ത്യാനികൾ. അധിനിവേശകാലത്ത് ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന വിവേചനങ്ങളെ സംബന്ധിച്ചു നിരവധി പഠനങ്ങൾ വെളിയിൽ വന്നിട്ടുണ്ട്.

കെ.സി. അലക്‌സാണ്ടർ, നൈനാൻ കോശി, സി.ജെ. ഫുള്ളർ, റോബിൻ ജെഫ്രി, സനൽ മോഹൻ തുടങ്ങി നിരവധിയാളുകൾ കേരളത്തിലെ ദലിത് ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് അക്കാദമികമായി പഠിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് ദലിത് ക്രൈസ്തവർ നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ പ്രാതിനിധ്യമില്ലായ്മയാണ്. ഇന്ന് നാം വിവേചനത്തെക്കുറിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന ടൂൾ പ്രാതിനിധ്യം എന്നതാണല്ലോ.

ഈ ടൂൾ ഉപയോഗിച്ച് ദലിത് ക്രൈസ്തവരുടെ ജീവിതത്തെ പരിശോധിക്കുമ്പോൾ അവർ സഭകളിലും രാഷ്ട്രീയത്തിലും പൊതു ഇടത്തിലുമെല്ലാം വിവേചനം നേരിടുന്നു. ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങളിൽ ദലിത് ക്രൈസ്തവർക്ക് ജോലി ലഭിക്കുന്നില്ല എന്നതാണ് ദലിത് ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ വിവേചനം. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു ഉദാഹരണം പറയാം. ഒരു പഠനത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന നാൽപത് എയ്ഡഡ് കോളജിലെ സാമുദായിക പ്രാതിനിധ്യം പരിശോധിക്കുകയുണ്ടായി, നാൽപത് കോളജിൽ ആകെ 1467 അധ്യാപകരാണ് ജോലിചെയ്യുന്നത്, അതിൽ 1122 ആളുകൾ മുന്നാക്ക ക്രിസ്ത്യാനികളാണ്. ഈ നാൽപത് കോളജിലെ

പട്ടികജാതി-പട്ടികവർഗ അധ്യാപകരുടെ എണ്ണം പന്ത്രണ്ടാണ്. എന്നാൽ, ഈ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ദലിത് ക്രൈസ്തവരുടെ എണ്ണം വെറും അഞ്ചു മാത്രമാണ്. മുസ്‍ലിംകളാകട്ടെ മൂന്നുപേർ മാത്രമാണ്. ഇതേ സ്ഥാപനത്തിൽ 652 അനധ്യാപക തസ്തികകളിൽ 546 ആളുകളും മുന്നാക്ക ക്രിസ്ത്യാനികളാണ്. പട്ടികജാതി-വർഗ വിഭാഗത്തിൽനിന്നുള്ള 16 ആളുകൾ ജോലിചെയ്യുമ്പോൾ ദലിത് ക്രൈസ്തവരുടെ എണ്ണം വെറും 13 മാത്രമാണ്. ഒറ്റ മുസ്‍ലിംപോലും അനധ്യാപക തസ്തികയിൽ ഇവിടെയെങ്ങും ജോലിചെയ്യുന്നില്ല. പ്രാതിനിധ്യമില്ലായ്മയാണ് കേരളത്തിലെ ദലിത് ക്രൈസ്തവരുടെ പ്രശ്‌നം. സഭകളിലെ പുരോഹിതരുടെയും ബിഷപ്പുമാരുടെയും എണ്ണം പരിശോധിച്ചാൽ വിവേചനം കൂടുതൽ വ്യക്തമാകും. പ്രാതിനിധ്യമില്ലായ്മ, സംവരണമില്ലായ്മ എന്നിവയാണ് ഇന്ന് ദലിത് ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ.

പുതിയ കാലത്തെ ജാതിവിവേചനങ്ങളുടെ രൂപങ്ങൾ എങ്ങനെയാണ്?

ആദ്യകാല സാമൂഹിക ശാസ്ത്രജ്ഞർ മുൻകൂട്ടി തയാറാക്കിയ ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ഫീൽഡ് വർക്ക് നടത്തുകയും ജനങ്ങളുടെ ഇടയിൽനിന്നും വിവേചനത്തിന്റെ അനുഭവങ്ങളെ ശേഖരിക്കുകയുംചെയ്യുന്നരീതിയാണ് നടത്തിയിരുന്നത്. നിങ്ങൾ ഒരുമിച്ച് ഒരു വിവാഹപ്പന്തലിൽ ഇരിക്കുമോ? നിങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടോ? ബസിൽ ഒരുമിച്ച് യാത്രചെയ്യുമോ? നിങ്ങൾ ചായക്കടയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? നിങ്ങളുടെ വീട്ടിൽ അവർ വരാറുണ്ടോ, വന്നാൽ ഭക്ഷണം കഴിക്കുമോ? സവർണരുടെ വീട്ടിൽ ചെന്നാൽ നിങ്ങൾ കസേരയിൽ ആണോ നിലത്താണോ ഇരിക്കാറ്? നിങ്ങൾക്ക് ചായ തരുമോ, ഭക്ഷണം തരുമോ? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഇവർ വ്യാപകമായി ചോദിക്കുന്നത്.

അങ്ങനെ വീട്, ഇതര ഭൗതിക സാഹചര്യങ്ങൾ തുടങ്ങി ദൃശ്യതയിൽ അളക്കാൻ സാധിക്കുന്ന സാഹചര്യങ്ങളെ ​െവച്ചുകൊണ്ടാണ് ജാതിയെയും വിവേചനത്തെയും അളന്നിരുന്നത്. എന്നാൽ, ഇന്ന് ആ മാതൃകയിൽ വിവരശേഖരണം നടത്തിയിട്ടു കാര്യമില്ല. ഇന്ന് നിലനിൽക്കുന്ന ജാതിയെയും വിവേചനങ്ങളെയും നമ്മൾ എങ്ങനെയാണ് പഠിക്കുന്നത്? ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വിവേചനം എന്താണെന്ന് മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ടൂൾ പ്രാതിനിധ്യം അളക്കുക എന്നതാണ്. ഏതൊക്കെ പൊസിഷനിൽ ആരൊക്കെയാണ് ഇരിക്കുന്നത് എന്നതാണ് അന്വേഷിക്കേണ്ടത്.

ഉദാഹരണമായി പറഞ്ഞാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ജാതിവിവേചനത്തെക്കുറിച്ച് അറിയണമെങ്കിൽ നിങ്ങൾ ആ സ്ഥാപനത്തിലെ കുട്ടികളോട് ജാതിയെക്കുറിച്ചുള്ള ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. നിരവധി സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽനിന്ന് വരുന്ന കുട്ടികളെ നിങ്ങൾക്ക് ക്ലാസ് റൂമുകളിൽ കാണാൻ കഴിയും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജാതി എന്താണെന്ന് തിരിച്ചറിയണമെങ്കിൽ നിങ്ങൾ ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്റ്റാഫ് റൂമിൽ പോയി നോക്കണം. സ്റ്റാഫ് റൂമിൽ നിങ്ങൾക്ക് ഒറ്റ ജാതിക്കാരെ മാത്രമേ കാണാൻ പറ്റൂ. ഏത് ജാതിയാണോ ആ സ്ഥാപനത്തിന്റെ ഉടമസ്ഥർ, അവർ മാത്രമേ അവിടെ ഉണ്ടാകൂ.

ഇതോടൊപ്പം ഒരുകാര്യംകൂടി സൂചിപ്പിക്കട്ടെ, എയ്ഡഡ് സ്ഥാപനങ്ങളെ കേരള പൊതുസമൂഹം കാര്യമായി നിരീക്ഷിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. 2022ലെ കണക്കുപ്രകാരം കേരളത്തിലെ സർക്കാർ കോളജുകളുടെ എണ്ണം അറുപത്തിയാറാണ്. എന്നാൽ, എയ്ഡഡ് കോളജുകളുടെ എണ്ണമാകട്ടെ 163 ആണ്. കോട്ടയം ജില്ലയിൽ ആകെയുള്ളത് ഒരു സർക്കാർ കോളജാണ്, എന്നാൽ അവിടെയുള്ള എയ്ഡഡ് കോളജുകളുടെ എണ്ണം 23 ആണ്. കോളജുകളുടെ ഇരട്ടിയുടെ ഇരട്ടി വരുന്നതാണ് സ്‌കൂളുകൾ എന്നതുകൂടി നാം അറിഞ്ഞിരിക്കണം.

സർക്കാർ സ്‌കൂളുകൾ മ്യൂസിയങ്ങളായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇവിടെയെല്ലാമാണ് ജാതിയും വിവേചനവും കൃഷിചെയ്യുന്നത് എന്ന് കേരളം തിരിച്ചറിയുന്നില്ല. അതേപോലെ നിങ്ങൾ മീഡിയകൾ പരിശോധിക്കുക, രാഷ്ട്രീയ പാർട്ടികൾ പരിശോധിക്കുക, എം.എൽ.എമാരെ-എം.പിമാരെ പരിശോധിക്കുക, സംവരണമില്ലാതെ നിയമിക്കപ്പെടുകയും പെൻഷന് അർഹത ലഭിക്കുകയും ചെയ്യുന്ന മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ജാതി പരിശോധിക്കുക ഇതെല്ലാം പരിശോധിച്ചു കഴിഞ്ഞാൽ എന്താണ് ജാതി എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.