മലയാളത്തിലെ അതിബൃഹത്തായ രണ്ടാമത്തെ നോവൽ ‘വഴിച്ചെണ്ട’ എഴുതിയ നോവലിസ്റ്റും കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു. തന്റെ കഥയുടെ വഴികളെയും കൊൽക്കത്തയുടെ അവസ്ഥകളെയും കുറിച്ചാണ് കഥാകൃത്തും എഴുത്തുകാരിയുമായ മേഘ മൽഹാറിനോട് സുസ്മേഷ് സംസാരിക്കുന്നത്. കഴിഞ്ഞ ലക്കം തുടർച്ച.
എഴുത്ത്, പുസ്തകപ്രസിദ്ധീകരണം, വായനക്കാരെ തേടൽ ഇവയിലേക്ക് വന്നാൽ ഇപ്പോൾ എല്ലാം നമുക്ക് ചുറ്റിനുമുണ്ട്. ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാം. എപ്പോൾ വേണമെങ്കിലും എവിടെ നിന്നാണെങ്കിലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകുന്നു. പണ്ടുകാലങ്ങളിലെപ്പോലെ ഒരു പരിശ്രമമോ പൂർണമായ സമർപ്പണമോ ഈ കാലത്തിന് ആവശ്യമില്ലെന്ന് കരുതുന്നുണ്ടോ..?
പൂർണമായ സമർപ്പണവും പരിശ്രമവും കൂടാതെ ഒരാൾക്കും ഒരു കാര്യത്തിലും വിജയം വരിക്കാനാകില്ല. താൽക്കാലിക നേട്ടങ്ങളെയോ പ്രശസ്തിയെയോ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. കാലം മാറിയിട്ടുണ്ടാവാം. നിങ്ങൾ എ.ഐയെക്കൊണ്ട് പണിയെടുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് കഠിനാധ്വാനവും ഏകാഗ്രത നിറഞ്ഞ പരിശ്രമവും ആവശ്യമുണ്ട്. ഇന്ന് ചിലതിനെയെല്ലാം ടെക്നോളജി എളുപ്പമാക്കിയിട്ടുണ്ട്. പ്രാഥമിക വിവരശേഖരണത്തിന് ഇന്റർനെറ്റിനെ ആശ്രയിക്കാം. പക്ഷേ, അതിന്റെ സൂക്ഷ്മമായ ഫലപ്രാപ്തിക്ക് ആ വിഷയത്തിൽ വൈദഗ്ധ്യമുള്ള ആളുടെയോ ലൈബ്രറിയുടെയോ സഹായം തേടേണ്ടതുണ്ട്. മിനക്കെടാനുള്ള ആ മനസ്സ് നഷ്ടമായാൽ ക്വാളിറ്റി ഉണ്ടാക്കാനാവില്ല.
നേരത്തേ പരാമർശിച്ചല്ലോ കഠിനാധ്വാനവും പരിശ്രമവും സമർപ്പണവുമില്ലാതെ ഒന്നും സാധ്യമാകില്ലെന്ന്. പക്ഷേ, ഇന്നത്തെ കാലത്തിന് ഈ വാക്കുകളോടൊപ്പം ‘സമർഥമായ’ എന്നുകൂടി ചേർക്കേണ്ടിവരില്ലേ..?
ഓരോ മനുഷ്യനും വേണ്ടുന്നത് ഇവിടെയുണ്ട്. ധനമായാലും പ്രശസ്തിയായാലും മനഃസമാധാനമായാലും ഏതായാലും. നമുക്കുള്ളത് നമുക്ക് കിട്ടാതിരിക്കില്ലെന്നും കിട്ടുന്നതാണ് നമുക്കുള്ളതെന്നും മനസ്സിലാക്കിയാൽ അധികസാമർഥ്യത്തിന്റെ ആവശ്യം വരുന്നില്ല. കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി എന്റെ പുസ്തകങ്ങൾക്ക് റിവ്യൂ വരാറില്ല. പഠനങ്ങൾ വിരളമായിട്ടേ വന്നിട്ടുള്ളൂ.
എനിക്കു വേണമെങ്കിൽ പരിചയമുള്ളവരോട് പറഞ്ഞ് നിരൂപണങ്ങൾ എഴുതിപ്പിക്കാം. അത് പരിചയമുള്ള പത്രങ്ങളിൽ കൊടുക്കാം. പ്രസിദ്ധീകരിച്ചു വരുമ്പോൾ അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാം. അങ്ങനെ ഒട്ടേറെ പ്രശസ്തനാണ് ഞാനെന്ന് വിളംബരം ചെയ്യാം. ഞാനാലോചിക്കുന്നത് ഞാനങ്ങനെ ചെയ്തിട്ട് എന്താണ് നേട്ടമെന്നാണ്. എന്നെപ്പറ്റി എഴുതണമെന്ന് തോന്നിയിട്ട് ഒരാളെഴുതുമ്പോളല്ലേ യഥാർഥത്തിൽ ആഹ്ലാദിക്കാനുള്ള വക കിട്ടുന്നത്... അതുപോലെ വിളിക്കുന്ന പൊതുപരിപാടികളിലെല്ലാം വേണമെങ്കിൽ പോകാം. അധികാരത്തിലിരിക്കുന്നവരോട് അടുപ്പം കൂടി സ്ഥാനമാനങ്ങൾ നേടാം. അതാണോ ഞാൻ ചെയ്യേണ്ടത്..?
അല്ല. കെ.സി. ജോസഫ് സാംസ്കാരിക മന്ത്രിയായിരിക്കുന്ന കാലത്ത് അന്തരിച്ച ടി.പി. രാജീവനാണ് എന്നെ സാഹിത്യ അക്കാദമിയുടെ ഏതോ കമ്മിറ്റിയിലേക്ക് വിളിക്കുന്നത്. അപ്പോൾത്തന്നെ ഞാനൊഴിഞ്ഞു. അത് കോൺഗ്രസ് ഭരിക്കുന്നതുകൊണ്ടല്ല. അതേസമയം, ഞാൻ വോട്ട് ചെയ്യുന്ന ഇടതുപക്ഷം ഇന്നുവരെ എന്നെ ഒരു ഭരണസമിതിയിലേക്കും വിളിച്ചിട്ടുമില്ല. ആരു വിളിച്ചാലും പോകുകയുമില്ല. അതുവേറെ കാര്യം. അക്കാദമിയിൽ ഭരണം നടത്തൽ എന്റെ ജോലിയല്ല.
എന്റെ പണി എഴുതുക എന്നതു മാത്രമാണ്. അതിൽ കഠിനാധ്വാനവും ആത്മസമർപ്പണവും നടത്തുക. ഞാനെടുക്കുന്ന പണി എന്നെക്കൊണ്ട് കഴിയും വിധം വൃത്തിയായി ചെയ്യുക. വേറെ സാമർഥ്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. അഥവാ അത്തരം സാമർഥ്യങ്ങളിലൂടെ ആരെങ്കിലും നേടുന്നതൊന്നും നിലനിൽക്കാൻ പോകുന്നതല്ല. താൽക്കാലിക ലാഭമോ ആഹ്ലാദമോ കിട്ടിയേക്കാം. അതും ഞാനാഗ്രഹിക്കുന്നില്ല.
ഒരാൾ ഇപ്പോൾ എഴുത്തുകാരനോ എഴുത്തുകാരിയോ ആകാനാഗ്രഹിക്കുന്നു. ചില പ്രത്യേക സ്ട്രാറ്റജികൾ ഉപയോഗപ്പെടുത്തി, കൃത്യമായി അവതരിപ്പിച്ചാൽ പെട്ടെന്നു തന്നെ സമൂഹം അതേറ്റെടുക്കുന്നുണ്ടല്ലോ.
ജനശ്രദ്ധ പിടിച്ചുപറ്റാനായി സാഹിത്യത്തെ പ്രകടനമാക്കുന്നതിനെക്കുറിച്ചാണോ ചോദ്യം. ആണെങ്കിൽ അത്തരം ശ്രമങ്ങളോടും എനിക്ക് താൽപര്യമില്ല. സമൂഹം മുഴുവനും അതേറ്റെടുക്കുമെന്നത് തെറ്റിദ്ധാരണയുമാണ്. വാചാലതയാണ് കലയെന്ന് കരുതുന്നവരും കലയിലെ മുദ്രാവാക്യം വിളികളാണ് പ്രതിബദ്ധതയെന്ന് തെറ്റിദ്ധരിക്കുന്നവരുമായ ന്യൂനപക്ഷം കുറേക്കാലത്തേക്ക് അതേറ്റെടുക്കുമായിരിക്കും. അതുകഴിഞ്ഞാൽ അവർപോലും തലയിൽനിന്നെടുത്ത് നിലത്തേക്കിടും. അതേസമയം, സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ സാഹിത്യത്തിന് പ്രമേയമാകണമെന്ന ശക്തമായ അഭിപ്രായമുണ്ട് എനിക്ക്. അത് കലാത്മകമാകണം. ശ്രദ്ധ പിടിച്ചുപറ്റുന്നതിനോ വിപണി പിടിച്ചെടുക്കുന്നതിനോ മനപ്പൂർവം പ്രകോപനമുണ്ടാക്കുന്നതിനോ സാഹിത്യത്തിൽ ഒരു വിഷയത്തെ അവതരിപ്പിക്കരുത്. അത് കാലത്തെ മറികടക്കില്ല.
നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ചുറ്റുപാടിൽ ഒരുപക്ഷേ, നാം കണ്ടും കേട്ടും പരിചയിച്ചും വന്ന രീതികൾ മുഴുവനായും മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ ഞാൻ വായിച്ചിരുന്നു. താങ്കൾ ചെറുപ്രായത്തിൽത്തന്നെ എഴുത്തുകാരനായി പാകപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി വളരെ കഠിനമായ ജീവിതരീതികൾ തിരഞ്ഞെടുത്തിരുന്നുവെന്ന്. അതായത് സുഖസൗകര്യങ്ങളെല്ലാം വെടിഞ്ഞ് ഒരുതരം ത്യാഗപൂർണമായ ജീവിതം. ചരിത്രത്തിലേക്ക് നോക്കുമ്പോൾ ഇത്തരം മാർഗങ്ങൾ, രീതികൾ തന്റെ കലാസപര്യക്കുവേണ്ടി സ്വീകരിച്ച ധാരാളം കലാകാരന്മാരെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, ഇന്ന് അത്തരം സങ്കൽപങ്ങളൊന്നുംതന്നെ നിലനിൽക്കുന്നില്ല. ഇന്നത്തെ ചെറുപ്പക്കാർ കല എന്ന ആശയത്തെ തന്നെ നോക്കിക്കാണുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ എഴുത്തുജീവിതത്തെ എങ്ങനെ പുതുക്കിപ്പണിയാനാണ് താങ്കൾ ശ്രമിക്കുന്നത്?
വളരെ ചെറുപ്രായത്തിൽത്തന്നെ എഴുത്തുകാരനായാൽ മതിയെന്ന് തീരുമാനമെടുത്തയാളാണ് ഞാൻ. അന്നൊന്നും എനിക്കതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയുമായിരുന്നില്ല. കൗമാരമൊക്കെ കഴിഞ്ഞ് എഴുത്തുകാരനാണെന്ന മേൽവിലാസം കിട്ടിത്തുടങ്ങിയശേഷമാണ് എഴുത്തിൽ നിലനിൽക്കേണ്ടതിന്റെയും സാഹിത്യപ്രവർത്തനത്തെ ഉത്തരവാദിത്തത്തോടെ കാണേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഞാൻ കാര്യമായി ചിന്തിക്കുന്നത്. അപ്പോളേക്കും ഞാൻ സ്വയമുണ്ടാക്കിയെടുത്ത ജീവിതശൈലിയുമായി ചേർന്നുകഴിഞ്ഞിരുന്നു.
പിന്നീടെനിക്ക് അതിൽനിന്നും മാറാൻ കഴിഞ്ഞിട്ടില്ല. അതൊരു മാതൃകയാണെന്നോ അതാണ് ശരിയെന്നോ അല്ല ഞാൻ പറഞ്ഞുവരുന്നത്. ആ ജീവിതരീതിയിൽ തീർച്ചയായും ഒരുപാട് വേണ്ടെന്നുവെക്കലുകൾ ഉണ്ടായിട്ടുണ്ട്. വേണ്ടെന്നുെവച്ചതെല്ലാം എനിക്കാവശ്യമില്ലാത്ത കാര്യങ്ങളാണ്. ആവശ്യമുള്ള കാര്യങ്ങളെല്ലാം ഇന്നും കൂടെത്തന്നെയുണ്ട്. വേണ്ടാത്തതിനെ ഒഴിവാക്കുന്നതിനെ ത്യജിക്കൽ എന്നുപറയാൻ പറ്റില്ലെന്ന് തോന്നുന്നു.
എങ്ങനെയാണ് താങ്കളുടെ ഒരുദിവസത്തെ ക്രമം? സർഗാത്മകരചനയിലേക്ക് പൂർണമായി സമർപ്പിച്ച ആളെന്നനിലയിൽ അറിയാനൊരു കൗതുകമുണ്ട്...
പൂർണമായ സമർപ്പണം എന്നതു തെറ്റാണ്. ഭാഗികമെന്നോ മുക്കാൽഭാഗമെന്നോ ഒക്കെ പറയാം. കാരണമുണ്ട്. ഞാനൊരു കുടുംബാംഗമാണ്. സമൂഹത്തിന്റെ ഭാഗമാണ്. എഴുത്തല്ലാത്ത വേറെയും ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. അതെല്ലാം നിറവേറ്റാതെ ജീവിക്കാനാവില്ല. ചന്തയിൽ പോകുന്നതും ചടങ്ങുകൾക്ക് പോകുന്നതും വീട്ടുപണികൾ എടുക്കുന്നതും ഒക്കെ കഴിഞ്ഞിട്ടുള്ള സമയമാണ് എഴുതാനോ വായിക്കാനോ കിട്ടുന്നത്. എറണാകുളത്താണെങ്കിൽ ഒരുദിവസം എനിക്കായി കിട്ടുന്നത് വളരെ കുറച്ചു നേരമായിരിക്കും. അന്നേരം വായിക്കും. ബംഗളൂരുവാണെങ്കിൽ പകൽ മുഴുവൻ കിട്ടും.
അത് വായിക്കാനോ വല്ലതും എഴുതിെവച്ചിട്ടുള്ളത് പൂർത്തിയാക്കാനോ ആയി വിനിയോഗിക്കും. കൊൽക്കത്തയിലാണ് ഞാൻ എഴുത്തുകാരനായി സ്വയം മാറുന്നതെന്നു തോന്നുന്നു. അല്ലെങ്കിൽ മുഴുവൻ ദിവസവും തനിച്ചിരിക്കുന്ന ഏതെങ്കിലും സ്ഥലത്ത്. ആ സമയങ്ങളിൽ ചെയ്യുന്ന എഴുത്തുപണിയുടെ പിരിമുറുക്കമനുസരിച്ച് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലിചെയ്യും. എഴുത്തും വായനയും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ വായിക്കുമ്പോൾ കുറേയധികം വായിക്കുകയും എഴുതുമ്പോൾ എഴുത്തിൽമാത്രം ചിന്തിച്ചു മുഴുകുകയും ചെയ്യും. പൊതുവേ പകൽ ജോലി ചെയ്യാനും രാത്രി നേരത്തേ കിടന്നുറങ്ങാനുമാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് മറ്റു ജോലിക്കു പോകാത്തത്.
കാലമേറെ മാറിയിരിക്കുന്നു. കലയുടെ, എഴുത്തിന്റെ രീതികൾ അപ്പാടെ മാറിയിരിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ വന്നെത്തി നിൽക്കുമ്പോൾ എന്താണ് മനസ്സിനെ അലട്ടുന്നത്..? സ്വന്തമായെടുത്ത ആ ഉറച്ച തീരുമാനം ശരിയായിരുന്നുവോ..?
മനസ്സിനെ അലട്ടുന്നത് സ്വന്തം ജീവിതത്തിന്റെ ഭാരംതന്നെയാണ്. പിന്നീടേ ലോകത്തിന്റെ വിഷമങ്ങളും രോദനങ്ങളും ചെവിയിലെത്തുന്നുള്ളൂ. സ്വന്തം ജീവിതത്തിന്റെ ഭാരമെന്നു പറഞ്ഞാൽ, നമ്മൾ മാത്രമല്ലല്ലോ, നമ്മളെ ആശ്രയിച്ചു നിൽക്കുന്ന മാതാപിതാക്കളുണ്ട്. അവരോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങളും കടമകളുമുണ്ട്. അതെല്ലാം മാറ്റിവെച്ച് ഞാൻ കലാകാരനാണ് എന്ന് പ്രഖ്യാപിച്ച് ഒഴിഞ്ഞുമാറി ജീവിക്കാനാവില്ലല്ലോ. ചിലപ്പോൾ ഇതെല്ലാം വിട്ട് മറ്റെന്തെങ്കിലും ജോലിക്കു പോകണമെന്ന് തോന്നിപ്പോകാറുണ്ട്. കാരണം, ഞാനൊരു പോപ്പുലർ റൈറ്ററല്ല.
എന്റെ പുസ്തകങ്ങൾക്ക് വിവർത്തനങ്ങളില്ല. അതായത് കേരളത്തിലെ രണ്ടോ മൂന്നോ പ്രസാധകർ വർഷത്തിലൊരിക്കൽ തരുന്ന റോയൽറ്റി മാത്രം കിട്ടിയിട്ട് ജീവിച്ചുപോകാൻ തീരെ കഴിയുകയില്ല. എനിക്ക് പക്ഷേ എഴുത്തിനോട് അത്രമാത്രം പ്രണയമാണ്. വികാരമാണ്. അതിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ സ്വീകരിക്കാൻ എനിക്കാവില്ല. ഒരുപക്ഷേ ജീവിതത്തിൽ ഞാൻ നൂറുശതമാനം സത്യസന്ധത പുലർത്തുന്ന ഒരേയൊരു കാര്യം സാഹിത്യപ്രവർത്തനം മാത്രമായിരിക്കാം.
എനിക്ക് കടമോ ദാരിദ്യ്രമോ ഇല്ലെങ്കിലും അത് വരാതെ ജീവിക്കുന്നതിന്റെ ഞെരുക്കം അസഹ്യമാണ്. അതോടൊപ്പം എഴുത്തിൽ സ്വയം നവീകരിച്ച് നിൽക്കാനുള്ള ആന്തരികസമ്മർദം. അത് മറ്റൊരു ഭാരമാണ്. സമകാലിക ലോകസാഹിത്യം വായിക്കുമ്പോൾ നമുക്ക് കിട്ടുന്നത് ഊർജമല്ല, നിരാശയാണ്. അതുപോലെ നമുക്കെഴുതാനാവുന്നില്ലല്ലോ എന്ന സത്യസന്ധമായ നിരാശ. എഴുത്തുകാരനാകാനുള്ള ഞാനെടുത്ത തീരുമാനം ശരിയാണ്. പക്ഷേ, അതുതരുന്ന സംഘർഷങ്ങളും സമ്മർദങ്ങളും സഹിക്കാൻ പറ്റാത്തതാണ്.
എങ്ങനെയാണ് അത്തരം സംഘർഷങ്ങളെയും സമ്മർദങ്ങളെയും നേരിടുന്നത്..?
ഏകാന്തതയും ലളിതജീവിതവുമാണ് ഞാൻ പിന്തുടരുന്ന മാർഗം. പരമാവധി വായിക്കും. വിവർത്തനങ്ങളും ഇംഗ്ലീഷും നമ്മുടെ ആനുകാലികങ്ങളും. ഞാനനുഭവിച്ചതും അടുത്തറിഞ്ഞതുമായ ആളുകളിലേക്ക് എപ്പോഴും ഉറ്റുനോക്കിക്കൊണ്ടിരിക്കും. അവരെ വേറിട്ടുകണ്ട് അവരുടെ മനസ്സ് പിടിച്ചെടുക്കാൻ ശ്രമിക്കും. പിന്നെ എഴുതും. എഴുത്താണ് എല്ലാത്തിനും എനിക്കുള്ള പരിഹാരം. അത് നന്നാകുന്നുണ്ടോ ആളുകൾ ഏറ്റെടുക്കുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമേയല്ല.
ജീവിതത്തിന്റെ പലതരം ഉത്തരവാദിത്തങ്ങൾക്കിടയിൽനിന്ന് എഴുതുക അല്ലെങ്കിൽ മറ്റേതെങ്കിലും സർഗാത്മക പ്രവൃത്തിയിൽ ഏർപ്പെടുക എന്നത് ശ്രമകരമാണ്. നേരത്തേ പരാമർശിച്ച ജീവിതഭാരത്തിൽപെട്ട് എഴുത്ത് തുടരാനാവാതെ പോയ നല്ല ക്രാഫ്റ്റും കഴിവുമുള്ള ഒരുപാട് പേരില്ലേ. താങ്കളുടെ യാത്രയിൽ അത്തരത്തിൽ ആരുടെയെങ്കിലും മുഖം ഓർമയുണ്ടോ..?
ഒരുപാട് പേരുണ്ട്. വളരെ സങ്കടകരമാണത്. എന്നെക്കാൾ കഴിവും പ്രതിഭയുമുള്ളവരായിരുന്നു അവരിൽ മിക്കവരും. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി കിട്ടുന്നതോടെയും കല്യാണം കഴിക്കുന്നതോടെയും കുട്ടികളാവുന്നതോടെയും പലരും സർഗാത്മക വൃത്തിയിൽനിന്നും പിൻവാങ്ങിപ്പോകും. അധികവും സ്ത്രീകൾ. പത്തു കൊല്ലം മുമ്പ് എന്റെ കുഞ്ഞുകഥ നാലാംക്ലാസിലെ പാഠപുസ്തകത്തിലുണ്ടായിരുന്നു. അത് മകനെ പഠിപ്പിക്കേണ്ടി വന്ന ഒരാൾ എന്നെ ഫോണിൽ വിളിച്ചു.
ഞങ്ങൾ വർഷങ്ങൾക്കു പിറകിൽ ഒന്നിച്ചൊരു സാഹിത്യക്യാമ്പിലുണ്ടായിരുന്നവരാണ്. അന്ന് ഞാനൊഴികെ മിക്കവരും രചനകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളവരോ എഴുത്തുപരിചയമുള്ളവരോ ആണ്. വിളിച്ചയാൾ എന്റെ വളർച്ചയെക്കുറിച്ച് വാതോരാതെ പ്രശംസിച്ചു. ഒടുക്കം ആ വർത്തമാനം അയാൾക്ക് എഴുത്തു തുടരാൻ പറ്റാതെ പോയതിന്റെ വിഷമത്തിലേക്ക് കടന്നു. ആ നിരാശാവർത്തമാനം കുറെനേരം കേട്ടുനിന്നപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾക്ക് ജോലി കിട്ടി. വിവാഹം കഴിച്ചു. കുട്ടികളുണ്ടായി. വീടുെവച്ചു. കാർ വാങ്ങി. സാമ്പത്തികഭദ്രത വന്നു. സുഖമായി ജീവിക്കുന്നു. ഇതിനിടയിൽ നിങ്ങൾക്ക് കിട്ടാതെ പോയത് സാഹിത്യപ്രവർത്തനം മാത്രമാണ്.
അതേസമയം, നിങ്ങൾ നേടിയതൊന്നും ഞാൻ നേടിയിട്ടില്ല. എനിക്കാകെയുള്ളത് എഴുതാനുള്ള ചെറിയ കഴിവു മാത്രമാണ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾക്ക് നിരാശപ്പെടാൻ എന്താണുള്ളത്. നിങ്ങളാഗ്രഹിച്ചതെല്ലാം നിങ്ങൾ നേടി. ഞാനാഗ്രഹിച്ചത് ഞാനും. ചുരുക്കിപ്പറഞ്ഞാൽ ഇത്രയേയുള്ളൂ, എന്റെ പ്രതിഭയുടെ ശക്തിയല്ല, നിരന്തരം ജോലിചെയ്യാനുള്ള മനസ്സാണ് എന്നെ എഴുത്തുകാരനാക്കിയത്. പലർക്കും അതിന് നേരം കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ടാണ് സർഗജീവിതം ഇല്ലാതെ പോകുന്നത്.
മറ്റുള്ള ജോലികൾപോലെ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണ് സർഗാത്മകരചന. വിചാരിക്കുന്നപോലെ ഒട്ടും എളുപ്പമല്ലാത്ത ഒന്ന്. ഇത്രയും വർഷത്തെ അനുഭവത്തിൽ എഴുതാൻ കഴിയാത്ത സാഹചര്യങ്ങൾ വന്നിട്ടുണ്ടോ..? അത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നേരിട്ടത്..?
എഴുതാൻ കഴിയാത്ത അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. മുമ്പു പറഞ്ഞതുപോലെ സ്വയമുണ്ടാക്കിയെടുത്ത ഒരു ജീവിതശൈലി കണിശമായി പിന്തുടരുന്ന ആളാണ് ഞാൻ. അങ്ങനെ ജീവിക്കുമ്പോൾ ഏതുസമയത്തും സർഗാത്മകമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയും. അഥവാ വല്ല തടസ്സവും വന്നാൽ കുറച്ചുനേരം വായിക്കുകയോ നടക്കുകയോ ചെയ്താൽ മാറിക്കിട്ടും. സർഗാത്മകരചന മാത്രമാണോ എളുപ്പമല്ലാത്തത്? ഈ ലോകത്ത് ഒന്നും എളുപ്പമല്ല. നിരന്തരമായ സാധനയിലൂടെയും പഠനത്തിലൂടെയും ഏതും എളുപ്പമാക്കിയെടുക്കാമെന്നു മാത്രം.
തിരിഞ്ഞുനോക്കുമ്പോൾ കണ്ടുമുട്ടിയ, കണ്ടെത്തിയ സ്വാധീനിച്ച മനുഷ്യരെപ്പറ്റി പറയാമോ..?
കാണാൻ പറ്റാതെ പോയവരാണ് കണ്ടുമുട്ടിയിട്ടുള്ളവർ സ്വാധീനിച്ചിട്ടുള്ളതിനെക്കാൾ കൂടുതലായും സ്വാധീനിച്ചിട്ടുള്ളത്. നമ്മൾ വായിച്ചിട്ടുള്ള ജീവചരിത്രങ്ങൾ, ആത്മകഥകൾ... പ്രത്യേകിച്ചും ലോകം കുറെക്കൂടി ഇരുണ്ടതായിരുന്ന കാലത്തെ മനുഷ്യർ അനുഭവിച്ച യാതനകളും ത്യാഗങ്ങളും ദുഃഖങ്ങളും എന്നെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. പിന്നെ കണ്ടുമുട്ടിയ ഒരുപാട് അപരിചിതർ. അതല്ലാതെ പലതരത്തിൽ സഹായിച്ചിട്ടുള്ള ഒരുപാട് പേരുണ്ട്. അവരെ നന്ദിയോടെ ഓർക്കാനേ കഴിയൂ.
സ്വാധീനിച്ചു എന്നു കള്ളംപറയാൻ കഴിയില്ല. അതല്ലാതെ നോക്കിയാൽ എല്ലായ്േപാഴും എന്റെ അമ്മ, ആദ്യകാലത്തെ വഴികാട്ടിയും ഉത്തമസുഹൃത്തും സംരക്ഷകനുമായിരുന്ന കെ.വി. അനൂപ് എന്ന അനൂപേട്ടൻ. പിന്നീട് കൊൽക്കത്തയിലെ ടി.കെ. ഗോപാലൻ എന്ന ഗോപാലേട്ടൻ, ടി.കെ. ചിന്ത, ശങ്കരേട്ടൻ, വിനോദ് കൃഷ്ണൻ മാഷ്... ഏതാണ്ട് അത്രയേയുള്ളൂ. സ്വാധീനശക്തികളാവാൻ എല്ലാ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും കഴിയണമെന്നില്ല.
കെ.വി. അനൂപുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് കൂടുതൽ പറയാമോ?
തമ്മിൽതമ്മിൽ കത്തെഴുതി പരിചയപ്പെട്ടവരാണ് ഞങ്ങൾ. അന്ന് അനൂപേട്ടൻ പട്ടാമ്പി കോളജിലെ പഠനം കഴിഞ്ഞ് കോഴിക്കോട് ‘ഇന്ത്യാ റിവ്യൂ’ മാസികയിൽ ജോലി ചെയ്യുകയാണ്. ആ മാസികക്ക് ഞാനയച്ച കഥ മൂപ്പർ തിരിച്ചയച്ചു. പക്ഷേ, ബന്ധം വളർന്നു. ആദ്യമായി ഞങ്ങൾ തമ്മിൽ കാണുന്നത് പാലക്കാട് െവച്ചിട്ടാണ്. ശരിക്കും പറഞ്ഞാൽ മലയാളത്തിലെ മികച്ച എഡിറ്റർമാരിൽ (പത്രാധിപർ എന്ന അർഥത്തിലല്ല) ഒരാളാണ് അനൂപേട്ടൻ. എന്നെ എഴുത്തുകാരനാക്കിയതിനു പിന്നിൽ ആ എഡിറ്ററുടെ വലിയ കൈകളുണ്ട്. നിശിതമായി വിമർശിക്കുകയും തിരുത്തു നിർദേശിക്കുകയും ചെയ്യാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. നല്ലതാണെങ്കിൽ നല്ലതാണെന്നു പറയാനും മടിക്കില്ല.
അതിന് വ്യക്തിബന്ധങ്ങളുടെ സൗജന്യം അനുവദിച്ചുകൊടുക്കുകയില്ല. എനിക്കു മാത്രമല്ല, അക്കാലത്ത് ഒരുപാട് സാഹിത്യവിദ്യാർഥികൾക്ക് അനൂപേട്ടൻ തണൽമരമായിരുന്നു. എസ്. ഹരീഷ് ‘മീശ’ക്ക് വളരെ മുമ്പെഴുതിയ നോവൽ അനൂപേട്ടന് വായിക്കാൻ കൊടുത്തത് ഞാൻ വായിച്ചിട്ടുണ്ട്. അങ്ങനെ പലരുടെയും. എഡിറ്ററെ മാറ്റിനിർത്തിയാൽ എല്ലാവിധത്തിലും എന്റെ രക്ഷിതാവും എന്റെ ബാല്യകൗമാരത്തിന്റെ സാക്ഷിയുമായിരുന്നു അനൂപേട്ടൻ.
പഴയ മട്ടിലുള്ള വായനരീതി ഇന്നില്ല. അതായത് വളരെ കുറഞ്ഞിട്ടുണ്ട്. ലൈബ്രറിയിലെ ഷെൽഫുകൾക്കിടയിൽനിന്ന് പുസ്തകം എടുത്തുമണത്തു നോക്കുന്നതും പുസ്തകക്കടകളിൽനിന്നും പുസ്തകം വാങ്ങി വായിക്കുന്നതും ഒക്കെ ഒരുതരം പഴഞ്ചൻ ഏർപ്പാടായിട്ടാണ് പുതിയ തലമുറ കാണുന്നത്. എന്നാൽ, ധാരാളം പുസ്തകങ്ങളും എഴുത്തുകാരും ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ ഈ പുസ്തകങ്ങളൊക്കെ ആളുകൾ വായിക്കുന്നുണ്ടോ. എഴുത്തുകാരനെന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു..?
ഈ ചോദ്യത്തോട് ഭാഗികമായി യോജിക്കാനേ കഴിയൂ.. പഴയ മട്ടിലുള്ള ലൈബ്രറി സന്ദർശനവും വായനയും ഇന്നത്തെ കാലം നിഷേധിക്കുന്നുണ്ട്. അതേസമയം ലൈബ്രറിയിൽ പോകുന്നവരും പുസ്തകം വില കൊടുത്ത് വാങ്ങി സൂക്ഷിക്കുന്നവരും നിലനിൽക്കുന്നുമുണ്ട്. എല്ലാക്കാലത്തും അത് ന്യൂനപക്ഷമായിരിക്കും. പുതുതലമുറ ആവേശത്തോടെ പുസ്തകങ്ങളെ വാരിപ്പുണരുന്നുണ്ട്. പണ്ടുകാലത്ത് ചങ്ങമ്പുഴക്കും എം.ടിക്കും കിട്ടിയതുപോലുള്ള പ്രശസ്തി ഇന്ന് ബെന്യാമിനും അഖിലിനും നിമ്നക്കും മറ്റുമൊക്കെ കിട്ടുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ കണക്കുകളോ റീലുകളോ അത് തെളിയിക്കുന്നുണ്ട്. നവാഗത പ്രസാധകരിലൂടെ ദിനം പ്രതി നൂറുകണക്കിന് പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. മുഖ്യാധാരാ പ്രസാധകരെ ഞെട്ടിക്കുന്ന വിധത്തിൽ മാർക്കറ്റും അവർക്ക് കിട്ടുന്നുണ്ട്. നല്ല കണ്ടന്റും ഉണ്ടാകുന്നുണ്ട്. എന്നാലും വിജയം വിരലിലെണ്ണാവുന്ന പുസ്തകങ്ങൾക്ക് മാത്രമേ ഉള്ളൂ. വായനയും വിൽപനയും ഒരുപോലെ നടക്കുമ്പോളുള്ള വിജയമാണ് ഞാനുദ്ദേശിച്ചത്. ചില പ്രസാധകർക്ക് ഒരു പതിപ്പ് എന്ന് പറയുന്നത് ഇന്ന് കണക്കിൽ മുന്നൂറ് കോപ്പിയുടെ വിൽപനയാണ്. പണ്ടത് ആയിരം കോപ്പിയായിരുന്നു.
ഇന്ന് ആയിരമോ രണ്ടായിരമോ പുസ്തകം മാസങ്ങൾക്കുള്ളിൽ ഒരു പതിപ്പിൽ വിറ്റുപോകാൻ പറ്റുന്നത് അപൂർവമായിട്ടാണ്. അതുകൊണ്ട് പെരുപ്പിച്ചു കാണിക്കുന്ന പതിപ്പുകളുടെ കാര്യത്തിൽ കാര്യമില്ലെന്ന് സമ്മതിക്കേണ്ടിവരും. മലയാളത്തിൽനിന്നും ഇംഗ്ലീഷിലേക്ക് തർജമചെയ്യപ്പെടുന്നവയിൽ ബെന്യാമിനോ കെ.ആർ. മീരക്കോ മാത്രമാണ് ഒന്നിലധികം പതിപ്പുകൾ കിട്ടുന്നത്. മറ്റു പലർക്കും അഞ്ഞൂറോ ഏറിയാൽ ആയിരത്തിയഞ്ഞൂറോ കോപ്പികളാണ് ഇന്ത്യൻ വിപണിയിലെ വിൽപന. നല്ല ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ വിവർത്തനങ്ങൾക്ക് റിവ്യൂ വരുന്നതുപോലും വിരളം. കൗമാരക്കാരും ചെറുപ്പക്കാരും മലയാളത്തിൽ ഏറ്റെടുക്കുന്നതും വായിക്കുന്നതും കനം കുറഞ്ഞ ഉള്ളടക്കമുള്ള പുസ്തകങ്ങളാണ്. ജീവിതത്തെ ആഴത്തിൽ തൊട്ടറിയാൻ ശ്രമിക്കുന്ന ഉള്ളടക്കങ്ങളല്ല. ഇംഗ്ലീഷ് വായിക്കുന്ന കൗമാരക്കാരും ചെറുപ്പക്കാരും കൊറിയൻ സാഹിത്യവും ജാപ്പനീസ് സാഹിത്യവും ഇന്ന് കൂടുതലായി പിന്തുടരുന്നു.
കൊറിയൻ സിനിമയുണ്ടാക്കിയ ഭാവുകത്വ ചലനത്തിന്റെ രൂപാന്തരമാണത്. പല പുസ്തകശാലകളിലും കൊറിയൻ, ജാപ്പനീസ് പുസ്തകങ്ങൾക്ക് പ്രത്യേക മൂല പോലുമുണ്ട്. ഞാനുദ്ദേശിക്കുന്നത് കേരളത്തിന് വെളിയിലെ സിറ്റികളിലെ കാര്യമാണ്. ധാരാളമായി പുതിയ എഴുത്തുകാരും പുസ്തകങ്ങളും വരുന്നത് നല്ല കാര്യമാണെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തിൽ കർശനമായ സ്വയം പരിശോധന നടത്തിയാൽ മാത്രമേ അത് ഭാഷക്കും ഭാഷാസാഹിത്യത്തിനും മുതൽക്കൂട്ടാവുകയുള്ളൂ.
മിശ്രസംസ്കാരമാണ് ഇനി ഏറിവരാൻ സാധ്യതയെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. കൊൽക്കത്തയിൽനിന്നും മറ്റേതെങ്കിലും നഗരത്തിലേക്കോ ഇന്ത്യ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്കോ കുടിയേറാൻ ആഗ്രഹിക്കുന്നുണ്ടോ?
മറ്റൊരു രാജ്യത്തു പോയി ജീവിക്കുമോ ഇല്ലയോ എന്നത് സാഹചര്യങ്ങളോട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. തൊഴിൽ ചെയ്യാനായി എന്തായാലും പോകാനാവില്ല. എവിടെയെങ്കിലും ജീവിക്കാനുള്ള സന്ദർഭമുണ്ടായാൽ തീർച്ചയായും പോകും. എഴുത്തിനത് ഗുണം ചെയ്യുമെന്നതിനാൽ. ഒരിടത്തുതന്നെ സ്ഥിരമാകാൻ താൽപര്യമില്ലാത്തയാളാണ് ഞാൻ.
വരാനിരിക്കുന്ന നോവലിന്റെ പ്രമേയമെന്താണ്..?
ഒരാൾ രൂപപ്പെടുന്നത് അയാളുടെ സ്വന്തം ഇച്ഛാനുസരണമാണോ അതോ സാഹചര്യങ്ങളും സമൂഹവും കൽപിച്ചുനൽകുന്നത് അനുസരിക്കുന്നതാണോ എന്ന അന്വേഷണമാണ് പ്രമേയമെന്ന് പറയാം. ഏതാണ്ട് അരനൂറ്റാണ്ടുകാലത്തെ പുരുഷജീവിതത്തിലൂടെ നായക കഥാപാത്രം ചുറ്റുപാടുകളെയും അവനവനെയും വിലയിരുത്താൻ നടത്തുന്ന ശ്രമമാണത്. ഒട്ടേറെ കഥാപാത്രങ്ങൾ കടന്നുവരുന്നു. ദേശങ്ങളും.
പിന്നെ നമുക്കിടയിൽ ഉണ്ടായിരുന്ന ദാരിദ്യ്രവും നവോത്ഥാന രാഷ്ട്രീയ മുന്നേറ്റങ്ങളും ഒരുകാലത്ത് ജനങ്ങളിൽ നിലനിർത്തിയിരുന്ന സാഹോദര്യം, മനുഷ്യത്വം, മതമൈത്രി അതെല്ലാം ഇന്നെവിടെപ്പോയി എന്നും അന്വേഷിക്കുന്നുണ്ട്. ആയിരത്തിലധികം പേജുകളുള്ള ബൃഹത്തായ നോവലാണ് ‘വഴിച്ചെണ്ട’.
തകഴിയുടെ ‘കയറി’നുശേഷം മലയാളത്തിൽ ഇത്ര വലിയ നോവൽ ഇതാദ്യമല്ലേ. എങ്ങനെയാണ് വലിയ നോവൽ എന്ന ആശയത്തിലെത്തിയത്?
വലിയ നോവലാകണം എന്നുകരുതി എഴുതിയതല്ല ‘വഴിച്ചെണ്ട’. അത് വലുതായി പോയതാണ്. പിന്നെ ‘കയർ’ വന്നതിനുശേഷം കുറച്ചു വർഷം മുമ്പ് എസ്.കെ. വസന്തൻ വലിയ നോവലെഴുതിയിട്ടുണ്ട്. അത് മുഖ്യധാരയിൽ ആരുമങ്ങനെ വായിച്ചിട്ടില്ല. പ്രചാരം കിട്ടിയുമില്ല. ഞാനും വായിച്ചിട്ടില്ല. മലയാളത്തിലാണ് വലിയ നോവലുകൾ ഇല്ലാത്തത്. തമിഴിലും ബംഗാളിയിലും മറാത്തിയിലും കന്നടയിലുമൊക്കെ വലിയ നോവലുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. വിമൽ മിത്രയുടെ ‘വിലയ്ക്ക് വാങ്ങാം’, കൽക്കിയുടെ ‘പൊന്നിയൻ സെൽവൻ’, ജയമോഹന്റെ ‘വെൺമുരശ്’, സുനിൽ ഗംഗോപാധ്യായയുടെ ‘ഈസ്റ്റ് വെസ്റ്റ്’... ഒക്കെ ഉദാഹരണം.
അതായത് സമകാലിക ഇന്ത്യൻ സാഹിത്യത്തിൽ വലിയ നോവലുകൾ ഉണ്ടാകുന്നത് വിരളമായിട്ടാണ്. അടുത്തിടെ വന്ന ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽപോലെ വളരെ കുറച്ച്. എന്നാൽ, വിദേശത്തതല്ല സ്ഥിതി. ഫ്രഞ്ച് സാഹിത്യത്തിലെ കൂറ്റൻ കൃതിയായ ‘പാവങ്ങൾ’ (Les Miserables) തൊട്ടിങ്ങോട്ട് ഒട്ടേറെ നോവലുകൾ. ടോൾസ്റ്റോയിയുടെ വിഖ്യാതമായ ‘യുദ്ധവും സമാധാനവും’...എന്നാൽ, വലിയ നോവലുകളൊന്നും ഞാൻ വായിച്ചിട്ടില്ല. ‘പാവങ്ങളോ’ ‘കുറ്റവും ശിക്ഷയു’മോ ‘വിലയ്ക്കു വാങ്ങാമോ’ പോലും. അത് കേമമായി പറയുകയല്ല. പോരായ്മയാണ്.
താങ്കൾ വായിച്ചിട്ടില്ല എന്നു പറഞ്ഞാൽ പൂർണമായും വിശ്വസിക്കാൻ പറ്റില്ല. താങ്കൾ സമകാലികരെയും മറ്റും വിടാതെ വായിക്കുന്ന ഒരാളാണല്ലോ. ഫേസ്ബുക്ക് പോസ്റ്റുകൾ കാണാറുണ്ട്.
ഇത്തരം വലിയ നോവലുകൾ വായിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ, അവയുടെ സാരാംശം മനസ്സിലാക്കിയിട്ടുണ്ട്. ചിലതിന്റെ സംഗൃഹീതരൂപങ്ങൾ കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്. വായന പലപ്പോഴും ഒരുതരം ടേസ്റ്റ് നോക്കൽകൂടിയാണ്. എഴുത്തുകാർക്ക് അത്രമതി. ആനുകാലികങ്ങളുടെ വായനയും സമകാലികരെ വായിക്കുന്നതും വലിയ പുസ്തകങ്ങൾ വായിക്കുന്നതിൽനിന്നും അകറ്റുന്നുണ്ട്. വായനയും സെലക്ടിവാക്കണം ഇനി.
നോവൽ എന്നാൽ എന്തായിരിക്കണമെന്നാണ് താങ്കളുടെ അഭിപ്രായം?
നോവലെന്നല്ല സാഹിത്യത്തിലെഴുതുന്ന എന്തും മനസ്സിനെ സ്പർശിക്കണം. രണ്ടാമത്, ധിഷണയെ സ്പർശിക്കണം. വൈകാരികവും ബൗദ്ധികവുമായ സ്വത്വം നിലനിർത്തുമ്പോൾത്തന്നെ അത് സൗന്ദര്യപരവുമായിരിക്കണം. ഒരു കാര്യത്തെ അതിന്റെ സമസ്ത ചൈതന്യത്തെയും സൗന്ദര്യത്തെയും നിരാകരിച്ചിട്ട് പടുത്തുയർത്തിയിട്ട് കാര്യമില്ല. നിലനിൽക്കില്ല. നമ്മുടെ ഭാഷയിൽത്തന്നെ ഇത്തരത്തിൽ വൈകാരികബന്ധമില്ലാതെ സൃഷ്ടിക്കപ്പെട്ട കൃതികളൊക്കെത്തന്നെ അതിന്റെ ദൗത്യം നിറവേറ്റിക്കഴിഞ്ഞപ്പോൾ സാഹിത്യചരിത്രത്തിൽനിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ചിലപ്പോഴത് സാമൂഹിക ചരിത്രം പറയുമ്പോൾ പരാമർശിക്കപ്പെടുമായിരിക്കാം. അതിൽ വലിയ കാര്യമില്ല.
‘വഴിച്ചെണ്ട’യിൽ സാമൂഹികജീവിതമാണ് പറയുന്നതെന്ന് സൂചിപ്പിച്ചല്ലോ. പ്രത്യേകിച്ച് ജാതി, മതം... തുടങ്ങിയവ. ഇസ്‍ലാം മതംപോലെ തന്റേതല്ലാത്ത മതത്തെക്കുറിച്ചൊക്കെ എഴുതേണ്ടിവരുമ്പോൾ വിഷയം കൈകാര്യംചെയ്യുന്നത് എങ്ങനെയാണ്?
മതത്തെക്കുറിച്ചല്ല ഞാൻ എഴുതുന്നത്. ഏതെങ്കിലും മതത്തിൽ ജനനം മുതൽ വിശ്വസിക്കേണ്ടിവന്ന മനുഷ്യരെക്കുറിച്ചാണ്. അവരുടെ സർവസാധാരണമായ ആചാരങ്ങളും രുചികളും വേഷവും മറ്റുമൊക്കെ അതിന്റെ ഭാഗമാകുമെന്നുമാത്രം. പിന്നെ ഇടകലർന്നു ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. ക്രിസ്ത്യൻ, മുസ്‍ലിം ജീവിതത്തെക്കുറിച്ചൊക്കെ സാമൂഹികമായ അറിവിൽനിന്നുകൊണ്ട് രചന നടത്താം. അതേസമയം, അതിന്റെ മതപരമായ ഉൾപ്പിരിവുകളിലേക്കും മതബോധനങ്ങളിലേക്കും അത് പിന്തുടരുന്ന മനുഷ്യരിലുണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും വ്യക്തതയോടെ എഴുതാൻ കഴിയുകയില്ല.
അതിന് ആ മതത്തിൽ ജനിക്കുകയോ അതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയോ വേണം. എന്നാൽ, ജാതി അങ്ങനെയല്ല. അത് പലപ്രകാരത്തിൽ നമ്മളെ ബാധിക്കുന്നുണ്ട്. കൊൽക്കത്തയിലേക്കു താമസം മാറും മുമ്പുള്ള ഒരു രാത്രിയിൽ സുഹൃത്തായ അന്തർജനവും ഞാനും മദ്യപിക്കുകയായിരുന്നു. ആ വീട്ടിൽ ഞങ്ങൾ മാത്രമേയുള്ളൂ. ഏതോ ഘട്ടത്തിൽ മദ്യലഹരിയിലോ മറ്റോ അവരെന്നെ ‘പെലയാ’ എന്നുവിളിച്ചു. ഞാൻ സ്തബ്ധനായി. അങ്ങനെയൊരു സംസാരം പൊടുന്നനെ സംഭവിക്കുകയായിരുന്നു.
അതിനാവശ്യമായ സന്ദർഭമൊന്നും രൂപപ്പെട്ടിരുന്നില്ല. ജാതിക്കണക്കിൽ ഞാൻ പുലയനോ നമ്പൂതിരിയോ അല്ല. അവരുടെ സവർണബോധമാണോ അങ്ങനെ വിളിപ്പിച്ചത്..? എനിക്കറിയില്ല. അന്നുരാത്രി തനിയെ കിടക്കുമ്പോൾ ഞാനതിനെക്കുറിച്ചാലോചിച്ചു. ആ ആലോചന എന്നെ മനുഷ്യമനസ്സുകളെക്കുറിച്ച് ചിന്തിക്കാൻ സഹായിച്ചു. ലോകത്തെവിടെയായാലും ആർക്കും കൊട്ടാവുന്ന വഴിച്ചെണ്ടയാണോ ഒരു മനുഷ്യൻ? അതിൽനിന്നാണ് വഴിച്ചെണ്ടയുടെ പ്രമേയം വീണുകിട്ടുന്നത്. എഴുതുന്നത് പിന്നെയും കുറേക്കഴിഞ്ഞാണ്.
ഞാൻ കാസർകോട്ട് ജനിച്ചുവളർന്ന ഒരാളാണ്. ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ. മുമ്പത്തെക്കാൾ മതം ജനജീവിതത്തിൽ ഇന്ന് പ്രധാനപ്പെട്ടതായിട്ടുണ്ട്. ഒരുതരം ഭിന്നിപ്പ് പ്രകടമായിട്ടുണ്ട്. അതിനെപ്പറ്റിയെല്ലാം നോവലിൽ പറയുന്നുണ്ടോ?
ഞാൻ പറഞ്ഞല്ലോ, ‘വഴിച്ചെണ്ട’ ആത്യന്തികമായി മനുഷ്യരുടെ സാധാരണജീവിതത്തെക്കുറിച്ചാണ് പറയുന്നത്. മതം അവരുടെ മേലുള്ള ഉടുപ്പ് മാത്രം. പിന്നെ ഭിന്നിപ്പ് പ്രകടമാണ്. പണ്ട് ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാൻ മുസ്‍ലിംകൾക്കും തിരിച്ചും സമൂഹത്തിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. അല്ലെങ്കിൽ അങ്ങനൊരു വേർതിരിവിനെക്കുറിച്ച് മതപരമായി ആരും ഉത്കണ്ഠപ്പെട്ടിരുന്നില്ല.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മാത്രമായിരുന്നു അതെല്ലാം. എല്ലാവർക്കും പങ്കെടുക്കാവുന്ന, പങ്കെടുക്കേണ്ട വേദികൾ. ഇന്ന് കല്യാണപ്പുരയിൽ ചെന്നാൽ മുസ്‍ലിംകൾ എല്ലാം ഒരിടത്തും ഹിന്ദുക്കളെല്ലാം വേറൊരിടത്തും കൂടിയിരിക്കുന്നതുകാണാം. പ്രത്യേകിച്ചും സ്ത്രീകൾ. പരസ്പരം ഇടപെടുമ്പോൾത്തന്നെ നീ ഹിന്ദുവാണ്, ഞാൻ മുസ്‍ലിമാണ് എന്നൊരു വ്യത്യാസം മനസ്സുകളിലുണ്ട്. അത് ദേശീയ സാഹചര്യങ്ങളിൽ വന്ന വർഗീയ രാഷ്ട്രീയത്തിന്റെ ഫലമാണ്. തെളിച്ചുപറഞ്ഞാൽ ബാബരി മസ്ജിദ് തകർക്കാനോ ക്ഷേത്രം പണിയാനോ നമ്മൾ അനുവദിച്ചുകൂടായിരുന്നു.
നമ്മൾ എന്നു പറയുന്നത് ജനങ്ങളെയല്ല. ജനങ്ങൾ നിത്യജീവിതപ്രാരബ്ധങ്ങളിൽ മുങ്ങിക്കിടക്കുന്നവരാണ്. അവർക്ക് അവരുടെ മതം സംരക്ഷിക്കപ്പെടണമെന്നുണ്ട്. അതിനപ്പുറം ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക ദൈവം വേണമെന്നില്ല. ഭാവിയിലേക്ക് നോക്കാതെ വർഗീയശക്തികൾക്ക് വഴി തെളിച്ചുകൊടുത്തത് കോൺഗ്രസ് സർക്കാറാണ്. അതിന്റെ ഫലമാണ് ഇന്നവർ അനുഭവിക്കുന്നത്.
പൊതുവെ എഴുത്തുകാർ ഇപ്പോൾ രാഷ്ട്രീയം സാഹിത്യത്തിൽ കൊണ്ടുവരാറില്ല. വളരെ കുറച്ച് എഴുത്തുകാരേ സ്വന്തം രാഷ്ട്രീയംപോലും പരസ്യമാക്കുന്നുള്ളൂ. താങ്കൾ തന്റെ രാഷ്ട്രീയം പരസ്യമായി പറയുന്നയാളാണ്. കഥകളിൽ കണ്ടിട്ടില്ല. ജീവിതത്തിൽ. എന്നാൽ രാഷ്ട്രീയ പാർട്ടിയുടെ ബുദ്ധിജീവിയായിട്ടോ വക്താവായിട്ടോ ചമയാറുമില്ല. അതെന്തുകൊണ്ടാണ്?
ചെറുപ്പം മുതലേ ഇടതുപക്ഷാശയങ്ങളിൽ ഒരു കലാകാരനെന്ന നിലയിലും സമൂഹജീവിയെന്ന നിലയിലും വിശ്വസിക്കുന്നയാളാണ് ഞാൻ. എഴുത്തുകാരൻ അല്ലെങ്കിൽ കലാകാരൻ എന്ന നിലയിൽ എനിക്ക് ഇടതുപക്ഷത്തേ നിൽക്കാൻ പറ്റൂ. കാരണം, മതേതരത്വവും സാേഹാദര്യവും സമത്വവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിലനിൽക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഭാഗികമായ ജനാധിപത്യ വ്യവസ്ഥിതിയാണ് ഇന്ത്യയിലുള്ളത്. ഏറ്റവും വലിയ ഭരണഘടനയുള്ളതും ഇന്ത്യക്കാണ്. ആ ഭരണഘടന താരതമ്യേന കുറ്റമറ്റതാണ്. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ ഇടതുപക്ഷാശയങ്ങളിൽ ഞാൻ ആകൃഷ്ടനാകുന്നു. അത് മനുഷ്യരുടെ സാഹോദര്യവും സമത്വവും നിലനിർത്താനും ജാതീയവും സാമ്പത്തികവുമായ വേർതിരിവുകളുടെ അകലം കുറക്കാനും ശ്രമിക്കുന്നുണ്ട്.
പൂർണമായും അതിൽ വിജയിക്കുന്നുവെന്നോ കുറ്റമറ്റതാണെന്നോ അല്ല. ശ്രീലങ്കയിലെ രാഷ്ട്രീയമാറ്റം നോക്കൂ. ഇടതുപക്ഷാശയങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ എനിക്ക് വിശ്വസിക്കാൻ വേറൊരു പ്രത്യയശാസ്ത്രമില്ല. അതുകൊണ്ട് ആ ആശയത്തെ അംഗീകരിക്കുന്ന വ്യക്തിക്ക് ഞാൻ വോട്ട് ചെയ്യുന്നു. അപ്പോഴും വ്യക്തിക്കല്ല, പ്രസ്ഥാനത്തിനാണ് ഞാൻ വോട്ട് ചെയ്യുന്നത്. കൂടുതൽ വ്യക്തമാക്കിയാൽ ഞാൻ വിശ്വസിക്കുന്നത് ആശയത്തിലാണ്. അത് നടപ്പാക്കുന്ന വ്യക്തികളിലല്ല. വ്യക്തികൾ മനുഷ്യരാണ്.
അവർക്ക് കുറ്റവും കുറവുകളുമുണ്ടാകും. ഞാൻ പാർട്ടി ബുദ്ധിജീവിയാകാൻ ശ്രമിച്ചാൽ ആ കുറ്റങ്ങളെയും കുറവുകളെയും എനിക്ക് പൂർണമായും അംഗീകരിക്കേണ്ടിവരും. അവർക്കുവേണ്ടി നിലപാടുകളെടുക്കേണ്ടിവരും. വിയോജിപ്പുകളും തിരുത്തലുകളും ആവശ്യമുള്ളിടത്ത് പറയാനുള്ള സ്വാതന്ത്ര്യമാണ് ആദ്യം മുതലേ ഞാൻ തിരഞ്ഞെടുത്തത്. അതിനാൽ പാർട്ടി ജിഹ്വയാകാൻ സാധിക്കില്ല. സാഹിത്യത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവന്നാൽ എനിക്ക് കക്ഷിരാഷ്ട്രീയമേ പറയാൻ സാധിക്കൂ. കക്ഷിരാഷ്ട്രീയമാകാത്ത വിധത്തിൽ കഥകളിലും നോവലുകളിലും രാഷ്ട്രീയം പറയാൻ ശ്രമിക്കാറുണ്ട്.
ട്രാൻസ്ജെൻഡർ സമൂഹം അടുത്തകാലത്തായി മലയാളത്തിലെ കഥകളിലും നോവലുകളിലും കഥാപാത്രമാകുന്നുണ്ട്. ‘റാം കെയർ ഓഫ് ആനന്ദി’യിലെ മല്ലിയും ട്രാൻസ്ജെൻഡറാണല്ലോ. ട്രാൻസ്ജെൻഡറായ കഥാപാത്രത്തെ സൃഷ്ടിച്ചതെങ്ങനെയാണ്. അങ്ങനെയായവരെ നേരിൽ പരിചയമുണ്ടോ..?
കൊൽക്കത്തയിൽ ചെന്ന നാളുകളിലൊന്നിൽ രാത്രി വളരെ വൈകി കാറിൽ വരികയായിരുന്നു ഞാൻ. റോഡിലൊരിടത്ത് 25ലധികം പ്രായം പറയില്ലാത്ത കുറെ യുവതികൾ കൂട്ടമായി നിൽക്കുന്നതു കണ്ടു. പുതിയകാല ലൈംഗിക തൊഴിലാളികളെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയുന്ന അവരെല്ലാം ട്രാൻസ്ജെൻഡേഴ്സായിരുന്നു. കാർ നിർത്തി ഞാൻ ശ്രദ്ധിച്ചു. പലരും അവരുടെ സമീപം വന്നുനിൽക്കുന്ന പുരുഷന്മാരുടെ കൂടെ ബൈക്കുകളിലും മറ്റും കയറിപ്പോകുന്നതു കണ്ടു. ജീൻസും
ടോപ്പും ടീഷർട്ടുമൊക്കെ ധരിച്ചിട്ടുള്ള അവർ സ്ത്രീകളെക്കാളും സുന്ദരിമാരായിരുന്നു. പിന്നൊരിക്കൽ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ അതീവസുന്ദരിയായ ഒരുവൾ എനിക്കെതിരെ വന്നു. ശരിക്കും ഒരു ദേവത. ചന്ദനത്തിന്റെ നിറം. ഒത്ത ഉയരം. എന്റെ സമസ്ത നാഡികളും ചലനമറ്റുപോയി. അവൾ എന്റെ കാതിൽ ബംഗാളിയിൽ എന്തോ മധുരമായി മന്ത്രിച്ചിട്ട് നടന്നുപോയി. അതൊരു ട്രാൻസ്പേഴ്സനായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത് പിന്നീടാണ്.
പിന്നീട് ഒഡിഷയിൽ പോയപ്പോൾ അവിടത്തെ കൂട്ടുകാരൻ ശുഭ്രാൻസു പാണ്ഡ എന്നെ അർധരാത്രിയിൽ ഒരു റോഡിലേക്ക് കൊണ്ടുപോയി. അത് സെക്സ് വർക്ക് ചെയ്യുന്ന ട്രാൻസ്പേഴ്സൻസ് വന്നുനിൽക്കുന്ന സ്ഥലമാണ്. റോഡ് നിറയെ അവരാണ്. കുറച്ചുമാറി അവർക്ക് സംരക്ഷണം കൊടുക്കാൻ ഒഡിഷ പൊലീസിന്റെ വാഹനവും കിടപ്പുണ്ട്. കേരളത്തിൽനിന്നും ചെല്ലുന്ന എനിക്കിതെല്ലാം വലിയ വിസ്മയമായി.
അതിനുശേഷം അവരുടെ പിറന്നാൾ, ഗെറ്റ് ടുഗദർ പോലുള്ളിടത്തെല്ലാം അവനും ഭാര്യയും എന്നെ കൊണ്ടുപോയി. പുലരുംവരെയുള്ള ആട്ടവും പാട്ടും ആഘോഷവും മദ്യപാനവും. അവിടെ എം.ബി.എ ബിരുദധാരികളും മറ്റ് ജോലിക്കാരും ട്രാൻസ്പേഴ്സൻസായി ഉണ്ടായിരുന്നു. ഞാൻ കരുതിയിരുന്നത് ഹിജഡകളെല്ലാം ലൈംഗിക തൊഴിലാളികളായിരിക്കുമെന്നാണ്. ആ ധാരണ മാറി.
‘വഴിച്ചെണ്ട’യിൽ ഇക്കാര്യങ്ങൾ വരുന്നുണ്ടോ?
‘വഴിച്ചെണ്ട’ ദക്ഷിണേന്ത്യയിൽ നടക്കുന്ന കഥയാണ്. ദക്ഷിണേന്ത്യയിലെ അവരുടെ ജീവിതം പഠിച്ച് നോവലിൽ എഴുതിയിട്ടുണ്ട്. ‘റാം കെയറോഫ് ആനന്ദി’യിലെ മല്ലി റൊമാന്റിക് കാരക്ടറാണ്. അവരുടെ ജീവിതത്തെ വളരെ ഉപരിപ്ലവമായും സിനിമാറ്റിക്കുമായിട്ടാണ് ആ നോവലിൽ ആവിഷ്കരിച്ചിട്ടുള്ളത്. അതിൽനിന്നും വ്യത്യസ്തമായി ഞാനവരുടെ പൊള്ളുന്ന മനസ്സിനെയും യഥാർഥ ജീവിതത്തെയുമാണ് നോവലിൽ പറഞ്ഞിട്ടുള്ളത്. ആണിൽനിന്നും പെണ്ണിലേക്കു മാറുന്നതിന്റെ സൂക്ഷ്മവിവരണങ്ങൾ നോവൽ ആവശ്യപ്പെടുന്ന അളവിൽ അതിലുണ്ട്.
കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു നീണ്ട നോവൽ എപ്പോഴാണ് വരിക?
കൊൽക്കത്ത നഗരത്തിലെ രണ്ടായിരത്തിയഞ്ഞൂറോളം തെരുവുകൾക്ക് ആ പേര് വന്നതെങ്ങനെയെന്ന് ചരിത്രകാരൻ പി. തങ്കപ്പൻ നായർ പുസ്തകമായി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. A History of Calcutta's streets (1987), Calcutta: Origin of the Name (1985) അങ്ങനെ പലതരം പുസ്തകങ്ങൾ. ഞാനതൊക്കെ വായിച്ചു പഠിച്ചശേഷം കഥയോ നോവലോ എഴുതിയാൽ അത് വായനക്കാരിൽ താൽക്കാലികമായ അമ്പരപ്പ് സമ്മാനിക്കുന്ന കൃതിയാവുകയേയുള്ളൂ.
കാലം തൊടുന്ന ഉത്തമ സാഹിത്യമാകണമെന്നില്ല. ഇപ്പോൾ ഞാൻ ചെയ്യുന്നത് കൊൽക്കത്തയിലിരുന്ന് കേരളത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും എഴുതുകയുമാണ്. അതാണ് ‘വഴിച്ചെണ്ട’യെന്ന നോവൽ. എന്നെങ്കിലും കൊൽക്കത്ത വിട്ടുപോയിക്കഴിയുമ്പോഴാകാം കൊൽക്കത്തയെപ്പറ്റി എഴുതാൻ സാധിക്കുക. ഉറപ്പില്ല അത് സംഭവിക്കുമോയെന്ന്. എഴുത്തും എഴുതാനുള്ള പ്രമേയവും ഒക്കെ എല്ലായ്പോഴും ഞാനറിയാതെ സംഭവിച്ചുപോകുന്നതാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.