ആസ്വാദകർ അൽപം ഗൃഹപാഠംചെയ്ത് പഠിച്ചിട്ടു വേണം കേൾക്കാൻ വരാനെന്നും കച്ചേരി സദസ്സുകൾ വൃദ്ധസദനങ്ങൾ പോലെയാണെന്നും വിമർശനം ഉന്നയിക്കുന്ന സംഗീതജ്ഞനാണ് കുടമാളൂർ ജനാർദനൻ. തന്റെ സംഗീതത്തെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
കല്ലുവഴിച്ചിട്ട എന്നൊക്കെ പറയുന്നതുപോലെ കഥകളിയിൽ ഇതിഹാസ തുല്യമായ ഒരു കഥകളി അധ്യായത്തിന്റെ പേരാണ് കുടമാളൂർ. ‘‘കുടമാളൂർ സൈരന്ധ്രിയായ്...’’ എന്ന സിനിമാ ഗാനത്തിന്റെ വരിയിലൂടെ സാധാരണക്കാരറിയുന്ന അതുല്യ കഥകളി നടൻ കുടമാളൂർ കരുണാകരൻ നായരുടെ നാട്ടിൽ സംഗീതം പക്ഷേ അങ്ങനെ പ്രോജ്ജ്വലിച്ചില്ല. കോട്ടയം ജില്ലയിലെ ഒരു മനോഹര ഗ്രാമത്തിന്റെ പേരാണ് കുടമാളൂർ. കുടമാളൂർ കരുണാകരന് ഒരു തലമുറക്കുശേഷം അതേ കുടമാളൂർ മറ്റൊരു സംഗീത സമ്പ്രദായത്തിന്റെ പേരായി മാറിയിരിക്കുന്നു. ഇന്ന് കുടമാളൂർ എന്നു കേട്ടാൽ സംഗീതാസ്വാദകർക്ക് കുടമാളൂർ ജനാർദനനാണ്.
അങ്ങനെയൊരു നാടിന്റെ പര്യായപദത്തിലേക്ക് തന്റെ കലാസപര്യയുടെ വിശേഷണം ചേർത്തുവെക്കുന്ന തരത്തിൽ കുടമാളൂരിന്റെ സംഗീതം ജനഹൃദയങ്ങളെ കീഴടക്കുന്നു. പാട്ടുപഠനത്തിൽ തുടങ്ങി ഒരു കൗതുകത്തിന് കിട്ടിയ പുല്ലാങ്കുഴലിലൂടെ തന്റെ ഭാവപ്രപഞ്ചം വളർത്തി ഇന്ന് കേരളത്തിലെ ഉന്നതനായ സംഗീതജ്ഞനായി കൂടമാളൂർ ജനാർദനൻ. ചിന്തകളിലും പ്രയോഗത്തിലും ഒരുപോലെ വൈവിധ്യം പുലർത്തുകയും രാഗഭാവങ്ങളുടെ അഭൗമതകളെ നിരന്തര സാധനയിലൂടെയും അതിരു കെട്ടാത്ത ഭാവനയുടെ സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കാൻ വിടുകയും ചെയ്ത്, അദ്ദേഹം കണ്ടെത്തിയ മലനിരകളും മരുഭൂമികളും തെളിനീരുകളും കടൽത്തീരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ ഭാവപ്രകൃതി വൈവിധ്യം പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽകൂടി ആലാപനവശ്യതയുടെ പെർഫെക്ട് സൃഷ്ടികളായാണ് ആസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്.
അത് ഹൃദയത്തിലുൾക്കൊണ്ട നല്ല സംഗീതാസ്വാദകർ മാത്രമല്ല, ഒരുപക്ഷേ ആരാണ് വായിച്ചതെന്നറിയാതെ മനസ്സിനെ സ്പർശിച്ച ഒരു ഈണത്തിന്റെ തുണ്ട് റിങ് ടോണാക്കി സൂക്ഷിച്ച ലക്ഷക്കണക്കിന് ജനങ്ങളുടെയും മനസ്സിൽ ഒരുപോലെ സ്വാധീനംചെലുത്തിയ സംഗീത പ്രതിഭാസമാണ് കുടമാളൂർ ജനാർദനൻ. അദ്ദേഹത്തിന്റെ ഓരോ സംഗീത വ്യാഖ്യാനവും ആസ്വാദകന്റെ സ്വകാര്യസ്വത്തെന്നപോലെ ആചാര്യ സംഗീതത്തിന്റെ വേറിട്ട പാഠാവലികൾകൂടിയാകുന്നു. അങ്ങനെ അവ മാസ്റ്റർ പീസുകളുമാകുന്നു.
പേരുകൊണ്ട് വളരെ ആഢ്യത്വമുള്ള ഒരു സ്ഥലമാണ് കുടമാളൂർ. എന്നാൽ, എല്ലാ കാര്യത്തിലും അങ്ങനെ ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. കഥകളിയുടെ പാരമ്പര്യമാണ് പ്രധാനമായും ഉള്ളത്. എന്നാൽ, സംഗീതത്തിന് അങ്ങനെ പാരമ്പര്യമൊന്നുമില്ല. ഞങ്ങൾ പക്ഷേ, അടിസ്ഥാനപരമായി അവിടത്തുകാരല്ല. ഏഴെട്ടു തലമുറകൾ മുമ്പ് ഞങ്ങളുടെ കുടുംബം കുംഭകോണത്തായിരുന്നു. അവിടെനിന്ന് വൈക്കത്ത് വന്നവരാണ്. അച്ഛന്റെ കുടുംബം അവിടെയായിരുന്നു. അച്ഛൻ ജോലിയുടെ ഭാഗമായി കുടമാളൂരിൽ വന്നതാണ്. അവിടെ വന്ന് സ്ഥലം വാങ്ങി വീട് വെച്ചതാണ്. ഞാൻ ജനിച്ചത് അവിടെത്തന്നെ. പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ നാടായതിനാൽ ക്ഷേത്രകലകളോടൊക്കെ നല്ല അടുപ്പം നാട്ടുകാർക്കുണ്ടായിരുന്നു.
അച്ഛൻ കൃഷ്ണയ്യർ അധ്യാപകനായിരുന്നെങ്കിലും നല്ല സംഗീതജ്ഞനായിരുന്നു. അച്ഛൻ നന്നായി വീണ വായിക്കും. ധാരാളം സംഗീതഗ്രന്ഥങ്ങളുമുണ്ടായിരുന്നു. അച്ഛൻ തന്നെയാണ് ആദ്യ ഗുരു. വൈക്കം കിട്ടു ഭാഗവതർ എന്നറിയപ്പെട്ടിരുന്ന എന്റെ മുത്തച്ഛൻ ജനാർദന അയ്യർ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ഞാൻ ശരിക്കും പാട്ടാണ് അച്ഛന്റെ അടുത്തുനിന്ന് പഠിച്ച് തുടങ്ങുന്നത്.
അതിനിടയിൽ ഒരിക്കൽ ഉത്സവപ്പറമ്പിൽനിന്ന് കിട്ടുന്ന ഫ്ലൂട്ടിൽനിന്നാണ് ആദ്യം സ്വയം വായിക്കാൻ പഠിച്ചത്. അതിൽ ജ്ഞാനമുണ്ടെന്ന് തോന്നിയിട്ടാണ് അച്ഛൻ ഒരു നല്ല ഫ്ലൂട്ട് വാങ്ങിത്തന്നത്. ഇന്നത്തെ പോലെ ഫ്ലൂട്ട് വാങ്ങാൻ പറ്റിയ കടകൾ കേരളത്തിൽതന്നെ അന്ന് അപൂർവമാണ്. അച്ഛൻതന്നെയാണ് അതിന്റെ ഫിംഗറിങ്ങൊക്കെ പറഞ്ഞുതന്നത്.
കുടമാളൂർ ഗവ. സ്കൂളിലാണ് ഞാൻ പഠിച്ചത്. സ്കൂളിൽ മത്സരങ്ങൾക്കൊക്കെ പങ്കെടുക്കുമായിരുന്നു. അധ്യാപകരും നാട്ടുകാരുമൊക്കെ നല്ല പ്രോത്സാഹനമായിരുന്നു അന്ന് തന്നിരുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഞാനും ശങ്കരൻ നമ്പൂതിരിയുമൊക്കെ ഒരേ സമയത്താണ് മത്സരിച്ച് സമ്മാനം നേടിയിരുന്നത്. അന്ന് ചാനലുകളൊന്നും ഇല്ലല്ലോ. പത്രത്തിൽ ഫോട്ടോ വരിക എന്നതൊക്കെ വലിയ അംഗീകാരമായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തിരുനക്കര ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ചാണ് ഞാൻ ആദ്യമായി ഒരു വേദിയിൽ വായിക്കുന്നത്. അരമണിക്കൂർ പരിപാടിയായിരുന്നു. എന്റെ അച്ഛൻ തന്നെയായിരുന്നു മൃദംഗം വായിച്ചത്. തുടർന്നുള്ള വർഷങ്ങളിലും അവിടെ വായിക്കാൻ തുടങ്ങി. തുടർന്ന് ഒരു മണിക്കൂർ പ്രോഗ്രാമായും രണ്ട് മണിക്കൂർ പ്രോഗ്രാമായുമൊക്കെ അത് വളർന്നു. ഒപ്പം ചുറ്റുമുള്ള പ്രദേശങ്ങളിൽ ധാരാളം ക്ഷേത്രങ്ങളിലും പ്രോഗ്രാം കിട്ടി. അങ്ങനെയൊെക്ക വായിച്ചുവന്നെങ്കിലും എല്ലാത്തരം സംഗീതവും കേൾക്കുന്ന എന്റെ സംഗീതസമ്പ്രദായം മറ്റൊരുതരത്തിൽ ഞാൻ അറിയാതെതന്നെ രൂപപ്പെടുകയായിരുന്നു.
ഫ്ലൂട്ടിൽ അങ്ങനെ എടുത്തുപറയാൻ ആരുമില്ല. എന്നാൽ, വീണവിദ്വാനായ ചിട്ടി ബാബുവാണ് അക്കാലത്തെ ഏറ്റവും അത്ഭുതത്തോടെ കേട്ടിരുന്ന സംഗീതജ്ഞൻ. അദ്ദേഹത്തിന്റെ ലൈവ് കച്ചേരികൾ കേട്ടിരുന്നു. റേഡിയോയിലും അദ്ദേഹത്തിന്റെ വായന കേട്ടിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ പേരും വീണയും മനസ്സിൽ സ്വാധീനിച്ചിരുന്നു. അങ്ങനെയിരിക്കെ നേരിട്ട് കേൾക്കാൻ അവസരം ലഭിച്ചത് വല്ലാത്ത ഒരനുഭവമായിരുന്നു.
സംഗീതം ഒരു മാജിക്കായി മുന്നിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു. മറ്റൊന്നുമറിയാതെ അക്ഷരാർഥത്തിൽ വാ പൊളിച്ച് ഇരുന്നുപോയി. ഇന്നും അദ്ദേഹത്തിന്റെ കച്ചേരി കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുക. അതിൽനിന്നാണ് ഉപകരണ സംഗീതത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ഒരു രാഗം പാടി കേൾക്കുന്നതും അത് ഫ്ലൂട്ടിൽ വായിക്കുന്നതും വീണയിൽ വായിക്കുന്നതുമൊക്കെ തികച്ചും വ്യത്യസ്തമായ അവസ്ഥകളാണ്, അനുഭവങ്ങളാണ്.
അല്ല, ഒപ്പം ഇളയച്ഛനായ ശിവരാമകൃഷ്ണ അയ്യരുടെയടുത്തും പഠിച്ചിരുന്നു. അറിയപ്പെടുന്ന പുല്ലാങ്കുഴൽ വിദഗ്ധനായ അദ്ദേഹം തിരുവനന്തപുരത്തായിരുന്നു താമസം. അടുത്ത് കച്ചേരികൾക്കൊക്കെ വന്നാൽ വീട്ടിൽ വരും. അപ്പോൾ പഠിപ്പിക്കും. അല്ലാതെ തിരുവനന്തപുരത്തു പോയിനിന്നും പഠിക്കുമായിരുന്നു. അദ്ദേഹം പ്രഫഷനലായിരുന്നതിനാൽ ധാരാളം ടെക്നിക്കുകൾ, അതായത് ശ്രുതി മെയിന്റയിൻ ചെയ്യാനും ടോണൽ ക്വാളിറ്റി നിലനിർത്താനുമൊക്കെയുള്ള ധാരാളം കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഒരുപാട് ആളുകളുടെയടുത്ത് പോയി പഠിച്ചിട്ടല്ല എന്നിലെ സംഗീതം രൂപപ്പെട്ടത്. കൂടുതലും സ്വയം പഠനങ്ങളും അന്വേഷണങ്ങളുമായിരുന്നു. എല്ലാം അങ്ങനെ രൂപപ്പെട്ടു എന്ന് പറയുന്നതായിരിക്കും ശരി. ധാരാളം സംഗീതജ്ഞരെ നേരിൽ കേട്ട അനുഭവജ്ഞാനമാണ് അതിന്റെ മുതൽക്കൂട്ട്. സംഗീതത്തോടുള്ള ഭ്രാന്തമായ ഒരഭിനിവേശം. കേൾവിതന്നെ നിരന്തരമായ ഒരു സാധനയായി. വീട്ടിൽ വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ല. അച്ഛന്റെ ഏക വരുമാനമേയുള്ളൂ. അതുകൊണ്ട് വീട്ടിൽ റേഡിയോപോലും ഉണ്ടായിരുന്നില്ല. അക്കാലത്ത് കർണാടക സംഗീതം കേൾക്കാൻ റേഡിയോ വലിയ ഒരുപാധിയായിരുന്നു. എന്നാൽ, വീട്ടിലില്ലാത്തതിനാൽ മറ്റെവിടെയെങ്കിലും െവച്ചൊക്കെയേ കേൾക്കാൻ കഴിയുമായിരുന്നുള്ളൂ.
പിന്നെയുള്ള ഏകമാർഗം നേരിൽ കേൾക്കുക എന്നതായിരുന്നു. അതിനായി എല്ലാ അമ്പലങ്ങളിലും സംഗീതസഭകളിലുമൊക്കെ പോകണം. ചെറുപ്പം മുതലേ അങ്ങനെ പാട്ടു കേൾക്കാനായി യാത്ര ചെയ്തു തുടങ്ങി. ട്രെയിനായിരുന്നു ആശ്രയം. തൃശൂർ വടക്കാഞ്ചേരി വരെയും കോട്ടയത്തുനിന്ന് ചേർത്തല വരെയും രണ്ട് സീസൺ ടിക്കറ്റുകൾ എടുത്തായിരുന്നു യാത്ര. പഠനം കഴിഞ്ഞ് ട്രെയിൻ കയറി കച്ചേരി കേൾക്കാൻ പോയി കഴിഞ്ഞാൽ അർധരാത്രിക്കും വെളുപ്പിനുമൊക്കെയാണ് മടങ്ങിവരുക. കോട്ടയം റെയിൽവേ സ്റ്റേഷനിലിറങ്ങി നടന്നാണ് വീട്ടിലേക്ക് പോവുക. പലപ്പോഴും രാത്രിയിൽ ബീറ്റ് പൊലീസുകാർ പിടിച്ചുനിർത്തിയിട്ടുണ്ട്. പിന്നീട് സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ അവർ കച്ചേരിയുടെ വിശേഷങ്ങൾ അന്വേഷിക്കാൻ തുടങ്ങി.
ഇങ്ങനെ കേട്ട അനേകം കച്ചേരികളുടെ അനുഭവമാണ് എന്റെ സംഗീതസ്വത്ത്. ഏത് പുതിയ രാഗം കേട്ടാലും അത് അതുപോലെ ഒപ്പിയെടുക്കുന്ന ഒരു ശീലമുണ്ടായിരുന്നു. അത് പിന്നീട് ഫ്ലൂട്ടിൽ പ്രാക്ടീസ് ചെയ്യും. അങ്ങനെയുണ്ടായ രാഗബോധം രാഗങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും അതിന്റെ അനന്തവും അഭൗമവുമായ സാധ്യതകളെപ്പറ്റി ചിന്തിക്കാനും പ്രേരിപ്പിച്ചു. അങ്ങനെയാണ് സാമ്പ്രദായിക കച്ചേരിയിൽനിന്ന് വേറിട്ട് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
പഠനമൊക്കെ സാധാരണരീതിയിൽ തന്നെയായിരുന്നു. ധാരാളം വർണങ്ങളും കീർത്തനങ്ങളും പഠിക്കുക എന്നൊക്കെയായിരുന്നു. അച്ഛന്റെ കൈയിൽ തമിഴിലുള്ള ഗ്രന്ഥങ്ങളുമായിരുന്നു. എനിക്ക് തമിഴ് വായിക്കാനറിയാവുന്നതുകൊണ്ട് അതൊക്കെ അച്ഛന്റെ സഹായത്തോടെ വായിച്ച് റഫർ ചെയ്യാൻ കഴിഞ്ഞു. അതിൽനിന്നൊക്കെ കൂടുതൽ വൈവിധ്യമാർന്ന രാഗങ്ങളും കീർത്തനങ്ങളുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. നമ്മുടെ പൊതുവായ പഠനരീതി എങ്ങനെയെന്നാൽ കീർത്തനങ്ങൾ ചിട്ടയോടെ വായിക്കുക, സാമ്പ്രദായികമായി പഠിക്കുക അങ്ങനെയൊക്കെയായിരുന്നു. എന്നാൽ, ഞാൻ മനോധർമ സംഗീതത്തിനും സ്വരങ്ങളും രാഗങ്ങളുമൊക്കെ കൂടുതൽ വായിക്കുന്നതിലും ശ്രദ്ധകൊടുത്തു. കീർത്തനങ്ങളുടെ സാമ്പ്രദായിക രീതിയെക്കാൾ ഇതിനാണ് കൂടുതൽ പ്രാധാന്യം വേണ്ടതെന്നാണ് എനിക്ക് തോന്നിയത്.
കൂടാതെ മനോധർമത്തിലെ സ്വരങ്ങളുടെ വ്യാകരണം അവതരിപ്പിക്കുന്ന ഒരു പാണ്ഡിത്യപ്രകടനം ഇതിലൂടെയൊക്കെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്. ഇതൊക്കെ കച്ചേരികളിൽ പതിയെ അവതരിപ്പിക്കാനും തുടങ്ങി. ഇതൊക്കെ ചെയ്യുമ്പോഴും മിസിങ് ആയ ഒരു കാര്യം എനിക്ക് തോന്നിയത് മെലഡിയാണ്. സരസ്വതിയെയാണ് കേൾക്കേണ്ടതെങ്കിൽ വരവീണ വായിച്ചാലും മതിയല്ലോ. കുട്ടികൾ പ്രാഥമികമായി പഠിക്കുന്ന കൃതിയായിട്ടാണ് അതിനെ കരുതിയിട്ടുള്ളത്. ആ രാഗം എങ്ങനെ വായിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മൾ രാഗമല്ല കേൾക്കുന്നത്, കീർത്തനമാണ് എന്നതാണ് നൂറ്റാണ്ടുകളായി തുടരുന്ന രീതി. അതുതന്നെ തുടരുന്നതിൽ വലിയ കാര്യമില്ല എന്നെനിക്കും തോന്നി. ഞാൻ വായിക്കുന്നത് ഫ്ലൂട്ടിലാണ്, അല്ലാതെ പാടുകയല്ല. ഒരു രാഗത്തിന്റെ അനന്തസാധ്യതയെ കൊണ്ടുവരുക എന്നതാണ് ഒന്ന്, രണ്ട് എന്നിങ്ങനെ എഴുതിവെച്ച സംഗതികൾ വായിക്കുന്നതിലും വലിയ കാര്യമായി എനിക്ക് തോന്നിയത്.
ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ശഹാന രാഗം ഒരുവിധം നന്നായിത്തന്നെ വായിക്കുമായിരുന്നു. എന്നാൽ, അതിൽ ഒരു കീർത്തനംപോലും അറിയില്ല. അതുകൊണ്ട് ഞാൻ എന്തെങ്കിലും ഉണ്ടാക്കി വായിക്കട്ടെ എന്ന് അച്ഛനോട് ചോദിച്ചു. അതിന് നിനക്ക് കീർത്തനമൊന്നും അറിയില്ലല്ലോ എന്നായിരുന്നു അച്ഛന്റെ മറുപടി. വേറൊരാൾ ഉണ്ടാക്കിവെച്ചത് കാണാതെ പഠിക്കാത്തതാണോ എന്റെ കുറ്റം എന്ന് ഞാൻ അന്നേ അച്ഛനോട് ചോദിച്ചിരുന്നു. അച്ഛൻ എതിർത്തില്ല. എന്റെ രീതികളോടൊന്നും അച്ഛന് വിയോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, പാരമ്പര്യം ഡോമിനേറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിൽ എന്റെ ഭാവി അപകടത്തിലാകുമോ എന്ന ഒരു ആശങ്ക മാത്രമേ അച്ഛനുണ്ടായിരുന്നുള്ളൂ.
എല്ലാ രാഗത്തിലും ധാരാളം കീർത്തനങ്ങളുണ്ട്. എന്നാൽ, ഫ്ലൂട്ടിനു വേണ്ടിയോ വീണക്കു വേണ്ടിയോ ഒരു കീർത്തനം ആരെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ? ശ്രീകൃഷ്ണൻ ഏതായാലും വായിച്ചിട്ടുള്ളത് ത്യാഗരാജ കീർത്തനമായിരിക്കില്ലല്ലോ. കൃതികൾ മാത്രം വായിക്കുന്നതുകൊണ്ട് ഒരു സംഗീതോപകരണത്തിന്റെ സാധ്യതയും ചൂഷണംചെയ്യപ്പെടുന്നില്ല. അതിന് രാഗത്തിലേക്കും സ്വരത്തിലേക്കും ഇറങ്ങിച്ചെല്ലുക എന്നതുതന്നെയാണ് വേണ്ടത്.
അങ്ങനെ ശത്രുത എന്ന് പറയാൻ കഴിയില്ല. പലർക്കും വിഷമമുണ്ടാക്കിയിട്ടുണ്ട്. ഇയാൾക്കിതെന്തു പറ്റി, നമ്മുടെ രീതിയിൽ നിന്നൊക്കെ മാറി പോവുകയാണല്ലോ എന്ന ചിന്ത. ഞാൻ നിരീശ്വരവാദിയാണെന്ന് പറയുന്നവരുണ്ട്. എന്നാൽ അത് ശരിയല്ല. ഞാൻ നല്ല ഈശ്വര വിശ്വാസിയാണ്. എന്നാൽ, ഭക്തി മാത്രമാണ് സംഗീതം എന്നെനിക്കഭിപ്രായമില്ല. എല്ലാത്തരം വികാരങ്ങളെയും ഉൾക്കൊള്ളുന്നതാണ് സംഗീതം. അതിന്റെ അപാരമായ സാധ്യതകളെ മാറ്റിെവച്ചിട്ട് ഭക്തി മാത്രം പാടണം എന്നു പറയുന്ന സമ്പ്രദായത്തോടാണ് എനിക്ക് വിയോജിപ്പ്.
നമ്മുടെ കച്ചേരി സദസ്സുകൾ വൃദ്ധസദനങ്ങളിലെപ്പോലെയായിരിക്കുന്നു ഇന്ന്. ചെറുപ്പക്കാരെ സദസ്സിൽ കണ്ടിട്ട് വർഷങ്ങളായി. ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന വൃദ്ധർക്ക് കേൾക്കാനുള്ള ഒന്നായി കച്ചേരികൾ ഇന്ന് മാറിയിരിക്കുന്നു. ഒരേ സമ്പ്രദായംതന്നെ തുടർന്നു പോകുന്നതിലെ കുഴപ്പമാണിത്.
അതൊരു ഇൻസ്ട്രുമെന്റാണ്. ഭാഷക്കതീതമാണ്. ഞാൻ സംഗീതം പഠിച്ചതിനൊപ്പം മറ്റു സബ്ജക്ടുകളും പഠിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കാറുണ്ട്. അങ്ങനെയാണ് ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയത്. മുൻകാലത്ത് നിർമിച്ചതൊക്കെ മഹത്തരങ്ങൾ തന്നെയാണ്. പക്ഷേ, നമ്മൾ അവിടെത്തന്നെ നിൽക്കുന്നത് എന്തിനാണ്? അവിടംകൊണ്ട് നിർത്താനാണെങ്കിൽ പിന്നീട് ദീക്ഷിതരും സ്വാതി തിരുനാളുമൊക്കെ ഉണ്ടാകുമായിരുന്നില്ലല്ലോ. പിന്നെയും 200 കൊല്ലം കഴിഞ്ഞും നമ്മൾ അതുതന്നെ ഫോട്ടോസ്റ്റാറ്റ് പോലെ പാടിക്കൊണ്ടേയിരിക്കുന്നു. നമ്മൾ ദൈവത്തെ കാണാൻ പാട്ടിന്റെ ലിറിക്സിനെ മാത്രം ആശ്രയിച്ചുകൊണ്ടേയിരിക്കുന്നു.
എന്നാൽ, രാഗത്തിന്റെ ഭാഷ മറ്റൊന്നാണ്. ഫ്ലൂട്ടിന്റെ ഭാഷ മറ്റൊന്നാണ്. രാഗത്തിൽ ചിട്ടപ്പെടുത്തുമ്പോൾ എന്തിനെക്കുറിച്ച് എഴുതിയാലും അതിൽ ആ രാഗമുണ്ടാകും. ഒന്നുമല്ലാതെ ദൈവത്തെ പറ്റി മാത്രമാകണമെന്നില്ല. പഴയകാലത്ത് നമ്മുടെ സാമൂഹികാവസ്ഥ വളരെ വ്യത്യസ്തമായിരുന്നു. കൊളോണിയൽ ഭരണത്തിലൊക്കെ ആയിരുന്നല്ലോ നമ്മൾ. അന്നത്തെ അരക്ഷിതാവസ്ഥയിലൊക്കെ ഭക്തി വളരെ ആശ്വാസമായിരുന്നു. എന്നാൽ, കാലംമാറി. ഇതിലൊക്കെ മാറ്റംവരുത്തേണ്ടതുണ്ട്. പാട്ടും ലിറിക്സും മാത്രമല്ലല്ലോ സംഗീതം. ഒരു കീർത്തനംപോലും ഇല്ലാത്ത രാഗങ്ങൾ എത്രയോ ഉണ്ട്. അവയൊന്നും പാടേണ്ട എന്നാണോ? നമ്മൾ സംഗീതത്തെയല്ല, സംഗീതജ്ഞരെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതിനോട് എനിക്ക് യോജിപ്പില്ല.
ശൈലി എന്നത് കൈയക്ഷരംപോലെയാണ്. ഒരാളുടെ കവിത ഞാൻ എടുത്തെഴുതുമ്പോൾ അദ്ദേഹത്തിന്റെ കൈയക്ഷരത്തിൽതന്നെ എഴുതണം എന്ന് വാശി പിടിക്കുന്നതെന്തിനാണ്. അതുപോലെയാണ് ശൈലി എന്ന് പറയുന്നത്. എല്ലാവരും ഒരു ശൈലിയാണ്. ഒരാളെ പോലെയല്ല മറ്റൊരാൾ പാടുന്നത്. എല്ലാവരിലും ഒരു ശൈലിയുണ്ട്. പാടുന്നതിലെ കണ്ടന്റിനെയല്ലേ നമ്മൾ ഉൾക്കൊള്ളേണ്ടത്. നമ്മളെന്തിനാണ് ശൈലിയെ സ്നേഹിക്കുന്നത്. സംഗീതം ദൈവികമാണ് എന്നു പറയുന്നു. ഏതാണ് ദൈവികമല്ലാത്തത്. എല്ലാ പ്രവൃത്തികളും എല്ലാ സർഗാത്മക പ്രകിയകളും ദൈവികമാണ്. ഏതെങ്കിലും കീർത്തനം കേട്ടാൽ മാത്രമേ ദൈവത്തെ കാണാൻ കഴിയൂ എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ്.
ചാക്യാർ കളിയാക്കിയപ്പോൾ ഒറ്റ ദിവസംകൊണ്ട് ഒരു കലാരൂപം സൃഷ്ടിച്ചെടുത്ത കുഞ്ചൻ നമ്പ്യാരെപ്പോലുള്ള പ്രതിഭകളുടെ നാടാണ് നമ്മുടേത്. തെലുങ്കൻമാരുടെ പാട്ടു കേട്ട് പിൻവലിയേണ്ടവരല്ല മലയാളികൾ. കലയിലായാലും ഏത് കാര്യത്തിലായാലും ഏറ്റവും മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ. രണ്ട് വരി സ്വന്തമായി എഴുതാൻ കഴിയാത്തവരായി, അല്ലെങ്കിൽ അതിനുള്ള ധൈര്യമില്ലാതെ തെലുഗുവിലും തമിഴിലും ഉള്ളതൊക്കെ കാണാതെ പഠിച്ച് എന്തിനാണ് നമ്മൾ ഇങ്ങനെ ഫോട്ടോസ്റ്റാറ്റ് മെഷീന്റെ പണി ചെയ്യുന്നത്.
അങ്ങനെയാർക്കും അവകാശപ്പെടാൻ കഴിയില്ല. ഈ സംഗീതം പാടുന്ന ആർക്കും അതിന്റെ അതോറിറ്റി അവകാശപ്പെടാൻ കഴിയും. ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും നല്ല തോടി രാഗം കഥകളി സംഗീതജ്ഞനായ വെൺമണി ഹരിദാസ് പാടിയതാണ്. അതുപോലെ ഒരനുഭൂതി തരാൻ ഒരു ചെന്നൈക്കാരനും ഒരു ആന്ധ്രക്കാരനും കഴിഞ്ഞിട്ടില്ല. ഞാൻ സ്ഥലപ്പേരിനെയല്ല ഇഷ്ടപ്പെടുന്നത് സംഗീതത്തെയാണ്. ഒരിക്കൽ തീർഥപാദ മണ്ഡപത്തിൽ െവച്ചാണ് ഹരിദാസ് മാഷിന്റെ തോടി കേട്ടത്. എന്താണെന്ന് പറയാൻ കഴിയില്ല. ഞാൻ വല്ലാത്തൊരു ലോകത്തായിപ്പോയി. അതിന്റെ അനുഭൂതി ഇന്നും ഓർക്കുന്നു.
ഞാൻ പ്രോഗ്രാം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചോദിച്ചു; മാഷേ, ഞാൻ വല്ലപ്പോഴുമൊക്കെ വരട്ടെ, എന്തെങ്കിലുമൊക്കെ പറഞ്ഞുതരുമോ എന്ന്. പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറി. അദ്ദേഹത്തെ എനിക്ക് വളരെ മുമ്പേതന്നെ അറിയാം. അദ്ദേഹവും എമ്പ്രാന്തിരിയും ചേർന്ന് കഥകളിപ്പദ കച്ചേരി തുടങ്ങിയ കാലം മുതൽ കേൾക്കാറുണ്ട്. പലയിടത്തും എന്റെ കച്ചേരി കഴിഞ്ഞ് അവരുടെ കച്ചേരിയുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ വായിക്കുന്നതു കേൾക്കാൻ അവർ മുന്നിൽ വന്നിരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ആനന്ദഭൈരവി വായിക്കുന്നത് കേട്ട് എന്നെ വന്ന് അഭിനന്ദിച്ചിട്ട് പറഞ്ഞു; ഞങ്ങൾ ഇന്ന് ഒരു ആനന്ദഭൈരവി പാടുന്നുണ്ട്, അതുകൂടി കേട്ടിട്ടേ പോകാവൂ എന്ന്. അതും ഇന്നും ഓർമയിലുണ്ട്. എങ്ങനെയാണ് ആനന്ദം രാഗത്തിലൂടെ അവതരിപ്പിക്കേണ്ടതെന്ന് അന്നാണ് മനസ്സിലായത്.
ഭാവം. അതാണ് പ്രധാനം. ആർക്കും മനസ്സിലാകാത്ത ഒന്ന് അവതരിപ്പിച്ച് പാണ്ഡിത്യം പ്രകടിപ്പിക്കുന്നതിനേക്കാൾ വലിയ കാര്യമാണ് എല്ലാവർക്കും മനസ്സിലാകുന്ന ഒരു കാര്യം മറ്റാർക്കും ചെയ്യാൻ കഴിയാത്ത രീതിയിൽ അവതരിപ്പിക്കുന്നത്. അതിലാണ് ഒരു പെർഫോമറുടെ മഹത്ത്വം. കലയെന്നത് ഒരിടത്ത് ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അതിന്റെ മണ്ഡലം വികസിക്കുന്നതിനനുസരിച്ച് കലയുടെ മഹത്ത്വവും വർധിക്കുന്നു. ഒരു കഥകളി സംഗീതജ്ഞൻ മനുഷ്യജീവിതത്തിന്റെ അനേകം വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
എനിക്ക് മലയാളികളോട് തന്നെയാണ് ബഹുമാനം. നമ്മുടെ കൈയിൽ എന്തുണ്ടോ അത് നന്നായി കൈകാര്യംചെയ്യുക. അല്ലാതെ, മറ്റുള്ളവരെ പൊക്കിപ്പറഞ്ഞതുകൊണ്ട് നമുക്കെന്ത് കിട്ടാനാണ്. ഇവിടെ എത്രയോ പേർ തബല പഠിക്കുന്നു, കഥക് പഠിക്കുന്നു. പക്ഷേ, ഉത്തരേന്ത്യയിൽനിന്ന് ആരെങ്കിലും കഥകളി പഠിക്കുന്നുണ്ടോ?
അതെ, ഞാൻ കേൾക്കാൻ തുടങ്ങിയ കാലം മുതൽ അങ്ങനെയാണ് തോന്നിയിട്ടുള്ളത്. എന്നാൽ, അവർക്ക് കൂടുതലായി അത് പ്രകടിപ്പിക്കാൻ കഴിയുന്നത് നമ്മുടെ എല്ലാ മാനുഷിക വികാരങ്ങളിലൂടെയും അത് കടന്നുപോകുന്നതുകൊണ്ടാണ്. നമ്മുടെ കച്ചേരികളിൽ ഭക്തിയാണ് എല്ലാം എന്നാണ് കരുതിയിരിക്കുന്നത്.
നമ്മൾ മലയാളികൾക്ക് പൊതുവെ മറ്റുള്ളവരോട് ഒരു വിധേയത്വമുണ്ട്. ഇംഗ്ലീഷ് ഭാഷയോടുള്ള നമ്മുടെ അമിത താൽപര്യമൊക്കെ അങ്ങനെ വന്നതാണ്. ഇംഗ്ലീഷുകാരുടെ തൊലി വെളുത്തിരിക്കുന്നതുകൊണ്ടാണ് നമ്മൾക്ക് ആ ഭാഷയോട് ഇത്ര അഭിനിവേശം വന്നത്.
വീണ മീട്ടി വായിക്കുന്ന ഉപകരണവും ഫ്ലൂട്ട് ഊതി വായിക്കുന്നതും വയലിൻ ബോ കൊണ്ട് വായിക്കുന്നതുമാണ്. ഇതിനെല്ലാം ഒരേ പാഠ്യപദ്ധതി എങ്ങനെ ശരിയാകും. നമുക്ക് വായ്പാട്ടിന്റെ പാഠ്യപദ്ധതിയേ ഉള്ളൂ. അത് എല്ലാത്തിനും പറഞ്ഞുകൊടുക്കുകയാണ്. ഇതൊക്കെ മാറേണ്ടിയിരിക്കുന്നു. കാലത്തിന് മുന്നേ നടന്ന വീണയിലെ അത്ഭുതമായ ചിട്ടി ബാബു സാറിന്റെ ആലാപനത്തെക്കുറിച്ച് ഒരു പാട്ടറിയാവുന്ന വ്യക്തിയോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് അയാൾ ഒരു പാട് മീട്ടിവായിക്കുന്നു എന്നാണ്.
എനിക്ക് ചിരിയാണ് വന്നത്. ഞാൻ തർക്കിക്കാൻ നിന്നില്ല. മീട്ടിവായിക്കേണ്ട ഉപകരണമായ വീണ മീട്ടിയല്ലാതെ പിന്നെ എങ്ങനെയാണ് വായിക്കേണ്ടത്. നീന്തുന്ന ഒരാൾ കൂടുതൽ തുഴയുന്നു എന്ന് പറയുന്നതുപോലെയാണത്. തുഴയാതെ അയാൾക്ക് നീന്താൻ കഴിയില്ലല്ലോ. അതുപോലെയാണ് വീണ മീട്ടുന്ന കാര്യവും. മീട്ടുന്ന വാദ്യം മീട്ടിത്തന്നെ വായിക്കണം. അത് സാഹിത്യത്തിൽനിന്ന് കൂടുതലായി അകന്നുപോകുന്നു എന്നതാണ് നമ്മുടെ ആസ്വാദകരുടെ പ്രശ്നം. പണ്ട് പാടിവെച്ചപോലെ ഇപ്പോഴും പാടണം എന്നാണ് അവർ ശാഠ്യം പിടിക്കുന്നത്. ഇത്തരം ശീലങ്ങളെ മാറ്റിയെടുക്കുകയാണ് വേണ്ടത്.
കോഴിക്കോട്ടുനിന്ന് ഒരു പാട്ടുകാരൻ, കന്യാകുമാരിയിൽനിന്നൊരു മൃദംഗകാരൻ, കോട്ടയത്തുനിന്നൊരു വയലിനിസ്റ്റ് എന്നിവർ ചേർന്ന് എന്തു സംഗീതമാണ് നിങ്ങൾക്ക് നൽകുന്നത്. ഹംസധ്വനി പാടുകയാണെങ്കിൽ ‘‘വാ താപി’’ ആയിരിക്കും, ആഭേരി ആണെങ്കിൽ ‘‘നഗുമോ’’ ആയിരിക്കും എന്ന ബോധ്യം ഇവർക്കുണ്ട്. അതുകൊണ്ടാണ് അതിവിടെ വിജയിക്കുന്നത്. യഥാർഥത്തിൽ ഇവർ ഒന്നിച്ചുചേർന്നിരുന്ന് പ്രാക്ടീസ് ചെയ്തുവേണം പെർഫോം ചെയ്യാൻ. അല്ലാതെ തട്ടിക്കൂട്ടി ആസ്വാദകരെ പറ്റിക്കുകയല്ല വേണ്ടത്.
കൃത്യമായി പ്രാക്ടീസ് ചെയ്യാതെ ഒരു കലാരൂപവും നമ്മൾ അവതരിപ്പിക്കാറില്ല. എന്നാൽ, സംഗീതത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. മിക്കവാറും സ്ഥിരമായ പക്കമേളം. അതിൽ പാടി ഒപ്പിക്കുക എന്നതൊക്കെയാണ് രീതി. നമ്മുടെ സംഗീതം ഡിമാൻഡ് ചെയ്യുന്ന ഉപകരണങ്ങൾ വായിക്കുകയാണ് വേണ്ടത്. യഥാർഥത്തിൽ നമ്മുടെ ഭാവനയെ ഒരു വട്ടത്തിലേക്ക് പരിമിതപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. ഒരു കലാകാരന്റെ ഭാവന എന്നാണെന്ന് ശീലിച്ചാലെന്താ കേൾവിക്കാർക്ക്?
കേൾവിക്കാർ ഹോം വർക്ക് ചെയ്തിട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒന്ന് പ്രതീക്ഷിച്ച് വരരുത്. നമ്മൾ പാട്ടുകാരനിൽനിന്ന് പുതുതായി എന്തെങ്കിലും കേൾക്കാൻ ആഗ്രഹിച്ച് വരണം. ചില കൃതികൾ വായിക്കാനൊക്കെ ആവശ്യപ്പെടുന്നതല്ലാതെ ആരും ഒരു കാംബോജി വായിക്കൂ എന്നോ ആനന്ദഭൈരവി വായിക്കൂ എന്നോ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു സംഗീത സംസ്കാരമാണ് നമ്മൾ സൃഷ്ടിച്ചെടുക്കേണ്ടത്. ഒരു സിനിമയിലെ പല തരത്തിലുള്ള ഇമോഷൻസിനനുസരിച്ച് പശ്ചാത്തല സംഗീതം ഒരുക്കുന്നുണ്ട്. അതിന് ഒരു ലിറിക്സും ഇല്ലല്ലോ. അവ നമ്മൾ നന്നായി ആസ്വദിക്കുന്നില്ലേ. വാതാപി പാടുമ്പോൾ അത് നന്നായി എന്ന് നമുക്ക് തോന്നുന്നത് അത് ഹംസധ്വനി രാഗമായതുകൊണ്ടാണ്.
അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടിട്ടില്ല. ലിറിക്സിനെ മാനിക്കേണ്ട എന്നല്ല ഞാൻ പറഞ്ഞത്. ലിറിക്സിനെ മാനിക്കുക തന്നെ വേണം. അല്ലെങ്കിൽ അത് സൃഷ്ടിച്ച ആളോടുള്ള നീതികേടായിരിക്കും. പക്ഷേ, അതിൽ എഴുത്തുകാരൻ കണ്ട ഭാവനക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന വികാരഭാവങ്ങളാണ് കൊണ്ടുവരേണ്ടത്. ‘‘തായേ യശോദ’’ എന്ന കൃതിതന്നെ എടുത്താൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പരബ്രഹ്മം നിന്നെ അമ്മേ എന്നുവിളിക്കുന്നു. അതിന് നീ എന്തു പുണ്യമാണ് ജീവിതത്തിൽ ചെയ്തത് എന്നും ബ്രഹ്മനും ഇന്ദ്രനും ആരാധിക്കുന്ന ദൈവത്തെ നീ ഉരലിൽ കെട്ടിയിടുന്നു, വഴക്ക് പറയുന്നു ഇതിന് നീ എന്ത് പുണ്യമാണ് ചെയ്തതെന്നുമാണ്. അത്യുദാത്തമായ ഒരു ഭാവനയാണത്. അങ്ങനെയുള്ള ഭാഗമൊക്കെ വായിക്കുമ്പോൾ അങ്ങേയറ്റം വികാരഭരിതരാകും നമ്മൾ.
മഹാവിഷ്ണുവിനെക്കാൾ ഇവിടെ അമ്മമാർക്കും മറ്റും ഇഷ്ടം ഉണ്ണിക്കണ്ണനെയാണ്. അതിന് ‘‘രാരവേണു ഗോപബാല’’ എന്ന കൃതി പാടിയാലും മതി. അതിന്റെ രാഗഭാവം നമ്മെ സ്പർശിക്കും. എന്റെ മാധവമുരളി എന്ന സീഡിയിൽ ഞാൻ ‘‘രാരവേണു ഗോപബാല’’ വായിച്ചിട്ടുണ്ട്. അതു വളരെ നന്നായി സ്വീകരിക്കപ്പെട്ടു. നമ്മുടെ ബാലപാഠങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്ന ആ കൃതി വായിക്കാൻ സാധാരണ ആരും ധൈര്യപ്പെടുകയില്ല. അത് വായിക്കാൻ കാരണം അതിന്റെ ലിറിക്സിനോട് നീതിപുലർത്താൻ തന്നെയായിരുന്നു.
‘‘വരവ വീണാ മൃദുപാണി’’ എന്ന കുട്ടികളെ പഠിപ്പിക്കുന്ന ഗീതത്തിന്റെ സാഹിത്യം നമ്മുടെ പാട്ട് ക്ലാസുകളിൽ തെറ്റായാണ് പഠിപ്പിക്കുന്നത്. ‘‘വനരുഹ ലോചന റാണി’’ എന്ന ഭാഗം കാലാകാലങ്ങളായി ‘‘വനരുഹലോ... ചനറാണി’’ എന്നാണ് പഠിപ്പിക്കുന്നത്. ‘‘സരസിജാസന ജനനീ’’ എന്നത് സരസിജ... ‘‘സനജനനീ എന്നിങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അവിടെ പോലും നമ്മൾ സാഹിത്യത്തോട് അല്ലെങ്കിൽ അതെഴുതിയ ആളിന്റെ ആത്മാവിനോട് നീതിപുലർത്തുന്നില്ല. പക്ഷേ, ഞാൻ പറഞ്ഞത് രാഗം നമുക്ക് കേൾക്കണ്ടേ എന്നാണ്. ലിറിക്സ് ഇല്ലാതെയും രാഗത്തിന്റെ ഭാവം സൃഷ്ടിക്കാൻ കഴിയും. എന്നാൽ, അതേസമയം കീർത്തനം വായിക്കുമ്പോൾ കീർത്തനത്തോട് പൂർണമായും നീതി പുലർത്തുക എന്നതാണ്. നമ്മുടെ കുഴപ്പം നമ്മൾ സംഗീതത്തെക്കാൾ സമ്പ്രദായത്തെ സ്നേഹിക്കുന്നു എന്നതാണ്.
ഏതു തരത്തിലുള്ള വികാരവും പ്രകടിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഭാഷ. എന്നാൽ ഞാൻ അതിൽ ഒരു കാര്യം മാത്രമേ പറയൂ എന്ന് നിർബന്ധംപിടിച്ചാലോ, ആ ഭാഷകൊണ്ട് വല്ല പ്രയോജനവുമുണ്ടോ? അതുപോലെയാണ് രാഗത്തിന്റെ കാര്യത്തിലും. ആ രാഗംകൊണ്ട് പ്രകടിപ്പിക്കാവുന്ന അസംഖ്യം വികാരങ്ങളുണ്ട്. അതിനുള്ള സാധ്യതകളാണ് നമ്മൾ ചില സമ്പ്രദായം പറഞ്ഞ് ഇല്ലാതാക്കുന്നത്. ഭക്തി എല്ലാ കാലത്തും എല്ലായിടത്തും ചെലവഴിക്കാൻ പറ്റിയ ഒന്നാണെന്ന് നമുക്കറിയാം.
ഒരു ക്ലാസിക്കൽ കലാരൂപത്തിന് അങ്ങനെ അധികം താഴേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയണമെന്നില്ല. സംഗീതത്തിന് ജനകീയമായ മറ്റു ഭാവങ്ങളുണ്ട്. സിനിമാ ഗാനങ്ങളൊക്കെ ആ വിഭാഗത്തിൽപെടുന്നതാണ്. എന്നാൽ, ക്ലാസിക്കൽ ഫോർമാറ്റിൽ അതിന് ഒരു പരിധിക്കപ്പുറം താഴേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയില്ല. ആസ്വാദകർ ആ നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ് വേണ്ടത്. സംഗീതം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഫ്ലൂട്ട് കേൾക്കുമ്പോൾ അതിന്റെ ഭാഷ അറിഞ്ഞിട്ടല്ല നമ്മൾ ആസ്വദിക്കുന്നത്. സിനിമയിലെ പശ്ചാത്തല സംഗീതവും നമ്മൾ ആസ്വദിക്കുന്നില്ലേ.
അത് ഞാൻ പറയേണ്ട കാര്യമല്ലല്ലോ. എല്ലാ വിഭാഗം ആൾക്കാരും അത് കേൾക്കുന്നുണ്ട്. എന്റെ ഫ്ലൂട്ടാണ് ഓപറേഷൻ തിയറ്ററിൽ വെച്ച് കേൾക്കുന്നതെന്ന് ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റുമാരും ബാങ്ക് ഉദ്യോഗസ്ഥരുമൊക്കെ ധാരാളം കേൾക്കുന്നുണ്ട്. എന്നാൽ എനിക്ക് തോന്നുന്നത് കൂടുതലും കേൾക്കുന്നത് സാധാരണക്കാരാണ്. ഒരിക്കൽ രസകരമായ ഒരനുഭവമുണ്ടായി. ഞാൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ബെർത്ത് കിട്ടാനായി ടി.ടിയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഒന്നുരണ്ടു വട്ടം ചോദിച്ചപ്പോൾ അയാൾക്ക് ദേഷ്യം വന്നു. അവിടെ പോയി ഇരിക്കൂ, ഞാൻ അറിയിക്കാം എന്ന് പറയുമ്പോൾ അയാളുടെ ഫോൺ റിങ് ചെയ്തു. ഞാൻ വായിച്ചതാണ് ഫോണിൽ കേൾക്കുന്നത്. ഞാൻ ഒന്നും മിണ്ടാതെ സീറ്റിൽ പോയി ഇരുന്നു.
അത് യഥാർഥത്തിൽ വളരെ പണ്ട് ഞാൻ കമ്പോസ് ചെയ്താണ്. എനിക്ക് 19 വയസ്സുള്ള കാലത്താണ്. മലയാളത്തിലെ ചില വാക്കുകൾ തിരിച്ചു മറിച്ചും വായിക്കുന്ന ഒരു രീതിയുണ്ടായിരുന്നു തമാശക്ക്. മോരു തരുമോ എന്ന് എഴുതി കാണിച്ചിട്ട് എന്റെചേച്ചി തിരിച്ച് വായിക്കാൻ പറഞ്ഞപ്പോഴാണ് അതിൽ ഒരു കൗതുകം തോന്നിയത്. സ്വരങ്ങളെ ഇങ്ങനെ തിരിച്ചും മറിച്ചും വായിച്ചാലെന്താ എന്നു ചിന്തിച്ചു. അങ്ങനെ ഉണ്ടാക്കിയതാണത്. അതിൽ മുഴുവൻ അങ്ങനെയുള്ള സ്വരങ്ങളുടെ കോമ്പിനേഷനാണ്. റിഫ്ലക്ഷൻസ് എന്നാണ് അതിന് നൽകിയിരിക്കുന്ന പേര്.
അത് അവർ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. മൂന്ന് ആൽബങ്ങളാണ് അത്തരത്തിൽ ചെയ്തത്. ധാരാളം ആളുകൾ അത് കേട്ടു. അതിൽ ‘വിരഹം’ എന്ന ഒരു ആൽബമുണ്ടായിരുന്നു. വിരഹത്തിന്റെ മൂഡ് ഫ്ലൂട്ടിലൂടെ സൃഷ്ടിക്കുകയായിരുന്നു. അതു കേട്ടിട്ട് ഒരു സുഹൃത്ത് പറഞ്ഞത് അയാളുടെ ഭാര്യ അത് പ്ലേ ചെയ്യാൻ സമ്മതിക്കുന്നില്ല എന്നാണ്. വല്ലാത്ത മൂഡ് ഉണ്ടാക്കുന്നു അതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, അവരാണ് യഥാർഥ ആസ്വാദക.
‘കേളി’, ‘കൈവല്യ’ എന്നിവയായിരുന്നു മറ്റു രണ്ട് ആൽബങ്ങൾ. ‘കൈവല്യ’ ഒരു മെഡിറ്റേഷൻ മൂഡിലായിരുന്നു. രാഗങ്ങൾകൊണ്ട് അങ്ങനെയൊരു മൂഡ് സൃഷ്ടിക്കുകയായിരുന്നു. രാഗം ഒരു ഭാഷയാണ്. അതുകൊണ്ട് ഏതു വികാരത്തിലും എഴുതാൻ കഴിയും. അതായിരുന്നു എന്റെ ആദ്യ വർക്ക്. ഇപ്പോൾ 20 വർഷം കഴിഞ്ഞിരിക്കുന്നു അതിറങ്ങിയിട്ട്. ഇപ്പോൾ യൂട്യൂബിലാണ് കൂടുതൽ ആൽബങ്ങളും ആസ്വദിക്കെപ്പടുന്നത്. യൂട്യൂബിൽ ഞാനെന്റെ സംഗീത ചിന്തകളും അനുഭവങ്ങളും ഇപ്പോൾ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.