മലയാള സിനിമയിലും ഗാനങ്ങളിലും വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നാട്ടുഭാഷയിൽ സാധാരണക്കാരുടെ വരികളിൽ എഴുതുന്ന പാട്ടുകളാണ് ഇപ്പോൾ തരംഗം. ഗാനരചനക്ക് സംസ്ഥാന അവാർഡ് നേടിയ ഹരീഷ് മോഹനൻ സംസാരിക്കുന്നു -പാട്ടിനെപ്പറ്റി, നാട്ടിന്റെ സംഗീതത്തെപ്പറ്റി, തന്റെ വഴികളെപ്പറ്റി.
പുതിയ ഡിജിറ്റൽ കാലഘട്ടത്തിൽ ലോകത്തിന്റെ പലഭാഗത്തെയും പ്രാദേശിക കലകളും മനുഷ്യരും മെയിൻസ്ട്രീം ആയി മാറിയിട്ടുണ്ട്. വളരെ പ്രാദേശികമായ പല ആചാരങ്ങളും കലകളും പുതിയ മനുഷ്യരിലേക്കും തിരിച്ചും കൊടുക്കൽ വാങ്ങലുകളും നടത്തിയിട്ടുണ്ട്. മലബാറിലെ പ്രാദേശികമായ കലകളിൽനിന്നും തെയ്യങ്ങളിൽനിന്നും സാംസ്കാരിക ജീവിതങ്ങളിൽനിന്നും ഊർജംകൊണ്ട് പാട്ടെഴുതി 2023ലെ ഗാനരചനക്കുള്ള സംസ്ഥാന അവാർഡ് നേടിയ കലാകാരനാണ് കണ്ണൂരിലെ വെങ്ങര സ്വദേശി ഹരീഷ് മോഹനൻ. തന്റെ പാട്ടിനെയും സംഗീതത്തെയും ജീവിതത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
സാധാരണക്കാരുടെ ഭാഷയിൽ പാട്ടുകൾ എഴുതാൻ ആഗ്രഹിക്കുന്ന ആളാണ് ഹരീഷ് മോഹനൻ. എങ്ങനെയാണ് സിനിമാ പാട്ടെഴുത്തിന്റെ ലോകത്തിലേക്ക് വരുന്നത്?
മുമ്പേ ഞാൻ കവിതകൾ എഴുതുമായിരുന്നു കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. കഥ, ഉപന്യാസങ്ങൾ എന്നിവയും എഴുതും. അത്യാവശ്യം വായിക്കും. സിനിമയോട് വലിയ താൽപര്യമായിരുന്നു. ഒരുപാട് ലോകസിനിമകൾ കാണും. ചെറിയ നിരൂപണങ്ങൾ എഴുതും. സിനിമയോട് താൽപര്യമുള്ള ഒരു പത്തു പതിനഞ്ചു പേർ എങ്ങനെയൊക്കെയോ കണക്ടഡ് ആയിട്ട് ഞങ്ങൾ ഒരു ഗ്രൂപ്പായി. അതിൽ കുറെ പേർ പയ്യന്നൂർ കോളജിൽ പഠനം പൂർത്തിയാക്കിയവരാണ്. ഞാൻ പയ്യന്നൂർ കോളജിൽ പഠിച്ചിട്ടില്ലെങ്കിലും ആ കോളജിനെ ബേസ് ചെയ്തു ഒരു ഗ്രൂപ് ഉണ്ടാക്കി. അതിൽ എഴുതുന്നവരും കാമറാമാന്മാരും എഡിറ്റർമാരും എല്ലാമുണ്ട്.
പാടാവുന്ന രീതിയിലാണ് ഞാൻ കവിത എഴുതുക. ‘ചാവേറി’ൽ പാടിയ എന്റെ സുഹൃത്ത് പ്രണവിന് ഞാൻ ഒരു പാട്ട് എഴുതിക്കൊടുത്തു. അതിന് അവൻ ട്യൂൺ ഇട്ടു. അത് വർക്കായതോടുകൂടി ഞങ്ങൾ തുടരത്തുടരെ പാട്ടുകൾ എഴുതി. അത് പുറത്തിറക്കാനൊന്നുമായിരുന്നില്ല. പക്ഷേ, ഞങ്ങൾ പത്തോ ഇരുപതോ പാട്ടുകളുണ്ടാക്കി. ഞങ്ങൾക്കുവേണ്ടി പാടാൻ മാത്രമായിരുന്നു അത്. അതിൽ ചില പാട്ടുകൾക്ക് വിഷ്വൽചെയ്താൽ ഭംഗിയാകുമെന്നു തോന്നി. അങ്ങനെ ഓരോ പാട്ട് ഞങ്ങൾ മ്യൂസിക് വിഡിയോയാക്കി പുറത്തിറക്കി. അത് ശ്രദ്ധിക്കപ്പെട്ടാണ് ഞാൻ സിനിമാ ഗാനരചനയിലേക്ക് വരുന്നത്.
‘ഉള്ളം’ എന്ന പേരിൽ ഒരു മ്യൂസിക് ആൽബം ഉണ്ടാക്കി . അത് അത്യാവശ്യം പോപ്പുലറായി. ‘ഉള്ളം’ കേരളത്തിന്റെ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ അടക്കം പോയിരുന്നു. അതിന്റെ സംവിധായകനായ നിപിൻ നാരായണൻ ‘കനകം കാമിനി കലഹം’ എന്ന സിനിമയിൽ ജോലിചെയ്തിരുന്നു. ‘കനകം കാമിനി കലഹം’ എന്ന ആ സിനിമയുടെ ഒരു പ്രമോ സോങ് ചെയ്യാനുമുണ്ടായിരുന്നു. അവർക്ക് നിപിൻ ‘ഉള്ളം’ എന്ന ഞങ്ങളുടെ മ്യൂസിക് ആൽബം കാണിച്ചുകൊടുത്തു. അതവർക്ക് ഇഷ്ടപ്പെട്ടു. പ്രമോ സോങ് എഴുതാൻ അവസരം കിട്ടി. അങ്ങനെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ സിനിമയിലെ പാട്ടിന് നേഹ നായർ, യാക്സൺ എന്നിവർ ചേർന്നാണ് സംഗീതം ചെയ്തത്. അവർ അതിന്റെ ട്യൂൺ തന്നു. ഞാൻ എഴുതി. അത് കുറച്ചു വേഗതയുള്ള പാട്ടായിരുന്നു. ഒരു കോമിക് ടൈപ് സോങ്. ജാസി ഗിഫ്റ്റാണ് പാടിയത്. ആ പാട്ടും എന്റെ ഒരു ശൈലിയും ഇഷ്ടമായതുകൊണ്ട് അടുത്ത സിനിമയായ ‘തേരി’ലെ മൂന്നു പാട്ടും എന്നെക്കൊണ്ട് എഴുതിച്ചു.
തെയ്യം, കണ്ണൂരിലെ പ്രാദേശിക ഭാഷ, തോറ്റം എന്നിവയൊക്കെ ഉപയോഗിച്ചാണ് ‘ചാവേർ’ എന്ന സിനിമയിലെ പാട്ടുകൾ സൃഷ്ടിക്കപ്പെടുന്നത്. ജസ്റ്റിൻ വർഗീസ് എന്ന സംഗീത സംവിധായകന്റെ കൂടെ കമ്പോസിഷനിൽ ഇരിക്കുമ്പോഴുള്ള അനുഭവങ്ങൾ എന്തായിരുന്നു?
മ്യൂസിക് ഡയറക്ടർ നമ്മളെ എത്രമാത്രം കംഫർട്ട് ആക്കുന്നുവോ അതിനനുസരിച്ച് എഴുത്തിന്റെ വേഗം കൂടും. പാട്ട് ഉണ്ടാവാനുള്ള സമയം അതിനനുസരിച്ച് കുറയും. ‘ചാവേറി’ന്റെ സംഗീത സംവിധായകൻ ജസ്റ്റിന് വർഗീസ് ഇവിടെ പയ്യന്നൂരിലേക്ക് വന്നിരുന്നു. തെയ്യത്തിന്റെ കുറച്ചു ശബ്ദങ്ങളുടെ ഉപകരണങ്ങളെക്കുറിച്ച് അറിയാനാണ് വന്നത്. ചീനിക്കുഴൽപോലുള്ള ചില ഇൻസ്ട്രുമെന്റ്സ് റെക്കോഡ് ചെയ്യാനാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിന് പാട്ടുകാരൻ പ്രണവിനെ പരിചയമുണ്ട്. ‘ജോജി’, ‘അജഗജാന്തരം’ പോലുള്ള സിനിമകൾ ചെയ്ത, സംസ്ഥാന അവാർഡ് കിട്ടിയ സംഗീത സംവിധായകനാണ് ജസ്റ്റിൻ വർഗീസ്. പ്രണവാണ് ‘‘ചെന്താമരെ’’ എന്ന ഈ പാട്ട് പാടിയത്. ജസ്റ്റിൻ വർഗീസ് കണ്ണൂരൂകാരൻ അല്ല.
തോറ്റം പോലുള്ള പാട്ടുകൾ വേണം എന്നായിരുന്നു ‘ചാവേറി’ന്റെ ഡയറക്ടർ ടിനു പാപ്പച്ചൻ ആവശ്യപ്പെട്ടത്. അങ്ങനെ തോറ്റം പോലുള്ള പാട്ടുകൾ എഴുതാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ എന്നു പ്രണവിനോട് അന്വേഷിച്ചപ്പോൾ പ്രണവ് എന്റെ പേര് പറഞ്ഞു. അങ്ങനെ ഞങ്ങൾ പയ്യന്നൂർ ഒരു ഹോട്ടലിൽ ഇരുന്നു. ആദ്യം ‘‘പൊലിക’’ എന്ന പാട്ടിനെപ്പറ്റിയാണ് പറഞ്ഞത്. കുറച്ച് ചാവേറുകളായിട്ടുള്ള മനുഷ്യർ ഇങ്ങനെ ജീവനുംകൊണ്ട് ഓടുമ്പോഴാണ് ‘‘പൊലിക’’ എന്ന പാട്ട് പിറക്കുന്നത്. ചാവേറുകൾ നിൽക്കക്കള്ളിയില്ലാതെ ഓടുന്ന സമയത്ത് ഉണ്ടാകുന്ന പാട്ടാണിത്. അതിന് തെയ്യത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ടിട്ട് എഴുതാമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് കണ്ടനാർ കേളൻ എന്ന തെയ്യത്തിനെയാണ് ഓർമവന്നത്.
ആ തെയ്യം തീയിൽപ്പെട്ട് വെപ്രാളപ്പെട്ട് ഓടുന്ന മനുഷ്യനാണ്. കണ്ടനാർ കേളനെ അബോധ അവസ്ഥയിൽ അയാളെ തീ കൊളുത്തുകയാണ് ചെയ്യുന്നത്. അതുപോലെ ‘ചാവേറി’ലെ കഥാപാത്രങ്ങളും അബോധമായ അവസ്ഥയിൽ ചെയ്ത തെറ്റിനാണ് അവർ ഓടുന്നത്. അങ്ങനെ കണ്ടനാർ കേളനെയും ‘ചാവേറി’ലെ കഥാപാത്രങ്ങളെയും ഞാൻ മെർജ് ചെയ്തു. ആ ഒരു കഥ അവർക്ക് ഇഷ്ടമായി. ഈയൊരു കഥ ‘ചാവേറിന്റെ’ സംവിധായകൻ ടിനു പാപ്പച്ചനെയും കേൾപ്പിച്ചു. അദ്ദേഹത്തിനും അത് വർക്കായി. അങ്ങനെ അതുവെച്ച് ഒരു പാട്ട് എഴുതാൻ പറഞ്ഞു. അങ്ങനെയാണ് ‘‘പൊലിക പൊലിക’’ എന്ന് പറയുന്ന പാട്ട് എഴുതുന്നത്. അത് കൊച്ചിയിലെ സ്റ്റുഡിയോയിൽ പോയാണ് എഴുതുന്നത്. ഞാനും ജസ്റ്റിൻ വർഗീസും ചേർന്ന് വളരെ റിലാക്സ് ആയി ചായയൊക്കെ കുടിച്ച് വർത്തമാനമൊക്കെ പറഞ്ഞാണ് എഴുതുന്നത്.
ആ പാട്ടിന്റെ ട്യൂൺ അല്ലാതെ ജസ്റ്റിൻ വർഗീസ് ഒരു ബീറ്റ് തന്നു. അങ്ങനെ ആദ്യത്തെ രണ്ടു വരി എഴുതിയപ്പോൾ ജസ്റ്റിൻ വർഗീസിന് അത് കണക്ട് ആയി. ആ രണ്ടുവരി താൻ കമ്പോസ് ചെയ്യാൻ നോക്കട്ടെ, ബാക്കി നാളെ ഇരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേന്ന് വൈകുന്നേരം തിരിച്ച് സ്റ്റുഡിയോയിലേക്ക് പോകണം. ആദ്യത്തെ ഒരു നാലുവരിക്ക് ശേഷം ഒരു ഫാസ്റ്റ് പരിപാടിയാണ് പിന്നീട് എഴുതേണ്ടത്. അത് ആ പാട്ട് കേട്ടാൽ മനസ്സിലാകും. ആ ഭാഗം ഞാൻ കളമശ്ശേരിയിൽനിന്ന് ഇടപ്പള്ളിയിലേക്കുള്ള യാത്രയിലാണ് എഴുതിയത്. അത് ജസ്റ്റിൻ ചേട്ടൻ കണ്ടു, അദ്ദേഹം ഓക്കേ പറഞ്ഞു. അത് പാട്ടിന് പറ്റുന്ന രീതിയിൽ കട്ട് ചെയ്ത് അദ്ദേഹം ലെവൽ ആക്കി. അന്ന് രാത്രിതന്നെ ഏകദേശം ആ പാട്ട് റെഡിയാക്കി. മൊത്തത്തിൽ ഒരുദിവസം കൊണ്ട് ആ പാട്ട് ഉണ്ടായെന്ന് പറയാം.
അതായത് പാട്ടുകൾ പെെട്ടന്ന് രൂപപ്പെടുകയാേണാ?
വേറൊരു പാട്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ കൂടുതൽ സമയമെടുത്തേനെ. പിന്നെ തെയ്യവും കണ്ണൂരിലെ ഭാഷയും ഒക്കെ ഉള്ളിലുള്ളതുകൊണ്ടും ജസ്റ്റിൻ വർഗീസ് എന്നെ അത്രത്തോളം കംഫർട്ട് ആക്കിയതുകൊണ്ടും വളരെ വേഗം കഴിഞ്ഞു. ഈ പാട്ട് പാടിയത് ഗോവിന്ദ് വസന്തയാണ്. ബേബി ജീൻ എന്ന റാപ്പറും ഇതിൽ പാടിയിട്ടുണ്ട്. ഇതിൽ ഒരു തോറ്റത്തിന്റെ ഭാഗമുണ്ട്. ആദ്യം ഞങ്ങൾ ഈ നിലവിലുള്ള ഏതെങ്കിലും ഒരു തോറ്റം ഇതിൽ കൂട്ടിച്ചേർക്കാം എന്നാണ് കരുതിയത്. പക്ഷേ, തെയ്യത്തിന്റെ ഏതെങ്കിലും ഒരു കൾചർ സിനിമയിൽ ഉപയോഗിച്ചു എന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി അത് മാറ്റിവെച്ചു.
അങ്ങനെയെങ്കിൽ ഞാൻ പുതിയ ഒരു തോറ്റം എഴുതാം എന്ന് പറഞ്ഞു. പുതിയ വാക്കുകളൊക്കെ ഉപയോഗിച്ചു നിലവിലുള്ള തോറ്റത്തിന്റെ രീതിയിൽ തന്നെ വേറൊരു തോറ്റം സൃഷ്ടിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഒന്നു കുറേ നാൽപത് തെയ്യങ്ങൾ എന്ന രീതിയിൽ ഒരു തോറ്റത്തിന്റെ ഭാഗം ഞാൻ എഴുതിച്ചേർത്തു. ഇവിടത്തെ ഒരു മുപ്പത്തി ഒമ്പത് തെയ്യങ്ങളെ പറയുന്ന വാക്കാണ് ഒന്നുകുറെ നാൽപത് തെയ്യങ്ങൾ എന്നത്. കുഞ്ചാക്കോ ബോബൻ തെയ്യത്തിനെ വിളിക്കുന്ന രീതിയിലാണ് ഒരു നാലഞ്ചുവരി തോറ്റം ഞാൻ എഴുതിയത്. അത് പാടിയത് ഗാനരചയിതാവായ സന്തോഷ് വർമയാണ്. ആദ്യം ഞാൻ ഇത് ഇവിടെയുള്ള ഏതെങ്കിലും തോറ്റം കലാകാരന്മാരെക്കൊണ്ട് പാടിക്കാമെന്ന് വെച്ചിരുന്നു. പക്ഷേ, അവരെ കിട്ടിയിരുന്നില്ല. പക്ഷേ, ജസ്റ്റിൻ വർഗീസ് അത് സന്തോഷ് വർമയെക്കൊണ്ട് പാടിച്ചപ്പോൾ അത് തോറ്റം കലാകാരന്മാർ പാടുന്നപോലെ തന്നെ അതിന്റെ പൂർണതയിലേക്ക് വന്നു.
‘ചാവേറി’ലെ മൂന്ന് പാട്ടുകളും ആത്മാവ് കൊടുത്ത് എഴുതിയതാണ്. അത് എവിടെയെങ്കിലും അംഗീകരിക്കപ്പെടുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ, സംസ്ഥാന അവാർഡ് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചില്ല. സംസ്ഥാന അവാർഡിന്റെ തലേദിവസം ആർക്കായിരിക്കും അവാർഡ് എന്നരീതിയിൽ ഞങ്ങൾ ചർച്ച നടത്തിയിരുന്നു. എനിക്ക് അൻവർ അലിയെയും മുഹ്സിൻ പരാരിയെയും വലിയ ഇഷ്ടമാണ്. അവാർഡ് അവർക്കായിരിക്കുമെന്ന് ചിന്തിച്ച് അത് ശ്രദ്ധിക്കാനും ഞാൻ പോയില്ല. അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം ഞാൻ ഒരു സിനിമ കാണാൻ പോയിരിക്കുകയായിരുന്നു. ഇടവേളക്കുശേഷം കുറെ കാളുകൾ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് ഞങ്ങളുടെ പാട്ടിനാണ് അവാർഡെന്ന് അറിയുന്നത്.
പാെട്ടഴുത്തിൽ ആരെയാണ് ഇഷ്ടപ്പെടുന്നത്?
ലളിതമായ വാക്കുകളിലൂടെ ഒരുപാട് അർഥങ്ങൾ പറയുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ രചനാരീതി എനിക്ക് ഇഷ്ടമാണ്. എങ്കിൽപ്പോലും കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ രചനകളിൽ കുറച്ചുകൂടി സാഹിത്യം കടന്നുവരുന്ന ഒരു രീതിയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം സാധാരണക്കാരന്റെ ഭാഷ ഉപയോഗിച്ച് എഴുതുന്ന പാട്ടുകളാണ്. പി. ഭാസ്കരന്റെ ‘‘കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരി’’ എന്ന പാട്ട് ഏതൊരാൾക്കും മനസ്സിലാകും.
അതിൽ സാഹിത്യമോ ഉള്ളിലോട്ട് ചിന്തിക്കേണ്ട പരിപാടികളോ ഒന്നും തന്നെയില്ല. ആ ഒരു രീതിയിലാണ് ഞാനും എഴുതാൻ ശ്രമിക്കുന്നത്. പ്രത്യക്ഷത്തിൽ ഏറ്റവും എളുപ്പത്തിൽ മനസ്സിലാകുമെങ്കിലും അതിന്റെ ഉള്ളിൽ നമുക്ക് വേറെ ആശയം ഒളിപ്പിക്കാൻ പറ്റും. അധിക വായനക്ക് ശ്രമിക്കുന്നവർക്ക് അത് മനസ്സിലാവും. പിന്നെ ഞാൻ ചെയ്ത സിനിമയാണ് ‘ചാവേർ’. അത് കഴിഞ്ഞു ‘നടികർ’ കൂടി ചെയ്തു. ചാവേറിലെ ‘‘പൊലിക പൊലിക’’, ‘‘ചെന്താമരെ...’’, ‘‘പൂമാലെ’’ എന്നീ പാട്ടുകളാണ് ഞാൻ എഴുതിയത്. ഇതില് ‘‘ചെന്താമരെ’’ എന്ന പാട്ടിനാണ് സംസ്ഥാന അവാർഡ് കിട്ടിയത്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയോടൊപ്പം ഹരീഷ് മോഹനൻ
ഗാനരചനക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയതോടെ അത് ഹരീഷിന്റെ ദേശത്തിന്റെ ആഘോഷംകൂടിയായി മാറുന്നത് നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്താണ് തോന്നുന്നത്? കുടുംബം? സുഹൃത്തുക്കൾ?
ഞങ്ങളുടേത് നാട്ടിൻപുറമാണ്. ഇവിടെയുള്ളവർക്കൊന്നും സിനിമയുമായി വലിയ ബന്ധമൊന്നുമില്ല. നടൻ വിനീത് കുമാർ നാട്ടുകാരനാണ്. പക്ഷേ അദ്ദേഹം താമസിക്കുന്നത് എറണാകുളത്താണ്. സിനിമയുമായി വലിയ എക്സ്പോഷർ കിട്ടാത്ത നാട്ടിൻപുറമാണ് എന്റേത്. കണ്ണൂർ വെങ്ങരയിലെ മൂലക്കീൽ എന്ന കൊച്ചു പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. പഴയങ്ങാടിക്കടുത്ത് മാടായിപ്പാറ താഴെയാണ് വെങ്ങര. ഇവിടെ ഒരുപാട് കാവുകളുണ്ട്. പക്ഷേ, വെങ്ങര സാംസ്കാരികമായി ഒരുപാട് മുന്നിട്ടുനിൽക്കുന്ന സ്ഥലം കൂടിയാണ്. കെ.കെ.ആർ. വെങ്ങര, ഇബ്രാഹിം വെങ്ങര തുടങ്ങിയ കലാകാരന്മാരുള്ള സ്ഥലമാണ്.
ആ പ്രദേശത്ത് കുറച്ചുകൂടി ഉള്ളിലുള്ള ഒരു ദേശമാണ് മൂലക്കീൽ. ഞാൻ കൊച്ചിയിലേക്ക് ഇടക്കിടക്ക് പോകുന്നുണ്ടെന്നതല്ലാതെ സിനിമയിൽ ഇങ്ങനെ സജീവമായിട്ട് ഇടപെടുന്നുണ്ടെന്ന് ആർക്കും അറിയുമായിരുന്നില്ല. സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടി ആൾക്കാരൊക്കെ വരാൻ തുടങ്ങിയതോടെ നാട്ടുകാർക്കും സന്തോഷമായി. മൂലക്കീലിൽ വെച്ച് ഒരു വലിയ സ്വീകരണം എനിക്ക് തന്നു. അന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വന്നിരുന്നു. എന്റെ അച്ഛന്റെ പേര് മോഹനൻ. അമ്മ രമണി. അച്ഛന് കൂലിപ്പണിയാണ്. അമ്മ തൊഴിലുറപ്പ് പണിക്കൊക്കെ പോകും. അനിയന് ബംഗളൂരുവിൽ ജോലി കിട്ടി.
പാട്ടുകളും കവിതകളും ഒക്കെ ഡയറിയിൽ ഒളിപ്പിച്ചു വെക്കാനാണ് എനിക്ക് താൽപര്യമുണ്ടായിരുന്നത്. അവ പുറത്തിറക്കാൻ മടിയുണ്ടായിരുന്നു. ആൾക്കാർ എങ്ങനെ വിലയിരുത്തുമെന്ന പേടിയുണ്ടായിരുന്നു. പക്ഷേ, സുഹൃത്തുക്കൾ എന്നെ വെറുതെ വിട്ടില്ല. എന്നെക്കൊണ്ട് പാട്ടുകളെഴുതിച്ച് പുറത്തിറക്കി. അവരുടെ ഒരു ഫോഴ്സ് ഇല്ലെങ്കിൽ ഞാൻ ഡയറികളിൽ തന്നെ ഒതുങ്ങിപ്പോകുമായിരുന്നു.
മലയാള സിനിമാ പാട്ടുകളിലും പുറത്തും ഒരു ‘പൊതുഭാഷ’യിൽനിന്നു വളരെ പ്രാദേശികമായ ഭാഷകളിലേക്ക് ചുവടുവെക്കുന്ന വലിയ മാറ്റങ്ങൾ ഇപ്പോൾ കാണുന്നുണ്ട്. എന്താണ് ഹരീഷിന്റെ അഭിപ്രായം?
ഇപ്പോൾ പാട്ടുകളൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ലോക്കൽ ആയ, ഏറ്റവും സാധാരണക്കാരുടെ വാക്കുകൾ ഉപയോഗിച്ച് പാട്ടുകൾ എഴുതാനാണ് എനിക്കിഷ്ടം. അങ്ങനെയുള്ള വാക്കുകൾ ഇപ്പോൾ സ്വീകരിക്കപ്പെടുന്നുണ്ട്. ഇടക്കാലത്ത് സാഹിത്യപരമായിട്ടുള്ള വാക്കുകളിലൂടെയുള്ള പാട്ടുകൾ വന്നിരുന്നു. പക്ഷേ വളരെ സാധാരണക്കാരുടെ ഭാഷയിലും സാഹിത്യമുെണ്ടന്നാണ് ഞാൻ വിശ്വസിക്കുന്നത്. സാഹിത്യഗുണമുള്ള പാട്ടുകൾ മോശം എന്നല്ല പറയുന്നത്.
നാട്ടിൻപുറെത്ത ഭാഷകൾ ഉപയോഗിച്ച് പാട്ടുകൾ വലിയ ട്രെൻഡിങ് ആവുന്നത് എന്നെപ്പോലുള്ളവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. നാടൻ ഭാഷകളെയും എല്ലാവരും അംഗീകരിക്കുന്നു എന്നുള്ളത് വളരെ പോസിറ്റിവ് ആയ കാര്യമാണ്. വയലാറിന്റെ പാട്ടുകൾ ഗംഭീരം തന്നെയാണ്. പക്ഷേ പി. ഭാസ്കരന്റെ നാടൻ ശൈലികളിലുള്ള പാട്ടുകൾക്ക് വേറൊരു സൗന്ദര്യംതന്നെയുണ്ട്. അതിന്റെ വേറൊരു ശൈലിയിൽ ഇപ്പോൾ പുതിയ റാപ്പർമാരും ഇൻഡിപെൻഡൻസുമാരും ഒക്കെ പാടി തുടങ്ങിയിട്ടുണ്ട്. എനിക്കും അതിലൊക്കെ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുമെന്ന തോന്നലുണ്ട്. ഏതൊരു പാട്ടു വന്നാലും എഴുതാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
ചെണ്ട പോലുള്ള വാദ്യങ്ങളുടെ പിൻബലത്തോടെ വളരെ പ്രാദേശികമായി പെർഫോം ചെയ്യുന്ന തെയ്യത്തിന്റെ ശബ്ദങ്ങളെ വളരെ ഡിജിറ്റലൈസ് ചെയ്തു വേറെയൊരു സ്പിരിച്വൽ അനുഭവത്തിലേക്ക് ചാവേറിൽ എത്തിക്കുന്നുണ്ട്. എന്തുതോന്നുന്നു ?
ജസ്റ്റിൻ വർഗീസ് കണ്ണൂരുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യനാണ്. അദ്ദേഹം തെയ്യം കണ്ടിട്ടുപോലുമില്ല. പക്ഷേ, ഓരോ സിനിമ ചെയ്യുമ്പോഴും ആ കഥ നടക്കുന്ന സമയത്ത് ആ ടെറയിനിലെ ശബ്ദങ്ങൾ എന്താണെന്ന് അദ്ദേഹം കൃത്യമായി നിരീക്ഷിക്കും. അങ്ങനെ ഒരു പഠനം നടത്തും. ‘അജഗജാന്തരം’ എന്ന സിനിമയിൽ ഒരു ഉത്സവാന്തരീക്ഷത്തിലാണ് ആ സിനിമയിലെ പരിപാടികളൊക്കെ നടക്കുന്നത്. ചെണ്ടക്കുഴൽ പോലുള്ള ഉപകരണങ്ങളൊക്കെ വെച്ചാണ് അതിന്റെ മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത്. ‘ചാവേറി’ലെത്തുമ്പോൾ അദ്ദേഹം തെയ്യത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് റിസർച് ചെയ്തു.
ചെണ്ട എന്നത് തെയ്യത്തിനെ സംബന്ധിച്ചിടത്തോളം വളരെ സാധാരണയായ ഒരു ഉപകരണമാണ്. പക്ഷേ, ചീനിക്കുഴൽ പോലുള്ള ഉപകരണങ്ങളും തെയ്യത്തിന് ഉപയോഗിക്കാറുണ്ട്. അത്തരം ഉപകരണങ്ങളെ ജസ്റ്റിൻ വർഗീസ് ഇവിടെ വന്ന് റെക്കോഡ് ചെയ്തു. അത്തരം ഉപകരണങ്ങളെ സിനിമക്ക് അനുയോജ്യമായ രീതിയിൽ സംഗീതമാക്കിമാറ്റുകയാണ് ചെയ്തത്.
ഇങ്ങനെ ഡിജിറ്റലായി ക്രിയേറ്റ് ചെയ്യുന്ന ശബ്ദങ്ങൾ നമ്മളിൽ ഉണ്ടാക്കുന്ന ഒരു മൂഡ് ഉണ്ട്. ഈ തെയ്യത്തിന്റെ കാര്യത്തിൽ പുലർച്ചെയുള്ള സമയവും അതുപോലെ ചെണ്ട പോലുള്ള വാദ്യോപകരണങ്ങളും അതിന്റെ ലൈറ്റും തെയ്യത്തിന്റെ വേഷങ്ങളും എല്ലാം ചേർന്ന് ഒരു ട്രാൻസ് അനുഭവമാണ് നമുക്ക് നൽകുക. ആഫ്രിക്കൻ സമൂഹങ്ങൾ അവരുടെ കോലങ്ങൾ അതുപോലെതന്നെ ഡ്രംസ് പോലുള്ള ഉപകരണങ്ങളൊക്കെ ഉപയോഗിച്ചു ട്രാൻസ് അനുഭവമാക്കി മാറ്റി വലിയ ഡിജെ ഷോകളിൽ ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ബുദ്ധമതത്തിലെ വാക്കുകൾ ഉപയോഗിച്ച് ആൾക്കാരിലേക്ക് എത്തുന്ന മറ്റ് പരിപാടികളും അത്തരത്തിലുള്ള ട്രാൻസ് അനുഭവങ്ങളും ഞാൻ കണ്ടിട്ടുണ്ട്.
ആഫ്രിക്കൻ ഡ്രംസും ഇവിടത്തെ ചെണ്ടയും അതുപോലെ ആഫ്രിക്കൻ കോലങ്ങളും ഇവിടത്തെ തെയ്യങ്ങളും ഒക്കെ തമ്മിൽ എന്തൊക്കെയോ സാമ്യതകളുമുണ്ട്. തെയ്യത്തിനെ ഡിജിറ്റലൈസ് ചെയ്തു മറ്റൊരു സ്പിരിച്വൽ അനുഭവമാക്കുന്ന ഒരു ശ്രമമായി ജസ്റ്റിൻ വർഗീസിന്റേത് കാണാം. ‘അജഗജാന്തര’ത്തിലും നമുക്കത് അനുഭവപ്പെടും. പക്ഷേ, അത് കേവലം ഡിജിറ്റലൈസ് ചെയ്യുന്ന ഒരു പരിപാടിയല്ല. തെയ്യത്തിൽ നാം അതിന്റെ പെർഫോമൻസ് കാണുമ്പോൾ കിട്ടുന്ന ഒരു മൂഡ് അത് വേറൊരു തരത്തിൽ പുനഃസൃഷ്ടിക്കുന്നുണ്ട്.
കണ്ടനാർ കേളൻ എന്ന മനുഷ്യന്റെ കഥയാണ് കണ്ടനാർകേളൻ എന്ന തെയ്യത്തിൽ പറയുന്നത്. അയാൾ തീയിൽ അനുഭവിച്ച വേദന അതിന്റെ തീവ്രതയോടെ നമുക്ക് കിട്ടാൻ ചെണ്ടയുടെ മാരകമായ ശബ്ദം ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. ചെണ്ട ഒരു അസുരവാദ്യം എന്നു കൂടിയാണല്ലോ പറയുക. കണ്ടനാർ കേളൻ എന്ന പണ്ടുള്ള മനുഷ്യന്റെ കഥപറയാൻ ചെണ്ട എത്രത്തോളം ഉപയോഗിക്കുന്നുവോ അതുപോലെ ‘ചാവേർ’ എന്ന സിനിമയിലെ ഓടുന്ന മനുഷ്യരുടെ കഥ പറയാൻ ഡിജിറ്റൽ ആയ ശബ്ദങ്ങൾ ‘‘പൊലിക പൊലിക’’ എന്ന പാട്ടിലൂടെ ഈ സിനിമയിൽ ഉപയോഗിക്കുന്നു.
കണ്ടനാർ കേളന്റെയും കുഞ്ചാക്കോ ബോബന്റെയും ഓട്ടം രണ്ട് കാലങ്ങളിൽ സംഭവിക്കുന്നതാണെങ്കിൽപോലും, രണ്ട് ടെറയിനുകളിൽ സംഭവിക്കുന്നതാണെങ്കിൽപോലും മനുഷ്യരുടെ ഓട്ടം എല്ലാകാലത്തും ഒരുപോലെതന്നെയാണ്. കണ്ടനാർ കേളന്റെ ഓട്ടം ചെണ്ടയിലൂടെ പഴയകാലത്ത് കേൾക്കുന്നതുപോലെ ഈ പുതിയ മനുഷ്യരുടെ ഓട്ടം ഡിജിറ്റലൈസ്ഡ് ശബ്ദങ്ങളിലൂടെ കേൾപ്പിക്കാൻ ശ്രമിക്കുകയാണ്. ‘ചാവേറി’ൽ കുഞ്ചാക്കോ ബോബന്റെ ഓട്ടത്തിനിടയിൽ കണ്ടനാർ കേളന്റെ അതേ ചെണ്ടയുടെ ശബ്ദംതന്നെ വെച്ചുകഴിഞ്ഞാൽ ചിലപ്പോൾ വർക്ക് ആകണമെന്നില്ല. ഒരു ഇലക്ട്രോണിക് യുഗത്തിൽ ഓടുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബൻ. പുള്ളിയുടെ ഇമോഷൻസിനെ കാണിക്കാൻ ശബ്ദങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്ന ഒരു പ്രോസസ് ‘ചാവേർ’ എന്ന സിനിമയിൽ നടന്നിട്ടുണ്ട്. അത് ഗംഭീരമായ റിസൽട്ട് കൊണ്ടുവന്നിട്ടുണ്ട്.
അതേസമയം, ആ സിനിമയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നാൽ ഒരു തെയ്യം കാണുന്ന ഫീൽ നമുക്ക് കിട്ടും. ആ സിനിമയിലെ പാട്ടും മ്യൂസിക്കും ‘ചാവേറി’ന്റെ ഒരു ജീവാത്മാവായി മാറിയിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ കുറച്ചു മനുഷ്യർ പാറപ്പുറത്തുകൂടി ഓടുമ്പോൾ അതിൽ തോറ്റം വരുന്ന സമയത്ത് കണ്ണൂർപോലുള്ള പ്രദേശങ്ങളിലെ മനുഷ്യർക്ക് അത് കുറച്ച് അധികം തന്നെ കണക്ട് ആയിട്ടുണ്ട്. തോറ്റം എന്നത് തോറ്റുപോയ മനുഷ്യരുടെ പാട്ട് ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്.
ശബ്ദത്തെ പോലെ തന്നെ തെയ്യങ്ങളുടെ ദൃശ്യങ്ങൾ സിനിമയിലും പ്രമോ സോങ്ങിലും ചിത്രീകരിച്ചപ്പോൾ ദൃശ്യതയുടെ വേറിട്ട ഒരു തലത്തിലേക്ക് വരുന്നുണ്ട്. തെയ്യത്തിന്റെ ശരിക്കുമുള്ള അവതരണത്തിൽനിന്നും ക്രിയേറ്റിവ് ആയ മറ്റൊരു തലത്തിലേക്കുള്ള ഒരു ചാട്ടം. ഹരീഷിനു ഇത് എങ്ങനെയാണ് അനുഭവപ്പെട്ടത്?
ഞാൻ കണ്ടനാർ കേളന്റെ കഥ ജസ്റ്റിൻ വർഗീസിനോട് സംസാരിച്ചപ്പോൾ അദ്ദേഹം അത് സംവിധായകൻ ടിനു പാപ്പച്ചനോട് സംസാരിച്ചു. ടിനു പാപ്പച്ചന് അത് വളരെ പെട്ടെന്ന് കണക്ട് ആയി. തോറ്റങ്ങളൊക്കെ വരുന്ന സമയത്ത് ടിനു പാപ്പച്ചന് അതിന്റെ വിഷ്വൽസ് ഗംഭീരമാക്കണമെന്ന് തീർച്ചയായിട്ടും തോന്നിയിട്ടുണ്ടാകും. ആ സമയത്ത് ‘‘പൊലിക’’ എന്ന പാട്ടിന്റെ വിഷ്വൽസ് ഒക്കെ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ, അദ്ദേഹം ശരിക്കുള്ള പരീക്ഷണം നടത്തിയത് ‘‘ചെന്താമെര’’ എന്ന് പറയുന്ന പാട്ടിലാണ്.
അതിൽ വളരെ കൃത്യമായി ഒരു അബ്സ്ട്രാക്ട് ആവാതെ ടിനു പാപ്പച്ചൻ അതിന്റെ വിഷ്വൽസിൽ ചെയ്തിട്ടുണ്ട്. അതൊരു സ്പിരിച്വൽ എക്സ്പീരിയൻസും നൽകുന്നുണ്ട്. എ.ജെ ബ്ലെൻഡ് എന്ന ഒരു ടീമാണ് അതിന്റെ ആനിമേഷൻ വിഷ്വൽസ് ക്രിയേറ്റ് ചെയ്തത്. അതിൽ ‘‘വന്താർ മുടി ചോല’’ എന്ന വരികളുള്ള ഒരു ഭാഗമുണ്ട്. അതിന്റെ ദൃശ്യങ്ങളിൽ ഒരു വലിയ ചന്ദ്രനും അതിന്റെ താഴെയിരിക്കുന്ന ഒരു കുട്ടിയുടെ വിഷ്വലും ഒരു മരിച്ചു കിടക്കുന്ന മനുഷ്യന്റെ വിഷ്വൽ എന്ന രീതിയിലുള്ള ദൃശ്യങ്ങളുമുണ്ട്. അങ്ങനെ ഞാൻ എഴുതിയ വാക്കുകൾ തന്നെ ദൃശ്യങ്ങളിൽ കാണുമ്പോൾ അയ്യോ ഇതുതന്നെയാണല്ലോ ഞാൻ ചിന്തിച്ചത് എന്നൊരു ഫീലാണ് എനിക്ക് ഉണ്ടായത്. എന്റെ ഉള്ളിലുള്ള ഒരു ചിത്രീകരണത്തിന് ലിമിറ്റേഷൻസ് ഉണ്ട്.
ആ വിഷ്വൽസിൽ കണ്ട അത്രയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ആ പാട്ട് ഒരു പ്രമോ സോങ്ങായി വരുമ്പോൾ അതിന്റെ ആനിമേഷൻസിലേക്ക് ഒരു വെള്ളത്തിൽനിന്ന് വരുന്ന കൈകൾ ആയി ഒരു ശവം ഇങ്ങനെ കിടക്കുമ്പോൾ, അങ്ങനെയൊക്കെ കാണുമ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.
അതുപോലെ അവാർഡ് കിട്ടിയ ‘ചെന്താമര’ എന്ന പാട്ടിന്റെ ഒരു ക്രിയേറ്റിവ് പ്രോസസ് എങ്ങനെയായിരുന്നു?
‘‘പൊലിക പൊലിക’’ എന്ന പാട്ട് ഞാൻ കണ്ടനാർ കേളന്റെ കഥ വെച്ചിട്ടാണ് എഴുതിയതെന്ന് പറഞ്ഞുവല്ലോ. ‘‘ചെന്താമര’’ എന്ന പാട്ട് എഴുതുമ്പോൾ വളരെ പാവപ്പെട്ട ഒരു മനുഷ്യൻ അയാളുടേതല്ലാത്ത തെറ്റിൽ മരിച്ചുവീഴുന്ന ഒരു സീനാണ് എന്നോട് പറഞ്ഞത്. എനിക്ക് അപ്പോൾ കതിവന്നൂർ വീരന്റെ കഥയാണ് ഓർമ വന്നത്. അപ്പോൾ ഞാൻ കഥ മുഴുവനും പറയാതെ കതിവന്നൂർ വീരൻ ‘വന്താർ മുടി’ എന്ന പുഴയുടെ കരയിൽ മരിച്ചു കിടക്കുന്ന വിഷ്വലിൽനിന്ന് തുടങ്ങി.
കുടകിലാണ് വന്താർ മുടി പുഴ. ഒരു സന്ധ്യക്ക് വന്താർ മുടി പുഴയുടെ കരയിൽ മരിച്ചു കിടക്കുന്ന കതിവന്നൂർ വീരന്റെ വിഷ്വലിലാണ് ഞാൻ ഈ പാട്ട് പ്ലേസ് ചെയ്തിരിക്കുന്നത്. ‘ചാവേർ’ എന്ന സിനിമയിലെ ആന്റണി പെപ്പെയുടെ കഥാപാത്രത്തിനെ കതിവന്നൂർ വീരനുമായി ഞാൻ ബ്ലെൻഡ് ചെയ്തു. ഇത് കതിവന്നൂർ വീരന്റെ കഥയാണെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴാണ് ഞാൻ ജസ്റ്റിൻ വർഗീസിനോട് പോലും ഇത് കതിവന്നൂർ വീരനാണ് എന്ന് പറഞ്ഞത്.
ഏതൊരു പാട്ട് എഴുതുമ്പോഴും ആ പാട്ടിന് സിനിമക്ക് പുറത്ത് ഒരു അസ്തിത്വം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഈ പാട്ട് ‘ചാവേറി’ല്‍ ഉപയോഗിച്ചു കഴിഞ്ഞാൽ അത് സിനിമയുമായി ബ്ലെൻഡ് ആകണം. അതിനുപുറമെ സിനിമക്ക് പുറത്ത് ആ പാട്ടിന് എക്സിസ്റ്റൻസ് ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ പാട്ട് എന്റെ ജീവിതത്തിൽ എടുത്തുെവച്ചു കഴിഞ്ഞാൽ അത് എനിക്ക് വർക്ക് ആകണം. അങ്ങനെയുള്ള പാട്ടുകളാണ് നിലനിൽക്കുക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ പാട്ടിന് സ്വന്തമായിട്ട് ഒരു അസ്തിത്വവും കഥയും വേണം. ‘‘പൊലിക പൊലിക’’ എന്ന പാട്ട് എടുത്തുകഴിഞ്ഞാൽ അത് കണ്ടനാർ കേളന്റെ മാത്രം പാട്ടായിട്ട് പുറത്തെടുക്കാം. അതുപോലെ ‘ചെന്താമര’ എന്ന പാട്ട് കതിവന്നൂർ വീരൻ മരിച്ചുകിടക്കുന്ന ഒരു രംഗമായിട്ട് നമുക്ക് വിഷ്വലൈസ് ചെയ്യാം.
അത് ഹുക്ക് ചെയ്യാൻ വേണ്ടിയാണ് ഞാൻ വന്താർ മുടി എന്ന പുഴയുടെ പേര് തന്നെ ഉപയോഗിച്ചത്. കാരണം വന്താർ മുടി എന്ന പുഴയുടെ കരയിലാണ് കതിവന്നൂർ വീരൻ മരിച്ചുകിടക്കുന്നത്. അതൊരു സന്ധ്യയാണ്. സന്ധ്യക്ക് ആകാശം ചുവന്നുകിടക്കും. സന്ധ്യ ചുവന്നത് ചിലപ്പോൾ ഈ മനുഷ്യന്റെ ചോരകൊണ്ടാണെന്ന് നമുക്ക് വായിച്ചെടുക്കാം. കതിവന്നൂർ വീരൻ ഒരു യുദ്ധത്തിൽ ജയിച്ച മനുഷ്യനാണ്. ചോപ്പും ചുണയും ഉള്ള മനുഷ്യൻ. ചോപ്പ് എന്നാൽ സൗന്ദര്യം എന്നും ചുണ എന്നാൽ ആകാരവടിവ് എന്നുമൊക്കെയാണ് അർഥം. കതിവന്നൂർ വീരൻ കുടുംബത്തിലെ പ്രശ്നം കാരണം അതുപോലെതന്നെ ഭാര്യവീട്ടിലെ പ്രശ്നം കാരണവും യുദ്ധഭൂമിയിലേക്ക് തിരിച്ചുപോകുമ്പോൾ ആരൊക്കെയോ ചതിയിൽ കൊല്ലുകയാണ്.
അതുപോലെതന്നെ കുടുംബമായിട്ട് ബന്ധപ്പെട്ടിട്ടും മറ്റും പല കാര്യങ്ങളും ചെയ്തു തീർക്കാനുള്ള ഒരു മനുഷ്യനാണ് ‘ചാവേറി’ലെ പെപ്പെയുടെ കഥാപാത്രം. പക്ഷേ പെപ്പേടെ കഥാപാത്രവും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടെങ്കിലും ചതിയിൽ വീണു മരിക്കുകയാണ്. അത് രണ്ടും ഞാൻ ആ പാട്ടിൽ റിലേറ്റ് ചെയ്യുകയാണ് ചെയ്തത്. ആ സിനിമയിൽ കതിവന്നൂർ വീരന്റെ വിഷ്വൽ അല്ല കാണിച്ചതെങ്കിലും കരുവന്നൂർ വീരന്റെ കഥയും ആയിട്ടാണ് പെെപ്പയുടെ കഥാപാത്രത്തെ ബന്ധിപ്പിക്കുന്നത്. പക്ഷേ, ഈ രണ്ട് കഥകളെ ലിങ്ക് ചെയ്തുള്ള ഗംഭീരമായ വിഷ്വലുകൾ ആ സിനിമയിൽ വന്നിട്ടുണ്ട്.
മലയാളത്തിലെ ചതുരവടിവുകളുള്ള, ‘സാഹിത്യ ഗുണങ്ങളു’ള്ള, പാട്ട് ഭാഷയിൽനിന്നും വ്യത്യസ്തമായി തോറ്റംപാട്ടിന്റെയും ഒക്കെ ഒരു ടെറയിനിലേക്ക് ‘ചാവേറി’ലെ പാട്ടുകളെ ഹരീഷ് മോഹനൻ പ്ലേസ് ചെയ്തിട്ടുണ്ട്. ഇത്തരം ഒരു പരീക്ഷണത്തിലേക്ക് കടക്കുമ്പോൾ എന്താണ് തോന്നിയത്?
പാട്ട് എഴുതുന്നത് വളരെയധികം ലിമിറ്റേഷൻസ് ഉണ്ടാക്കുന്നുണ്ട്. സിനിമയിലെ പാട്ട് എഴുത്ത്, പ്രത്യേകിച്ച് മലയാളത്തിൽ എഴുതുന്ന സമയത്ത്, മലയാളത്തിലെ വാക്കുകൾ ചതുരവടിവുകളുള്ള വാക്കുകളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തമിഴിന് അങ്ങനെ ഒരു പ്രശ്നമില്ല. തമിഴ് ഒരു മ്യൂസിക്കൽ ലാംഗ്വേജാണ്. അതുകൊണ്ടാണ് തമിഴ് അവർ വർത്തമാനം പറയുന്ന കാര്യങ്ങളൊക്കെ പാട്ടുകളാക്കി മാറ്റുന്നത്. നമുക്ക് വർത്തമാനം പറയുന്ന കാര്യങ്ങൾ പാട്ടാക്കി മാറ്റാൻ സാധിക്കാറില്ല. തമിഴിൽനിന്നും തെലുഗുവിൽനിന്നും ഒക്കെയുള്ള ഡബിങ് പാട്ടുകൾക്ക് നമ്മുടെ വാക്കുകൾ ഫിറ്റാകാത്തത് അവരുടെ ഒരു മ്യൂസിക്കൽ സെൻസിലേക്ക് നമ്മുടെ വാക്കുകൾ ഉയരുന്നില്ല എന്നതുകൊണ്ടാണ്. അങ്ങനെ എനിക്ക് തോന്നിയിട്ടുണ്ട്.
ചില ഗംഭീര പാട്ടുകൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യങ്ങൾ വിസ്മരിക്കുന്നില്ല. സിനിമാ പാട്ടുകൾ എന്നത് മ്യൂസിക്കിന്റെ ഉള്ളിലേക്ക് പാട്ടുകൾ ഫിറ്റ് ചെയ്യുന്ന ഒരു പരിപാടി ആണല്ലോ. പക്ഷേ, മലയാളത്തിൽ ചില വാക്കുകൾ ഫിറ്റാകാൻ വളരെ ബുദ്ധിമുട്ടാണ്. ‘ചാവേർ’ എന്ന സിനിമയിൽ വരുമ്പോൾ കുറച്ചുകൂടി കണ്ണൂരിലെ വടക്കൻ മലബാറിലെ ലോക്കൽ ലാംഗ്വേജാണ് ഞാൻ ഉപയോഗിക്കുന്നത്. ഭാഷ ലോക്കലാകുന്ന സമയത്ത് അതിന്റെ ഒരു ചതുരവടിവ് മാറുന്നുണ്ട്.
തമിഴിന്റേതുപോലുള്ള ഒരു മ്യൂസിക്കൽ ലാംഗ്വേജിലേക്കുള്ള ഒരു പോക്ക് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഡബ്സിയുടെ റാപ്പിൽ ഒക്കെയുള്ള പ്രാദേശിക ഭാഷകൾ കേൾക്കുമ്പോൾ എനിക്ക് ഒരു ചതുരവടിവ് തോന്നിയിട്ടില്ല. അതിനു പറ്റുന്ന ഒരു സംഗീതം ആണെങ്കിൽ അത് അതിന്റെ കൂടെ അങ്ങ് ഫിറ്റ് ആയിക്കോളും. ഞാൻ ജസ്റ്റിൻ വർഗീസിന് ഇതിനു മുന്നേ ഒരുപാട് തോറ്റങ്ങൾ അയച്ചുകൊടുത്തിരുന്നു. ഈ തോറ്റം പാട്ടുകളുടെ ഒരു സോൾ എടുത്തിട്ടാണ് ജസ്റ്റിൻ വർഗീസ് ചാവേറിലെ പാട്ടുകൾ ചെയ്തത്. അങ്ങനെ ഇവിടെയുള്ള ലോക്കൽ ഭാഷ ഉപയോഗിക്കുമ്പോൾ ആ പാട്ടുകൾ അതിലേക്ക് കൃത്യമായി ബ്ലൻഡ് ആകുന്നുണ്ട്.
തോറ്റംപാട്ടിനൊരു ഭാഷയുണ്ട്. തോറ്റംപാട്ടിൽ നമുക്ക് അർഥം അറിയാത്ത വാക്കുകൾപോലുമുണ്ട്. പുലയ സമുദായത്തിന്റെ തോറ്റംപാട്ടുകളിൽ വേറെ ഭാഷയായിരിക്കും. വണ്ണാൻ സമുദായത്തിന്റെ തോറ്റംപാട്ടുകൾ വേറെ ഭാഷ ആയിരിക്കും. വണ്ണാൻ സമുദായത്തിന്റെ തോറ്റങ്ങളിൽ കുറച്ചുകൂടെ സംസ്കൃതത്തിന്റെ സ്വാധീനം ഉണ്ടാകും. പുലയ സമുദായത്തിന്റെ തോറ്റങ്ങളിൽ കുറച്ചുകൂടി എളുപ്പമുള്ള വാക്കുകളായിരിക്കും. ചിലപ്പോൾ അതിന്റെ അർഥം നമുക്ക് അറിയില്ല. അവരുടെ സമുദായത്തിൽ അവർ മാത്രം സംസാരിക്കുന്ന ചില വാക്കുകൾ തോറ്റങ്ങളിലുണ്ട്. പക്ഷേ, പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന തെയ്യത്തിന്റെ തോറ്റം വളരെ വ്യത്യസ്തമാണ്. അത് പൊട്ടൻ തെയ്യത്തിൽനിന്നു വളരെ വ്യത്യസ്തപ്പെട്ടു കിടക്കുകയാണ്.
അതുപോലെ കടാങ്കോട്ട് മാക്കത്തിന്റെ തോറ്റത്തിനും ചില വ്യത്യാസങ്ങളുണ്ട്. ‘‘ചെന്താമര’’ എന്ന പാട്ടിൽ ഒരുവിധം പ്രാദേശികമെന്നും കാവ്യാത്മകമാണെന്നും തോന്നുന്ന വാക്കുകൾ ഞാൻ തിരഞ്ഞുപിടിച്ചിരുന്നു. ചിലതൊക്കെ ഞാൻ എഴുതിവെച്ചിരുന്നു. അതിൽ എല്ലാ വാക്കുകളും ഞാൻ ഉപയോഗിച്ചിട്ടുമില്ല. അതിൽ എഴുതിവെക്കാത്ത എനിക്ക് അപ്പോൾ തോന്നിയ വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ‘ചോപ്പും ചുണ’ എന്ന് ആ പാട്ടിൽ ഞാൻ എഴുതുമ്പോൾ ‘ചുണ’ എന്നതിന് പകരം ‘ചൊണ’ എന്നാണ് ഞാൻ എഴുതിയത്.
അതേസമയം, വാക്കുകൾ എടുക്കുന്ന സമയത്ത് അതിന്റെ സൗണ്ടിങ്ങും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെന്താമര എന്നത് ഒരു വേഗത കുറഞ്ഞ പാട്ടാണ്. അതിന്റെ ഒരു റിഥം പരിപാടിയല്ല ‘‘പൊലിക’’ എന്ന പാട്ടിന്. ‘‘ചെന്താമര’’യിലെ അതുപോലെ ചൊടി, ചോപ്പ്, ചൊണ എന്നൊക്കെയുള്ള വാക്കുകളല്ല ‘‘പൊലിക’’ എന്ന പാട്ടിനുള്ളത്. കുറച്ചുകൂടി കഠിനമായ വാക്കുകൾ വേണം. അതുകൊണ്ടാണ് ഞാൻ ‘‘പൊലിക’’യിൽ ഭീകര ഭൂതം -ഇത് എന്നൊക്കെ എഴുതിയത്. ‘‘പൊലിക’’ എന്ന പാട്ടിനു ട്യൂൺ തന്നിട്ടുണ്ടായിരുന്നില്ല. ആ പാട്ടിന്റെ ഒരു ബീറ്റ് ആയിരുന്നു തന്നത്. എല്ലാ കാവുകളും സംരക്ഷിക്കുന്ന ഭൂതത്തിനെക്കുറിച്ച് ആണ് ആ പാട്ടിൽ ഞാൻ എഴുതിയത്. ഈ പാട്ട് ഒരു ഡാർക്ക് പാട്ടാണ്.
ഈ പാട്ട് കണ്ടനാർ കേളന്റെ കഥകൂടി ആയതുകൊണ്ട് തന്നെ കണ്ടനാർ കേളന്റെ തോറ്റത്തിൽ ഉപയോഗിച്ച അതേ വാക്കുകൾ ഞാൻ ഈ പാട്ടിലും ഉപയോഗിച്ചിട്ടുണ്ട്. ‘‘കരികരമുടയണ് കാളി കരാളികൾ’’ തുടങ്ങിയവയൊക്കെ കണ്ടനാർ കേളന്റെ തോറ്റത്തിലുള്ള വാക്കുകളാണ്. ‘കാളീ’ ‘കരാളികൾ’ എന്ന രണ്ട് പാമ്പുകൾ കൊത്തിയിട്ടാണ് കണ്ടനാർ കേളൻ ശരിക്കും മരിക്കുന്നത്. അത് കണ്ടനാർ കേളന്റെ കഥയിലുള്ള പാമ്പുകളുടെ പേരുകളാണ്. അതുതന്നെ ഞാൻ ഈ പാട്ടിനും ഉപയോഗിച്ചു. ‘കരിയമ്പനുമമ്പരം’ എന്നൊക്കെയുള്ള വാക്കുകൾ ഡ്രം ബീറ്റ് പോലുള്ള വാക്കുകളാണ്.
തോറ്റങ്ങൾക്കു പുറമെ പല സമുദായങ്ങളുടെയും സംസ്കാരങ്ങളുടെയും പല പ്രാദേശികമായ പാട്ടുകളും ഇവിടെ നിലനിൽക്കുന്നില്ലേ?
ഞാൻ ‘ചാവേറി’ൽ ലോക്കൽ ഭാഷ ഉപയോഗിച്ചതുപോലെ മലപ്പുറത്തുനിന്നൊക്കെ വരുന്ന റാപ്പുകളിലൊക്കെ പഴയ ആ നാട്ടിൽ പാടിനടന്ന പാട്ടുകളൊക്കെ ഉപയോഗിക്കുന്നുണ്ട്. ഞാൻ അന്വേഷിച്ചപ്പോൾ ഇവിടെ കണ്ണൂരിൽ പുലയ സമുദായത്തിന്റെ ഇടയിൽ തന്നെ വളരെയധികം പാട്ടുകളുണ്ട്. അത് വെറും തോറ്റംപാട്ട് മാത്രമല്ല. അവരുടെ ആചാരത്തിനു മാത്രം ഉപയോഗിക്കുന്ന ആചാരപ്പാട്ടുകൾ ഉണ്ട്.
കൃഷിക്ക് മാത്രം ഉപയോഗിക്കുന്ന കൃഷിപ്പാട്ടുകൾ ഉണ്ട്. മംഗലത്തിന് പാടുന്ന മംഗലപ്പാട്ടുകൾ ഉണ്ട്. അവരുടെ പ്രാർഥനയുടേതായിട്ടുള്ള പാട്ടുകൾ ഉണ്ട്. ‘കടുവ’ എന്ന സിനിമയിൽ വരുന്ന ‘‘ആവോ ആവരോ’’ എന്ന പാട്ട് പുലരുടെ മരണത്തിൽ പാടുന്ന പാട്ടാണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ഇത്തരം പാട്ടുകൾ ഒന്നുകിൽ അതുപോലെ ഉപയോഗിക്കാം. അതല്ലെങ്കിൽ സിനിമാറ്റിക്കാക്കി ഉപയോഗിക്കാം. അങ്ങനെ ഒരുപാട് എക്സ് പ്ലോർ ചെയ്യാൻ വേണ്ടി പറ്റുന്ന പാട്ടുകൾ കണ്ണൂർ ജില്ലയിലെ ഒരു സമുദായത്തിന്റെ കയ്യിൽതന്നെയുണ്ട്. അങ്ങനെ ഒരുപാട് സമുദായങ്ങളും ഒരുപാട് സ്ഥലങ്ങളും പാട്ടുകളും എല്ലാമുണ്ട്.
മലയാളത്തിലെ തന്നെ ആദ്യത്തെ പാട്ട് എന്നത് പയ്യന്നൂർ പാട്ടാണ് എന്നത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷേ പയ്യന്നൂർ പാട്ടിന്റെ തെളിവുകൾ ഒന്നും ഇവിടെയുള്ള ആൾക്കാർക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഹെർമൻ ഗുണ്ടർട്ടിന്റെ രാജ്യത്ത് ഏതോ സർവകലാശാലയിലെ അലമാരയുടെ അടിത്തട്ടിൽ നിന്നാണ് പയ്യന്നൂർ പാട്ടിന്റെ ഏതോ ഒരു ഭാഗം ഒരു റിസർച്ചർക്ക് കിട്ടിയത്. അതിന്റെ പകുതി ഇപ്പോഴുമില്ല. ഒരു നീലകേശിയുടെ കഥയാണ് പയ്യന്നൂർ പാട്ട്. അതിന്റെ ബാക്കി ‘‘ഈ കെന്ത്രോൻ പാട്ട് പാട്ട്’’ എന്ന പാട്ടിൽനിന്ന് നമുക്ക് കിട്ടുന്നുണ്ട്. അങ്ങനെ ഒരുപാട് പാട്ടുകളാണ് ഇവിടെ എക്സ് പ്ലോർ ചെയ്യാൻ കിടക്കുന്നത്. പക്ഷേ, ഇപ്പോൾ പയ്യന്നൂർ പാട്ടിനെ കുറിച്ച് ഒരുപാട് പുസ്തകങ്ങൾ വന്നു. അതുപോലെതന്നെ നേരത്തേ പറഞ്ഞപോലെ പുലയ സമുദായത്തിന്റെ മംഗലപ്പാട്ടുകളും കൃഷിപ്പാട്ടുകൾ ഒന്നും ആരും ഉപയോഗിച്ചിട്ടില്ല.
അതുപോലെ മലപ്പുറം എന്ന പ്രദേശത്തും എത്രയോ അധികം വിവിധ പാട്ടുകൾ ഉണ്ട്. അവർ ഒരു പ്രാദേശികമായിട്ടുള്ള ഒരു പാട്ട് പാടുന്നതിന് വളരെ പ്രാദേശികമായിട്ടുള്ള ഒരു ഗ്രൂപ്പിനെ വിളിച്ചു. ആ പാട്ട് പാടി തീർക്കുന്നതിന് പത്തു മിനിറ്റാണ് ഈ സംഘാടകർ പ്രതീക്ഷിച്ചത്. പക്ഷേ അത് യഥാർഥത്തിൽ പാടി തീർക്കാൻ രണ്ടു മണിക്കൂർ വേണ്ടിയിരുന്നു. അവർക്ക് അത് വെറും പാട്ടു മാത്രമല്ല അത് ആചാരവും ചടങ്ങും ആത്മാവും ജീവിതവും ഒക്കെയാണ്. അങ്ങനെ ഇത്തരം പാട്ടുകൾ ഒരുപാട് മനുഷ്യർ സ്വന്തം ജീവിതവുമായി ചേർത്തുെവച്ചു കൊണ്ടുനടക്കുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്.
അതുപോലെ പാട്ടുകൾക്കു പുറമെ പാട്ട് പാടുന്നവരുടെ ശബ്ദങ്ങളിലും വലിയ മാറ്റങ്ങൾ മലയാളത്തിൽ ഉണ്ടായി തുടങ്ങിയിട്ടില്ലേ? ഗന്ധർവ ശബ്ദങ്ങൾ എന്നതിൽനിന്നും വ്യത്യസ്തമായി മറ്റ് പല ശബ്ദങ്ങളും ഇന്ന് കേൾക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നില്ലേ?
നമ്മൾ ഗ്രാമർ ചെയ്തു വെച്ചിട്ടുള്ള ഒരു ശബ്ദസൗന്ദര്യം എന്ന പരിപാടി ഇന്ന് പൊളിഞ്ഞു പോയിട്ടുണ്ട്. ഒരുകാലത്ത് യേശുദാസിന്റെ പോലുള്ള ശബ്ദം, ജയചന്ദ്രന്റെ പോലുള്ള ശബ്ദം, ചിത്രയുടെ പോലുള്ള ശബ്ദം എന്നൊക്കെയായിരുന്നു മനുഷ്യർ സംസാരിച്ചിരുന്നത്. തീർച്ചയായും അവരുടേത് ഗംഭീരമായിട്ടുള്ള ശബ്ദങ്ങൾ തന്നെയാണ്. ഒരുകാലത്ത് ഇവരിൽനിന്നും വ്യത്യസ്തമായ പാട്ടുകൾ പാടുന്ന ശബ്ദമുള്ളവരുടെ പാട്ടുകൾ പലർക്കും അരോചകമായിരുന്നു.
അതുതന്നെയാണ് ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിലും സംഭവിച്ചത്. പക്ഷേ, ഇപ്പോൾ വേറിട്ട ശബ്ദങ്ങൾ മനുഷ്യർ ആക്സെപ്റ്റ് ചെയ്തു തുടങ്ങി. ബേബി ജീൻ എന്ന പാട്ടുകാരന്റെ വളരെ മുഴക്കമുള്ള ശബ്ദമാണ്. ‘‘പൊലിക’’ എന്ന പാട്ടിൽ അദ്ദേഹം ‘‘കൂടും കൊമ്പും കുഴലും’’ എന്ന ഒരു സാധനം പാടുന്നുണ്ട്. ഇപ്പോൾ പുറത്തുള്ള ഒരുപാട് പാട്ടുകളൊക്കെ ആൾക്കാർ കേൾക്കാൻ തുടങ്ങിയതിനുശേഷമാണ് ശബ്ദങ്ങളുടെ ഈ വ്യത്യസ്തത സ്വീകരിക്കാൻ തുടങ്ങിയത്. വ്യത്യസ്തമായ ശബ്ദം ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല അത് പാട്ടുമായിട്ട് വളരെ കൃത്യമായി ബ്ലൻഡ് ചെയ്യണം.
ഇതിനുമുമ്പ് ജയരാജിന്റെ ‘കളിയാട്ടം’ എന്ന സിനിമയാണ് കണ്ണൂരിലെ തെയ്യത്തിന്റേതായി കേരളത്തിന്റെ പൊതുബോധത്തിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടത്. പക്ഷേ, ആ സിനിമയിലെ കൈതപ്രത്തിന്റെ പാട്ടുകൾക്ക് ഒരു പൊതു മലയാളത്തിന്റെ ശീലമായിരുന്നു. ‘ചാവേറി’ലെ പാട്ടുകൾ ഒന്നുകൂടി പ്രാദേശികമാകുന്നുണ്ട്?
‘കളിയാട്ടം’ എന്ന സിനിമയിൽ കൈതപ്രം കണ്ണൂരിലെ തോറ്റങ്ങളുടെ ഭാഷ ഉപയോഗിക്കാതിരുന്നത് ഒരുപക്ഷേ അന്നത്തെ കാലത്ത് എല്ലാ മനുഷ്യരും അത് ആക്സെപ്റ്റ് ചെയ്യില്ല എന്നു തോന്നിയതുകൊണ്ടാകണം. അല്ലെങ്കിൽ അത് മനസ്സിലാകില്ല എന്ന ഒരു പ്രശ്നം ഉണ്ടായിരിക്കണം. പക്ഷേ ഇപ്പോൾ സിനിമകളിലൂടെ പ്രാദേശികമായ ഭാഷകളുടെ കൈമാറ്റം നടക്കുന്നുണ്ട്. ആ സമയത്ത് കളിയാട്ടത്തിലൂടെ കണ്ണൂരിലുള്ള ഒരു കഥ പറഞ്ഞു എന്നതല്ലാതെ സിനിമ ഇങ്ങോട്ടേക്ക് പറിച്ചുനട്ടിട്ടില്ല. അന്ന് സിനിമയിൽ കണ്ണൂർ ഭാഷ പറയുമ്പോൾ കുറെയൊക്കെ ആർട്ടിഫിഷ്യൽ ആയിട്ട് തോന്നിയിട്ടുണ്ട്.
പക്ഷേ, ഇപ്പോൾ ‘ന്നാ താൻ കേസുകൊട്’ പോലുള്ള സിനിമകൾ വന്നപ്പോൾ കണ്ണൂരിലെ പ്രാദേശിക ഭാഷ വളരെ ഓർഗാനിക് ആയി ഉപയോഗിക്കുന്ന രീതിയിലേക്ക് വളർന്നുകഴിഞ്ഞു. അതായത് ഭാഷകളുടെ കൈമാറ്റം നടന്നുകഴിഞ്ഞു. കണ്ണൂർ ഭാഷ കേട്ട് കഴിഞ്ഞാൽ ഒരു തിരുവനന്തപുരംകാരന് ഏകദേശം മനസ്സിലാകുന്ന ഒരു അവസ്ഥയെത്തി. ഈ സമയത്ത് നമുക്കുള്ള ഒരു സ്വാതന്ത്ര്യം കാരണം ഈ തോറ്റത്തിന്റെ വാക്കുകളും കഥകളും ഒക്കെ ഉപയോഗിക്കാം. ഈ സ്വാതന്ത്ര്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കിലും മറ്റുള്ളവർ അത് അന്വേഷിച്ച് കണ്ടെത്തുകയെങ്കിലും ചെയ്യുമെന്ന് ഒരു വിശ്വാസമുണ്ട്.
ആ സമയത്ത് കൈതപ്രം ഇവിടത്തെ കഥകൾ പറഞ്ഞെങ്കിലും ഉപയോഗിച്ച ഭാഷ ഒരു പൊതു മലയാളമായിരുന്നു. പക്ഷേ അങ്ങനെയുള്ള ഒരു പൊതുഭാഷയാണ് ഉപയോഗിച്ചതെങ്കിലും കൈതപ്രം അത് ഏറ്റവും ലളിതമാക്കിയിട്ടും മനോഹരമാക്കിയിട്ടുമായിരുന്നു ചെയ്തത്. അതുകൊണ്ടുതന്നെയാണ് ആ പാട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നത്. ചാവേർ എന്ന സിനിമയിൽ കതിവന്നൂർ വീരന്റെ തോറ്റം കൃത്യമായി കാണിക്കുന്നുണ്ട്. ‘ചാവേർ’ എന്ന സിനിമയിൽ പെപ്പേ ഒരു വണ്ണാൻ സമുദായത്തിലെ കഥാപാത്രമാണ്. അയാൾ ഒരു തെയ്യംകെട്ടുന്ന ആളായിട്ടാണ് അതിൽ വരുന്നത്. അതൊരു ദലിത് സമുദായം കൂടിയാണ്.
‘ചാവേർ’ എന്ന സിനിമ കണ്ടവരൊക്കെ ‘‘പൂമാലെ പൂതിയെ’’ എന്നത് ഉള്ളിൽ തട്ടുന്ന പാട്ടാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ പാട്ടിന്റെ ഒരു കമ്പോസിഷൻ എങ്ങനെയായിരുന്നു?
‘ചാവേറി’ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ‘‘പൂമാലെ പൂതിയെ’’ എന്നതാണ്. ‘കമ്മട്ടിപ്പാടം’ എന്ന സിനിമയിൽ മരിച്ച സമയത്ത് ഒരു പാട്ടു പാടുന്നുണ്ട്. അതുപോലെ കണ്ണൂരിൽ മരിച്ച സമയത്ത് പാടുന്ന പാട്ടുണ്ടെങ്കിൽ ഒന്ന് അന്വേഷിച്ച് കണ്ടെത്താൻ ജസ്റ്റിൻ വർഗീസ് എന്നോട് പറഞ്ഞു. പക്ഷേ നമ്മുടെ ഈ ഏരിയയിൽ മരിച്ചിട്ട് പാടുന്ന പാട്ട് കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. മരണാനന്തര ക്രിയയിൽ പാടുന്ന പാട്ടുകൾ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കും. പക്ഷേ മരിച്ച സമയത്ത് ബോഡി കൊണ്ടുവരുന്ന സമയത്ത് പാടുന്ന പാട്ടുകളൊന്നും ഞാൻ കണ്ടിട്ടില്ല. അപ്പോൾ അങ്ങനെ ഒരു പാട്ട് ഉണ്ട് എന്ന് സങ്കൽപിച്ച് എഴുതാൻ ജസ്റ്റിൻ വർഗീസ് എന്നോട് പറഞ്ഞു. ആ പാട്ടിൽ എനിക്ക് പൂർണമായ സ്വാതന്ത്ര്യം തന്നു.
ആ പാട്ട് എഴുതിയിട്ട് ട്യൂൺ ചെയ്യുകയായിരുന്നു. പൂമാല പൂതിയെ എന്ന രീതിയിലാണ് ആ പാട്ട് ഞാൻ തുടങ്ങുന്നത്. എന്തു ബുദ്ധിമുട്ട് വന്നാലും ഇവിടത്തെ സാധാരണക്കാരായ മനുഷ്യർ ദൈവത്തെയാണ് വിളിക്കുക. പൂമാല പൂതിയെ എന്ന തെയ്യത്തിനെ വിളിക്കുന്നവരുമുണ്ട്. കാലൻ ഗുളികന്റെ കാര്യം നമുക്ക് ചോദ്യം ചെയ്യാൻ വേണ്ടി പറ്റുമോ എന്നുള്ള രീതിയിൽ മറ്റു തെയ്യങ്ങളെക്കുറിച്ചും ഈ പാട്ടിൽ പറയുന്നുണ്ട്. ‘‘നട്ടു നനച്ചതും പൊട്ടിമുളച്ചതും ഞെട്ടറ്റ് വീണല്ലേ പറ്റൂ’’ എന്ന് മരണത്തിനെ കുറിച്ച് ഈ പാട്ടിൽ പറയുന്നുണ്ട്. അത് ദൈവത്തിനെ വിളിച്ച് കരഞ്ഞുകൊണ്ടും സ്വയം ആശ്വസിപ്പിച്ചുകൊണ്ടുമാണ് പറയുന്നത്.
ഇതിൽ ദൈവത്തിനെ വിളിക്കുമ്പോൾ ഞാൻ ദൈവമേ എന്നല്ലേ എഴുതിയത് ‘ദൈവോമേ’ എന്നാണ് എഴുതിയത്. പുലയ സമുദായത്തിന്റെ ഒക്കെ പാട്ടുകളിൽ അല്ലെങ്കിൽ തോറ്റങ്ങളിൽ ഞാൻ ദൈവമേ എന്നല്ല ‘ദൈവോമേ’ എന്നാണ് കേട്ടത്. ഈ പാട്ട് മകൻ മരിച്ച അച്ഛന്റെ പേഴ്സ്പെക്ടിവിൽ എഴുതാനാണ് ആദ്യം എന്നോട് പറഞ്ഞത്. അച്ഛന്റെ ബുദ്ധിമുട്ടുകളിലാണ് ഈ മകൻ വളരുന്നത്. ഇവനെ ഒരു തെയ്യക്കാരനായിട്ട് കാണാനാണ് െപെപ്പയുടെ കഥാപാത്രത്തിന്റെ അച്ഛൻ ആഗ്രഹിക്കുന്നത്. മരിച്ചവരുടെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത് എനിക്ക് ഇവനെ ഇനി തെയ്യക്കാരൻ ആയിട്ട് കാണാൻ കഴിയില്ലല്ലോ എന്നാണ്.
നിനക്കുവേണ്ടി മാറ്റിവെച്ച ഉടയാടകളും ചിലമ്പുകളും ഒക്കെ അവിടെ ബാക്കിയാകുന്നു എന്നാണ് ഞാൻ എഴുതിയത്. പിന്നീട് അച്ഛന്റെ വേണ്ട, അമ്മയുടെ നോട്ടത്തിലൂടെ എഴുതാൻ പറഞ്ഞു. അമ്മക്ക് പക്ഷേ തെയ്യംകെട്ട് പരിപാടികളൊന്നും ആയിരിക്കില്ല പ്രാധാന്യം. മകനു ഭക്ഷണം കൊടുക്കണം, ഒന്ന് ചിരിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളായിരിക്കും അമ്മക്ക്. അതു വെച്ചുകൊണ്ട് പിന്നെ ഞാൻ എഴുതി. പക്ഷേ, പിന്നീട് അത് വേണ്ട എന്നുവെച്ച് ആ പാട്ടിന്റെ അവസാനത്തെ സെഗ്മെന്റിൽ അമ്മക്കുവേണ്ടി ഒരു ഭാഗം മാറ്റിവെച്ചു. അത് ഒരു ഫീമെയിൽ വോയ്സിൽ പാടുന്നുണ്ട്. ‘‘താലാട്ടി പാലൂട്ടി പോറ്റിയ പൊന്നല്ലേ’’ എന്ന വരികളാണത്. അങ്ങനെയാണ് ‘‘പൂമാല’’ എന്ന ഈ പാട്ട് റെഡിയാക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഈ പാട്ടാണ് എനിക്ക് ഒന്നുകൂടി ഇഷ്ടം.
‘കനകം കാമിനി കലഹം’ എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് പാടിയ പാട്ട് കമ്പോസ് ചെയ്യുന്ന ഒരു അനുഭവം എങ്ങനെ ആയിരുന്നു?
യാക്സൺ, സ്നേഹ നായർ എന്നിവരാണ് ഞാൻ ഏറ്റവും കൂടുതൽ ജോലി ചെയ്ത സംഗീത സംവിധായകർ. അവരുടേത് ജസ്റ്റിൻ വർഗീസിന്റേതുപോലുള്ള പരിപാടികളേയല്ല. പഴയ കുട്ടിക്കഥകളിലെ ആശയം എടുത്തിട്ടാണ് ജാസി ഗിഫ്റ്റ് പാടിയ ‘കനകം കാമിനി കലഹം’ എന്ന സിനിമയിലെ ആ ഒരു പ്രമോ സോങ് ഞാൻ ചെയ്തത്. അബദ്ധത്തിൽ ചെന്ന് ചാടുന്ന ചില മനുഷ്യന്മാരുടെ പാട്ടാണത്. ‘‘ചിറകെട്ടാൻ മർക്കടകൻ ഒരുങ്ങി അടിതെറ്റാൻ ആനകൾ ഒരുങ്ങി’’ അങ്ങനെയുള്ള വരികളാണ് ആ പാട്ടിലേത്.
പണ്ട് നമ്മൾ കേട്ട കുട്ടിക്കഥകളുടെ ഒരു രീതിയാണ്. കുറെ പെടാപ്പാടുപെടുന്ന മനുഷ്യന്മാരുടെ ചിത്രീകരണം. ഈ പാട്ട് വളരെ മോഡേൺ ആണെങ്കിലും അതിൽ ഞാൻ ഉണ്ടാക്കിയിട്ടുള്ള കഥ പണ്ട് നടന്ന കാര്യങ്ങളാണ്. പണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. പണ്ട് പറഞ്ഞ കഥകൾ, പണ്ട് പാടിയ പാട്ടുകൾ, മുത്തശ്ശിക്കഥകൾ എന്നിവയൊക്കെ എനിക്ക് പ്രാധാന്യമുള്ളതാണ്. ഈ പാട്ടിലും ഇത്തരം കഥകൾ വളരെ നല്ലരീതിയിൽ ചേർന്നുവന്നു. അത് അവർക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ് അടുത്ത സിനിമയിലെ പാട്ടുകളും എനിക്ക് തന്നത്. ജാസി ഗിഫ്റ്റ് ശബ്ദം കൂടി വന്നപ്പോൾ ആ പാട്ട് വളരെ വ്യത്യസ്തത ഉള്ളതായി എനിക്ക് തോന്നി.
വെങ്ങര എന്ന പ്രദേശവും അവിടത്തെ ജീവിതങ്ങളും എല്ലാം ഹരീഷിനെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന് പുറമെ പാട്ടിന്റെ അന്വേഷണവുമായി നടന്ന വഴികൾ ഏതൊക്കെയാണ്? പ്രത്യേകിച്ച് തെയ്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ?
പ്രത്യക്ഷത്തിൽ കാണുന്നതല്ലാത്ത പല തെയ്യങ്ങളയും കുറിച്ച് അന്വേഷിച്ച് പോയി കണ്ടു പഠിച്ചിട്ടുണ്ട്. തെയ്യങ്ങൾ ഉള്ള ദിവസങ്ങളിൽ ഞാൻ തെയ്യം കാണാൻ പോകും. തലശ്ശേരി മുതൽ കാഞ്ഞങ്ങാടു വരെയുള്ള സ്ഥലങ്ങളിൽ. കാഞ്ഞങ്ങാടിന് അപ്പുറത്തുള്ള തുളു നാടൻ തെയ്യങ്ങൾ കാണണമെന്ന് ആഗ്രഹവുണ്ട്. അതിന്റെ കഥകളൊക്കെ ശേഖരിച്ചു െവച്ചിട്ടുണ്ട്. തെയ്യം കാണും. അതിന്റെ പാട്ടുകളെക്കുറിച്ച് അന്വേഷിക്കും. കഥകളെക്കുറിച്ച് അന്വേഷിക്കുക, അതുപോലെതന്നെ തോറ്റങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് രീതി. ചില തെയ്യങ്ങൾ കാണാൻ ഒരുദിവസം മുഴുവനായും എടുക്കും.
കതിവന്നൂർ വീരൻ ഏകദേശം രണ്ടുദിവസം ഇരുന്നു കാണേണ്ട തെയ്യങ്ങളാണ്. അതുപോലെ പുലിമറിഞ്ഞ തൊണ്ടച്ചൻ എന്ന ഒരു തെയ്യമുണ്ട്. ഞാൻ കണ്ടതിൽവെച്ച് വളരെ വലിയ അനുഭവം തന്ന ഒരു തെയ്യമാണിത്. അതിന്റെ തോറ്റം വളരെ വ്യത്യസ്തവുമാണ്. അത് നമുക്ക് വളരെ പെട്ടെന്ന് മനസ്സിലാകും. അതിന്റെ കഥ നടക്കുന്നത് ഞങ്ങളുടെ മാടായി പഴയങ്ങാടി പോലുള്ള പ്രദേശങ്ങളിലൂടെയാണ്. അതിൽ എന്റെ പ്രദേശമായ വെങ്ങര പരാമർശിക്കുന്നുണ്ട്. കളരി പഠിപ്പിക്കുന്ന വളരെയധികം കഴിവുകളുള്ള കാരികുരുക്കളോട് തമ്പുരാക്കന്മാർക്ക് അസൂയ തോന്നുകയാണ്.
കാരി കുരുക്കൾ എന്ന പുലയ സമുദായത്തിൽപ്പെട്ട ഗുരു പുലിയുടെ രൂപത്തിൽ കാട്ടിലേക്ക് പോവുന്നു. തിരിച്ചുവരുമ്പോൾ ഒരു ചൂലുകൊണ്ട് ഭാര്യ അടിക്കുമ്പോൾ മാത്രമേ അയാളുടെ രൂപം പൂർവസ്ഥിതിയിൽ എത്തുകയുള്ളൂ. പക്ഷേ ഭാര്യ പുലിരൂപം കണ്ട് പേടിച്ച് അടിക്കാതെ ഇരിക്കുമ്പോൾ അദ്ദേഹം പുലി രൂപത്തിൽ തന്നെ ജീവിക്കേണ്ട അവസ്ഥ വരികയാണ്. അങ്ങനെ ഈ തെയ്യം വന്നു. തെയ്യത്തിന്റെ കുലദൈവങ്ങൾ എന്നാൽ പൊട്ടൻ, ഗുളികൻ, കുറത്തി എന്നിവയാണ്. ഈ തെയ്യം നമുക്ക് ഒരു നാടകംപോലെ കാണാൻ പറ്റും.
ഈ തെയ്യങ്ങളുടെ തോറ്റം കഴിഞ്ഞ് തെയ്യം ഒരു പുലിയായിട്ട് മാറുകയും പുലി ജനങ്ങളുടെ മുകളിലേക്ക് വീഴുകയും ഒക്കെ ചെയ്യും. പിന്നെ ഒരു കോഴിയെ കൊന്നുതിന്ന്, പിന്നെ മനുഷ്യനായി മാറി സ്ത്രീകളെയും കുട്ടികെളയുമൊക്കെ വിളിച്ച് കരഞ്ഞുപറയുന്ന ഒരു രംഗമുണ്ട്. അയാൾ അയാളുടെ സങ്കടങ്ങൾ ഇങ്ങനെ പറയുകയാണ്. തെയ്യം പെർഫോം ചെയ്യുന്ന ആൾ ഗംഭീരം ആണെങ്കിൽ അത് നമ്മുടെ ഉള്ളിലേക്ക് ഇങ്ങനെ കയറും. ഞാനൊരു അവർണ ജാതിക്കാരൻ ആയതുകൊണ്ടല്ലേ എന്നെ ഇങ്ങനെ ചെയ്തത് എന്ന് പറയും. എന്റെ ഭാര്യ എന്നോട് അങ്ങനെ ചെയ്യാൻ പാടുണ്ടോ എന്ന് നമ്മളോട് പറയും.
കടാങ്കോട്ട് മാക്കത്തിന്റെ തോറ്റത്തിൽ അമ്മയും മക്കളും തമ്മിലുള്ള സ്നേഹം മുഴുവൻ നമ്മൾ കാണും. തെയ്യം കാണുക എന്നത് തെയ്യം മാത്രമല്ല കാണുന്നത് ആ കഥയും കൂടെ നമ്മൾ കാണും. പാട്ടുകളുടെ വരികൾ കേൾക്കും. തീർച്ചയായിട്ടും ഒരു നോവൽ വായിക്കുന്ന ഫീൽ ആയിരിക്കും കിട്ടുക. ഒരു നോവൽ വായിച്ചു കഴിഞ്ഞ് നമുക്കൊരു നോവൽ എഴുതാനുള്ള ഒരു ഇൻസ്പിരേഷൻ ഉണ്ടാകുന്നതുപോലെ, തെയ്യങ്ങൾ കാണുമ്പോൾ അന്ന് ഉള്ള രീതിയിൽ മനുഷ്യർ ചിന്തിച്ച പാട്ടുകൾപോലെ നമുക്കും ചിലപ്പോൾ ചിന്തിക്കാൻ കഴിയും. ഈ തെയ്യത്തിന്റെ കാഴ്ചകൾ അത്തരത്തിൽ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരി,ജസ്റ്റിൻ വർഗീസ്
ഏതാണ് ഇനി പുറത്തുവരാനുള്ള വർക്കുകൾ?
ഇപ്പോൾ ഞാൻ ദുബൈ ബേസ്ഡായ കമ്പനിയിൽ സീനിയർ ഡിസൈനറായി ജോലിചെയ്യുന്നു. സുഹൃത്ത് പ്രണവ് കമ്പോസറാവുന്ന പടത്തിലാണ് ഞാൻ അടുത്തതായി വരികൾ എഴുതുന്നത്. ലുക്മാൻ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന, സുജിൽ മാങ്ങാട് സംവിധാനംചെയ്യുന്ന സിനിമയാണത്. ആ സിനിമയിൽ കൈതപ്രവും പാട്ട് എഴുതുന്നുണ്ട്. കൈതപ്രത്തിന്റെയും എന്റെയും പേരുകൾ സിനിമയുടെ ടൈറ്റിൽ കാർഡിൽ ഒരുമിച്ച് വരുന്നത് വല്ലാതെ എക്സൈറ്റ് ചെയ്യിക്കുന്നുണ്ട്. പിന്നെ എന്റെ കുറച്ച് മ്യൂസിക് ആൽബങ്ങൾ പുറത്തുവരാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.