കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ കവി ബാലഗോപാലന് കാഞ്ഞങ്ങാടിനോട് സംസാരിക്കുന്നു -കവിതയെപ്പറ്റി,ജീവിതത്തെപ്പറ്റി, അക്കാദമിയെയും വിവാദങ്ങളെയുംപറ്റി.
അരനൂറ്റാണ്ടിലേറെ കാലമായി മലയാള കവിതയിലെ നിറസാന്നിധ്യമാണ് കെ. സച്ചിദാനന്ദൻ. കവി, നിരൂപകൻ, രാഷ്ട്രീയചിന്തകൻ, ആക്ടിവിസ്റ്റ്, തർജമകാരൻ, അധ്യാപകൻ തുടങ്ങിയ നിലകളിലെല്ലാം മലയാള ഭാഷയെ അടയാളപ്പെടുത്തി സാഹിത്യത്തിലെ വിവിധ വ്യവഹാരങ്ങളിലൂടെ സ്വയം പ്രകാശിപ്പിക്കുന്ന ഒരാൾ. നിലപാടുകളെ നൈതികപരമായി കാണുകയും, അസ്തിത്വം പണയപ്പെടുത്താതെ നീണ്ടൊരു കാലം സാഹിത്യ പ്രവർത്തനം നടത്തുകയും ചെയ്ത അപൂർവം വ്യക്തികളിൽ ഉൾപ്പെടുത്താവുന്ന സാഹിത്യകാരൻ. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും തന്റെ വഴികളെയും നിലപാടുകളെയും പറ്റി യുവകവി ബാലഗോപാലൻ കാഞ്ഞങ്ങാടുമായി അദ്ദേഹം സംസാരിക്കുന്നു.
എല്ലാ എഴുത്തുകാരുടെയും എഴുത്തിനെ രൂപപ്പെടുത്തുന്നതില്‍ അവരുടെ ദേശം നല്ല പങ്കുവഹിച്ചിട്ടുണ്ടാവും. താങ്കളില്‍ അത് എങ്ങനെയാണ് പ്രവര്‍ത്തിച്ചത്?
ഞാന്‍ ജനിച്ചത് കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ് എന്ന ഗ്രാമത്തിലാണ്, എന്റെ തലമുറയിലെ പല എഴുത്തുകാരെയും പോലെ ഒരു നിമ്നമധ്യവര്ഗ കുടുംബത്തില്‍. എഴുത്തച്ഛന് പുരസ്കാരം ലഭിച്ചപ്പോള്‍ നാട്ടുകാര്‍ നല്കിയ ഒരു സ്വീകരണത്തില്‍ വായിച്ച ‘എന്റെ നാട്ടിന്‍പുറത്തോട്’ എന്ന കവിതയില്‍ ആ നാട് എങ്ങനെയെല്ലാം എന്നെ സ്വാധീനിച്ചു എന്ന് രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്, കെ.സി. നാരായണന്റെ നിര്‍ബന്ധത്തില്‍ ഭാഷാപോഷിണിയില്‍ എഴുതിയ ‘എന്റെ ദേശം’ എന്ന ലേഖനത്തിലും. ലളിതമായി പറഞ്ഞാല്‍ രണ്ടു തരത്തിലാണ് എന്റെ ജീവിതവീക്ഷണത്തെ മുഴുവന്‍ ആ ഗ്രാമം രൂപപ്പെടുത്തിയത്, ഒന്ന് മനുഷ്യന് പ്രകൃതിയുടെ ഭാഗംതന്നെ എന്ന വിടാത്ത ബോധം, രണ്ട്, ദരിദ്രരും പീഡിതരുമായ മനുഷ്യരോടുള്ള നിത്യമായ സഹഭാവം. പ്രകൃതിയെ വർണിക്കേണ്ടതോ പ്രകീര്ത്തിക്കേണ്ടതോ കീഴ്പ്പെടുത്തേണ്ടതോ ആയി, ഒരു ബാഹ്യവിഷയമായി, എനിക്ക് കാണാനാവില്ല. അമ്പലപ്പാടം എന്നറിയപ്പെട്ട ഒരു വിശാലമായ നെല്വയലിനരികില് ആയിരുന്നു ഞങ്ങളുടെ ചെറിയ വീട്.
വളപ്പിലെ കിണറ്റില്‍നിന്നായിരുന്നു വെള്ളം കോരിയെടുത്തിരുന്നത്, കുളത്തിലായിരുന്നു നീന്തലും കുളിയും. തുലാവര്‍ഷത്തിലും കാലവര്‍ഷത്തിലും അവയില്‍ ഓരോ ദിവസവും എത്ര ജലനിരപ്പുയര്‍ന്നു എന്നറിയാന്‍ എന്നും രാവിലെ എണീറ്റ് നോക്കുക പതിവാണ്. വര്‍ഷത്തില്‍ വെള്ളം സന്തോഷം പോലെ അവയില്‍ വന്നുനിറഞ്ഞു, വേനലില്‍ കണ്ണീര്പോലെ തെളിഞ്ഞമര്ന്നുകിടന്നു, ഒരിക്കലും മുഴുവനായി വറ്റാതെ. കിണറ്റിലെ വെള്ളം ഓടിക്കളിച്ചുവന്ന എന്റെ തൊണ്ടയില്‍ കുളിരു നിറച്ചു; കുളത്തിലെ വെള്ളം ഉടലാകെ ഇക്കിളിയാക്കി. വളപ്പിലെ ജോലികള്‍ ഞങ്ങള്‍ തന്നെയാണ് ചെയ്തിരുന്നത് അച്ഛന്, അമ്മ, ചേട്ടന്, ചേച്ചി, ഞാന്‍. അത് ഞങ്ങളുടെ അധ്വാനത്തിന് പ്രതിഫലമായി പഴങ്ങളും പച്ചക്കറികളും തന്നു.
പിടിച്ചുകയറാന്‍ മരങ്ങള്‍ കുനിഞ്ഞുതന്നു, അഥവാ കൊമ്പുകള്‍ കൊണ്ട് വാരിയെടുത്ത് മുതുകില്‍ കയറ്റി. കാറ്റിനോടും കാക്കയോടും അണ്ണാറക്കണ്ണനോടും ഞങ്ങള്‍ മാമ്പഴത്തിനുവേണ്ടി കെഞ്ചി. വാഴയും തെങ്ങും വെണ്ടയും വഴുതനയും മത്തനും കുമ്പളവും പാവലും പടവലവും കൊള്ളിയും നാരകവും ഒരിക്കലും ഞങ്ങളെ കൈവിട്ടില്ല. പണിയെടുത്ത തഴമ്പ് കൈയില്‍ ഇപ്പോഴുമുണ്ട്, പൂക്കളുടെ ഓർമയും. വിഷുവിനു കൊന്നകള്‍ പൂത്തു, ഓണത്തിന് കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങള്‍ നെല്ലിപ്പൂക്കളുടെ ആകാശമായി. പൂക്കള്‍ തേടി ഞങ്ങള്‍ പൂവട്ടിയുമായി കുന്നിന്‍പുറങ്ങളിലും കുറ്റിക്കാടുകളിലും അലഞ്ഞു. മൃഗങ്ങളും പക്ഷികളും അന്തരീക്ഷംതന്നെയായിരുന്നു. അച്ഛന് പശുക്കളെ പേരെടുത്തു വിളിക്കുമ്പോഴോ, അമ്മ വളപ്പിലെ തെങ്ങുകളോടും മാവുകളോടും സംസാരിക്കുമ്പോഴോ അത് ഒട്ടും അസ്വാഭാവികമായി തോന്നിയില്ല.
മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച കവിതക്കൊരു വീടും സച്ചിദാനന്ദെന്റ മറ്റ് കൃതികളും
കൊതുകുകളുടെ യമന്‍ കല്യാണിയും മിന്നാമിന്നികളുടെ ക്ഷിപ്രസ്ഫുലിംഗങ്ങളും ഇല്ലാത്ത രാത്രികള്‍ അപൂർണമായിരുന്നു. കായല്‍ക്കരയിലെ ചക്രവാളം തൊടാവുന്ന ദൂരത്തിലായിരുന്നു; കാശിത്തുമ്പയും തുളസിയും അന്യോന്യം സംസാരിച്ചുകൊണ്ടിരുന്നു, നാലുമണിപ്പൂക്കളില്നിന്ന് അകലെയായിരുന്നില്ല അസ്തമയ സൂര്യന്, ഉപ്പില്‍നിന്ന് കടല്‍ എന്ന പോലെ. എല്ലാം ഒരൊറ്റ ജൈവലോകമായി അകത്തും പുറത്തും സ്പന്ദിച്ചു. താഴ്ന്ന സ്കൂളുകളിലേക്ക് നടന്നും ഹൈസ്കൂളിലേക്ക് വഞ്ചി കയറിയും തോടുകള്‍ കടന്നും കൂട്ടുകാര്‍ക്കൊപ്പം പോയി. ചെരിപ്പ് വാങ്ങുന്നത് കോളജില്‍ ചേരുമ്പോള്‍ ആണ്, വാച്ച് ബിരുദ പഠനം ആരംഭിക്കുമ്പോഴും. അതുകൊണ്ട് കാലുകളില്‍ മണ്ണിന്റെ പലതരം സ്പര്ശങ്ങള് അറിഞ്ഞു, നിഴല്‍നോക്കി സമയം പറയാന്‍ പഠിച്ചു.
അതെ, കൂട്ടുകാര്‍. സമ്പത്തു നോക്കിയാല്‍ ദരിദ്രരും അതിദരിദ്രരും. അവരില്‍ ചിലര്‍ ഇടക്ക് പഠനം നിര്‍ത്തി തെങ്ങുകയറ്റക്കാരായി, ചിലര്‍ ചുമടെടുത്തു, ചിലര്‍ വണ്ടി വലിച്ചു, ചിലര്‍ ചായക്കടകള്‍ നടത്തി. അപൂർവം ചിലര്‍ ഗള്‍ഫില്‍ ജോലി നേടി, ചിലര്‍ വക്കീലന്മാരോ ഡോക്ടര്‍മാരോ ആയി. ഒരാള്‍ പട്ടാളത്തില്‍ ചേര്‍ന്നു. കൃഷ്ണന്, രാമന്, വാസു, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, മോഹനചന്ദ്രന്, കുഞ്ഞിമുഹമ്മദ്, ദിനേശന്, ഹരിഹരന്, ഉണ്ണി, മുരളി, പീതാംബരന്, പരമേശ്വരന്, ജാനകി, രാധ, കൗസല്യ, മേഘനാദന്...അവരില്‍ ചിലര്‍ ഇന്നില്ല. മിക്കവരുടെയും വീടുകള്‍ എനിക്ക് കൈവിരലുകള്‍പോലെ പരിചിതമായിരുന്നു, ഓരോ വീട്ടിലെയും വെള്ളത്തിന്റെ രുചിയും. അവര്‍ക്കും എന്റെ അന്തരീക്ഷമായിരുന്നു.
ദാരിദ്ര്യത്തെ ഒട്ടും അസാധാരണം അല്ലാതാക്കുന്ന അന്തരീക്ഷം. എനിക്ക് വർഗബോധം പുസ്തകങ്ങളില്‍നിന്ന് പഠിക്കേണ്ടിവന്നില്ല, പക്ഷേ രണ്ടോ മൂന്നോ അല്ല, ഇരുപതു വർഗങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രം. ഓല മേഞ്ഞ വീടുള്ളവര്‍, ഓടിട്ട വീടുള്ളവര്‍, അത്യപൂർവമായി വീടിനു രണ്ടാം നിലയുള്ളവര്‍, കുടക്കു പകരം വാഴയില ചൂടുന്നവര്‍, ഓലക്കുടക്കാര്, അത്യപൂർവമായി ശീലക്കുടക്കാര്, ചെരിപ്പിടുന്നവര്‍, ചെരിപ്പിടാത്തവര്, രാവിലെ പഴങ്കഞ്ഞി കുടിക്കുന്നവര്‍, പലഹാരം കഴിക്കുന്നവര്‍, സ്കൂള്‍ പടിക്കല്‍നിന്ന് മിഠായി വാങ്ങാന്‍ ചില്ലറ കീശയിലുള്ളവര്... കാര്‍ ഉള്ളവര്‍ ഇല്ലായിരുന്നു. ഉണ്ടെങ്കില്‍തന്നെ അവര്‍ ഞങ്ങളുടെ സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍ വരുന്നില്ലായിരുന്നു. ചെരിപ്പില്ലാത്ത, ഓലക്കുടക്കാരനായ, മിഠായി വാങ്ങാന്‍ പണമില്ലാത്ത, ഞാന്‍ ആരുടെ കൂടെ എന്ന് എനിക്ക് സംശയിക്കാന്‍ സമയമില്ലായിരുന്നു. നിമ്ന മധ്യവർഗത്തിന്റെ അവസ്ഥയില്‍ വലിയ ഒരു വൈരുധ്യമുണ്ട്: ദാരിദ്ര്യം അനുഭവിക്കുകയും വേണം, ദാരിദ്ര്യം ഇല്ലെന്ന് അഭിനയിക്കുകയും വേണം. രണ്ടും ഞാന്‍ വേഗം പഠിച്ചു.
പക്ഷേ, ചില കാര്യങ്ങളില്‍ ഒട്ടും പിന്നാക്കമായിരുന്നില്ല ഞങ്ങളുടെ നാട്ടുമ്പുറം. രണ്ടു ലൈബ്രറികള്‍, കലാസമിതികള്‍, അഴിമതിയും അധികാരദാഹവും ദുഷിപ്പിക്കും മുമ്പുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍... ആശാന് സ്മാരക വായനശാല അപ്പര്‍ പ്രൈമറി സ്കൂളിനടുത്തായിരുന്നു. എന്റെ വായനയുടെ ശരിയായ ആരംഭം അവിടെനിന്നായിരുന്നു. ജീവൽസാഹിത്യ പ്രസ്ഥാനം ശക്തമായിരുന്ന കാലം. ബഷീര്‍, ഉറൂബ്, തകഴി, ദേവ്, പൊന്‍കുന്നം വര്‍ക്കി, വെട്ടൂര്‍ രാമന് നായര്‍, വൈലോപ്പിള്ളി, ഇടശ്ശേരി, പി. കുഞ്ഞിരാമന് നായര്‍, ചങ്ങമ്പുഴ, ജി ശങ്കരക്കുറുപ്പ്, എന്‍.വി. കൃഷ്ണ വാരിയര്‍... പിന്നെ ധാരാളം തർജമകള്‍: ടാഗോര്‍, പ്രേംചന്ദ്, ജൈനേന്ദ്രകുമാര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ശരത് ചന്ദ്ര ചാറ്റര്‍ജി, മാണിക് ബാനര്‍ജി, താരാശങ്കര്‍ ബന്ദോപാധ്യായ്, വിക്ടര്‍ യൂഗോ, എമിലി സോളാ, മോപ്പസാങ്, ടോള്‍സ്റ്റോയ്, തുര്ഗനെവ്, ദസ്തയേവ്സ്കി, ഹെര്‍മന്‍ ഹെെസ്സ, തോമസ് മന്... ഇവര്‍ പലരും ആരെന്നറിഞ്ഞിട്ടല്ല, രസം തോന്നി, വായിച്ചു. പിന്നെ പലതും രണ്ടാമത് വായിച്ചു. തികച്ചും പുതിയ പുസ്തകങ്ങള്‍പോലെ.
ആദ്യത്തെ എഴുത്തനുഭവം പങ്കുവെക്കാമോ? എഴുത്തിനെ സ്വാധീനിച്ച, അല്ലെങ്കില്‍ അത്തരം ഒരു ചോദനയിലേക്ക് നയിച്ച, കൃതികളെപ്പറ്റിയോ വ്യക്തികളെപ്പറ്റിയോ പറയാനുണ്ടോ?
ഇത് കാണുമ്പോലെ എളുപ്പമായ ചോദ്യമല്ല. ഞാന്‍ മുമ്പേ പറഞ്ഞുവല്ലോ, വായന അന്നും ഇന്നും എന്നെ ആഹ്ലാദിപ്പിക്കുന്ന ഒരനുഭവം ആണെന്ന്. ഒരുപക്ഷേ, ആ ആഹ്ലാദം മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ആഗ്രഹമാകാം എന്നെ എഴുത്തിലേക്ക് തള്ളിവിട്ടത്. എഴുത്തില്‍ എപ്പോഴും രണ്ടു ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്: ഒന്ന് വാസനാപരം, വേണമെങ്കില്‍ ജനിതകം എന്നുതന്നെ പറയാം. അങ്ങനെ ഒന്നില്ലാത്തവര്ക്ക് പരിശ്രമംകൊണ്ടു മാത്രം എഴുത്തുകാരാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഭാഷയിലൂടെ പ്രവര്‍ത്തിക്കുന്ന ഭാവനയാണ് അതിന്റെ അടിസ്ഥാനം. നാദം, താളം, രേഖ, വർണം, ചലനം ഇവയിലൂടെയെല്ലാം ഭാവന പ്രവര്‍ത്തിക്കാം, അങ്ങനെ ഭിന്നകലകള് ഉണ്ടാകുന്നു, അവ ചിലപ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും അന്യോന്യം പോഷിപ്പിക്കുകയും ചെയ്യുന്നു എന്നാണ് എന്റെ അനുഭവം. രണ്ട്, പ്രേരണാപരം.
ഇതില്‍ പ്രോത്സാഹനം, വായന, പരിശീലനം, ഭാഷാവൈദഗ്ധ്യം, സൗഹൃദങ്ങള്‍, ആസ്വാദനം, വിമര്‍ശനം എല്ലാം പെടുന്നു. ആദ്യത്തേത് എനിക്ക് ബാല്യം മുതലേ അനുഭവവേദ്യമായിരുന്നു. അങ്ങനെയാണ് പതിനൊന്നോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ഞാന്‍ ആദ്യത്തെ ‘കവിത’ എഴുതുന്നത്. പിന്നീട് അത് വായനശാലയുടെ കൈയെഴുത്തു മാസികകളിലും സ്കൂള്‍-കോളജ് മാഗസിനുകളിലുമായി തുടരുകയും ചെയ്തു. ഈ വാസന ആദ്യം തിരിച്ചറിഞ്ഞത് ചില അധ്യാപകരാണ്. യു.പിയില്‍ അധ്യാപകനായിരുന്ന, ഭാഷാ പണ്ഡിതനായ, നീലകണ്ഠദാസ് (അദ്ദേഹം കൊടുങ്ങല്ലൂര്‍ ഹൈസ്കൂളില്‍നിന്ന് വിരമിച്ച ശേഷം പുല്ലൂറ്റ് യു.പി സ്കൂളില്‍ ചേര്‍ന്നതാണ്), ഹൈസ്കൂളില്‍ മലയാളം അധ്യാപകന് ആയിരുന്ന രാഘവന് മാസ്റ്റര്‍, ക്രൈസ്റ്റ് കോളജില്‍ (എന്നെ നേരിട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും) മലയാളം അധ്യാപകന് ആയിരുന്ന മാമ്പുഴ കുമാരന് മാസ്റ്റര്‍, മഹാരാജാസില്‍ (എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും) പ്രഫസര്‍ ആയിരുന്ന എം. ലീലാവതി ഇവര്‍ പലരീതികളില്‍ എന്റെ കവിതാവാസന തിരിച്ചറിഞ്ഞവരാണ്.
മഹാരാജാസില്‍ എം.എ (ഇംഗ്ലീഷ്) വിദ്യാര്‍ഥി ആയിരുന്ന കാലത്ത് എന്റെ കവിതകള്‍ ജനയുഗം വാരിക, അന്വേഷണം മാസിക, സമീക്ഷ ത്രൈമാസിക, കേരള ഡൈജസ്റ്റ് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വരാന്‍ തുടങ്ങി. ടി.വി. കുഞ്ഞികൃഷ്ണന്, എം. ഗോവിന്ദന് തുടങ്ങിയ പത്രാധിപന്മാരെ എനിക്ക് മറക്കുക വയ്യ. എന്‍.വിയും എം.ടിയും ഉള്ള കാലത്ത് മാതൃഭൂമി വാരികയിലും എം.എന്‍. കുറുപ്പിന്റെ കാലത്ത് ദേശാഭിമാനി വാരികയിലും എസ്. ജയചന്ദ്രന് നായരുടെയും എന്‍.ആര്.എസ് ബാബുവിന്റെയും കാലത്ത് കലാകൗമുദിയിലും എന്റെ ആദ്യകാലത്തെ പ്രധാനം എന്ന് കരുതപ്പെടുന്ന കവിതകള്‍ വന്നുതുടങ്ങി. പത്രാധിപന്മാര് മാറിയപ്പോഴും അത് തുടരുകയും ചെയ്തു. എന്റെ ആദ്യത്തെ കവിതാസമാഹാരം, 'അഞ്ചുസൂര്യന്‍', പ്രസിദ്ധീകരിച്ചത് ആര്. രാമചന്ദ്രന് ഉപദേശകന് ആയിരുന്ന പൂർണ ബുക്സ് (ടൂറിങ് ബുക്ക് സ്റ്റാള്‍) ആണ്. പിന്നത്തേത്, ആത്മഗീത, എൻ.ബി.എസും.
ഞാന്‍ ഇവിടെ ചില പേരുകള്‍ പറഞ്ഞു എന്നേയുള്ളൂ. പക്ഷേ, ആ കാലത്ത് എനിക്ക് ഒരു സമാന്തരജീവിതം തന്നത് പലതരം കൂട്ടായ്മകള്‍ ആയിരുന്നു. തികച്ചും വ്യത്യസ്തരായ എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും ആയിരുന്നു അവയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍. ആദ്യത്തെയാളുടെ ഉത്കണ്ഠകൾ പ്രധാനമായും സാമൂഹികമായിരുന്നു. രണ്ടാമത്തെയാളുടെയോ പ്രധാനമായും ലാവണ്യാത്മകവും.
അത് വലിയ സൗഹൃദങ്ങളുടെ കാലമായിരുന്നു: ഒരു ഭാഗത്ത് തൃശൂരിലെ ‘ജ്വാല’യുടെ ചുറ്റും വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ള, ജനാധിപത്യത്തോടും സോഷ്യലിസത്തോടും പൊതുവേ അനുഭാവമുള്ള, അതുകൊണ്ടുതന്നെ എല്ലാതരം സമഗ്രാധിപത്യങ്ങളോടും വിരോധമുള്ള (അങ്ങനെയാണ് ഗോവിന്ദന്റെ സ്റ്റാലിന് വിമര്‍ശനം– കെ. ദാമോദരനും സ്റ്റാലിന് വിമര്ശകന് ആയിരുന്നു– അദ്ദേഹത്തെ നടപ്പു കമ്യൂണിസത്തിന്റെ ശത്രുവും ‘സി.ഐ.എ ഏജന്റും’ മറ്റും ആക്കിയത്) ഒരു ചെറുസംഘം (‘ഇരുപതിലെ ഒരോർമ’ എന്ന ഒരു സമീപകാല കവിതയില്‍ ഞാന്‍ ആ കാലം ഓര്‍ക്കുന്നുണ്ട്, ആ മനുഷ്യരെയും) ഉണ്ടായിരുന്നു. അയ്യപ്പപ്പണിക്കരുടെ സ്വയം അദൃശ്യമാക്കുന്ന സാന്നിധ്യത്തില്‍ കവിതയും നാടകവും (നാടകക്കളരികള്‍ ഓര്‍ക്കുക) നിരൂപണവും പുതുക്കാന്‍ ഉദ്യമിക്കുന്ന, അക്കാലത്ത് ‘ആധുനികര്‍’ എന്ന് പ്രശംസിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്ന മറ്റൊരു സംഘവും.
ഞാന്‍ രണ്ടിടത്തും ജിജ്ഞാസയോടെ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു കൂട്ടരും എനിക്ക് പലതരം ഉള്‍ക്കാഴ്ചകളും പാഠങ്ങളും നല്കി. ഞാന്‍ ബ്രെഹ്റ്റിനെക്കുറിച്ച് ആദ്യം അറിയുന്നത് ഗോവിന്ദന്റെ സമീക്ഷയില്‍ നിന്നാണ്; നെരൂദയെക്കുറിച്ചോ അയ്യപ്പപ്പണിക്കരുടെ കേരളകവിതയില്നിന്നും. (പിന്നീട് അവരുടെ ഇംഗ്ലീഷില്‍ ലഭ്യമായ എല്ലാ കൃതികളും ഞാന്‍ വായിച്ചു, ചിലത് പരിഭാഷയും ചെയ്തു) ഇതിനു പ്രതീകാത്മകമായ ഒരു പ്രാധാന്യവും ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു. രണ്ടു തരം സൗന്ദര്യബോധങ്ങളാണ് അവരില്‍, അവരെ അവതരിപ്പിച്ചവരില്‍ എന്ന പോലെതന്നെ, പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അവരെ സമന്വയിക്കുക സാധ്യമാണെന്ന് ഞാന്‍ കണ്ടെത്തി.
അപ്പോഴൊക്കെ മലയാള കവിതയുടെ പാരമ്പര്യത്തെക്കുറിച്ച് ഞാന്‍ തികച്ചും ബോധവാനായിരുന്നു. വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും വായനക്കാരന് മാത്രമല്ല ഗൃഹസന്ദര്ശകന്കൂടി ആയിരുന്നു ഞാന്‍. ആശാന്റെയും കുഞ്ഞിരാമന് നായരുടെയും വായനക്കാരന്. ഒപ്പം പെന്ഗ്വിന്-പെലിക്കന്‍ ആധുനിക കവിതാ പുസ്തക പരമ്പരയുടെ വായന വിദ്യാർഥി കാലത്തേ ആരംഭിച്ചിരുന്നു. ക്രമേണ മറ്റു ഭാഷകളിലെ ഇന്ത്യന്‍ കവികളുമായി പരിചയത്തിലായി. പരിഭാഷകള്‍ വായിച്ചു. അങ്ങനെ മലയാളി- ഇന്ത്യന്‍- ലോക- കവിതകളുടെ മൂന്നു പാരമ്പര്യങ്ങളും എന്റെ രക്തത്തില്‍ കടന്നുകൂടി എന്നുപറഞ്ഞ് ചുരുക്കുകയാവും നന്ന്. ഹോമറും വെര്‍ജിലും ഷേക്സ്പിയറും കാളിദാസനും വാല്മീകിയും വ്യാസനും അപ്പോഴൊക്കെ പിറകില്‍ ഉണ്ടായിരുന്നു. പിന്നെ നോവലിസ്റ്റുകള്‍, നാടകകൃത്തുക്കള്‍, ചിത്രകാരന്മാര്, ശിൽപികള്, സംഗീതജ്ഞര്‍. കലക്ക് വാസന വേണം എന്നും അതുമാത്രം പോരെന്നും ഒരേസമയം നിരന്തരം ഓർമിപ്പിച്ചവര്‍.
സാഹിത്യത്തിന്റെ പല മേഖലകളിലും താങ്കള്‍ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും കവിതയെ മുഖ്യമായി എടുക്കാന്‍ പ്രത്യേകിച്ച് കാരണമുണ്ടോ?
കവിത എന്നെ സംബന്ധിച്ചിടത്തോളം സമ്പൂർണമായ ആവിഷ്കാരമാണ്, ഭാഷയുടെ ഏറ്റവും സാന്ദ്രവും സർഗാത്മകവുമായ രൂപവും. എന്റെ മാറി വരുന്ന മാനസികാവസ്ഥകളെയും പലതരം അനുഭവങ്ങളെയും സമീപനങ്ങളെയും സമീപസ്ഥവും ദൂരസ്ഥവുമായ കാഴ്ചകളെയും ഇതുപോലെ പിടിച്ചെടുക്കാവുന്ന മറ്റൊരു രൂപവും ഞാന്‍ കണ്ടിട്ടില്ല. ഇത് തന്നെയാവാം മറ്റു സാഹിത്യ ഗണങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പറയാനുണ്ടാവുക. കവിതയില്‍ എനിക്ക് എന്നോടും, അപരരോടും (അഥവാ സമൂഹത്തോടും) പ്രകൃതിയോടും പ്രപഞ്ചത്തോടും സംവദിക്കാം. ആരും ആ സംഭാഷണങ്ങളില്‍ വൈരുധ്യം കാണുകയില്ല. ഒപ്പം എനിക്ക് ഭാഷയില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താം, ഓരോ സൃഷ്ടിയെയും കവിതയാക്കി നിര്‍ത്തിക്കൊണ്ടുതന്നെ. എനിക്ക് ഇഷ്ടമുള്ളിടത്തേക്ക് യാത്രചെയ്യാം, ഭാവനയെ സാമാന്യയുക്തിയില്നിന്നും സ്വതന്ത്രമാക്കാം.
എനിക്ക് പലരായി, പലതായി, മാറാം: ആറാം നൂറ്റാണ്ടിലെ ഒരു യാത്രികനോ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു റോബോട്ടോ, കടലിലെ നാവികനോ, മരമോ പക്ഷിയോ സിംഹമോ മാനോ ഒരു സ്മാരകശിലയോ ഏതെങ്കിലും ഭാഷയിലെ ഒരക്ഷരമോ, എന്തും. പഞ്ചേന്ദ്രിയങ്ങളെയും വിരുന്നൂട്ടാം, പറക്കുകയോ നീന്തുകയോ ചെയ്യാം, ദൈവമോ അസുരനോ മനുഷ്യനോ മാലാഖയോ ചെകുത്താനോ ആകാം. ഈ സ്വാതന്ത്ര്യം മറ്റു സാഹിത്യ രൂപങ്ങളില്‍ എനിക്ക് കിട്ടുന്നില്ല, അത് കിട്ടുന്നവര്‍ തീര്‍ച്ചയായും ഉണ്ടാകാമെങ്കിലും അവയുടെ ഘടനകള്‍ പുതുക്കിപ്പണിയുക എളുപ്പമല്ല.
കവിക്ക് കവിത അനുഭവിപ്പിക്കേണ്ട ബാധ്യതയേ ഉള്ളൂ, അതിനാവശ്യമായതെല്ലാം, ശബ്ദവും അക്ഷരവും വാക്കും ഘടനയും വൃത്തവും ഗദ്യവും കൊണ്ടുചെയ്യുകയും. ഒരു കത്തിനെയോ ഒരു പട്ടികയെയോ ഒരു പരസ്യത്തെയോ ഒരു പ്രസ്താവത്തെയോ ഒരു കഥയെയോ, ഭാവനയുടെ നവീനതകൊണ്ട് കവിതയാക്കി മാറ്റാന്‍ ഒരു യഥാര്‍ഥ കവിക്ക് കഴിയും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ലോകഭാഷകളില്‍ ഉണ്ട്. ഒരു കാലത്ത് കവിതയായി ഗണിക്കപ്പെടാത്ത പലതും മറ്റൊരു കാലത്ത് കവിതയുടെ മാതൃകയായി മാറുന്നു. നികാനോര്‍ പാര്‍റാ പറഞ്ഞതുപോലെ കവികള്‍ ഏതു രൂപവും ഉപയോഗിക്കാന്‍ സ്വതന്ത്രരാണ്; ‘‘ഒഴിഞ്ഞ പേജില്‍ മുന്നേറണം എന്നു മാത്രം.''
സമാധാനത്തിന്റെ കലയാണ് കവിതയെന്നു പറയുമ്പോഴും അത് പ്രതിരോധത്തിന്റെ കല കൂടിയാണ് എന്നും വിവക്ഷിക്കപ്പെടുന്നു. താങ്കളുടെ വീക്ഷണത്തില്‍ ഈ രണ്ടു പ്രസ്താവനകളേയും കവിതയില്‍കൂടി സമീപിക്കുമ്പോള്‍ എന്ത് തോന്നുന്നു ?
സമാധാനവും പ്രതിരോധവും തമ്മില്‍ വൈരുധ്യം ഇല്ലെന്നു ഗാന്ധിയെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അദ്ദേഹം യുദ്ധപ്രേമിയോ ഹിംസയുടെ ആരാധകനോ ആയിരുന്നില്ലെന്ന് എല്ലാവര്ക്കും അറിയാമല്ലോ. സക്രിയമായ അഹിംസയാണ് പ്രതിരോധം. അത് ധൈഷണികവും പ്രായോഗികവും ആകാം. ഇന്ന് ഫലസ്തീനും യുക്രെയ്നും വേണ്ടി എഴുതുകയും പാടുകയും പറയുകയും ചെയ്യുന്നവര്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. യുദ്ധത്തിനെതിരായ ചെറുത്തുനില്പ് സമാധാനത്തിനു വേണ്ടിയുള്ള പ്രതിരോധം തന്നെ. ലോകചരിത്രത്തില്‍ ഉടനീളം അത്തരം പ്രതിരോധങ്ങളുടെ ഉദാഹരണങ്ങളുണ്ട്.
മകൾ സബിതക്കൊപ്പം,ഭാര്യ ബിന്ദുവിന് ഒപ്പം
വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ ഒരു കാലഘട്ടത്തില്‍ നിര്‍വഹിച്ച രചനകളില്‍നിന്നും പുതിയ കാലത്തിലേക്ക് രചനകള്‍ കടന്നപ്പോള്‍ താങ്കളുടെ കാവ്യരചനയില്‍ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
പ്രതിരോധത്തിന്റെ ഒരു ധമനി എന്നും എന്റെ കവിതയില്‍ ഉണ്ടായിരുന്നു. വിപ്ലവം ആസന്നം എന്ന് (വെറുതെയെങ്കിലും) തോന്നിച്ച ഒന്നര പതിറ്റാണ്ടുകാലം അത് കൂടുതൽ പ്രകടമായി എന്ന് പറയാം. എന്നാല്‍, ഞാന്‍ ‘വിപ്ലവകവിത’ എന്ന് വിളിക്കാവുന്ന ഒന്നും എഴുതിയിട്ടില്ല. അക്കാലത്തു കലാകൗമുദിയില്‍ വന്ന ‘പീഡനകാല’മെന്ന കവിതക്ക് ആമുഖമായി ഞാന്‍ പറഞ്ഞു: ‘‘ഞാന്‍ പീഡനകാലത്തിന്റെ കവിയാണ് സഹോദരാ, വിപ്ലവകാലത്തിന്റെ കവികള്‍ എനിക്ക് പിറകേ വരുന്നു’’ എന്ന്. ആദ്യകാലത്തെ ‘ഓപ്പോള്’, ‘വിയറ്റ്നാം’ തുടങ്ങിയ കവിതകള്‍ മുതല്‍ ഇയ്യിടെ എഴുതിയ ‘തോറ്റവരുടെ ചിത്രകാരന്’ വരെ ഒരു ആധാരശ്രുതിയായി ആ പീഡനബോധം ഉെണ്ടന്ന് എന്റെ കവിതകളെ പിന്തുടരുന്നവര്‍ക്കറിയാം.
കവി അന്നും ഇന്നും ‘രുദിതാനുസാരി’ തന്നെ. രോദനം ചിലപ്പോള്‍ ആത്മദുഃഖത്തില് നിന്നാവാം, ചിലപ്പോള്‍ പരദുഃഖത്തില്ല്നിന്ന്, ചിലപ്പോള്‍ നെടുവീര്പ്പാകാം, ചിലപ്പോള്‍ രോഷജ്വാല. അടിസ്ഥാനപരമായ ഒരു നീതിബോധത്തില്‍നിന്ന് വരുന്നതാണ് അത്, അതുകൊണ്ട് അത് വർഗീസ് കൊല്ലപ്പെട്ടാലും രാജന് കൊല്ലപ്പെട്ടാലും ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടാലും അഭിമന്യു കൊല്ലപ്പെട്ടാലും മധു ആക്രമിക്കപ്പെട്ടാലും നിര്‍ഭയ അപമാനിക്കപ്പെട്ടാലും ഗസ്സയില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടാലും (ഇവയെല്ലാം എന്റെ കവിതക്ക് വിഷയമായിട്ടുണ്ട്, ബോധപൂർവമല്ല, ചിലത് കവിതയാകുന്നു, ചിലത് മറ്റുരീതികളില്‍ ആവിഷ്കൃതമാകുന്നു എന്നേയുള്ളൂ) അവയെ ക്രൂരമായ ഹിംസയായി തിരിച്ചറിയുന്നു.
ചിലപ്പോള്‍ ഞാന്‍ കടലാസ് മാറ്റിവെച്ച് സി.കെ. ജാനുവിന്റെ കൂടെ നിൽപുസമരത്തില് ഭൗതികമായി ചേരുന്നു, അല്ലെങ്കില്‍ വാളയാറില്‍ ആക്രമിച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള സമരത്തില്‍ പോയി സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നു, ചിലപ്പോള്‍ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പ്രസ്താവനകളില്‍ ഒപ്പുവെക്കുന്നു, ചിലപ്പോള്‍ സ്ഥാനങ്ങള്‍ ഉപേക്ഷിക്കുന്നു.
ഇവയെല്ലാം ഒരൊറ്റ പ്രതിരോധത്തിന്റെ പല രൂപങ്ങളാണ്. കവിത എന്നും നിലനിൽക്കുമെന്ന മിഥ്യാപ്രതീക്ഷയില് ഇതിഹാസങ്ങള്‍ പുനരെഴുതുന്ന ആളല്ല ഞാന്‍; എഴുതുന്നതില്‍ മനുഷ്യാവസ്ഥയുടെ പ്രതിഫലനമുണ്ടെങ്കില്, അതൊരു ചെറുസംഭവത്തെക്കുറിച്ചായാലും, അതിന്റെ സത്യം എന്നും പ്രസക്തമായിരിക്കും. ആത്യന്തികമായി ഇവയെല്ലാം ഹിംസക്കെതിരായ പ്രതിരോധങ്ങളാണ്. വിപ്ലവങ്ങളില്പോലും ഹിംസ വേണ്ടിവരുന്നത് ജനങ്ങളെ കൂടെനിര്‍ത്താന്‍ കഴിയാത്തപ്പോഴാണ്. ഗാന്ധിക്ക് അധിനിവേശ വിരുദ്ധ സമരം അഹിംസാത്മകമായി ചെയ്യാന്‍ കഴിഞ്ഞത് ജനങ്ങള്‍ ഒപ്പം അണിനിരന്നതുകൊണ്ടാണ്. ലക്ഷം ലക്ഷം ആളുകളെ ‘പിന്നാലേ’ നിരത്തുകയല്ല, ഓരോരുത്തരെയും, മത-ജാതി-ലിംഗ-വർണ-വർഗ ഭേദമില്ലാതെ പോരാളിയായി സ്വയം തിരിച്ചറിയാന്‍ പര്യാപ്തരാക്കുകയാണ് അദ്ദേഹം ചെയ്തത്.
‘എഴുത്തച്ഛന് എഴുതുമ്പോള്‍ എഴുത്ത് അച്ഛനായ് മാറുന്നു, പിന്നെ അച്ഛന് എഴുത്തായും’ എന്ന് താങ്കള്‍ കവിതയില്‍ പറഞ്ഞിട്ടുണ്ട്. ആധുനിക കാലഘട്ടത്തിലെ കവിതകള്‍ നിരീക്ഷിക്കുമ്പോള്‍ ഈ ദര്‍ശനത്തിനു താങ്കള്‍ സാധ്യത കാണുന്നുണ്ടോ?
ഈ വരികള്‍ താങ്കള്‍ക്കു അറിയാവുന്ന പോലെ, എന്റെ, അര നൂറ്റാണ്ടിനു മുമ്പ് ‘മാതൃഭൂമി’യില്‍ വന്ന, ആദ്യകവിതയുടെ അവസാനവരികളാണ്. ഒരു വെളിപാടുപോലെ വന്ന വരികള്‍. കവിതാരചനയുടെ മുഹൂര്‍ത്തത്തില്‍ കവിത സ്വതന്ത്രയായി കവിയെ നിയന്ത്രിക്കാന്‍ തുടങ്ങുന്നു, കവി കവിത തന്നെയായി വ്യത്യസ്തമായ സ്വത്വം ഇല്ലാത്തപോലെ അലിഞ്ഞുപോകുന്നു. പ്രചോദനത്തിന്റെ തീക്ഷ്ണ മുഹൂര്‍ത്തങ്ങളില്‍ മാത്രം സംഭവിക്കുന്നതാണ് ഇത്. കവിതയെ വെറും കൗശലമായോ പദ്യനിർമാണമായോ സമൂഹത്തിന്റെ അംഗീകാരത്തിനും പ്രശസ്തിക്കുമുള്ള ഉപകരണമായോ കൊണ്ടുനടക്കുന്നവര്‍ക്ക് അത്തരം നിമിഷങ്ങള്‍ അനുഭവിക്കാന്‍ വിധിയില്ല.
എക്കാലവും ഒരു ഭൂരിപക്ഷത്തിന്റെ അവസ്ഥ അതായിരുന്നിട്ടുണ്ട്, ഇന്ന് അവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നേയുള്ളൂ. പ്രചോദിതമായ ഒരു വരിക്കുവേണ്ടി നമുക്ക് ഒരു ലവണസമുദ്രം മുഴുവന്‍ കുടിച്ചുവറ്റിക്കേണ്ടി വരുന്നു. എന്റെ പ്രിയ മലയാള കവികളെക്കുറിച്ചെല്ലാം ഞാന്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. അവരിലൂടെ ഞാന്‍ ആ അപൂർവ മുഹൂര്‍ത്തങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
ലോകകവിതകള്‍ ഏറ്റവും കൂടുതല്‍ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് താങ്കളാണ് എന്ന് തോന്നുന്നു. അതില്‍ കൂടുതലും നെരൂദയുടെ കവിതകളുമാണല്ലോ. എന്താണ് താങ്കളെ നെരൂദയുമായി ഏറെ അടുപ്പിച്ചത്?
ആരാണ് ഏറ്റവും കൂടുതല്‍ ലോകകവിതകള്‍ മലയാളത്തില്‍ പരിഭാഷ ചെയ്തത് എന്ന് എനിക്കറിയില്ല. കുറെ കവിതകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, രണ്ടായിരം പേജിലേറെ. അതില്‍ എട്ടു ശതമാനം നെരൂദയുടെ കവിതകള്‍ ആകാം. നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു നിരാശതാഗീതവും എന്ന ആദ്യകാലകൃതിക്ക് അമേരിക്കന്‍ കവി റോബര്‍ട്ട് ബ്ലൈ ചെയ്ത പരിഭാഷ എനിക്ക് അയച്ചുതന്നത് അയ്യപ്പപ്പണിക്കര്‍ ആയിരുന്നു. അതാണ് എന്റെ ആദ്യത്തെ നെരൂദാ പരിചയം. ഞാന്‍ അന്ന് വിദ്യാർഥിയാണ്.
പിന്നെ എറണാകുളം പൈ ആന്‍ഡ് കമ്പനിയില്‍നിന്ന് നെരൂദയുടെ, കവി തന്നെ തിരഞ്ഞെടുത്ത കവിതകളുടെ ദ്വിഭാഷാ സമാഹാരം. അയ്യപ്പപ്പണിക്കര്‍ ആണ് ‘കേരളകവിത’ ത്രൈമാസികത്തില്‍ നെരൂദയുടെ രാഷ്ട്രീയവും അല്ലാത്തതുമായ കുറെ കവിതകള്‍ വിവര്‍ത്തനം ചെയ്തത്. പിന്നെ, ലണ്ടനില്‍ നിന്നാണ് എന്നാണു ഓർമ, നെരൂദയുടെ ബൃഹത്തായ സമാഹാരവും ഞാന്‍ വാങ്ങി. അടിയന്തരാവസ്ഥക്കാലത്ത് പി. ഗോവിന്ദപ്പിള്ള ഇരിഞ്ഞാലക്കുടയിലെ എന്റെ വാടകവീട്ടില്‍ വന്നു ഗ്രന്ഥശാലാ സഹകരണ സംഘത്തിനുവേണ്ടി നെരൂദയുടെ കുറെ കവിതകള്‍ പരിഭാഷ ചെയ്തുകൊടുക്കാമോ എന്ന് ചോദിച്ചു.
ഒഴിവുകാലം ആയിരുന്നു. ഒരു തപസ്യപോലെ ഞാന്‍ കുറെ കവിതകള്‍ തർജമ ചെയ്തു. പിന്നെ പണിക്കര്‍ മുമ്പ് ചെയ്തിരുന്നതും ഒരു അവതാരികയും അഭിമുഖവും ചേര്‍ത്ത് പുസ്തകമായി എഡിറ്റ് ചെയ്തുകൊടുത്തു. അതിനുപിന്നെ പല പതിപ്പുകള്‍ ഉണ്ടായി, പല പ്രസാധകരില്‍ നിന്നായി. ഓരോ പതിപ്പിലും പുതിയ കവിതകള്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്നു, മാതൃഭൂമി പതിപ്പില്‍ ചിലത് എന്റെ മകള്‍ സബിതയും പരിഭാഷ ചെയ്തു. സമീപകാലത്ത് നേരത്തെ പറഞ്ഞ ആദ്യകാല കവിതകള്‍ ഗ്രീന്‍ ബുക്സിനുവേണ്ടി ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടം നെരൂദയുടെ ‘ഓഡുകള്‍, അഥവാ സ്തുതിഗീതങ്ങള്‍’ ആണ്. അവ ലളിതവും പക്വവുമാണ്.
പ്രപഞ്ചവുമായി തന്മയീഭവിച്ച ഒരാള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്നത്. എന്നെ ആ കവിയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം നെരൂദ ഒരു സമ്പൂർണകവിയുടെ മാതൃകയാണ് എന്നതാണ്. പ്രകൃതി, പ്രണയം, സമൂഹം, പ്രപഞ്ചം: ഇവയെ എല്ലാം പുതുക്കുന്ന ഭാഷ. എന്റെ കവിതാരീതികള്‍ പലതാണ്, നെരൂദയില്നിന്നും ഏറെ ദൂരെയും. പക്ഷേ, ഇമേജിന്റെയും (ബിംബം) രൂപകത്തിന്റെയും ശക്തിയും ലാവണ്യവും എന്നെ മനസ്സിലാക്കിത്തന്നവരില് ഒരു പ്രധാനി അദ്ദേഹം തന്നെ.
മലയാളഭാഷയെപ്പറ്റി കവിതകള്‍ എഴുതിയ ആളാണ് താങ്കള്‍. പുതിയ കാലഘട്ടത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നുപോലും മലയാളം പടിക്കു പുറത്താകുമ്പോള്‍ എന്തുപറയാന്‍ തോന്നുന്നു? പുതിയ പാഠ്യക്രമം മലയാള അക്ഷരമറിയാത്ത ഒരു തലമുറയെ സൃഷ്ടിച്ചു എന്ന് അഭിപ്രായമുണ്ടോ?
മാതൃഭാഷ ഇല്ലാതിരിക്കുന്നത് അമ്മ ഇല്ലാതിരിക്കുന്നതുപോലെ തന്നെ ഒരു അരക്ഷിതമായ മാനസികാവസ്ഥ സൃഷ്ടിക്കും. അതുകൊണ്ട് ഭാഷാപഠനം ഒരു മാനസികാവശ്യമാണ്. നിയോ ലിബറല്‍ കാലത്തിന്റെ കരിയറിസം എന്തിലും ഭൗതികമായ പ്രയോജനം മാത്രമാണ് അന്വേഷിക്കുന്നത്. പുതിയ കവികള്‍ ധാരാളമായി എനിക്ക് കവിതകള്‍– ചിലപ്പോള്‍ കഥ, ലേഖനം മുതലായവയും– അയച്ചുതരാറുണ്ട്. അവയില്‍ ഞാന്‍ ആദ്യം നോക്കുന്ന ഒരു കാര്യം അക്ഷരത്തെറ്റുകള്‍ ഉണ്ടോ എന്നാണ്.
ഞാന്‍ പറയുന്നത് സംസാരഭാഷകളും സമുദായഭാഷകളും ഗോത്രഭാഷകളും മറ്റും ഉപയോഗിച്ചു കവിത എഴുതുന്നവരെപ്പറ്റിയല്ല; മാനകഭാഷയിലാണ് തങ്ങള്‍ എഴുതുന്നത് എന്ന് ധരിക്കുന്നവരെപ്പറ്റിയാണ്. അപ്പോള്‍ സ്കൂള്‍ തലത്തില്‍ ഭാഷാപഠനം ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നുവേണം ഊഹിക്കാന്‍. സംസാരഭാഷ, പത്രഭാഷ, പ്രസംഗ ഭാഷ, സാഹിത്യഭാഷ, വിജ്ഞാനഭാഷ, പലതരം വാമൊഴികള്‍, ഇവക്കൊപ്പം മാനകഭാഷയും നിലനിന്നാലേ ഒരു ഭാഷ നിലനില്‍ക്കൂ എന്ന് ഭാഷാ ശാസ്ത്രജ്ഞര്‍. മറ്റു ഭാഷകളെ നമുക്ക് തിരിച്ചറിയാനെങ്കിലും ഒരു മാനകഭാഷ വേണം. ഞാന്‍ ഉദ്ദേശിക്കുന്നത് സംസ്കൃതജടിലമായ ഭാഷയെ അല്ലതന്നെ, അക്ഷരം തെറ്റാതെ എഴുതുന്ന ലളിതമായ ഭാഷയെങ്കിലും.
പുതിയ കാലഘട്ടത്തില്‍ മലയാള സാഹിത്യത്തില്‍, വിശിഷ്യാ കവിതയില്‍, സ്ത്രീകളുടെ ഒഴുക്കുതന്നെ കാണാനാകുന്നുണ്ട്. ഈ സ്ത്രീ മുന്നേറ്റം മലയാള കവിതക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നുണ്ടോ? ഈ ഒഴുക്കില്‍ പുരുഷകവികള്‍ അടക്കം എഴുതുന്ന നല്ല കവിതകള്‍ മുങ്ങിപ്പോകുന്നു എന്ന മുറവിളികളോട് യോജിക്കുന്നുണ്ടോ?
ഒട്ടും യോജിക്കുന്നില്ല. മുമ്പ്, എഴുതിക്കൊണ്ടിരുന്ന പല സ്ത്രീകളെയും അദൃശ്യരാക്കിയ പുരുഷ മേധാവിത്വ പാരമ്പര്യം നമുക്കുണ്ട്. ഇനിയും അത് തുടര്‍ന്നുകൂടാ. സ്ത്രീകള്‍ ധാരാളമായി എഴുതട്ടെ. ഇപ്പോഴാണ് അതിനുള്ള സ്വാതന്ത്ര്യവും സൗകര്യവും അവര്‍ക്ക് ലഭിക്കുന്നത്. എല്ലാ ലിംഗവിഭാഗങ്ങളിലും നന്നായെഴുതുന്നവര് ഉണ്ട്, മറിച്ചും. ഒരു കവിയുടെ വളര്‍ച്ച മറ്റൊരു കവിക്ക് തടസ്സം ആകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. പലതരം കവിതകള്‍ ഉണ്ടാവട്ടെ, അര്‍ഹതയുള്ളത് നിലനില്ക്കട്ടെ. താൽക്കാലികമായ പ്രശസ്തിയോ പുരസ്കാരങ്ങളോ സാഹിത്യബാഹ്യമായ വിവാദങ്ങളോ സ്ഥാനമാനങ്ങളോ ഒന്നുമല്ല കവിതയെ നിലനിര്‍ത്തുന്നത്, ഉള്‍ക്കാഴ്ചയുടെ ആഴവും ഭാഷയുടെ പുതുമയും സാന്ദ്രതയും അനുഭവതീക്ഷ്ണതയും പോലെ അനേകം ഗുണങ്ങളാണ്. ആരാണ് നല്ല കവി എന്ന് തീരുമാനിക്കുന്നതില്‍ ലിംഗത്തിന് ഒരു പ്രാധാന്യവും ഉണ്ടായിക്കൂടാ.
2007ല്‍ താങ്കളുടേതായി പ്രസിദ്ധീകരിച്ച ‘ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍’ ആധുനിക സ്വീഡിഷ് കവിതകളുടെ പരിഭാഷയാണല്ലോ. അതിന്റെ ആമുഖത്തില്‍ താങ്കള്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയത്തെപ്പറ്റിയും അത് സൃഷ്ടിച്ച സാഹിത്യപരിവര്ത്തനത്തെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അത്തരം ഒരു സാംസ്കാരിക വിനിമയം പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ നടക്കുമെന്നു തോന്നുന്നുണ്ടോ?
‘സംബന്ധ്’ എന്നായിരുന്നു ആ ഇന്‍ഡോ-സ്വീഡിഷ് സാംസ്കാരിക വിനിമയ പരിപാടിയുടെ പേര്. അത് സ്വീഡനിലെ ഒരു സ്വകാര്യസ്ഥാപനം സ്പോണ്സര് ചെയ്തതാണ്. ആദ്യം അങ്ങോട്ട് കുറെ ഇന്ത്യന്‍ കവിതകളുടെ പരിഭാഷ നടന്നു, പിന്നെ ഇങ്ങോട്ട് സ്വീഡിഷ് കവിതകളുടെയും. സ്റ്റോക്ഹോമിലും ഡല്‍ഹിയിലും കോവളത്തും ചില ശിൽപശാലകള് നടന്നു. സ്വീഡിഷ് ഭാഷയിലെയും മലയാളം ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഭാഷകളിലെയും കവികള്‍ അവയില്‍ പങ്കെടുത്തു.
ചില കാവ്യോത്സവങ്ങളില്‍ കവിതാപരിഭാഷകള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. പണം നിലച്ചപ്പോള്‍ യാത്രകള്‍ അസാധ്യമായി, അതിനു നേതൃത്വം നല്‍കിയിരുന്ന റ്റൊമാസ് ലൊഫ്സ്ട്രോം എന്ന കവി അകാലത്തില്‍ മരിച്ചുപോവുകയും ചെയ്തു. അത്തരം സാംസ്കാരികവിനിമയങ്ങള്‍ വെയില്‍സ്, അയര്‍ലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുമായും ഉണ്ടായിട്ടുണ്ട്, ചിലത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇതിന്റെ പ്രധാനമായ മുന്‍ വ്യവസ്ഥ സാഹിത്യത്തിലും സംസ്കാരത്തിലും താൽപര്യമുള്ള ഭരണകൂടങ്ങളും അവക്ക് അക്കാര്യങ്ങളില്‍ സാമ്പത്തിക പിന്തുണ നല്കുന്ന സ്ഥാപനങ്ങളും ഉണ്ടാവുക എന്നതാണ്. നമ്മെ മുഴുവന്‍ മധ്യകാലത്തേക്ക് ആട്ടിെത്തളിക്കുന്ന ഒരു ഭരണകൂടം ആധുനിക ലോകകവിതയില്‍ താൽപര്യമെടുക്കുക എന്നത് സംഭവ്യമല്ല തന്നെ. സത്യം പറയുന്ന കവിതയെ അവര്‍ ഭയപ്പെടുന്നു എന്നതാണ് സത്യം.
കവിത അസ്തിത്വം എന്ന വിസ്മയത്തിന്റെയും ദൈവത്തിലേക്കുള്ള അകലത്തിന്റെയും സാക്ഷ്യമായാണ് ഓസ്റ്റണ്‍ സ്യോസ്ട്രാന്സ് കാണുന്നത്. വിശ്വാസമെന്നാല് ആശ്വാസമല്ല, നിരന്തരമായ ചോദ്യം ചെയ്യല്‍ ആണെന്ന് കവി വിശ്വസിക്കുന്നു. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയില്‍ ഒരു കവിക്ക് ഈ വിശ്വാസത്തിന്റെ ബലത്തില്‍ കവിതയെഴുതാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?
അസ്തിത്വം എന്ന വിസ്മയത്തിന്റെ സാക്ഷ്യമാണ് എന്നും കവിത. ആ വിസ്മയത്തെ മുഴുവനായി ചുരുളഴിക്കുക അസാധ്യമായതുകൊണ്ടാണ് അത് ദൈവത്തിലേക്കുള്ള അകലത്തിന്റെയും അളവുകോല്‍ ആയിരിക്കുന്നത്. ദൈവം എന്നതിന് ഇവിടെ പ്രപഞ്ചത്തിന്റെ അനന്തവിസ്മയം എന്ന അര്‍ഥം നല്കിയാല് മതി. ചോദ്യം ചെയ്യലിലൂടെയാണ് മനുഷ്യര്‍ എല്ലാ അറിവും പുരോഗതിയും നേടിയിട്ടുള്ളത്. തന്റേടമുള്ള കവിക്ക് ഇന്നും അത് സാധ്യമാണ്. അത് തെളിയിക്കുന്നവര്‍ മാത്രമാണ് ഇന്നത്തെ സത്യസന്ധരായ കവികള്‍.
ആധുനിക മലയാള കവിതയില്‍ കോക്കസ്സുകളുടെ അനാവശ്യമായ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയരുമ്പോള്‍ താങ്കളുടെ പ്രതികരണം എപ്രകാരമാണ് ?
താങ്കള്‍ ഉദ്ദേശിക്കുന്നത് ഭാവുകത്വം അടിസ്ഥാനമാക്കിയുള്ള സാഹോദര്യങ്ങള്‍ ആണെങ്കില്‍ അത് എന്നും ഉണ്ടായിരുന്നു. ‘കേരളകവിത’ക്കു ചുറ്റും ഉണ്ടായ കൂട്ടായ്മ അങ്ങനെ ഒന്നായിരുന്നു. പക്ഷേ, അത് ആരെയും പുറത്തുനിര്‍ത്തുന്ന ഒന്നായിരുന്നില്ല, മുതിര്‍ന്ന എഴുത്തുകാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ടു തന്നെയാണ് പുതിയ രീതിയില്‍ കവിതയെഴുതാന്‍ ഞങ്ങള്‍ ആരംഭിച്ചത്. തൊണ്ണൂറുകളില്‍ എന്നപോലെ കവിത പുതുക്കപ്പെട്ടപ്പോഴൊക്കെ അത്തരം കൂട്ടായ്മകള്‍, മലയാളത്തില്‍ മാത്രമല്ല, ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ഇന്ന്, വിശേഷിച്ചും സൈബറിടങ്ങള്‍ തുറന്നശേഷം, ഒരു പാട് ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുകയും സമാഹാരങ്ങള്‍ ഇറക്കുകയും മറ്റും ചെയ്യുന്നത് കാണുന്നുണ്ട്.
ചിലര്‍ എന്നോട് ഒരു കവിത ചേര്‍ത്തുകൊള്ളട്ടെ എന്ന് ചോദിച്ചാല്‍ ഞാന്‍ അനുവാദം നൽകാറുമുണ്ട്. എനിക്ക് ഒഴിഞ്ഞിരുന്ന് എന്റെ കവിത എഴുതാനാണ് ഇഷ്ടം, ഞാന്‍ ആ തിരക്കിലേക്കില്ല. എനിക്ക് അഞ്ഞൂറ് ആസ്വാദകര്‍ ഉണ്ടെങ്കില്‍ ധാരാളം. ഒരുതരം അസംതൃപ്തിയും ആവലാതിയും ഇല്ല. അതെല്ലാം വരുന്നത് നമ്മുടെ വ്യവസ്ഥിതിയുടെ മുഖമുദ്രയായ കിടമത്സരങ്ങളില്‍ നിന്നാണ്. പക്ഷേ, ഞാന്‍ കണ്ണുതുറന്നു തന്നെയാണിരിക്കുന്നത്. അങ്ങുമിങ്ങും പുതിയ ശബ്ദങ്ങളും രീതികളും ഉണ്ടാകുന്നുണ്ട്. എല്ലാവരും എഴുതട്ടെ, ശക്തിയുള്ളത് അതിജീവിക്കട്ടെ. തങ്ങളുടെ കാലത്ത് പ്രശസ്തരായിരുന്ന, വലിയ പുരസ്കാരങ്ങള്‍ നേടിയിരുന്ന, എത്രയോ എഴുത്തുകാരെ ലോകം മറന്നുകഴിഞ്ഞു, നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ.
കാലത്തിന്റെ വിവേകത്തില്‍ അവിശ്വസിക്കാന്‍ ഞാന്‍ കാരണം കാണുന്നില്ല. ബഹളം കൂട്ടിയതുകൊണ്ട് കാര്യവുമില്ല, തൽക്കാലം ശ്രദ്ധനേടാം എന്നുമാത്രം. പലര്‍ക്കും അതേ വേണ്ടൂ എന്നും തോന്നിയിട്ടുണ്ട്. അതിനും അവര്‍ക്ക് അവകാശമുണ്ട്.
സാഹിത്യോത്സവങ്ങള്‍ മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് ഗുണം ചെയ്യും എന്ന് കരുതുന്നുണ്ടോ?
സാഹിത്യോത്സവങ്ങള്‍ എന്തെല്ലാമാണ് ചെയ്യുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ചോദ്യം. ആദ്യമായി, തങ്ങള്‍ വായിച്ചിരുന്ന, അഥവാ വായിക്കുന്ന, എഴുത്തുകാരില്‍ ചിലരെ നേരിട്ട് കാണാനും കേള്‍ക്കാനും അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും അവ അവസരം നല്കുന്നു, ചിലപ്പോള്‍ പല ഭാഷകളിലും നിന്നുള്ള പുതിയ എഴുത്തുകാരെയും. എഴുത്തുകാര്‍ക്ക് അന്യോന്യം പരിചയപ്പെടാനും കേള്‍ക്കാനുമുള്ള അവസരങ്ങള്‍കൂടിയാണ് സാഹിത്യോത്സവങ്ങള്‍. അവ പലപ്പോഴും നല്ല സൗഹൃദങ്ങളിലേക്കും ആശയവിനിമയങ്ങളിലേക്കും അന്യോന്യ വിവര്‍ത്തനങ്ങളിലേക്കും ഇതരഭാഷാ സാഹിത്യപരിചയത്തിലേക്കും എല്ലാം നയിച്ചേക്കാം. സമാന്തരമായിത്തന്നെ ശ്രോതാക്കളുടെ ആശയവിനിമയങ്ങളും അഭിപ്രായ രൂപവത്കരണങ്ങളും സൗഹൃദങ്ങളും ഉണ്ടാകുന്നുണ്ട്.
പലപ്പോഴും അരങ്ങില്‍ നടക്കുന്നത്ര തന്നെയോ അതിലേറെയോ പ്രധാനമാകാറുണ്ട് അരങ്ങിനു വെളിയില്‍ നടക്കുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും ആശയക്കൈമാറ്റങ്ങള്‍ എന്നാണ് ആറു ഭൂഖണ്ഡങ്ങളിലെ പ്രമുഖ സാഹിത്യോത്സവങ്ങളില്‍ പലതിലും പങ്കെടുത്തിട്ടുള്ള എന്റെ അനുഭവം. അപ്പോള്‍ വളരെ പ്രത്യക്ഷമായി സാഹിത്യത്തെ വളര്‍ത്തുകയല്ല ഇത്തരം കൂടിച്ചേരലുകള്‍ ചെയ്യുന്നത്. അത് അവയുടെ ലക്ഷ്യമേ അല്ലെന്നു വരാം. എന്നാല്‍, സാഹിത്യത്തെ ജനകീയമാക്കുന്നതിലും അഭിരുചിയും ഭാവുകത്വവും വളര്‍ത്തുകയും മാറ്റുകയും ചെയ്യുന്നതിലും അവക്ക് പങ്കുവഹിക്കാനാവും.
യുവജനങ്ങള്‍ക്കിടയില്‍ സാഹിത്യ താൽപര്യം വളര്‍ത്താനും അവ സഹായിക്കും. അവയില്‍ പങ്കെടുക്കാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല, മുറിയില്‍ ഇരുന്നു വായിച്ചാല്‍ മതി എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടാകാം, അവര്‍ക്ക് തീര്‍ച്ചയായും അത് ചെയ്യാമല്ലോ, അതിനു ഉത്സവങ്ങള്‍ തടസ്സമല്ല. മറിച്ച്, പല പ്രസാധകരുടെയും പുസ്തകങ്ങള്‍ ഒരു സ്ഥലത്ത് ലഭ്യമാക്കാന്‍ അവ വേദി ആകാറുമുണ്ട്. സാഹിത്യോത്സവങ്ങള്‍ ഏതായാലും സാഹിത്യത്തിന് ദോഷം ചെയ്യുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.
സാംസ്കാരിക വേദിയുടെ പ്രവര്‍ത്തകനായിരുന്ന താങ്കള്‍ ആധുനിക ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടുകളെ എങ്ങനെ നോക്കിക്കാണുന്നു? നവലിബറലിസത്തിന്റെ സ്വാധീനം ഇന്ത്യന്‍ ഇടതുപക്ഷത്തെ മലീമസമാക്കി എന്ന് കരുതുന്നുണ്ടോ?
ഇനി ലോകത്ത് പഴയപോലുള്ള വലിയ വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. അവ അഭിലഷണീയമാണോ എന്നുപോലും സംശയിപ്പിക്കുന്നതാണ് റഷ്യ, ചൈന എന്നിവിടങ്ങളിലെ അനുഭവങ്ങള്‍. തീര്‍ച്ചയായും അവ അതിദാരിദ്ര്യം ഇല്ലാതാക്കിയിട്ടുണ്ട്, അതൊരു വലിയ കാര്യവുമാണ്. സാംസ്കാരികമായി നോക്കിയാല്‍, വിപ്ലവത്തിന് മുമ്പുള്ള കാലത്താണ് പുതിയ ഉണര്‍വുകള്‍ അധികവും ഉണ്ടായിക്കാണുന്നത്. അതിനുകാരണം സാഹിത്യത്തിനും കലക്കും ചിന്തക്കും വളരാനും മാറാനും സ്വാതന്ത്ര്യം ഒരു അനിവാര്യവ്യവസ്ഥയാണ് എന്നതാണ്. അതുകൊണ്ട് സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം ഇവ ഒന്നിച്ച് പുലരുന്ന വ്യവസ്ഥിതിയാണ് ആവശ്യം. അതിനു വലിയ മാതൃകകള്‍ ലോകത്തില്ല.
അടുത്ത് വരുന്നത് സ്കാന്റിനേവിയന്‍ രാജ്യങ്ങളാണ്. ഇന്ന് ഏറെയും രാജ്യങ്ങള്‍ പിന്തുടരുന്നത് മുതലാളിത്തത്തെ ആണ്; ഭരണകൂടങ്ങള്‍ അധികവും സമഗ്രാധിപത്യപരമാണ്. തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും പ്രഹസനങ്ങള്‍ മാത്രം, ഇയ്യിടെ റഷ്യയില്‍ നടന്നതുപോലെ. തെരഞ്ഞെടുപ്പുകളിലൂടെയാണ് ഫാഷിസ്റ്റുകളും അധികാരത്തില്‍ എത്തിയിട്ടുള്ളത് എന്ന് ചരിത്രം പഠിപ്പിക്കുന്നു, അതുകൊണ്ട് തെരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടുമാത്രം ഒരു നാടും ജനാധിപത്യരാജ്യം ആകുന്നില്ല. സമത്വവും ജനാധിപത്യവും അന്യോന്യം പോഷിപ്പിക്കുന്നിടത്തു മാത്രമേ സ്വാതന്ത്ര്യം സാർഥകമാവൂ. ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയില്‍ ജനാധിപത്യം സാധ്യമല്ലെന്ന് അംബേദ്കര്‍ പറഞ്ഞത് തികച്ചും ശരിയാണ്.
അതിന്റെ കൂടെ വർഗവ്യവസ്ഥകൂടി ആകുമ്പോള്‍ അത് കൂടുതല്‍ ദുഷ്കരമാകുന്നു. ചൂഷകവർഗം ലോകം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യ പോലെയുള്ള ഒരു ഫെഡറല്‍ സംവിധാനത്തില്‍ (അതുതന്നെയും ഇന്ന് വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു) നിലനില്‍ക്കുന്ന വ്യവസ്ഥക്കകത്തുനിന്ന് മാത്രമേ സോഷ്യലിസ്റ്റ് കക്ഷികള്‍ക്കുപോലും പ്രവര്‍ത്തിക്കാന്‍ കഴിയൂ. എങ്ങനെ ജൈവ ജനകീയ പ്രക്ഷോഭങ്ങളിലൂടെ അവബോധത്തെയും ജനതയെയും വ്യവസ്ഥയെയും മാറ്റാന്‍ കഴിയുമെന്ന അന്വേഷണമാണ് ഉണ്ടാകേണ്ടത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതില്‍ മുഴുവന്‍ പരാജയപ്പെട്ടു എന്ന് ഞാന്‍ പറയുകയില്ല.
സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള അവസ്ഥയില്‍നിന്ന് നാം അൽപമൊക്കെ മുന്നോട്ടുപോയിട്ടുണ്ട്; ലിബറല്‍ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ചേര്‍ന്നാണ് ഈ ചെറിയ പുരോഗതിയെങ്കിലും സാധ്യമാക്കിയത്. ഇന്ന് കോർപറേറ്റ് മുതലാളിത്തവും സവർണ ഹിന്ദുത്വ രാഷ്ട്രീയവും ചേര്‍ന്ന് നാം നടത്തിയ ചെറിയ മുന്നേറ്റങ്ങള്‍പോലും നിഷ്ഫലമാക്കുകയും നമ്മെ ഇരുണ്ട കാലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ദുർബലമാക്കിയ പ്രധാന കാരണങ്ങള്‍ ഇവയാണെന്ന് ഞാന്‍ വിചാരിക്കുന്നു:
1. ജാതിവ്യവസ്ഥയുടെ ആഴവും സ്വാധീനവും തിരിച്ചറിയാത്ത വർഗമാത്രസമീപനം.
2. നിലനില്‍ക്കുന്ന വ്യവസ്ഥക്കകത്ത് എങ്ങനെ അതിനെ തകര്‍ക്കുന്ന വിധം ഒരു കീഴാള സമീപനം വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള അവ്യക്തത.
3. മാര്‍ക്സിനോടൊപ്പം ഇന്ത്യന്‍ വ്യവസ്ഥയില്‍ ഗാന്ധി, അംബേദ്കര്‍ എന്നിവരുടെ പ്രാധാന്യം തിരിച്ചറിയാതെ പോയത്.
4. റഷ്യ, ചൈന മുതലായ രാജ്യങ്ങളുടെ സമ്പ്രദായങ്ങള്‍, പലതരത്തിലും വ്യത്യസ്തമായ ഇന്ത്യയില്‍ അതേപടി നടപ്പാക്കാം എന്ന ആദ്യകാല വ്യാമോഹം.
5. ജനാധിപത്യത്തോടുള്ള സമീപനത്തിലെ അവ്യക്തതകള്‍, അത് ഒരു ലക്ഷ്യം മാത്രമാണെന്നും ഇപ്പോള്‍ നിലനില്‍ക്കുന്ന ഒന്നല്ലെന്നും അത് യഥാര്ഥമാകണമെങ്കില് അദൃശ്യരായ മനുഷ്യരെ ദൃശ്യരാക്കാനും എല്ലാതരം ചൂഷണങ്ങളും ജന്മിത്തം, മുതലാളിത്തം, പുരുഷ മേധാവിത്തം, ജാതി-വർണ മേധാവിത്വം- അനുഭവിക്കുന്നവരെ ഒന്നിച്ച് കൊണ്ടുവരാനും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും കഴിയണം എന്നും കൃത്യമായി മനസ്സിലാക്കാതെ പോയത്.
6. ഇന്ത്യയില്‍ പാര്‍ട്ടികള്‍ക്ക് പുറത്തു വളര്‍ന്നുവരുന്ന, മനുഷ്യാവകാശവും സാമൂഹികനീതിയും ലക്ഷ്യമാക്കിയുള്ള, ജൈവപ്രക്ഷോഭങ്ങളുമായി പലപ്പോഴും ഐക്യപ്പെടാന്‍ കഴിയാതെ പോകുന്നത്, ചിലപ്പോഴെങ്കിലും അവയെ ശത്രുതയോടെ കാണുന്നതും.
7. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതുകൊണ്ടോ മറ്റു പാര്‍ട്ടികളെ അനുകരിക്കുന്നതുകൊണ്ടോ വന്നടിയുന്ന അഴുക്കുകള്‍– അധികാരമോഹം, ഏകാധിപത്യ പ്രവണതകള്‍, അഴിമതി.
8. ജനസേവനത്തിനു വേണ്ടിയെങ്കിലും തുടരാമായിരുന്ന ഐക്യം ജനങ്ങള്‍ പ്രധാനമായി കാണാത്ത കാരണങ്ങള്‍ പറഞ്ഞു നഷ്ടപ്പെടുത്തിയ അവസരങ്ങള്‍.
9. പല കമ്യൂണിസ്റ്റ് പാര്‍ട്ടികൾക്ക് ഇപ്പോഴും അല്ലെങ്കില്‍ പ്രധാന സന്ദര്‍ഭങ്ങളിലെങ്കിലും ഒന്നിച്ചുനില്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയാതെ പോകുന്നത്.
10. മുമ്പ് മറ്റു രാജ്യങ്ങളില്‍ നടന്നപോലുള്ള ഒരു വിപ്ലവം ഇന്ത്യയില്‍ നടക്കില്ലെന്ന് ഒരു പക്ഷേ, അകമേ മനസ്സിലാക്കിയിട്ടും ആ വ്യാമോഹം ജനങ്ങളില്‍ നിലനിര്‍ത്തുന്നതും അതുവഴി ജനകീയ സമരങ്ങളുടെ പ്രാധാന്യം കുറച്ചുകാണിക്കുന്നതും.
വെറുപ്പിന്റെ രാഷ്ട്രീയത്തോട്/ഫാഷിസത്തോട് താങ്കള്‍ എന്നും പോരടിച്ചിട്ടുണ്ട്. പക്ഷേ, മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകൂട ഭീകരതയെ പേടിച്ച് വിമര്‍ശനങ്ങളില്‍നിന്നും പല സാഹിത്യകാരന്മാരും അകന്നുനില്ക്കുമ്പോള് ആ നിശ്ശബ്ദതയോട് താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ?
നിര്‍ഭയത്വം നൈതികതയുടെ ഭാഗമാണ്. ഭയക്കുന്നയാള്ക്ക് സത്യം പറയാനാവില്ല. സത്യം പറയാത്ത ആള്‍ക്ക് സാഹിത്യകാരനും ആകാന്‍ കഴിയില്ല. പ്രലോഭനങ്ങള്‍, ഭീഷണികള്‍– രണ്ടും സാഹിത്യകാര്‍ക്കെതിരെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. എം.എം. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധാബോല്‍ക്കറും കൊല്ലപ്പെടുന്നത് നാം കണ്ടു. എം.എഫ്. ഹുസൈന് നാടുവിടേണ്ടി വന്നു.
അനന്തമൂര്‍ത്തി, ഗിരീഷ് കർണാട്, ഹബീബ് തന്‍വീര്‍ തുടങ്ങി ദേശീയതലത്തില്‍ അംഗീകൃതരായ എത്രയോ പേര് ഭീഷണിക്ക് വിധേയരായി. ചരിത്രകാരന്മാരുടെയും സ്വതന്ത്രചിന്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും, അവശേഷിച്ച ചുരുക്കം ചില സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകരുടെയും കാര്യം പറയേണ്ടതില്ല. എല്ലാവരും തടവിലാണ് എന്ന് പറയാം –ജയിലില്‍, വീട്ടില്‍, അല്ലെങ്കില്‍ നിരന്തര നിരീക്ഷണത്തില്‍. ഭക്ഷണം മുതല്‍ വിചാരം വരെ എല്ലാം നിയന്ത്രണ വിധേയമാണ്. അനേകം ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ ഫാഷിസത്തിന്റെ പൊതു ലക്ഷണങ്ങള്‍ എല്ലാം ഇന്ത്യയില്‍ ഇന്ന് ദൃശ്യമാണ്.
വിഭജന രാഷ്ട്രീയം, മതാധിപത്യം, പ്രതിപക്ഷ പീഡനം, പുരുഷത്വ പ്രകീര്‍ത്തനം, അസത്യങ്ങള്‍ ആവര്‍ത്തിച്ചു സത്യമാണെന്ന് വരുത്തല്‍, ഉപസൈന്യങ്ങള്, മാധ്യമനിയന്ത്രണം, പഴമയിലേക്കു തിരിച്ചുപോക്ക്, ചരിത്രം തിരുത്തിയെഴുതല്‍, സ്മാരക നശീകരണം, സ്ഥാപനങ്ങളെ പ്രത്യയശാസ്ത്ര പ്രചാരണയന്ത്രങ്ങള്‍ ആക്കല്‍, വിമര്‍ശനാത്മക ചിന്തയോടുള്ള ഭയം, കീഴ്ത്തട്ടിലെ ജനതയോടുള്ള അവഗണന, അൽപം ചില ധനികര്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ പൂർണ നിയന്ത്രണം, ദരിദ്രരെ അതിദരിദ്രര്‍ ആക്കല്‍, മധ്യവർഗ പ്രീണനം, വിദ്യാഭ്യാസത്തെ മാനസിക വികാസവുമായി ബന്ധിപ്പിക്കുന്നതിനു പകരം മുതലാളിത്തത്തോടുള്ള വിധേയത്വവുമായി ബന്ധിക്കല്‍, പരിസ്ഥിതി നശീകരണം, തൊഴിലാളി-കര്‍ഷക നിയന്ത്രണം, ദേശീയതയുടെ സങ്കുചിത നിര്‍വചനവും, നിയമങ്ങളുടെ ജനാധിപത്യവിരുദ്ധമായ ഉപയോഗവും, പുതിയ ജനാധിപത്യവിരുദ്ധ നിയമങ്ങളുടെ നിർമാണവും, ജനാധിപത്യ സ്ഥാപനങ്ങളുടെ സാവധാനമുള്ള കൊല.
ഒരു സംശയവും വേണ്ടാത്ത വിധത്തില്‍ ഫാഷിസം ഇവിടെ എത്തിക്കഴിഞ്ഞു. ഇത് തിരിച്ചറിയാതിരിക്കാന്‍ കണ്ണുതുറന്നിരിക്കുന്ന ആര്‍ക്കും ആവില്ല, നിശ്ശബ്ദത ഇന്ന് ആത്മഹത്യക്ക് തുല്യമാണ്. നിങ്ങള്‍ ജനാധിപത്യത്തിന്റെ ചേരിയിലോ ഫാഷിസത്തിന്റെ ചേരിയിലോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു മുന്നില്‍ ഒരു എഴുത്തുകാരനും മൗനിയായിരിക്കാനാവില്ല.
ഫാഷിസത്തിന്റെ അധീശ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി- മത- വർഗീയ ബോധം പടര്‍ത്തുന്ന വിപത്ത് എങ്ങനെ ബാധിക്കും എന്നാണു കരുതുന്നത് ? നവോത്ഥാന മൂല്യങ്ങളെയും മാനുഷിക ചിന്തകളെയും അപ്രസക്തമാക്കി നവലിബറലിസവും സാമ്പത്തിക അടിമത്തവും ഇന്ത്യന്‍ ജനതയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയാമോ?
കണ്ണുതുറന്നു ജീവിച്ചിരിക്കുന്നവര്‍ക്കെല്ലാം ഇതിനകം അത് മനസ്സിലായിരിക്കണം. ഇന്ത്യയെ ഒരു മതരാഷ്ട്രമായി മാറ്റാനാണ് ഹിന്ദുത്വവാദികളുടെ ശ്രമം. ഇതിനു നൂറുവര്‍ഷത്തെ പഴക്കമുണ്ട്. ഹിന്ദുമഹാസഭയുടെ ഈ ശ്രമം ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ച ഭീതിയാണ് ഇന്ത്യയെ വിഭജനത്തിലേക്ക് നയിച്ചത്. ഇന്നു അതേ ഭീതി പുനഃസൃഷ്ടിക്കപ്പെടുന്നു. അന്ന് പാകിസ്താന് വേണ്ടെന്നുവെച്ച് ഇന്ത്യ തിരഞ്ഞെടുത്ത മുസ്ലിംകള്ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി വിലക്കുകളും നിയമങ്ങളും മരണഭീഷണികളും ഉയരുന്നു.
ഇത് മറുവശത്തും വർഗീയ വികാരം ശക്തമാക്കുന്നു. ഫാഷിസം എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്, ജര്‍മനിയില്‍ എന്നപോലെ, വംശീയതയുടെയും മുതലാളിത്തത്തിന്റെയും അന്യോന്യ സഹകരണത്തിലൂടെയാണ്. ഇന്ത്യയിലും നവലിബറല്‍ മുതലാളിത്തത്തിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ഹിന്ദുരാഷ്ട്രവാദത്തിനു വളരാനാവില്ല. ആ ബന്ധം, ബോണ്ടുകളുടെ വെളിപ്പെടലിലൂടെ ഇപ്പോൾ കൂടുതലായി തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞല്ലോ. മനുഷ്യാവകാശ സൂചികയിലും, ദാരിദ്ര്യസൂചികയിലും തൊഴിലില്ലായ്മയിലും എല്ലാം നാം വളരെ പിന്നിലേക്ക് പോയിക്കഴിഞ്ഞു. അസത്യം കൊണ്ടുമാത്രം അധികാരത്തിലേറിയവര്‍, പക്ഷേ, അധികകാലം അതിജീവിച്ച ചരിത്രം എങ്ങുമില്ല. ഇന്നത്തെ ലോക പരിതസ്ഥിതി ഫാഷിസത്തിന് അനുകൂലമാണ് എന്നുമാത്രം.
ജനാധിപത്യ ഇന്ത്യ വംശീയ ജനാധിപത്യത്തിലേക്കുള്ള അപകടകരമായ പാതയിലാണല്ലോ. ഇത്തരം ഒരവസ്ഥയില്‍ ജനാധിപത്യപരമായ പ്രതിരോധം തീര്‍ക്കേണ്ടത് സാഹിത്യധർമമാണ്. അങ്ങനെയൊന്നിന് ഇന്ത്യന്‍ സാഹിത്യത്തിനു കരുത്തുണ്ടെന്നു തോന്നുന്നുണ്ടോ?
എല്ലാ പ്രതിസന്ധികളിലും കീഴടങ്ങുന്നവരും പൊരുതുന്നവരും ഉണ്ടാകും. സാഹിത്യത്തില്‍ കീഴടങ്ങാനുള്ള ഏറ്റവും അനായാസമായ വഴി അരാഷ്ട്രീയതയാണ്. ഈ വാക്കുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് എതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍ ചേരുകയോ ചേരാതിരിക്കുകയോ എന്നല്ല, നിലപാടു എടുക്കാതിരിക്കുക എന്നാണ്. ‘‘എനിക്ക് രാഷ്ട്രീയമില്ല’’ എന്നത് പ്രതിസന്ധികളില്‍നിന്ന് ഒഴിഞ്ഞു സുരക്ഷിതരായിരിക്കാനുള്ള എളുപ്പവഴിയാണ്. അത്തരക്കാര്‍ക്ക് ശത്രുക്കളോ വിമര്‍ശകരോ ഉണ്ടാവില്ല.
അംഗീകാരങ്ങള്‍ അവരെ അന്വേഷിച്ചുചെല്ലും. അനേകം സാഹിത്യ ജൂറികളില്‍ ഇരുന്നിട്ടുള്ള അനുഭവം വെച്ച് പറയാം, എല്ലാവര്ക്കും വേണ്ടത് വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കുന്നവരെയാണ്, സത്യസന്ധമായി, ജീവന്‍പോലും പണയംവെച്ച് നിലപാടെടുക്കുന്നവരെയല്ല. ഇപ്പോഴത്തേതുപോലെ ഒരു സന്ദര്‍ഭത്തില്‍, നിലപാട് എടുക്കാതിരിക്കല്‍ എന്ന, അഥവാ, പ്രത്യക്ഷമായിത്തന്നെ ജനാധിപത്യത്തിന്റെ ശത്രുക്കളുടെ കൂടെനില്ക്കുക എന്ന, നൈതികമായ തെറ്റ്, ഭൗതികനേട്ടങ്ങളിലേക്കുള്ള ഒരുവഴി തന്നെയാകുന്നു. ഇത് എല്ലാ ഫാഷിസ്റ്റ് കാലങ്ങളിലും, അഥവാ സമഗ്രാധിപത്യകാലങ്ങളിലും നാം കണ്ടിട്ടുള്ളതാണ്. പക്ഷേ, എന്നും പോരാടിയവരും ഉണ്ടായിരുന്നു –ചിലര്‍ തോറ്റു, ചിലര്‍ രക്തസാക്ഷികളായി, അപൂർവം ചിലര്‍ അതിജീവിച്ചു. ജനാധിപത്യം അതിജീവിച്ചില്ലെങ്കില്‍ എഴുത്തുതന്നെ അസാധ്യമാകും എന്ന തിരിച്ചറിവാണ് ഇന്ന് നാം എഴുത്തുകാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ആ വംശം ഇല്ലാതായിട്ടില്ല, അവരുടെ അംഗസംഖ്യ കുറഞ്ഞിട്ടുണ്ടെങ്കിലും.
ലോകോത്തരങ്ങളായ കൃതികള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. പ്രാദേശിക ഭാഷയിലൂടെ ലോക സാഹിത്യം മികവുകാട്ടുമ്പോള്‍ അത്തരമൊരു മികവ് മലയാളത്തിന് അവകാശപ്പെടാന്‍ പറ്റാതെ പോകുന്നത് എന്തുകൊണ്ടാണ്? നല്ല വിവര്‍ത്തകരുടെ അഭാവമാണോ അതിനു കാരണം?
നമുക്കു ലോകത്തിനു മുന്നില്‍ വെക്കാവുന്ന ചുരുക്കം ചില കൃതികളെങ്കിലും കഥ, കവിത, നോവല്‍– ഈ ക്രമത്തില്‍ – ഉണ്ട് എന്നാണ് എന്റെ ലോക സാഹിത്യ പരിചയം പറയുന്നത്. അവയില്‍ ചിലതെങ്കിലും രാജ്യത്തിനകത്തും അൽപം ചിലവ രാജ്യത്തിന് പുറത്തും അംഗീകാരം നേടിയിട്ടുമുണ്ട്. ലോകശ്രദ്ധ നേടണമെങ്കില്‍ കൃതികള്‍ ഇംഗ്ലീഷിലെങ്കിലും ആദ്യം വരണം, അത് വലിയ പ്രസാധകര് അന്തര്‍ദേശീയമായി പ്രകാശിപ്പിക്കുകയും വേണം. നമുക്ക് ഇപ്പോള്‍ സമകാലിക നോവലുകള്‍ക്ക് അഞ്ചോ ആറോ നല്ല ഗദ്യവിവര്ത്തകരുണ്ട്. എന്നാല്‍, അത്ര പേര്‍ക്ക് പരിമിതമായ എണ്ണം കൃതികളേ ചെയ്യാനാവൂ, വിവര്‍ത്തനം അത്രയേറെ സമര്‍പ്പണം ആവശ്യപ്പെടുന്ന പ്രവര്‍ത്തനമാണ്.
അതിനു സർഗാത്മകത, മൂലഭാഷയിലും ലക്ഷ്യഭാഷയിലും ഒരുപോലെ വൈദഗ്ധ്യം, നല്ല സാഹിത്യപരിചയം,സൂക്ഷ്മപാരായണം, എഡിറ്റിങ് വൈഭവം, ക്ഷമ, സമയം, ലക്ഷ്യഭാഷയിലെ വായനക്കാരെക്കുറിച്ചുള്ള ബോധം ഇവയെല്ലാം അനിവാര്യമാണ്. അത് വാക്കിനുപകരം വാക്ക് വെക്കുന്ന ഒരു യാന്ത്രിക പ്രവര്‍ത്തനമല്ല. പ്രസാധകരുടെ അഭിരുചി, വിൽപന സാധ്യത തുടങ്ങിയവയും കൃതികളുടെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ട് എന്നും ഓര്‍ക്കുക. എങ്കിലും പഴയപോലെ ഹതാശമല്ല ഇപ്പോഴത്തെ അവസ്ഥ. പുതിയ ദേശീയ-അന്തര്‍ദേശീയ വിവര്‍ത്തന പുരസ്കാരങ്ങളും മറ്റും നമ്മുടെ ചില കൃതികളെ വ്യാപകമായ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. രംഗം കൂടുതല്‍ നന്നാകാനാണ് ഇട.
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉണ്ടായ മറക്കാനാകാത്ത അനുഭവം/ദുരനുഭവം പറയാമോ?
ദുരനുഭവം എന്ന് പറഞ്ഞു കൂടാ. തമാശയായേ ഇപ്പോള്‍ തോന്നുന്നുള്ളൂ. ഞാന്‍ ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍’ എന്ന അക്കാദമി പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ആയി ചേര്ന്നിരുന്നതേയുള്ളൂ. അന്ന് അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്ന സ്ത്രീ ചോദിച്ചു, ‘‘താങ്കള്‍ ബ്രാഹ്മണനാണോ?’’ കേരളത്തില്‍ ഇത്ര പച്ചക്ക് ജാതി ചോദിക്കല്‍ കേട്ടിട്ടില്ലാത്തതുകൊണ്ട് ഞാന്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നെ സാവധാനം പറഞ്ഞു: ‘‘അല്ല, ശൂദ്രന്’’. ഇത്തവണ അവരാണ് ഞെട്ടിയത്. എന്നിട്ടെങ്ങനെ ഇവിടെ നിയമനം കിട്ടി? ഞാന്‍ വീണ്ടും ഞെട്ടി. അപ്പഴാണ് ഞാന്‍ അന്വേഷണം തുടങ്ങിയത്.
അക്കാദമിയില്‍ അന്ന് ഉണ്ടായിരുന്ന, സെക്രട്ടറി മുതല്‍ അൽപം ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ചവര്‍ എല്ലാം ബ്രാഹ്മണര്‍ ആയിരുന്നു! ആദ്യമായി ഒരു ദലിത് അസിസ്റ്റന്റ് എഡിറ്ററെ വെച്ചത് ഞാന്‍ സെക്രട്ടറി- ആദ്യത്തെ അബ്രാഹ്മണ സെക്രട്ടറി -ആയ ശേഷമാണ്, ഇപ്പോള്‍ അദ്ദേഹം കൊൽക്കത്തയിലെ അക്കാദമി റീജനല്‍ സെക്രട്ടറി ആണ്. പിന്നീട് ഞാന്‍ ആദ്യം ചെയ്തത് ആ ദ്വൈമാസികത്തിന്റെ ദലിത് സാഹിത്യപ്പതിപ്പുകളും ആദിവാസി സാഹിത്യപ്പതിപ്പുകളും പാര്‍ശ്വവത്കരിക്കപ്പെട്ട ഭാഷകളുടെ പതിപ്പുകളും സ്ത്രീ എഴുത്തുകാരുടെ പതിപ്പുകളും മറ്റും പ്രസിദ്ധീകരിക്കുകയായിരുന്നു. അതേ അസിസ്റ്റന്റ് എഡിറ്റര്‍ക്ക് അവയുടെ ഒക്കെ പ്രൂഫ് നോക്കേണ്ടി വന്നു. സെക്രട്ടറി ആയശേഷം, യു.ആര്.
അനന്തമൂര്‍ത്തിയുടെ നിരുപാധികമായ പിന്തുണമൂലം, ദലിത് എഴുത്തുകാരുടെയും സ്ത്രീ എഴുത്തുകാരുടെയും ആദിവാസി എഴുത്തുകാരുടെയും അഖിലേന്ത്യാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇനി പിറകോട്ടുപോകാന് സാധ്യമല്ലാത്ത വിധം അക്കാദമിയുടെ സ്വഭാവം മാറി. ഈ പ്രവര്‍ത്തനങ്ങള്‍ അന്ന് എത്രമാത്രം വിപ്ലവകരമായിരുന്നു എന്ന് കേരളത്തില്‍ ഇരുന്നു മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇന്ത്യയിലെ സിവില്‍ സര്‍വിസുകാര്‍ മുതല്‍ പത്രമുടമകള്‍ വരെയുള്ളവരുടെ ഒരു ജാതിക്കണക്കെടുത്താല്‍ അധികാരം എന്നും എവിടെയായിരുന്നു എന്നും ഒരു ഭരണമാറ്റംകൊണ്ട് മാത്രം അതിനെ മാറ്റാന്‍ ആവില്ലെന്നും നമുക്കു ബോധ്യമാകും. ആഴത്തില്‍ വേരുള്ളതാണ് ഇന്ത്യയിലെ സവർണാധികാരം. ഗാന്ധിജിയെ കൊന്ന ബ്രാഹ്മണ്യം ഉണര്‍ന്നുതന്നെയിരിക്കുന്നു. ഒരു ദലിതനോ ആദിവാസിയോ ഇന്ത്യയുടെ പ്രസിഡന്റ് ആയത് ഒരു പ്രായശ്ചിത്തം ആണെന്ന് കരുതേണ്ടാ, പ്രതീകാത്മകമായ ഒരു ഒതുക്കി നിര്‍ത്തല്‍ മാത്രമായിരുന്നു അത്.
കേരള സാഹിത്യ അക്കാദമിക്കെതിരെ പല കോണുകളില്‍നിന്നും വരുന്ന വിമര്‍ശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു? അക്കാദമിയുടെ ഭരണ നിര്‍വഹണ സമ്പ്രദായത്തിന് വീഴ്ച പറ്റിയതായി തോന്നുന്നുണ്ടോ?
സ്ഥാപനങ്ങളാകുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. അതില്‍ നീതിപൂർവകമായ വിമര്‍ശനങ്ങളെയും, വ്യക്തിപരമായ അസംതൃപ്തികൊണ്ടുണ്ടാകുന്ന വിമര്‍ശനങ്ങളെയും തിരിച്ചറിയുകയാണ് പ്രധാനം. ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരുപാട് പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അക്കാദമിക്ക് കഴിഞ്ഞു, അതിനിടയില്‍ വന്നിരിക്കാവുന്ന വീഴ്ചകള്‍ മാത്രമേ വാര്‍ത്തകള്‍ ആവുകയുള്ളൂ എന്നറിയാമല്ലോ. അക്കാദമിയുടെ അവാര്‍ഡ് പ്രക്രിയ തികച്ചും നിഷ്പക്ഷവും കുറ്റമറ്റതുമാണ്. ഇന്ത്യക്കകത്തും പുറത്തും അനേകം ജൂറികളില്‍ അംഗമോ ചെയര്‍മാനോ ആയിരുന്ന ഒരാള്‍ എന്ന നിലക്ക്, മറ്റു പല അവാർഡുകളേക്കാളും വിശ്വസനീയമാണ് അക്കാദമി അവാര്‍ഡുകള്‍ എന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും; അക്കാദമി ഭാരവാഹികളും അംഗങ്ങളും അതിന്റെ ഒരു ഘട്ടത്തിലും ജൂറി തീരുമാനങ്ങളില്‍ ഇടപെടാറില്ല. ഏതു അവാര്‍ഡിലും അഭിരുചിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകാം, അത് ഒഴിവാക്കാന്‍ ആവില്ല.
ബഹുഭാഷാ സമ്മേളനങ്ങള്‍, ട്രാന്‍സ്ജെൻഡര്‍ സാഹിത്യ അവതരണങ്ങള്‍, സ്ത്രീകള്‍ക്ക് മാത്രമായുള്ള ശിൽപശാലകള് ഉള്‍പ്പെടെയുള്ള പരിപാടികള്‍, ഒറ്റയൊറ്റ എഴുത്തുകാരുമായുള്ള വായനക്കാരുടെ സംവാദങ്ങള്‍, വായനയെ സംബന്ധിച്ച അവതരണ പരമ്പര, ആദിവാസി-ട്രാന്‍സ്ജെൻഡര്‍ സാഹിത്യ സമാഹാരങ്ങള്‍, അഞ്ഞൂറോളം എഴുത്തുകാര്‍ പങ്കെടുത്ത ലോകസാഹിത്യോത്സവം ഇങ്ങനെ പല പുതിയ കാര്യങ്ങളും പതിവുള്ള ശിൽപശാലകളും സെമിനാറുകളും അനുസ്മരണങ്ങളും മറ്റും കൂടാതെ –നടത്താന്‍ പുതിയ ടീമിന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു, അതും വളരെ പരിമിതമായ സാമ്പത്തിക സാഹചര്യത്തില്‍.
വ്യക്തിപരമായ പരാതികള്‍ അല്ലാതെ ഗൗരവമുള്ള ഒരു വിമര്‍ശനവും ശ്രദ്ധയില്‍പെട്ടിട്ടില്ല. യാത്രാപ്പടി, പ്രതിഫലം മുതലായ കാര്യങ്ങളില്‍ പുനരാലോചന നടക്കുന്നുണ്ട്, അവിടെയും സാമ്പത്തിക പരിമിതികള്‍ പരിഗണിക്കേണ്ടിവരുന്നു. സാമ്പത്തിക സഹായം നിലച്ചുപോയ രണ്ടു അവാര്‍ഡുകള്‍ യുവകഥ, യുവകവിത എന്നിവക്കുള്ള അവാര്ഡുകളായി തുടരാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. അവാര്‍ഡ് നിയമങ്ങള്‍ ഒന്നുകൂടി സൂക്ഷ്മമാക്കിയിട്ടുമുണ്ട്. പ്രഫ. എം. അച്യുതന്റെ പേരിലുള്ള ഒരു പുതിയ എന്ഡോവ്മെന്റുകൂടി നിരൂപണത്തിനായി വന്നുചേര്‍ന്നിട്ടുമുണ്ട്. ലോക സാഹിത്യ സമ്മേളനം വരും വര്‍ഷങ്ങളില്‍ തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.