എം.ടി. വാസുദേവൻ നായർ
മാധ്യമം ആഴ്ചപ്പതിപ്പിൽ 2004 ആഗസ്റ്റ് 27ന് പ്രസിദ്ധീകരിച്ചതാണ് ഇൗ അഭിമുഖം. തന്റെ എഴുത്തിനെയും കാലത്തെയും കുറിച്ച് ദീർഘമായി നടത്തിയ സംസാരം ഇന്നും പ്രസക്തമാണ്; പ്രത്യേകിച്ച് എം.ടിയുടെ മരണത്തിനുശേഷം സമൂഹമാധ്യമങ്ങളിലടക്കം പലതരം വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ.
തകഴി, കേശവദേവ്, കാരൂർ തലമുറയുടെ ആഖ്യാന പാരമ്പര്യത്തിൽനിന്നും എഴുത്തുരീതിയിൽനിന്നും വിടുതി ചെയ്ത‌് പുതിയ ഭാവുകത്വം മലയാളകഥയിൽ തുടങ്ങിവെച്ചത് എം.ടി. വാസുദേവൻ നായർ നേതൃത്വം നൽകുന്ന തലമുറയാണ്. റിയലിസം, മോഡേണിസം, പോസ്റ്റ്മോഡേണിസം തുടങ്ങിയ സങ്കേതഘട്ടങ്ങളിലൂടെ എം.ടി സഞ്ചരിച്ചു. എന്നിട്ടും ഇത്തരം സാങ്കേതിക ഘടനക്കപ്പുറം കഥപറച്ചിലിന്റെ സൗന്ദര്യശാസ്ത്രത്തിലൂടെ ഏതു കാലത്തിലും എല്ലാ രുചിക്കാർക്കും ബോധിക്കുന്ന എഴുത്തുകാരനുമായി. വ്യത്യസ്‌ത കാലങ്ങളിലെ അഭിരുചികളുമായി പൊരുത്തപ്പെടുന്ന കഥനവഴക്കത്തിന്റെ പൊരുളുകൾ എന്താണ്?
ഒന്നാമത്തെ കാര്യം, എഴുത്തിൽ എന്നും ചില മാറ്റങ്ങൾ വരും എന്നതാണ്. ഭാഷയിലും വരും ഈ മാറ്റം. ഗദ്യശൈലിയിൽ മാറ്റം വരുക സ്വാഭാവികമാണ്. കേരളവർമയുടെ ‘അക്ബറി’ലെ ഗദ്യമല്ല ഇന്നത്തെ ഗദ്യം. ഷേക്‌സ്‌പിയർ ഉപയോഗിച്ച ഇംഗ്ലീഷ് അല്ല ഇന്ന്. നമ്മുടെ ആദ്യകാല ഗദ്യശൈലിയിൽനിന്ന് വളരെയധികം മാറ്റം തകഴിയുടെയും കാരൂരിന്റെയും ഭാഷയിൽ കാണുന്നുണ്ട്. അവർ ഏറ്റവും ലളിതവത്കരിച്ച ഗദ്യമാണ് ഉപയോഗിച്ചത്. പൊൻകുന്നം വർക്കിയുടെയും ദേവിന്റെയുമൊക്കെ ഗദ്യം കുറെ ആലങ്കാരികമാണ്.
ബഷീറും കാരൂരും അങ്ങനെയല്ല. വാമൊഴി പാരമ്പര്യത്തിന്റെ അംശങ്ങൾ ഇവരുടെ ഭാഷയിലുണ്ട്. ഒരാളങ്ങനെ ഇരുന്ന് കഥപറയുന്ന രീതിയാണത്. അത് ഇന്ന് വായിക്കുമ്പോൾ ഒട്ടും വിഷമം തോന്നുന്നില്ല. ഈസി കമ്യൂണിക്കേഷനാണ് പ്രധാനം. വായനക്കാർ ഏഴോ എഴുപതോ ഏഴായിരമോ എന്നതല്ല പ്രശ്നം. എളുപ്പത്തിൽ സംവേദനം നടത്താൻ സാധിക്കണം. അതാണ് പ്രധാനം. എന്റെ ആദ്യകാല കഥകളിൽ ചിലത് ആലങ്കാരികമായിരുന്നു. ഉദാഹരണത്തിന്, ‘ദുഃഖത്തിന്റെ താഴ്വരകൾ’. താളം, പ്രാസം ഒക്കെ കൊണ്ടുവരാനുള്ള ശ്രമം അതിലുണ്ട്.
പക്ഷേ, തീമിന് അത് യോജിച്ചതുമാണ്. മഞ്ഞിറങ്ങിവരുന്ന താഴ്വര, ദുഃഖഛായ ഇതൊക്കെയാവുമ്പോൾ ഒരു റൊമാന്റിക് കളർ വന്നു. കുറെ കഴിയുമ്പോൾ ചില തീമുകൾക്ക് ആലങ്കാരികതയുടെ ഉടുത്തുകെട്ടലുകൾ ആവശ്യമില്ല എന്ന് തോന്നിത്തുടങ്ങി. ഒരു തീം വർക്ക് ചെയ്യുമ്പോൾ അനുയോജ്യമായ പ്രതിപാദനരീതി അതിന്റെ ഭാഗമായി തെളിഞ്ഞുവരും. അത് മന ഃപൂർവം സൃഷ്‌ടിക്കലല്ല. പ്രതിപാദനരീതിയുടെ ഭാഗമായി രൂപപ്പെട്ടുവന്നതാണ് ഇന്നത്തെ ശൈലി. എഴുതുന്നതെന്തോ അത് ഇടത്തട്ടുകാരന്റെ സഹായമോ വ്യാഖ്യാനമോ ഇല്ലാതെ വായനക്കാരനിൽ എത്തിച്ചേരണം. പലതരത്തിലും തലത്തിലുമുള്ള വായനക്കാരുണ്ട്. അവർ എഴുത്തുകാരൻ കാണാത്തത് കാണുന്നു.
എഴുത്തുകാരൻ കണ്ടത് കാണാതെപോകുന്നു. അവരിലേക്ക് എത്തിച്ചേരാനാണ് എഴുത്തുകാരൻ ശ്രമിക്കേണ്ടത്. ക്രിയേറ്റിവിറ്റി ആരംഭിക്കുന്നത് എഴുത്തുകാരന്റെ മനസ്സിലാണ്. ആ പ്രക്രിയ പൂർണമാകുന്നത് ഒരു പ്രവാഹംപോലെ അത് വായനക്കാരന്റെ മനസ്സിൽ ചെന്ന് വിലയം പ്രാപിക്കുമ്പോഴാണ്.
ഭാഷയിലും പ്രമേയത്തിലുമുള്ള മാറ്റം സ്വാഭാവികമായി സംഭവിക്കുന്നതാണ്. എസ്.കെ ക്ഷയരോഗിയുടെ ദുരന്തകഥ എഴുതിയിട്ടുണ്ട്. സോമർസെറ്റ് മോം ‘ക്ഷയരോഗാശുപത്രി’ എഴുതിയിട്ടുണ്ട്. അന്നൊക്കെ ക്ഷയം വരുക എന്നാൽ, മരിച്ചതിനു തുല്യമാണ്. ക്ഷയം അന്ന് ചികിത്സയില്ലാത്ത രോഗമാണ്. പല കഥകൾക്കും അന്ന് ഈ രോഗം വിഷയമായിരുന്നു. രക്ഷപ്പെടാനാവാതെ ദുരന്തത്തിൽ അവസാനിക്കുന്ന ജീവിതമാണ് അന്ന് ക്ഷയരോഗിയുടേത്. പിന്നീട് ക്ഷയരോഗി മരണത്തോട് നേരിട്ടുനിൽക്കുന്ന ആളല്ലാതായി. ക്ഷയം പിടിച്ച ആളുടെ കഥക്ക് പ്രസക്തിയില്ലാതായി. ആറ് ഇഞ്ചക്ഷൻകൊണ്ട് മാറുന്ന രോഗമായി അത്. പിന്നെ കാൻസർ വിഷയമായി, പ്ലേഗ് വിഷയമായി. ബൊക്കാച്ചി യോവിൻെറ 'ഡെക്കാമറൺ' തൊട്ട് കാഫ്കയുടെ 'പ്ലേഗ്’ വരെ പല കൃതികളുണ്ടായി.
എറോട്ടിസിസത്തിൽ മുങ്ങിയ കഥകളാണെങ്കിലും ഡെക്കാമറണിൽ പ്ലേഗിന്റെ എല്ലാ വിവരങ്ങളും വിവരണങ്ങളുമുണ്ട്. പ്ലേഗ് മാറാവ്യാധിയല്ലാതായപ്പോൾ അതൊരു തീമും അല്ലാതായി. അടുത്തകാലത്ത് ഭൂകമ്പങ്ങൾ മഹാദുരന്തമായി. സുഭാഷ്‌ചന്ദ്രൻ ‘ഘടികാരം നിലയ്ക്കുന്ന സമയം’ എന്ന കഥയിൽ ഭൂകമ്പത്തിനു ശേഷമുള്ള അന്തരീക്ഷം ഉപയോഗിച്ചു. ക്ഷയരോഗിയെപ്പറ്റി ഒന്നുകൂടി പറയാം. എസ്.കെയുടെ ഈ കഥ വായിച്ച് കരഞ്ഞവരുണ്ട്. അതിലെ പരിഹാരമില്ലാത്ത ട്രാജഡിയാണ് കാരണം. നാൽപത്തിരണ്ട്, നാൽപത്തിമൂന്നു കാലത്ത് മലബാറിൽ മഹാമാരി വന്നു. കോളറ. അസുരവിത്തിൽ കോളറയുടെ പശ്ചാത്തലമുണ്ട്.
പ്രമേയത്തിൽ വരുന്ന മാറ്റവും സ്വാഭാവികമാണ്. അന്ന് എഴുതിയ രീതിയിൽ ഇന്ന് തെറ്റുകാണരുത്. എസ്.കെയുടെ പുള്ളിമാനിൽ ആദ്യത്തെ ഒന്നുരണ്ട് പേജ് കുടകിെൻറ വർണനയാണ്. അന്ന് കുടകിനെപ്പറ്റി നമുക്ക് അറിയില്ല. ഇന്ന് കുടകിന്റെ പശ്ചാത്തലത്തിൽ എഴുതുമ്പോൾ വർണന ആവശ്യമില്ല. ആ ഭൂപ്രകൃതി വിവരിക്കേണ്ട. ഈയൊരു കാലവ്യത്യാസം എഴുത്തിൽ വരും, വരണം. നോവലിെൻറയും കഥയുടെയും തുടക്കത്തിൽ നോവലിസ്റ്റുകൾ ചരിത്രത്തിെൻറയും ഭൂമിശാസ്ത്രത്തിന്റെയും സഞ്ചാരസാഹിത്യത്തിന്റെയും കർത്തവ്യങ്ങൾ നിറവേറ്റിയിട്ടുണ്ട്. ഹെർമൻ മെൽവിജ ഉദാഹരണം.
ചില നോവലുകളിൽ ജനപദങ്ങളുടെ വിവരണങ്ങളുണ്ട്. എസ്.കെയുടെ ബോംബെ ചങ്ങാതികൾ എന്ന കഥയിൽ ബോംബെയുടെ ചിത്രം കിട്ടുന്നുണ്ട്. ഇന്ന് ബോംബെ ദൃശ്യത്തിന് അധികപ്രാധാന്യം കൊടുക്കേണ്ടതില്ല. ഫോട്ടോ, ഡോക്യുമെൻററി ഇവയൊക്കെ ലഭ്യമാണല്ലോ. ഭാഷയെ തളംകെട്ടി നിർത്താൻ എഴുത്തുകാരൻ സമ്മതിക്കരുത്. പ്രമേയത്തിനെക്കുറിച്ച് പുതിയ ചിന്തകൾ വരുമ്പോൾ ഭാഷയിലും മാറ്റങ്ങൾ വരും. പഴയകാല കഥകളിൽ യാത്രാവിവരണത്തിന്റെയും റിപ്പോർട്ടിങ്ങിെൻറയും അംശങ്ങൾ ഉണ്ടായിരുന്നു. അവരുടെ ജോലികൂടി കഥാകൃത്ത് ചെയ്തിരുന്നു.
വാനപ്രസ്ഥത്തിൽ കാലം എന്ന എലമെന്റ് ഉണ്ട്. ഭൂതകാലവും വർത്തമാനകാലവും അതിൽ വരുന്നു. മാഷെ സംബന്ധിച്ച് 17 വയസ്സുള്ള വിനോദിനിയും 24 വയസ്സുള്ള മാഷുമായ പഴയകാലമാണ് മനസ്സിൽ. അവർ മുപ്പത്തഞ്ചു വർഷങ്ങൾക്കുശേഷം കാണുകയാണ്. ജീവിതത്തിൻ രണ്ടുഘട്ടങ്ങൾ ഈ കഥയിലുണ്ട്. പഴയകാലം എന്നത് നമ്മുടെ നാടൻഭാഷയാണ്. മുമ്പ് എന്ന അർഥത്തിൽ പറയുന്നതാണ്. മാഷ് ക്ക് വിനോദിനിയെക്കുറിച്ചുള്ള നനുത്ത സങ്കൽപം വിട്ടുപോയിട്ടില്ല. മക്കളായി, കുടുംബമായി.
എന്നിട്ടും മാഷടെ ഉള്ളിൽ വിനോദിനിയെപ്പറ്റി ഉത്കണ്ഠയാണ്. നവയൗവനകാലത്തുണ്ടായ അതേ ഉത്കണ്ഠതന്നെ. വിനോദിനി ചേർന്ന കമ്പനി മോശമാണെന്ന് കേട്ടപ്പോൾ കുട്ടി അവിടെ സേഫാണോ എന്ന ഉത്കണ്ഠ. മാഷ് ക്ക് വിനോദിനിയെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പറയാൻ ധൈര്യമില്ല. വിനോദിനി എന്തുകൊണ്ട് വിവാഹിതയായില്ല എന്നത് മാഷെ അലട്ടിയ പ്രശ്നമാണ്. അതൊരു വേദനയുമായി. തനിക്ക് കുടുംബ ജീവിതമൊക്കെയായി. പക്ഷേ, അവൾക്ക്... ഈയൊരു ചിന്ത മാഷെ അലട്ടുന്നുണ്ട്. വാനപ്രസ്ഥം ഒരു പ്രേമകഥയാണ്. വാനപ്രസ്ഥത്തിെൻറ അവസാനം അവർ തമ്മിൽ ഒരു ശാരീരികബന്ധം നടക്കുന്നില്ല. കുറച്ചുസമയം ഒരുമിച്ചുകഴിയുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മൃഗം കൂടുപൊട്ടിച്ച് പുറത്തുകടക്കാൻ ആലോചിക്കുന്ന നിമിഷങ്ങളുണ്ട്. പക്ഷേ, കൂട്ടിലേക്കുതന്നെ തിരിച്ചുവരുന്നു.
‘നിന്റെ ഓർമക്ക്' എന്ന കഥയുടെ തുടർച്ചയാണ് 'കഡുഗണ്ണാവ’ എന്ന് എവിടെയും വായിക്കാൻ പറ്റില്ല. വായനക്കാർക്ക് അങ്ങനെ തോന്നാം. ഒരു കഥയുടെ തുടർച്ചയാക്കാൻ മനഃപൂർവം ശ്രമിച്ചിട്ടുമില്ല. ആർക്കും ഉണ്ടാകാവുന്ന കൗതുകം അന്വേഷണമാക്കി മാറ്റി. ന്റെ ഓർമക്ക് എന്ന കഥയിലെ കാര്യങ്ങൾ വിസ്‌തരിച്ചെഴുതിയാലല്ലേ രണ്ടു കഥകൾ തമ്മിലുള്ള യോജിപ്പിക്കലാവൂ. പിന്നെ, ന്റെ ഓർമക്ക് വായിക്കാത്ത ആൾക്കും 'കഡുഗണ്ണാവ’ വായിച്ചാൽ പ്രശ്നം തോന്നില്ല.
അത് സ്വതന്ത്രമായി നിലനിൽക്കുന്ന കഥയാണ്. എെൻറ മനസ്സിൽ ഇത് തമ്മിൽ ഒരു വിളക്കിച്ചേർക്കൽ ഉണ്ടായി എന്നുമാത്രം. ഈ കഥ - കഡുഗണ്ണാവ - ഹിന്ദിയിലും ഇംഗ്ലീഷിലും മറാത്തിയിലും കന്നടയിലും വന്നപ്പോൾ വായിച്ച് ഇഷ്‌ടപ്പെട്ടവർ ധാരാളമുണ്ട്. കഥയാണെന്ന തോന്നലില്ലാതെ യാത്രാവിവരണമായി വായിച്ചുതുടങ്ങി. പിന്നെ കഥയാണെന്ന് മനസ്സിലായി എന്ന് ചിലർ പറഞ്ഞു. അവരെല്ലാം ‘ന്റെ ഓർമക്കു’മായി ബന്ധപ്പെടുത്താതെയാണ് വായിച്ചതും. മലയാളി വായനക്കാരാണ് ഇങ്ങനെ ബന്ധപ്പെടുത്തി വായിച്ചത്.
മലയാളത്തിൽ സാധിക്കും. എന്നാലും കഥകൾ തമ്മിൽ തുടർച്ചയുടെ പശ്ചാത്തലത്തിൽ വായിക്കണമെന്ന് തോന്നുന്നില്ല. സ്വതന്ത്ര വായനയല്ലേ നല്ലത്.
ദേശമുദ്രകളുണ്ട്. ഒടിയൻ, കാളയെടുക്കൽ ഒക്കെ അതാണ്. ഇന്ന വീട്ടുകാരുടെ കാള മുന്നിൽ എന്നുവരെയുള്ള നിശ്ചയങ്ങളുണ്ട്. ദേശാചാരവുമായി ബന്ധപ്പെട്ടതാണ് കാളയെടുപ്പ്. അതിൽ ഫ്യൂഡൽ എന്നതിനേക്കാൾ റൂറൽ ചിഹ്നങ്ങളാണ് വരുന്നത്. ഒരു ഗ്രാമത്തിന്റെ സിംബലുകളാണവ. തിറ, പൂതൻ ഒക്കെ സോഷ്യൽ ഹിസ്‌റ്ററിയുടെ ഭാഗമാണ്. ഒടിയനെക്കുറിച്ചൊക്കെ പറയുമ്പോൾ ആ കാലഘട്ടത്തിലെ പാണരുടെയും പറയരുടെയും സമൂഹങ്ങളെപ്പറ്റിയൊക്കെയുള്ള ധാരണകൾ വരും.
വൈദ്യുതിയുടെ വരവോടെയാണ് ഇവിടത്തെ ഭൂതപ്രേതങ്ങളൊക്കെ പോയത്. മാറ്റം, സാമൂഹിക മാറ്റമാണ്. ഇരുട്ട് തളംകെട്ടി നിൽക്കുമ്പോൾ ഒടിയൻ സഞ്ചരിക്കുന്നു എന്നതാണ് ബാല്യാനുഭവം. അന്ന് ആൽ, പാല ഒക്കെ പേടിയുടെ വൃക്ഷങ്ങളായിരുന്നു. ഇന്ന് ആൽ വലിയൊരു വൃക്ഷം മാത്രമായി. മങ്ങിയ ഇരുട്ടിൽ വലിയ ആൽ നിൽക്കുന്നത് രാക്ഷസീയ ദൃശ്യമാണ്. ഇന്ന് പൊന്തക്കാടുകളും സർപ്പക്കാടുകളും ഇല്ല. ആ ഭീതിയും പോയി. വെളിച്ചം വ്യാപകമായതോടെ മനുഷ്യ മനസ്സിലെ പേടി പോയി.
കുട്ടിക്ക് വിശദീകരിച്ചുകൊടുക്കേണ്ടിവരും. അപ്പോൾ ആ കൺസെപ്റ്റ് മനസ്സിലാവും. നാട്ടിൻപുറത്തെ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാവും. തലമുറകളായി നിലനിന്ന കഥകൾ നാട്ടിൻപുറത്തുകാർക്ക് പറയാനുണ്ടാവും. കെ.പി.എസ്. മേനോെൻറ ‘കഥകളിരംഗ’ത്തിൽ കൊല്ലങ്കോട് ഭാഗത്തെ ഒരു ഒടിയനെ ഒരു കഥകളിനടൻ ഒതുക്കിയ കഥ പറയുന്നുണ്ട്.
എെൻറ കുട്ടിക്കാലത്ത് നാട്ടിൽ ഒരു ഒടിക്കേസുണ്ടായി. ഒടിയന്മാരെന്നു കരുതി ഒരു പ്രദേശത്തെ ആളുകളെ മുഴുവൻ ചുട്ടുകൊന്ന കഥ കേട്ടിട്ടുണ്ട്. എഴുപതു കൊല്ലങ്ങൾക്കു മുമ്പാവണം അത്. അറുപതു കൊല്ലം മുമ്പ് ഒടിച്ചുകൊന്ന കേസിൽ ഒരു പാണനെ ജയിലിലിട്ടിട്ടുണ്ട്. കണ്ണൂർ ജയിലിൽ അയാളവിടെ പതിനഞ്ചു കൊല്ലം കിടന്നു, ഓണത്തിനൊക്കെ അയാൾ പാട്ടുപാടാൻ വരുമായിരുന്നു. അയാൾ ജയിലിൽ പോയപ്പോൾ പാട്ടിയാണ് പാടാൻ വരുക. ഞാൻ അയാളെ കണ്ടിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.
ഒടിയൻ യാഥാർഥ്യംതന്നെയായിരുന്നു. പറഞ്ഞുകേൾക്കുംപോലെ രൂപം മാറലൊന്നുമില്ല. പ്രഫഷനൽ അസാസിൻസ് ആയി ഇവരെ ഉപയോഗപ്പെടുത്തിയിരുന്നു. കുടുംബവഴക്കുള്ള വീട്ടുകാർ എതിരാളികളെ തോൽപിക്കാൻ ഒടിയന്മാരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. ഒടിയൻ രൂപംമാറലൊക്കെ കെട്ടുകഥകളാണ്. പഴയകാലത്ത് ചില ഭേദപ്പെട്ട കുടുംബങ്ങളിൽ അവിഹിതഗർഭമൊക്കെ ഉണ്ടായാൽ വീട്ടുകാർ അത് ഒതുക്കാനായി അവരുടെ അടിയാളക്ക് പണംകൊടുത്ത് അബദ്ധം പറ്റിയ സ്ത്രീകളെ കൊല്ലിച്ചിട്ടുണ്ട്. ഒടിയന്മാർക്ക് മാനുഷിക പ്രശ്നങ്ങളൊന്നുമില്ല. ഇതിൽ നാല് വാഴക്കന്നിന് കുഴി കുഴിക്ക് എന്ന കൽപന അനുസരിക്കുന്ന അതേ ലാഘവത്തിൽ ഒടിച്ചുകൊല്ല് എന്ന നിർദേശവും അവർ അനുസരിക്കും. നമ്പൂതിരി കുടുംബങ്ങളിൽ ഇങ്ങനെ ധാരാളം മരണങ്ങൾ നടന്നിട്ടുണ്ട്. എന്തെങ്കിലും ഭയങ്കര കുറ്റം ചെയ്തതായി അറിഞ്ഞാൽ ‘‘വേണ്ടത് ചെർമക്കളെ വിളിച്ച് തല്ലിക്കൊല്ലിയ്ക്കാ’’ എന്ന് പറയുന്നത് ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.
തർക്കം തീർക്കാനൊക്കെ ഒടിച്ചുകൊല്ലൽ എളുപ്പവഴിയായിരുന്നു. കേസിനൊന്നും പോകേണ്ടല്ലോ. കൊലയുടെ ക്രൂരതയെക്കുറിച്ച് ഒടിയൻ ആലോചിക്കില്ല എന്നതും ഇത് എളുപ്പമാക്കി. അവർക്ക് ഈ കൊല, കൽപിച്ച ഒരു പണി ചെയ്യൽ മാത്രം. ‘‘വെഷെളകിയ പട്ട്യാ തോന്ന്‌ണൂ: അയ്യപ്പാ...'' എന്ന് കേൾക്കുമ്പോഴേക്കും രണ്ടാമതൊന്ന് ആലോചിക്കാതെ പട്ടിയെ ഓടിച്ചിട്ട് തല്ലിക്കൊല്ലുന്ന പണിക്കാരായിരുന്നുവല്ലോ? അവർക്ക് യജമാനനോടുള്ള വിധേയത്വം കുറഞ്ഞുവന്നു. തിരിച്ചറിവുകളുണ്ടായി. വോട്ടവകാശവും ഒരു പ്രധാന സംഗതിയാണ്. 1953ൽ ഡിസ്ട്രിക് ബോർഡ് ഇലക്ഷൻ വന്നപ്പോൾ സമ്മതിദാനാവകാശത്തിന് അവരുടെ കോളനികളിൽ ആളുകൾ കയറിയിറങ്ങുന്നത് ഞാൻതന്നെ നോക്കിനിന്നിട്ടുണ്ട്. അകറ്റിനിർത്തിയാൽ രക്ഷയില്ല എന്ന് മേലാളർക്ക് തോന്നി. അവർക്ക് അവകാശങ്ങളെപ്പറ്റി ബോധമുണ്ടായി. കൂട്ടത്തിൽ അവർക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഉണ്ടായി.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ പല ജാതിക്കാരും ഉണ്ടായിരുന്നു. ഞങ്ങൾ അടുത്തടുത്തിരുന്ന് പഠിച്ചപ്പോഴും അങ്ങനെയൊരു തരംതിരിവിനെപ്പറ്റി ഞങ്ങളോ അധ്യാപകരോ വീട്ടുകാരോ ചിന്തിച്ചിരുന്നില്ല. കുമരനെല്ലൂർ ഹൈസ്കൂളിൽ എെൻറ ക്ലാസിൽ താരു, കോരു, വെളുത്താരി എന്നീ കുട്ടികൾ പറയസമുദായത്തിൽ പെട്ടവരായിരുന്നു. തട്ടാനും കരുവാനും മാപ്പിളയും ഒക്കെയുണ്ടായിരുന്നു. സ്‌കൂൾ വിട്ടുവന്നാൽ കുളിച്ചിട്ട് വീട്ടിൽ കയറിയാൽ മതി എന്ന നിബന്ധനയൊന്നും ഉണ്ടായിരുന്നില്ല.
തുപ്രൻ എെൻറ ഫ്രൻഡായിരുന്നു. മിടുക്കൻ. കല്ലുപെറുക്കി ആരാണ് അധികദൂരം എറിയുക എന്ന മത്സരം വരുമ്പോൾ എന്നേക്കാൾ മൂന്നിരട്ടി ദൂരം എറിയാൻ തുപ്രന് പ്രയാസമുണ്ടായിരുന്നില്ല. തുപ്രനുമായുള്ള ചങ്ങാത്തത്തിൽ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല. മലമക്കാവ് എലിമെൻററി സ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ അടുത്തിരുന്ന കുട്ടി ഷർട്ടിടാതെയാണ് വന്നിരുന്നത്. മുതിർന്ന ജാതി, താണ ജാതി തുടങ്ങിയ ചിന്തകളൊന്നും അന്നുണ്ടായിരുന്നില്ല. അത് കൂടുതലും ചില നമ്പൂതിരി കുടുംബങ്ങളിൽ മാത്രം ഒതുങ്ങിനിന്നുവെന്നാണ് തോന്നുന്നത്. അങ്ങനെ ചിന്തിക്കാത്ത നമ്പൂതിരിക്കുട്ടികളും ഉണ്ടായിരുന്നു.
ഇല്ല.
മരുമക്കത്തായ വ്യവസ്ഥയെപ്പറ്റി ഗവേഷണം നടത്തുന്നവർ എന്നെ വന്നുകാണാറുണ്ട്. എന്റെ അനുഭവം മാത്രമല്ല എഴുതിയത്. അമ്മ പറഞ്ഞതുകേട്ട് എഴുതിയിട്ടുണ്ട്. ഓർമിപ്പിച്ചുപോകുന്ന കഥാപാത്രങ്ങൾ കേട്ടറിവിൽനിന്ന് വന്നതാണ്. താശ്ശമ്മാനൊക്കെ അതിൽ പെട്ടതാണ്. അമ്മയുടെ ചെറുപ്പത്തിൽ പറഞ്ഞുകേട്ട നടന്ന സംഭവങ്ങളും ഞാൻ വിഷയമാക്കിയിട്ടുണ്ട്. രാത്രിയിൽ നിധി തപ്പിനടക്കുന്ന കാരണവരൊക്കെ അതിൽ പെടുന്നു. സ്വത്തുവ്യവസ്ഥയിൽ മാറ്റംവന്നതോടെ ഭീതിയുടെ കാര്യത്തിലും മാറ്റംവന്നു.
ഏറ്റവും മൂത്ത സ്ത്രീക്കാണ് ഭരണാവകാശം. ‘‘എൽഡസ്‌റ്റ് ഫീമെയിൽ ഈസ് ദ ക്വീൻ ഓഫ് ഹൗസ്" എന്നു പറയാം. അവരുടെ പ്രധാന ലഫ്റ്റനൻറ് ആയിരുന്നു സഹോദരൻ. കൃഷിനടത്തിപ്പൊക്കെ ആങ്ങളയുടെ കൈവശമായപ്പോൾ അവർക്ക് അധികാരം നഷ്ടപ്പെട്ടതാണ്. കുടുംബത്തിലെ സ്വത്തിൽ അമ്മാമെൻറ മക്കൾക്ക് അവകാശമില്ല. അമ്മാമൻ ഇതിൽനിന്നൊരംശം ഭാര്യവീട്ടിലേക്ക് എത്തിക്കും. അമ്മാമന് സ്വകാര്യസ്വത്തുമുണ്ടാവും. സ്ത്രീക്ക് തന്റെ വീട്ടിലും ഭർത്താവിെൻറ വീട്ടിലും അവകാശമുണ്ടെന്നുവന്നത് പിന്നീടാണ്. ഇത് ചരിത്രപരമായ സംഗതിയാണ്.
അവർക്ക് അത്ഭുതം തോന്നിയേക്കാം. പിറന്നാളിെൻറ ഓർമയിൽ മരുമക്കത്തായം മാത്രമല്ല പ്രശ്നം. വിശപ്പാണ് കേന്ദ്രവിഷയം. കർക്കടകത്തിലും വിശപ്പുതന്നെ ഘടകം. ഒരു പിറന്നാളിെൻറ ഓർമയിലെ അമ്മാമനെ മാറ്റിനിർത്താം. കാരണം, മുൻതലമുറയിലെ അമ്മാമനാണ് അത്. വലിയമ്മയുടെ വീട്ടിൽ പിറന്നാൾസദ്യയുണ്ട്; എന്റെ വീട്ടിലില്ല എന്നുവരുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
അതെ. ദാരിദ്ര്യമാണ് അതിലെ പ്രമേയം. ദാരിദ്ര്യത്തിെൻറ ഒരു സവിശേഷത അത് പഴയകാല പ്രതാപത്തിൽ അടച്ചുവെച്ച ഒരു സംഗതിയാണ് എന്നതാണ്. മൂടിവെച്ച ഒരു ദാരിദ്ര്യത്തെപ്പറ്റി പറയാം. ആണുങ്ങൾക്ക് ചോറ് കൊടുക്കും. അതാണ് മൂടിവെക്കൽ. കുട്ടികൾക്കും സ്ത്രീകൾക്കും കഞ്ഞിയാണ്. ഇത് അവിശ്വസനീയം എന്നതിനേക്കാൾ ഒരു ചരിത്രസത്യമെന്ന് തോന്നിയേക്കാം.
കൂട്ടുകുടുംബ വ്യവസ്ഥ എെൻറ ഇളംപ്രായത്തിലേ കണ്ടിട്ടുള്ളൂ. നഗര പശ്ചാത്തല കഥകളിൽ അണുകുടുംബം വരുക സ്വാഭാവികമാണ്. കൂട്ടുകുടുംബ പശ്ചാത്തലമുള്ള കഥകളിൽ ഗ്രാമം, വീട്, തൊടി, കുളം, കവുങ്ങിൻതോട്ടം തുടങ്ങി പ്രകൃതിയുടെ അംശങ്ങൾ വരും. ‘വിൽപന’യിൽ ബോംബെയും ‘ഷെർലക്കി'ൽ അമേരിക്കയുമായതിനാൽ പ്രകൃതിക്ക് പ്രസക്തിയില്ല. അണുകുടുംബ കഥയിൽ ചുറ്റും പ്രകൃതിയില്ലല്ലോ. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകൾ മാത്രമേ വർണിക്കാനുള്ളൂ. കർക്കടകം പോലുള്ള കഥകളിലെ വർണന ‘ഷെർലക്കി'ൽ പ്രസക്തമല്ലല്ലോ. മറ്റൊന്ന് രണ്ട് കുടുംബങ്ങളിലും താമസിക്കുന്നവരുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാവും. ‘മഹാനഗരങ്ങളിൽ ' സെയിൽ പ്രധാനമാണ്. ബോംബെയിൽ ഇത് സ്ഥിരം പതിവാണ്. അത്തരം പുതിയ പശ്ചാത്തലങ്ങൾ കടന്നുവരാം.
ആ കഥ നടന്നതല്ല. ബോംബെയിൽ എെൻറ ഒരു നോർത്തിന്ത്യൻ സുഹൃത്തിെൻറ വീട്ടിൽ പോയതാണ്. വീട്ടിൽ സെയിലിെൻറ ബഹളമാണ്. അവിടെ സ്നേഹിതൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിെൻറ ഭാര്യയാണ് എല്ലാറ്റിനും ഉത്സാഹിക്കുന്നത്. ടാഗ് ഒട്ടിക്കാനും ഫർണിച്ചർ പിടിച്ചിടാനുമൊക്കെ ഞാനും സഹായിച്ചിട്ടുണ്ട്. ബോംബെയിൽ സൺഡേ സെയിൽ സ്ഥിരമാണ്.
സെയിലിലെ മാനസികാവസ്ഥയാണ് എനിക്ക് ഉള്ളിൽ തട്ടിയത്. ഒറ്റപ്പെട്ട സ്ത്രീയുടെ അവസ്ഥയും ആ അന്തരീക്ഷവും ഞാൻ ഉപയോഗിച്ചു എന്നുമാത്രം.
നമ്മുടെ മാനസികാവസ്ഥ ഗ്രാമത്തിലേക്ക് പോകാൻ തോന്നിപ്പിക്കുന്നു. അവിടെ അധികം നിൽക്കാനും പറ്റില്ല. ഗ്രാമം സുന്ദരവും മനോഹരവും അവിടത്തെ ആളുകൾ നല്ലവരും എന്ന് അർഥമില്ല. അവിടെ എല്ലാ ക്രൂരതകളും നിലനിൽക്കുന്നുണ്ട്. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം ഇന്നില്ല. ശിലാലിഖിതങ്ങളിലെകഥ കൂടല്ലൂരിൽ സംഭവിച്ചതാണ്. ജ്യേഷ്‌ഠൻ പറഞ്ഞുകേട്ടിട്ടുണ്ട് ഈ സംഭവം. വളരെ പഴയ കാലത്തൊന്നുമല്ല, പത്തിരുപത് കൊല്ലം മുമ്പായിരിക്കണം.
മോഡേൺ പീരിയഡിനെത്തന്നെ. എന്റെ മകളെ കൊണ്ടുപോയാൽ മകളും ചോദിക്കും. മകൾ പഴയകാലെത്തയല്ല സമ്പ്രദായങ്ങളെയാണ് ചോദ്യംചെയ്യുന്നത്. ഒരു കുട്ടി പിഴച്ചു. അപ്പം സ്വന്തക്കാർ ഉപേക്ഷിച്ചു. കോളാമ്പിക്കായയോ എന്തോ തിന്ന് ചാവാൻ കിടന്നു. മഴ വരണതിന് മുമ്പ് ദഹിപ്പിക്കാൻ കഴിയോ എന്നാണ് അവിടെ സംസാരവിഷയം. യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയമാണവിടെ കാണുന്നത്. ഗ്രാമാന്തരീക്ഷംപോലും ഇങ്ങനെയായി. സമൂഹത്തിന്റെ ഭീരുത്വമാണിത്. ഇത് നഗരത്തിലും കാണാം. ഒരു തരം നഗരസംസ്കാരം ഗ്രാമത്തിനും ബാധകമായിത്തുടങ്ങിയിരിക്കുന്നു.
പഴയകാല കഥകളിൽ പരസ്‌പരം കരയുകയും കലഹിക്കുകയുംചെയ്യുന്ന സ്ത്രീകളെ അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടുകുടുംബാന്തരീക്ഷത്തിൽ അങ്ങനെയുള്ളവരാണ് അധികവും. എന്റെ വിധി എന്ന് വിധിക്ക് കീഴടങ്ങിയ സ്ത്രീകളാണ് പഴയകാലത്തുണ്ടായിരുന്നത്. അവർ ഇടക്ക് കലാപത്തിന് ശ്രമിക്കും. അവർക്ക് പുറമേക്കുവരാൻ പറ്റിയ അവസ്ഥയല്ലല്ലോ. നഗരജീവിതത്തിലെ സ്ത്രീ തികച്ചും വ്യത്യസ്‌തയാണല്ലോ. എന്നാൽ ‘കാഴ്ച’യിലെ മുത്തശ്ശി എല്ലാം ലാഘവത്തോടെ എടുക്കുന്നുണ്ട്. ഭഗവതിയിരിക്കുന്ന മച്ച് കിളച്ച കുട്ട്യേടത്തി കലാപകാരി ആണ്. പുതിയ കഥകളിലെ സ്ത്രീകൾക്ക് കൂടുതൽ ധൈര്യമുണ്ട്.
പഴയ സെറ്റപ്പിൽ റിവോൾട്ടുള്ളവർ കുറവായിരുന്നു. എന്നാൽ, അവരുടെ ഏറ്റവും വലിയ അധികാരം, ഭർത്താവിനെ വേണ്ട എന്നു തോന്നിയാൽ ഉപേക്ഷിക്കാം എന്നതാണ്. അത് സ്ത്രീയാണ് നിശ്ചയിക്കാൻ, ഭർത്താവ് കൊള്ളരുതാത്തവനെന്നു തോന്നിയാൽ ജ്യേഷ്ഠനോടോ അമ്മാമനോടോ സമ്മതം ചോദിക്കാതെ തന്നെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം അവർ ഉപയോഗിക്കുകയും ചെയ്‌തിരുന്നു. ‘‘പറ്റ്ല്യാന്ന് പറഞ്ഞാൽ പറ്റ്ല്യ’’ എന്നതായിരുന്നു നില. ‘‘അവൾക്കു വേണ്ടാ എന്നുവെച്ചാൽ നിർബന്ധിക്കാൻ പറ്റ്ല്യ’’ എന്നതാവും ജ്യേഷ്ഠന്റെയും നിലപാട്.
എന്റെ ചെറിയമ്മ നാലു കൊല്ലം മുമ്പ് 92ാം വയസ്സിൽ മരിച്ചു. അവർ ആദ്യ ഭർത്താവിനെ നാലുകൊല്ലം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. പിന്നെ കുറേക്കാലം കഴിഞ്ഞ് ചടങ്ങായിട്ടുതന്നെ വേറെ വിവാഹം കഴിച്ചു. ചെറിയമ്മയുടെ ആദ്യ ഭർത്താവിനെ പിന്നീടൊരിക്കൽ വീട്ടിൽ ഒരു സുഹൃദ് സന്ദർശനത്തിന് വന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. പോകുമ്പോൾ ചെറിയമ്മയെ ഉദ്ദേശിച്ച് ‘‘കുഞ്ചുട്ടേമ്മല്ലേ?’’ എന്ന് ചോദിച്ചു. ചെറിയമ്മ വാതിലിനിപ്പുറം വന്ന് വെറുതെ കണ്ടു, തിരിച്ചുപോയി.
എം.ടിയുടെ അഭിമുഖവുമായി ഇറങ്ങിയ ആഴ്ചപ്പതിപ്പിന്റെ രണ്ടാം ലക്കം, 1998 മാർച്ച് 13-19
അന്നത്തെ നായികമാരെ അകലെ നിന്നേ കാണാൻ കഴിയുന്നുള്ളൂ. ഇന്ന് അവളുടെ കോംപ്ലിമെന്റ് ആഗ്രഹിക്കുന്നവരില്ല. ടീനേജേഴ്‌സിന് പരസ്‌പരം കാണാനും സംസാരിക്കാനും പ്രയാസമില്ലാത്ത കാലമായി. അന്ന് കാമം ഉള്ളിൽ പാപമായിരുന്നു. മറച്ചുവെക്കേണ്ട വസ്തുവായിരുന്നു. മറച്ചുപിടിക്കലാണ് അന്നത്തെ മാന്യത. ഇല്ലെങ്കിൽ മോശമാണ് എന്ന അവസ്ഥ. പുറത്തുപോയി ചായകുടിക്കുന്നത് ഇന്ന് ബാറിൽ കയറുന്നതുപോലെയാണ്. ഇന്നത്തെ ടീനേജേഴ്‌സിന് നമ്മുടെ പഴയകാല നായികമാരെ മനസ്സിലാവില്ല.
പാതിമറഞ്ഞ് വാതിലിനരികെ വന്ന് ചിരിച്ചാൽ ആ ചിരി കണ്ട് സന്തോഷിച്ചിരുന്ന കുട്ടി ഇന്നില്ല. അമ്മുക്കുട്ടിയുടെ വിരൽതൊട്ടാലുള്ള സായൂജ്യമോർക്കുന്ന വേലായുധനെ ഇന്നുള്ളവർക്ക് മനസ്സിലാവില്ല. ഇന്ന് അവർക്ക് ഒരുമിച്ച് ഹോട്ടലിൽ പോകാം. സിനിമക്കു പോകാം. ഇത് അവരുടെ തെറ്റല്ല. സീരിയലിലും സിനിമയിലും അവർ കാണുന്ന അന്തരീക്ഷം അതാണ്.
പറയാൻ പറ്റില്ല. ‘കൽപാന്തം’ സ്ത്രീയിലാണ് കോൺസൻട്രേറ്റ് ചെയ്യുന്നത്. ഭർത്താവിന്റെ സ്വകാര്യ ബന്ധം കണ്ടെടുത്തപ്പോഴുള്ള ഷോക്ക് ‘കൽപാന്ത’ത്തിൽ സ്ത്രീയുടെ ഏകാകിതയാണ് പ്രധാനം. ലോകം കട്ടോഫാണ്. ഭർത്താവിൽനിന്നും ലോകത്തിൽനിന്നും കട്ടോഫായിരിക്കുന്നു അവർ. ഭർത്താവിന്റെ വഞ്ചനയേക്കാൾ ആ സ്ത്രീയുടെ ഏകാകിതയാണ് ‘കൽപാന്ത’ത്തിന്റെ കേന്ദ്ര വസ്‌തുത. മരിച്ച സ്ത്രീയാണ് കഥ പറയുന്നത്. അത് അവസാനമാണ് മനസ്സിലാവുന്നതും.
രാഷ്ട്രീയം എന്ന അനുഭവം...
ഞാൻ വളർന്നുവന്ന സാഹചര്യമാണ് പ്രധാന കാരണം. അന്ന് എന്റെ ഗ്രാമത്തിൽ ഒരു രാഷ്ട്രീയ മീറ്റിങ്ങുപോലും ഉണ്ടായിട്ടില്ല. കുട്ടിക്കാലത്ത് ആനക്കര മീറ്റിങ്ങുണ്ടായി എന്ന് കേട്ടിട്ടുള്ളതു മാത്രമാണ് അന്ന് രാഷ്ട്രീയത്തെക്കുറിച്ചുള്ള അറിവ്. രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ട ഒരാൾ ഞങ്ങളുടെ കുടുംബത്തിൽ ഇല്ലായിരുന്നു. നാട്ടിൽ രാഷ്ട്രീയക്കാരനായി ഒറ്റയാളും ഉണ്ടായിരുന്നില്ല.
നേരിട്ട് അനുഭവമുണ്ടായിട്ടില്ല. അന്ന് യഥാർഥ ഒരു കോൺഗ്രസ് പ്രവർത്തകൻപോലും നാട്ടിലുണ്ടായിരുന്നില്ല. ആനക്കര വടക്കത്ത് തറവാടുമായി ബന്ധപ്പെട്ടാണ് കോൺഗ്രസുകാരെപ്പറ്റി കേൾക്കുന്നത്. അവരാകട്ടെ അന്ന് ഉന്നത സമൂഹത്തിൽപെട്ടവരാണ്. അവരുടെ സോഷ്യൽ സ്റ്റാറ്റസിലേക്ക് എത്താനൊന്നും നമുക്ക് പറ്റില്ല. ക്യാപ്റ്റൻ ലക്ഷ്‌മി ഐ.എൻ.എയിൽനിന്നു വന്നിരിക്കുന്നു എന്നൊക്കെ കേൾക്കാമെന്നു മാത്രം.
രാഷ്ട്രീയം ശ്രദ്ധിക്കുന്നു. മറ്റുതരത്തിൽ താൽപര്യം വന്നിട്ടില്ല. ഗ്രാമത്തിൽ പൊളിറ്റിക്കൽ ഇംപാക്ട് ഇല്ല എന്നതു തന്നെയാവാം ഈ താൽപര്യക്കുറവിന് കാരണം. 1943ലെ കോളറാ കാലത്ത് എന്റെ ജ്യേഷ്ഠൻ ഗോവിന്ദൻ നായർ ഹെൽത്ത് വിസിറ്ററെ കൊണ്ടുവന്ന് ഇഞ്ചക്ഷൻ എടുപ്പിക്കുന്നതിലെ സോഷ്യൽ ആക്ടിവിറ്റി അനുഭവമായിട്ടുണ്ട്. ഭഗവതിക്ക് ഗുരുതി കഴിക്കുന്നതിനെപ്പറ്റിയുള്ള ചർച്ച നടക്കുമ്പോഴാണ് സമാന്തരമായി ജ്യേഷ്ഠൻ ഈ പ്രവർത്തനം നടത്തിയത്. ആ ജ്യേഷ്ഠനും രാഷ്ട്രീയത്തിൽ വന്നിട്ടില്ല.
ഗാന്ധിഭക്തനായിരുന്നു എന്നു മാത്രം. പിന്നെ ഗ്രാമത്തിൽ വന്നത് പെറ്റി പൊളിറ്റിക്സാണ്. ചില അധികാരങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയ അംഗത്വവും മറ്റും. കോളജിൽ പഠിക്കുന്ന കാലത്ത് വിദ്യാർഥിരാഷ്ട്രീയം അത്ര സജീവമല്ല. സ്‌റ്റുഡന്റ്സ് ഫെഡറേഷനും കെ.എസ്.യുവും ഒക്കെയുണ്ടെങ്കിലും അത്ര കടുത്ത മത്സരങ്ങളില്ല. ഒരാളെ സ്വാധീനിക്കുംവിധം കലാലയ രാഷ്ട്രീയം വളർന്നിരുന്നതുമില്ല.
അശാന്തിയേ എനിക്ക് ഒരു മെറ്റീരിയലാവൂ. ജീവിതത്തിന്റെ, മനസ്സിന്റെ താളക്കേടുകളാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. സുഖലോലുപർ വിഷയമാവാറില്ല. കോൺട്രാസ്റ്റിനുവേണ്ടി കാണിക്കാം. അത്രതന്നെ. അവർക്ക് മെയിൻ ഫ്രെയിമിൽ സ്ഥാനമില്ല. എന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ‘കാഴ്ച’യിലെ മുത്തശ്ശി. അവർ പഴയകാലത്തെക്കുറിച്ച് ദുഃഖിക്കുന്നില്ല. രസകരമാണത്.
‘കാഴ്ച’യിലെ മുത്തശ്ശിക്ക് മാതൃക ഒരു പുരുഷനാണ്. എന്റെ കുടുംബത്തിലെ ഒരു കാരണവർ. അദ്ദേഹത്തിന് കണ്ണുകാണില്ല. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. വർത്തമാനം പറഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ, പൂവ്വാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുപറഞ്ഞു: ‘‘നീ ഇപ്പോ എന്താ ചെയ്യണതറിയാം. പോക്കറ്റിൽ കൈയിട്ട് എന്തോ കാശ് തരാൻ പുവ്വാണ്. എനിക്ക് അതിന്റെ ആവശ്യമില്ല. നിയ്യ് ഇടക്ക് വന്നാൽ മതി...’’ കണ്ണുകാണാത്ത അവസ്ഥയെ മറികടന്ന് എല്ലാം കാണുന്ന കഥാപാത്രം.
പഴയകാല കഥകളിൽ കലഹം ധാരാളമാണ്. അവർക്കുവേണ്ട സൗകര്യങ്ങൾ വന്നുചേരാത്ത ദുഃഖംകൊണ്ടാണ് അവർ പരസ്പരം വഴക്കടിക്കുന്നത്. എന്റെ അമ്മ സ്വത്ത് നാല് ആൺമക്കൾക്ക് വീതിച്ചപ്പോൾ ചെറിയമ്മയുടെ മകൾക്ക് ഒരു ഭാഗം വെക്കണം എന്ന് ശഠിച്ചു. എനിക്ക് നാല് ആണുങ്ങളാ. അവൾക്ക് ഒരു പെണ്ണേള്ളൂ എന്നായിരുന്നു അമ്മ പറഞ്ഞത്. വൺ ഫിഫ്ത്ത് അവർക്കിരിക്കട്ടെ. ജീവിതപ്രാരബ്ധങ്ങളുടെ വഴക്കാണ് അമ്മയും ചെറിയമ്മയും തമ്മിൽ നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.