സംവിധായകൻ ശ്യാമപ്രസാദ് സംസാരിക്കുന്നു. രാഷ്ട്രീയം, നിലപാട്, നാടകം, സിനിമ, ജീവിതം, എഴുത്ത് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ സംഭാഷണം മുന്നോട്ടുനീങ്ങുന്നു. മലയാളിക്ക് നവകാലത്തിന്റെ ദൃശ്യഭാഷ നൽകിയ സംവിധായകനാണ് ശ്യാമപ്രസാദ്. കാലത്തിന്റെ കടലിൽനിന്ന് കണ്ടെത്തിയ ജീവിതത്തിന്റെ അസാധാരണ സന്ദർഭങ്ങൾക്ക് നൽകുന്ന ദൃശ്യാഖ്യാനങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സൃഷ്ടിച്ച...
സംവിധായകൻ ശ്യാമപ്രസാദ് സംസാരിക്കുന്നു. രാഷ്ട്രീയം, നിലപാട്, നാടകം, സിനിമ, ജീവിതം, എഴുത്ത് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ സംഭാഷണം മുന്നോട്ടുനീങ്ങുന്നു.
മലയാളിക്ക് നവകാലത്തിന്റെ ദൃശ്യഭാഷ നൽകിയ സംവിധായകനാണ് ശ്യാമപ്രസാദ്. കാലത്തിന്റെ കടലിൽനിന്ന് കണ്ടെത്തിയ ജീവിതത്തിന്റെ അസാധാരണ സന്ദർഭങ്ങൾക്ക് നൽകുന്ന ദൃശ്യാഖ്യാനങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സൃഷ്ടിച്ച 15 ചലച്ചിത്രങ്ങളും വേറിട്ട ജീവിത ശിൽപങ്ങളാണ്. അതിൽ ജീവിതത്തിന്റെ വിഭിന്ന അവസ്ഥാന്തരങ്ങൾ പ്രകാശിക്കുന്നു. ശ്യാമപ്രസാദിന്റെ ചലച്ചിത്ര വ്യാകരണവും ദൃശ്യഭാഷയും ഈ കലാമാധ്യമത്തിന്റെ നവ സാധ്യതകളെ പ്രകാശിപ്പിക്കുന്നു. അഭിരുചികളുടെ വിഭിന്ന കാലങ്ങൾ, അന്വേഷണത്തിന്റെ വ്യത്യസ്ത പഥങ്ങൾ സാക്ഷാത്കാരത്തിന്റെ സന്ദർഭങ്ങൾ ശ്യാമപ്രസാദിന്റെ സംഭാഷണങ്ങളിലൂടെ.
താങ്കളുടെ കുട്ടിക്കാലം പാലക്കാട് സുൽത്താൻ പേട്ട് ആയിരുന്നല്ലോ? ഇന്ന് ആ കാലം എങ്ങനെ ഓർക്കുന്നു?
അമ്മയുടെ മരണശേഷം പാലക്കാട്ടേക്ക് അധികം പോകാറില്ല. ഏട്ടനും (വിവേകാനന്ദൻ) കുടുംബവും ഇപ്പോഴും അവിടെയുണ്ട്. ഞാൻ കുട്ടിക്കാലത്തു വളർന്ന വീട് ഇപ്പോൾ ഇല്ല. പാലക്കാട് മറ്റു പലനഗരങ്ങളെയുംപോലെ ആകെ മാറിക്കഴിഞ്ഞു. സുൽത്താൻ പേട്ടിന് അടുത്തായിരുന്നു താമസിച്ചിരുന്നത്. തുന്നക്കാര തെരുവിൽ. ഞാൻ കളിച്ചു നടന്ന സ്ഥലങ്ങളൊക്കെ ഇപ്പോൾ തിരിച്ചറിയാൻപോലും പറ്റുന്നില്ല. എന്റെ ബാല്യകാലം അത്ര സംഭവബഹുലമൊന്നും ആയിരുന്നില്ല. അച്ഛൻ (മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാൽ) എപ്പോഴും വീട്ടിൽ ഉണ്ടായിരുന്നില്ല. അപ്പോഴേ ജനസംഘം പ്രവർത്തനം ആരംഭിച്ചിരുന്നു.
അച്ഛൻ ഒ. രാജഗോപാൽ, അമ്മ ഡോ. ശാന്തകുമാരി
സംഘടന കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള യാത്രകളും അലച്ചിലുംകൊണ്ട് അച്ഛന് വീട്ടുകാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മ ഡോക്ടറായിരുന്നു (ഡോ. ശാന്തകുമാരി). ചെറിയ പ്രാക്ടീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതുശ്ശേരി എന്ന സ്ഥലത്തായിരുന്നു ജോലി ചെയ്തത്. അച്ഛൻ നല്ല പ്രാക്ടീസ് ഉള്ള വക്കീൽ ആയിരുന്നു. അത് കളഞ്ഞിട്ടാണ് സംഘടനാ പ്രവർത്തനത്തിന് ഇറങ്ങിയത്. അന്ന് വീട്ടിൽ പ്രത്യേകിച്ച് ദാരിദ്ര്യമൊന്നും ഇല്ലെങ്കിലും എന്നും ഒരു സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. വലിയ ആർഭാടങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേണ്ടത്ര സ്വാതന്ത്ര്യം തന്നിരുന്നു, എന്റെ അഭിരുചികൾക്കൊന്നും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല..
കുട്ടിക്കാലത്ത് എന്നിൽ ഏറെ സ്വാധീനമുണ്ടാക്കിയൊരാൾ, ഞാൻ ഉണ്ണിയേട്ടൻ എന്ന് വിളിച്ചിരുന്ന എന്റെ അമ്മാവൻ ഡോ. പ്രേംകുമാറാണ്. ആധുനിക ജീവിത കാഴ്ചപ്പാടുള്ളയാളായിരുന്നു അദ്ദേഹം. പുണെയിലാണ് പഠിച്ചത്. ഡൽഹിയിൽ ജോലിചെയ്തിരുന്നു. എന്റെ വ്യക്തിത്വ രൂപവത്കരണത്തിൽ അമ്മാവൻ നല്ല പങ്കുവഹിച്ചിട്ടുണ്ട്. സാർവദേശീയമായ, സാമൂഹിക സാംസ്കാരിക ആശയങ്ങളും അനുഭവങ്ങളുമൊക്കെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നത് അദ്ദേഹമാണ്. പാൻ ഇന്ത്യൻ അനുഭവങ്ങൾ ഉള്ളയാളായിരുന്നു. മേതിൽ രാധാകൃഷ്ണനുമായി അടുപ്പം ഉണ്ടായിരുന്നു. മേതിൽ പാലക്കാട്ടുകാരനാണല്ലോ (കാവശ്ശേരി).
അഭിനേതാക്കൾക്കൊപ്പം ചിത്രീകരണ വേളയിൽ
മേതിലും അമ്മാവനും തമ്മിലുള്ള കത്തിടപാടുകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ രസകരമായിരുന്നു. അമ്മാവന്റെ കൂടെയാണ് ഞാനും എന്റെ ഏട്ടനും എപ്പോഴും നടക്കുന്നത്, ഒരു മൂത്ത ചേട്ടനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. എന്നെ കള്ളുകുടി ഉൾപ്പെടെ എല്ലാ കുറുമ്പുകളിലേക്കും കൂട്ടിക്കൊണ്ടുപോയത് അമ്മാവനാണ്. സിഗരറ്റ് വലിച്ചതും കഞ്ചാവ് വലിച്ചതുമെല്ലാം സ്വന്തം അമ്മാവന്റെ കൂടെയാണ്. അത്ര അടുപ്പവും സ്വാതന്ത്ര്യവും പരസ്പരം ഉണ്ടായിരുന്നു. അതുകൊണ്ട് ഇതൊന്നും വലിയ തെറ്റായി അന്ന് തോന്നിയില്ല. മാത്രമല്ല, ഒരു പരിധിവിട്ട് പോയിട്ടുമില്ല.
പാലക്കാട് ബേസൽ ഇവാൻജലിക്കൽ മിഷൻ സ്കൂളിലാണ് പഠിച്ചത്. അന്ന് കലാ പ്രവർത്തനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. നാടക സംഘാടനം ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു. കുട്ടികളെ നാടകം അവതരിപ്പിക്കാൻ സജ്ജരാക്കുക, അഭിനയ രീതികൾ പറഞ്ഞുകൊടുക്കുക, നാടകത്തിന് സംഗീതം കണ്ടെത്തുക ഇതൊക്കെ അന്നത്തെ പ്രവർത്തനങ്ങളായിരുന്നു. നാടക സംവിധാനത്തിന്റെ ആദിരൂപം എന്ന് വേണമെങ്കിൽ പറയാം. അന്ന് ചിത്രംവരക്കുമായിരുന്നു. സംഗീതത്തിൽ താൽപര്യമുണ്ടായിരുന്നു, പാലക്കാട്ടുകാരനാകുമ്പോൾ സംഗീതം പഠിക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. അവിടെ നിരന്തരം കച്ചേരികളും സംഗീത പരിപാടികളും നടക്കുമായിരുന്നു.
എന്നെ സംഗീതം പഠിപ്പിക്കാൻ ഒരു ഭാഗവതർ വരുമായിരുന്നു. ഒരു വർഷത്തോളം കർണാടക സംഗീതം പഠിച്ചു. വയലിൻ പഠിക്കാനായിരുന്നു ഉദ്ദേശ്യം. വായ്പാട്ടിൽ തുടങ്ങണമല്ലോ അതിന്. അന്ന് എല്ലാ കുട്ടികളേയും പോലെ ക്രിക്കറ്റ് കളിയിൽ വലിയ ഭ്രമമായിരുന്നു. എന്നെ ഭാഗവതർ സംഗീതം പഠിപ്പിക്കുന്ന നേരം പുറത്ത് കൂട്ടുകാർ ക്രിക്കറ്റ് കളിക്കുന്നുണ്ടാവും. എന്റെ ശ്രദ്ധ അങ്ങോട്ടാണ്. പല കുണ്ടാമണ്ടികൾ കാണിച്ച് സംഗീത ക്ലാസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. ഒടുവിൽ ഭാഗവതർ സ്വയം ക്ലാസ് നിർത്തി പോയി.
അന്ന് സംഗീത പഠനം അവസാനിപ്പിച്ചത് എന്റെ ജീവിതത്തിലെ വലിയ കുറ്റബോധങ്ങളിൽ ഒന്നാണ്. കർണാടക സംഗീതം തുടർന്ന് പഠിക്കാൻ കഴിയാതെ പോയത് വലിയ നഷ്ടമായിപ്പോയി. അന്ന് ഇതിന്റെ പ്രാധാന്യം പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു. ഇന്നും എന്റെ സംഗീതാഭിരുചിയുടെ അടിസ്ഥാനം അന്നത്തെ ചെറിയ കാലയളവിലെ സംഗീത പഠനമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അതിനാലാവണം യൗവനത്തിലും തുടർന്നുള്ള കാലത്തിലുമൊക്കെ എന്റെ സംഗീതാഭിരുചിയും ജ്ഞാനവും ഒക്കെ കഷ്ടപ്പെട്ട് വളർത്തിക്കൊണ്ടുവന്നത്. ഈ അടുത്തകാലത്ത് ഞാൻ എന്റെ സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകുന്നതിൽവരെ എത്തി ആ യാത്ര.
സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തോടുള്ള താൽപര്യം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയത്?
സ്കൂളിൽ പഠിക്കുമ്പോൾ നാടകം എഴുതിയിട്ടുണ്ട്. അക്കാലത്ത് യുവജനോത്സവങ്ങളിൽ കണ്ട നാടകങ്ങളുടെ അനുകരണങ്ങളാണ് എഴുതിയത്. അന്നൊക്കെ വളരെ ഫാഷനബിളായിരുന്ന സിംബോളിക് രീതിയിലുള്ള നാടകങ്ങളാണ് എഴുതാൻ ശ്രമിച്ചത്. കാലം, മരണം തുടങ്ങിയവ കഥാപാത്രമായി വരുന്ന നാടകം. കാലത്തിന്റെ മുഖങ്ങൾ എന്നപേരിൽ ഒരു നാടകമെഴുതി.അതിന് യൂത്ത് ഫെസ്റ്റിവലിൽ സമ്മാനം കിട്ടി. ബാലിശമായ അനുകരണമായിരുന്നു അത്. നാടകരചനയേക്കാൾ നാടകാവതരണം സംഘടിപ്പിക്കുന്നതിലായിരുന്നു താൽപര്യം. പിന്നെയും ചിലതൊക്കെ എഴുതിയിട്ടുണ്ട്. അപ്പോഴേക്കും ഫോക് അടിസ്ഥാനമാക്കിയ നാടകങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ആഴ്ചപ്പതിപ്പുകളിൽനിന്ന് അത്തരം നാടകങ്ങൾ വായിച്ചു. പാശ്ചാത്യരീതികളിൽനിന്നുമാറി, പുതിയ രീതികളുടെ അന്വേഷണങ്ങൾ തുടങ്ങി.
പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴേ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്, അവിടെ എന്നെ പഠിപ്പിച്ച ഗ്രേസി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു. എന്നെയും ചേട്ടനെയും അഭിനേതാക്കളായി എടുത്തു. പക്ഷേ, ചേട്ടൻ അതിൽനിന്ന് പിന്മാറി. പകരം എനിക്ക് അവസരം കിട്ടി. അന്ന് സ്റ്റേജിൽ കയറി നാടകം അവതരിപ്പിച്ചപ്പോൾ കിട്ടിയ പ്രോത്സാഹനം വലിയ ഊർജമായി. മറ്റൊരു രസകരമായ സംഭവം ഇപ്പോൾ ഓർക്കുന്നു. ആറോ ഏഴോ ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ ചേർന്ന്, അടുത്തുള്ള ഒരു ഹാളിൽ നാടകം ടിക്കറ്റ് വെച്ച് നടത്തി. ടി.എൻ. ഗോപിനാഥൻ നായരുടെ ഒരു നാടകമായിരുന്നു അത്. ആദ്യ ടിക്കറ്റ് എടുത്തത് അമ്മാവൻ തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വേറെയും ബന്ധുക്കളൊക്കെ ടിക്കറ്റ് എടുത്തു. പത്ത് പതിനഞ്ച് ടിക്കറ്റേ വിറ്റുള്ളൂ. ബാക്കി ചെലവായ പണമൊക്കെ അമ്മയും അമ്മാവനുംകൂടി കൊടുത്തുതീർത്തു. അന്ന് നാടക സംഘാടനം വലിയ താൽപര്യമുള്ള കാര്യമായിരുന്നു.
കോളജ് വിദ്യാഭ്യാസം പാലക്കാട് വിക്ടോറിയ കോളജിലായിരുന്നല്ലോ? അവിടെയും കലാപ്രവർത്തനം തുടർന്നോ?
പ്രീഡിഗ്രിക്ക് മാത് സ് ഗ്രൂപ്പാണ് എടുത്തത്. എൻജിനീയറിങ്ങിന് പഠിക്കാനായിരുന്നു അച്ഛന് താൽപര്യം. അക്കാലത്ത് പാലക്കാട് തുടങ്ങിയ എൻജിനീയറിങ് കോളജിന്റെ സ്ഥാപകരിലൊരാളായിരുന്നു അച്ഛൻ. പക്ഷേ, എനിക്ക് അറിയാമായിരുന്നു, അതല്ല എന്റെ വഴിയെന്ന്. ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള ഏതെങ്കിലും വിഷയം തിരഞ്ഞെടുക്കാനായിരുന്നു താൽപര്യം. കലാപഠനത്തിന്റെ സാധ്യത അന്ന് വിരളമായിരുന്നല്ലോ. ഈ സമയത്ത് എന്റെ കലാസങ്കൽപങ്ങളെയും ചിന്തയെയും പിടിച്ചുകുലുക്കിയ ഒരു രംഗാവതരണമുണ്ടായി. വിക്ടോറിയ കോളജിന്റെ മൈതാനത്തിലെ മരത്തണലിൽ കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു.
അത് വിസ്മയകരമായ അനുഭവമായിരുന്നു. സ്റ്റേജിൽ അമച്വർ പ്രഫഷനൽ മെലോഡ്രാമകളോ കപടമായ 'സിംബോളിക് ' നാടകങ്ങളോ കണ്ട് ശീലിച്ച എനിക്ക് ഇത് പുതിയൊരു തിയറ്റർ അനുഭവമായിരുന്നു. വെളിച്ചത്തിന്റെ വിതാനവും രംഗസജ്ജീകരണങ്ങളും വാദ്യങ്ങളുടെ പ്രയോഗവും കഥാപാത്രങ്ങളുടെ പ്രത്യക്ഷപ്പെടലും ഒക്കെ പുതിയ കാഴ്ചയായിരുന്നു. ഈ അവതരണം എന്റെ ചിന്തയെ ഇളക്കിമറിച്ചു എന്നുതന്നെ പറയാം. ഞാൻ നാടകം പഠിക്കാൻ പോകാനുള്ള തീരുമാനമെടുക്കാൻ പ്രധാന കാരണങ്ങളിലൊന്ന് ഈ നാടകക്കാഴ്ചയാെണന്ന് പറയാം. ഇതിന്റെ അനുകരണമായി താളങ്ങളൊക്കെയുള്ള നാടകം അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചു. മറ്റൊരു ബാലിശമായ പരീക്ഷണമായി അതവസാനിച്ചു.
ധാരാളം രാഷ്ട്രീയ നേതാക്കൾ, പ്രത്യേകിച്ച് ആർ.എസ്.എസ്, ജനസംഘം നേതാക്കൾ വീട്ടിൽ വരുമായിരുന്നല്ലോ? അവരോടുള്ള അടുപ്പവും ബന്ധവും എങ്ങനെയായിരുന്നു?
അന്നത്തെ പ്രമുഖ നേതാക്കളെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്; ആർ.എസ്.എസിന്റെ ഗുരുജി ഗോൾവാൾക്കർ അടക്കം. സംഘത്തിന്റെ ആദ്യകാല നേതാവും ഭാരതരത്നം നേടിയ സാമൂഹിക പ്രവർത്തകനുമായ നാനാജി ദേശ്മുഖ് വീട്ടിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. പി. പരമേശ്വരൻ, കെ.ജി. മാരാർ, കെ. രാമൻ പിള്ള തുടങ്ങി നിരവധി പേർ വീട്ടിൽ വരുമായിരുന്നു. അവരൊക്കെ എന്നോട് പെരുമാറുന്നത് ഒരു കുട്ടിയോട് എന്നപോലെ ആയിരുന്നില്ല. രസകരമായ ഒരനുഭവം പറയാം. അന്ന് ഞാൻ ഒരു അമൂർത്ത ചിത്രം വരച്ച് ഭിത്തിയിൽ തൂക്കിയിരുന്നു. നാനാജി ദേശ്മുഖ് എന്നോട് ചോദിച്ചു, എന്താണ് ഈ ചിത്രത്തിന്റെ അർഥമെന്ന്? ഞാൻ ഒരു വലിയ ചിത്രകാരനെപ്പോലെ ചിത്രത്തെക്കുറിച്ച് വിശദീകരിച്ചു. അദ്ദേഹം അതെല്ലാം കേട്ട് സൗമ്യമായി ചിരിച്ചതും അഭിനന്ദിച്ചതും ഓർമയുണ്ട്.
എം. ഗോവിന്ദന്റെ ‘സമീക്ഷ’യും, ‘കേരളകവിത’യുമൊക്കെ വായിക്കാൻ പ്രേരിപ്പിച്ചത് പരമേശ്വർ ജിയാണ്. എെന്റ കലാതാൽപര്യം മനസ്സിലാക്കി ഈ നേതാക്കളൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒ.വി. വിജയൻ അച്ഛന്റെ സുഹൃത്തും വിക്ടോറിയയിലെ സഹപാഠിയുമായിരുന്നു. പിൽക്കാലത്ത് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ തറവാട്ടിലെ വ്യവഹാരങ്ങളൊക്കെ നടത്തിയത് അച്ഛനായിരുന്നു. എം.ടി അച്ഛന്റെ രണ്ടുവർഷം ജൂനിയറായിരുന്നു വിക്ടോറിയയിൽ.
അഞ്ചാം ക്ലാസ്-ആറാം ക്ലാസ് വരെയൊക്കെ ഞാൻ ആർ.എസ്.എസ് ശാഖയിൽ പോയിട്ടുണ്ട്. കളിക്കാനും പാട്ടുകേൾക്കാനും കഥകൾ കേൾക്കാനും ഒക്കെയുള്ള ഒരു സ്വാഭാവിക വഴി അതായിരുന്നു. പിന്നീടാണ് മാലി രാമായണവും ഭാരതവും ഒക്കെ വായിച്ചുതുടങ്ങുന്നത്. ഭാരതീയ പൗരാണിക കഥാപ്രപഞ്ചത്തിലേക്കുള്ള വഴിതുറന്നുതന്നത് ബാല്യകാലത്തെ ഈ അനുഭവങ്ങളാണ്.
അന്ന് ജനസംഘത്തിന്റെ രാഷ്ട്രീയ നിലപാടുകളൊക്കെ മനസ്സിലാക്കിയിരുന്നോ?
അപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ മനസ്സിലാക്കാൻ പാകപ്പെട്ടിട്ടില്ലല്ലോ. ജനസംഘം കേരളത്തിൽ അന്ന് ഒറ്റപ്പെട്ട ചെറിയ ശക്തിയാണ്. പാലക്കാട്ട് ചില സ്ഥലങ്ങളിൽ ചെറിയ സ്വാധീനമുണ്ടായിരുന്നു. ചിലപ്പോൾ മറ്റ് മതവിഭാഗങ്ങളുമായി സംഘർഷങ്ങൾ ഉണ്ടാവുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് വലിയങ്ങാടിയിലുള്ള ജനസംഘത്തിന്റെ ഓഫിസ് കുറച്ച് ആളുകൾ തകർക്കുകയും അവിടെയുണ്ടായിരുന്ന ആറുമുഖം എന്ന പ്രവർത്തകനെ ആക്രമിക്കുകയും ചെയ്തു. ആറുമുഖം എന്നും വീട്ടിൽ വരുന്ന ആളായിരുന്നു. വീടുമായി അത്ര അടുപ്പമുണ്ടായിരുന്നു. അങ്ങനെ അവിടെ ഭീതിയുടെ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അന്ന് ഇതൊക്കെക്കൊണ്ട് എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു. പ്രൈമറി സ്കൂളിലേക്ക് പോകുംവഴിക്ക് ഒരു പഴയ മുസ്ലിം പള്ളിയുണ്ട്.
അതിന്റെ മുന്നിൽ വയസ്സായ മൊല്ലാക്കമാരൊക്കെ ഇരിക്കുന്നുണ്ടാവും. വലിയങ്ങാടിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ എനിക്ക് ആ വഴി പോകാൻ പേടിയായിരുന്നു. വേറൊരു വഴിയുള്ളത് ഒരു ക്രിസ്ത്യൻ പള്ളിയുടെ വളപ്പിന് അകത്തുകൂടിയാണ്. മരങ്ങളുടെ നല്ല പച്ചപ്പുള്ള വഴിയാണത്. പക്ഷേ, അവിടെ എപ്പോഴും ഭീമാകാരരായ പോത്തുകൾ മേഞ്ഞുകൊണ്ടിരിക്കും. അത് മറ്റൊരു പേടി.
ഇന്നോർക്കുമ്പോൾ അതൊക്കെ എത്ര വിഡ്ഢിത്തങ്ങൾ നിറഞ്ഞ ആശങ്കകൾ ആയിരുന്നു എന്നു മനസ്സിലാവുന്നു. ആ മുത്തശ്ശന്മാർ വെറും സാധാരണക്കാരായ നല്ല മനുഷ്യരായിരുന്നു. ഹൈസ്കൂൾ കാലമായപ്പോൾ അവരോടൊക്കെ സൗഹൃദത്തിലാവുകയും ആ പള്ളിക്കകത്തുതന്നെ പലവട്ടം പോവുകയുമൊക്കെ ചെയ്തത് ഓർക്കുന്നു.എന്റെ വീടിന്റെ തൊട്ടയൽപക്കം നൂറാം നമ്പർ ബീഡിയുടെ ഉടമസ്ഥനായിരുന്നു. പുരാതനമായ ഒരു റാവുത്തർ മുസ്ലിം കുടുംബമായിരുന്നു അത്. ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു.
=========
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 1388 (സെപ്റ്റംബർ 30) ലക്കത്തിൽ തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.