ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വയസ്സാകുന്നു. എന്താണ് രാജ്യത്തിന്റെ വർത്തമാന അവസ്ഥകൾ? എന്താണ് പാരമ്പര്യവും ചരിത്രവും? രാജ്യത്തിന്റെ ചരിത്രം നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? പഴയത് തിളങ്ങുന്ന പാതയായിരുന്നോ? –ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാൽറിംപിൾ ‘ദ ഗോൾഡൻ റോഡ്’ എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമം എഡിറ്ററുമായി നടത്തിയ സംഭാഷണം.
കൊച്ചി താജ് മലബാർ ഹോട്ടലിൽ ‘ദ ചേംബേഴ്സ്’ ക്ലബിൽ പുതിയ കൃതി ‘ദ ഗോൾഡൻ റോഡ്’ പ്രകാശനത്തിനെത്തിയ വില്യം ഡാൽറിംപിൾ വലിയ ആവേശത്തിലായിരുന്നു. സംഘാടകർ കെട്ടിക്കൊണ്ടുവന്ന പൊതിയഴിച്ച് പുസ്തകം ഉയർത്തിക്കാട്ടിയ ശേഷം അദ്ദേഹം നേരെ മൈക് പോയന്റിലെത്തി. പുതിയ കൃതിയിലേക്ക് ഒരു ഊളിയിട്ടിറക്കമായിരുന്നു പിന്നെ. കേരളത്തിൽനിന്നു തുടങ്ങി റോമിലേക്കും പിന്നെ യൂറോപ്പിലേക്കും നീളുന്ന സംസ്കൃതിയുടെ ആദാനപ്രദാനങ്ങൾ സംബന്ധിച്ച സുദീർഘമായൊരു വിവരണം.
ഇന്ത്യയും കേരളവും മറന്നുവെച്ച പുരാതന നാഗരികതയുടെ ഉൾവഴികളിലേക്ക് അദ്ദേഹം സദസ്സിനെ കൈപിടിച്ചു നടത്തി. പുരാണങ്ങളുടെയും പുരാതന സംസ്കാരങ്ങളുടെയും കൊണ്ടാട്ടം തീവ്രദേശീയതയുടെ കൊടികെട്ടി തിമിർക്കുന്ന സമയത്ത് ഇന്ത്യ കൈവിട്ടുകളഞ്ഞ പുരാതന നാഗരികതകളുടെ സുവർണപാതയിലേക്ക് വെളിച്ചം വീശി.
രണോത്സുക ദേശീയതയിലല്ല, വാണിജ്യത്തോടൊപ്പം നടന്ന സംസ്കാരങ്ങളുടെ കയറ്റിറക്കുമതികളിലൂടെ ഇന്ത്യയും ഇതരനാഗരികതകളും അന്യോന്യം ഊട്ടിവളർത്തിയ അഭിമാനകരമായ പാരമ്പര്യത്തിലാണ് നാം വിജൃംഭിതരാകേണ്ടതെന്നാണ് ബുദ്ധ-ഹിന്ദു-ഇസ്ലാം-റോമൻ സംസ്കാരങ്ങളുടെ ഇടപഴകലിന്റെ വിവരണത്തിലൂടെ അദ്ദേഹം വരച്ചുകാട്ടിയത്.
മുസിരിപട്ടണവും മുസിരിസുമായ കൊടുങ്ങല്ലൂരിൽനിന്ന് ഈജിപ്തിലെ പുരാതന തുറമുഖമായ ചെങ്കടലിലെ ബെർകിനി വഴി റോമിലേക്കും തിരിച്ചും നടന്ന സമുദ്രവ്യാപാരയാത്രയുടെ കാലവും കാലാവസ്ഥയും സാമ്പത്തികചരിത്രവുമൊക്കെ സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരിച്ചു.
1994ൽ തുടങ്ങി മുപ്പതു വർഷങ്ങൾക്കു ശേഷവും തുടരുന്ന ബെർകിനിയിലെ പര്യവേക്ഷണത്തിൽ കേരളത്തിന്റെ തേക്കും തമിഴ്നാടിന്റെ മൺപാത്രങ്ങളും ഗുജറാത്തിന്റെ പട്ടും കണ്ടെടുത്തതും അടുത്തകാലത്ത് മുസിരിസ് പദ്ധതിയുടെ ഭാഗമായി എറണാകുളത്തെ പട്ടണം പ്രദേശത്ത് നടന്ന ഉദ്ഖനനത്തിൽ റോമൻ നാണയങ്ങൾ കണ്ടെത്തിയതും നമ്മുടെ മുന്നിലുണ്ട്.
കിഴക്കും പടിഞ്ഞാറും തമ്മിൽ സാമ്പത്തിക, സാംസ്കാരിക രംഗത്തു നടന്ന കൊള്ളക്കൊടുക്കകളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യ അഥവാ ഭാരതം പിന്നീട് ചരിത്രത്തിൽ നിറംകെട്ടു പോയതെന്തേ എന്നതാണ് അദ്ദേഹത്തിന്റെ കൗതുകം.
ബുദ്ധമതം ഇന്ത്യയടക്കമുള്ള ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങളിലേക്കു പടർന്നതും നളന്ദ സർവകലാശാലയിലൂടെ വിവിധ വിദ്യകളുടെ വെളിച്ചം പടിഞ്ഞാറടക്കമുള്ള ലോകങ്ങളിലേക്ക് പ്രസരിച്ചതും സംസ്കൃതഭാഷയും അക്കങ്ങളും കലയും സാഹിത്യവും സമുദ്രസഞ്ചാരങ്ങളിലൂടെ ലോകവ്യാപനം നേടിയതുമൊക്കെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയാണ് ‘ദ ഗോൾഡൻ റോഡ്’. മുഗൾ, ബ്രിട്ടീഷ് കഥ പറഞ്ഞ് പിന്നെ നേരെ പൗരാണികതയിലേക്ക് പിന്തിരിഞ്ഞതെന്തേ എന്ന ചോദ്യത്തിന് പുരാതനനാഗരികതയും സംസ്കാരവുമാണ് തന്നെ എന്നും ഭ്രമിപ്പിച്ചത് എന്ന് വില്യം.
ഇന്ത്യയുടെ കച്ചവടപാരമ്പര്യവും സംസ്കാരപ്പെരുമയും കടലുകൾ കടന്നിട്ടും സമകാലലോകം ആഘോഷിക്കുന്നത് ചൈനയുടെ സിൽക് റോഡ് വ്യാപാരവും വാണിജ്യബന്ധങ്ങളുമാണ്. 1938 മുതൽ കേട്ടുതുടങ്ങിയ ഈ പുതുസങ്കൽപം ബി.സി നൂറ്റാണ്ടുകളിലെ ഇന്ത്യ-യൂറോപ്പ് ബന്ധങ്ങളെ അപ്രസക്തമാക്കിയതിനെ ഡാൽറിംപിൾ പുതിയ കൃതിയിൽ വസ്തുനിഷ്ഠവും യുക്തിഭദ്രവുമായി നിരാകരിക്കുന്നു.
ബുദ്ധമതവും സംസ്കാരവും കൈമാറിയ വൻസമ്പത്ത് ഇന്ത്യയിൽ സമന്വയത്തിന്റെയോ സംഘർഷത്തിന്റെയോ ഹിന്ദുമത പ്രചാരണത്തിലൂടെ മാഞ്ഞുപോയതും എന്നാൽ ബുദ്ധ-ഹിന്ദുമതവർണങ്ങളിൽ അത് തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്നതും അദ്ദേഹം എടുത്തുകാട്ടുന്നു.
അഫ്ഗാനിസ്താനിലെ ബൽഖിലെ ബുദ്ധമതാനുയായികൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് ബർമകികളായത്, അവർ ബഗ്ദാദ് പട്ടണം നിർമിച്ചത്, ഇന്ത്യൻ ഗണിതവും സാഹിത്യവും അറബിയിലേക്കും അവിടെനിന്നു യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറിയെത്തിയത്, മംഗോൾ അധിനിവേശത്തിൽ ചകിതരായ മധ്യേഷ്യക്കാർ ഡൽഹിയിലും വടക്കേ ഇന്ത്യയിലും കൂടുകെട്ടിയത്, അവരുടെ ഭാഷയും സംസ്കൃതവുമായി ചേർന്ന് ഖഡീബോലിയിലൂടെയും ബ്രിജ് ഭാഷയിലൂടെയും ഉർദുവിന്റെ ജനനത്തിന് നിമിത്തമായത്, അങ്ങനെ ബുദ്ധ, ഹിന്ദു, മുസ്ലിം, യൂറോപ്യൻ സംസ്കൃതികൾ അന്യോന്യം കൊണ്ടും കൊടുത്തും ലോകസംസ്കൃതിക്കു തന്നെ മുതൽക്കൂട്ടിയത് –ഇതെല്ലാം വിശദീകരിച്ച് ഡാൽറിംപിൾ പറയുന്നു, ഇന്ത്യയിൽനിന്നു പടിഞ്ഞാറോട്ടും തിരിച്ചുമുള്ള ഈ സുവർണപാതയാണ് വാസ്തവത്തിൽ ലോകനാഗരികതക്ക് പ്രാചീനകാലത്ത് വെളിച്ചം വീശിയത്. പക്ഷേ, ഈ പൊൻവഴികളെക്കുറിച്ച് ഇന്ത്യക്കാർ വേണ്ടത്ര തിരിച്ചറിഞ്ഞില്ല.
തീവ്രദേശീയതയുടെ യുദ്ധാവേശത്തിന്റെ ചെണ്ടകൊട്ടിനപ്പുറം, ഒരായിരം കൊല്ലക്കാലം ഗോൾഡൻ റോഡിലൂടെ വികസിച്ച ഇന്ത്യയുടെ വാണിജ്യബന്ധം ലോകത്തെ എങ്ങനെ മാറ്റിമറിച്ചെന്നും സംസ്കാരത്തിന്റെ കരുത്തിൽ അതെങ്ങനെ നിലനിന്നെന്നും പഠിക്കാനും ആ പാരമ്പര്യത്തിലെ സുവർണപാഠങ്ങൾ തുടർന്നുപോകാനുമാണ് ഈ കൃതി ആവശ്യപ്പെടുന്നത്. ‘ദ ഗോൾഡൻ റോഡി’ന്റെ എഴുത്തുവഴികളെക്കുറിച്ച് വില്യം ഡാൽറിംപിൾ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ ആഘോഷിക്കുകയാണ് താങ്കളുടെ പുതിയ കൃതി. ഇന്ത്യ റിപ്പബ്ലിക് വജ്രജൂബിലി ആഘോഷിക്കുന്ന സമയത്താണ് ഈ കൃതി പുറത്തിറങ്ങുന്നത്. സ്വതന്ത്ര ഇന്ത്യ അതിന്റെ മഹത്തായ യാത്ര തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടും കഴിഞ്ഞു. പുരാതന ഇന്ത്യക്ക് മഹത്തായൊരു ഭൂതമുണ്ടായിരുന്നുവെന്ന് താങ്കളുടെ ഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്. ഈ രണ്ടു മഹനീയ സന്ദർഭങ്ങളും പരസ്പരം ബന്ധപ്പെടുത്തി കാണാമോ?
ചരിത്രകാരന്റെ ജോലി യോഗിയുടേതല്ല. ചരിത്രകാരൻ ഭാവി പ്രവചിക്കുകയല്ല, ഭൂതകാലം പരിശോധിക്കുകയാണ്. ഭാവി നമുക്ക് പ്രവചിക്കാനാവില്ല, പക്ഷേ, ഭൂതകാലത്തെ കൃത്യമായും കണിശമായും പഠിക്കാനാവും. ഏതെങ്കിലും പ്രത്യേക പശ്ചാത്തലവുമായി ബന്ധപ്പെട്ട് എഴുതിയതല്ല ഈ പുസ്തകം. ഇത് ദേശീയതയുടെ വിജയഗാഥയല്ല. പൗരാണിക ഭൂതകാലത്ത് ഇന്ത്യയുടെ സ്വാധീനം സംബന്ധിച്ച കൃത്യവും പണ്ഡിതോചിതവുമായ പഠനമാണ്. ഇത് ഇന്ത്യൻ ചരിത്രത്തെക്കുറിച്ച കൃതിയല്ല. ഇന്ത്യ അതിനു ചുറ്റുമുള്ള ലോകത്തെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് ഇതിന്റെ പ്രതിപാദ്യം.
ഇന്ത്യ ലോകത്തെ സ്വാധീനിക്കുകയും ഇന്ത്യൻ സങ്കൽപങ്ങൾ പ്രചരിക്കുകയും ചെയ്ത മൂന്ന് പ്രധാനവഴികൾ ചൂണ്ടിക്കാണിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.ആദ്യത്തേത് ബുദ്ധമതത്തിന്റെ പ്രചാരമാണ്. ഇന്ന് ഇന്ത്യയിൽ വളരെ കുറഞ്ഞ ബുദ്ധ മതാനുയായികളേ ഉള്ളൂ എന്നതിനാൽ ഈ ഘടകം പലപ്പോഴും അവഗണിക്കപ്പെടുകയാണ്. സ്വന്തമായ ഒരു നിയോജകമണ്ഡലം അവർക്ക് ഇല്ലാതെ പോയി. പലരും അദ്വൈതകാലം മുതൽ മതംമാറിയതിനാൽ പൗരാണിക ബുദ്ധമതക്കാരുമായി അവരുടെ പൈതൃകബന്ധത്തിന്റെ കണ്ണിയറ്റു.
ഇന്ത്യയുടെ ഏറ്റവും വിജയകരമായ കയറ്റുമതിയായിരുന്നു ബുദ്ധിസം എന്നു ഉറപ്പിച്ചു പറയാം. രണ്ടു ശതകത്തിനിടയിൽ അത് പാകിസ്താൻ, അഫ്ഗാനിസ്താൻ, മധ്യേഷ്യ, ചൈന, ജപ്പാൻ, കൊറിയ, മംഗോളിയ, സൈബീരിയ, ലാവോസ്, തായ് ലാൻഡ്, ബർമ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലൂടെ പടർന്നുകയറി ഏഷ്യയുടെ ആകെ രൂപഭാവം തന്നെ മാറ്റി. എന്നാൽ ഇന്ത്യയിൽ ഇത് തീർത്തും അവഗണിക്കപ്പെട്ടു. കാരണം ഇന്ത്യയിൽ ഇന്ന് ഭൂരിപക്ഷം ഹിന്ദുക്കളാണ്.
ബുദ്ധിസത്തിന്റെ വിജയം സ്വന്തം വിജയമായി എണ്ണാൻ അവർക്കു കഴിയുന്നില്ല. വാസ്തവത്തിൽ ഏതിനെയും ഉൾക്കൊള്ളാനുള്ള ഇന്ത്യയുടെ അസാധാരണമായ നേട്ടമാണ് ഇത്. ചുറ്റുമുള്ള ലോകത്തിന്റെ രൂപം മാറ്റാൻ ബുദ്ധമത സംസ്കാരം മറ്റെന്തിനേക്കാളും ഇന്ത്യയെ സഹായിച്ചു.
രണ്ടാമത്തെ നിരീക്ഷണം സംസ്കൃതീകരണവും ഹിന്ദുരാജത്വത്തിന്റെ വ്യാപനവും സംബന്ധിച്ചാണ്. ക്രിസ്തുവർഷം അഞ്ചു മുതൽ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളിൽ തെക്കുകിഴക്ക് ഏഷ്യയിൽ ഹിന്ദുമതവും സംസ്കൃത സാഹിത്യവും വ്യാപിച്ചു. അതും ഒരു അത്യസാധാരണ കഥയാണ്. അഫ്ഗാനിസ്താൻ മുതൽ ബാലി വരെ എല്ലാ രാജ്യങ്ങളും അവരുടെ ഭരണാധികാരികൾ വഴി ഹിന്ദുമതം സ്വീകരിച്ചു. അവരുടെ രാജാക്കന്മാർക്ക് സംസ്കൃതനാമങ്ങൾ നൽകി. മഹത്തായ ഇന്ത്യൻ സാഹിത്യ സംസ്കൃത പാരമ്പര്യങ്ങളെ ആഘോഷിച്ചു.
മഹാകാവ്യങ്ങളായ രാമായണവും മഹാഭാരതവും, പ്രത്യേകിച്ച് രാമായണം, തെക്കുകിഴക്ക് ഏഷ്യയിൽ ഏറ്റവും ജനപ്രിയമായ കഥയായി മാറി. പാരായണം മാത്രമല്ല, നൃത്തനൃത്യങ്ങൾ, നാടകം, തോൽപാവക്കൂത്ത് എന്നിവയെല്ലാം അതിന്റെ പ്രചാരണോപാധികളായി. ദക്ഷിണപൂർവ ഏഷ്യയിൽ മുഴുവൻ സംസ്കൃതസാഹിത്യം ആഘോഷിക്കപ്പെട്ടു.
കംബോഡിയക്കാർ സവിശേഷമായി സംസ്കൃതത്തിൽ സമ്പൂർണത നേടി. കംബോഡിയയിലെയും മുൻ ഖമർ സാമ്രാജ്യത്തിലെയും എല്ലാ ശിലാലിഖിതങ്ങളും സംശുദ്ധമായ വ്യാകരണപ്പിശകുകൾ ഇല്ലാത്ത സംസ്കൃതത്തിലാണ്. അത് തെറ്റുകളുള്ള പ്രാദേശിക സംസ്കൃതം പോലെയല്ല. തെക്കുകിഴക്ക് ഏഷ്യയിലെ ചില ക്ഷേത്രങ്ങളിൽ അത്യപൂർവമായ സംസ്കൃതലിഖിതങ്ങൾ കാണാം.
രാമായണം, മഹാഭാരതം, പുരാണങ്ങൾ മാത്രമല്ല. തമിഴ്നാട്ടിലെ ചില അപൂർവമായ നാടോടിക്കഥകൾ ആന്ധ്രക്കാർക്കു പോലും അറിയില്ല. എന്നാൽ അതൊക്കെ കംബോഡിയയിൽ പ്രചാരത്തിലുണ്ട്. ആഘോഷിക്കപ്പെടേണ്ട വിസ്മയം തന്നെയാണത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം കംബോഡിയയിലെ അങ്കോർ വാട്ടാണെന്ന് മിക്ക ഇന്ത്യക്കാർക്കും അറിയുമോ എന്ന് എനിക്കുറപ്പില്ല.
ലോകത്തെ ഏറ്റവും വലിയ ഹിന്ദു സാമ്രാജ്യം ഗുപ്തന്മാരുടേതല്ല, ഖമർ സാമ്രാജ്യമാണ് എന്നൊരു വാദമുണ്ട്. ഖമറുകൾ തെക്കുകിഴക്ക് ഏഷ്യൻ ഭൂഖണ്ഡം മുഴുവനായി കീഴടക്കി. ഗുപ്തന്മാരേക്കാൾ വലിയതും കൂടുതൽ ജനസംഖ്യയുള്ളതുമായ സാമ്രാജ്യം ഖമറുകൾക്കുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവും. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ അവർ വളരെ വിരളമായേ പ്രത്യക്ഷപ്പെടുന്നുള്ളൂ.
മൂന്നാമതായി, ഇന്ത്യൻ ഗണിതശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും കഥയാണ് ഞാൻ പറയുന്നത്. മറ്റൊരു വിസ്മയകഥയാണ് അത് –മനുഷ്യരുടെ ഏറ്റവും സർവവ്യാപക ഭാഷയായി ഗണിക്കപ്പെടുന്ന സംഖ്യ വ്യവസ്ഥയെ ഇന്ത്യ കണ്ടുപിടിച്ചതെങ്ങനെ എന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്നത് ഇവിടെ വികസിപ്പിച്ച സംഖ്യകളാണ്. പൂജ്യത്തെ ആദ്യം നിർവചിച്ചത് ബ്രഹ്മഗുപ്തനായിരുന്നു.
ഇത് ആദ്യം എട്ടാം നൂറ്റാണ്ടിൽ അറബ് ലോകത്തേക്കും പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉത്തര യൂറോപ്പിലേക്കും വ്യാപിച്ചു. ഏതുമായും സഹവർത്തിക്കാനുള്ള ഇന്ത്യയുടെ കരുത്തിന്റെ ആശ്ചര്യകരമായ നേട്ടമാണത്. പുതിയ പുസ്തകത്തിൽ ഞാൻ എഴുതുന്നത് ഈ കാര്യങ്ങളൊക്കെയാണ്. അല്ലാതെ, ഞാൻ ഒരു അതീന്ദ്രിയവാദി അല്ല. ഭാവിയെക്കുറിച്ചു പറയാൻ ഞാൻ ഒരു പ്രവാചകനല്ല.
ചരിത്രത്തിലും ഇന്ത്യയിലുമുള്ള ഭ്രമം
തൂത്തൻഖാമൻ പ്രദർശനം കാണാൻപോയ ഏഴു വയസ്സുകാരൻ പിന്നീട് പൗരാണിക ചരിത്രത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ടു. ഇന്ത്യൻ ചരിത്രത്തിലേക്ക് തിരിയാൻ താങ്കൾക്ക് പ്രചോദനം എന്തായിരുന്നു? കൊളോണിയൽ ഭരണവും അതിനെതിരായ പ്രതിരോധവും സംബന്ധിച്ച ചരിത്രമായിരുന്നു ആദ്യരചനകളുടെ പ്രതിപാദ്യം.The Last Mughal, White Mughals എന്നിവയെഴുതിയ ശേഷം, ഇപ്പോൾ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ വേരുകൾ തേടുകയാണ്?
തീർച്ചയായും. എന്റെ ഇഷ്ടങ്ങളിൽ ഒന്നാമതായി ഇത് എപ്പോഴും ഉണ്ടായിരുന്നു. 40 വർഷങ്ങൾക്കു മുമ്പ് 1984 ലാണ് ആദ്യമായി ഞാൻ ഇന്ത്യയിലെത്തുന്നത്. പതിനെട്ടോ പത്തൊമ്പതോ ആണ് പ്രായം. ഒന്നാംവട്ടം വന്നപ്പോൾ തന്നെ സാഞ്ചി, അജന്ത, എല്ലോറ, തഞ്ചാവൂർ ക്ഷേത്രങ്ങളും തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളും നോക്കിക്കാണുകയായിരുന്നു ഞാൻ. പൗരാണിക ചരിത്രത്തിലുള്ള ഭ്രമം എന്നെ വിട്ടുപോയില്ല. അന്നുതൊട്ട് പുരാതന ഇന്ത്യയെക്കുറിച്ച് ലേഖനങ്ങളും മാഗസിൻ സ്റ്റോറികളും ചെയ്തുതുടങ്ങി.
‘Nine Lives’ പോലുള്ള പുസ്തകങ്ങളിൽ പുരാതന ഇന്ത്യ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ, താങ്കൾ പറഞ്ഞത് ശരിയാണ്. കഴിഞ്ഞ 20 വർഷമായി എന്റെ ചരിത്രപരമായ മുഖ്യശ്രദ്ധ അവസാന മുഗൾ സാമ്രാജ്യത്തിലും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രാരംഭ കൊളോണിയൽ കാലഘട്ടത്തിലും ആയിരുന്നു.
ആ ലോകമൊക്കെ വിട്ട് എപ്പോഴും സ്നേഹിച്ച ഈ ലോകത്തേക്ക് വരുന്നത് സന്തോഷം നൽകുന്ന അനുഭവമാണ്. കോവിഡ് മഹാമാരിക്കാലം ഈ ചരിത്രഘട്ടത്തെക്കുറിച്ച് ആഴത്തിൽ വായിക്കാൻ അവസരം നൽകി. കോവിഡ് എല്ലാം മന്ദഗതിയിലാക്കുകയും പുസ്തകങ്ങളുമായി നമ്മെ വീട്ടിൽ ഇരുത്തുകയും ചെയ്തിരുന്നില്ലെങ്കിൽ എനിക്ക് ഒരിക്കലും ഈ അവസരം ലഭിക്കില്ലായിരുന്നു. മകൻ സാമിന്റെ കൂട്ടുണ്ടായത് വലിയ ഭാഗ്യം. നന്നായി വായിക്കുന്ന അവൻ ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് ഒരു പുസ്തകം രചിക്കുന്നുണ്ട്.
ഞങ്ങൾ ഒരുമിച്ചിരുന്നു വായിക്കും. ഇരുപതാം നൂറ്റാണ്ടും വിഭജനവുമൊക്കെയാണ് അവന്റെ വായനയിൽ. പുരാതന ഇന്ത്യയിൽ ഞാനും. ലഞ്ച് സമയത്ത് ഞങ്ങൾ വിഷയങ്ങൾ ചർച്ച ചെയ്യും. കരിയറിൽ മകൻ എന്നെ പിന്തുടർന്നത് ഭാഗ്യമായി കരുതുന്നു. ഒരേ ബിസിനസിൽ ഏർപ്പെട്ട ഒരു ഇന്ത്യൻ കുടുംബംപോലെയാകുകയാണ് ഞങ്ങൾ.
അത് വലിയൊരു അനുഗ്രഹമാണ്. അവന്റെ ആദ്യ പുസ്തകം അടുത്ത വർഷം പുറത്തിറങ്ങും. ലോക്ഡൗൺ സമയത്ത് എഴുതിയ പുസ്തകത്തിന്റെ പേര് ‘Shattered Lands, the Five Partitions of India’. ഇന്ത്യ കണ്ടത് ഒരു വിഭജനമല്ല, അഞ്ചു വിഭജനങ്ങളാണെന്ന് സാം ഡാൽറിംപിൾ സിദ്ധാന്തിക്കുന്നു.
പട്ടുപാതയില്ല ഉള്ളത് സുവർണപാത
‘ദ ഗോൾഡൻ റോഡ്’ ചൈനയുടെ സിൽക്ക് റോഡ് അവകാശവാദങ്ങളെ ചോദ്യംചെയ്യുന്നു, പൈതൃകത്തെ ചൊല്ലിയുള്ള ചൈനാവാദങ്ങളെ ചോദ്യംചെയ്യാൻ പ്രചോദനം എന്തായിരുന്നു?
സിൽക്ക് റോഡിനെ ചോദ്യംചെയ്യുന്ന ആദ്യയാളല്ല ഞാൻ. സിൽക്ക് റോഡ് ഒരു പുരാതന ആശയമല്ലെന്ന വാദഗതി ഇപ്പോൾ അക്കാദമിക ലോകത്ത് ഉയർന്നുവരുന്നുണ്ട്. മാർക്കോ പോളോ അതേക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല. സിൽക്ക് റോഡിനെക്കുറിച്ച് യഥാതഥമായി സംസാരിക്കുന്ന ഒരു ചൈനീസ് ഉറവിടവും ഇല്ല. ഇത് 1877ൽ ജർമൻ ജിയോളജിസ്റ്റായ ബാരൺ വോൺ റിച്ച്തോഫൻ (Baron von Richthofen) കണ്ടുപിടിച്ചതാണ്.
1936ൽ സ്വീഡിഷ് പര്യവേക്ഷകൻ സ്വെൻ ഹെഡിൻ എഴുതിയ ‘ദ സിൽക്ക് റോഡ്’ എന്ന പുസ്തകത്തിലാണ് ഇംഗ്ലണ്ടിൽ ഈ ആശയം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1980കൾ മുതൽ ആളുകൾ വാരിപ്പുണർന്ന ഒരു കാൽപനികതയായി അതു മാറി.
മരുക്കാടുകളിലെ മണൽക്കൂനകൾ താണ്ടി നടന്നുനീങ്ങുന്ന ഒട്ടകങ്ങൾ, പാമിർ മലനിരകളിലൂടെ അലഞ്ഞുനീങ്ങുന്ന വണിക്കുകളുടെ ഒട്ടകക്കൂട്ടങ്ങൾ... മനോജ്ഞങ്ങളായ ഭാവനകളാണിതൊക്കെ. അതിന്റെ പ്രഭാവം എതിരാശയങ്ങളെ മുക്കിക്കളഞ്ഞു.
സിൽക്ക് റോഡ് ഏതോ സമയത്ത് ഏതോ രീതിയിൽ നിലനിന്നിട്ടുണ്ടാവാം. പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളുകൾ ഏഷ്യയുടെ നടു തുളച്ചുകയറി ഏഷ്യയെ മുഴുവൻ അവരുടെ ആധിപത്യത്തിൽ ഏകീകരിച്ചു. 1271 ൽ മാർക്കോ പോളോക്ക് മെഡിറ്ററേനിയൻ മുതൽ സൗത്ത് ചൈന കടൽ വരെ കടന്നുപോകാൻ കഴിഞ്ഞിരുന്നു. അത് റോമൻ യുഗത്തിലും ക്ലാസിക്കൽ കാലത്തും ഉണ്ടായിരുന്നില്ല.
അപര അസ്തിത്വത്തെക്കുറിച്ച് ചൈനക്കും റോമിനും പരസ്പര ധാരണയുണ്ടായിരുന്നില്ല. ചൈനയിൽനിന്ന് റോമിലേക്കോ തിരിച്ചോ യാത്രാസംഘങ്ങൾ പോയതിന്റെ ഒരു തെളിവും ഇല്ല. രണ്ടു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിച്ച ഒരു വ്യാപാരിയെക്കുറിച്ചും കേട്ടിട്ടില്ല.
ഒരു റിലേ മത്സരത്തിലെന്നപോലെ ആരൊക്കെയോ ചില വസ്തുക്കൾ കൈമാറി കൈമാറി ദീർഘദൂരങ്ങൾ സഞ്ചരിച്ചുകാണും. എന്നാൽ, ഈ കാലയളവിൽ ഇന്ത്യയുമായി നടന്നുവന്ന നേരിട്ടുള്ള വ്യാപാരബന്ധത്തിന്റെ തോതിൽനിന്നു തീർത്തും വ്യത്യസ്തമാണ് ഇത്. ഓഗസ്റ്റസ് ക്ലിയോപാട്രയുടെ ഈജിപ്തിനെ കീഴടക്കുന്ന നിമിഷം മുതൽ ആ ബന്ധം നിലനിന്നുവരുന്നുണ്ട്.
ക്ലിയോപാട്ര ആത്മഹത്യചെയ്യുന്നതും ഭാവി ചക്രവർത്തിയായ ഓഗസ്റ്റസ് ഈജിപ്തിനെ റോമിനുവേണ്ടി ഏറ്റെടുക്കുന്നതുമായ സംഭവം ലിറ്ററേച്ചർ ക്ലാസുകളിൽ പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. റോമിനും ഇന്ത്യക്കുമിടയിൽ അന്നു മുതൽ ഒരു കടൽ അതിർത്തിയുണ്ട്. മൺസൂൺ കാറ്റിന്റെ സഹായത്താൽ ഈജിപ്തിൽനിന്ന് റോമിലേക്കോ തിരിച്ചോ യാത്രചെയ്യാൻ രണ്ടുമാസം മാത്രം മതി. ഇരുദിശകളിലേക്കും വലിയ കപ്പൽക്കൂട്ടങ്ങൾ പുറപ്പെടുന്നുണ്ടായിരുന്നു അന്ന്.
സ്ട്രാബോ എന്ന സഞ്ചാരി മായോസ് ഹോർമോസ് തുറമുഖത്ത് അനുകൂല കാറ്റിനായി കാത്തിരിക്കുന്ന 250 കപ്പലുകളുടെ കൂട്ടത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. റോമിന്റെ എല്ലാ സ്വർണവും ഇന്ത്യയുടെ പോക്കറ്റുകളിലേക്ക് ചോരുന്നതിനെക്കുറിച്ച് പ്ലിനി സംസാരിക്കുന്നു. ‘ഗോൾഡൻ റോഡി’ന് എതിരെ ഒരു പ്രത്യാഖ്യാനം എന്തുകൊണ്ട് ഇന്ത്യൻ ചരിത്രകാരന്മാർ ഇതുവരെ സൃഷ്ടിച്ചില്ല എന്നത് നിഗൂഢമായിരിക്കുന്നു. കാരണം, അക്കാദമിക ലോകത്ത് പലരും ഇതിനകം സിൽക്ക് റോഡ് പ്രതീകവത്കരണത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
ആദികാലം തൊട്ടേ ചെങ്കടലിനും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിനും ഇടയിൽ നടന്ന റോമിന്റെ പ്രത്യക്ഷവ്യാപാരമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ വ്യാപാര മാർഗം എന്നെനിക്കു പറയാൻ കഴിയും. വ്യാപാരത്തിന്റെ കണക്കുകൾ പറയുന്ന മുസിരിസ് പാപിറസ് പോലുള്ള രേഖകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ടെന്ന് സാമ്പത്തിക ചരിത്രത്തിൽനിന്ന് നാം വായിച്ചറിയുന്നു.
റോമൻ അതോറിറ്റിയിൽനിന്ന് ചെങ്കടൽ തുറമുഖത്ത് വന്നുചേർന്നിരുന്ന കച്ചവടച്ചരക്കുകളുടെ കസ്റ്റംസ് തീരുവ രാജഭരണകൂടത്തിന്റെ വാർഷിക ബജറ്റിന്റെ മൂന്നിലൊന്ന് അല്ലെങ്കിൽ നാലിലൊന്ന് വരെയാകാമെന്ന് ഇപ്പോൾ ആളുകൾ പറയുന്നു. ഹാഡ്രിയൻസ് വാൾ, റോമൻ റോഡുകൾ, അൾജീരിയൻ കോട്ടകൾ എന്നിവയെല്ലാം ഇന്ത്യയിൽനിന്ന് റോമിലേക്ക് വരുന്ന ആഡംബര വസ്തുക്കളുടെ നികുതി ഈടാക്കിയിരുന്ന ഇടങ്ങളായിരുന്നു.
അതിനാൽ, ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സമ്പൂർണ സാമ്പത്തിക ലോകംതന്നെ അവിടെ രൂപംകൊള്ളുന്നുണ്ട്. ഇന്ത്യൻ പാഠപുസ്തകങ്ങളിൽ വരെ ഇടംപിടിച്ച സിൽക്ക് റോഡ് എന്ന ആശയത്തെ ഇന്ത്യക്കാർ കൂടുതൽ വിമർശനാത്മകമായി വിലയിരുത്തണം. ആദികാലത്ത് അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എന്ന് ഞാൻ കരുതുന്നു. ആ ഒരു മിഥ്യയാകട്ടെ, റോം-ഇന്ത്യ കച്ചവടബന്ധത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ ഖനനമല്ല പൈതൃക സംരക്ഷണം
പുസ്തകത്തിന്റെ ആമുഖത്തിലും കൊച്ചിയിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളേണ്ടതിന്റെ ആവശ്യകത താങ്കൾ ഊന്നിപ്പറഞ്ഞു. അതൊന്നു വിശദീകരിക്കാമോ?
അതേ, ഇന്ത്യയിൽ പുരാതന സ്മാരകങ്ങൾ (ancient monuments) സംരക്ഷിക്കുന്നതിൽ ഇന്ത്യ വളരെ പിറകിലാണ് എന്നു തോന്നുന്നു. ഒരു കെട്ടിടം സ്വകാര്യ അധീനത്തിലാണെങ്കിൽ, ആ കുടുംബം അത് തകർത്തു വല്ല ഓഫിസ് സമുച്ചയമോ കാർ പാർക്കോ നിർമിക്കും. ലോകത്ത് മറ്റെവിടെയും വളരെ അപൂർവമാണ് ഈ രീതി.
ഇറ്റലി പോലുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളിലും നിങ്ങൾക്ക് ഉടമസ്ഥതയുള്ള സ്വകാര്യസ്വത്താണെങ്കിലും, പൗരാണിക കെട്ടിടങ്ങളാണെങ്കിൽ മുറ്റമോ പൂമുഖമോ ഒന്നും തൊടാനാവില്ല. അത് പൊളിച്ച് കാർ പാർക്കോ ഫ്ലാറ്റ് ബ്ലോക്കോ നിർമിക്കാൻ അനുമതി ലഭിക്കില്ല. ഞങ്ങളുടെ നാട്ടിലൊക്കെ കെട്ടിടങ്ങൾക്ക് ഗ്രേഡിങ് സിസ്റ്റമുണ്ട്.
ദേശീയ പ്രാധാന്യമുള്ള ഗ്രേഡ് വൺ കെട്ടിടങ്ങളെ തൊടാൻ അനുവദിക്കില്ല. ഗ്രേഡ് രണ്ട് ഇനത്തിലാണെങ്കിൽ നിങ്ങൾക്ക് അകത്ത് മാറ്റങ്ങൾ വരുത്താം, പക്ഷേ, മുഖപ്പ് മാറ്റാൻ കഴിയില്ല. ഗ്രേഡ് മൂന്ന് ഇനമാണെങ്കിൽ കെട്ടിടം പൊളിക്കാതെ മാറ്റങ്ങൾ വരുത്താം. അങ്ങനെ കെട്ടിടങ്ങൾ ചരിത്രപ്രാധാന്യ ക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. മിക്ക യൂറോപ്യൻ, പാശ്ചാത്യരാജ്യങ്ങളിലും ഇതാണ് സമ്പ്രദായം.
ഇവിടെ അത്തരമൊരു ആശയമേയില്ല. പഴയ ഡൽഹിയിലെ ഏറ്റവും മനോഹരമായ ഒരു ഹവേലി (mansion) സ്വന്തമായുണ്ടെങ്കിൽ നിങ്ങളത് തകർത്ത് നാളെ ഫ്ലാറ്റുകളുടെ ഒരു ബ്ലോക്ക് നിർമിക്കും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ദേശീയ സംവിധാനത്തിലും പ്രശ്നമുണ്ട്.
എ.എസ്.ഐക്ക് മതിയായ ധനസഹായം ലഭിക്കുന്നില്ല, അവർക്ക് തങ്ങളുടെ അധീനതയിലുള്ള സ്മാരകങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല. മ്യൂസിയങ്ങളൊക്കെ തെളിച്ചമില്ലാത്ത, വിളക്കു കത്താത്ത മോശം നിലയിലാണ്.
വളരെ കുറച്ച് ആളുകളാണ് അവ സന്ദർശിക്കുന്നത്. വളരെ ഹ്രസ്വദൃഷ്ടിയോടെയുള്ള നയപരിപാടികളാണ് കണ്ടുവരുന്നത്. നല്ല മ്യൂസിയങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കും, അത് വിനോദസഞ്ചാരത്തിന്റെ തോത് വർധിപ്പിക്കുകയും ചെയ്യും. ഇന്ത്യ ഇപ്പോഴും ചരിത്ര വിനോദസഞ്ചാരത്തിൽ ദയനീയമായ നിലയിലാണ്. ഇപ്പോൾ രാജസ്ഥാനിൽ തിരക്കേറിയിട്ടുണ്ട്. തെല്ലൊക്കെ ഗോവയിലും.
ഇന്ത്യയുടെ മൂന്നിൽ ഒരു ഭാഗവും വിദേശ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നില്ല. കർണാടക, തമിഴ്നാട്, ഒഡിഷ, യു.പി, ബിഹാർ എന്നിവിടങ്ങളിലേക്കൊന്നും ആരും പോകുന്നില്ല. അത്ഭുതകരമായ പൈതൃകസൂക്ഷിപ്പുള്ള സ്ഥലങ്ങളാണ് അവയെല്ലാം. എ.എസ്.ഐക്ക് ഖനനം നടത്താൻ പണമില്ല, അതിനാൽ നളന്ദയുടെ തൊണ്ണൂറ് ശതമാനവും ഇപ്പോഴും ഖനനം ചെയ്തിട്ടില്ല. മറൈൻ പുരാവസ്തു ശാസ്ത്രത്തിന് പണമില്ല, അതിനാൽ സിംഗപ്പൂർ പുരാതന ഇന്ത്യൻ കപ്പലുകളുടെ അവശിഷ്ടങ്ങൾ കൊണ്ടുപോകുമ്പോൾ ഇന്ത്യയുടെ തീരത്ത് പുരാതന യാനപാത്രങ്ങളെ അഴുകിനശിക്കാൻ വിട്ടിരിക്കുന്നു.
അവകാശപ്പെടുന്നതുപോലെ ഇന്ത്യയുടെ പൈതൃകത്തിൽ നിലവിലെ ഭരണകൂടം അഭിമാനം കൊള്ളുന്നുവെങ്കിൽ, പൈതൃക സംരക്ഷണത്തിനും പര്യവേക്ഷണത്തിനും പ്രദർശനത്തിനും കൂടുതൽ പണം നൽകണം. ഇന്ത്യയേക്കാൾ ദരിദ്രമായ തുർക്കിപോലുള്ള രാജ്യങ്ങൾ ഇപ്പോൾ മ്യൂസിയങ്ങളിൽ വലിയ നിക്ഷേപം നടത്തുന്നു. അതിവിടെ കാണുന്നില്ല.
അതിനാൽ, പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും പ്രാധാന്യം ഇന്ത്യ തിരിച്ചറിയണമെന്നാണ് എനിക്ക് ശക്തമായി ആവശ്യപ്പെടാനുള്ളത്. ദേശീയതയുടെ പേരിൽ നെഞ്ചത്തടിച്ച് അലമുറയിട്ടതുകൊണ്ടായില്ല. പണമിറക്കി പണിചെയ്യുകയാണ് വേണ്ടത്.
ഈ രാജ്യം ദരിദ്രമല്ല. റോഡുകളും റെയിൽപാതകളും വന്ദേ ഭാരത് ട്രെയിനുകളും പുതിയ വിമാനത്താവളങ്ങളുമൊക്കെ നിർമിക്കുന്നുണ്ടല്ലോ. അതിനൊപ്പം മ്യൂസിയങ്ങളിലും പുരാവസ്തു ശാസ്ത്രത്തിലും കുറച്ച് നിക്ഷേപിക്കാൻ കഴിയണം. നിർഭാഗ്യവശാൽ ഇവിടെ രാഷ്ട്രീയ ഖനനമാണ് നടക്കുന്നത്. അത് നിർത്തി, നളന്ദ ഖനനം ചെയ്യാൻ പണം ചെലവഴിക്കൂ, അതാണ് പ്രധാനം.
ബുദ്ധമതത്തിന് എന്തുപറ്റി? ഹിന്ദു ബ്രാഹ്മണിസം ബുദ്ധമതത്തെയും അതിന്റെ സമ്പന്നമായ സംസ്കാരത്തെയും നശിപ്പിച്ചു എന്ന ചരിത്രകാരന്മാരുടെ നിരീക്ഷണത്തെ താങ്കൾ എങ്ങനെ കാണുന്നു?
അതേക്കുറിച്ച് ഞാൻ ഈ കൃതിയിൽ എഴുതുന്നില്ല. അത്തരമൊരു വാദം ഞാൻ ഉന്നയിക്കുന്നില്ല.
എന്നാൽ, ചരിത്രകാരന്മാർക്ക് അങ്ങനെയൊരു വാദമുണ്ട്.
അതേ, അത് ഒരു സങ്കീർണ ചിത്രമാണ്. ഇന്ത്യയിൽ ബുദ്ധമതത്തിന് എന്ത് സംഭവിച്ചു എന്നതിന് ലളിതമായ മറുപടിയില്ല. ഹിന്ദുമതവും ബുദ്ധമതവും ചിലപ്പോൾ മത്സരത്തിലേർപ്പെട്ടിട്ടുണ്ട്. അവർ സഹകരണത്തോടെ സന്തോഷത്തോടെ ഒന്നിച്ച് നീങ്ങിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
തെക്കുകിഴക്ക് ഏഷ്യയിൽ ഹിന്ദുമതം അപ്രത്യക്ഷമാകുകയും ബുദ്ധമതം ഏറ്റവും ജനപ്രിയ മതമായി മാറുകയും ചെയ്യുമ്പോൾ ഇവിടെ ബുദ്ധമതം അപ്രത്യക്ഷമാകുകയും ഹിന്ദുമതം ജനപ്രിയമായി തുടരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നത് നിഗൂഢമായൊരു പ്രതിഭാസമായി തോന്നുന്നു.
അതെന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നത് ഒരു ചരിത്രകാരന് എളുപ്പത്തിൽ മറുപടി നൽകാൻ കഴിയുന്ന വിഷയമല്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഒരു വിശ്വാസം ഇവിടെ പ്രവർത്തിക്കുമ്പോൾ മറ്റൊരു വിശ്വാസം അവിടെ കൂടുതൽ ജനപ്രിയമാകുന്നത് എന്തുകൊണ്ടാണ് എന്നത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്.
താങ്കളുടെ കൃതിയിൽ അവതരിപ്പിക്കുന്ന ഇന്ത്യൻ പൈതൃകം ബുദ്ധമതത്തെ ചുറ്റിപ്പറ്റിയാണല്ലോ?
അത് ശരിയല്ല. മൂന്ന് ഭാഗങ്ങളുണ്ട് ഈ കൃതിക്ക്. ആദ്യഭാഗം ബുദ്ധമതത്തെക്കുറിച്ചാണ്, മധ്യഭാഗം ഹിന്ദുമതത്തിലാണ് ഊന്നുന്നത്. അവസാന ഭാഗം ഗണിതശാസ്ത്രത്തെക്കുറിച്ചും. ആ ഗണിതശാസ്ത്രത്തിൽ പലതും ബ്രാഹ്മണ പണ്ഡിതർ എഴുതിയതാണ്. പുസ്തകത്തിന്റെ രണ്ടാം പകുതി മുഴുവനും ഹിന്ദുമതത്തെക്കുറിച്ചാണ്.
ബുദ്ധമതത്തെക്കുറിച്ച് പറഞ്ഞാണ് തുടങ്ങുന്നത്. ഇന്ത്യയുടെ ഹിന്ദുപൈതൃകം ചരിത്രപരമായി ബുദ്ധപൈതൃകവുമായി ചേർച്ചയിലാണെന്ന് പറയാനാകുമോ?
രണ്ടും ഒരുപോലെ അല്ല, വ്യത്യസ്തമാണ്, അത് ബോധപൂർവമായ വ്യത്യസ്തതയാണ് താനും. പക്ഷേ, രണ്ടും സഹവർത്തിത്വത്തിൽ നീങ്ങിയ കാലമുണ്ട്.
ഹർഷ ചക്രവർത്തിയും പാലന്മാരും ഇരുവരെയും പ്രോത്സാഹിപ്പിച്ചു. ആധുനിക ഇന്ത്യയിൽ വ്യത്യസ്ത മതക്കാർ ഒരുമിച്ച് ജീവിക്കുന്നതുപോലെ. ഒരു ദിവസം കൊച്ചിയിൽ ക്രിസ്ത്യൻ ആഘോഷം, അടുത്തദിവസം ഹിന്ദു ഉത്സവം, മൂന്നാം നാൾ മുസ്ലിം ആഘോഷം ഒക്കെ നടന്നുവരുന്നതുപോലെ. പൗരാണിക ഇന്ത്യയും അങ്ങനെയായിരുന്നു.
പാലം പണിത ബർമകികൾ
അബ്ബാസി ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ബർമകികൾ ഇന്ത്യൻ ലോകത്തെയും മുസ്ലിം ലോകത്തെയും ബന്ധിപ്പിച്ച പാലമായിരുന്നു എന്ന് താങ്കൾ എഴുതുന്നുണ്ട്?
അതേ, ബർമകികൾ ഏറെ പ്രാധാന്യമർഹിക്കുന്നു.
കഴിഞ്ഞ വർഷം ഓക്സ്ഫഡിൽ രണ്ടാം റിസാ ഹുസൈനി മെമ്മോറിയൽ പ്രഭാഷണത്തിലും അത്തരം ഒരു വ്യാഖ്യാനം അവതരിപ്പിച്ചിരുന്നു. ഇന്ത്യയും മുസ്ലിം ലോകവുമായി ഇത്തരമൊരു ഇടപഴകൽ എങ്ങനെ നിലനിന്നുവെന്ന് വിശദീകരിക്കാമോ?
സംസ്കൃതത്തിലെ ‘പ്രമുഖ്’ ആണ് പിന്നീട് അറബിയിൽ ബർമക് ആയി മാറിയത്. വംശീയമായി വടക്കൻ അഫ്ഗാനിസ്താനിലെ ബൽഖ് പ്രവിശ്യയിലെ നവബഹാർ മഠാധിപതികളായിരുന്നു അവർ. മുസ്ലിം അധിനിവേശത്തെ തുടർന്ന് അവർ ഇസ്ലാമിലേക്ക് മാറി. അപ്പോഴും അവർ സംസ്കൃതഭാഷ നിലനിർത്തി.
ഖാലിദ് ബിൻ ബർമകിനെ പോലുള്ളവർ കശ്മീരിലെ ആധ്യാത്മിക കേന്ദ്രങ്ങളിൽ പരിശീലനം നേടിയിരുന്നു. അങ്ങനെ, ഇന്ത്യയെയും മുസ്ലിം ലോകത്തെയും അവർ കൂട്ടിയിണക്കി. ബഗ്ദാദിലെ അബ്ബാസി ഭരണത്തിൽ മന്ത്രിപദങ്ങളിലെത്തിയ അവർ സിന്ധിൽനിന്ന് ബ്രഹ്മഗുപ്തനും ആര്യഭട്ടനും എഴുതിയ കൃതികൾ അങ്ങോട്ടു കൊണ്ടുപോയി.
ക്രി.വ. 776ൽ ബഗ്ദാദിൽ എത്തിയ ആ കൃതികൾ വിവർത്തനം ചെയ്യാനുള്ള ശ്രമമുണ്ടായി. അതിൽ ഏറ്റവും വിജയകരമായത് അൽഖവാരിസ്മിയുടേതാണ്.
വളരെ സങ്കീർണമായ സംസ്കൃത കവിത അൽഖവാരിസ്മി സ്ഫുടമായ അറബിഗദ്യത്തിലേക്കു മാറ്റി. അത് ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും പാഠപുസ്തകമായി മാറി. ഇവിടെ രണ്ട് കഥകൾ മിക്ക ആളുകൾക്കും പുതിയതാണ്. ഒന്ന് ബർമകികളുടേതുതന്നെ. മറ്റൊന്ന് ചൈന രാജ്ഞി വു സെതിയാനും.
പൈതൃകാഭിനിവേശവും തീവ്രദേശീയതയും ഒന്നല്ല
ഇന്ത്യയുടെ പൈതൃകത്തിൽ അഭിമാനം ജ്വലിപ്പിക്കുന്ന വലതുപക്ഷ ദേശീയതയും സാംസ്കാരിക പാരമ്പര്യത്തിൽ ആവേശം പുലർത്തുന്ന ചരിത്രകാരന്മാരുടെ സമീപനവും എവിടെയാണ് വേർതിരിയുന്നത്?
ചരിത്രകാരന് പ്രധാനം കൃത്യതയും കണിശതയുമാണ്. മുൻധാരണകളോടെയാണ് പലരും വരിക. ഓരോ ചരിത്രകാരനും സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകും. എന്നാൽ, ആ കാഴ്ചപ്പാടുകൾ എത്രയും വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ചരിത്രകാരന്റെ ജോലി.
സമ്പൂർണ വസ്തുനിഷ്ഠത പാലിക്കാൻ ആവണമെന്നില്ല. ബാല്യകാലം മുതൽ രാഷ്ട്രീയവും മതപരവുമായ ആശയങ്ങളുടെ ചുമടേറ്റിയാണല്ലോ നമ്മൾ വളരുന്നത്. ഞാൻ രാഷ്ട്രീയമായി സെൻട്രിസ്റ്റാണ്. മാർക്സിസ്റ്റല്ല, ലെഫ്റ്റിസ്റ്റുമല്ല.
വില്യം ഡാൽറിംപിൾ മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമിനൊപ്പം
ഒരു വിദേശിയായ എനിക്ക് താജ്മഹലും തഞ്ചാവൂരിലെ ക്ഷേത്രവും ഒരുപോലെ വിസ്മയമാണ്. രണ്ടും അത്ഭുതകരവും അസാധാരണവുമായ സ്മാരകങ്ങൾ. അതുകൊണ്ട് എനിക്ക് മുഗളരിൽനിന്ന് പുരാതന ചരിത്രത്തിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയും, രണ്ടിലും ആശ്ചര്യം കൂറും. ഇത് ഫുട്ബാൾ മത്സരത്തിൽ പക്ഷം ചേരുന്ന പണിയല്ല.
നിങ്ങൾ ചെൽസിയെ വിട്ട് ആഴ്സനലിനെ പിന്തുണക്കുന്ന മട്ടിലല്ല ചരിത്രത്തെ സമീപിക്കേണ്ടത്. എനിക്ക് ചരിത്രം ഒരു സ്വാഭാവിക പ്രതിഭാസമാണ്. മുഗൾ കാലഘട്ടത്തിലും പുരാതന ഹിന്ദുഭൂതത്തിലും ഒരുപോലെ ഞാൻ താൽപര്യം പുലർത്തുന്നു. രണ്ടിനെക്കുറിച്ച് എഴുതാനും എനിക്ക് സന്തോഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.