ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തോട് അടുക്കുന്നു. അധികാരം പിടിക്കാനുള്ള പോരാട്ടത്തിലാണ് നാഷനല്‍ കോണ്‍ഫറൻസ്. തെരഞ്ഞെടുപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് നാഷനൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല.ശൈഖ് അബ്ദുല്ല, മകന്‍ ഫാറൂഖ് അബ്ദുല്ല, ഫാറൂഖ് അബ്ദുല്ലയുടെ മകന്‍ ഉമർ അബ്ദുല്ല, ഉമറിന്റെ മക്കളായ സഹീര്‍ അബ്ദുല്ലയും സമീര്‍ അബ്ദുല്ലയും. ജമ്മു-കശ്മീർ തെരെഞ്ഞടുപ്പുകളിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളാണ്. നാലു തലമുറ അബ്ദുല്ലമാരുടെ രാഷ്ട്രീയ-ഭരണത്തുടര്‍ച്ചകള്‍ ജമ്മു-കശ്മീരിന്റെ അധികാരകഥയുടെ അവിഭാജ്യ അധ്യായങ്ങളാണ് എന്നും. ഇന്നും അത്...
ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തോട് അടുക്കുന്നു. അധികാരം പിടിക്കാനുള്ള പോരാട്ടത്തിലാണ് നാഷനല്‍ കോണ്‍ഫറൻസ്. തെരഞ്ഞെടുപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് നാഷനൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല.
ശൈഖ് അബ്ദുല്ല, മകന്‍ ഫാറൂഖ് അബ്ദുല്ല, ഫാറൂഖ് അബ്ദുല്ലയുടെ മകന്‍ ഉമർ അബ്ദുല്ല, ഉമറിന്റെ മക്കളായ സഹീര്‍ അബ്ദുല്ലയും സമീര്‍ അബ്ദുല്ലയും. ജമ്മു-കശ്മീർ തെരെഞ്ഞടുപ്പുകളിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളാണ്. നാലു തലമുറ അബ്ദുല്ലമാരുടെ രാഷ്ട്രീയ-ഭരണത്തുടര്‍ച്ചകള്‍ ജമ്മു-കശ്മീരിന്റെ അധികാരകഥയുടെ അവിഭാജ്യ അധ്യായങ്ങളാണ് എന്നും. ഇന്നും അത് അങ്ങനെതന്നെ. കശ്മീരിന്റെ രാഷ്ട്രീയത്തിൽ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ അബ്ദുല്ല കുടുംബമില്ലാതെ ജമ്മു-കശ്മീരിന് പരിചിതമല്ല. 10 വർഷം മുമ്പ് കൈവിട്ടുപോയ ഭരണം ഈ തെരെഞ്ഞടുപ്പിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇവരുടെ പാർട്ടിയായ നാഷനൽ കോൺഫറൻസ്. ഭരണം തിരിച്ചുപിടിക്കാന്‍ സകല തന്ത്രങ്ങളുമെടുത്തുള്ള പോരാട്ടത്തിലാണ് നാഷനൽ കോണ്‍ഫറൻസ് ഇക്കുറി.
ഗന്ദര്‍ബാലിലും തൊട്ടടുത്തുള്ള ബഡ്ഗാമിലുമാണ് ഉമർ അബ്ദുല്ല മത്സരിച്ചത്. രണ്ടിടത്തും കടുത്ത മത്സരവും. വിജയിക്കാനായി വിശ്രമമില്ലാത്ത ഒാട്ടത്തിലായിരുന്നു ഉമർ. ഈ ഓട്ടത്തിന് മറ്റൊരു ഗുണംകൂടിയുണ്ട്. നാഷനൽ കോൺഫറസ്-കോൺഗ്രസ് സഖ്യം വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രി മുഖമായി ഉയർന്നുകേൾക്കുന്ന പേരും ഉമറിന്റേതുതന്നെയാണ്. ജമ്മു-കശ്മീർ രാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും കുറിച്ച് ഗുപ്കർ റോഡിലെ വസതിയിൽ നാഷനൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല സംസാരിക്കുന്നു.
10 വർഷത്തിനു ശേഷം നടക്കുന്ന വളരെ പ്രധാനപ്പെട്ടൊരു തെരെഞ്ഞടുപ്പാണിത്. എന്തുകൊണ്ടാണ് ഗന്ദര്‍ബാലും ബദ്ഗാമും തെരഞ്ഞെടുക്കാനുള്ള കാരണം?
രണ്ടും വളരെ പ്രധാനപ്പെട്ട മണ്ഡലങ്ങളാണ്. ജയിലിൽനിന്നുവരെ എനിക്കെതിരെ ആളുകളെ മത്സരിപ്പിക്കാൻ കൊണ്ടുവരുകയാണ്. നാഷനൽ കോൺഫറൻസിനെ തോൽപിക്കാനുള്ള ശ്രമങ്ങളാണ് ഇതിനുപിന്നിൽ നടക്കുന്നതെന്ന് വ്യക്തം. ഇത് പൊതുജനങ്ങളെ തുറന്നുകാണിക്കുകയാണ് ഈ മത്സരത്തിലൂടെയുള്ള ലക്ഷ്യം. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, വികസനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കശ്മീരിലുണ്ട്. അതുകൊണ്ട് ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുകകൂടിയാണ് പാർട്ടിയുടെ പ്രവർത്തനം.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനത്തെ എങ്ങനെ വിലയിരുത്തുന്നു. പ്രത്യേക പദവി ഒരു അടഞ്ഞ അധ്യായമാണോ?
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ചോദിച്ചുകൊണ്ടേയിരിക്കും. ബി.ജെ.പി എക്കാലത്തും അധികാരത്തിൽ ഇരിക്കില്ല. ഈ സർക്കാറിന്റെ കാലത്ത് പ്രത്യേക പദവി തിരിച്ചുവരുമെന്ന് ആരും കരുതുന്നുമില്ല. എന്നാൽ, ഞങ്ങൾ അതിനുവേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും. വളരെ എളുപ്പത്തിൽ അത് സാധ്യമാകുമെന്ന് കരുതുന്നില്ല. അേതാടൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് സംസ്ഥാന പദവി. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലെ പ്രഥമ പരിഗണന.
കശ്മീർ ജനത അത് ആഗ്രഹിക്കുകയുംചെയ്യുന്നുണ്ട്. സർക്കാർ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കശ്മീരിൽ നടപ്പാക്കുന്നത്. അതിനാൽ, ഇതൊരു നീണ്ട പോരാട്ടമാണ്. അത് തുടരുകതന്നെ ചെയ്യും. സർക്കാറിന്റെ തീരുമാനങ്ങൾ മാറ്റത്തിന് വിധേയമാണ്. അവ ദൈവവചനമല്ല. ഭാവിയിൽ, സ്വയംഭരണത്തിനുള്ള നമ്മുടെ ആവശ്യം ചർച്ചചെയ്യാൻ തയാറുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടായേക്കാം. നാളെ സുപ്രീംകോടതിയുടെ ഒരു ഫുൾ ബെഞ്ച് വ്യത്യസ്തമായി വിധി പറഞ്ഞേക്കാം. ഭാവിയിൽ സാഹചര്യങ്ങൾ മാറിയേക്കാം എന്ന പ്രതീക്ഷയിൽ ഈ പ്രശ്നം സജീവമായി നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ലോക്‌സഭാ തെരെഞ്ഞടുപ്പിൽ താങ്കൾക്കെതിരെ മത്സരിച്ച് വിജയിച്ച എൻജിനീയർ റാഷിദിന് കോടതി വീണ്ടും തെരെഞ്ഞടുപ്പ് പ്രചാരണത്തിനായി ജാമ്യം അനുവദിക്കുകയും അദ്ദേഹം പ്രചാരണങ്ങളിൽ സജീവവുമാണ്. അദ്ദേഹം വീണ്ടും വെല്ലുവിളിയാകുകയാണോ?
20 ദിവസം തെരഞ്ഞെടുപ്പ് കാമ്പയിനായി വന്നതാണ് അദ്ദേഹം. ബാരാമുല്ലക്കുവേണ്ടി സംസാരിക്കാൻ ഇപ്പോഴും ഒരു എം.പി ഇല്ലാത്ത അവസ്ഥയാണ്. അദ്ദേഹം പറയുന്നത് ബി.ജെ.പിക്കെതിരെയാണ് പോരാട്ടമെന്നും മത്സരിക്കുന്നവർ അവർക്കെതിരെയാണെന്നുമാണ്. എന്നാൽ, യഥാർഥത്തിൽ നാഷനൽ കോൺഫറൻസിനെതിരെ മത്സരിക്കുന്നതായാണ് തോന്നുന്നത്. അദ്ദേഹം പറയുന്നതും ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു സാഹചര്യം കശ്മീരിലുണ്ടാക്കുന്നത്. റാഷിദിന്റെ പ്രചാരണങ്ങളിൽ ഉടനീളം നാഷനൽ കോൺഫറൻസിനെയാണ് കടന്നാക്രമിക്കുന്നത്. അവരുടെ ലക്ഷ്യം ഞങ്ങളുടെ പാർട്ടിയാണെന്നാണ് ഇതിൽനിന്നെല്ലാം മനസ്സിലാകുന്നത്.
പി.ഡി.പി ഈ തെരെഞ്ഞടുപ്പിലും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകാൻ തയാറായില്ല. ഇതിന്റെ കാരണമെന്താണ്. അവർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതുകൊണ്ടാണോ മഹ്ബൂബ മുഫ്തി സഖ്യം വേണ്ടെന്നുവെച്ച് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്?
പി.ഡി.പി സഖ്യം ചേരാതിരുന്നത് അവരെടുത്ത തീരുമാനമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും അവർ സഖ്യവുമായി സഹകരിച്ചില്ല. അതും അവരെടുത്ത തീരുമാനമാണ്. അവരാണ് ഈ അവസ്ഥ ഇപ്പോൾ ഉണ്ടാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ സഖ്യവുമായി സഹകരിച്ചിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിന് സഖ്യമുണ്ടാകുമായിരുന്നു. പക്ഷേ, അവരത് ചെയ്തില്ല. അവര് മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ സഖ്യത്തിന്റെ ഭാഗമാകുകയുള്ളൂവെന്നായിരുന്നു അവരെടുത്ത തീരുമാനം. അതാണ് പ്രധാന കാരണം. അവരും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി നിന്നതാണ്. കശ്മീരിൽ അത് ഉണ്ടാകണമെന്ന് ആഗ്രഹിച്ച നിരവധിപേരുണ്ട്.
ജമ്മു-കശ്മീരിന്റെ താഴ്വരയിൽ ബി.ജെ.പി 19 സീറ്റുകളിൽ മാത്രമാണ് മത്സരിക്കാൻ തീരുമാനിച്ചത്. ഭൂരിഭാഗം സീറ്റുകളിലും അവർക്ക് സ്ഥാനാർഥികളില്ല. ഇത്തരമൊരവസ്ഥ ബി.ജെ.പിക്കുണ്ടായത് എന്തുകൊണ്ടെന്നാണ് താങ്കൾ മനസ്സിലാക്കുന്നത്?
കശ്മീരില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ല. അവരുടെ സാന്നിധ്യംതന്നെ ഇല്ലാതായിരിക്കുന്നു. അവര്‍ക്ക് ഒരു സീറ്റുപോലും അവകാശെപ്പടാനില്ല. അതിനാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വിജയിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ബി.ജെ.പിയുടെ ആഗ്രഹം തൂക്കുസഭയാണ്. ഗവര്‍ണര്‍ ഭരണം തുടരുകയെന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍, ഞങ്ങള്‍ നിത്യവും ജനങ്ങളെ കേള്‍ക്കുന്നവരാണ്. ഞങ്ങള്‍ എന്‍.സിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഞങ്ങള്‍ സഖ്യമുണ്ടാക്കി. തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരല്ല ഞങ്ങള്‍. എന്നാൽ, ചിലർ അങ്ങനെയാണ്. ഞങ്ങള്‍ക്ക് പൂർണവിശ്വാസമുണ്ട്. ഞങ്ങൾ ജയിക്കും.
ഈ തെരെഞ്ഞടുപ്പിൽ നിങ്ങളുടെ പ്രധാന എതിരാളിയായി ആരെയാണ് കാണുന്നത്?
കശ്മീരിൽ പി.ഡി.പിയും ജമ്മുവിൽ ബി.ജെ.പിയും ആയിരിക്കും. വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽ ചില സ്വതന്ത്രന്മാരോ ചെറു പാർട്ടികളോയുണ്ട്. ഇവർക്കെല്ലാം മുഖ്യധാരാ പാർട്ടികളുടെ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ആത്യന്തികമായി ജമ്മു-കശ്മീരിന്റെ രാഷ്ട്രീയം എൻ.സി, കോൺഗ്രസ്, പി.ഡി.പി, ബി.ജെ.പി എന്നിവയിലാണ്. ചെറിയ പാർട്ടികൾക്കും ചെറിയ പങ്കുണ്ട്. നിരവധി സ്വതന്ത്രർ ജമ്മു-കശ്മീർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സർക്കാർ രൂപവത്കരിക്കാൻ തങ്ങൾക്ക് അംഗബലം കുറവായാൽ ചെറു പാർട്ടികളുടെ സഹായം തേടുമെന്ന് പറയുന്ന ബി.ജെ.പിക്കായിരിക്കും. അപ്‌നി പാർട്ടി, പീപ്ൾസ് കോൺഫറൻസ്, എൻജിനീയർ റഷീദിന്റെ പാർട്ടി എന്നിവയെക്കുറിച്ച് അവർ നിശ്ശബ്ദരായിരിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. സ്വതന്ത്രർക്കുള്ള വോട്ട് ബി.ജെ.പിക്കുള്ള വോട്ടാണ്. ബി.ജെ.പി സ്വതന്ത്രരെ പിന്തിരിപ്പിച്ച് ജനവിധി അട്ടിമറിച്ചതിന് എത്രയോ സംഭവങ്ങളുണ്ട്. ജമ്മു-കശ്മീരിലെ ആളുകൾ കൂടുതൽ സ്വതന്ത്രരെ തെരഞ്ഞെടുത്താൽ, അവർ നേരിട്ട് ബി.ജെ.പിയുടെ മടിത്തട്ടിലേക്ക് പോകും.
ബി.ജെ.പിയുടെ കോട്ടയായ ജമ്മുവിൽ നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടുരീതി ആവർത്തിച്ചാൽ ബി.ജെ.പി അവകാശപ്പെടുന്നതുപോലെ അത്ര സുഖകരമായി വിജയിക്കാൻ സാധിക്കില്ല. വോട്ട് വിഹിതം കുറയുന്നുണ്ട്. 2019ലെ ലോക്‌സഭാ മത്സരത്തിൽ ജമ്മുവിലും ഉധംപൂരിലും മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ചിരുന്നു. 2024ൽ അതിന്റെ പകുതിയായിരുന്നു. വോട്ടുകൾ കുറയുന്ന സാഹചര്യത്തിൽ അവിടെ കോൺഗ്രസിന് മികച്ച മുന്നേറ്റം നേടാനാകുമെന്നാണ് പ്രതീക്ഷ.
നിരോധനമുള്ള ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം സ്വതന്ത്രരെ നിർത്തി മത്സരിക്കുന്നത് നിങ്ങൾക്ക് വെല്ലുവിളിയല്ലേ?
പരമ്പരാഗതമായി ജമാഅത്ത് വോട്ട് നാഷനൽ കോൺഫറൻസിന് വന്നിട്ടില്ല. അവർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നിലപാട് എടുത്തിട്ടും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജമാഅത്ത് രഹസ്യമായി രാഷ്ട്രീയപങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ അനുയായികൾ പി.ഡി.പിയിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അവർ സ്വതന്ത്രരെ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അത് കൂടുതലും നഷ്ടമുണ്ടാക്കുന്നത് പി.ഡി.പിക്കാണ്.
നാഷനൽ കോൺഫറൻസിന്റെ മുഖ്യമന്ത്രിമുഖം ആരായിരിക്കും?
ആ ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. ആദ്യം ഭൂരിപക്ഷം നേടി മികച്ച രീതിയിൽ വിജയിക്കുക എന്നതാണ് ലക്ഷ്യം. അതിനുശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന ചോദ്യവും ചർച്ചകളും.
വിജയം ഇൻഡ്യ സഖ്യത്തിന് നിർണായകം
ശ്രീനഗറിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള രണ്ട് മണ്ഡലങ്ങളിലാണ് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് കൂടിയായ ഉമർ അബ്ദുല്ല മത്സരിക്കുന്നത്. ഒന്ന്, ഗന്ദര്‍ബൽ മറ്റൊന്ന് ബഡ്ഗാം. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് കനത്ത വെല്ലുവിളിയുയർത്താൻ പി.ഡി.പിക്കു പുറമേ അപ്നി പാർട്ടി, പീപ്ൾസ് കോൺഫറൻസ്, അവാമി ഇത്തേഹാദ് പാർട്ടി പ്രാദേശിക കക്ഷികളുമുണ്ട്. സ്വതന്ത്ര സ്ഥാനാർഥികൾ പിടിക്കുന്ന വോട്ടുകളും ഏറെ നിർണായകമാകും.
ഉമർ അബ്ദുല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ഫാറൂഖ് അബ്ദുല്ല കുടുംബത്തിന്റെ തട്ടകമായി കരുതുന്ന ഗന്ദര്‍ബലിൽനിന്ന് ജയിച്ചിട്ടാണ് ഉമർ 2008ൽ മുഖ്യമന്ത്രിയായത്. ഫാറൂഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പിതാവ് ശൈഖ് അബ്ദുല്ലയും ഇവിടെ ജയിച്ചിട്ടുണ്ട്. അവസാനമായി തെരഞ്ഞെടുപ്പു നടന്ന 2014ൽ നാഷനൽ കോൺഫറൻസിന്റെ മിയാൻ അൽത്താഫ് വെറും 1400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ഡി.പിയുടെ ബഷീർ മിറിനെ തോൽപിച്ചത്. ഇത്തവണ ബഷീർ മിർ വലിയ വിജയപ്രതീക്ഷയിലാണ്. അതിനാൽ കടുത്ത മത്സരവുമുണ്ട്.
കൂടാതെ നാഷനൽ കോൺഫറൻസിൽനിന്ന് രാജിവെച്ച് സ്വന്തമായി പാർട്ടിയുണ്ടാക്കി മത്സരിക്കുന്ന ഇശ്ഫാഖ് ജബ്ബാർ ഉമറിന്റെ വോട്ടുകൾ ചോർത്തിയേക്കും. സർജാൻ ബർകാതി എന്നറിയപ്പെടുന്ന പുരോഹിതനായ സർജാൻ അഹമ്മദ് വഗായ്, കശ്മീർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റായ അവാമി ഇത്തേഹാദ് പാർട്ടിയുടെ ശൈഖ് ആഷിഖ് എന്നിവരും ഉമറിന് വെല്ലുവിളിയുയർത്തുന്നവരാണ്. ഇതെല്ലാം നിഷ്പ്രയാസം മറികടക്കുക അത്ര എളുപ്പവുമല്ല.
ഗന്ദര്‍ബലിൽ കേന്ദ്ര സർവകലാശാല ഉൾപ്പെടെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് ഉമർ ജനങ്ങൾക്കിടയിൽ വോട്ട് തേടുന്നത്. ശിയാ ഭൂരിപക്ഷ മണ്ഡലമായ ബഡ്ഗാമിലും ഉമർ കനത്ത വെല്ലുവിളി നേരിടുന്നു. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള ആഗ കുടുംബാംഗമായ ആഗ സയ്യിദ് മുംതാസിർ ആണ് പി.ഡി.പി സ്ഥാനാർഥി. നാഷനൽ കോൺഫറൻസ് എം.പിയായ ആഗ സയ്യിദ് റൂല്ലാഹ് മെഹ്ദിയുടെ അടുത്തബന്ധുകൂടിയാണ് ഇദ്ദേഹം.
പിതാവ് ഫാറൂഖ് അബ്ദുല്ലക്കു പുറമെ ഉമറിന്റെ മക്കളായ സഹീർ, സമീർ എന്നിവരും പ്രചാരണരംഗത്ത് സജീവമാണ്. പാര്‍ട്ടിയുടെ ഏറ്റവും പുതിയ മുഖങ്ങളാണ് സഹീറും സമീറും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പിതാവിന്റെ പ്രചാരണത്തിനായി ഇരുവരും സജീവമായിരുന്നു. ഇരുവരും ഇക്കുറി സ്ഥാനാര്‍ഥികളല്ലെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായ ഉമറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാഠശാലയാക്കുകയാണ്. ഉമറിന്റെ പിതാവ് ഫാറൂഖ് അബ്ദുല്ലയും പ്രായത്തെ തോൽപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്.
പിതാവ് ഫാറൂഖ് അബ്ദുല്ലയോടൊപ്പം ഉമർ അബ്ദുല്ല
യു.എ.പി.എ കേസിൽ തിഹാർ ജയിലിൽ കിടന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാരാമുല്ല മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എൻജിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്ക് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം മറികടന്ന് ഉമർ അബ്ദുല്ലക്ക് ഇത്തവണ ജയിച്ചേ മതിയാകൂ. അതിനായുള്ള ശ്രമത്തിലാണ് ഉമർ. ഉമറിന്റെ ജയം നാഷനൽ കോണ്‍ഫറൻസിനും ഇൻഡ്യ സഖ്യത്തിനും മാത്രമല്ല, അബ്ദുല്ല കുടുംബത്തിനും അനിവാര്യവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.