അസമീസുകാരിയായ റിമ ദാസ് രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ വേറിട്ട സംവിധായികയാണ്. വില്ലേജ് റോക്ക്സ്റ്റാർ, ‘ബുൾബുൾ കാൻ സിങ്’, ‘ടോറാസ് ഹസ്ബൻഡ്’, ‘നയ്ബേഴ്സ്’, ‘മൈ മെൽബൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ അവർ സംസാരിക്കുന്നു –സിനിമയെപ്പറ്റിയും അസമിനെപ്പറ്റിയും തന്റെ ജീവിതവഴികളെ കുറിച്ചും.
2017ൽ ഒരു ‘റോക്ക്സ്റ്റാറി’നെ പോലെയാണ് റിമ ദാസ് ഇന്ത്യയിലെ ചലച്ചിത്രമേളകളിൽ ആവേശമായത്. അതുവരെ പ്രശസ്തയല്ലായിരുന്ന ഒരു സംവിധായികയെയും അവരുടെ ‘ഒറ്റപ്പെൺ ക്രൂ’ ഒരുക്കിയ ‘വില്ലേജ് റോക്ക്സ്റ്റാർ’ എന്ന അസമീസ് സിനിമയെയും ഇന്ത്യയൊട്ടാകെ ചലച്ചിത്ര ആസ്വാദകർ ഏറ്റെടുത്തു. ഗ്രാമീണ നിഷ്‍കളങ്കതയുടെ കാൻവാസിൽ കുരുന്നു സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും തെളിമയുള്ള കാഴ്ച കോറിയിട്ട സിനിമ, ദേശീയ പുരസ്കാരങ്ങളും 40ലേറെ ചലച്ചിത്രമേളകളിലൂടെ ആസ്വാദകലോകത്തിന്റെ അംഗീകാരവും നേടി ഒാസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായതിന്റെ ഫ്ലാഷ്ബാക്കിലെത്തുമ്പോൾ നിരാസത്തിന്റെയും നിരാശയുടെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയുമൊക്കെ കഥകൾ കാണാം.
നടിയാകാൻ കൊതിച്ച് അസമിലെ ഛായ്ഗാവിനടുത്തുള്ള കലാർഡിയ എന്ന കൊച്ചുഗ്രാമത്തിൽനിന്ന് മുംബൈയിലെത്തി ഹിന്ദി ഉച്ചാരണം ശരിയല്ലെന്ന പഴി വരെ കേട്ട് അവഗണിക്കപ്പെട്ട ഒരു യുവതി, ഫിലിം സ്കൂളിലൊന്നും പോകാതെ വിരലിലെണ്ണാവന്ന ഹ്രസ്വചിത്രങ്ങളും ഒരു ഫീച്ചർ ഫിലിമും മാത്രം ചെയ്ത പരിചയത്തിൽ നിർമാണവും സംവിധാനവും കാമറയും എഡിറ്റിങ്ങും വസ്ത്രാലങ്കാരവും കലാസംവിധാനവുമൊക്കെ ഒറ്റക്ക് കൈകാര്യം ചെയ്ത് ഹിറ്റാക്കുന്ന മാജിക്കാണ് റിമ ദാസ് കാട്ടിയത്.
കലാർഡിയ എന്ന ഗ്രാമത്തിലെ കുരുന്നു സ്വപ്നങ്ങളുടെ കഥയിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിനു ഗ്രാമീണരുടെ അതിജീവനത്തിന്റെയും കഥ കലർപ്പില്ലാതെ റിമ പറഞ്ഞു. ഗ്രാമത്തിലെ ബന്ധുക്കളും പരിചയക്കാരുമായ കുട്ടികളെത്തന്നെ അഭിനേതാക്കളാക്കി. ബന്ധുവായ മല്ലിക ദാസ് സൗണ്ട് റെക്കോഡിസ്റ്റ് ആയപ്പോൾ അവരുടെ അനിയത്തി ബനിത ദാസ് മുഖ്യകഥാപാത്രമായ ധുനു ആയെത്തി മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. തെർമോകോൾ ഗിറ്റാറിൽ നിന്ന് യഥാർഥ ഗിറ്റാർ എന്ന സ്വപ്നത്തിലേക്ക് ധുനു നടന്നടുക്കുന്ന കഥ യാഥാർഥ്യത്തോടു പൂർണമായും നീതിപുലർത്തി, ആത്മാർഥമായി, സത്യസന്ധമായി റിമക്കു പറയാൻ സാധിച്ചിടത്താണ് സിനിമ വിജയിച്ചത്.
‘മാൻ വിത്ത് ദി ബൈനോക്കുലേഴ്സ്’, ‘വില്ലേജ് റോക്ക്സ്റ്റാർ 1 & 2’, ‘ബുൾബുൾ കാൻ സിങ്’, ‘ടോറാസ് ഹസ്ബൻഡ്’, ‘നയ്ബേഴ്സ്’, ‘മൈ മെൽബൻ (രണ്ടും ആന്തോളജി ചിത്രങ്ങൾ) അടക്കം ഒരുപിടി സിനിമകളിലൂടെ ശ്രദ്ധേയയായ റിമ 29ാമത് കേരള സംസ്ഥാന ചലച്ചിത്രോത്സവത്തിൽ ആവേശ സാന്നിധ്യമായിരുന്നു. ‘‘പുതിയ കാലഘട്ടത്തിൽ ധുനുവിന്റെ പുത്തൻ പ്രതീക്ഷകളും വെല്ലുവിളികളുമാണ് ‘റോക്ക്സ്റ്റാർ -2’ പറയുന്നത്. ഒന്നാം ഭാഗത്തിന്റെ അവസാന റീലിൽ ധുനു ആദ്യമായി ഗിറ്റാർ വായിക്കുന്ന സീൻ കാണുമ്പോളെല്ലാം ഈ കഥ തുടരണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.
ആദ്യ സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും എന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെട്ടതും എനിക്കുതന്നെ വെല്ലുവിളിയായി. എങ്കിലും മികവെല്ലാം പുറത്തെടുത്താണ് രണ്ടാ ഭാഗം യാഥാർഥ്യമാക്കിയത്. ഇപ്പോൾ ആളുകൾ മൂന്നാം ഭാഗത്തെ കുറിച്ചാണ് ചോദിക്കുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമകളെല്ലാം എന്റെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചത്. ഇനി ഈ നിഴലിൽനിന്ന് എനിക്ക് പുറത്തുകടക്കണം. പുതിയ പുതിയ ഭൂമികകളിൽ നടക്കുന്ന കഥകൾ പറയണം’’ –റിമ ദാസ് സംസാരിക്കുന്നു.
അസമിലെ ചെറിയ ഗ്രാമത്തെയും അവിടത്തെ ആളുകളുടെ ജീവിതത്തെയും ലോകത്തിന് മുന്നിൽ എത്തിക്കാനായി. കലാർഡിയയിലെ കുട്ടിക്കാലമൊക്കെ എങ്ങനെ ആയിരുന്നു?
‘റോക്ക്സ്റ്റാർ’ സിനിമയിൽ കാണിക്കുന്നതുപോലെ തന്നെയായിരുന്നു എന്റെ ബാല്യകാലവും. ധുനുവും കൂട്ടുകാരും ഒരർഥത്തിൽ എന്റെ ബാല്യത്തിന്റെ പ്രതിരൂപങ്ങൾ തന്നെയാണ്. പക്ഷേ, ഞങ്ങളുടെ സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകൾ വ്യത്യസ്തമായിരുന്നെന്നു മാത്രം. പലരും കരുതുന്നപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബമായിരുന്നില്ല എന്റേത്. പിതാവ് ഒരു സ്കൂളിലെ പ്രധാനാധ്യാപകൻ ആയിരുന്നു.
അച്ചടി പ്രസും പുസ്തകശാലയുമൊക്കെയായിരുന്നു ഞങ്ങളുടെ ഫാമിലി ബിസിനസ്. എങ്കിലും സാധാരണ കുട്ടികളുടെ എല്ലാ തമാശകളും ആസ്വദിച്ച് തന്നെയാണ് വളർന്നത്. പുഴയിൽ ചാടാനും മരത്തിൽ കയറാനും പാടത്തെ ചളിയിൽ കളിച്ചുമറിയാനുമൊക്കെ ഞാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. സിനിമ എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുമ്പോൾ ഞാൻ നേരിട്ട അനുഭവങ്ങൾതന്നെയാണ് ധുനുവിലൂടെ പകർത്തിയിരിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് വെള്ളപ്പൊക്കമൊക്കെ വരുമ്പോൾ ഞങ്ങൾക്ക് സന്തോഷമായിരുന്നു. വെള്ളത്തിൽ കളിക്കാം, സ്കൂളിൽ പോകേണ്ട എന്നതൊക്കെയായിരുന്നു കാരണം.
ധുനുവിന്റെ ആ പ്രായത്തിലെ കാഴ്ചപ്പാടിലൂടെ എന്റെ അനുഭവങ്ങൾതന്നെയാണ് ഒന്നാം ഭാഗത്തിലുള്ളത്. കൗമാരത്തിലെത്തുമ്പോൾ അവളുടെ കാഴ്ചപ്പാടുകൾ മാറുകയും വെല്ലുവിളികൾ വർധിക്കുകയുമാണ്. ഇതിനുമുമ്പ് കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത നിരവധി കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കും. ആ സ്വാഭാവികമായ മാറ്റത്തിലൂടെയാണ് രണ്ടാം ഭാഗം പുരോഗമിക്കുന്നത്. എന്റെ യാത്രയും അങ്ങനെ തന്നെ ആയിരുന്നു.
എനിക്ക് അഭിനയത്തിലും നൃത്തത്തിലുമൊക്കെയായിരുന്നു താൽപര്യം. ഗ്രാമത്തിലും സ്കൂളിലും കോളജിലുമൊക്കെ എനിക്ക് അതിനുള്ള അവസരങ്ങളുമുണ്ടായി. പുണെ യൂനിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ പി.ജിയും നെറ്റും ഒക്കെ പാസായശേഷം 2003ലാണ് അഭിനയമോഹവുമായി ഞാൻ മുംബൈയിലേക്ക് വണ്ടികയറുന്നത്.
അഭിനയം സ്വപ്നം കണ്ടയാൾ പിന്നീട് സംവിധാനവും ഛായാഗ്രഹണവും അടക്കം ഫിലിം മേക്കിങ്ങിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ആ മാറ്റം എങ്ങനെയാണ് ഉണ്ടായത്?
അതെല്ലാം സ്വാഭാവികമായി സംഭവിച്ച് പോയതാണ്. മുംബൈയിൽ ആറു വർഷത്തോളം അഭിനയിക്കാനുള്ള അവസരം തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. സങ്കീർണമായ യാത്രയായിരുന്നു അത്. നല്ല അനുഭവങ്ങളല്ല മുംബൈ സമ്മാനിച്ചത്. ക്രമേണ അഭിനയമല്ലെങ്കിൽ മറ്റ് എന്തെങ്കിലും സിനിമയിൽ ചെയ്യണമെന്ന ഉൾവിളി ശക്തമായി. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിൽതന്നെയായിരുന്നു എനിക്ക് താൽപര്യം.
പക്ഷേ, സമയം കുറേ പോയി. ആരുടെയെങ്കിലും അസിസ്റ്റന്റ് ആയോ ഫിലിം സ്കൂളിൽ ചേർന്നോ സിനിമ പഠിച്ച് ഇനിയും സമയം കളയാനുമാകില്ല. അങ്ങനെ 2011ൽ കാമറ വാങ്ങി. അത് നൽകിയ ആത്മവിശ്വാസത്തിലാണ് ഫിലിം മേക്കിങ്ങിലേക്ക് ഇറങ്ങിയത്. ചലച്ചിത്ര മേളകളിലൊക്കെ സിനിമ കണ്ടുള്ള പരിചയം മാത്രമായിരുന്നു കൈമുതൽ. സാങ്കേതിക വശങ്ങൾ അറിയില്ലെങ്കിലും കഥ പറയുന്ന രീതി ഞാൻ സ്വായത്തമാക്കിയെടുത്തു.
എന്റെ എല്ലാ ജീവിതാനുഭവങ്ങളെയും സിനിമയുമായി കണക്ട് ചെയ്യിച്ചു. എന്റെ ഉയർച്ചയും താഴ്ചയും ആശങ്കകളും ആവലാതികളും സ്വപ്നങ്ങളും വെല്ലുവിളികളുമെല്ലാം ഭാവനയുമായി കൂട്ടിച്ചേർത്ത് കഥകളും കഥാപാത്രങ്ങളുമുണ്ടാക്കി. സംവിധാനം, കാമറ കൈകാര്യം ചെയ്യൽ, എഡിറ്റിങ്, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയത് എനിക്കുതന്നെ അത്ഭുതമാണ്. സിനിമകൾ കണ്ട് വിലയിരുത്തി തന്നെയാണ് അത് നേടിയെടുത്തത്.
എഡിറ്റിങ് കുറച്ചൊക്കെ അറിയാമായിരുന്നു. പിന്നീട് എഡിറ്റിങ്ങിനെ സാങ്കേതികമായല്ല, വൈകാരികമായാണ് സമീപിക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. ആ ഒരു താളം കണ്ടെത്തിയതോടെ ഒരു കവിത എഴുതുംപോലെയോ കഥ പറയുംപോലെയോ ഒക്കെ അതിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്ക് കഴിഞ്ഞു. ആദ്യ സിനിമ ചെയ്യുമ്പോൾ ലൊക്കേഷൻ സൗണ്ട് പകർത്താൻ ഇന്റർനെറ്റ് നോക്കിയും മറ്റും ഞാനും മല്ലികയും സൗണ്ട് റെക്കോഡിങ് സംവിധാനം സെറ്റ് ചെയ്യുകയായിരുന്നു. ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു ക്രൂവിൽ ഉണ്ടായിരുന്നത്.
മതിയായ ഫണ്ട് ഇല്ലാതെ, ക്രൂ ഇല്ലാതെ ആദ്യ സിനിമകൾ. പക്ഷേ, ‘വില്ലേജ് റോക്ക്സ്റ്റാർ’ അംഗീകാരങ്ങൾ നേടിയതോടെ എല്ലാം മാറിമറിഞ്ഞു. രണ്ടാം ഭാഗത്തിലെത്തിയപ്പോൾ ഈ പ്രശസ്തിയും മറ്റും സിനിമാ നിർമാണത്തെ എത്രമാത്രം എളുപ്പമാക്കി. എന്തെല്ലാം മാറ്റങ്ങളാണ് തോന്നിയത്?
ലോക സിനിമകൾ നിരന്തരമായി കണ്ടും വായിച്ചും സിനിമയെക്കുറിച്ചു പഠിച്ച് സ്വന്തം അനുഭവങ്ങളിൽനിന്നാണ് എന്റെ ആദ്യ സിനിമകൾ പിറന്നത്. ‘പ്രാഥ’ എന്ന ഹ്രസ്വചിത്രത്തിനുശേഷമാണ് ആദ്യ മുഴുനീള ചിത്രമായ ‘മാൻ വിത്ത് ദി ബൈനോക്കുലേഴ്സ്’ ചെയ്യുന്നത്. ജോലിയിൽനിന്നു വിരമിച്ച അച്ഛന് ഒരു സുഹൃത്ത് ബൈനോക്കുലർ സമ്മാനിക്കുന്ന സംഭവത്തിൽനിന്നാണ് ആ കഥ സൃഷ്ടിച്ചെടുത്തത്.
ഗ്രാമത്തിൽ അതിന്റെ വർക്കുകൾ നടക്കുമ്പോഴാണ് ഒരു ചടങ്ങിൽ ഒരുകൂട്ടം കുട്ടികൾ സംഗീതോപകരണങ്ങളുടെ മാതൃകകൾ ഉപയോഗിച്ച് പാടുന്നതും കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. വളരെ കുറച്ച് കാര്യങ്ങൾകൊണ്ട് എങ്ങനെ ജീവിതം ആസ്വദിക്കാമെന്നും ആഘോഷിക്കാമെന്നും ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
‘വില്ലേജ് റോക്ക്സ്റ്റാർസി’ന്റെ പ്രമേയം മനസ്സിൽ വന്നതോടെ ഗ്രാമത്തിലെതന്നെ കുട്ടികളെയും മുതിർന്നവരെയും അഭിനേതാക്കളാക്കി സിനിമ യാഥാർഥ്യമാക്കുകയായിരുന്നു. മഴക്കുവേണ്ടിയും വെയിലിനും സന്ധ്യക്കും രാത്രിക്കും ഇരുട്ടിനും നിലാവിനും വെള്ളപ്പൊക്കത്തിനു വേണ്ടിയുമൊക്കെ കാത്തിരുന്ന് മൂന്നുവർഷം എടുത്താണ് സിനിമ പൂർത്തിയാക്കിയത്.
അംഗീകാരങ്ങൾ ലഭിച്ചതോടെ രണ്ടാം ഭാഗത്തിലേക്കുള്ള യാത്ര എളുപ്പമായി. എല്ലാം ഓർഗനൈസ്ഡ് ആയി. ഞാൻ പോകുന്നത് ശരിയായ വഴിയിലാണെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. വിദേശങ്ങളിലെയടക്കം ചലച്ചിത്രമേളകളിൽ പങ്കെടുത്തും സിനിമ പ്രവർത്തകരുമായി സംസാരിച്ചും ഒരു ഫിലിം മേക്കർ ആയി ഞാൻ രൂപാന്തരപ്പെട്ടു. രണ്ടാം ഭാഗത്തിലെത്തിയപ്പോൾ സ്വപ്നങ്ങളിലേക്കുള്ള ധുനുവിന്റെ യാത്രക്ക് ഉപരിയായി വിവിധതലങ്ങളിലേക്ക് പ്രമേയത്തെ കൊണ്ടുപോയി.
അസമിലെ കാലാവസ്ഥ-പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങൾ, അമ്മ-മകൾ ബന്ധത്തിന്റെ വൈകാരികത എന്നിവയെല്ലാം കൊണ്ടുവന്നു. ഒരു വലിയ ക്രൂവും ആയിട്ടാണ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഏകദേശം മൂന്നു മാസമായപ്പോൾ ഇത് ഏകാഗ്രതയോടെ പൂർത്തിയാക്കണമെങ്കിൽ ഞാൻ തനിച്ച് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞു. വിവിധ കാലാവസ്ഥയുടെയും മരംമുറിപോലുള്ള വിഷയങ്ങളുടെയും വിഷ്വലുകൾ കിട്ടുന്നതിനും സ്വാഭാവിക വെളിച്ചത്തിൽ ഷൂട്ട് ചെയ്യുന്നതിനുമൊക്കെ ഞാൻ ഏറെ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. ഒരു സൂര്യാസ്തമയം കിട്ടാൻ 10 ദിവസമൊക്കെ കാത്തിരിക്കേണ്ടി വരും.
ക്രൂ ഉണ്ടെങ്കിൽ അത് നടക്കില്ല. നാല് വർഷം എടുത്താണ് രണ്ടാം ഭാഗം പൂർത്തിയാക്കിയത്. പ്രധാനമായും ഗ്രാമത്തിലും ഗ്രാമവാസികളിലുമൊക്കെ മാറ്റം വന്നിരുന്നു. ആദ്യഭാഗം എടുത്തതുപോലത്തെ ഗ്രാമമേ ആയിരുന്നില്ല സ്വഭാവത്തിൽ. അന്ന് ഇന്റർനെറ്റോ മൊബൈൽ സൗകര്യങ്ങളോ ഇല്ലായിരുന്നു. നാലഞ്ച് വർഷങ്ങൾകൊണ്ട് ഇന്ത്യയിലെ മറ്റെല്ലാ ഗ്രാമങ്ങളെയുംപോലെ ഞങ്ങളുടെ ഗ്രാമവും മാറി. ആളുകൾ, ഭൂപ്രകൃതി ഒക്കെ.
അഭിനേതാക്കളെ കൈകാര്യം ചെയ്യലും എളുപ്പമായിരുന്നില്ല. കുട്ടികൾ ആയിരുന്നപ്പോൾ അത് എളുപ്പമായിരുന്നു. പക്ഷേ, അവർക്ക് മൊബൈലും നെറ്റുമൊക്കെ ആയതോടെ കാര്യങ്ങൾ മാറി. അവരുടെ മൂഡിനെയും കണക്കിലെടുത്ത് വേണമായിരുന്നു എനിക്ക് ഷൂട്ടിങ് പൂർത്തിയാക്കാൻ. പക്ഷേ, അവരുടെയുള്ളിലെ പരിശുദ്ധി നഷ്ടമായിരുന്നില്ല. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. ബനിതയും മാനബേന്ദ്ര ദാസും അടക്കം ആദ്യഭാഗത്തെ കുട്ടികളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
ബനിത അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരു സിനിമകളിലും കാഴ്ചവെച്ചത്. കവുങ്ങിലൊക്കെ അനായാസം കയറി പ്രേക്ഷകരെയെല്ലാം കൈയിലെടുത്തു. അവളെ എങ്ങനെയാണ് കണ്ടെത്തിയത്. എങ്ങനെയാണ് അവളുടെ അഭിനയ ജീവിതം?
ബനിത ഇപ്പോൾ ഡിഗ്രി അവസാന വർഷം പഠിക്കുകയാണ്. എന്റെ ബന്ധു കൂടിയായതിനാൽ ചെറുപ്പത്തിലേ അവളുടെ കഴിവുകൾ എനിക്കറിയാം. വളരെ ധൈര്യശാലിയും ആക്ടിവും ആണ്. മരത്തിൽ കയറുന്ന കഴിവൊക്കെ അവൾക്ക് ചെറുപ്പത്തിലേ ഉണ്ട്. അവളെ കൊണ്ട് എന്തും ചെയ്യിക്കാം എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. ദേശീയ അവാർഡൊക്കെ കിട്ടിയപ്പോൾ ബനിത വളരെ പോപുലർ ആയി.
പക്ഷേ, ബാലതാരം എന്നനിലയിലേക്ക് പോയില്ല. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. ഇനി പഠനശേഷം സിനിമയിൽ സജീവമായേക്കും. അതിനുള്ള കഴിവ് അവൾക്കുണ്ട്. വർഷം കഴിയുംതോറും അവൾ കൂടുതൽ ബോൾഡ് ആയി വരുന്നതായാണ് മനസ്സിലാക്കുന്നത്. പരമ്പരാഗതരീതിയിൽനിന്നൊക്കെ മാറിയാണ് അവളുടെ അഭിനയം. അതേസമയം, സ്വാഭാവികവുമാണ്. അത് ചിത്രീകരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുമുണ്ട്.
‘റോക്ക്സ്റ്റാർ -2’ൽ അസമിലെ കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ചൂഷണവുമൊക്കെ വിഷയമാകുന്നുണ്ട്. അടുത്തിടെ ഗുവാഹതിയിലെ ദിഘാലിപുഖുരിയിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ റിമ രംഗത്തുവന്നിരുന്നു? ഇത്തരം വിഷയങ്ങളിൽ ഒരു കലാകാരൻ ശബ്ദമുയർത്തേണ്ടത് എത്രമാത്രം പ്രധാനപ്പെട്ടതാണ്. അവ സിനിമയിലൂടെ അവതരിപ്പിക്കുന്നതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട്?
കാലാവസ്ഥ വ്യതിയാനമൊന്നും അസമിലെ മാത്രം വിഷയമല്ല. ലോകത്ത് എവിടെയും പ്രസക്തിയുള്ള വിഷയമാണ്. എന്റെ പരിസരത്തുള്ള കഥകളാണ് എന്നെ തേടിയെത്തുന്നത്. അപ്പോൾ അവിടത്തെ രാഷ്ട്രീയ-സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്താറുണ്ട്.
ഈ സിനിമ എടുത്താൽ കൗമാരത്തിലെത്തിയ ഒരു പെൺകുട്ടി തന്റെ ചുറ്റുപാടിലെ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നിരീക്ഷിക്കുന്നു, വിലയിരുത്തുന്നു, അവ അവളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് നോക്കുന്നത്. പുതുതലമുറയിലെ എല്ലാവരും ഇത്തരം പ്രശ്നങ്ങൾ വിലയിരുത്തേണ്ടതുണ്ട്.
കലാകാരന്മാർ ഇത്തരം വിഷയങ്ങളിൽ ശബ്ദമുയർത്തുന്നത് ഒക്കെ അവനവൻ തീരുമാനിക്കേണ്ടതാണ്. ആരുടെയും സമ്മർദത്തിന് വഴങ്ങി ചെയ്യേണ്ടതല്ല. എന്റെ കലയിലൂടെ ഞാൻ പ്രതികരിക്കും എന്നത് എന്റെമാത്രം തീരുമാനമാണ്.
സിനിമ നിർമിക്കുക, കഥകൾ പറയുക എന്നതൊക്കെ എനിക്ക് പ്രിയപ്പെട്ട കാര്യങ്ങളാണ്. അവയിലൂടെ മാത്രമേ നാട് നേരിടുന്ന പ്രശ്നങ്ങൾ എനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയൂ, പ്രതികരിക്കാൻ കഴിയൂ. എനിക്ക് പ്രകൃതിയും മരങ്ങളും ഒക്കെ ഇഷ്ടമാണ്. മരങ്ങൾ, പാറകൾ, പർവതങ്ങൾ, നദികൾ എന്നിവക്കൊന്നും സിനിമയെടുക്കാൻ കഴിയില്ലല്ലോ. അപ്പോൾ നമ്മൾ അവർക്കുവേണ്ടി സിനിമ എടുക്കണം.
പണ്ടത്തെപ്പോലെ കിളികളെ കുറിച്ചും കടലിനെ കുറിച്ചും പ്രകൃതിയെ കുറിച്ചുമൊന്നും പാട്ടുകൾ ഇപ്പോൾ വിരളമായാണ് ഉണ്ടാകുന്നത്. എന്റെ സിനിമകളിലൂടെ, ഇത്തരം വിഷയങ്ങളിൽ ഇംപാക്ട് ചെറുതോ വലുതോ ആകട്ടെ, പറയാനുള്ളത് പറയണമെന്നുതന്നെയാണ് തീരുമാനം. മഴവില്ല് തെളിയുന്നത് വെള്ളപ്പൊക്കം വരുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങൾ ഇതുമായിട്ട്, പ്രകൃതിയിലെ ഇത്തരം വിശ്വാസങ്ങളുമായിട്ട് ബന്ധപ്പെട്ട് നിൽക്കുന്നയാളാണെങ്കിൽ അതിൽ വരുന്ന ചെറുതോ വലുതോ ആയ മാറ്റങ്ങളെ കുറിച്ച് പ്രതികരിക്കുക തന്നെ ചെയ്യും. ഞാനും അതാണ് ചെയ്യുന്നത്.
ചില വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ കലുഷിതാവസ്ഥ അസമിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളെ ബാധിച്ചിട്ടുണ്ടോ?
വളരെ സെൻസിറ്റിവ് പ്രദേശങ്ങളും ജനതയുമാണ് അസമിലേത്. സമീപ പ്രദേശങ്ങളിൽ എന്തുസംഭവിച്ചാലും അത് ഞങ്ങളെ വൈകാരികമായി ബാധിക്കും. കേരളത്തിൽ എന്തെങ്കിലും സംഭവിച്ചാലും അത് അങ്ങനെ തന്നെ. ഇന്ത്യയിലെ മാത്രമല്ല, വിദേശത്തെ പ്രശ്നങ്ങൾപോലും വൈകാരികമായി എടുക്കുന്നവരുണ്ട്.
അസമിലെ സിനിമ മേഖലയെ ഇതൊന്നും ബാധിച്ചിട്ടില്ല എന്ന് എനിക്ക് പറയാൻ കഴിയും. മറ്റ് രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ കാര്യം സത്യസന്ധമായി പറഞ്ഞാൽ എനിക്ക് അറിയില്ല. പ്രായോഗികമായി ചിന്തിക്കുമ്പോൾ അത് ബാധിച്ചിട്ടില്ല എന്ന് പറയാം. പക്ഷേ, വൈകാരികമായി ബാധിക്കുന്നുണ്ട്.
അസമിന് സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഒരു ചരിത്രമുണ്ട്. ആദ്യ അസമീസ് സിനിമയായ ‘ജയ്മാതി’ ഒരു രാഷ്ട്രീയ സിനിമയായിരുന്നു. പക്ഷേ, മറ്റ് സമീപ സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ അസമിൽ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകൾ കുറവാണെന്ന് തോന്നുന്നു. എന്തായിരിക്കും കാരണം. ഭാവിയിൽ ഒരു രാഷ്ട്രീയ സിനിമ റിമയിൽനിന്ന് പ്രതീക്ഷിക്കാമോ?
രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകൾ കൂടുതൽ ഉണ്ടാകണമെന്നുതന്നെയാണ് എന്റെയും അഭിപ്രായം. അസമിലെ രാഷ്ട്രീയ മുന്നേറ്റങ്ങളെ കുറിച്ച് സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹവുമുണ്ട്. പെെട്ടന്നുള്ള ഒരു ബോധ്യത്തിൽനിന്നാണ് എന്റെ സിനിമകൾ നിലവിൽ ജനിക്കുന്നത്. പെെട്ടന്ന് ഒരാശയം കിട്ടുന്നു, ഒട്ടും വൈകാതെ ഞാൻ കാമറയുമായി ഇറങ്ങുന്നു എന്നതാണ് രീതി. ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ ഫ്ലയിങ് റിവർ ഫിലിംസിന്റെ പ്രോജക്ടുകളെല്ലാം അത്തരത്തിൽ നിർമിച്ചവയാണ്.
തനിച്ചായിരിക്കും എന്റെ പ്രവർത്തനങ്ങൾ. ഒരു രാഷ്ട്രീയ മുന്നേറ്റത്തെ കുറിച്ചോ, എന്തെങ്കിലും ചരിത്രസംഭവത്തെ കുറിച്ചോ സിനിമ എടുക്കണമെങ്കിൽ എനിക്ക് വളരെയധികം പ്ലാനിങ്ങും ശ്രമങ്ങളും പണവും ടീമും ഒക്കെ വേണം. ഒരു ഫിലിം സ്കൂളിൽ ചെന്ന് തനിയെ പഠിക്കുംപോലെയാണ് ഫ്ലയിങ് റിവർ ഫിലിംസിന്റെ സിനിമകൾ ചെയ്യുമ്പോൾ എനിക്ക് തോന്നാറുള്ളത്.
അടുത്തിടെ ഞാൻ ‘മൈ മെൽബൺ’ എന്ന ആന്തോളജിയിലേക്ക് ഒരു സിനിമ ചെയ്തിരുന്നു. ആസ്ട്രേലിയൻ ക്രൂവും ആയി പ്രവർത്തിച്ച അനുഭവങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. ഒരു ടീം നിങ്ങളുടെ കഴിവിനെ എങ്ങനെ പരിപോഷിപ്പിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. വലിയ കാൻവാസിലെ സിനിമകൾ യാഥാർഥ്യമാകണമെങ്കിൽ മികച്ച ആസൂത്രണവും കൂടുതൽ മൂലധനവും മറ്റും വേണം. ഇതെല്ലാം ഒത്തുവരുമ്പോൾ ഭാവിയിൽ ഒരു രാഷ്ട്രീയ സിനിമയും എന്നിൽനിന്ന് പ്രതീക്ഷിക്കാം.
പ്രോപഗൻഡ സിനിമകൾക്ക് ഭരണകൂടം ഏറെ പ്രാധാന്യം കൊടുക്കുന്നു എന്ന ആരോപണം ശക്തമാണ്. ഗോവൻ ചലച്ചിത്രമേളയിൽ ‘വീരസവർക്കർ’ ഉദ്ഘാടന ചിത്രമായത് വലിയ വിവാദമായിരുന്നു. ഭരണകൂട സെൻസറിങ്ങിനെ കുറിച്ചുള്ള ആശങ്കയും ചലച്ചിത്ര പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്?
പ്രോപഗൻഡ സിനിമകളൊക്കെ യുഗങ്ങളായി നടന്നുവരുന്ന കാര്യങ്ങളാണ്. സത്യത്തിൽ എന്റെ നിയന്ത്രണത്തിലല്ലാത്ത ഇത്തരം കാര്യങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ സിനിമകൾ മാത്രമാണ് എന്റെ ഫോക്കസ്. ബാക്കിയുള്ള സിനിമകളും ഇതുപോലെയുള്ള വ്യക്തിഗത തീരുമാനങ്ങളിൽനിന്ന് ഉടലെടുക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആർക്കും അവരുടെ സിനിമകൾ ഉണ്ടാക്കാം.
ഇത്തരം എത്രയെത്ര സിനിമകളാണ് ഇറങ്ങുന്നത്? ഇന്റർനെറ്റ് ഒന്നും ഇല്ലാതിരുന്ന കാലത്ത് എല്ലാം സമാധാനപരമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ. സാങ്കേതികതയെ തള്ളിപ്പറയുകയല്ല. പക്ഷേ, സൗകര്യങ്ങൾ കൂടിയപ്പോഴാണ് ഇത്തരം വിഭാഗീയ ചിന്തകളും കൂടിയത്. ക്രഡിബിലിറ്റി കണ്ടെത്താൻ പാടുപെടുകയാണിപ്പോൾ. മൊബൈലിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കണ്ടത് സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥ.
പലപ്പോഴും എന്താണ് നടക്കുന്നത് എന്നുപോലും അറിയുന്നില്ല. ഒരുപാട് കാര്യങ്ങൾ ചുറ്റിനും നടക്കുമ്പോഴും എനിക്ക് ചെയ്യാനുള്ളത് ചെയ്യുന്നതിലാണ് എന്റെ ശ്രദ്ധ. ഞാൻ എന്റെ സിനിമകളിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്.
‘വില്ലേജ് റോക്ക്സ്റ്റാർസി’ലേക്ക് തിരികെ വന്നാൽ, സത്യജിത് റായ് ഒരുക്കിയ അപു ത്രയത്തിൽ അപുവിന്റെ ബാല്യ-കൗമാരങ്ങളിലൂടെ കടന്നുപോകുന്നതുപോലെയാണ് ധുനുവിന്റെ ജീവിതയാത്ര കണ്ടപ്പോൾ തോന്നിയത്. അതുപോലെ ഭൂമി തട്ടിയെടുക്കൽ സീനുകളിൽ ബിമൽ റോയ് യുടെ ‘ദോ ഭീഗാ സമീനി’ന്റെ റഫറൻസും ചിലർ പരാമർശിച്ചു കണ്ടു. ഈ ചലച്ചിത്രകാരന്മാർ എന്തെങ്കിലും സ്വാധീനംചെലുത്തിയിട്ടുണ്ടോ?
സത്യജിത് റായിയുടെ ‘പഥേർ പാഞ്ചാലി’, ‘ചാരുലത’, ‘അപുർ സൻസാർ’ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. നിർഭാഗ്യവശാൽ ‘ദോ ഭീഗാ സമീൻ’ കണ്ടിട്ടില്ല. ‘പഥേർ പാഞ്ചാലി’ എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ‘വില്ലേജ്റോക്ക്സ്റ്റാർ 2’ ഇറങ്ങിയശേഷം പലരും സത്യജിത് റായ് സിനിമകളുമായുള്ള കണക്ഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ആ താരതമ്യപ്പെടുത്തൽ കേൾക്കുമ്പോൾ പൊതുവായ ചില കാര്യങ്ങൾ ഈ സിനിമകൾക്കിടയിൽ ഉണ്ടെന്നത് ഒരേസമയം എന്നെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയുംചെയ്യുന്നുണ്ട്.
ഇത് അടുത്ത സിനിമകൾ ചെയ്യുമ്പോൾ എങ്ങനെയാകും എന്നെ സ്വാധീനിക്കുക എന്ന ആശങ്കയുണ്ടാകുക സ്വാഭാവികമാണല്ലോ. നല്ലതാണോ ചീത്തയാണോ എന്നറിയില്ല, രണ്ടുപേരുടെയും മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ല. കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.
ഒരേ അഭിനേതാക്കളെ വർഷങ്ങളോളം ചിത്രീകരിച്ച് റിച്ചാർഡ് സ്റ്റുവർട്ട് ലിങ്ക്‌ലേറ്റർ ചെയ്ത ‘ദി ബിഫോർ’ ട്രൈലോജി ഓർമ വരും ‘റോക്ക്സ്റ്റാർ’ സീരീസ് കാണുമ്പോൾ. ധുനുവിന്റെ സ്വപ്നങ്ങളും ആശങ്കകളും ഇനിയും വളരുകയാണ്. ‘വില്ലേജ് റോക്ക്സ്റ്റാർ -3’ എന്ന് പ്രതീക്ഷിക്കാം?
സത്യമായും എനിക്കറിയില്ല. അതിനേക്കുറിച്ച് ആലോചിച്ചിട്ടേയില്ല. ഉടനെയെങ്ങും ഉണ്ടാകില്ല എന്നുമാത്രം പറയാം. ഒരു നാല് വർഷത്തിനുള്ളിൽ എന്തായാലും ഉണ്ടാകില്ല. വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ, വ്യത്യസ്ത പ്രമേയങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒരു ഹൊറർ സബ്ജക്ട്, ലവ് സ്റ്റോറി, കുടുംബചിത്രം എന്നിവയൊക്കെ മനസ്സിലുണ്ട്. കടൽ, ഏറെക്കാലമായി താമസിക്കുന്ന മുംബൈ എന്നിവയൊക്കെ ലൊക്കേഷനുകളാക്കണം.
എന്റെ ഇതുവരെയുള്ള സിനിമകളുടെ ലൊക്കേഷൻ ഗ്രാമവും പരിസരപ്രദേശങ്ങളുമായിരുന്നു. ‘ടോറാസ് ഹസ്ബൻഡ്’, ‘റോക്ക്സ്റ്റാർ -2’ എന്നിവ ഒരേസമയം ചിത്രീകരണം ആരംഭിച്ചതാണ്. ആദ്യത്തെ കഥ നടക്കുന്നത് സെമി-അർബൻ പ്രദേശത്തും രണ്ടാമത്തേത് ഗ്രാമത്തിലും. പക്ഷേ, ലൊക്കേഷനുകൾ തമ്മിൽ രണ്ട് കിലോമീറ്റർ വ്യത്യാസമേയുള്ളൂ.
‘റോക്ക്സ്റ്റാർ -2’ കണ്ടശേഷം ഞാൻ ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യുന്നെന്നാണ് ചിലർ വിമർശിച്ചത്. ഈ സിനിമകളുടെ നിഴലിൽ നിന്ന് എനിക്ക് പുറത്തുവരണം. പക്ഷേ, ഇത്തരം സിനിമകൾ ചെയ്യേണ്ടത് എന്റെ ബാധ്യതയുമാണ്. കാരണം, ജനിച്ചുവളർന്ന സ്ഥലത്തിനുള്ള എന്റെ ഉപഹാരമാണ് ഈ സിനിമകൾ. എന്റെ നാട്ടുകാരുടെ ജീവിതം, സ്വപ്നങ്ങൾ, സന്തോഷം എന്നിവയെ കുറിച്ചാണ് എന്റെ സിനിമകൾ. ഞാൻ ചെയ്തില്ലെങ്കിൽ മറ്റാര് അത് ചെയ്യും?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.