മലയാളത്തിന്റെ രാഷ്ട്രീയ കഥാകൃത്തുക്കളിൽ മുൻനിരക്കാരനാണ് പി.കെ. നാണു. എഴുത്തിന്റെ മഹാമൗനങ്ങൾ പതിവ്. നീണ്ട എട്ടു വർഷത്തിനുശേഷം മറ്റൊരു കഥയുമായി ആഴ്ചപ്പതിപ്പിൽ അദ്ദേഹം വീണ്ടുമെത്തുന്നു. ആ പശ്ചാത്തലത്തിൽ തന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
‘‘നീ എന്താണ് മോനേ ഇങ്ങനെ ചിന്തയിലാണ്ടിരിക്കുന്നത്?’’ എന്റെ നേരെ തൊണ്ണുകാട്ടി ചിരിച്ചുകൊണ്ട് മുത്തശ്ശി ചോദിച്ചു. ‘‘നീ ചിരിക്കുന്നതേ കാണുന്നില്ല. ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ജീവിതം എത്ര ഭയങ്കരമായിരിക്കും.’’
എനിക്കു കിഴവിയുടെ നേരെ സഹതാപം തോന്നി. ‘‘ഭയങ്കരമായ ജീവിതാനുഭവങ്ങൾ ചിരിക്കാനുള്ള എന്റെ കഴിവ് നഷ്ടപ്പെടുത്തിയിരിക്കുന്നു.’’ ഞാൻ കിഴവിയോട് പറഞ്ഞു. ‘‘നിങ്ങൾ കാണുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് ഞങ്ങൾ കാണുകയും അനുഭവിക്കുകയുംചെയ്യുന്നത്. അതിൽ ചിരിക്കാനായി ഒന്നുമില്ല.’’
(നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത് –യു.പി. ജയരാജ്).
1978ൽ ഇങ്ങനെ ഒരു കഥയെഴുതാൻ യു.പി. ജയരാജിനെ പ്രേരിപ്പിച്ചത് പി.കെ. നാണു എന്ന സുഹൃത്താണ്. മലയാളത്തിന്റെ രാഷ്ട്രീയ കഥകളിൽ എം. സുകുമാരനോടൊപ്പം ചേർന്ന് നിൽക്കുന്ന എഴുത്തുകാരനാണ് പി.കെ. നാണു. ആറു പതിറ്റാണ്ട് പിന്നിട്ട കഥയെഴുത്ത് ജീവിതത്തിനുടമയാണ്. ചിന്തകൾ ആഞ്ഞുകത്തിയ കാലത്തെ, പിന്നിട്ട വഴികളെ, ഇടവേളകളിലെ മഹാമൗനത്തെ കുറിച്ചുമെല്ലാം ഏറ്റവും സൗമ്യനായി പി.കെ. നാണു മനസ്സു തുറക്കുകയാണിവിടെ. നിരാശരുടെ രാഷ്ട്രീയനിരയിലല്ല ഈ എഴുത്തുകാരൻ.
ആ കാലം അതായിരുന്നു –രാഷ്ട്രീയ ചിന്തകൾക്ക് തീപിടിച്ച കാലം. നാടും നാട്ടുകാരും ജീവിതദുരിതങ്ങളും ചൂഷണങ്ങളും ഉറക്കം കെടുത്തിയ നാളുകൾ. വിപ്ലവം വിളിപ്പാടകലെ പ്രതീക്ഷിച്ചിരുന്ന വേള. അങ്ങയുടെ കഥകൾ പിറന്നതും ഈ ചിന്താപരിസരത്ത് നിന്നുതന്നെയാണല്ലോ. എങ്ങനെ നോക്കിക്കാണുന്നു?
എന്റെ കഥകൾ ജീവിതത്തിൽനിന്നുള്ളവയാണ്. ഞാനെടുത്ത വിഷയം ഏറെയും ഗൗരവമാർന്നതാണ്. ആഘോഷിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ഞാനുണ്ടാവില്ല. പക്ഷേ, ഞാനിവിടെ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. അത്, രേഖപ്പെടുത്തേണ്ട ഇടത്തൊക്കെ കാണുകയുംചെയ്യും. പുരസ്കാരങ്ങൾ ലഭിക്കുന്നത് നമ്മൾതന്നെ ഭാരവാഹികൾക്ക് അയച്ചിട്ടാണെന്ന് ഈ അടുത്ത കാലത്താണ് മനസ്സിലാക്കുന്നത്.
അതിനൊന്നും പിന്നാലെ ഞാൻ പോയിട്ടില്ല. താൽപര്യവുമില്ല. എഴുത്തിന്റെയോ എഴുത്തുകാരൻ എന്ന നിലക്കോ ഉള്ള ആടയാഭരണങ്ങൾ ഞാൻ കൊണ്ടുനടക്കാറില്ല. അത്, ബോധപൂർവമല്ല. അങ്ങനെയാണ് ഞാൻ രൂപപ്പെട്ടത്. ഇനി ഒരാൾ വന്ന്, നിങ്ങൾ ഒരപേക്ഷ കൊടുക്കെന്ന് പറഞ്ഞാൽ, പോകാൻ പറയും. എനിക്കതിൽ താൽപര്യമില്ല. എന്റെ കഥയെഴുത്തിലായാലും വ്യക്തിജീവിതത്തിലായാലും ഞാൻ സന്തുഷ്ടനാണ്. പക്ഷേ, നാടിന്റെ േപാക്കിലുള്ള ആശങ്കയുണ്ട്. ഉണ്ടാവണമല്ലോ, നാം മനുഷ്യരല്ലേ...
പി.കെ. നാണുവും ഭാര്യ പ്രമീളയും
ഈ കെട്ടകാലത്തും വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോർക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ, അതേക്കുറിച്ച് വിശദീകരിക്കാേമാ?
വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോർക്കുന്നുണ്ട്. എന്നാൽ, നേരത്തേ പ്രതീക്ഷിച്ചതുപോലെയല്ലെന്ന് മാത്രം. വേറെ രൂപത്തിലൊക്കെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന്, കാണുന്ന ഇടത് തീവ്രകക്ഷികളുടെ ചെറിയ ഗ്രൂപ്പുകളിലൊന്നും കാര്യമില്ല. അവർക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല.
മനുഷ്യർക്ക് വലിയ പ്രതിസന്ധിയുണ്ടാകുേമ്പാൾ മാത്രമേ നാടിനുവേണ്ടി ഉണർന്ന് പ്രവർത്തിക്കുകയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ അത് എളുപ്പമല്ല. കാരണം, മുതലാളിത്തം ജനങ്ങളെ പലവിധ പ്രലോഭനങ്ങൾകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. എന്നാൽ, മാർക്സിസം-ലെനിനിസത്തിന് ഇന്നും പ്രസക്തിയുണ്ട്. പുതിയ തലമുറ പഠിക്കാൻ തയാറാവുന്നില്ല. സ്റ്റഡിക്ലാസിനു പുറത്തും ശരികളുണ്ടെന്ന് ഇടത് കക്ഷികൾ മനസ്സിലാക്കണം.
ഈ നാട് എന്തായി മാറും. എല്ലാറ്റിലും മതം കാണുകയാണ്. ശരിക്കും നാം ഇന്ത്യക്കാർ മാത്രമല്ല, നമ്മൾ പലതുംകൂടിയതാണ്. നമ്മൾ പല രക്തമാണ്. ഏറെ ഭയം തോന്നുകയാണ്. കല്യാണം കഴിക്കുേമ്പാൾ മാത്രമാണ്, മതവും ജാതിയും നമുക്കിടയിൽ സാധാരണ ഗതിയിൽ കണ്ടത്. അതിനെ എല്ലാറ്റിലും ഉയർത്തിക്കൊണ്ടുവരാനാണിപ്പോൾ ബോധപൂർവം ശ്രമിക്കുന്നത്. എന്നിലുണ്ടെങ്കിൽ അത്, മലയാളിയെന്ന വികാരം മാത്രമാണുള്ളത്. മുംബൈയിലൊക്കെ ജോലിചെയ്യുന്ന കാലത്ത് മലയാളിയെ കാണുേമ്പാൾ ഉണ്ടാകുന്ന സന്തോഷം ഒന്നുവേറെയാണ്. ബി.ജെ.പിക്ക് പിന്നിൽ വൻ കുത്തകകളാണുള്ളത്. അവർ, മതം പറഞ്ഞ് നാടിനെ കൊള്ളയടിക്കുകയാണിപ്പോൾ.
കഥയെഴുത്തിന്റെ അറുപതാം വർഷത്തിലാണല്ലോ? തുടർച്ചയായി കഥയെഴുതുന്ന പതിവില്ല. നീണ്ട മൗനം കാണാം... അതേക്കുറിച്ച് പറയാമോ?
ശരിയാ, ആദ്യത്തെ കഥ കൈയെഴുത്ത് മാസികയിലാണ് വന്നത്. അത്, 1964ലാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാഴാണെന്ന് തോന്നുന്നു. അച്ചടിമഷി പുരളുന്നത് അംബർനാഥിലെത്തിയതിനു ശേഷമാണ്. അതൊരു രഹസ്യപ്രവർത്തനമായിരുന്നു. അന്നത്തെ മാനസികാവസ്ഥ നിറഞ്ഞുനിന്നവയായിരുന്നു ഏറെയും. അക്കാലത്തെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ പലതിലും കഥകൾ വന്നു.
യു.പി. ജയരാജ്,എം.എം. സോമശേഖരൻ
എന്തായായിരുന്നു പഠനകാലം? മുംെബെയിൽ വളരെ ചെറുപ്പത്തിൽതന്നെ എത്തിപ്പെട്ടത് എങ്ങനെയാണ്?
കോഴിക്കോട് ജില്ല അതിർത്തിയിലെ അഴിയൂർ പഞ്ചായത്തിലെ ചോമ്പാലയിലെ ഒരു കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പടിഞ്ഞാറെ കോമത്ത് കണ്ണന്റെയും മാണിക്കത്തിന്റെയും മകൻ. രണ്ടു പേരും ഇന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുേമ്പാൾ എങ്ങനെയാണ് ആ കാലത്തെ കുറിച്ച് പറയാൻ കഴിയുക. പുതിയ തലമുറക്ക് ചിന്തിക്കാൻ കഴിയാത്ത കാലം. പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാൽ, അതിനുള്ള അവസരം അന്നില്ല. മടപ്പള്ളി ഫിഷറീസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പാസായി. പിന്നീട് ടൈപ് റൈറ്റിങ് പഠിച്ചു. ജോലി കണ്ടെത്തലായിരുന്നു ലക്ഷ്യം. അങ്ങനെയിരിക്കുേമ്പാഴാണ്, ബോംബെയിൽനിന്നും അച്ഛന്റെ അനുജൻ
(ആപ്പൻ) വിളിക്കുന്നത്. 1965ലാണത്. ബോംബെ താണയിലെ അംബർനാഥിലേക്കാണ് ഞാൻ പോയത്. അവിടെ എത്തിയ ഉടൻ എംേപ്ലായ്മെന്റിൽ രജിസ്റ്റർചെയ്തു. അപ്പോഴാണ് മലയാളമല്ലാതെ മറ്റൊരു ഭാഷയറിയാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞത്. ആപ്പൻ നഗരം കണ്ടുവരാൻ പറഞ്ഞ്, വി.ടി റെയിൽവേ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. അന്നത്തെ കുട്ടിയുടെ ഇംഗ്ലീഷ് പ്രാവീണ്യം മനസ്സിലാക്കാമല്ലോ? ശരിക്കും മനസ്സിൽ പേടി നിറഞ്ഞു. തനി നാട്ടിൻപുറത്തുകാരൻ മഹാനഗരത്തിലെത്തി.
ഫിറോസ് ഷാ മെഹ്ത്ത റോഡിനും വിക്ടോറിയ ടെർമിനസിനും ഇടയിലുള്ള ഒരു ക്രോസിലകപ്പെട്ടു. എവിടേക്ക് പോകണമെന്നറിയില്ല. വാഹനങ്ങളുടെ ഹോണടികൾക്കിടയിൽ ഹൃദയം നിലച്ചപോലെ നിന്നു. അപ്പോഴാണൊരു പാഴ്സി സ്ത്രീ എന്റെയടുത്തെത്തുന്നത്. എന്റെ മാനസികാവസ്ഥ അവർ തിരിച്ചറിഞ്ഞു. അവരെന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചായ തന്നു. പിന്നെ, ബോംബെ-വി.ടിയിലേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു. പക്ഷേ, പിന്നെ അധികം താമസിയാതെ ജോലി കിട്ടി. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഒരു ഫാക്ടറിയിലായിരുന്നു അത്.
വളരെ ചെറുപ്പത്തിലേ ലഭിച്ച ജോലി, പഠിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്ന് തോന്നിയിട്ടുണ്ടോ? സംഘടനാ പ്രവർത്തനം എപ്പോഴാണ് തുടങ്ങിയത്?
തീർച്ചയായും, തുടർന്ന് പഠിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പുണെ യൂനിവേഴ്സിറ്റിയിൽ എക്സ്റ്റേണൽ സ്റ്റുഡന്റായി ചേർന്ന്, പ്രീഡിഗ്രി പാസായി. ബി.എ ഇംഗ്ലീഷിന് ചേർന്നു. ഇതിനിടയിൽതന്നെ പരന്ന വായന തുടങ്ങി. ബോംബെയിലെ അമേരിക്കൻ ലൈബ്രറിയിൽ പോയി പുസ്തകമെടുത്ത് വായിക്കും. ജോലിയോടൊപ്പം പഠനവും വായനയും. ഞാൻ ജോലിചെയ്ത ഫാക്ടറിയിലും തൊഴിലാളി സംഘടനകളുടെ പ്രവർത്തനം സജീവമായിരുന്നു.
ഇടത് ചായ്വുള്ള ഓഡിനൻസ് എംേപ്ലായീസ് യൂനിയനും വലതു ചായ്വുള്ള നാഷനൽ എംേപ്ലായീസ് യൂനിയനും. എനിക്ക് ഇടതുപക്ഷ സംഘടനയോടായിരുന്നു ചായ്വ്. ഞാൻ അവരുടെ പ്രവർത്തനം നിരീക്ഷിച്ചു. അവർ സംഘടിപ്പിച്ച മാർക്സിസ്റ്റ് സ്റ്റഡി ക്ലാസുകളിലൊക്കെ പങ്കെടുത്തു. എന്നാൽ, ഞാൻ അതിന്റെയൊന്നും മുഖമായിരുന്നില്ല. എഴുപതുകളിൽ നക്സലൈറ്റ് കാഴ്ചപ്പാടുള്ളവരുമായി അടുത്തു. ബോംബെയിൽ ഞാൻ അവരുടെ സ്റ്റഡി ക്ലാസുകളിലൊക്കെ സംബന്ധിച്ചു. അവധിക്ക് നാട്ടിലെത്തിയാൽ എം.എം. സോമശേഖരൻ, വി.സി. ശ്രീജൻ, വി.കെ. പ്രഭാകരൻ തുടങ്ങിയവരുമായൊക്കെ അടുപ്പം പുലർത്തി. അന്നും ഇന്നും ഇതൊക്കെ നല്ല അനുഭവങ്ങളായി കൂടെയുണ്ട്.
‘നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന കഥയെഴുതാൻ യു.പി. ജയരാജിനെ പ്രേരിപ്പിച്ചത് അങ്ങാണെന്ന് അറിയാം. ആ സൗഹൃദത്തെ കുറിച്ച് പറയാമോ?
അംബർനാഥിൽ ഓർഡനൻസ് ജീവനക്കാരനായിരുന്നു ജയരാജ്. ഇതിന്റെ സഹോദര സ്ഥാപനമായ മെഷീൻ ടൂൾസ് പ്രോട്ടോടൈപ് ഫാക്ടറിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ക്ലർക്കായിരുന്നു ഞാൻ. അവിടെ, മലയാളി സമാജം എന്ന ലൈബ്രറിയുണ്ടായിരുന്നു. ഇവിടെനിന്നും പതിവായി പുസ്തകങ്ങളെടുത്ത് വായിക്കുന്ന കൂട്ടത്തിലാണ് ഞങ്ങൾ. അക്കാലത്ത് രാഷ്ട്രീയം നിറഞ്ഞ കഥകൾ ജയരാജൻ എഴുതുമായിരുന്നു. ദിവസവും വൈകുന്നേരങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടും. ലോക രാജ്യങ്ങളിൽ നടക്കുന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ചാവും കാണുേമ്പാഴൊക്കെ ഞങ്ങളുടെ ചർച്ച. ജയരാജിന്റെ താമസസ്ഥലത്തുവെച്ചാണ് കെ. വേണുവിനെ പൊലീസ് പിടികൂടുന്നത്.
അതിന് തൊട്ടുമുമ്പ് നക്സലൈറ്റ് നേതാവ് ദാമോദരൻ മാഷ് ജയരാജിന്റെ താമസസ്ഥലത്ത് വന്നിരുന്നു. വേണു വരുന്ന ദിവസം തിരിച്ചുവരാമെന്ന് പറഞ്ഞാണ് ദാമോദരൻ മാഷ് പോയത്. പക്ഷേ, റെയിൽവേ സ്റ്റേഷനിൽ വെച്ച് ദാമോദരൻ മാഷെ പൊലീസ് പിടിച്ചു. മാഷിൽനിന്നാണ്, വേണു ജയരാജിന്റെ സ്ഥലത്തെത്തുമെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.
ദാമോദരൻ മാഷ് ഇതിനിടെ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. വേണുവെത്തുന്നതിന് മുമ്പേ പൊലീസുകാർ ജയരാജിന്റെ താമസസ്ഥലത്തെത്തി. അതോടെ, വേണുവും പൊലീസിന്റെ പിടിയിലായി. കായണ്ണ പൊലീസ് സ്റ്റേഷൻ അക്രമവുമായി ബന്ധപ്പെട്ട് എനിക്കും ഒേട്ടറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഈ സാഹചര്യങ്ങൾ എന്നെ വല്ലാതെ നിരാശനാക്കി. ഈ മാനസികാവസ്ഥകൾ വിവരിച്ച് ജയരാജിന് കത്തുകളെഴുതിയിരുന്നു. ആ കത്തുകളാണ് ആ കഥ പിറക്കാനിടയാക്കിയത്.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നല്ലോ, അതേക്കുറിച്ച് ഓർക്കാമോ? അന്നത്തെ നക്സലൈറ്റ് പ്രവർത്തനം ശരിയായിരുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്ന സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു. അന്നത്തെ മിക്കവാറും നക്സലൈറ്റുകളുമായിട്ടും എനിക്ക് ബന്ധമുണ്ടായിരുന്നു. പലപ്പോഴും നക്സലൈറ്റ് ആശയങ്ങൾ പ്രചരിപ്പിച്ച പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകൾ എഴുതിയിട്ടുണ്ട്. ഇതൊക്കെ ധാരാളമാണ് എന്നെപ്പോലൊരാളെ വേട്ടയാടാൻ. ഒരു പാതിരാത്രിയിൽ അവർ എെന്റ വീട്ടിലുമെത്തി. എെന്റ പേര് ചോദിച്ച ഉടനെ തൂക്കിയെടുത്ത് പൊലീസ് ജീപ്പിലിട്ടു. സഖാവ് രാജൻ കക്കയം പൊലീസ് ക്യാമ്പിൽ വെച്ച് കൊല്ലപ്പെട്ട സമയമാണ്. അന്ന്, എല്ലായിടത്തും ഭീതിനിറഞ്ഞ അന്തരീക്ഷമാണ്.
നിൽപിച്ചും കസേരയിലിരുത്തിയും കാൽവണ്ണകളിൽ ലാത്തികൊണ്ടടിച്ചും സൂചി കുത്തിയുമൊക്കെ എന്നെ ചോദ്യം ചെയ്തു. കെ. വേണു, എം.എം. സോമശേഖരൻ എന്നിവർ എവിടെയാണുള്ളതെന്നാണ് പൊലീസിന് അറിയേണ്ടിയിരുന്നത്. അങ്ങേയറ്റം രഹസ്യമായി നടത്തിയ ആക്ഷനാണ് കായണ്ണയിൽ നടന്നത്. അതേക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. മർദനത്തിനൊടുവിൽ പൊലീസിനിക്കാര്യം ബോധ്യപ്പെട്ടു. പിറ്റേദിവസം വൈകുന്നേരത്തോടെ എന്നെ പൊലീസ് ജീപ്പിൽ മുക്കാളിയിൽ ഇറക്കിവിട്ടു. അന്നത്തെ നക്സലൈറ്റ് പ്രവർത്തനം അറിയാമല്ലോ, അനുഭാവികൾക്കൊന്നും നേതൃത്വം ചെയ്യുന്ന പ്രവർത്തനത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടാകില്ല.
ആ മൂവ്മെന്റ് പരാജയമായിരുന്നുവെന്ന് ഞാനൊരിക്കലും പറയില്ല. നാടിനെ ഉണർത്തിയ ആശയമുന്നേറ്റമായിരുന്നു. അതെങ്ങനെയാണ് കൈമോശം സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. അധികാരവ്യവസ്ഥയെ ചോദ്യംചെയ്ത് മൗലിക അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രചോദനം സൃഷ്ടിക്കാൻ അന്നത്തെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സഖാവ് രാജനെപ്പോലുള്ളവരുടെ രക്തസാക്ഷിത്വത്തിന് അധികാരത്തിന്റെ ഫാഷിസ്റ്റ് മുഖം തുറന്നുകാണിക്കാൻ കഴിഞ്ഞു. അങ്ങനെ വരുേമ്പാൾ എഴുപതുകളിലെ തീക്ഷ്ണ യൗവനം ഒരിക്കലും പരാജയമല്ല.
അങ്ങെന്നും സൗമ്യനാണെന്ന് അറിയാം. എന്നാൽ, മുറുകിയ രാഷ്ട്രീയമാണ് മനസ്സിലും എഴുത്തിലും. സാഹിത്യത്തിലെ രാഷ്ട്രീയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
എന്റെ കഥകളെന്നും ജീവിതത്തെ മുൻനിർത്തിയുള്ളവയാണ്. നക്സലൈറ്റ് ആഭിമുഖ്യം പുലർത്തിയ കാലത്തും ഇന്നും ഞാൻ രാഷ്ട്രീയത്തിന് മാത്രമായി കഥകൾ എഴുതിയിട്ടില്ല. തീർച്ചയായും മാർക്സിയൻ കാഴ്ചപ്പാടുകൾ കഥകളിൽ കാണും. ശരിക്കും പറഞ്ഞാൽ, സാഹിത്യത്തിലെ രാഷ്ട്രീയം എന്നത് പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുക എന്നതുതന്നെയാണ്. അത്തരം ജീവിതങ്ങളെ ചേർത്തുപിടിക്കലാണ്. ഞാൻ, പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്റെ കഥകൾ ജീവിതത്തിൽനിന്ന് തുടങ്ങുന്നു, ജീവിതത്തിലൂടെയും സ്വപ്നത്തിലൂടെയും വ്യാപരിക്കുന്നുവെന്ന്... ഇതുതന്നെയാണെനിക്ക് കഥ.
നൂറിലേറെ കഥകൾ അങ്ങയുടേതായിട്ടുണ്ടല്ലോ. സ്വയം എങ്ങനെ വിലയിരുത്തുന്നു?
എന്റെ എഴുത്തിൽ ഞാൻ സംതൃപ്തനാണ്. എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാർ നിരവധിയാണ്. കഥയുടെ ലോകത്ത് ഞാനുണ്ട്. എന്റെ മിക്ക കഥകളും മറുനാടും പരിസരങ്ങളുമാണ്. എന്റെ ജീവിതത്തിലെ പ്രധാന കാലം മറുനാട്ടിൽ തന്നെയാണല്ലോ. കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നതിനാൽ പല പ്രദേശങ്ങളിൽനിന്നു വന്നവരും പല ഭാഷകൾ സംസാരിക്കുന്നവരുമായി ഇടപഴകിയിട്ടുണ്ട്. അതൊക്കെ എഴുത്തിന്റെ ഭാഗമാവുക സ്വാഭാവികം. പൊതുവെ വായിക്കുക. മനസ്സിൽ അഭിപ്രായം കുറിച്ചിടുക എന്നതാണെന്റെ ശൈലി. ഞാനൊരിടത്തും അഭിപ്രായം പറയാൻ പോകാറില്ല. അതിലൊന്നും ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല.
എട്ടു വർഷത്തിനുശേഷം വീണ്ടും മാധ്യമം ആഴ്ചപ്പതിപ്പിൽ കഥ എഴുതുേമ്പാൾ എന്തു തോന്നുന്നു?
സന്തോഷം. അന്ന്, എഴുതിയ കഥ ‘ഒരു പുരാവൃത്തത്തിന്റെ പുനരാഖ്യാനം’ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ കഥയെ കുറിച്ച്, ‘‘ജന്മനാ മൂകനായ ഒരാളെക്കൊണ്ട് ഞാൻ തെയ്യക്കോലം കെട്ടിക്കുന്നുവെന്ന്’’ അഭിപ്രായപ്പെട്ടവർ ഏറെയാണ്. പുതിയ കഥ ‘ഓർമകളുടെ വർത്തമാനങ്ങൾ’. ഇതും വായനക്കാർ ഏറ്റെടുക്കുമെന്നാണെന്റെ വിശ്വാസം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.