ഉർവശി

‘കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം’

ഇത്തവണത്തെ പുരസ്​കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ്​ എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പതിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ്​ ഉർവശി സംസാരിക്കുന്നത്​.

വർഷം 1979, ‘കതിർമണ്ഡപം’ എന്ന സിനിമയുടെ ചിത്രീകരണസമയം. സംവിധായകൻ ​കെ.പി. പിള്ള. പ്രേം നസീറിനും മധുവിനും തുല്യപ്രാധാന്യമുള്ള ചിത്രം. നായിക ജയഭാരതി. ജയഭാരതിയുടെ ബാല്യകാലം അഭിനയിക്കാൻ ഒരു പെൺകുട്ടിയെ വേണം. ചവറ വി.പി. നായരും വിജയലക്ഷ്മിയും കലാരഞ്ജിനി, കൽപന, കവിത രഞ്ജിനി, കമൽറോയ്, പ്രിൻസ് എന്നീ അഞ്ചു മക്കളുമായി മദ്രാസിൽ താമസം തുടങ്ങിയ കാലം.

ബാലനടിക്കുവേണ്ടിയുള്ള അന്വേഷണം ഒടുവിൽ ഇവരുടെ ഏറ്റവും ഇളയകുട്ടിയിലെത്തി നിന്നു. പേര് കവിതരഞ്ജിനി, പൊടിമോളെന്ന് വിളിക്കും. 1977ൽ തന്റെ എട്ടാം വയസ്സിൽ ചിത്രങ്ങളിൽ അഭിനയിച്ചുതുടങ്ങിയിരുന്നു ഈ ബാലതാരം. ബേബി കവിത എന്ന പേരിൽ ‘കതിർമണ്ഡപ’ത്തിൽ അഭിനയിച്ചു. മികച്ച ഗാനങ്ങളോടെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെയും ചില ചിത്രങ്ങളിൽകൂടി ബേബി കവിത ബാലതാരമായി വേഷമിട്ടു.

1983ൽ പതിമൂന്നാം വയസ്സിൽ കാർത്തിക് നായകനായ ‘തൊടരും ഉണർവ്’ എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയത്തിലേക്ക് കടന്നു. 1986ലായിരുന്നു ചിത്രത്തിന്റെ റിലീസ്. പിന്നീട് എഴുത്തുകാരനും സംവിധായകനും നായകനടനുമായ കെ. ഭാഗ്യരാജിന്റെ സിനിമയിൽ കവിത പുതിയൊരു പേരിൽ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ പേര് ‘മുന്താനൈ മുടിച്ച്’. ചിത്രം വൻ വിജയമായി, അതിലെ പാട്ടുകളും. ആ ചിത്രത്തിലൂടെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് പുതിയ ഒരു നായികയെ ലഭിച്ചു, പേര് ഉർവശി.

1984ൽ മമ്മൂട്ടി നായകനായ ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നായികയായി ഉർവശി അ​രങ്ങേറ്റം കുറിച്ചു. ഇതോടെ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായകനടിമാരുടെ നിരയിലേക്ക് ഉർവശി വളർന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എൺപതുകളിലും തൊണ്ണൂറുകളിലും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഉർവശി ഇടംപിടിച്ചു. 500ലധികം ചിത്രങ്ങൾ. ഓരോന്നും വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ...

അത് ഉർവശിയുടെ മാത്രം പ്രത്യേകതയായിരുന്നു. ഹാസ്യവും സീരിയസ് വേഷങ്ങളും അനായാസേന അഭിനയിച്ച് ഫലിപ്പിച്ചു. സങ്കടം, ദേഷ്യം, കുശുമ്പ്, പ്രണയം, വഞ്ചന എല്ലാം ഉർവശിയുടെ ഭാവങ്ങളിൽ ഭദ്രമായിരുന്നു. 1989ൽ ‘മഴവിൽക്കാവടി’, ‘വർത്തമാനകാലം’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് തേടിയെത്തി. നിഷ്കളങ്കതയുടെ പ്രതീകമായ ‘മഴവിൽക്കാവടി’യിലെ ആനന്ദവല്ലിയും ഇഷ്ടപ്പെട്ട ജീവിതം ജീവിക്കാൻ കഴിയാതെ വരുന്ന ‘വർത്തമാനകാല’ത്തിലെ അരുന്ധതി മേനോനും മലയാള സിനിമയിലെ ഒരു കാലത്തും മാറ്റുകുറയാത്ത കഥാപാത്രസൃഷ്ടികളായിരുന്നു.

1990ൽ സത്യൻ അന്തിക്കാട് സംവിധാനംചെയ്ത് ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ‘തലയണമന്ത്ര’ത്തിലെ കാഞ്ചനയെത്തേടിയും സംസ്ഥാന പുരസ്കാരമെത്തി. നർമസമ്പന്നമായ ഈ കുടുംബചിത്രത്തിൽ നാട്ടിൻപുറത്ത് കണ്ടു ശീലിച്ച കഥാപാത്രങ്ങളുടെ തന്മയത്വത്തോടെയുള്ള പുനരവതരണമായിരുന്നു കാഞ്ചന.

1991ൽ ‘ഭരത’ത്തിലെ ദേവി, ‘മുഖചിത്ര’ത്തിലെ സാവിത്രിക്കുട്ടി/ ലക്ഷ്മിക്കുട്ടി, ‘കാക്കത്തൊള്ളായിര’ത്തിലെ രേവതി എന്നീ കഥാപാത്രങ്ങളെ തേടിയായിരുന്നു പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉർവശിയിലെത്തിയത്. 1995ൽ എം.പി. സുകുമാരൻ നായർ സംവിധാനം നിർവഹിച്ച ‘കഴകം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നാലാം തവണയും മികച്ച നടിയായി ഉർവശി തിളങ്ങി.

1994ലും ‘95ലും തമിഴ്നാട് സർക്കാറിന്റെ ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു. ‘99നു ശേഷം ഒരു ഇടവേളയിലേക്ക് ഇറങ്ങിയ ഉർവശി 2005ൽ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ‘അച്ചുവിന്റെ അമ്മ’യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് കൈപ്പിടിയിലൊതുക്കി. വീണ്ടും കൈനിറയെ വേഷങ്ങൾ, കൂടുതലും അമ്മ കഥാപാത്രങ്ങൾ. കണ്ടു പഴകിയ അമ്മ വേഷങ്ങളല്ലായിരുന്നു ഉർവശിയുടേത്. ഓരോന്നും വ്യത്യസ്തം... തിരിച്ചുവരവിൽ ‘മധുചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഉൾവശി വീണ്ടും ഒപ്പംകൂട്ടി. 2024ൽ ക്രി

സ്റ്റോ ടോമി സംവിധാനംചെയ്ത ‘ഉള്ളൊഴുക്കി’ലെ ലീലാമ്മ എന്ന കഥാപാത്രത്തി​ലൂടെ ഉർവശിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ അതോടൊപ്പം ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി എന്ന ബഹുമതികൂടി ഉർവശി സ്വന്തമാക്കി. നാലരപ്പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ യാത്രയെക്കുറിച്ച് ഉർവശി മനസ്സുതുറക്കുന്നു.

 

കണക്കെടുക്കാറില്ല

അവാർഡ് കിട്ടണമെന്ന കാഴ്ചപ്പാടോടെ അഭിനയിക്കാറില്ല. മാത്രമല്ല, അഭിനയ ജീവിതത്തിൽ വർഷങ്ങളുടെ കണക്കോ അവാർഡിന്റെ എണ്ണമോ നോക്കാറില്ല. കണക്കെടുക്കാനും നിന്നിട്ടില്ല. എട്ടാമത്തെ വയസ്സിൽ സിനിമയി​ലെത്തി. 13ാമത്തെ വയസ്സിൽ നായികയായും അഭിനയിച്ചു. എത്ര ചിത്രം ഇതുവരെ ചെയ്തു എന്നതിന്റെ കണക്കെടുക്കാൻ മുതിർന്നിട്ടില്ല. എന്റെ ജോലിയാണ് സിനിമയും അഭിനയവും. പുരസ്കാരം ലഭിച്ചാൽ അതിൽ സന്തോഷം. കിട്ടിയില്ലെന്ന് കരുതി നിരാശയും ഇല്ല. ഈ ചിത്രത്തിന് പുരസ്കാരം കിട്ടുമെന്ന് എന്നെ ഇഷ്ടപ്പെടുന്നവരും അഭ്യുദയകാംക്ഷികളും മുൻകൂട്ടി തന്നെ പറഞ്ഞിരുന്നു. എന്റെ കഥാപാത്രങ്ങളോടും എന്നോടുമുള്ള ഇഷ്ടമാണ് അത്.

എനിക്ക് പുരസ്കാരം കിട്ടുമ്പോൾ അവരാണ് കൂടുതൽ സന്തോഷിക്കുക. അവരുടെ സന്തോഷത്തിന്റെ ഭാഗമാകുക മാത്രമാണ് ഞാൻ ചെയ്യാറ്. അഭിനയിക്കുന്നതു കാണുമ്പോൾ സംവിധായകൻ ഓക്കെ ആണ് എന്ന് പറയുന്നതാണ് എന്റെ ആദ്യ അവാർഡ്. പ്രേക്ഷകർ നല്ല​തെന്ന് പറയുന്നതാണ് അടുത്ത അവാർഡ്. അല്ലാതെ, ഒന്നി​നെക്കുറിച്ചും അമിതമായ പ്രതീക്ഷ​യോ അമിതമായ കൊട്ടിഗ്ഘോഷങ്ങളോ ഒരുകാലത്തും ഞാൻ നടത്തിയിട്ടില്ല. ഇതിലും അങ്ങനെതന്നെ... അവാർഡിന്റെ ഒരു പങ്ക് എനിക്കുകിട്ടി, അതിൽ സന്തോഷം.

‘ഉള്ളൊഴുക്കി’ലെ ലീലാമ്മയും അഞ്ജുവും

വളരെയേറെ ബുദ്ധിമുട്ടിയാണ് ‘ഉള്ളൊഴുക്കി’ലെ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടേറെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിരുന്നു. സത്യത്തിൽ കരയാതെ കരയുകയായിരുന്നു. കരയുന്നതിനേക്കാൾ പ്രയാസമാണ് കരച്ചിലടക്കാൻ. സംവിധായകനും മറ്റുള്ളവരും എല്ലാ സ്വാതന്ത്ര്യവും നൽകിയത് കഥാപാത്രത്തെ മികച്ചതാക്കാൻ സഹായിച്ചു. എല്ലാ വേഷവും പരമാവധി മനോഹരമാക്കി ആത്മാർഥമായി ചെയ്യാൻ ശ്രമിക്കാറുണ്ട്.

സിനിമയിൽ ഒപ്പമുണ്ടായിരുന്ന പാർവതിയും മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ പുരസ്കാരത്തിൽ പാർവതിക്കും ഒരു പങ്കുണ്ട്. ‘ഉള്ളൊഴുക്കി’ൽ പാർവതിയുടെ സംഭാവന വളരെ വലുതാണ്. അവസാന നിമിഷം വരെ പാർവതിക്ക് അവാർഡ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഓരോ ഷോട്ടിനും ഒരുമിച്ച്, ചർച്ചകൾ നടത്തി അത്രയധികം തയാ​െറടുപ്പോടുകൂടിയാണ് പാർവതി അഞ്ജുവിനെ അവതരിപ്പിച്ചത്. രണ്ടുതരത്തിലുള്ള ഭാവങ്ങളാണെങ്കിൽപോലും അത് കൃത്യമായി അഭിനയിച്ച് ഫലിപ്പിച്ചതിനാൽ അത് വിജയിച്ചു.

എല്ലാവരും പാർവതിയുടെ കഥാപാ​ത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഒരു പ്രത്യേക ജൂറി പരാമർശം എങ്കിലും പാർവതിക്ക് ലഭിക്കണമായിരുന്നു. പക്ഷേ എത്ര സിനിമകളാണ്, എത്ര കഥാപാത്രങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നതെന്ന് അറിയില്ലല്ലോ... അതിനാൽതന്നെ അതിനെക്കുറിച്ച് പറയാനും കഴിയില്ല. ‘ഉള്ളൊഴുക്ക്’ എന്ന സിനിമയുടെ ലൊക്കേഷനിൽ ചുറ്റും വെള്ളമാണ്. ആ വെള്ളക്കെട്ട് കഥാപാത്രമാകാൻ ഒരുപാട് സഹായിച്ചിരുന്നു. ഒരുപാട് പേരുള്ള ഫ്രെയിംപോലെ അല്ല, രണ്ടുപേർ മാത്രമുള്ള സീനുകൾ. അവിടെ പെർഫോമൻസിന് സാധ്യത കൂടും.

 

നായികാസങ്കൽപങ്ങളല്ല, കഥാപാത്രങ്ങളാണ് പ്രധാനം

നായിക എന്ന സങ്കൽപത്തിൽ മാറ്റങ്ങൾ വരുത്താൻ ഓരോ സിനിമ ചെയ്യുമ്പോഴും ശ്രമിച്ചിരുന്നു. എന്റെ അച്ഛനും അമ്മയുമെല്ലാം നാടകത്തിൽ അഭിനയിച്ച് കലാരംഗത്ത് സജീവമായി നിന്നവരാണ്. നാടകത്തിൽ അമ്മ അച്ഛന്റെ ഒപ്പം മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അമ്മ നർത്തകിയാണ്. പക്ഷേ അമ്മയുടെ സങ്കൽപത്തിൽ എപ്പോഴും വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊരിക്കലും നായികയായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നില്ല. ആ ചിന്തകൾ തന്നെയാണ് ഞങ്ങളെയും മുന്നോട്ട് നയിച്ചത്.

ഏത് നായികയായാലും നായകനായാലും അവർക്ക് ഒരു സ്വഭാവവും മാനറിസങ്ങളും ഉണ്ടായിരിക്കും. അങ്ങനെയാണ് സിനിമകളുടെയും കഥാപാത്രങ്ങളുടെയും ചർച്ചകൾ നടക്കുക. അന്ന് നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. അതിൽ ഭൂരിഭാഗവും നായിക കഥാപാത്രങ്ങളുമായിരുന്നു. അതിൽ എന്തെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ സാധിക്കും എന്നതായിരുന്നു ചിന്ത. നായിക, എന്നതുകൊണ്ടു മാത്രമല്ല ആ സിനിമകൾ തിരഞ്ഞെടുത്തത്. നല്ല കഥാപാത്രങ്ങൾക്കാണ് അന്നും ഇന്നും പ്രാധാന്യം നൽകാറ്.

അന്നത്തെ തിരക്കഥാകൃത്തുക്കൾ ഈ കഥാപാത്രം ഇങ്ങനെയായിരിക്കണം എന്ന് ശക്തമായി പറഞ്ഞുവെക്കുമായിരുന്നു. അത് കൃത്യമായി അഭിനേതാക്കളോട് പറയുകയും ചെയ്യും. അവരുടെ കൂടി പിന്തുണയാണ് കഥാപാത്രങ്ങളെല്ലാം നന്നാകാൻ കാരണവും. ‘മഴവിൽക്കാവടി’ മുതൽ ‘അച്ചുവിന്റെ അമ്മ’ വരെയുള്ള പുരസ്കാരം നേടിയ ചിത്രങ്ങളെല്ലാം വാണിജ്യപരമായി ഹിറ്റായ സിനിമകളായിരുന്നു. ഒരു സിനിമ വിജയിക്കുക എന്നത് എന്നെയും ഏറെ സ​​ന്തോഷിപ്പിച്ചിരുന്നു. വാണിജ്യ സിനിമ എടുക്കുന്നത് ഒരിക്കലും നിസ്സാരമായ കാര്യമല്ല.

സുഹൃദ് ബന്ധങ്ങളുടെ പുറത്ത് ചെയ്ത നിരവധി കഥാപാത്രങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് ‘യോദ്ധ’യിലെ ദമയന്തി. അത്ര ശ്രദ്ധിക്കപ്പെടുമെന്ന് ചിന്തിച്ചിട്ടൊന്നുമല്ല ആ കഥാപാത്രം ചെയ്തത്. സൗഹൃദങ്ങൾക്കും ആത്മബന്ധങ്ങൾക്കും വലിയ വില കൽപ്പിക്കുന്ന സമയമായിരുന്നു അതെല്ലാം. ‘യോദ്ധ’യുടെ സംവിധായകൻ സംഗീത് ശിവന്റെ ആദ്യത്തെ സിനിമ ‘വ്യൂഹ’ത്തിൽ അഭിനയിച്ചിരുന്നു.

ആ ടീമിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘യോദ്ധ’. ആ സമയത്ത് വർഷം അഞ്ചും ആറും സിനിമകൾ ചെയ്തിരുന്നു. അതിനാൽതന്നെ നല്ല തിരക്കായിരുന്നു. നേപ്പാൾ വരെ പോയി ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് അതിൽനിന്ന് പിന്മാറിയത്.

പിന്നീട് ‘യോദ്ധ’യുടെ ഇവിടത്തെ ലൊക്കേഷനിൽ ചെന്നപ്പോൾ ‘‘ഒരു ഗസ്റ്റ് റോളുണ്ട്. ഉൾവശി അത് പെർഫോം ചെയ്തിട്ട് പൊയ്ക്കൂടെ, നന്നായിരിക്കും’’ എന്ന് പറഞ്ഞപ്പോൾ അത് ചെയ്യുകയായിരുന്നു. അത്രേയുള്ളൂ, അവരുടെ വിശ്വാസമായിരുന്നു അതെല്ലാം. അതിനപ്പുറത്ത് ആ കഥാപാ​ത്രത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല. ഒരു ഗസ്റ്റ് റോൾ ചെയ്തു എന്നു കരുതി എനിക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്നും ഞാൻ ഒരിക്കലും കരുതുന്നില്ല. നമുക്ക് വേണ്ടപ്പെട്ടവരുടെ സ്നേഹവും സന്തോഷവും മാത്രമായിരുന്നു അതിൽ പ്രധാനം.

 

ദമയന്തിയെയും തുളസിയെയും ആഘോഷിക്കുന്നത് പുതുതലമുറ

‘യോദ്ധ’യിലെ ദമയന്തിയെയും ‘സ്ഫടിക’ത്തിലെ തുളസിയെയും എല്ലാം അന്നത്തെ തലമുറയേക്കാൾ പുതിയ തലമുറയാണ് ആഘോഷിക്കുന്നത്. അത് ഇപ്പോഴും അത്ഭുതമാണ്. ഇന്നത്തെ തലമുറയോട് അതിൽ നന്ദിയുമുണ്ട്. കാരണം നിങ്ങൾ അത് കണ്ട്, നിരീക്ഷിച്ച്, വിമർശിച്ച് അഭിപ്രായം പറയുമ്പോൾ ആ കഥാപാത്രങ്ങളെല്ലാം വീണ്ടും ഓർമിക്കപ്പെടും. എന്നും ഓർമകളിൽ ആ കഥാപാത്രങ്ങളുണ്ട് എന്നറിയുന്നതിൽ സന്തോഷം. ‘സ്ഫടികം’ തന്നെ വീണ്ടും വർഷങ്ങൾക്കിപ്പുറം റീ റിലീസ് ചെയ്തല്ലോ... വളരെക്കുറച്ച് സിനിമകൾക്ക് മാത്രമേ ഇത്തരം ഭാഗ്യം ലഭിക്കാറുള്ളൂ. പണ്ട് ചെയ്ത സിനിമകളെക്കുറിച്ച് ഇപ്പോഴും പ്രേക്ഷകർ സംസാരിക്കുന്നു എന്നതിലാണ് സന്തോഷം. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ‘സ്ഫടിക’ത്തിലേത്. ഒരു കഥാപാത്രത്തെ പോലെ മ​റ്റൊരു കഥാപാ​ത്രത്തെ ചെയ്യുന്നതിൽ എനിക്ക് താൽപര്യമില്ല.

സിനിമ സംവിധായകന്റെ ഉത്തരവാദിത്തമാണ്. സീനിയറായിട്ടുള്ള സംവിധായകർക്കൊപ്പവും ഇപ്പോഴത്തെ ജനറേഷനിലുള്ള സംവിധായകർക്കൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. എല്ലാ സംവിധായകരും ഒരുപോലെയാണ്. അന്ന് അധ്യാപകരെപ്പോലെയായിരുന്നു. ഇന്ന് നമ്മുടെ കൂടെ പഠിക്കുന്നവരെപ്പോലെ. അ​ത്രയേ ഉള്ളൂ വ്യത്യാസം. ഓരോ കഥാപാത്രത്തിനും നമ്മുടേതായ ഇൻപുട്ട് കൊടുക്കാൻ ശ്രമിക്കാറുണ്ട്. അത് എല്ലാ ആർട്ടിസ്റ്റും ചെയ്യും. എന്നാൽ അതിന്റെ മീറ്റർ കൃത്യമായി അറിഞ്ഞിരിക്കണം എന്നുമാത്രം.

 

സഹോദരിമാർക്കൊപ്പം ഉർവശി

അമ്മയെന്ന സ്വാധീനം...

തുടക്കത്തിൽ സിനിമ ചെയ്യുമ്പോൾ അമ്മ വേഷങ്ങൾ ചെയ്തിരുന്നവരായിരുന്നു ഫിലോമിനച്ചേച്ചിയും സുകുമാരിയമ്മയും കെ.പി.എ.സി ലളിത​ച്ചേച്ചിയുമെല്ലാം. നമ്മുടെ ചുറ്റിലുള്ള മികച്ച ആർട്ടിസ്റ്റുകളെല്ലാംതന്നെ നമ്മെ ഇൻഫ്ലുവൻസ് ചെയ്തുകൊണ്ടിരിക്കും. അമ്മ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇവരുടെയെല്ലാം സ്വാധീനം നമ്മളിലുണ്ടാകും. ചെറുപ്പം മുതൽ ഞാൻ കണ്ടുപഠിച്ചതെല്ലാം അവരെയായിരുന്നു. ചെറിയ കുഞ്ഞു​ങ്ങളെ അധ്യാപകർ സ്വാധീനിക്കില്ലേ... അതുപോലെതന്നെയാണ് സിനിമയിലും.

തീർച്ചയായും എല്ലാവരെയും നല്ല കഥാപാത്രങ്ങളും ആർട്ടിസ്റ്റുകളും ഇൻഫ്ലുവൻസ് ചെയ്യും. അങ്ങനെ​യല്ലാതെ, അവരെപ്പോലെ എന്നുപറയുമ്പോൾ പണ്ടുകാലത്തുള്ള അഭിനയരീതിയല്ല ഇപ്പോഴുള്ളത്. അത് വളരെ വ്യത്യസ്തമായിരുന്നു. അതല്ല, ഇന്ന്. അതു വേറെ ഒരു രീതി. അവർ ചെയ്തുവെച്ചതുപോലെ ഒരിക്കലും ഇന്ന് ചെയ്യാൻ കഴിയില്ല. അതെല്ലാം നമുക്കൊരു പ്രേരണയായി മനസ്സിന്റെ ഉള്ളിലുണ്ടാകും.

എ​ന്നെ കൂടുതലായി എന്റെ അമ്മ തന്നെ സ്വാധീനിച്ചതായി എനിക്ക് തോന്നാറുണ്ട്. ഒരമ്മയായി അഭിനയിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നതും എന്റെ അമ്മ തന്നെയായിരിക്കും. മക്കളോട് എന്റെ അമ്മ എങ്ങനെയായിരുന്നു പെരുമാറിയിരുന്നത് എന്ന് എനിക്കറിയാം. അതിനാൽ, അത് എന്റെ അഭിനയത്തിലും ജീവിതത്തിലുമുണ്ടാകും. കാരണം, ഞാൻ ആദ്യം കണ്ടതും അടുത്തറിഞ്ഞതും എന്റെ അമ്മയെയാണല്ലോ... ലീലാമ്മ വരെയുള്ള എന്റെ അമ്മ കഥാപാത്രങ്ങളിൽ ആ സ്വാധീനമുണ്ട്.

മാറ്റങ്ങൾ ഉണ്ടാകും, അത് ഉൾക്കൊള്ളണം...

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാത്തിലുമുണ്ടാകും. ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്ന് സിനിമ കളർ ആയി. കളറിലേക്ക് മാറുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉണ്ടാകുന്ന ഓവർ മേക്കപ്പ് ഉണ്ടാകില്ല. അത് മാറി മാറി വരും. ബ്ലാക്ക് ആൻഡ് വൈറ്റിൽതന്നെ ഒരുപാട് മാറ്റങ്ങൾ വന്നില്ലേ.

സിനിമയുടെ പരസ്യത്തിന് ധാരാളം സാധ്യതകൾ വന്നുകഴിഞ്ഞു. ആ സാധ്യതകളെല്ലാം തന്നെ പരമാവധി പ്രയോജനപ്പെടുത്താനാണ് സംവിധായകരും നിർമാതാക്കളും ശ്രദ്ധിക്കുക. അമിതമായ പരസ്യംകൊണ്ടു മാത്രം ഒരു സിനിമയും വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. സിനിമ നല്ലതാണെങ്കിൽ, ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അത് വിജയിക്കും. കൂടുതൽ പേരിലേക്കെത്തും. ഒരു സിനിമ ഇറങ്ങുന്നു എന്ന വിവരവും ഏത് തിയറ്ററിലാണെന്നും മാത്രം അറിഞ്ഞാൽ മതി. ജയവും പരാജയവും പ്രേക്ഷകരുടെ കൈകളിലായിരിക്കും. പണ്ട് പത്രങ്ങളിൽ മാത്രം നോക്കിയാണ് തിയറ്ററുകളെക്കുറിച്ചും അവിടെ ഓടുന്ന സിനിമകളെക്കുറിച്ചും മനസ്സിലാക്കുക.

എന്നാൽ, ഇന്ന് ഫോൺ എടുത്ത് നോക്കുമ്പോൾ തന്നെ അറിയാൻ കഴിയും എത്ര സിനിമകൾ ഏതെല്ലാം തിയറ്ററുകളി​ലുണ്ടെന്ന കാര്യം. മാത്രമല്ല, എത്ര ആളുകൾ ഇന്നത്തെ ഷോ കാണാനുണ്ടെന്നുപോലും ബുക്കിങ് ഹിസ്റ്ററി നോക്കിയാൽ അറിയാൻ കഴിയും. ആ സാധ്യതകൾ ഇന്നത്തെ തലമുറയും ഉപയോഗപ്പെടുത്തുന്നു. എന്നാൽ, വീണ്ടും പറയട്ടെ, മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് ഈ സിനിമ നല്ലതാണെന്നും കാണണമെന്നും പറഞ്ഞതുകൊണ്ടുമാത്രം ഒരു സിനിമ തിയറ്ററിൽ ഓടില്ല. നല്ല സിനിമയാണെങ്കിൽ അത് എല്ലാ തരത്തിലും വിജയിക്കുകയുംചെയ്യും. ചിത്രം പുറത്തിറക്കുന്നു എന്ന് അറിയിക്കേണ്ടത് സിനിമയിൽ ഭാഗമായ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

 

സൗഹൃദങ്ങളിലെ തമാശ വേറെ, ബോഡി ഷെയിമിങ് വേറെ

സൗഹൃദങ്ങളിൽ പല രീതിയിലുമുള്ള തമാശകളുമുണ്ടാകും. എല്ലാത്തിനെയും ഒരിക്കലും ബോഡി ഷെയിമിങ് എന്നു വിളിക്കാൻ കഴിയില്ല. സുഹൃത്തുക്കൾക്കിടയിൽ പലപ്പോഴും കളിയാക്കലുകളും തമാശകളുമെല്ലാം ഉണ്ടാകും. സൗഹൃദമെന്ന് പറയുന്നതുതന്നെ അതാണല്ലോ... മനഃപൂർവം അപഹസിക്കാനോ പരിഹസിക്കാനോ ഒരിക്കലും സുഹൃത്തുക്കൾ തയാറാകില്ല. അങ്ങനെയാണെങ്കിൽ കളിയാക്കലും തമാശകളും ഉണ്ടാകില്ലല്ലോ. അങ്ങനെ മനഃപൂർവം കളിയാക്കുകയാണെങ്കിൽ അവിടെ സൗഹൃദവുമുണ്ടാകില്ല.

അല്ലാതെ, ഒരു ആർട്ടിസ്റ്റിനെ മാത്രം കേന്ദ്രീകരിച്ച് കളിയാക്കി, അവഹേളിച്ച് വ്യക്തിഹത്യ ചെയ്യുക എന്നത് ശരിയായ കാര്യമല്ല. അത് ബോഡി ഷെയിമിങ് എന്ന പരിധിയിൽ വരികയും ചെയ്യും. കോങ്കണ്ണുള്ള ആളിനെ കോങ്കണ്ണാ എന്നു വിളിക്കുക, മുടന്തി നടക്കുന്ന ആളിനെ ഞൊണ്ടി എന്നു വിളിക്കുക തുടങ്ങിയവ ഒരിക്കലും പാടില്ല. എന്നാൽ, മറ്റുള്ളവരെ അവഹേളിക്കാത്ത രീതിയിൽ കഥക്ക് അനുസരിച്ച് കഥാപാത്രങ്ങളെയും തമാശകളെയും ഉൾപ്പെടുത്താതിരിക്കാനും കഴിയില്ല.

എല്ലാം ബോഡി ഷെയിമിങ് അല്ലെങ്കിൽ അവഹേളനം തുടങ്ങിയ പരിധിയിൽ കൊണ്ടുവന്നാൽ വേളൂർ കൃഷ്ണൻകുട്ടിക്ക് ഒരിക്കലും കഥ പറയാൻ കഴിയില്ലല്ലോ... ഉപമാലങ്കാരം വെച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യം നിലനിന്നിരുന്നതുതന്നെ. അ​ദ്ദേഹം ഹാസ്യ സാഹിത്യകാരനായിരുന്നു. എത്രയോ കഥകൾ അദ്ദേഹം എഴുതി. കുടക്കമ്പി വളഞ്ഞതുപോലെ, കൊഞ്ചു വറുത്തിട്ടതുപോലെ തുടങ്ങിയ പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ കാണാം. കൊഞ്ചുവറുത്തിട്ടതുപോലെ എന്നു പറഞ്ഞാൽ കൂനിപ്പിടിച്ചിരിക്കുന്ന ഒരാളിനെ ഉപമിക്കുന്നതാണ്.

എന്റെ അമ്മ ഞങ്ങൾ ചെറുതായിരുന്ന​പ്പോൾ ആ കഥകൾ വായിച്ചു കേൾപ്പിച്ചു തരുമായിരുന്നു. ആ കഥയുടെ ആസ്വാദനത്തിനും പശ്ചാത്തലത്തിനും വേണ്ടിയായിരുന്നു ആ ഉപമകളെല്ലാം. എല്ലാം തലനാരിഴ കീറി നോക്കി അതു മോശം, ഇതു മോശം എന്ന് പറയുന്ന പ്രവണത അത്ര നല്ലതല്ല. അത് സിനിമക്ക് മാത്രമല്ല, ഏതൊരു സൃഷ്ടിയെയും ദോഷകരമായി മാത്രമേ ബാധിക്കൂ. എന്നാൽ, അനാവശ്യമായി ഒരാളിനെ മാത്രം കളിയാക്കാനും ആക്രമിക്കാനും നിൽക്കുന്നതിനെ അംഗീകരിക്കാൻ പാടില്ല. അത്തരം പ്രവണതകളെ ഇല്ലാതാക്കുകയും വേണം.

വിമർശനങ്ങൾ നല്ലതാണ്. അത് കേൾക്കുമ്പോൾ വിഷമം തോന്നാൻ പാടില്ല. സിനിമ ഒരുപാട് പേരുടെ കഴിവിന്റെ കൂട്ടായ്മയാണല്ലോ. അതിലേതെങ്കിലും ഒരു വിഭാഗം പൊളിഞ്ഞാൽ അത് സിനിമയെ ബാധിക്കും. ആത്മാർഥമായി നമ്മൾ മെച്ചപ്പെടാൻ പറയുന്നതിനെ ഉൾക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാൻ കഴിയൂ.

സമൂഹത്തിലെ മാറ്റം; ചിത്രങ്ങളുടെ പ്രമേയം

തുടക്കകാലത്ത് ഒരു വർഷം അ​ഞ്ചും ആറും സിനിമകൾ വരെ ചെയ്തിരുന്നു. ഇപ്പോൾ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ചെയ്യുക. അത് സെലക്ടീവിന്റെ ഭാഗമല്ല. എല്ലാവരും അങ്ങനെ ഒരു ചുറ്റുപാടിലേക്ക് മാറിക്കഴിഞ്ഞു. മുമ്പ് ഒരു സിനിമ തുടങ്ങിയാൽ മുന്നൊരുക്കത്തിനൊന്നും സമയമില്ലായിരുന്നു. ഒരു ലൊക്കേഷനിൽനിന്ന് വേറൊരു ലൊക്കേഷൻ. കാമറയുടെ മുമ്പിൽ നിൽക്കുമ്പോഴായിരിക്കും കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിയുക. എല്ലാവരുടെയും കാര്യം അങ്ങനെ തന്നെയായിരുന്നു.

പത്തു ദിവസത്തിലും പതിനഞ്ചു ദിവസത്തിലും സിനിമകൾ തീർത്തിരുന്ന കാലം മാറി. സാ​ങ്കേതികത വളർന്നു. ഫിലിം ഉണ്ടായിരുന്ന കാലത്ത് സമയത്തിന് വിലയുണ്ടായിരുന്നു. ഇപ്പോൾ ഫിലിം ഉപയോഗിച്ചല്ല ചിത്രീകരണം. പുതിയ ടെക്നോളജി വന്നതോടെ പെർഫെക്ഷന് കൂടുതൽ പ്രാധാന്യം വന്നു. ഇപ്പോൾ അറുപതും എഴുപതും ദിവസങ്ങളെടുത്താണ് ഒരു സിനിമ ചിത്രീകരിക്കുക. ചിലപ്പോൾ പല ഷെഡ്യൂളുകളിലായിരിക്കും ചിത്രീകരണം. പണ്ട് റെഗുലർ പ്രൊഡ്യൂസേഴ്സ് ഒരു ഫാക്ടറിപോലെ പ്രവർത്തിച്ചിരുന്നു. നിരന്തരം പടം നിർമിക്കുന്ന നിർമാണക്കമ്പനികളെയും ഇന്ന് കാണാൻ സാധിക്കില്ല.

ഇംഗ്ലീഷ് ചിത്രങ്ങളും വിദേശ ചിത്രങ്ങളും കാണുകയും ആ ഇൻഫ്ലുവൻസിൽ ചിത്രങ്ങൾ നിർമിക്കുകയും ചെയ്യുന്ന സംവിധായകരെ അന്ന് കാണാൻ സാധിക്കില്ല. നാടൻ കഥകളും കഥാപാത്രങ്ങളും സംഭവങ്ങളുമായിരുന്നു അന്നത്തെ സിനിമകളിലെല്ലാം. നമ്മുടെ നാടിന്റെ ചുറ്റും നടക്കുന്ന സംഭവങ്ങൾവെച്ച് കഥ എഴുതുന്നവരായിരുന്നു അന്നുണ്ടായിരുന്നവരെല്ലാം തന്നെ.

ഇപ്പോൾ എല്ലാംതന്നെ മാറിയല്ലോ... ഇന്ന് സമൂഹത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമകളിലും കാണാൻ സാധിക്കുക. അല്ലാതെ സിനിമയിൽ വരുന്ന കാര്യങ്ങൾ ഒരിക്കലും സമൂഹത്തിൽ പ്രതിഫലിക്കുമെന്ന് വിശ്വസിക്കുന്നില്ല. പണ്ട് അങ്ങനെയായിരുന്നില്ല. സിനിമകളിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിൽ പ്രതിഫലിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നായിക ധരിച്ചിരിക്കുന്ന ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ ട്രെൻഡാകുന്നതും നായകന്റെ ഹെയർസ്റ്റൈൽ പോലുള്ള ഹെയർസ്റ്റൈൽ സ്വീകരിക്കുന്നതും കാണാൻ സാധിക്കുമായിരുന്നു.

ഇന്ന് എല്ലാം അപ്ഡേറ്റ് ചെയ്തുവരുന്നതാണ്. ചെറുപ്പക്കാരിലുൾപ്പെടെ വരുന്ന ആ അപ്ഡേഷൻ സിനിമകളിലേക്ക് സ്വീകരിക്കുകയാണ് ചെയ്യുക. അത് മാറ്റത്തിന്റെ ഭാഗമാണ്. അത് സ്വീകരിക്കാൻ തയാറാകുക എന്നതിലാണ് കാര്യം. പണ്ട് ഒരു ഹോട്ടലിൽ പോയി കഴിഞ്ഞാൽ 15 മിനിറ്റിനുള്ളിൽതന്നെ നമ്മൾ ഓർഡർ ചെയ്തത് ടേബിളിലെത്തും. ​ഇപ്പോൾ മിനിമം വെയ്റ്റിങ് സമയം എന്നു പറയുന്നതുതന്നെ അരമണിക്കൂറാണ്. ഈ രണ്ടു കാലങ്ങളിലും അതേ സാധനം തന്നെയാണ് നമ്മൾ ഓർഡർ ചെയ്തതും ചെയ്യുന്നതും. പക്ഷേ അതെല്ലാം കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് വന്നുപോയവയാണ്. അത് ഉൾ​ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്നു എന്നു മാത്രം.

കുടുംബത്തിനുവേണ്ടി സമയം മാറ്റിവെക്കണം...

കുടുംബത്തിന് വേണ്ടിയും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയും സമയം മാറ്റിവെക്കണം എന്ന് ചിന്തിക്കുന്നവരാണ് ഇപ്പോൾ സിനിമയിലുള്ളവരെല്ലാം. പണ്ട് അങ്ങനെയായിരുന്നില്ല. മകനും മകൾക്കും അവധി വരുന്നു, അതിനാൽ രണ്ടുമാസം അവർക്കൊപ്പം ചെലവഴിക്കുന്നതിനായി സമയം മാറ്റിവെക്കും. കുടുംബത്തിനൊപ്പം ചെലവഴിക്കാനായി മാറ്റിവെച്ച സമയത്ത് വർക്കുകൾ ഏറ്റെടുക്കാറില്ല. പത്തുവയസ്സാകുന്നു മകന്. നാലഞ്ചു വർഷമായി മകനുവേണ്ടിയും അവന്റെ അവധി സമയങ്ങളിലും ഞാൻ വർക്ക് മാറ്റിവെക്കും. പണ്ട് ആ ഒരു സാഹചര്യമല്ലായിരുന്നു. സഹോദരിമാരുടെ വിവാഹത്തിന് തലേദിവസം അർധരാത്രിയിലെല്ലാമാണ് വീട്ടിലെത്തിയത്. കല്യാണം കഴിഞ്ഞ് അതേപോലെതന്നെ​ ലൊക്കേഷനിലേക്ക് മടക്കും.

ഇനിയൊരിക്കലും അങ്ങനെ ഒരു തിരക്കുപിടിച്ച ജീവിതത്തിലേക്ക് ഞാൻ മടങ്ങില്ല. അത് ‘‘എനിക്ക് പറ്റില്ല, വീട്ടിലെ കാര്യങ്ങൾക്ക് ശേഷം മാത്രമേ വരൂ’’ എന്ന് പറയാനുള്ള മാനസികാവസ്ഥയിലേക്ക് ഞാനും മറ്റുള്ളവരുമെല്ലാം മാറിക്കഴിഞ്ഞു. എന്റെ ധൈര്യവും വിശ്വാസവും കുടുംബത്തിന്റെ ശക്തമായ പിന്തുണയായിരുന്നു. തല ഉയർത്തി സ്വതന്ത്രമായി നിന്ന് ചെയ്യാൻ കഴിയുന്ന സിനിമയാണെങ്കിൽ ചെയ്താൽ മതി എന്ന് പറയുമായിരുന്നു. അതുതന്നെയായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.

 

പുതിയ ചിത്രങ്ങൾ, വിശേഷങ്ങൾ...

സ്വന്തം പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ഒരു സിനിമ പുറത്തിറങ്ങാനിരിക്കുന്നു. ഭർത്താവ് ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റെ തന്നെയാണ്. സംവിധാനരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. ‘എൽ ജഗദമ്മ ഏഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്നതാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ റെക്കോഡിങ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയായി ഞാൻ തന്നെയാണ് അഭിനയിക്കുന്നത്. അതിന്റെ റിലീസാണ് മിക്കവാറും ആദ്യം ഉണ്ടാകുക.

ഭാവന, പ്രിയ വാര്യർ, മാളവിക, അനഘ, ശ്രീനാഥ് ഭാസി തുടങ്ങിയവർ അഭിനയിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയുടെ വർക്കുകൾ ഏകദേശം പൂർത്തിയായി. അതിന്റെ റിലീസും അടുത്തുണ്ടാകും. കൂടാതെ മറ്റ് രണ്ട് ചിത്രങ്ങളുടെ കൂടി പണിപ്പുരയിലാണ്.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.