കുർദ് കവിയും എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ കാജൽ അഹ്മദ് തന്റെ കവിതകളെക്കുറിച്ചും തന്റെ നാടിന്റെ യാഥാർഥ്യങ്ങളെക്കുറിച്ചും കവിയും വിവർത്തകനുമായ പി.എസ്. മനോജ് കുമാറിനോട് സംസാരിക്കുന്നു
കാജൽ അഹ്മദിന്റെ കവിതകൾ ഒരു നാടിനെ, ഒരു ജനതയെ, അവരുടെ ഉത്കണ്ഠാകുലവും പീഡനാത്മകവും യാതനാഭരിതവുമായ ജീവിതസമസ്യകളെ അനാവരണം ചെയ്യുന്നതിനൊപ്പം അവയുടെ സാംസ്കാരികവും സഹജ ജീവിതാഭിമുഖ്യപരവും മാനവികവുമായ തലങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്. ആഴത്തിലുള്ള പെൺകാഴ്ചകളാണ് കാജൽ അഹ്മദിന്റെ കവിതകളുടെ നെയ്ത്തിൽ ഉടനീളമുള്ളത്. ലോകത്തെ പുരുഷകാഴ്ചകളിലൂടെ മാത്രം കണ്ടുശീലിച്ച ഒരു ജനതയെ, മറ്റ് കാഴ്ചകൾക്ക് സാധ്യതയുണ്ടെന്ന് അനുഭവിപ്പിക്കാൻ കാജലിന്റെ കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷാധിപത്യത്തിന്റെ മതപരവും സാംസ്കാരികവും സാമൂഹികവും ധിഷണാപരവും പ്രത്യയശാസ്ത്രപരവുമായ അടരുകളെ അഭിമുഖീകരിക്കാനും വെല്ലുവിളിക്കാനും മാത്രമല്ല, ഇവക്കെല്ലാമപ്പുറമുള്ള ഒരു ജീവിതം സാധ്യമാണെന്ന് ഉറക്കെപ്പറയാനും ഈ കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്.
മിത്ത്, ദേശപ്പൊരുളുകൾ, ഓർമ, കാത്തിരിപ്പ്, വിഹ്വലത, ഭയം, പ്രതീക്ഷ, വഴിതെളിയിക്കലുകൾ തുടങ്ങി കാജൽ തന്റെ കവിതയിൽ ഇണക്കിച്ചേർക്കാത്ത തലങ്ങൾ കുറയും. കുർദുകളുടെ ജീവിതത്തെയും സംസ്കാരത്തെയും സമൂഹത്തെയും നെയ്തെടുക്കുന്ന പുരുഷാധിപ മതപരതയെയും അതു നിർമിക്കുന്ന ആത്മീയപരിസരങ്ങളെയും നേർക്കുനേർ, സ്ത്രീ എന്നനിലയിൽ സ്ത്രീ ജീവിതത്തിന്റെ അനുഭവങ്ങളുടെ തലങ്ങളിൽനിന്നുകൊണ്ട്, കാജൽ ആഴത്തിൽ എതിരിടുന്നുണ്ട്. കാജൽ അഹ്മദ് കവിതകളിൽ നിർമിക്കുന്ന ഇത്തരം ആഴമുള്ള യാഥാർഥ്യങ്ങളാണ് അവരുടെ കവിതകളുടെ ഏറ്റവും വലിയ ആകർഷണീയതയായി തോന്നിയിട്ടുള്ളത്.
കാജൽ അഹ്മദിന്റെ കവിതകൾ വിവർത്തനം ചെയ്യുന്ന കാലയളവിലാണ് അവരുടെ കാവ്യജീവിതത്തിന്റെ സാംസ്കാരികഭൂമികയെയും രാഷ്ട്രീയ ഉള്ളടക്കങ്ങളെയും മുൻനിർത്തിക്കൊണ്ട് സംഭാഷണം തയാറാക്കാമെന്ന ആശയം ഞങ്ങൾക്കുണ്ടായത്. അവരുടെ കവിതകളെയും കാവ്യജീവിതത്തെയും കൂടുതൽ അടുത്തുനിന്ന് കാണാനുള്ള ഒരു ശ്രമമാണിത്.
കാജൽ, ഒരു കവി എന്നനിലയിൽ നിങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. കവിതകൾ എഴുതാനുള്ള താൽപര്യം എങ്ങനെയാണ് നിങ്ങളിൽ രൂപപ്പെട്ടത്?
എന്റെ അഭിപ്രായത്തിൽ, പുസ്തകങ്ങൾ വായിക്കുന്നത് എഴുതാനുള്ള തൃഷ്ണയെ രൂപപ്പെടുത്തുകയില്ല. പ്രത്യേകിച്ചും കവിതാരചനയെ. നമ്മൾ എന്തു ചിന്തിക്കുന്നു, എന്ത് അനുഭവിക്കുന്നു എന്നതെല്ലാം പ്രകാശിപ്പിക്കുന്നതിനുള്ള നമ്മുടെ ആത്മീയ ആവശ്യങ്ങളിൽനിന്നാണ് എഴുതാനുള്ള തൃഷ്ണ രൂപപ്പെടുന്നത്. അങ്ങനെയാണ് എഴുത്ത് ജീവിതത്തിന്റെ ഭാഗമായിത്തീരുന്നത്. നമ്മുടെ വ്യക്തിത്വത്തിലും സാഹചര്യങ്ങളിലും മാറ്റങ്ങൾ രൂപപ്പെടുന്നതുമൂലം നമ്മിലുളവാകുന്ന അവബോധപരമായ വികാസവും പുരോഗതിയും നമ്മുടെ ഗതകാല രചനകളെ മറികടന്ന് മുന്നോട്ടുപോകാനും മികച്ച കവിതകൾ എഴുതാനും നമ്മെ പ്രാപ്തരാക്കുന്നു.
പതിനാലാം വയസ്സിൽ വിദ്യാർഥിയായിരിക്കുന്ന കാലഘട്ടത്തിലാണ് ഏകാധിപത്യഭരണത്തെ അട്ടിമറിക്കുന്നതിനായി പോരാട്ടം നടത്തിയിരുന്ന ഒരു രഹസ്യസംഘടനയിൽ ഞാൻ പ്രവർത്തിക്കാനാരംഭിച്ചത്. അക്കാലത്ത് ഞാൻ പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നു. വളരെ ലളിതവും ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നതുമായ ഭാഷയിൽ പോരാട്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും ശത്രുക്കളെ ചെറുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കവിതകൾ എഴുതിയിരുന്നു. അക്കാലത്ത് ആ കവിതകൾ നിരോധിക്കപ്പെടുകയും അവയുടെ പ്രസിദ്ധീകരണം വിലക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ സ്ത്രീകളുടെ ജീവിതത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും പ്രമേയങ്ങളാക്കി കവിതകളെഴുതാൻ തുടങ്ങിയത്.
1987ൽ കർവാൻ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യകവിത അക്കാലത്തെ മികച്ച നിരൂപകരിൽ ഒരാളായിരുന്ന കരീം സരാസയുടെ ശ്രദ്ധയിൽപ്പെടുകയും എന്റെ എഴുത്തിനെക്കുറിച്ച് പൊതുസമ്മതി രൂപപ്പെടുത്തുന്ന രീതിയിൽ ആ കവിതയെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു. അതേ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അദ്ദേഹം എന്റെ കവിതയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: കുർദിഷ് സ്ത്രീകളുടെ വേദനകളുടെയും സ്വപ്നങ്ങളുടെയും ശബ്ദമാണ് കാജൽ അഹ്മദ്. 1985നും 1991നുമിടയിൽ പത്രങ്ങളിലും മാസികകളിലും എന്റെ വളരെക്കുറച്ച് കവിതകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുണ്ടായുള്ളൂ.
എന്റെ ഒരു ബന്ധു സുലൈമാനിയ സർവകലാശാലയിലെ കുർദിഷ് ഭാഷാ സാഹിത്യ പ്രഫസറും കവിയുമായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താലാണ് അവ വെളിച്ചം കണ്ടത്. എന്റെ 15 കവിതകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സെമിനാർ സംഘടിപ്പിക്കാൻ അദ്ദേഹമെന്നെ സഹായിച്ചു. പക്ഷേ, അക്കാലത്ത് ഭരണകൂടം സെൻസർഷിപ്പും കടുത്ത വിലക്കും എന്റെ രചനകൾക്കുമേൽ ഏർപ്പെടുത്തിയിരുന്നു. ചെറുപ്പകാലം മുതൽതന്നെ വായന ഞാൻ ഇഷ്ടപ്പെട്ടിരുന്നു. നോവലുകളായിരുന്നു ഏറ്റവുമിഷ്ടം. ഏറ്റവുമധികം വായിച്ച പുസ്തകങ്ങൾ നോവലുകൾ, തത്ത്വചിന്ത, ചരിത്രം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവയാണ്. കുർദിഷ്, അറബിക്, പേർഷ്യൻ ഭാഷകളിൽ രചിക്കപ്പെട്ട കൃതികളാണ് ഞാൻ വായിച്ചിരുന്നത്.
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കുറവ് വായിച്ചിട്ടുള്ളത് കവിതകളാണ്. ലോകസമ്മതി നേടിയ വിവിധ കവികളുടെ കൃതികൾ വായിച്ചിട്ടുണ്ടെങ്കിലും ഞാൻ വായിക്കുന്ന മറ്റു തരത്തിലുള്ള കൃതികളെയപേക്ഷിച്ച്, കവിതകളുടെ എണ്ണം വളരെ കുറവാണ്. പുസ്തകങ്ങൾ വായിക്കുന്നു എന്നത് കവിതകൾ എഴുതാനുള്ള നമ്മുടെ അഭിവാഞ്ഛയെയും കവിതയോടുള്ള നമ്മുടെ താൽപര്യത്തെയും ബാധിക്കുന്നേയില്ല എന്നാണ് എന്റെ അനുഭവം. എന്നാൽ, വായന ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. അത് നമ്മുടെ സംസ്കാരത്തിന്റെ പരിധികളെ വിപുലീകരിക്കുകയും നമ്മുടെ ആന്തരസത്തയായ താൽപര്യങ്ങളെ ശക്തമാക്കുകയും ചെയ്യുന്നു.
നോവലുകൾ, തത്ത്വചിന്ത, ചരിത്രം തുടങ്ങിയവയാണ് കൂടുതലായും വായിക്കുന്നതെന്നു പറഞ്ഞു. ചെറുപ്പത്തിൽ വായനാശീലത്തെ വിപുലീകരിക്കാൻ സഹായകമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാമോ.
കുട്ടിയായിരിക്കുമ്പോൾതന്നെ പുസ്തകങ്ങളോട് ഞാൻ ചങ്ങാത്തത്തിലായി. എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പുസ്തകം വാങ്ങിയത്. സാൻവിച്ചും മിഠായികളും വാങ്ങാൻ തന്നിരുന്ന പണം ചേർത്തുവെച്ചായിരുന്നു പുസ്തകങ്ങൾ വാങ്ങിയിരുന്നത്. ഉറങ്ങുന്നതിനുമുമ്പ് വായിക്കുക എന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. ഇന്നോളം ഞാൻ ആ ശീലം ഉപേക്ഷിച്ചിട്ടില്ല. ഞങ്ങളുടെ വീട് വലുതായിരുന്നില്ല. അധികം മുറികളും ഉണ്ടായിരുന്നില്ല. പത്ത് അംഗങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത്– എന്റെ അബ്ബ, ഉമ്മ, നാല് സഹോദരന്മാർ, ഞാനടക്കം മൂന്ന് പെൺകുട്ടികൾ, മുത്തശ്ശി.
ഞങ്ങളെല്ലാവരും ഒരേ മുറിയിലാണ് ഉറങ്ങിയിരുന്നത്. ഞങ്ങൾക്കൊരു ചെറിയ ടി.വിയുണ്ടായിരുന്നു. രാത്രികാലങ്ങളിൽ എന്റെ അമ്മ ടി.വി കാണുമായിരുന്നു. ശബ്ദമില്ലാതെയാണ് അവർ ടി.വിയിൽ പരിപാടികൾ കണ്ടിരുന്നത്. മറ്റാരുടെയും ഉറക്കം തടസ്സപ്പെടരുത് എന്നതായിരുന്നു അവരുടെ ആഗ്രഹം. രാത്രികാലങ്ങളിൽ ടെലിവിഷനിൽനിന്നുള്ള വെളിച്ചമായിരുന്നു വായിക്കാൻ എനിക്ക് ഉപകരിച്ചിരുന്നത്. എന്റെ അമ്മ ടി.വിയണക്കുമ്പോൾ, ഞാൻ പുസ്തകം മടക്കിവെക്കുമായിരുന്നു. ഇപ്പോഴും അരണ്ട വെളിച്ചത്തിൽ വായിക്കുന്നതാണ് എനിക്കിഷ്ടം. ഭക്ഷണത്തേക്കാൾ പുസ്തകങ്ങൾ എന്നെയാകർഷിക്കും. എന്റെ ബന്ധുക്കൾ എപ്പോഴുമെന്നോടു ചോദിക്കും: പുസ്തകങ്ങൾ എന്ത് സംതൃപ്തിയാണ് നിനക്കു തരുന്നത്? ഞാൻ മറുപടി പറയാറുണ്ട്: ഒരു പുസ്തകം ഞാൻ കൈയിലെടുക്കുമ്പോൾ, ജീവിക്കാൻ ഭക്ഷണത്തിനപ്പുറമുള്ള ചിലത് ആവശ്യമുണ്ടെന്ന തോന്നൽ എനിക്കുണ്ടാകുന്നു.
നിങ്ങൾ ജീവിക്കുന്ന പ്രദേശം സമീപകാലത്ത് ഭീഷണവും വിനാശകരവുമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. കവി എന്ന നിലയിൽ നിങ്ങൾ അത്തരം അനുഭവങ്ങളെ എങ്ങനെയാണ് അഭിമുഖീകരിച്ചത്.
1996 അവസാനത്തിലോ 1997 ആരംഭത്തിലോ ആണ് ഞാൻ ‘കുർദിസ്താനി നവി’യിൽ ചേർന്നത്. ഞാൻ ഇപ്പോൾ ആ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് ആണ്. സാംസ്കാരിക സപ്ലിമെന്റിന്റെ ചുമതല എനിക്കാണ്. ഈ അടുത്തകാലത്ത് എന്നെ ആന്തരികമായി ഉലച്ചുകളഞ്ഞ ഏറ്റവും ദുഃഖകരമായ അനുഭവം 2014 ആഗസ്റ്റ് മാസത്തിൽ സിഞ്ചാർ പട്ടണത്തിൽ ഐ.എസ്.ഐ.എസ് നടത്തിയ ആക്രമണമാണ്. കുർദിസ്താൻ പ്രാദേശിക സർക്കാറിന്റെ അധീനതയിലുള്ള കുർദിഷ് പ്രദേശങ്ങളിലുൾപ്പെടുന്ന യസീദി മതക്കാർ കൂടുതലായി താമസിക്കുന്ന നഗരമാണ് സിഞ്ചാർ. പക്ഷേ, ഐ.എസ്.ഐ.എസ് ഭീകരരിൽ നിന്ന് ആ നഗരത്തെ സംരക്ഷിക്കാൻ കുർദുകൾക്ക് കഴിഞ്ഞില്ല. ആ നഗരത്തിലെ ഒട്ടനവധി മനുഷ്യരെ ഐ.എസ്.ഐ.എസ് ഭീകരർ കൊലപ്പെടുത്തി.
അനേകം യസീദി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി; തടവിലാക്കി. അവരെ ലൈംഗിക തൊഴിൽ വിപണിയിൽ വിറ്റു. സിഞ്ചാറിൽനിന്ന് ആയിരക്കണക്കിന് യസീദികൾ –സ്ത്രീകളും പുരുഷന്മാരും– പലായനം ചെയ്തു. 1991ൽ സദ്ദാം ഹുസൈന്റെ ഏകാധിപത്യവാഴ്ചയിൽ നിന്നു സ്വതന്ത്രമായ ഞങ്ങളുടെ പ്രദേശം, ഐ.എസ്.ഐ.എസ് ഭീകരരുടെ ആക്രമണത്തിന്റെ ഭീതിദമായ അനുഭവത്തിൽ ഒരു പരിധിവരെ തകർന്നുപോയി. എന്നാൽ, കുർദിഷ് പെഷ്മർഗ സൈന്യങ്ങളുടെയും സഖ്യ സൈന്യങ്ങളുടെയും ഇടപെടലുകളിലൂടെ ഞങ്ങൾ ഐ.എസ്.ഐ.എസ് ഭീകരരുടെ ഭീകരതകളെ അതിജീവിച്ചു. പക്ഷേ, അവ ഞങ്ങളിലേൽപിച്ച മുറിവുകൾ ഇനിയുമവശേഷിക്കുന്നു. 2017ൽ സിഞ്ചാർ വിമോചിതമായി.
അതിനെ തുടർന്ന് അവിടെ നടത്തിയ പരിശോധനകളിൽ കൂട്ടശ്മശാനങ്ങൾ കണ്ടെത്തുകയുണ്ടായി. തട്ടിക്കൊണ്ടുപോകപ്പെട്ട ചില സ്ത്രീകൾ തിരിച്ചെത്തി. അവരിൽ നൊബേൽ സമ്മാനജേതാവായ നദിയ മുറാദും ഉൾപ്പെടുന്നു. ഈ സംഭവങ്ങൾ നടക്കുമ്പോൾ, അതിനോടുള്ള പ്രതികരണമെന്ന നിലയിൽ ഞാൻ കവിതകൾ എഴുതിയിരുന്നു. ഐ.എസ്.ഐ.എസ് എന്ന തീവ്രവാദിസംഘടനയുടെ ആക്രമണത്തിനിരയായ യസീദീ സ്ത്രീകൾക്ക് എന്റെ പുസ്തകത്തിന്റെ (A Handful of Salt) വിൽപനയിൽനിന്ന് എനിക്ക് അവകാശപ്പെട്ടതായി ലഭിച്ച തുക നൽകുകയുണ്ടായി.
ഇംഗ്ലീഷിലേക്ക് എന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെടുകയും വാഷിങ്ടണിൽനിന്ന് അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. യസീദി ചിത്രകാരനായ ലുഖ്മാൻ അഹ്മദാണ് ആ പുസ്തകത്തിന്റെ കവർ തയാറാക്കിയത്. അമേരിക്കൻ കവിയും സർവകലാശാല പ്രഫസറുമായ മരിയ ലെവിൻസൺ ലാബ്രോസും സർവകലാശാലയിലെത്തന്നെ രണ്ടു വിദ്യാർഥികളായ ദര്യ, മീവാന് എന്നിവരും ചേർന്നാണ് കവിതകൾ വിവർത്തനം ചെയ്തത്.
ലോകമെമ്പാടുമുള്ള വലിയ മാറ്റങ്ങൾ സംഭവിച്ച കാലഘട്ടത്തിൽ, അതിനൊപ്പം സഞ്ചരിച്ചവരാണ് നിങ്ങൾ. കാജൽ, നിങ്ങൾ ജീവിക്കുന്ന പ്രദേശമുൾപ്പെടെ വലിയ മാറ്റങ്ങൾ ഇക്കാലയളവിൽ സംഭവിച്ചിട്ടുണ്ട്. നിങ്ങൾ നേരത്തേ വ്യക്തമാക്കിയ അനുഭവം അതിലൊന്നു മാത്രമാണ്. ഇത്തരം ചരിത്രസന്ദർഭങ്ങൾ ഒരു കവി എന്നനിലയിൽ നിങ്ങളുടെ രചനകളെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്.
എന്റെ തലമുറയിലെ എല്ലാവരും ചരിത്രപരമായ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചവരാണ്. അത്തരം സംഭവങ്ങളുടെ സ്വാധീനം എന്റെ ജീവിതത്തിൽ അവിശ്വസനീയമാംവിധം വലുതാണ്. ഇറാഖിൽ 1967 ജൂലൈ 14ാം തീയതി വിപ്ലവത്തോടൊപ്പം ജനിച്ചവളാണ് ഞാൻ. വിപ്ലവത്തെ ത്തുടർന്ന് അവിടെ ഏകാധിപത്യവാഴ്ച അവസാനിച്ചതും റിപ്പബ്ലിക് നിലവിൽ വന്നതും. പുരാതനവും എണ്ണസമ്പത്തിനാൽ സമൃദ്ധവുമായ കിർകുക്കിലാണ് ഞാൻ ജനിച്ചത്. ആ നഗരം വ്യത്യസ്ത ദേശീയതകൾ ഉള്ളവരാലും വിവിധ മതവിശ്വാസികളാലും സമൃദ്ധമായിരുന്നു. എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഞങ്ങൾ സുലൈമാനിയ നഗരത്തിലേക്ക് മാറിയത്. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അൽജീരിയൻ പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ സദ്ദാം ഹുസൈൻ ഇറാനുമായി അൽജിയേഴ്സ് കരാർ ഒപ്പുവെക്കുന്നത്. 1975ലെ വിപ്ലവം തകർന്നടിയുന്നതിനു കാരണമായത് ഈ കരാറാണ്. ആ കരാറിനെത്തുടർന്നാണ് കുർദിഷ് പെഷ്മാർഗ ബാതിസ്റ്റ് ഭരണത്തിനു കീഴടങ്ങിയത്.
1980-88 കാലയളവിലെ ഇറാൻ-ഇറാഖ് യുദ്ധം ആരംഭിക്കുന്ന കാലത്ത് എനിക്ക് 13 വയസ്സാണ്. അൽജിയേഴ്സ് കരാറിൽനിന്ന് ഇറാഖ് ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്നാണ് യുദ്ധമാരംഭിച്ചത്. വ്യോമസേന നടത്തിയിരുന്ന ബോംബ് വർഷത്തിന്റെ ഭീതിയിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. ടെലിവിഷൻ സ്ക്രീനുകളിൽ മരിച്ച സൈനികരുടെ ശവശരീരങ്ങളാണ് ഞങ്ങൾ കണ്ടുകൊണ്ടിരുന്നത്. ഇറാഖിലെയും കുർദിസ്താനിലെയും ഓരോ തെരുവിലും ഓരോ നഗരത്തിലും ഓരോ ഗ്രാമത്തിലും ഞങ്ങൾ കണ്ടിരുന്നതും കേട്ടിരുന്നതും മരിച്ചവരുടെ കുടുംബങ്ങളിൽനിന്നുള്ള നിലവിളികളും അലർച്ചകളുമായിരുന്നു. യുവാക്കളെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ യുദ്ധമുഖത്തേക്ക് ഭരണകൂടം ആൾക്കാരെ തള്ളിവിടുകയായിരുന്നു.
14ാം വയസ്സിൽ ഞാൻ, ആ ഭരണവും അനീതിയും അവസാനിപ്പിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഒരു രഹസ്യസംഘടനയിൽ അംഗമായി. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, സെമിനാറുകളിൽ പങ്കെടുത്തിരുന്ന, കലാപ്രവർത്തനങ്ങൾ നടത്തിയിരുന്ന, ഒരു കൂട്ടം യുവാക്കളായിരുന്നു സംഘടനയിൽ ഉണ്ടായിരുന്നത്. ഞങ്ങൾ പ്രകടനങ്ങളും വലിയ ജാഥകളും സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തെ ഉദ്ഘോഷിക്കുന്ന കവിതകൾ ഇക്കാലത്താണ് ഞാൻ എഴുതിത്തുടങ്ങിയത്. ഞാൻ നേരത്തേ പറഞ്ഞതുപോലെ, എന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. എന്റെ കുടുംബത്തിലെയും സുഹൃദ് വലയത്തിലെയും ചിലർക്ക് ഞാനവ വായിച്ച് കേൾപ്പിക്കാറുണ്ടായിരുന്നു.
എണ്ണത്തിൽ കുറവായിരുന്നെങ്കിലും മിഡിലീസ്റ്റിലെ സ്ത്രീകളുടെ വികാരങ്ങളെയും വിചാരങ്ങളെയും വ്യക്തമാക്കുന്ന കവിതകൾ ഞാൻ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ആ കവിതകളോടുള്ള നിരൂപകരുടെയും ഗവേഷകരുടെയും പ്രതികരണം കൗതുകമുളവാക്കുന്നതായിരുന്നു. ആ കവിതകൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. ബർലിൻ മതിൽ നിലംപൊത്തുകയും 1989ൽ ശീതയുദ്ധം അവസാനിക്കുകയും സോവിയറ്റ് യൂനിയൻ തകർന്നടിയുകയും ചെയ്തതോടുകൂടി ചരിത്രത്തിന്റെ ഒരു പ്രധാനഘട്ടത്തിൽ ലോകം നിലകൊണ്ടു. ഞങ്ങളുടെ പ്രദേശവും വലിയ മാറ്റങ്ങൾക്കു വിധേയമായി. 1990ല് ഇറാഖി സൈന്യം സദ്ദാം ഹുസൈൻ ഉത്തരവിട്ടതനുസരിച്ച് അയൽരാജ്യമായ കുവൈത്ത് പിടിച്ചെടുത്തു.
അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യസൈന്യം ഇറാഖിനെ ആക്രമിച്ചു. ആ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുർദിഷ് നഗരങ്ങളും ഗ്രാമങ്ങളും സദ്ദാമിന്റെ ഭരണത്തിൽനിന്ന് വിമോചിതമായി. 1991ൽ നടന്ന ജനകീയപ്രക്ഷോഭത്തിന്റെ ഫലമായിരുന്നു ആ വിമോചനം സാധ്യമായത്. സഖ്യസൈന്യം കുർദിസ്താന്റെ ആകാശങ്ങളെ പരിരക്ഷിച്ചിരുന്നു. അതിനെത്തുടർന്ന് പാർലമെന്റിലേക്ക് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ കുർദിഷ് ജനത പ്രതിനിധികളെ തെരഞ്ഞെടുത്തു; ആദ്യത്തെ കുർദിഷ് സർക്കാർ നിലവിൽ വന്നു. ആ കാലയളവിൽ നിലവിൽവന്ന ‘സ്വാതന്ത്ര്യ’ത്തിന്റെയും ‘സ്വതന്ത്രത’യുടേതുമായ സാഹചര്യങ്ങൾ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും മേഖലകളിൽ അവസരങ്ങൾ നേടാൻ എന്നെ സഹായിച്ചു.
ഒരു കാവ്യവിഷയം കണ്ടെത്തുന്നതും അതിനെ വികസിപ്പിക്കുന്നതുമായ പ്രക്രിയയിൽ ഏർപ്പെടുമ്പോൾ എന്തെല്ലാം തയാറെടുപ്പുകളാണ് പൊതുവിൽ നടത്താറുള്ളത്.
‘ശരാബ്’ എന്ന ശീർഷകത്തിൽ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. അതിൽ ഇപ്രകാരം പറയുന്നുണ്ട്: എന്റെ ചുണ്ടുകളിൽ ലിപ്സ്റ്റിക് പുരട്ടുവോളം ഞാൻ മുടി ചീകിയൊതുക്കുവോളം നീ പ്രവേശിക്കരുത്. ഇങ്ങനെയാണ് ഞാൻ കവിതയെ സ്വീകരിക്കാനൊരുങ്ങുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ടവനോടൊപ്പമുള്ള ഒരു ദിനം ചെലവഴിക്കുന്നതുപോലെയാണ് ഞാൻ കവിതക്കായി ഒരുങ്ങുന്നത്. എന്റെ കവിതയുടെ പ്രകടരൂപത്തെക്കുറിച്ചുള്ളതാണ് ഈ കാഴ്ചപ്പാട്. എന്നാൽ, നേരത്തേ പറഞ്ഞതുപോലെ അനേകം നോവലുകളും താത്ത്വികഗ്രന്ഥങ്ങളും ചരിത്രപുസ്തകങ്ങളും പ്രാചീനവും സമകാലികവുമായ കവിതകളും കുറച്ച് ഫൈസി രചനകളും ഞാൻ വായിച്ചിട്ടുണ്ട്. ഒരു കവിയായിത്തീരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യകാലത്ത് ഒരു വലിയ പുസ്തകം നിറയെ കവിതകൾ എഴുതിയിട്ടുണ്ടായിരുന്നു. അതിൽനിന്ന് എന്റെ ആദ്യസമാഹാരത്തിൽ മൂന്നോ നാലോ കവിതകൾ മാത്രമാണ് ചേർത്തത്.
നിങ്ങളുടെ കവിതയിൽ അതിശക്തമായി സ്ത്രൈണോർജത്തിന്റെ ഒരു ധാര നിറഞ്ഞൊഴുകുന്നുണ്ട്. അതിപ്രകാരം പ്രഖ്യാപിക്കുന്നുമുണ്ട്: എനിക്കു വേണ്ട പൂവുകൾ കാരണം, ഏറ്റവും മനോഹരമായ പുഷ്പങ്ങൾ വിടരുന്നത് എന്റെ ശരീരത്തിൽനിന്ന്. അതിനിശിതമായ പുരുഷാധിപ സാഹചര്യങ്ങളിൽ നിലനിന്നുകൊണ്ട് ഇത്തരമൊരു കാവ്യവ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയാമോ.
എന്റെ അനുഭവത്തിൽ കുർദിഷ് സാഹിത്യരംഗത്തെ പെൺകവികളുടെ രചനകൾ സ്ത്രൈണോർജം ഊറ്റിക്കളഞ്ഞതോ നിഷേധിക്കപ്പെട്ടതോ ആയ അവസ്ഥയിലുള്ളവയായിരുന്നു. അത്തരമൊരു സാഹചര്യത്തിനുള്ള പ്രധാനകാരണം, പഴയ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും കൂറുപുലർത്തുന്ന, ഞങ്ങളുടെ സാമൂഹിക ജീവിതത്തിൽ മേൽക്കോയ്മ പുലർത്തുന്ന, പുരുഷാധിപവും പുരുഷകേന്ദ്രിതവുമായ യാഥാർഥ്യങ്ങളെ മാറ്റിത്തീർക്കുന്നതിൽ സ്ത്രീകളായ എഴുത്തുകാർക്കുണ്ടായിരുന്ന വൈമുഖ്യവും കഴിവുകേടുമായിരുന്നു. കവിത സാമൂഹിക ജീവിതത്തിന്റെ കണ്ണാടിയാണ് എന്നതിനാൽത്തന്നെ, സ്ത്രീ എഴുത്തുകാർക്ക് തങ്ങളുടെ നൈസർഗികമായ സ്ത്രൈണത പ്രകടിപ്പിക്കുന്നതിൽ ലജ്ജ തോന്നിയിരുന്നവരായിരുന്നു.
അതിനുപകരമായി അവർ അഭിമാനിച്ചിരുന്നത് തങ്ങളുടെ രചനകളിൽ പ്രകടമായിരുന്ന പൗരുഷമൂല്യങ്ങളിലായിരുന്നു. കാരണം, ഞങ്ങളുടെ നാട്ടിലെ ജീവിതയാഥാർഥ്യങ്ങൾ സ്ത്രീശരീരങ്ങളെയും സ്ത്രീയുടെ നിലനിൽപിനെത്തന്നെയും ലജ്ജാകരമായ ഒന്നായാണ് കണ്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ 1980കളുടെ പകുതിവരെയുള്ള കാലഘട്ടത്തിൽ സ്ത്രൈണതയെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ആവിഷ്കരിക്കുന്ന ഒരൊറ്റ കവിതപോലും നിങ്ങൾക്ക് കുർദിഷ് സാഹിത്യത്തിൽ കണ്ടെത്താനാവുകയില്ല. അതിനുപകരമായി നേർവിപരീത ബോധങ്ങളുള്ള കവിതകൾ യഥേഷ്ടം കാണുകയും ചെയ്യും.
സ്ത്രീകളെ ലജ്ജാകരമായ അസ്തിത്വങ്ങളായും അപാരമായ ലജ്ജാശീലമുള്ളവരായും ചിത്രീകരിക്കുന്ന കവിതകൾ ധാരാളമുണ്ട്. കുർദിഷ് സ്ത്രീ കവിതകളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും ഞാൻ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ വലിയൊരു ശൂന്യത, അസഹ്യമായ രീതിയിലുള്ള സ്ത്രൈണതയുടെ അഭാവം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ വികാരങ്ങളോടും ചിന്തകളോടും സത്യസന്ധത പുലർത്താൻ സാധിക്കാതെ രചനകൾ നിർവഹിക്കേണ്ടിവന്ന എന്റെ മുൻഗാമികളായ പെൺ എഴുത്തുകാരെ അവരുടെ സ്ത്രൈേണാർജത്തെ ആവിഷ്കരിക്കുന്നതിൽനിന്നു വിലക്കിയ സാഹചര്യങ്ങളോടും കാലത്തോടും മുഖാമുഖം നിന്നുകൊണ്ട് ഞാൻ എഴുതാൻ തുടങ്ങി. സ്ത്രീകളെ നിശ്ശബ്ദരാക്കാൻ ആണധികാരം നിരന്തരമുപയോഗിക്കുന്ന മതം, അതിന്റെ നിയമങ്ങൾ, പാരമ്പര്യം തുടങ്ങിയവയെ ഞാൻ ഒരുകാലത്തും പേടിച്ചിട്ടില്ല. പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതാണ് ‘രക്തസാക്ഷിയാവൽ’ എന്ന കവിത. അതിൽ ഞാൻ പ്രകൃതിയും സ്ത്രീയും തമ്മിലുള്ള തുലനമാണ് ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് ഞാൻ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്:
‘‘എനിക്കു വേണ്ട പൂവുകൾ
കാരണം, ഏറ്റവും മനോഹരമായ
പുഷ്പങ്ങൾ വിടരുന്നത്
എന്റെ ശരീരത്തിൽനിന്ന്.’’
ഇത് സ്ത്രീശരീരത്തിന്റെ ജൈവികതയിലുള്ള അഭിമാനമാണ്. ഇത് സ്ത്രീശരീരത്തെ ലജ്ജാകരമായ ഒരു അസ്തിത്വമായി പുറന്തള്ളുന്നതിനെതിരെയുള്ള പ്രഖ്യാപനമാണ്. പ്രപഞ്ചത്തിൽ ഭൂമിയിലെ വൃക്ഷങ്ങളും പ്രകൃതിതന്നെയും ഫലങ്ങൾ വിളയിച്ചെടുക്കുന്നതുപോലെ സ്ത്രീശരീരവും സൃഷ്ടി നടത്തുന്നു എന്ന അഭിമാനകരമായ ബോധമാണ് ആവിഷ്കരിക്കാൻ ശ്രമിച്ചത്.
കാജൽ, നിങ്ങളുടെ ‘അല്ല / ഇല്ല’ എന്ന കവിത കുർദിസ്താനിലെ സ്ത്രീകളുടെയും കുർദിസ്താന്റെ തന്നെയും ഒരു പ്രഖ്യാപനമായാണ് അനുഭവപ്പെടുക. “...തെരുവുകളിൽ പറയുന്നത് എന്നെ ശിരച്ഛേദം ചെയ്യുന്നു. അബ്ബാ, എന്റെ അനുമതിയില്ലാതെ നിങ്ങളെന്നെ നിങ്ങളുടെ മീശയുടെയും ഹുക്കയുടെയും ലോകത്തേയ്ക്ക് കൊണ്ടുവന്നു. അബ്ബാ, പിതാവേ.” അവന്റെ/അവന്മാരുടെ ലോകത്തിനുപുറത്ത് ഒരു ലോകം നെയ്തെടുക്കാൻ ശ്രദ്ധാപൂർവം നിങ്ങൾ ശ്രമിക്കുകയുണ്ടായി. കുർദിഷ് സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരമൊരു കവിത രചിക്കുന്നതിന് കാരണമായിത്തീർന്ന നിങ്ങളുടെ സാമൂഹികവും വൈയക്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെക്കുറിച്ച് പറയാമോ.
‘അല്ല/ഇല്ല’ എന്ന കവിത എന്റെ കാവ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവിതയാണ്. കാരണം, അത് സ്ത്രൈണതയെ ഇല്ലായ്മ ചെയ്യുന്ന, സ്ത്രീകളെ ദയാരഹിതമായി കൊല്ലുന്ന, സ്ത്രീകളുടെ പുരോഗതിക്കായുള്ള പാതകളെ തടസ്സപ്പെടുത്തുന്ന, വിമോചിതരാവാനുള്ള സ്ത്രീകളുടെ ഏതു ശ്രമങ്ങളെയും പരാജയപ്പെടുത്തുന്ന പൗരുഷ/ആണത്ത അധികാരത്തെ മുഖാമുഖം നേരിടുന്ന കവിതയാണ്. 1990ല് ഞാൻ എഴുതിയ കവിതയാണത്. ആ കവിതയിൽ സ്ത്രീകളും കുർദിസ്താനും തമ്മിലുള്ള സാദൃശ്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ആർക്കും പിടിച്ചെടുക്കാനാവുന്നതും വിധേയപ്പെടാനായി തുറന്നിടപ്പെട്ടവയുമാണ് രണ്ടും.
വംശഹത്യക്കും തീവെപ്പുകൾക്കും മുറിപ്പെടുത്തലുകൾക്കും ഇരയാക്കപ്പെടാൻ തുറന്നിടപ്പെട്ടവ. എനിക്ക് കുർദിസ്താനിൽനിന്ന് വേർതിരിഞ്ഞുനിൽക്കാനാവില്ല എന്ന സത്യം ഞാൻ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ദൗർഭാഗ്യകരമായ കാര്യം, എനിക്ക് വീണ്ടും കുർദിസ്താനിൽ ലയിച്ചുചേരാൻ സാധിക്കുകയില്ല എന്നതാണ്. അതിനുകാരണം, ഞാനൊരു ജന്മദേശത്തിനുവേണ്ടി (കുർദിസ്താൻ) മരിക്കുന്നവളാണ്. അവളുടെ കാമുകർ എനിക്കൊരു ജന്മദേശം അനുവദിക്കാത്തവരുമാണ്. (ഞാൻ കുർദിഷ് ആണ്.)
കുർദിസ്താൻ എന്ന ജന്മദേശം അവന്റെതായിരിക്കുവോളം എനിക്കൊരു ജന്മദേശം അനുവദിക്കാൻ പുരുഷാധിപവ്യവസ്ഥ അനുവദിക്കുകയേയില്ല. അതുകൊണ്ടുതന്നെ, ആ കവിത മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: എന്തുകൊണ്ടാണ് നിങ്ങൾ സ്ത്രീകളോട് ഇത്തരത്തിൽ മോശമായി പെരുമാറുന്നത്? ഞാൻ ആ സ്ത്രീകളിൽ ഒരുവളാണ്. ഞാൻ നിങ്ങളുടെ ലോകത്തേക്ക് വന്നുകയറിയവൾ അല്ല എന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ മീശകളുടെയും ഹുക്കകളുടെയും ലോകത്തേക്ക് എന്റെ ആഗ്രഹത്തോടെയല്ല ഞാൻ വന്നുചേർന്നത്. അവിടെ ഞാൻ വന്നുചേർന്നത് എന്റെ താൽപര്യത്തോടെയല്ല. നിങ്ങളുടെ കാമനകളുടെ ഫലമായാണ് ഞാൻ അവിടെ എത്തിച്ചേർന്നത് –എന്റെ അബ്ബാ, എന്റെ പിതാവേ.
കുർദിസ്താനെയും സ്ത്രീകളെയും തുലനം ചെയ്യുന്നതിന്റെ തലങ്ങൾ പറയുകയുണ്ടായി. കവിതയിൽ അത് സ്പഷ്ടമാക്കുന്നത് ഇപ്രകാരമാണ്: “സ്ത്രീകളും കുർദിസ്താനും: എത്ര സദൃശരാണ് ഞങ്ങളിരുവരും. എത്ര വിചിത്രം. കുർദിസ്താനിൽനിന്ന് എനിക്കെന്നെ വേർപെടുത്താനാവുന്നില്ല.” അഭേദ്യതയുടെ ഈ മനോഭാവത്തെ കുറെക്കൂടി സ്പഷ്ടമാക്കാമോ.
കുർദിസ്താനിൽനിന്ന് വേറിട്ടുകൊണ്ട് എനിക്ക് ചിന്തിക്കാനോ അനുഭവിക്കാനോ സാധിക്കുകയില്ല എന്ന് ഉറപ്പിച്ചുപറയുകയാണ് ‘അല്ല/ഇല്ല’ എന്ന കവിത. എനിക്കെന്റെ നാടിനെ, ജനതയെ വിട്ടുപോകാനോ അവഗണിക്കാനോ കഴിയുകയില്ല എന്ന ബോധ്യമാണ് ആ കവിതയുടെ അക്ഷം. ഒരു പൗര എന്നനിലയിലും സ്ത്രീ എന്ന നിലയിലും രണ്ടാം സ്ഥാനത്ത് നിൽക്കാൻ ഞാൻ ഒരുക്കവുമല്ല.
അത് ഞാൻ അംഗീകരിക്കുന്നില്ല. ആണത്ത അധികാരത്തെയും പുരുഷാധിപ വ്യവസ്ഥയെയും അതിന്റെ നിയമങ്ങളെയും ഞാൻ അംഗീകരിക്കുന്നില്ല. അവക്കു ഞാൻ വിധേയപ്പെടുന്നുമില്ല. സമത്വത്തിൽ വിശ്വസിക്കാത്ത ആ വ്യവസ്ഥയിൽ ഞാൻ തൃപ്തയല്ല. കുർദിസ്താനിൽ നിന്നകലെ പത്തു വർഷത്തോളം ഞാൻ ജീവിച്ചു. പക്ഷേ, ഞാനൊരിക്കലും അതിൽ നിന്ന് വേർപെട്ട് ജീവിച്ചിട്ടില്ല. ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങിവന്നു. എന്റെ വേരുകൾ ഈ മണ്ണിലും ചരിത്രത്തിലും ആഴത്തിൽ പിണഞ്ഞുകിടക്കുന്നവയാണ്.
‘‘എന്റെ ഭൂമി എന്നെ ഗർഭാവസ്ഥയിലേ തിരസ്കരിച്ചു. വൈരുധ്യങ്ങൾ എന്റെ ശിരസ്സിനെ ഞെരിക്കുമ്പോൾപോലും നിങ്ങൾ എന്നെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു; ദിനംതോറും നിങ്ങളെന്നെ മായ്ച്ചുകളയുകയായിരുന്നു. ഇല്ല- എക്കാലത്തേയ്ക്കും ഇല്ല. ഇതാ ഈ മരണങ്ങൾക്കെല്ലാം ശേഷവും ഞാൻ നിലനിൽക്കുന്നു.’’ പ്രാന്തവത്കരണത്തിന്റെയോ നിശ്ശബ്ദമാക്കുന്നതിന്റെയോ തലങ്ങൾക്കപ്പുറത്തുള്ള ഒരു അനുഭവമാണ് ഈ ആവിഷ്കാരം. മായ്ച്ചുകളയൽ, (സാമൂഹിക) വധം, അതിനൊക്കെ ശേഷമുള്ള ജീവന്റെ നിലനിൽപ് എന്ന പ്രതിഭാസം. ഈ വരികളുടെ സൃഷ്ടിക്കു കാരണമായ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക അനുഭവങ്ങൾ.
പൂർണമായ ഒരു തുടച്ചുനീക്കലിനെക്കുറിച്ചുള്ള ഭീതി കുർദിഷ് ജനതയുടെ പൊതുസാമൂഹിക ബോധത്തിലുള്ളതാണ്. കാരണം ചരിത്രത്തിലുടനീളം ഉന്മൂലനത്തിനും വംശഹത്യകൾക്കും കാരണമാകുന്ന തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയരായ ജനതയാണ് ഞങ്ങൾ. കൂട്ടക്കൊലക്കു വിധേയമാകൽ ഞങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. 1988ൽ കുർദിസ്താൻ അത്തരത്തിൽ ഭീകരമായൊരു ആക്രമണത്തിന് വിധേയമാവുകയുണ്ടായി. ഒരു ലക്ഷത്തി എൺപത്തിരണ്ടായിരം ആൾക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.
അന്ന് സദ്ദാമിന്റെ സൈന്യം അനേകം ഗ്രാമങ്ങൾ തകർത്തുകളഞ്ഞു. അവർ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൂട്ടക്കുരുതി നടത്തി കുഴിച്ചുമൂടി. പലരെയും വെടിവെച്ചുവീഴ്ത്തി അഴുക്കിൽ പൂഴ്ത്തി. അന്ന് ആക്രമിക്കപ്പെട്ടവരിൽ ചിലർ ഇന്നും ജീവനോടെയുണ്ട്. സദ്ദാമിന്റെ ഭരണകൂടം വീണതിനുശേഷം തെക്കൻ ഇറാഖിൽ അനേകം കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്. അവയിൽനിന്നു ലഭിച്ച വസ്ത്രങ്ങളുടെയും ഇരകളാക്കപ്പെട്ടവരുടെ കൈവശമുണ്ടായിരുന്ന ചെറിയ വസ്തുക്കളുടെയും ഡി.എൻ.എ പരിശോധനകളുടെയും തെളിവുകൾവെച്ച് അവ കുർദുകളെ അടക്കം ചെയ്തവയാണെന്ന് മനസ്സിലാക്കാനായി. തിരിച്ചറിയാനായ ചില അസ്ഥികൂടങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി.
മറ്റുള്ളവ ആ കൂട്ടക്കുഴിമാടങ്ങളിൽ തന്നെയാണുള്ളത്. 1988ലെ വസന്തത്തിൽ സദ്ദാമിന്റെ സൈന്യം അലി ഹസൻ അൽ-മജീദ് എന്ന സൈനിക മേധാവിയുടെ നേതൃത്വത്തിൽ രാസായുധങ്ങൾ ഉപയോഗിച്ച് ഹലബ്ജ നഗരത്തിൽ ബോംബ് വർഷം നടത്തി. ആ നഗരത്തിൽ വീടുകളിലും സമീപത്തെ തെരുവുകളിലും തങ്ങിയിരുന്ന 5000ത്തിലധികം കുടുംബങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്.
നൂറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു. ആ കൂട്ടക്കുരുതിയിൽ അനേകം കുഞ്ഞുങ്ങളെ കാണാതായി. അവരുടെ കുടുംബങ്ങൾക്ക് ആ കുട്ടികളെ ഒരിക്കലും പിന്നീട് കണ്ടെത്താനുമായില്ല. എന്റെ ജനതക്ക് സംഭവിച്ച ആ ദുരന്തത്തിൽ എന്റെ കവിതകൾ വിറകൊള്ളുകയുണ്ടായി. മരിച്ചശേഷംപോലും ദയ ലഭിക്കാതെ പോയവരോട്, മരണത്തിൽ ഒരു കുഴിമാടത്തിനുപോലും അവകാശം ലഭിക്കാത്തവരോട് ആ കവിതകൾ സംസാരിച്ചു. അവരുടെ മരണവും അവരുടെ കുഴിമാടങ്ങൾപോലും ‘പൊതു’വായിരുന്നു!
“...പുരുഷന്മാരുടെ ഭൂമിയിൽ
പുരുഷന്മാരുടെ ആകാശത്തിനുകീഴിൽ
പുരുഷന്മാരുടെ ദൈവത്തിനു കീഴിൽ
എന്റെയുയരത്തിൽ ഒരു ഇല്ല
വളർന്നു വന്നതെങ്ങനെ?”
അതെ. പ്രത്യയശാസ്ത്രപരമായി, കാവ്യാത്മകമായി, സാംസ്കാരികമായി ആ ‘അല്ല/ഇല്ല’ എങ്ങനെയാണ് ഇത്ര ഉയരത്തിൽ ആ വ്യവസ്ഥയിൽ വളർന്നുവന്നത്?
കവികൾ തങ്ങളുടെ രചനകളെ വിശദീകരിക്കാൻ ബാധ്യസ്ഥരല്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അവരുടെ കടമ കവിതകൾ എഴുതുക എന്നതാണ് എന്നാണ് എന്റെ വിശ്വാസം. എന്നിരുന്നാലും, കുർദിഷ് സാഹിത്യത്തിലെ സ്ത്രൈണതയുടെ ആവിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഈ ചോദ്യം പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഞാൻ പറയട്ടെ; ‘അല്ല/ ഇല്ല’എന്ന കവിത കുർദിഷ് സാഹിത്യത്തിലെ ഏറ്റവും വിപ്ലവകരമായ, നിർവ്യാജമായ സ്ത്രൈണകവിതയാണ്.
നിങ്ങൾ പരാമർശിച്ച വരികളിലൂടെ ഏറ്റവും ആഴമുള്ള ഒരു മുറിവിനെയാണ് ഞാൻ സ്പർശിച്ചത്. അത് പ്രത്യയശാസ്ത്രത്തിന്റെ –മതപരമായ പ്രത്യയശാസ്ത്രത്തിന്റെപോലും– പൗരുഷസ്വഭാവത്തെയാണ് സ്പർശിച്ചത്. അതുകൊണ്ടാണ്, പുരുഷന്റെ ആകാശത്തിനുകീഴിൽ, പുരുഷന്റെ ദൈവത്തിന്റെ നിഴലിൽ, എങ്ങനെയാണ് എന്റെ ശരീരമാകുന്ന വൃക്ഷം വളർന്നുവലുതാവുക എന്ന് കവിതയിൽ ഞാൻ അത്ഭുതപ്പെട്ടത്. സ്ത്രീകളുടെ പുരോഗതിയെയും സ്ത്രൈണമനോഭാവങ്ങളോടെയുള്ള ജീവിതത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതിനെ തടസ്സപ്പെടുത്തുന്ന മൂല്യങ്ങളുടെയും വ്യവസ്ഥകളുടെയും നിഴലുകളിൽ സ്ത്രീജീവിതം വികസിക്കുകയെന്നത് അസാധ്യമാണെന്നതിന്റെ തെളിവാണ് ആ ചോദ്യം.
“ഇതിലും നാം വ്യത്യസ്തരാകുന്നു:
ഒരാൾക്കു വേണ്ടിയും,
ദൈവത്തിന്റെ കരങ്ങളിൽപ്പോലും
അവളെപ്പോലെ എനിക്കു
നിന്നെ ഉപേക്ഷിക്കാനാവുന്നില്ല-
എന്റെ മനസ്സതു സമ്മതിക്കുകയില്ല.
കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ കരയാനും
ഹൃദയം ആർദ്രതയാൽ എരിയാനും
ദൈവം അമ്മയല്ലല്ലോ.
അവന് നിനക്കായി എരിഞ്ഞടങ്ങാൻ ആവില്ല.
ദുഃഖത്താൽ എരിയില്ല അവന്റെ വയർ.
അമ്മത്തം അതിതീവ്രമായ ഒരു ആധി.
ഞാൻ അമ്മയായതോ,
സ്ത്രീയായിത്തീരും മുമ്പ്.”
‘മറിയത്തെക്കാൾ കരുണയുള്ളവൾ’ ബൈബിളിൽ വേരുകളുള്ള രചനയാണ്. അനുഭവതലത്തിൽ കൂടുതൽ അമ്മത്തമുള്ള ഒരു അമ്മയെയാണ് നിങ്ങൾ ആ കവിതയിൽ മെനഞ്ഞെടുത്തിട്ടുള്ളത്. ഈ കവിതയിൽ പ്രകടമാകുന്ന അമ്മത്തത്തിന്റെ വികാരപരവും സാംസ്കാരികവും രാഷ്ട്രീയവുമായ തലങ്ങളെ വ്യക്തമാക്കാമോ.
‘മറിയത്തെക്കാൾ കരുണയുള്ളവൾ’ എന്ന കവിത എന്റെ ആദ്യകാല രചനകളിലൊന്നാണ്. ആദ്യത്തെ സമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണത്. ഭയമില്ലായ്മയും എതിർപ്പും എന്ത് പ്രതിബന്ധങ്ങളെയും നേരിടാനുള്ള ശേഷിയും ആ കാലഘട്ടത്തിലെ കവിതകളുടെ സ്വഭാവമായിരുന്നു. മനോഹരമായ രചന എന്ന് ഒട്ടേറെ പേർ ആ കവിതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനുമുമ്പ് ചില കാര്യങ്ങൾ ഞാൻ വ്യക്തമാക്കേണ്ടതുണ്ട്. ആ കവിതയിൽ, ഞാൻ കന്യാമറിയത്തെക്കുറിച്ചാണ് പറയുന്നത്.
മുസ്ലിം ഭൂപടത്തിൽ ഉൾപ്പെട്ട കുർദുകളിൽ ഒരാളാണ് ഞാൻ. കുർദിഷ് സമൂഹത്തിലുള്ള ഒരു പാരമ്പര്യത്തെക്കുറിച്ചും ഞാൻ പറയേണ്ടതുണ്ട്. വിവാഹത്തിനുമുമ്പ് ഗർഭിണിയാകുന്ന ഏതൊരു സ്ത്രീയെയും കൊന്നുകളയുക എന്ന പാരമ്പര്യം കൊണ്ടുനടക്കുന്ന സമൂഹമാണ് കുർദുകളുടേത്. എന്റെ കവിത മേരിയോട് വിവാഹത്തിനു മുമ്പ് ഞാൻ ഗർഭിണിയാകുന്ന ഒരു സാഹചര്യത്തെക്കുറിച്ച് പറയാൻ എന്നെ നിർബന്ധിതയാക്കി. പാരമ്പര്യ ലംഘനത്തിന്റെ ഈ ഘട്ടത്തിൽ നിൽക്കാൻ ഞാൻ തയാറായില്ല.
ഞാൻ മേരിയേക്കാൾ കരുണയുള്ളവളാണ് എന്ന് പറയാൻ ഞാൻ ധൈര്യപ്പെട്ടു. കാരണം, ഞാൻ എന്റെ കുഞ്ഞിനെ ആർക്കും വിട്ടുകൊടുത്തില്ല. അത് ദൈവത്തിനാണെങ്കിൽപ്പോലും. കാരണം, ദൈവങ്ങൾക്ക് അമ്മത്തത്തെക്കുറിച്ച് ഒരറിവുമില്ല. ദൈവം നിങ്ങൾക്കുവേണ്ടി എരിഞ്ഞുതീരില്ല. നിങ്ങളുടെ മരണത്തിൽ വിഷമിക്കുകയുമില്ല. നിങ്ങളുടെ വേർപാടിന്റെ വേദനയിൽ ദൈവത്തിന്റെ ഉദരം കത്തിയെരിയുകയില്ല. ബൈബിൾ കഥയുടെ അടിത്തറയിൽ ഞാൻ നിർമിച്ച രക്ഷകന്റെ ജനനത്തിന്റെയും കുരിശാരോഹണത്തിന്റെയും ഈ പുതിയ കഥയിൽ, എന്റെ ക്രിസ്തുവിനെ കുരിശേറ്റുന്നതിനുപകരം എന്നെ കുരിശേറ്റട്ടെ എന്ന നിർദേശം എന്റെ മാതൃത്വത്തിന്റെ വികാരങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുവെക്കാൻ ഞാൻ ധൈര്യപ്പെട്ടു. എന്റെ മകന്റെ മരണത്തിനുമുന്നേ ഞാൻ മരിച്ചിരിക്കുമെന്ന ഉറപ്പാണ് ആ മാതൃത്വബോധത്തിന്റെ സത്ത.
നിങ്ങളുടെ കവിതകളിലെ ഏറ്റവും ആഴവും ഇഴയടുപ്പവുമുള്ള ഒരു ധാര, എന്റെ അനുഭവത്തിൽ, പരമ്പരാഗത വിശ്വാസങ്ങളും പഴഞ്ചൊല്ലുകളും ഉപയോഗപ്പെടുത്തുന്ന രീതിയാണ്. അതിലൂടെ, നിങ്ങൾ കവിതയിൽ ഒരു ഗോത്ര അനുഭവത്തെ ഉണർത്തിയെടുക്കുകയും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ‘ഒരു പിടി ഉപ്പ്’, ‘എളുപ്പത്തിൽ പറ്റിക്കാവുന്ന കാമുകൻ’ തുടങ്ങിയ കവിതകൾ ഉദാഹരണമായെടുക്കാം. കവിതകളുടെ അടിത്തറയായി ഇത്തരം സ്രോതസ്സുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഗോത്രാനുഭവങ്ങളെ പുനരാവിഷ്കരിക്കുകയും പുതുക്കുകയും ചെയ്യുന്ന ഈ രചനാപ്രക്രിയയെക്കുറിച്ച് പറയാമോ.
വളരെ പ്രസക്തവും മനോഹരവുമായ ചോദ്യം. എന്റെ രാജ്യത്തെ പഴഞ്ചൊല്ലുകൾ ആശയസമ്പുഷ്ടങ്ങളാണ്. എല്ലാവരെയും പിന്തുടരാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പ്രസക്തമായവയാണ് അവ. ആയിരക്കണക്കിനു വർഷങ്ങളായി എന്റെ സമൂഹത്തെ ബാധിച്ചിരിക്കുന്ന നിഗൂഢമായൊരു ശക്തിയാണ് അവയിലുള്ളത്. അത്തരം പഴഞ്ചൊല്ലുകൾ ഉപയോഗിച്ചുകൊണ്ട് പുതിയ ആശയങ്ങളുള്ള കവിതകൾ ഞാൻ രചിച്ചിട്ടുണ്ട്. എന്റെ രാജ്യത്തെ ജനങ്ങൾ അവ സ്വീകരിച്ച വിധം, ആ കവിതകൾ അവരിലുളവാക്കിയ ഇഷ്ടം, അത്തരം ചെറുകവിതകൾ വിജയകരമായിരുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തുകയുണ്ടായി.
അത്തരം കവിതകൾ അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. അത്തരം കവിതകളിൽ ഏറ്റവും ജനസമ്മതി നേടിയവയാണ് ഇംഗ്ലീഷിലേക്ക് അല്ലാന വിവർത്തനം ചെയ്തത്. ഇംഗ്ലീഷ് സമാഹാരത്തിന് ആ ഗണത്തിലുള്ള ഒരു കവിതയുടെ ശീർഷകമാണ് പൊതുശീർഷകമായി അവർ തിരഞ്ഞെടുത്തത്. ‘ഒരുപിടി ഉപ്പ്’ എന്ന കവിത ഒരു കുർദിഷ് വിശ്വാസത്തെ പുതുക്കിയെടുത്ത കവിതയാണ്. വിശ്വാസമനുസരിച്ച്, ഒരു വീട്ടിൽ കുറേക്കാലമായി ഒരു അതിഥി താമസിക്കുകയാണെങ്കിൽ അയാളുടെ പാദുകങ്ങളിൽ ഒരുപിടി ഉപ്പ് ഇട്ടുവെക്കും. അയാൾ ഉടൻതന്നെ അവിടം വിട്ടുപോകും. എന്റെ കവിതയിൽ, ഞാൻ പറഞ്ഞത് ഇപ്രകാരമാണ്:
“വിട്ടുപോയേക്കുമെന്ന പ്രതീക്ഷയിൽ
ഒരിക്കൽ ഞാനേറെ പ്രണയിച്ച
തരളമനസ്കനായ മനുഷ്യന്റെ
പാദുകങ്ങളിൽ
ദിനംതോറും
ഒരുപിടി ഉപ്പ് ഞാനിടുന്നു.*
എനിക്ക് പറയാനാവുന്നത്
ഇത്രമാത്രം:
ഈ വിരുന്നുകാരൻ എന്നെ കൊല്ലും
എന്റെ കവിതയെയും.
അത്രയും ദൗർഭാഗ്യകരമാണ്
അയാളുടെ സമയനിഷ്ഠ.”
തെരുവുകൾ നിങ്ങളുടെ കവിതയിലെ ഒരു പ്രധാന ഇടമാണ്. നിങ്ങളുടെ ചില കവിതകൾ വിടർന്നുപടരുന്നതുതന്നെ ആ ഭൂമികയിലാണ്. എന്നാൽ, “ഭീകരതയുടെ രാജ്യത്തിൽ പുരുഷന്മാരേക്കാൾ ഞാൻ തെരുവുകളെ സ്നേഹിക്കുന്നു” എന്ന കവിതയിൽ നിങ്ങൾ ചിത്രീകരിച്ച –നിങ്ങൾ ആഗ്രഹിക്കുന്ന– തെരുവുകൾക്ക് സമാനതകൾ ഇല്ലാത്ത ഒരു സർഗചൈതന്യം കാണാനാവുന്നുണ്ട്. ഈ കവിതയുടെ രചനാ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാമോ.
“ഭീകരതയുടെ രാജ്യത്തിൽ പുരുഷന്മാരേക്കാൾ ഞാൻ തെരുവുകളെ സ്നേഹിക്കുന്നു” എന്ന കവിത മാനക്കേട് ഒഴിവാക്കുന്നതിനായി അഭിമാനക്കൊല എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന, സ്ത്രീകളെ കൊന്നുകളയുന്ന സാഹചര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്റെ നാട്ടിൽ ആയുധങ്ങൾ വ്യാപകമായി പടരാൻ തുടങ്ങിയതിനുശേഷമാണ് ഇത്തരം കൊലകൾ വ്യാപകമായത്. തീവ്രമതബോധമുള്ള സംഘങ്ങളും ഗോത്ര സംഘങ്ങളും സ്വാധീനവും അധികാരവും കൈയാളാൻ തുടങ്ങിയതിനുശേഷമാണ് ഇത്തരം സാഹചര്യം പരക്കെപ്പടർന്നത്.
സ്ത്രീകളെ കൊലചെയ്യുകയും അവരെ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായത്. എന്റെ കവിത ഇതിനെതിരെ സർക്കാർതലത്തിൽ നടപടികൾ സ്വീകരിക്കാൻ വലിയ തോതിൽ സ്വാധീനം ചെലുത്തുകയുണ്ടായി. അത് ജനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അവബോധം ഉളവാക്കാനും സഹായകമായി. എന്റെ നാട്ടിലെ സാംസ്കാരികസംഘടനകളും സ്ത്രീസംഘടനകളും ഈ കവിതയാൽ പ്രചോദിതരായി. ഇതുമായി ബന്ധപ്പെട്ട് ഞാൻ കുർദിഷ് മാധ്യമങ്ങളിൽ എഴുതിയ ലേഖനങ്ങളും വ്യാപകമായി ചർച്ചചെയ്യപ്പെട്ടു. തുർക്കി, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലുള്ള കുർദുകൾക്കിടയിലും ഈ കവിത സ്വാധീനം ചെലുത്തുകയുണ്ടായി.
“ഞങ്ങളുടെ സ്വരാജ്യം
മരണത്തിന്റെ ചങ്ങാതി:
നോക്കൂ, ഞങ്ങളിലെത്രപേർ
അതിലെ ശ്മശാനങ്ങളിൽ
വീണുപോയിരിക്കുന്നു!
ഞങ്ങളുടെ ചന്ദ്രന്മാരെ
മറവുചെയ്യുവാനുള്ള വേഗത
ഞങ്ങളുടെ ചന്ദ്രന്മാർക്കിനിയും
കൈവന്നിട്ടില്ല.
ഞങ്ങളുടെ പുഷ്പങ്ങളുടെ
ശവശരീരങ്ങൾ കാണുന്ന
ഞങ്ങളുടെ പുഷ്പങ്ങളിൽ പൊഴിക്കാൻ
തേങ്ങലിനി ബാക്കിയില്ല.
സ്ത്രീകളുടെ കണ്ണീർക്കടൽ
വരണ്ടിരിക്കുന്നു, പിളർന്നിരിക്കുന്നു,
പൊട്ടിത്തെറിച്ചിരിക്കുന്നു.”
ഹിസ്റ്ററിയിൽനിന്ന് ഹെർസ്റ്റോറി ഖനിച്ചെടുക്കുക എന്നത് സാംസ്കാരികവും രാഷ്ട്രീയവും നരവംശശാസ്ത്രപരവുമായ ഒരു പ്രക്രിയയാണ്. ചരിത്രം നിർമിക്കുക എന്ന പ്രതിഭാസത്തിന്റെ പ്രക്രിയകൾക്കിടയിൽ നിങ്ങൾ സ്വന്തം കവിതകളെ എവിടെയാണ് പ്രതിഷ്ഠിക്കുക.
ചരിത്രം നിർമിക്കുക, ചരിത്രാഖ്യാനം നടത്തുക എന്നതെല്ലാം വിഷമകരമായ പ്രക്രിയകളാണ്. ഒരു സ്ത്രീക്ക് അത്തരം ഇടപെടലുകൾ നടത്തേണ്ടിവരുമ്പോൾ ആ പ്രക്രിയ കുറെക്കൂടി വിഷമമുള്ളതായി തീരുന്നു. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്: എന്റെ രാജ്യത്തിലെ –മറ്റു പല രാജ്യങ്ങളിലെയും– സ്ത്രീകൾ ചരിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവരാണ്. ചരിത്രത്തിനകത്ത് ഞങ്ങൾക്ക് ഒരിടം അവർ നിഷേധിക്കുമ്പോൾ, ഞങ്ങളൊക്കെ എങ്ങനെയാണ് ചരിത്രം നിർമിക്കുക? എങ്ങനെയാണത് ആഖ്യാനം ചെയ്യുക? ആ കവിതയിൽ, മൊത്തത്തിൽ മരിച്ചവർ മാത്രമുള്ള, കരഞ്ഞുകരഞ്ഞ് കണ്ണുകൾ വരണ്ടുപോയവർ മാത്രമുള്ള, ദുഃഖത്തിന്റെ തരിശു മരുഭൂമികളായിത്തീർന്നവർ മാത്രമുള്ള ഒരു ചരിത്രത്തിനകത്തെ സ്ത്രീകളുടെ അവസ്ഥയാണ് ഞാൻ പറഞ്ഞുവെച്ചത്.
ഹലബ്ജ ബാഗ്ദാദിലേക്ക് പോവുകയില്ല.
ബാഗ്ദാദ് ഹലബ്ജയിലേക്ക് വരട്ടെ.
വിശുദ്ധ കുഴിമാടങ്ങളെ
ആദരിക്കുന്നതിനായി
ആവശ്യത്താൽ ബോധരഹിതമായി
ബാഗ്ദാദ് ഹലബ്ജയിലേക്ക് വരട്ടെ.
നിങ്ങളുടെ കവിതകളിലെ അഗാധമായ വികാരതലങ്ങൾ ഉള്ളതും രാഷ്ട്രീയപ്രഖ്യാപനം ഉള്ളതുമായ വരികളിൽ ഏറ്റവും പ്രമുഖമാണ് മേൽപ്പറഞ്ഞവ. ഈ വരികളുടെ രചനക്കിടയാക്കിയ സന്ദർഭങ്ങളെക്കുറിച്ച് പറയാമോ.
തീർച്ചയായും. ‘ബാഗ്ദാദ് ഹലബ്ജയിലേക്ക് വരട്ടെ’ എന്ന കവിത പ്രസിദ്ധ കുർദിഷ് കവിയായ ശിർക്കോ ബെക്കാസിന്റെ കവിത വായിച്ചതിനുശേഷം, അതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് രചിച്ചത്. ആ കവിതയുടെ ശീർഷകം ‘ഹലബ്ജ ബാഗ്ദാദിലേക്ക് പോകുന്നു’ എന്നാണ്. ആ കവിതയുടെ രാഷ്ട്രീയ അർഥം, തലസ്ഥാനമായ ബഗ്ദാദിലെ കോടതികളിലേക്ക് പരാതിയുമായി പോകുന്ന ഹലബ്ജയുടേതാണ്. പക്ഷേ, ആ ആശയം എനിക്ക് ഒട്ടും ഉൾക്കൊള്ളാനായില്ല. എന്റെ കവിതയിൽ ഞാൻ പ്രഖ്യാപിച്ചത് ഹലബ്ജ ബഗ്ദാദിലേക്ക് പോവുകയില്ല എന്നാണ്.
മറിച്ച്, ബഗ്ദാദ് മുറിവേറ്റ ഹലബ്ജ സന്ദർശിക്കണമെന്നും മാപ്പപേക്ഷിക്കണമെന്നും ഞാൻ കവിതയിൽ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും ഹലബ്ജയിൽ വരുകയും രക്തസാക്ഷികളുടെ ആത്മാക്കൾക്കു മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യുന്നതുപോലെ ബഗ്ദാദും ചെയ്യേണ്ടതുണ്ട് എന്നാണ് ഞാനാവശ്യപ്പെട്ടത്. കുർദുകൾ അനേകം തവണ ബഗ്ദാദിൽ പോവുകയും ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, അവർ കൊയ്തത് അപമാനവും വഞ്ചനയും മാത്രമാണ്. എന്നാൽ, ഇപ്പോൾ, ഇറാഖി സൈന്യത്തിന്റെ രാസായുധ വർഷങ്ങളാൽ ആക്രമിക്കപ്പെട്ട കുർദുകളെ ആലോചിച്ച് ബഗ്ദാദ് ലജ്ജിക്കേണ്ട സമയമാണ്. അതിൽ ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകേണ്ട സമയമാണ്. സമാധാനത്തിന്റെ കൈ നീട്ടേണ്ട സമയമാണ്. തകർക്കപ്പെട്ട നഗരത്തിന് സഹായങ്ങൾ നൽകേണ്ട സമയമാണ്.
കാജൽ അഹമ്മദ് പത്രപ്രവർത്തകയുടെ വേഷത്തിൽ
“കൽമുഖങ്ങൾ മഞ്ഞയായി തീർന്ന വർഷം.
ഈന്തപ്പനകൾ പോലുള്ള ഒട്ടകപ്പക്ഷികൾ
അവയുടെ ശിരസ്സ്
തണുത്ത മണ്ണിലേക്ക് ആഴ്ത്തി.
അവയുടെ വേരുകൾ തിരഞ്ഞ വർഷം.
മരുപ്പച്ചകളിൽ തുളുമ്പിനിന്ന
കള്ളിമുൾച്ചെടികളുടെ കണ്ണുകൾ
കനത്ത പുകയായി
ഇരുണ്ടുപോയ വർഷം.
കാട്ടുപൂവുകൾ
ഒഴിഞ്ഞ പ്രാർഥനകളായിത്തീർന്ന സമയം.”
‘നമ്മുടെ കൂട്ടക്കുരുതി’ എന്ന കവിത ഹൃദയം തകർക്കുന്ന ഒന്നാണ്. വികാരങ്ങളെ അതിന്റെ പരുക്കൻ സ്വഭാവത്തിലും ഉള്ളടക്കത്തിലും ആവിഷ്കരിച്ചിട്ടുള്ള കവിത. നിങ്ങളുടെ ജീവിതത്തിലും ഇടങ്ങളിലും ഭൗമരാഷ്ട്രീയ മേഖലകളിലും സദ്ദാം ഹുസൈന്റെ ഭരണകാലയളവ് തീർത്ത ആഘാതങ്ങളെക്കുറിച്ചുള്ള ഓർമകൾ എന്തെല്ലാമാണ്.
നിർഭാഗ്യകരമെന്ന് പറയട്ടെ, പ്രിയപ്പെട്ട ചങ്ങാതി, 2003ല് അമേരിക്കൻ സൈനിക നടപടികളുടെ ഫലമായി സദ്ദാമിന്റെ ഏകാധിപത്യ ഭരണത്തിന്റെ പതനത്തിനുശേഷം, ഇറാഖി കോടതികളിൽ അയാളുടെ വിചാരണ നടന്നശേഷം, 2006ൽ അയാൾ വധിക്കപ്പെട്ട ശേഷം, ആ ഏകാധിപതിയുടെ ഭരണത്തിനുകീഴിൽ കുർദുകളും ഇറാഖികളും അനുഭവിച്ച യാതനകളുടെ അനുഭവങ്ങൾ വിസ്മൃതിയിലാണ്ടു.
‘നമ്മുടെ കൂട്ടക്കുരുതി’ എന്ന കവിതയിൽ ഞാൻ പങ്കുവെച്ചത് അൻഫാൽ കൂട്ടക്കുരുതിയുടെ അനുഭവങ്ങളാണ്. അതിന്റെ വേദനാജനകമായ എല്ലാ തലങ്ങളെക്കുറിച്ചും ഞാനതിൽ പറഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ഗ്രാമങ്ങളിൽ വീടുകൾ ചുട്ടുചാമ്പലാക്കിയതിനെക്കുറിച്ച്, നിരായുധരായ സാധാരണ പൗരന്മാരുടെ സ്വത്ത് കൊള്ളയടിച്ചതിനെക്കുറിച്ച്, വിളകൾ കത്തിച്ചുകളഞ്ഞതിനെക്കുറിച്ച്, ചുെട്ടരിച്ച ഗ്രാമങ്ങളിൽ ഒറ്റക്കായി പോയ പൂച്ചകളെക്കുറിച്ച്. അതിനൊപ്പംതന്നെ, ഞാൻ എന്റെ ജനതയെ ഒരുകാര്യം ഓർമിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട് –എളുപ്പത്തിൽ മറക്കുന്ന ജനതയാണ് ഞങ്ങളെന്ന്. അതുകൊണ്ടാണ് ഞാൻ എഴുതിയത്:
“അൻഫാലിനെ മറന്നുപോകുന്ന രാഷ്ട്രം,
ശിരച്ഛേദം ചെയ്യപ്പെടുന്നു.”
ആത്മീയതയുടെ ആഴമുള്ള ഒരു സ്ഥലം നിങ്ങളുടെ കവിതയിൽ ഇഴചേർന്നു പടരുന്നുണ്ട്. ആണധികാരത്തിന്റെ നിയമങ്ങളാൽ സംഘാടനം ചെയ്യപ്പെട്ട മതപരമായ ആത്മീയതയിൽ നിന്ന് തികച്ചും വിഭിന്നമാണത്. ‘നമ്മുടെ കൂട്ടക്കുരുതി’, ‘എന്റെ ഹൃദയത്തിന്റെ കഥയിൽനിന്നുള്ള ചില ഭാഗങ്ങൾ’, ‘ദൈവശൂന്യമായ മഞ്ഞ്’, ‘രണ്ടു ജീവിതങ്ങൾ’, ‘മറിയത്തെക്കാൾ…’, തുടങ്ങിയ കവിതകൾ ഈ ആത്മീയ ശേഷിയെ വ്യത്യസ്തമായ ഒരു അനുഭവമാക്കി അവതരിപ്പിക്കുന്നു. കാജൽ, നിങ്ങൾ എങ്ങനെയാണ് ഈ ആത്മീയതലത്തെ കവിയെന്ന നിലയിൽ അഭിമുഖീകരിക്കുന്നത്? എങ്ങനെയാണ് കവിതാരചനയുടെ മണ്ഡലത്തിലേക്ക് അതിന്റെ പുനഃസൃഷ്ടി നടത്തുന്നത്?
എന്റെ ആന്തരിക ജീവിതത്തിന്റെയും നിത്യജീവിതത്തിന്റെയും ഭാഗമാണ് ആത്മീയത. അതൊരുപക്ഷേ എനിക്കൊപ്പം എന്നിൽ ജനിച്ചതായിരിക്കണം – എന്റെ സർഗശേഷിയുടെ ഭാഗമായി. അതിന്റെ സ്രോതസ്സിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. അതുകൊണ്ടുതന്നെ, അത്തരം ഒരു ആത്മീയഭാവം എന്റെ കവിതകളിൽ നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുവെങ്കിൽ അത്ഭുതപ്പെടരുത് എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. അതു തീർച്ചയായും മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ആത്മീയതയിൽനിന്ന് വിഭിന്നമാണ്. എന്റെ മിക്കവാറും എല്ലാ കവിതകളിലും –എന്റെ ഏറ്റവും പുതിയ കവിതയായ ‘മൂവായിരാമാണ്ടു മുതൽ ഞാൻ ഒരു അനുയായിയാണ്’ എന്നതിൽ ഉൾപ്പെടെ –അത് നിലീനമാണ്. അനുകമ്പ തോന്നാനുള്ള കവിയുടെ ശേഷിയാണ് ഇത്തരം ആത്മീയതലങ്ങളെ രൂപപ്പെടുത്തുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യക്ഷമായതിലധികം, മറ്റുള്ളവർ കാണുന്നതിലധികം കവികൾ കാണുകയും അറിയുകയും ചെയ്യുമെന്നാണ് ഞാൻ അനുഭവിക്കുന്നത്.
ഒരു സഹയാത്രിക എന്ന നിലയിൽ നിങ്ങളുടെ ഭാഷയിലെ സമകാലിക സാഹിത്യത്തെ വിലയിരുത്തുന്നത് എങ്ങനെയാണ്
ഡിജിറ്റൽ യുഗത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാലഘട്ടത്തിൽ സമകാലിക സാഹിത്യത്തിന് വലിയ വാതായനങ്ങളാണുള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു. ലോകത്തെ അത് വ്യത്യസ്തവും ആസ്വാദ്യകരവുമായ കോണുകളിൽനിന്ന് നോക്കിക്കാണുന്നു. നമുക്ക് അതിൽനിന്ന് കണ്ണെടുക്കാൻ സാധിക്കാത്ത ഒരു സാഹചര്യമാണുള്ളത്. അതിന്റെ ഉദ്ഗ്രഥിതമായ ഛായാപടത്തിൽ മൂല്യവത്തായ ഒരു ഭാഗമായിത്തീരാൻ താൽപര്യം പുലർത്തുന്നവരാണ് ഭൂരിഭാഗം പേരും. ഞങ്ങളുടെ ഭാഷയിൽ കവിതയുടെ കാര്യം അപകടാവസ്ഥയിലാണ്. കാരണം, എല്ലാവർക്കും നോവൽ രചയിതാക്കളാകാനാണ് താൽപര്യം. എന്തുതന്നെയായാലും, ഞാൻ കവിതയുമായിത്തന്നെ മുന്നോട്ടുപോകും. കവിയായിത്തന്നെ തുടരും. നോവലിനേക്കാൾ സൂക്ഷ്മതയുള്ളത് കവിതക്കാണ്. അതുകൊണ്ടുതന്നെ അത് മനുഷ്യചേതനയോട് ഏറ്റവും അടുത്ത് നിൽക്കുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
കവിത എഴുതുന്ന ആളെന്ന നിലയിൽ, കാവ്യകലയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാടെന്താണ്
കലകളിൽ ഏറ്റവും പഴക്കംചെന്ന ഒന്നാണ് കവിത. അത് മനുഷ്യരുടെ ഹൃദയത്തോടും മനസ്സിനോടും ഏറ്റവും അടുത്ത് നിൽക്കുന്ന കലാരൂപമാണ്. കാരണം, അതിന്റെ ഭാഷക്ക് ഒന്നുംതന്നെ വളച്ചൊടിച്ച് അവതരിപ്പിക്കാൻ അറിയുകയില്ല. അത് സങ്കൽപങ്ങളെ കുറുക്കി അവതരിപ്പിക്കുന്നു. ഇതര സാഹിത്യ രൂപങ്ങൾക്ക് ആവിഷ്കരിക്കാൻ ബുദ്ധിമുട്ടുള്ള വികാരങ്ങളെയും ബിംബങ്ങളെയും പകർന്നുകൊടുക്കുന്നു.
എന്റെ അഭിപ്രായത്തിൽ, സാഹിത്യത്തിന്റെ ഭാവി കവിതയിലാണ്. കാരണം, അത് സങ്കൽപങ്ങളെ സംക്ഷിപ്തമാക്കുകയും വാക്കുകളുടെ വിന്യാസത്തിലൂടെ ഫലങ്ങൾ രൂപപ്പെടുത്തുകയും അങ്ങനെ മനുഷ്യരുടെ ഉള്ളിൽ തകർന്നുപോയതിനെ പുതുക്കിപ്പണിയുകയും ചെയ്യുന്നു. കവികൾക്ക് അവരുടെ കവിതകൾ ശുദ്ധീകരിക്കുക എന്നത് വിഷമകരമായ പ്രവൃത്തിയാണ്. കാരണം, കവികളെ ശ്വാസംമുട്ടിപ്പിക്കുന്ന ലോകത്ത് അവർ ശ്വസിക്കുന്നത് കവിതയാൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.