മലയാളത്തിലെ അതിബൃഹത്തായ രണ്ടാമത്തെ നോവൽ ‘വഴിച്ചെണ്ട’ എഴുതിയ നോവലിസ്റ്റും കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു. തന്റെ കഥയുടെ വഴികളെയും കൊൽക്കത്തയുടെ അവസ്ഥകളെയും കുറിച്ചാണ് കഥാകൃത്തും എഴുത്തുകാരിയുമായ മേഘ മൽഹാറിനോട് സുസ്മേഷ് സംസാരിക്കുന്നത്.
കാലം മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ രീതികളും. മാറ്റമെപ്പോഴും എല്ലാ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. എഴുത്തിലും എഴുത്തുകാരിലും അത് പ്രകടമാണ്. എഴുത്തിന്റെ രീതി, ഘടന, പ്രചാരണം എന്നിവയുടെ സ്വഭാവം ലോകത്തിന്റെ താളക്രമത്തിനനുസരിച്ചും സാമൂഹിക സങ്കൽപങ്ങൾക്കനുസരിച്ചും പലരീതിയിൽ വിപുലീകരിക്കപ്പെടുകയും വ്യവസായവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ചെറുപ്പത്തിൽത്തന്നെ എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ച് പൂർണമായും എഴുത്തിനായി സമർപ്പിച്ച ജീവിതമാണ് സുസ്മേഷ് ചേന്ത്രാത്തിന്റേത്. അത്തരമൊരു തീരുമാനമെടുക്കുകയും അതിനനുസൃതമായി ജീവിതഘടന നിർമിക്കുകയും ചെയ്തു എന്നത് നിസ്സാരകാര്യമായി കാണാനാവില്ല. ഒരുപക്ഷേ, അതിലുൾച്ചേർന്നിരിക്കുന്ന കഠിനതകളും പ്രയാസങ്ങളും ആത്മസംഘർഷങ്ങളും വായനക്കാരിൽനിന്ന് ഏറെ വേർപെട്ടുനിൽക്കുന്ന അവരറിയാത്ത ഒരു കാര്യമായിരിക്കാം.
വർഷങ്ങൾക്കുമുമ്പ് തസ്രാക്കിൽെവച്ചാണ് സുസ്മേഷിനെ ആദ്യമായി കാണുന്നത്. കൊൽക്കത്തയിലെ നീണ്ട ജീവിതത്തെപ്പറ്റിയും എഴുത്തുവഴികളെക്കുറിച്ചും സാമൂഹിക സാഹചര്യങ്ങളെപ്പറ്റിയും പുതിയ നോവലായ ‘വഴിച്ചെണ്ട’യെക്കുറിച്ചും സുസ്മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു.
ലോകമെങ്ങും കുടിയേറ്റത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നുകഴിഞ്ഞ സമയമാണിത്. പലതരം അനിശ്ചിതത്വങ്ങളും തൊഴിൽനിഷേധങ്ങളും അതിന്റെ ഭാഗമായി സംഭവിക്കുന്നു. പ്രവാസിയായി ജീവിക്കുന്ന താങ്കളുടെ അനുഭവമെന്താണ്..?
മനസ്സിലാക്കുന്ന കാര്യമെന്താണെന്നു വെച്ചാൽ ലോകമാകെ ഒരു കലക്കം സംഭവിക്കുന്നുണ്ടെന്നാണ്. അഭയാർഥികളുടെ എണ്ണത്തിലും അവരുടെ രാഷ്ട്രീയത്തിലും വ്യത്യാസമുണ്ടായിട്ടുണ്ട്. കുടിയേറ്റക്കാരുടെ സ്വഭാവത്തിന് വ്യത്യാസമുണ്ടാകുന്നുണ്ട്. മുമ്പ് ആളുകൾ പോകാൻ മടിച്ചിരുന്ന ലാറ്റിനമേരിക്കൻ, കരീബിയൻ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം സമീപകാലത്ത് ഇരട്ടിയായിട്ടുണ്ട്.
ഗൾഫ് കോഓപറേഷൻ കൗൺസിൽ രാജ്യങ്ങളിലും പകുതിയിലധികം സ്ഥിരതാമസക്കാർ അന്താരാഷ്ട്ര കുടിയേറ്റക്കാരാണ്. ഈ കണക്കുകളുടെ ചെറുപതിപ്പുകളാണ് ഇന്ത്യയിലും നാം ചുറ്റിനും കാണുന്നത്. മുമ്പ് മടങ്ങിപ്പോരണമെന്ന് ഉദ്ദേശിച്ച് ജീവസന്ധാരണത്തിനായിട്ടാണ് ആളുകൾ അന്യരാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നതെങ്കിൽ ഇന്ന് പെർമനന്റ് റെസിഡൻസ് കിട്ടണമെന്ന് കരുതിയാണ് ജോലിയന്വേഷിച്ചു പോകുന്നത്.
അല്ലെങ്കിൽ പഠിക്കാൻ യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നത്. വിവാഹത്തിന് ആളെ കണ്ടെത്തുന്നത്. ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഈ വിധത്തിൽ ദശലക്ഷക്കണക്കിനാളുകളാണ് വർഷാവർഷം കുടിയേറുന്നത്. അതേസമയം, ഇന്റർനെറ്റും എ.ഐയും മനുഷ്യരുടെ ഒരുപാട് തൊഴിലവസരങ്ങൾ കുറക്കുന്നുണ്ട്. ‘A Brief History of Intelligence’ എന്ന പുസ്തകത്തിൽ Max Bennett മസ്തിഷ്കത്തിന്റെ പരിണാമഘട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
അതിന്റെ ഇങ്ങേയറ്റമാണ് നിർമിതബുദ്ധിയുടെ ഇടപെടൽ. മനുഷ്യൻ നിർമിച്ച നിർമിതബുദ്ധിക്ക് മനുഷ്യമസ്തിഷ്കത്തെ മറികടക്കാനാവില്ലെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. എന്നാൽപ്പോലും ഇനിയങ്ങോട്ട് മിശ്രസംസ്കാരത്തിനാണ് സാധ്യതയെന്ന് ഞാൻ കരുതുന്നു. ജാതി, മതം, വർണം, വർഗം ഒക്കെ അപ്രത്യക്ഷമാകും.
ട്രാൻസ്െജൻഡറുകളും സാധാരണ സ്ത്രീ പുരുഷന്മാരും വിവാഹം കഴിക്കുന്നതും ഒന്നിച്ചുജീവിക്കുന്നതും തിരിച്ചറിയൽരേഖയും പാസ്പോർട്ടുമുള്ള റോബോട്ടുകളുടെ കലരലും മനുഷ്യജീവിതത്തിൽ സാധാരണമാകും.
ലോകരാഷ്ട്രങ്ങളുടെ സാംസ്കാരികചരിത്രം മാറുന്നതിനാണ് നമ്മളിപ്പോൾ സാക്ഷിയാകുന്നത്. ഒരുപക്ഷേ കേരളം സമീപഭാവിയിൽ ഒരു കുടിയിറക്കത്തിനും സാക്ഷ്യം വഹിച്ചേക്കാം. ഇപ്പോൾ ഇൻവെസ്റ്റ്മെന്റായി വാങ്ങിയിട്ടിരിക്കുന്ന ഫ്ലാറ്റുകളൊക്കെ നിറഞ്ഞേക്കാം. സമൂഹം നഗരങ്ങൾ മാത്രമായി പരിണമിച്ചേക്കാം. അങ്ങനെ തിരിച്ചെത്തുന്നവരെ നമ്മൾ ഏതുവിധം ഉൾക്കൊള്ളും എന്നതും പഠിക്കേണ്ടതുണ്ട്. കാരണം, അത്രയേറെ സാധ്യതകളുള്ള നാടാണ് കേരളം.
ജാതി, മതം, വർഗം, വർണം എന്നിവ അങ്ങനെ അപ്രത്യക്ഷമാകുന്ന ഒന്നാണോ..? ഒരുപക്ഷേ മറ്റൊരുതരത്തിൽ, രൂപത്തിൽ ഇവയൊക്കെത്തന്നെ പ്രത്യക്ഷമാകുമെന്നല്ലേ കരുതേണ്ടത്..?
നമ്മളിതിനെക്കുറിച്ച് ചർച്ചചെയ്യുന്നത് നമ്മുടെ പരിസരത്തെ മാത്രം നോക്കിയിട്ടാണ്. ലോകത്തിലേക്ക് നോക്കുമ്പോൾ ഇക്കാര്യത്തിൽ സാരമായ തോതിൽ മാറ്റം വരുന്നുണ്ടെന്ന് കാണാം. പ്രപഞ്ചത്തിന്റെ പ്രായമെടുത്താൽ മനുഷ്യരാശി രൂപമെടുത്തത് സമീപകാലത്തല്ലേ. അത് സംസ്കരിക്കപ്പെടാൻ സമയമെടുക്കും. വർണം, വർഗം, മതം ഒക്കെ നിസ്സാരമായിക്കാണുന്ന തലമുറ എല്ലായിടത്തും ഉയർന്നുവരുന്നുണ്ട്.
കേരളത്തിൽപ്പോലും മിശ്രവിവാഹം വർധിച്ചിട്ടുണ്ടല്ലോ. പഴയ രീതിയിൽ മതം മാത്രം മാറിയല്ല, മതവും രാജ്യവും മാറിയാണ് പുതിയകാല വിവാഹങ്ങൾ. എല്ലാത്തിനുമുപരി ദൈവം മരിച്ചാലേ മനുഷ്യൻ രക്ഷപ്പെടൂ. വിദ്യാഭ്യാസത്തിനുപോലും തകർക്കാൻ പറ്റാത്ത ഒന്നായി ദൈവത്തെ മനുഷ്യൻ ഉറപ്പിച്ചുനിർത്തിയിരിക്കുന്നതാണ് മനുഷ്യൻ മാറാനുള്ള പ്രധാന തടസ്സം. നിർമിതബുദ്ധിയും യന്ത്രങ്ങളും മനുഷ്യരെ കൈയടക്കിയാലും ജാതിയും വർണവിവേചനവും സമീപഭാവിയിലൊന്നും പൂർണമായും ഇല്ലാതാകുമെന്ന് പറയാൻ വയ്യ.
കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെയും രീതികൾ മാറി. ഒരുപാടുപേർ വരുന്നു. അധികവും ബംഗാളിൽനിന്ന്. ഗതിമുട്ടിയ അവസ്ഥയിൽനിന്നാണ് ബംഗാളികൾ കേരളത്തിലെത്തുന്നത്. അങ്ങനെയെല്ലാമുള്ള സാഹചര്യത്തിലാണ് താങ്കൾ ബംഗാളിലേക്ക് ചെല്ലുന്നത്.
ഇവിടെ ഒരു കാര്യം നാം ശ്രദ്ധിക്കാതെ പോകുന്നുണ്ട്. അടിസ്ഥാനവിഭാഗത്തെ പ്രതിനിധാനംചെയ്ത് തൊഴിലെടുക്കാൻ വരുന്നവർ മാത്രമല്ല കുടിയേറ്റക്കാർ. പക്ഷേ, കേരളത്തിൽ അതു മാത്രമേ നിലവിലുള്ളൂ. അത് കേരളത്തിലെ ആളുകളുടെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയെയും അതുവഴി ലഭിച്ചിട്ടുള്ള അലസതയെയും പൊങ്ങച്ചത്തെയും മേലനങ്ങാനുള്ള വൈമുഖ്യത്തെയുമാണ് കാണിക്കുന്നത്. കേരളത്തിലേക്ക് ഉപരിപഠനത്തിനായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണം പരിമിതമാണ്.
നേരെ മറിച്ച് കർണാടകത്തിലെ കാമ്പസുകളിലെത്തുമ്പോൾ, ഡൽഹിയിലെത്തുമ്പോൾ സ്ഥിതി മാറുന്നു. പ്രത്യക്ഷത്തിൽ സമൂഹത്തിൽ ഇറങ്ങാതെ ജീവിക്കുന്ന കര-നാവിക സേന ഉദ്യോഗസ്ഥരും അവരുടെ കുടുംബവും ആശുപത്രിമേഖലയിലെ തൊഴിലാളികളും മറ്റുമൊക്കെ കേരളത്തിന്റെ സമൂഹഘടനയിൽ ചെറുതായിട്ടാണെങ്കിലും ഉണ്ട്.
എന്നാൽ, ബംഗാളിലെ, അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതുമായിട്ടൊന്നും താരതമ്യം ചെയ്യാനാവുകയില്ല. ഐ.സി.യുവിൽ കിടക്കുന്ന രോഗിയാണ് കൊൽക്കത്ത നഗരം. വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിൽക്കുന്നു എന്നേയുള്ളൂ. ഇന്ന് ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ.
ഈ സാഹചര്യത്തിൽ കേരളം വിട്ട് കൊൽക്കത്തയിലേക്ക് പോകാൻ തീരുമാനിക്കുന്നതെങ്ങനെയാണ്..?
വ്യക്തിപരമായി ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ വന്ന സമയത്താണ് ഞാൻ കേരളമുപേക്ഷിക്കാൻ ആലോചിക്കുന്നത്. വാസ്തവത്തിൽ ആദ്യമായി ഞാൻ കേരളം വിട്ടുപോകാൻ ആഗ്രഹിച്ചത് 23ാം വയസ്സിലാണ്. അന്നതിനുള്ള ഭൗതികസൗഹചര്യമുണ്ടായിരുന്നില്ല. എനിക്ക് ഭാഷകൾ അറിയാത്തതിന്റെയും മറ്റും പലതരം ഭയങ്ങളുണ്ടായിരുന്നു. എന്നാൽ, 2014 ആകുമ്പോളേക്കും ഞാനേറെ മാറി. അതിന്റെ പിന്നിൽ വ്യക്തിപരമായ സാഹചര്യം മാത്രമല്ല ഉള്ളത്.
എഴുത്തുകാരനെന്ന നിലയിൽ തുടരണമെങ്കിലോ നിലനിൽക്കണമെങ്കിലോ മാറ്റങ്ങൾ അനിവാര്യമാണ്. കാരണം ലോകരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ പരിമിതമായ ഭൂതകാലവും ചരിത്രസംഘർഷങ്ങളുമേ നമുക്കുള്ളൂ. ഇവിടത്തെ വർത്തമാനകാല സംഘർഷങ്ങളെയോ പ്രശ്നങ്ങളെയോ നിസ്സാരമാക്കുകയല്ല. യുദ്ധംപോലെ, പട്ടിണിപോലെ, വംശീയസംഘർഷംപോലെ... അങ്ങനെയൊന്നും നമുക്കില്ല. പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ താരതമ്യേന വളരെ കുറവാണ്.
എന്തിന് അയൽപക്കമായ തമിഴ്നാട്ടിലെ ജാതിവിവേചനംപോലും മലയാളിക്കില്ല. ശരിക്കും പറഞ്ഞാൽ കുറച്ചുകാലമായി സുഭിക്ഷമായി, സകല പ്രിവിലേജുകളും അനുഭവിച്ച് സ്വയംമറന്ന് ജീവിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നും വെയിലേറ്റു കരുവാളിച്ച മുഖമുള്ള ഒരു മനുഷ്യനെ കേരളത്തിൽ കാണാൻ കഴിയില്ല. മറ്റു പലയിടങ്ങളിലുമുണ്ട്. ആ അവസ്ഥയിൽ എനിക്ക് എഴുത്തിൽ നിലനിൽക്കാനും തുടരാനും മാറ്റം ആവശ്യമായിരുന്നു. അങ്ങനെയാണ് കൊൽക്കത്തയിലെത്തിയത്.
കേരളത്തിൽ ജീവിക്കുന്ന സാഹിത്യകാരന്മാർ മറ്റെങ്ങും പോകാതെ അവരുടെ പ്രിവിലേജുകളിൽനിന്നുകൊണ്ടുതന്നെ എഴുത്തിൽ സജീവമാകുന്നു. താങ്കൾ കേരളത്തിലേക്ക് പൂർണമായും മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടോ..?
ഈ പ്രിവിലേജുകളെ പരമാവധി ഒഴിപ്പിച്ചുനിർത്തുന്ന ഒരാളാണ് ഞാൻ. ജ്ഞാനം വേദനയിൽനിന്നാണ് കിട്ടുന്നതെന്ന് ഗോയ്ഥേ പറഞ്ഞിട്ടുണ്ട്. എഴുത്ത് വേറൊരു പ്രവൃത്തിയാണ്. അത് ഉള്ളിന്റെയുള്ളിൽനിന്നും വേദനയുടെ പിൻബലത്തോടെ കയറിവരണം. നമുക്ക് നമ്മളെത്തന്നെ ആത്മവിശകലനം ചെയ്യുന്നതിനും ചുറ്റുപാടുകളെ ക്രൂരമായി വിലയിരുത്തുന്നതിനും സാധിക്കണം. പ്രിവിലേജുകൾ അതിനൊക്കെ പലപ്പോഴും തടസ്സമാണ്.
രചന ഒരു ചികിത്സയാണെന്നും രോഗശമനമാർഗമാണെന്നും േഗ്രയം ഗ്രീൻ പറയുന്നു. എഴുതാനോ ചിത്രം വരക്കാനോ കഴിയാത്തവർ എങ്ങനെയാണ് ചിത്തഭ്രമത്തിൽനിന്നും വിഷാദരോഗത്തിൽനിന്നും രക്ഷപ്പെടുന്നതെന്നും േഗ്രയം ഗ്രീൻ ചോദിക്കുന്നു. പലതരം ആസക്തികളിൽനിന്നും രോഗബാധകളിൽനിന്നും കലാകാരന് മുക്തി കിട്ടുന്നത് കലയിൽ മുഴുകുന്നതുകൊണ്ടാണ്.
കല ഒരേസമയം വേദനയും രോഗവും അതിന്റെ ചികിത്സയുമാണ്. പലതരം വേദനകളും നിരാശകളുമാണ് എഴുത്തിനെ കരുത്തുറ്റതാക്കുന്നത്. ചെറിയ ഭ്രാന്തുകളിൽനിന്നും രക്ഷപ്പെടുത്തുന്നതും. കൂടുതൽ സുഖങ്ങൾ വേണ്ട എന്നാഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്. എല്ലാവർക്കും അങ്ങനെയാകാൻ സാധിക്കില്ല. കേരളത്തിൽ വേരുറപ്പിച്ചിട്ടാണ് ഞാൻ മറ്റു നഗരങ്ങളിൽ ജീവിക്കുന്നത്.
കേരളത്തിൽ ഇപ്പോൾ നിരവധിയായി നടക്കുന്ന സാഹിത്യോത്സവങ്ങളിൽ താങ്കളെ കാണുന്നത് വളരെ കുറവാണ്. അത്തരം സാഹിത്യോത്സവങ്ങളോട് താൽപര്യം കുറവാണോ..?
എല്ലായിടത്തും നടക്കുന്നതെന്താണ്? ഒരു മണിക്കൂറിൽ മൂന്നോ നാലോ എഴുത്തുകാർ ഒരു വിഷയം സംസാരിക്കുന്നു. പലപ്പോഴും വിശദമായതോ പൂർണമായതോ ആയ സംവാദം അവിടെ നടക്കുന്നില്ല. അല്ലെങ്കിൽ ഒരു മണിക്കൂർ എനിക്കു മാത്രമായി തന്നാലേ ഇത്ര ദൂരെനിന്നും വരാൻപറ്റൂെവന്ന് ഡിമാൻഡ് ചെയ്യണം. അത്തരം റിക്വസ്റ്റുകളോട് എനിക്ക് താൽപര്യമില്ല.
ആൾക്കൂട്ടത്തിന് നമ്മുടെ കൂടെയുള്ള സെൽഫിക്കാണ് താൽപര്യം. ഫെസ്റ്റിവലുകൾ മാർക്കറ്റ് സൃഷ്ടിക്കുന്നുണ്ട്. അത് വിൽപനയെ സഹായിക്കും. അതിനാൽ, ഇത്തരം പരിപാടികളെയും അവയുടെ ആവശ്യകതയെയും ഞാൻ തള്ളിക്കളയുന്നില്ല. സാഹിത്യത്തിനും ഭാഷക്കും നല്ലതുമാണ്. എന്നാൽ, എനിക്കെന്റേതായ ചില നിലപാടുകളുണ്ട്. കൊൽക്കത്തയിലും ഒഡിഷയിലുമൊക്കെ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ കേൾവിക്കാരനായി പങ്കെടുക്കാറുണ്ട്.
രണ്ടുതവണ കൊക്രാജർ ലിറ്റററി ഫെസ്റ്റിവലിലേക്ക് സംസാരിക്കാൻ വിളിച്ചു. പ്രണബ് നർസാരി എന്ന ബോഡോ സുഹൃത്താണ് വിളിച്ചത്. രണ്ടുതവണയും ഞാൻ ഒഴിഞ്ഞുമാറി. പകരം മറ്റുചിലരെ കേരളത്തിൽനിന്നും പരിചയപ്പെടുത്തി. പിന്നെ പുസ്തകത്തിന്റെ യഥാർഥ മാർക്കറ്റ് രൂപപ്പെടുന്നത് പുസ്തകത്തിന്റെ ഉള്ളടക്കത്തിൽനിന്നാണ്.
‘ഹരിനാമകീർത്തന’വും ‘ജ്ഞാനപ്പാന’യും ‘ബൈബിളും’ ‘ഗീത’യുമൊക്കെ, അല്ലെങ്കിൽ ‘മാർത്താണ്ഡവർമ’യും ‘ഏകാന്തതയുടെ നൂറുവർഷങ്ങളും’ ‘കുറ്റവും ശിക്ഷ’യുമൊക്കെ വിറ്റുപോകുന്നത് എഴുത്തുകാർ ഒരിടത്തും ഹാജരായിട്ടല്ലല്ലോ. മേനിക്കടലാസിൽ അച്ചടിച്ചിട്ടോ പ്രസാധകർ ഓഫർ കൊടുത്തിട്ടോ ഒന്നുമല്ലല്ലോ ഷേക്സ്പിയറും വാല്മീകിയും ടോൾസ്റ്റോയിയും വിൽക്കപ്പെടുന്നത്... ഉള്ളടക്കത്തിലാണ് കാര്യം.
പലരും ധാരാളം സ്റ്റേറ്റ്മെന്റുകൾ കഥയിലും നോവലിലും ഉൾപ്പെടുത്തുന്നതു കാണാം. വായനക്കാർക്ക് അടിവരയിട്ട് സൂക്ഷിക്കാനും എടുത്തുപയോഗിക്കാനും സാധിക്കുന്ന വിധത്തിലുള്ള അത്തരം സ്റ്റേറ്റ്മെന്റുകൾ സാഹിത്യരചനയിൽ ആവശ്യമാണോ..?
ഒരു വിഷയം പറയുമ്പോൾ പറയുന്ന രീതിക്കും ആശയത്തിനും കഥാപാത്രങ്ങൾക്കുമാണ് മുൻഗണന കൊടുക്കേണ്ടത്. കഥയോ നോവലോ വാചികമായിത്തീർന്നാൽ എഴുത്തുഭംഗി നഷ്ടമാകും. വല്ലാതെ നാടകീയമായാലും അത് സംഭവിക്കും. എഴുത്തുഭാഷയുടെ കരുത്ത് നഷ്ടപ്പെടുന്നതിന് കഥാപാത്രങ്ങളുടെയോ എഴുത്തുകാരന്റെയോ സ്റ്റേറ്റ്മെന്റുകൾ ഇടയുണ്ടാക്കാറുണ്ട്.
വായനക്കാർക്ക് അടിവരയിട്ടു സൂക്ഷിക്കാനായി പ്രസ്താവനകളോ ഉദ്ധരണിരൂപത്തിലുള്ള അഭിപ്രായങ്ങളോ മനപ്പൂർവം കൊണ്ടുവരരുത്. പ്രമേയത്തിനാവശ്യമായ വിധത്തിൽ അത് സ്വാഭാവികമായി വരുന്നുണ്ടെങ്കിലേ നന്നാകൂ. അല്ലാത്തത് കള്ളത്തരമാകും. നല്ല വായനക്കാർ അത് തിരിച്ചറിയും.
എഴുത്തുകാർ അലങ്കാരങ്ങളിലും ഉപമകളിലും വല്ലാതെ അഭിരമിക്കേണ്ടതുണ്ടോ..? താങ്കൾ എഴുത്തിൽ അത്തരം കാര്യങ്ങളെ കൈകാര്യംചെയ്യുന്നത് എങ്ങനെയാണ്?
സാഹിത്യഭാഷയിൽ അലങ്കാരങ്ങളും ഉപമകളും കുത്തിനിറക്കുന്നത് പഴയ ശൈലിയാണെന്ന് അറിയാമല്ലോ. ഭാഷയിൽ ബിരുദാനന്തരബിരുദമെടുത്ത ഒരുവൻ സാഹിത്യമെഴുതാൻ തുനിയുന്നതുപോലെയുണ്ടാകും അത്. താഴ്ന്ന സാഹിത്യാഭിരുചിയും ഭാവുകത്വവുമുള്ളവരെ അത് ആകർഷിച്ചേക്കാം എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.
പറയാനുള്ളത് പരമാവധി വളച്ചുകെട്ടില്ലാതെ പറയുകയാണ് സാഹിത്യത്തിൽ നല്ലത്. മാത്രവുമല്ല, സാഹിത്യത്തിന് എപ്പോഴും പത്രപ്രവർത്തനവുമായി ഏറെ ബന്ധമുണ്ടുതാനും. പത്രപ്രവർത്തകർ വാർത്തയെഴുതുമ്പോൾ ഭാഷയിൽ ഉപേക്ഷിക്കുന്നതെല്ലാം സാഹിത്യത്തിനും വാസ്തവത്തിൽ ബാധകമാണ്.
പക്ഷേ, സാഹിത്യം പത്രവാർത്തയാകാനും പാടില്ല. വന്നുവന്ന് ഇപ്പോൾ പത്രവാർത്ത സാഹിത്യം പോലെയും സാഹിത്യം പത്രവാർത്തപോലെയും ആകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. വായനക്കാരനിൽ കഥകൾ ഉത്കണ്ഠയും ജിജ്ഞാസയും ജനിപ്പിക്കണം. പത്രവാർത്തകൾക്ക് അതിന്റെ ആവശ്യമില്ല.
മലയാളികൾ ഏറെ കാൽപനികമായി ആഗ്രഹിക്കുന്ന നഗരമാണ് കൊൽക്കത്ത. കൊൽക്കത്തയുടെ നിറം, കഥകളിൽ നമ്മൾ വായിച്ചറിഞ്ഞ കാളിഘട്ട്, ഹൗറ, നിരവധിയായ കാളീമുഖങ്ങൾ, മഞ്ഞ ടാക്സി, സൈക്കിൾ റിക്ഷകൾ.. ‘സന്ദേശ്’ പോലുള്ള മധുരങ്ങൾ... ഏറെ സൗന്ദര്യമുള്ള മനുഷ്യർ... അങ്ങനെ പലതും. അത്തരം വന്യമായ കാൽപനികത യഥാർഥത്തിൽ ഉണ്ടോ..? അതോ കഥകളിലെ ഭാവന മാത്രമാണോ..?
ഭാവന മാത്രമായിരുന്നില്ല അത്. തികച്ചും യാഥാർഥ്യം തന്നെയായിരുന്നു. പക്ഷേ, അതിനൊരു കാലമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ ദൃഢമായി നിന്ന കാലം. ബ്രിട്ടീഷുകാർ അവരുടെ നാടുപോലെ ഈ നാടിനെ (കൊൽക്കത്തയെ) മാറ്റിയെടുക്കാൻ യത്നിച്ച കാലമാണത്. സാമ്രാജ്യത്വം ഒരിക്കലും അവസാനിക്കില്ലെന്നും ഇന്ത്യൻ ആസ്ഥാനം എന്നുമെന്നും കൊൽക്കത്തയായിരിക്കുമെന്നും കരുതി വിയർപ്പൊഴുക്കി പലതും പണിത കാലഘട്ടം.
ആ കാലം ഇന്നില്ല. യൂറോപ്യൻ നാഗരികതയുടെയും സംസ്കാരത്തിന്റെയും നിഴലിൽ വളർന്ന ബംഗാളി ഭദ്രലോകും അതിദരിദ്രരായ അടിസ്ഥാനവർഗവും നിലനിന്ന കാലം പോയിമറഞ്ഞു. ദാരിദ്യ്രമില്ലാത്ത ജീവിതമെന്നത് അടിസ്ഥാനവർഗത്തിന് സ്വപ്നം കാണാൻ മാത്രം അവകാശമുണ്ടായിരുന്ന സാമൂഹികജീവിതത്തിൽ പിറവിയെടുക്കുന്ന കലകളിലും സാഹിത്യത്തിലും ആ കാൽപനിക ചാരുത കടന്നുവരാതിരിക്കില്ലല്ലോ. ടാഗോർ അതിന് വലിയ രീതിയിൽ വളമിട്ടുകൊടുത്തിട്ടുണ്ട്.
ടാഗോർ അതെടുത്തിട്ടുള്ളത് ബാവുൽ ഗാനങ്ങളിലും നസ്റുൽ ഗീതികളിൽനിന്നും പിന്നെ സ്വജീവിതത്തിൽനിന്നുമാണ്. ജീവിതത്തിലെ ദുഃഖത്തിന്റെ വിശകലനങ്ങൾ കാൽപനികമായി മാറാറുണ്ടല്ലോ. അതീവദുഃഖിതനായി കാലം കഴിച്ചുകൂട്ടേണ്ടിവന്ന ഹതഭാഗ്യൻകൂടിയാണ് ടാഗോർ. പിന്നാലെ വന്ന സത്യജിത് റായ് ആ ദുഃഖത്തിന്റെ ചാരുത ആവാഹിച്ച് കലാഭംഗിയുള്ള സാഹിത്യവും സിനിമയും രചിച്ചു.
1963ൽ റേ രചിച്ച ‘മഹാനഗർ’ എന്ന സിനിമ നോക്കൂ. ആ കാലത്ത് അതുപോലുള്ള ജീവിതം മലയാളിക്ക് ആലോചിക്കാൻപോലും കഴിയുമായിരുന്നില്ല. അത് ചരിത്രത്തിന്റെ അപര്യാപ്തതയും സമൂഹത്തിന്റെ വികാസക്കുറവുമാണ്. റായിയും ടാഗോറും ചിത്രകാരന്മാർകൂടിയായിരുന്നു. റായി പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പേരുതന്നെ ‘സന്ദേശ്’ എന്നായിരുന്നു. കാൽപനികമായി യാഥാർഥ്യങ്ങളെ തൊട്ടറിയുകയായിരുന്നു അവർ.
മധുരവും കണ്ണീരും സ്വപ്നങ്ങളും ഇടകലർന്നതായിരുന്നു ഒരുകാലത്തെ ശരാശരി ബംഗാളിയുടെ ജീവിതം. അവർ ഫിലോസഫിക്കലായും റൊമാന്റിക്കായും സാഹിത്യത്തിലും കലയിലും ജീവിതദുഃഖങ്ങളെ നോക്കിക്കാണുകയും പങ്കുവെക്കുകയും ആശ്വസിക്കുകയും ചെയ്തു. സന്തോഷ് കുമാർ ഘോഷിനെയും പിന്നീട് സുനിൽ ഗംഗോപാധ്യായയെയും ശങ്കറിനെയുംപോലെ അമ്പതുകളിൽ വന്ന യുവാക്കളും നഗരത്തിന്റെ കാപട്യങ്ങളെയും വളർച്ചയെയും മോഹഭംഗങ്ങളെയും ആവിഷ്കരിച്ചു.
അതിനുമുമ്പ് കാമിനി റോയിയും നീലിമ ഇബ്രാഹിമും പിന്നീട് ആശാപൂർണ ദേവിയും മഹാശ്വേതാദേവിയും മറ്റുമൊക്കെ ശക്തമായ ആശയങ്ങളിലൂടെയും നിലപാടുകളിലൂടെയും വിപ്ലവകരമായ എഴുത്തിലൂടെയും സ്ത്രീജീവിതത്തെയും സാമൂഹികജീവിതത്തെയും പരിഷ്കരിച്ചു. അങ്ങനെ പലരും.
ഏതാണ്ട് രണ്ടു നൂറ്റാണ്ടു കാലം ബംഗാളി സാഹിത്യം ഇന്ത്യയിൽ പകരക്കാരില്ലാത്ത വിധം സിംഹാസനം കൈയടക്കിവെച്ചു. മത്സരിച്ചെഴുതാനും നാടകം ചെയ്യാനും സിനിമ ചെയ്യാനും ഒരുപാടാളുകൾ ഒരേസമയം ബംഗാളിലുണ്ടായി. സമാന്തരമായി നാടോടി സംഗീതവും രവീന്ദ്രസംഗീതവും നൃത്തങ്ങളും ജാത്ര പോലുള്ള നാടകസംഘങ്ങളും വളർന്നു. ഏതിനും തണലൊരുക്കി ശാന്തിനികേതൻ ഉണ്ടായിരുന്നു. ആ കാലമെല്ലാം പോയി.
പല്ലുകൊഴിഞ്ഞ സിംഹമായി ഇന്നത്തെ ബംഗാളി സാഹിത്യവും സിനിമയും ചിത്രകലയുമെല്ലാം മാറി. ശാന്തിനികേതൻ വെറുമൊരു യൂനിവേഴ്സിറ്റിയായി. ടാഗോറും റായിയും ആവർത്തിച്ചാവർത്തിച്ച് ജനം ഭജിക്കുന്ന ദൈവങ്ങൾ മാത്രമായി. കലണ്ടറുകളായി. കൊച്ചു കൊച്ചു പ്രതിമാരൂപങ്ങളായി.
ഐ.സി.യുവിൽ കിടക്കുന്ന നഗരമാണ് കൊൽക്കത്തയെന്ന് പറഞ്ഞല്ലോ. പിന്നെങ്ങനെയാണ് അവിടെ ജീവിക്കാൻ കഴിയുന്നത്..?
അന്ത്യശ്വാസം വലിക്കാൻ പോകുന്ന രോഗിയെ പരിചരിക്കുന്ന ബൈസ്റ്റാൻഡറെപ്പോലെയാണ് ഞാൻ. നിത്യവും ഓരോന്നോരോന്നായി നഷ്ടപ്പെടുന്നതോ നശിക്കുന്നതോ ഞാനിവിടെ കാണുന്നു. ഉദാഹരണത്തിന് ഒറിജിനൽ ബംഗാളികൾക്ക് വംശനാശം വരുന്ന കാഴ്ച. വൈദേശിക പ്രതാപങ്ങളെ ചുമന്നുജീവിച്ചിരുന്നവരും വിദേശികളുടെ ശിക്ഷണം കിട്ടിയിട്ടുള്ളവരുമായ ബംഗാളിയുടെ പുതുതലമുറ ഈ നാടിനെയും നഗരത്തെയും ഉപേക്ഷിച്ചുകഴിഞ്ഞു.
അവർ നൊസ്റ്റാൾജിയയിൽ അഭിരമിക്കുന്നില്ല. അവർ യാഥാർഥ്യത്തെ ഉൾക്കൊണ്ട് ദേശം കടന്നുപോകുന്നു. ഇവിടെയുള്ള ബംഗാളി ഭാഷ പറയുന്ന എല്ലാവരും ബംഗാളികളല്ല. അവരുടെ പൂർവികർ നാലോ അഞ്ചോ തലമുറ മുമ്പ് യു.പിയിൽനിന്നും പഞ്ചാബിൽനിന്നും ബിഹാറിൽനിന്നും ഒഡിഷയിൽനിന്നും കുടിയേറി വന്നവരാണ്. അവരോട് ബംഗാളിയുടെ ആചാരങ്ങളെക്കുറിച്ച് ചോദിച്ചാൽ പറഞ്ഞുതരാനറിയില്ല. അവരുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മുമ്പിവിടെ ഇല്ലാതിരുന്ന ഗണേശപൂജയും ഹോളിയുമൊക്കെ കടന്നുവന്നു.
ബംഗാളിന്റെ അതിർത്തി ജില്ലകളിലാണെങ്കിൽ ബംഗ്ലാദേശിൽനിന്നും കുടിയേറി വന്നവരാണുള്ളത്. ഇവരൊക്കെ ചേർന്ന് ബംഗാളി പറഞ്ഞും ബംഗാളി ജീവിതം ജീവിച്ചും ഉണ്ടാക്കുന്ന ‘ബംഗാളിത്തം’ പഴയ ബംഗാളിയുടേതല്ല. അതായത് ബിഭൂതിഭൂഷണും വിമൽമിത്രയും താരാശങ്കർ ബാനർജിയും ഒക്കെ നമുക്ക് പരിചയപ്പെടുത്തിത്തന്ന ബംഗാളോ ബംഗാളിയോ ഇന്നില്ല. വളരെ സാവകാശം മാറ്റങ്ങളെ സ്വീകരിച്ചിരുന്ന ബംഗാളി ഇന്ന് അതിവേഗം ചില മാറ്റങ്ങളെ പുണരുന്നുണ്ട്.
കാര്യമായ പ്രതിഷേധമില്ലാതെ ട്രാം സർവിസ് നിർത്തലാക്കാൻ സാധിച്ചത് അതിനുദാഹരണമാണ്. പലപ്പോഴുമത് സ്വത്വം നശിപ്പിച്ചുള്ള ദേശത്തിന്റെ വികസനമായി മാറുന്നു. എല്ലായിടത്തും അതുതന്നെയാണ് നടക്കുന്നത്. ജപ്പാനിലൊക്കെ അതു കാണാൻ കഴിയും.
ഏതാണ്ട് 2021ൽ നോവലെഴുതണമെന്ന ആഗ്രഹത്തോടെ ഞാനും ബംഗാളിൽ എത്തിയിരുന്നു. പറഞ്ഞുകേട്ടും കഥകളിൽ വായിച്ചുമുള്ള സ്വപ്നഭൂമിയായിരുന്നു എനിക്കത്. കോവിഡിന്റെ രണ്ടാം തരംഗകാലത്താണ് ഞാനെത്തിയത്. ശാന്തിനികേതൻ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാവുലുകളോ പൗഷ് മേളയോ മറ്റുകാഴ്ചകളോ ഒന്നും തന്നെയില്ല. എനിക്കാകെ നിരാശ തോന്നി. ഒന്നുമെഴുതാൻ കഴിഞ്ഞില്ല. കൊൽക്കത്തയിലെത്തിയപ്പോൾ നല്ല ചൂടുള്ള വലിയ പാത്രത്തിനുള്ളിൽ അകപ്പെട്ടതുപോലെയായിരുന്നു. സത്യജിത് റായിയെപ്പറ്റി കേട്ടിട്ടുണ്ട്. ശാന്തിനികേതനിൽ പഠിക്കാൻ വന്നിട്ട് അധികനാൾ നിൽക്കാൻ കഴിയാതെ മടങ്ങിപ്പോയെന്ന്. എന്റെ അറിവിൽ ചിത്രരചന പഠിക്കാനും പ്രാക്ടിസ് ചെയ്യാനും വരുന്ന ധാരാളം വിദ്യാർഥികൾ അവിടെ തുടരാൻ കഴിയാതെ വിഭ്രാന്തി പിടിച്ച് തിരികെ പോകുന്നുണ്ട്.
ശരിയാണ്. ശാന്തിനികേതനിൽ ഒരുപാട് തവണ പോയിട്ടുണ്ട്. വിജനമായ കാമ്പസിലൂടെ ഒട്ടേറെ രാത്രികളിൽ നടന്നിട്ടുണ്ട്. രാംകിങ്കർ ബേജിന്റെ ശിൽപങ്ങളൊക്കെ നിലാവെട്ടത്തിൽ കാണുന്നതും ടാഗോർ പ്രതിമയെ ഇരുളിൽ കാണുന്നതും സാൽവൃക്ഷങ്ങൾ പരന്ന കാമ്പസ് കാണുന്നതുമൊക്കെ എനിക്ക് കിട്ടിയ അപൂർവാനുഭവമായിരുന്നു. ഇപ്പോളാ സ്ഥിതിയൊക്കെ മാറി. സെക്യൂരിറ്റിയും ചുറ്റുമതിലും ഒക്കെയായി.
അത് പഴയ ശാന്തിനികേതൻ അല്ല. വെറുമൊരു യൂനിവേഴ്സിറ്റി. അതിനാൽ നിരാശരായി വിദ്യാർഥികൾ മടങ്ങുന്നുണ്ടാവാം. നൃത്തം പഠിക്കുന്ന വിദ്യാർഥിനികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് അടുത്തിടെ ഒരധ്യാപിക പറഞ്ഞു. കോവിഡ് കാലത്ത് ഞാൻ കൊൽക്കത്തയിൽ തനിച്ചായിരുന്നു. വരാൻ പോകുന്ന നോവലിന്റെ പല ഡ്രാഫ്റ്റുകളും ചെയ്തത് അപ്പോഴാണ്. ഇപ്പോൾ ഇവിടെയും കാലാവസ്ഥ മാറിയിട്ടുണ്ട്. ചൂടുകാലത്ത് അസഹ്യമായ ചൂടാണ്. മഴ കുറഞ്ഞു. എന്നാലും ഈ നഗരം ഒരു സ്വപ്നഭൂമിതന്നെയാണ് എനിക്കും സഞ്ചാരികൾക്കും.
ഒരെഴുത്തുകാരനെ ഒരു നഗരം എങ്ങനെയാണ് സ്വാധീനിച്ചതെന്ന് അറിയാനാഗ്രഹമുണ്ട്. പറയാൻ കഴിയുമോ?
കൊൽക്കത്തയാണ് എന്നെ ഉടച്ചുവാർത്തത്. ഇവിടത്തെ സമൂഹം, ചരിത്രം, ജനങ്ങൾ, ലൈബ്രറികൾ, നാടകങ്ങൾ, സിനിമകൾ... അതെല്ലാം എന്നെ മാറ്റി. കുറച്ച് രസകരമായ ഒരനുഭവം പറയാം. ഞാൻ കൊൽക്കത്തയിൽ വന്ന ആദ്യനാളുകളിൽ രണ്ടു മലയാളികൾ കേരളത്തിൽ നിന്നെത്തി.
അവർ അവരുടെ സുഹൃത്തായ ഒരു ബംഗാളിയെയും കൂട്ടി സോനാഗച്ചിയിൽ പോകാൻ തീരുമാനിച്ചു. എന്നോടും വരുന്നോ എന്നു ചോദിച്ചു. പുതിയ അനുഭവങ്ങൾ തേടി വന്നയാളായതിനാൽ മുന്നും പിന്നും നോക്കാതെ ഞാനും ചെല്ലാമെന്ന് സമ്മതിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ റെഡ് സ്ട്രീറ്റാണ് സോനാഗച്ചി. ‘സോനാഗസി’ എന്നാണ് പഴയ പേര്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്താണ് ഇതിന്റെ ആരംഭം. പതിനാറായിരത്തോളം സെക്സ് വർക്കേഴ്സ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് കണക്ക്. നോർത്ത് കൊൽക്കത്തയിലാണ് ഈ സ്ഥലം. ഞാൻ താമസിക്കുന്നത് സൗത്ത് കൊൽക്കത്തയിലും. ഞങ്ങളവിടെ ചെന്ന് വെറുതെ ചുറ്റിനടന്നു. കേരളത്തിൽനിന്നും വന്ന രണ്ടു പുരുഷന്മാരും സെക്സ് ചെയ്യാനല്ല പോകുന്നത്.
അവിടത്തെ സ്ത്രീകളെ കാണാനാണ് കമ്പം. മലയാളിയുടെ ഒരുതരം ഇളക്കം. കൂടെയുള്ള ബംഗാളി കുറച്ച് സാഹസികനായിരുന്നു. പൊലീസോ നാട്ടുകാരോ എന്തു അക്രമം നടന്നാലും തിരിഞ്ഞുനോക്കാത്ത സ്ഥലമാണ് സോനാഗച്ചി. ഗുണ്ടകളും പിമ്പുകളുമാണ് ജനക്കൂട്ടത്തിൽ ഇടകലർന്ന് കാണുന്നത്. സാധാരണ തെരുവുകളിൽ സാധാരണ ജനജീവിതമുള്ളതിനാൽ നിറയെ ആൾസഞ്ചാരവുമുണ്ട്. അതിന്റെ ധൈര്യത്തിൽ ഞങ്ങൾ നാലുപേരും നടന്ന് ഏതോ അതിർത്തി മറികടന്നു.
പെട്ടെന്ന് ഒരുകൂട്ടം സ്ത്രീകൾ വന്ന് ഞങ്ങളെ പൊതിഞ്ഞു. ആണുങ്ങളൊന്നുമില്ല. ഒക്കെയും പല പ്രായത്തിലുള്ള സ്ത്രീകൾ. വസ്ത്രത്തിലും കൈയിലും പിടിച്ച് അവർ വലിക്കുകയാണ്. എന്തുചെയ്യണമെന്നറിയില്ല.
അവർ ഞങ്ങളെ വലിച്ച് നിർബന്ധമായി ഒരു കെട്ടിടത്തിൽ കയറ്റി. നിങ്ങൾ ‘കൽക്കട്ടാ ന്യൂസ്’ എന്ന െബ്ലസി സിനിമയിൽ കണ്ടിട്ടുണ്ടാവും. ഒക്കെയും ഇടുങ്ങിയ വഴികൾ. കുടുസ്സുമുറികൾ. വെളിച്ചമില്ലാത്ത കോണികൾ. ചുറ്റിനും സ്ത്രീകളും കുട്ടികളും മാത്രം. ആകെ പുരാതനവും ഭയാനകവുമായ അന്തരീക്ഷം.
അവർ ഞങ്ങളെ മൂന്നാംനിലയിലെ ഒരു മുറിയിലെത്തിച്ചു. അവിടെ ഉറങ്ങിക്കിടന്നിരുന്ന ഒരുവളെ എണീപ്പിച്ചുവിട്ടശേഷം അഞ്ചാറു പെണ്ണുങ്ങൾ ഞങ്ങളെ ബന്ദിയാക്കി. ആ സ്ത്രീകൾ തറപ്പിച്ചു പറയുന്നതെന്താണെന്നുവെച്ചാൽ ആരായാലും അവിടെ വരുന്നത് സെക്സ് ചെയ്യാനായിട്ടാണെന്നാണ്. കാഴ്ച കാണാനല്ല. അതിനാൽ വന്ന സ്ഥിതിക്ക് ഉള്ള കാശ് തന്നിട്ട് അതു ചെയ്തിട്ടുപോകണം എന്ന്.
ബംഗാളിയിലാണ് സംസാരം. ബംഗാളിയറിയാത്ത ഞങ്ങൾ മൂവരും പേടിച്ചുവിറച്ച് നിൽക്കുകയാണ്. കൂടെയുള്ള ബംഗാളി അവിടെ കയറിയതിന് അവരുടെ കാലിൽ പിടിച്ച് മാപ്പ് ചോദിച്ചുതുടങ്ങി. ഇവർ കേരളത്തിൽനിന്നും സ്ഥലം കാണാൻ വന്നവരാണെന്നും വഴിതെറ്റി അകപ്പെട്ടുപോയതാണെന്നും മറ്റുമാണ് അയാൾ വിശദീകരിക്കുന്നത്. തിരിച്ച് അവർ ചോദിക്കുന്നത് ഈ സ്ഥലമേതാണെന്ന് നിനക്കറിയില്ലേയെന്നും പിന്നെ നീയെന്തിനാണ് ഇവരെ ഇതിനകത്തു കയറ്റിയതെന്നുമാണ്.
സത്യത്തിൽ അവിടെ നടക്കുന്ന കാര്യങ്ങളിലൊന്നും എനിക്ക് ഭയം തോന്നിയില്ല. ഒന്നും മിണ്ടാതെയും യാചിക്കാതെയും ചുറ്റിനും നോക്കി കൗതുകത്തിൽ നിൽക്കുകയാണ് ഞാൻ ചെയ്തത്. കാരണം എന്റെ കൈയിൽ കാശില്ല. പിന്നെ നിർബന്ധിച്ച് അവർ സെക്സ് ചെയ്യിക്കില്ല എന്ന വിശ്വാസം. എന്നാലും അസ്വസ്ഥതയുണ്ട്.
ഒന്നൊന്നര മണിക്കൂർ ഈ ബന്ദിയാക്കൽ തുടർന്നു. അതിനിടയിൽ ആണുങ്ങളടക്കം പലരും അവിടെ വന്ന് ഞങ്ങളെ ഭീഷണമായി നോക്കുന്നുണ്ട്. സെക്സ് ചെയ്തേ പോകാൻ പറ്റൂ എന്നും അല്ലെങ്കിൽ അതവരെ അപമാനിക്കുന്നതുപോലെയാകുമെന്നുമാണ് സ്ത്രീകൾ ആവർത്തിക്കുന്നത്. മിക്കവാറും തുണിയഴിക്കേണ്ടിവരുമെന്ന് എനിക്ക് തോന്നാൻ തുടങ്ങി. ബംഗാളി ഞങ്ങൾക്കുവേണ്ടി യാചന തുടർന്നു.
ഒടുക്കം പണം കൊടുത്താൽ സെക്സ് ചെയ്യാതെ വിട്ടയക്കാമെന്നായി സ്ത്രീകൾ. എന്റെ കൂടെയുള്ള മൂന്നാണുങ്ങളും അറുപതിനുമേൽ പ്രായമുള്ളവരാണ്. അവരുടെ ഉടുപ്പുപൊക്കി വെള്ളി അരഞ്ഞാണം വരെ അവർ അഴിച്ചെടുത്തു. എന്നെ തപ്പിയപ്പോൾ ആകെ കിട്ടിയത് മൊബൈൽ ഫോണും കുറച്ച് ചില്ലറ നോട്ടുകളുമാണ്.
കൂട്ടത്തിൽ പയ്യൻ ഞാൻ മാത്രമാണ്. ആ പരിഗണന സ്ത്രീകളിൽനിന്നും എനിക്കു കിട്ടുന്നുമുണ്ട്. അങ്ങനെ ഒരുവിധം സെറ്റിലായി. ഞങ്ങളെ വിട്ടയക്കാമെന്നായി. അത്രയും നേരം പഴമയുടെ മണമുള്ള ചെറിയ മുറിയിൽ അങ്ങേയറ്റം അസ്വസ്ഥരായി നിൽക്കുകയായിരുന്നു ഞങ്ങളെല്ലാവരും. ആർക്കും ആരെയും നോക്കാൻപോലും ലജ്ജ കാരണം തോന്നുന്നില്ല.
ഒടുക്കം അവരിൽ ഇളയവൾ, കാണാനും സുന്ദരി, ഏതാണ്ട് എന്റെ പ്രായക്കാരി എന്നെ കെട്ടിപ്പിടിച്ചിട്ട് ബംഗാളിയിൽ പറഞ്ഞു. ഇവനെ എനിക്കിഷ്ടമായി. നീ സെക്സ് ചെയ്തിട്ടുപോയാൽ മതി. ഫ്രീയാണ് എന്ന്. കൂടെയുള്ള ബംഗാളി അത് പരിഭാഷപ്പെടുത്തി തന്നതോടെ ഞാൻ തകർന്നുപോയെന്നതാണ് സത്യം. കാരണം ബാക്കി മൂവരെയും അവർ ഏറക്കുറെ സ്വതന്ത്രരാക്കി നിർത്തിയിരിക്കുകയാണ്.
മറ്റു പെണ്ണുങ്ങളെല്ലാം മുറി വിട്ടുപോയി. എന്റെ കൂടെയുള്ള ആണുങ്ങൾക്കും വേണമെങ്കിൽ പോകാം. അവളാണെങ്കിൽ എന്നെ ചുറ്റിപ്പിടിച്ച് തഴുകാൻ തുടങ്ങി. വല്ലാത്തൊരു േപ്രമമാണ് അവളുടെ ചലനങ്ങളിൽ. എനിക്കത് മനസ്സിലാകുന്നുണ്ട്. കുട്ടിക്കാലം മുതലേ ഞാൻ േപ്രമിച്ച പെണ്ണിനെയും അവളെ ഓർത്ത് യൗവനം കളഞ്ഞതിനെപ്പറ്റിയും ഓർത്തുപോയി. എനിക്ക് പണം കൊടുത്തോ ഇഷ്ടമില്ലാതെയോ സെക്സ് ചെയ്യുന്നത് ആലോചിക്കാനേ പറ്റില്ല. ഞാനക്കാലത്ത് ഒറ്റക്ക് ജീവിക്കുകയാണ്. എനിക്കിതെല്ലാം ആവശ്യമുണ്ട്.
പക്ഷേ അതൊരു ലൈംഗിക തൊഴിലാളിയുടെ കൂടെ സാധിക്കില്ല. ദയനീയമായി ഞാൻ പറഞ്ഞു. എനിക്ക് സാധിക്കില്ലെന്ന്. കൂടെയുള്ള ബംഗാളിയും എന്നെ വിട്ടുകൊടുക്കാൻ അപേക്ഷിച്ചുതുടങ്ങി. കുറച്ചുനേരത്തെ നിർബന്ധത്തിനുശേഷം, ശരിക്കും അത് അപേക്ഷപോലെയായിരുന്നു, അവളെന്നെ വിട്ടു. അവളുടെ മുഖത്ത് കഠിനമായ നിരാശയുണ്ടായിരുന്നു.
വരാന്തയിൽ നിന്ന സ്ത്രീകൾ ഞങ്ങളെ താഴേക്ക് പോകാനനുവദിച്ചു. തിരിച്ചിറങ്ങുമ്പോൾ ആരും ഉപദ്രവിക്കുകയോ മോശം വാക്കുകൾ പറയുകയോ ഉണ്ടായില്ല. തെരുവിലേക്കിറങ്ങിയപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. അവൾ മുകളിലെ ജനലരികിൽനിന്നും ഉറക്കെപ്പറഞ്ഞു.
നിനക്കിഷ്ടമുള്ളപ്പോൾ വരണം. ഞാൻ കാത്തിരിക്കും. എനിക്ക് നിന്നെ ഇഷ്ടമായി എന്ന്. എന്നിട്ട് അവൾ അവളുടെ പേര് വിളിച്ചുപറഞ്ഞു. ഞാൻ തിരിഞ്ഞുനോക്കി. മഴ പെയ്യുന്ന പൊളിഞ്ഞ കെട്ടിടത്തിലെ ജനലോരത്ത് തല പുറത്തേക്കിട്ട് അവൾ ആശയോടെ നിൽപുണ്ടായിരുന്നു.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഏത് സാഹചര്യത്തിൽ ജീവിക്കുന്ന ആളിലും മനുഷ്യത്വവും വികാരങ്ങളും മറ്റൊരുവിധത്തിലുണ്ടാകുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി. എന്നെ നല്ല എഴുത്തുകാരനും കൂടുതൽ നല്ല മനുഷ്യനുമാക്കിയത് കൊൽക്കത്തയാണ്.
സുസ്മേഷ് ചന്ത്രോത്ത് -പഴയകാല ചിത്രം
പിന്നീടവിടെ പോയിട്ടുണ്ടോ..?
ഉണ്ട്. ബംഗാളി ചെറുപ്പക്കാരുടെ കൂടെ ദുർഗാപൂജക്ക് പോയിട്ടുണ്ട്. ഈ പറഞ്ഞ ഉൾഭാഗങ്ങളിലേക്ക് പിന്നീട് കടന്നിട്ടില്ല. കടക്കുന്നത് അപകടവും അവരെ അപമാനിക്കലുമാണെന്ന് എനിക്കറിയാം. അന്നവർക്ക് വെറുതെ കാശ് വാങ്ങാൻ താൽപര്യമില്ലായിരുന്നു. പിന്നെ അതിക്രമിച്ചു കയറിയതിന് ഒരു ശിക്ഷയെന്ന നിലയിലാണ് അവർ പണം വാങ്ങിയത്. അത് ന്യായമാണല്ലോ.
കേരളത്തിൽനിന്നും വരുന്നവർ ആണായാലും പെണ്ണായാലും സോനാഗച്ചി കാണണമെന്ന് എന്നോട് പറയാറുണ്ട്. ഞാനാരെയും കൊണ്ടുപോയിട്ടില്ല. ഒരിക്കൽ കുറേ മലയാളി സ്ത്രീകൾ ഒരുപാട് നിർബന്ധിച്ചു. അവിടെ പോകാൻ. എനിക്കു തോന്നുന്നത് സെക്സ് വർക്ക് ചെയ്യുന്ന സ്ത്രീകളോട് കുടുംബിനികളായ സ്ത്രീകൾക്ക് അനുകമ്പയോ വീരാരാധനയോ ഉണ്ടെന്നാണ്. ചിലപ്പോളെന്റെ തോന്നലായിരിക്കാം.
കേൾക്കുമ്പോൾ ഒരു മഴ നനഞ്ഞ് തീർന്നതുപോലെ തോന്നുന്നു... കൊൽക്കത്തയെപ്പറ്റി ഇനിയും കേൾക്കണമെന്ന് തോന്നുന്നു...
ഒരുപാടുണ്ട് പറയാൻ. ഇവിടത്തെ നാടകങ്ങളെപ്പറ്റി... അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ സമീപത്തൊരു തിയറ്ററുണ്ട്. മുംെബെയിലെ പൃഥ്വി തിയറ്റർ പോലെ. സ്റ്റേജിൽ മൈക്ക് ബാധ്യതയാണെന്ന് ഞാൻ മനസ്സിലാക്കുന്നത് ഇവിടെ വന്നശേഷമാണ്. മൈക്കില്ലാത്തതിനാൽ അഭിനേതാക്കൾ കൂടുതൽ സ്വതന്ത്രരാവുന്നു. അഭിനയം ഒന്നുകൂടി അനായാസമാകുന്നു.
കഥാപാത്രത്തിന്റെ ശ്വാസനിശ്വാസം വരെ നമുക്കറിയാം. മറ്റൊന്ന് ഈ സമൂഹത്തിൽ മനുഷ്യർ അനുഭവിക്കുന്ന സദാചാരഭാരമില്ലാത്ത ജീവിതമാണ്. കൗമാരമാകുന്നതോടെ മക്കളെ രക്ഷിതാക്കൾ സ്വതന്ത്രരാക്കുന്നു. അവർക്ക് ഇണയെ കണ്ടെത്താനുള്ള ഭാഗ്യം ലഭിക്കുന്നു.
അവർ പല പല ഇണകളെ കണ്ടെത്തി ഒടുവിൽ യോജിച്ച ഒരാളുമായുള്ള വിവാഹത്തിലേക്കെത്തുന്നു. പരസ്യമായ ആലിംഗനങ്ങളും ചുംബനങ്ങളും കൊൽക്കത്തയിൽ സാധാരണപോലെ കാണാം. നമുക്ക് അയ്യേ എന്നു തോന്നുന്നതും ഇപ്പോൾ കേരളത്തിലേക്കും എത്തിക്കഴിഞ്ഞതുമായ അവസ്ഥ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.