‘‘ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും മെക്കാളെയാണ്’’

കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്​കാരം നേടിയ കൽപറ്റ നാരായണനുമായി സാഹിത്യം, രാഷ്​ട്രീയം, സാംസ്​കാരികം എന്നിങ്ങനെ വ്യത്യസ്​ത വിഷയങ്ങളിൽ നടത്തിയ സംഭാഷണം. പരിസ്ഥിതിയും ഗാന്ധിജിയും വിദ്യാഭ്യാസവും ആരോഗ്യവും ആധുനികതയുമെല്ലാം സംഭാഷണത്തിൽ വിവിധരീതിയിൽ കടന്നുവരുന്നു.പണ്ട്, വയനാട്ടിൽ കോരിച്ചൊരിയുന്ന മഴയത്ത് കുറ്റാക്കൂരിരുട്ടത്ത് വെളിച്ചത്തിനായി മിന്നലെടുക്കാൻ കാത്തുനിന്ന കുട്ടിക്കാലത്തെക്കുറിച്ച് കൽപറ്റ നാരായണൻ മാഷ് ഓർക്കുന്നുണ്ട്. ആ മിന്നൽദ്യുതിയിൽ ജാഗ്രത്തായ മനസ്സ് മാഷി​ന്റെ കാവ്യ ജീവിതത്തിലുടനീളമുണ്ട്. വായനക്കാര​ന്റെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന മാഷി​ന്റെ...

കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്​കാരം നേടിയ കൽപറ്റ നാരായണനുമായി സാഹിത്യം, രാഷ്​ട്രീയം, സാംസ്​കാരികം എന്നിങ്ങനെ വ്യത്യസ്​ത വിഷയങ്ങളിൽ നടത്തിയ സംഭാഷണം. പരിസ്ഥിതിയും ഗാന്ധിജിയും വിദ്യാഭ്യാസവും ആരോഗ്യവും ആധുനികതയുമെല്ലാം സംഭാഷണത്തിൽ വിവിധരീതിയിൽ കടന്നുവരുന്നു.

പണ്ട്, വയനാട്ടിൽ കോരിച്ചൊരിയുന്ന മഴയത്ത് കുറ്റാക്കൂരിരുട്ടത്ത് വെളിച്ചത്തിനായി മിന്നലെടുക്കാൻ കാത്തുനിന്ന കുട്ടിക്കാലത്തെക്കുറിച്ച് കൽപറ്റ നാരായണൻ മാഷ് ഓർക്കുന്നുണ്ട്. ആ മിന്നൽദ്യുതിയിൽ ജാഗ്രത്തായ മനസ്സ് മാഷി​ന്റെ കാവ്യ ജീവിതത്തിലുടനീളമുണ്ട്. വായനക്കാര​ന്റെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന മാഷി​ന്റെ എഴുത്തിനുള്ള അംഗീകാരമാണ് ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ്.

‘‘മീഞ്ചന്ത ഗവ. ആർട്സ് കോളജിൽ ശാസ്ത്രം പഠിക്കാൻ ചേർന്ന ഞങ്ങളെ കാവ്യദർശനത്തിന്റെ അപാരതയിലേക്ക് കൊണ്ടുപോകാൻ മാഷിന് നിമിഷങ്ങൾ മതിയായിരുന്നു.’’ കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ധന്യ ടീച്ചറുടെ വാക്കുകൾ ശാസ്ത്രത്തിനും മീതെയാണ് കാവ്യദർശനമെന്ന സത്യത്തിന് അടിവരയിടുന്നു. മാഷി​ന്റെ കവിതയും നോവലുകളും ലേഖനങ്ങളും ജീവിതത്തോട് തികഞ്ഞ സത്യസന്ധത പുലർത്താനുള്ള ഓർമപ്പെടുത്തലുകൾ മാത്രം. കൽപറ്റ നാരായണനുമായി നടത്തിയ സംഭാഷണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങളാണ്​ ചുവടെ:

‘‘തണുപ്പു കാരണം വെയിലിലേക്കും വെയിലു കാരണം തണുപ്പിലേക്കും അവര്‍ മാറിമാറി നിന്നു.’’ സമകാലിക രാഷ്ട്രീയം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ മാഷിന്റെ നോവലിലെ വാചകങ്ങളില്‍നിന്നും വായിച്ചെടുക്കാം. വായനക്കാരന്റെ ആലോചനക്ക് വിട്ടുകൊടുക്കുന്ന ഒരു ശൈലിയാണോ തുടക്കം മുതല്‍ എഴുത്തില്‍ അവലംബിച്ചുപോരുന്നത്?

എന്റെ നോവലുകള്‍ അത്രയധികം വായിക്കപ്പെടുന്നില്ല. വായിക്കുന്ന ആളുകള്‍ക്ക് വളരെയിഷ്ടാണ്. കവിതയിലെ വരികള്‍ പോലെയാണ് എല്ലാ വരികളും ഞാന്‍ എഴുതുക. അത് വായിക്കാന്‍ പരിശ്രമം വേണം. ഭാവനയും വേണം. വായനക്കാരന്‍ സര്‍ഗാത്മകനാവുന്ന എഴുത്താണ് എനിക്കിഷ്ടം. അതില്‍ കുറഞ്ഞ വായന ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പുസ്തകങ്ങള്‍ അത്ഭുതകരമായി ഇഷ്ടപ്പെടുന്ന ആളുകളൊക്കെയുണ്ട്. ഞാന്‍ വിചാരിക്കാത്തവിധം. എന്നാല്‍ അതിനോട് സമീപിക്കാത്തവരുമുണ്ട്.

അതിന്റെയൊരു ഭാരം കാരണം. അപ്പോള്‍ ഏറക്കുറെ എല്ലാ വാക്യങ്ങള്‍ക്കും ഇങ്ങനെയൊരു ധ്വനിയുടെ ലോകമുണ്ടാകും. ആന്തരികലോകം ഒരു നോവലില്‍ ഉണ്ടാകും. ഒരു കവിതയിലുണ്ടാകും. ‘‘ഉടനീളം ഒരാളും അയാളല്ല’’ എന്നു പറ‍ഞ്ഞാല്‍ നമ്മള്‍ നിശ്ശബ്ദരാകണം. അതിന്റെ ബോധ്യം നമ്മുടെ മനസ്സില്‍ നിറയാന്‍. അപ്പോ ഓരോ വരിക്കും ഇങ്ങനെയൊരു നിശ്ശബ്ദത ആഗ്രഹിക്കുന്നുണ്ട്. ലേഖനമെഴുതുന്പോഴും സംസാരിക്കുന്പോഴും നിശ്ശബ്ദതയുണ്ടാവണം. കവിതയില്‍ നിശ്ചയമായിട്ടും അങ്ങനെയാണ്. വളരെ സര്‍ഗാത്മകമായിട്ടുള്ള ഒരു ആവിഷ്‍കാരമാണ് ഭാഷ എന്റെ കൃതികളില്‍.

ഭരണകൂട വിമര്‍ശനം എഴുത്തുകാരില്‍ അധികമൊന്നും കാണാറില്ല. മാഷാവട്ടെ ജനകീയസമരങ്ങളിലടക്കം സജീവമായി ഇടപെടുന്നയാളാണ്. എഴുത്തിലും സാമൂഹികമായ ഇടപെടലുകളിലും എത്രത്തോളം സ്വാതന്ത്ര്യമാവാമെന്നാണ് മാഷ് കരുതുന്നത്?

ഒരു കോവിഡ് കാലവും അതിനു ശേഷവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന വല്ലാത്തൊരു അസ്വാതന്ത്ര്യത്തിന്റെ പരിസരമുണ്ട്. കോവിഡ് ഫാഷിസ്റ്റുകള്‍ക്ക് ഇഷ്ടമുള്ള ഒരു രോഗമാണ്. നിങ്ങൾ നിശ്ശബ്ദരായിരിക്കുക. വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരിക്കുക. അതുപോലെ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പ്രതികരിക്കാതിരിക്കുക. പ്രതിഷേധിക്കാതിരിക്കുക. ജാഥ നയിക്കാതിരിക്കുക. നിശ്ശബ്ദനായിരിക്കുക എന്നത് ഏകാധിപതികളുടെ ഒരു സ്വപ്നമാണ്. ഇങ്ങനെ നിശ്ശബ്ദനായിരിക്കാന്‍ പ്രേരിക്കപ്പെട്ട ഒരു കാലം. ഈ രോഗത്തിന്റെ സഹായത്തോടു കൂടി ഒരു പട്ടാളത്തിന്റെയും സഹായമില്ലാതെ ഇത് സാധിക്കും. അങ്ങനെയാണ് കോവിഡ് ഇന്ത്യയില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ട രോഗമായി മാറിയത്.

ആ കാലത്താണ് ഇതെഴുതുന്നത്. ‘‘തുപ്പാന്‍ പേടിച്ച് ഞാന്‍ ഇറക്കിയത് വിഷമായിരുന്നു...’’ ഈ നിശ്ശബ്ദത നമ്മളെ കൊല്ലും. നമ്മളെ ഒറ്റിക്കൊടുക്കും. നമ്മള്‍ പറയാന്‍ മോഹിച്ചതൊന്നും പറയാതെയായിത്തീരും. അങ്ങനെ ആവിഷ്‍കരിക്കപ്പെടാത്ത ഒരു ലോകം ഉണ്ടായിത്തീരും. അങ്ങനെ ഉണ്ടാകുന്പോള്‍ ഈ ഏകാധിപത്യത്തിന് നമ്മളെയെല്ലാവരെയും ഏകപക്ഷീയമായി ഭരിക്കാനും സാധിക്കും. ദേശീയ വിദ്യാഭ്യാസ പദ്ധതിപോലെ പലതും ഈ നിശ്ശബ്ദതയുടെ മറവില്‍ ഇന്ത്യയില്‍ കടത്തപ്പെട്ടു. നമ്മൾ മനഃപൂര്‍വം സ്വാതന്ത്ര്യം വേണ്ടെന്ന് ​െവച്ചിരിക്കുകയാണ് ഒരു ഘട്ടത്തില്‍. ഇതവര്‍ക്ക് സഹായകമായിരിക്കും.

വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിന്റെ ഏത് പ്രയോഗവും ആരെയെങ്കിലും അസ്വസ്ഥരാക്കും. അതൊന്നും എഴുത്തുകാരന്‍ ഭയപ്പെടേണ്ടതല്ലെന്ന് ഞാന്‍ വിചാരിക്കുന്നു. എന്തിന്റെ പേരിലായാലും സ്വാഭിപ്രായം പറയുന്നതിന് അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. അയാള്‍ വ്യവസ്ഥാപിത സമൂഹത്തിന്റെയൊന്നും നിലനിൽപ് നോക്കേണ്ട ഒരാളല്ല. ആ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെയായിരിക്കും. അവര്‍ക്കുപോലും വെളിപ്പെടുത്താനാവാത്ത ആശയങ്ങളും ആഗ്രഹങ്ങളും വെളിപ്പെടുത്തുന്ന ഒരു സ്ഥലമായിരിക്കണം എഴുത്തുകാരന്റേത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിരുപാധികമായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഈ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിലല്ലേ മഹത്തായ സൃഷ്ടികള്‍ ഉണ്ടാകുന്നതും? ലോകസാഹിത്യത്തിലും അങ്ങനെയല്ലേ സംഭവിക്കുന്നത്?

ദസ്തയേവ്സ്കിയുടെ രചനകള്‍ ഉദാത്തമല്ലെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞത് അദ്ദേഹം വ്യക്തികളുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന നിലക്കാണ്. പൊതുസമൂഹത്തിന്റെ താൽപര്യങ്ങളില്‍ ഒതുങ്ങിനിൽക്കുകയും മാര്‍ക്സിസ്റ്റ് സങ്കൽപങ്ങള്‍ക്ക് അനുകൂലമായിരിക്കുന്നതിനും പകരം വ്യക്തികളെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്ന ഒരാളായിരുന്നു. ഒന്നിനും കീഴടങ്ങാത്ത ഒരാളായിരുന്നു. അത്തരം ഒരെഴുത്തുകാരന്‍ ബുദ്ധിമുട്ടാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്വപ്നം കാണുന്ന ഒരാള്‍ക്ക്. എഴുത്തുകാരനെ മനസ്സിലാവാഞ്ഞിട്ടല്ല. അതിന്റെ തീവ്രത ശരിക്കും ഉള്‍ക്കൊണ്ടാവണം ലെനിന്‍ അങ്ങനെ ചെയ്തത്. ഇങ്ങനെയൊരാള്‍ ഉണ്ടാകുന്നത് രാഷ്ട്രീയപക്ഷത്തുനിന്ന് നോക്കിയാല്‍ സമൂഹത്തിന്റെ സുസ്ഥിരതക്ക് തടസ്സമായിത്തീരുമെന്ന് കരുതും.

മഹാത്മാ ഗാന്ധി,അംബേദ്കർ

 ടോൾസ്റ്റോയിയോട് വളരെ ഇഷ്ടമാണ്. അദ്ദേഹം ആ വിധത്തില്‍ ഒരു അരാജകസ്വഭാവമുള്ള ആളല്ല. ഗാന്ധിയൊക്കെ പ്രോത്സാഹിപ്പിച്ച ഒരാളാണ്. പിന്നീട് പിന്നീട് കൂടുതല്‍ സാമൂഹികബോധം കാട്ടിയിരുന്ന ആളാണ്, ദസ്തയേവ്സ്കി അങ്ങനെയല്ല. പാസ്റ്റര്‍നാക്കും അദ്ദേഹത്തെപ്പോലെയായിരുന്നു. സോള്‍സെനിത്സിന്‍ നാടുകടത്തപ്പെടുന്നുണ്ട്. മറ്റൊരാള്‍ കൊല്ലപ്പെടുന്നുണ്ട്. അന്ന അഖ്മത്തോവ അപമാനിക്കപ്പെടുന്നുണ്ട്. മനുഷ്യന്‍ ഒരേസമയം ഒരു വ്യക്തിയും സമൂഹത്തിലെ അംഗവുമാണ്. ഇത് രണ്ടും ആവിഷ്‍കരിക്കപ്പെട്ടില്ലെങ്കില്‍ അയാള്‍ അസ്വസ്ഥനായിത്തീരും. ഗുരു പറഞ്ഞ പോലെ അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം. ഈ രണ്ട് തലങ്ങളും സാക്ഷാത്കരിക്കപ്പെടണം. ആത്മസുഖത്തെ അവഗണിച്ച് പരസുഖത്തെ ആവിഷ്‍കരിച്ചാല്‍ അസന്തുഷ്ടരായിത്തീരും. മറിച്ചും. ഇവരെയെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉപേക്ഷിക്കേണ്ടിവന്നു.

ഇംഗ്ലീഷ് സാഹിത്യത്തിലേക്കാള്‍ മഹത്തായ കൃതികള്‍ റഷ്യന്‍ സാഹിത്യത്തിലുണ്ടായിരുന്നില്ലേ? ‘ശിശിരത്തിലെ ഓക്കുമരം’ പോലൊരു കഥ അത്യപൂര്‍വമല്ലേ?

എനിക്ക് സംശയമുണ്ട്. ആലീസ് ഇന്‍ വണ്ടര്‍ലാൻഡ് പോലൊരു പുസ്തകം റഷ്യക്ക് സ്വപ്നം കാണാനാവില്ല. ഇത്തരമൊരു മഹത്തായ കൃതിയുണ്ടാവാന്‍ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലം വേണം. വ്യവസ്ഥിതി സ്വപ്നം കാണുന്ന കൃതികളാണ് ബാലസാഹിത്യകൃതികളായിട്ടും റഷ്യയില്‍ ഉണ്ടായിട്ടുള്ളത്. പക്ഷേ, അത് സത്യത്തിനോടൊന്നും അത്ര നീതിചെയ്യുന്ന കാര്യമല്ല. സമത്വം എന്നു പറയുന്നത് അങ്ങനെ സാക്ഷാത്കരിക്കാനൊന്നും സാധ്യമല്ല.

അതിനുവേണ്ടി ശ്രമിക്കാം. ആ ശ്രമത്തില്‍ സൗന്ദര്യമുണ്ട്. ആത്യന്തികമായിട്ട് മനുഷ്യന്‍ ദുര്‍ബലനാണ്. അയാള്‍ ഇതിന് വിരുദ്ധമായിട്ട് പ്രവര്‍ത്തിക്കും. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയൊന്നും വരില്ല. എന്നാല്‍, നിഷ്‍കളങ്കമായിട്ടുള്ള ഒരു ചിന്തയാണതിലുള്ളത്. പിനോക്യ, ഗള്ളിവറുടെ യാത്രകള്‍ ഇവയൊക്കെ സൗന്ദര്യമുള്ള അസാധ്യ കലാസൃഷ്ടികളാണ്. ഒരുതരം പെരിഫറല്‍ കഥകളേ റഷ്യന്‍ ബാലസാഹിത്യത്തിലുള്ളൂവെന്നാണ് എനിക്ക് തോന്നിയത്. അവരുടെ വ്യവസ്ഥക്ക് അനുകൂലമായിട്ടുള്ള കൃതികളുടെയൊക്കെ പ്രശ്നം അതായിരുന്നു.

നാടോടി സംസ്കൃതിയുടെ വേരുകളിലേക്ക് പോകുന്ന എഴുത്തുകള്‍ ലാറ്റിനമേരിക്കയില്‍നിന്നാണല്ലോ വരുന്നത്. മാഷിന്റെ ‘കോന്തല’യില്‍ വയനാടിന്റെ ഗ്രാമവും സംസ്കാരവുമൊക്കെ തനതു ചിത്രങ്ങളായുണ്ട്. എഴുത്തിലെ സാംസ്കാരികമായ ഈടു​െവപ്പുകളെ മാഷ് എങ്ങനെയാണ് കാണുന്നത്?

യൂറോപ്യന്‍ നോവലുകളെ അവഗണിച്ച് വായനക്കാര്‍ ലാറ്റിനമേരിക്കയിലേക്ക് കടക്കാന്‍ കാരണം അതിനടിയിലുള്ള മണ്ണാണ്, നാടോടിക്കഥകളാണ്. പാരന്പര്യവും കഥനപാരന്പര്യവുമുള്ള ഒരു നാടിന്റെ കഥ പറയലാണ്. അതുകൊണ്ടത് എപ്പോഴും സന്പന്നമായിരിക്കും. കൗതുകകരമായിരിക്കും. മാര്‍കേസിന്റെയൊക്കെ ഓരോ വാക്യവും മനോഹരമാണ്. ഓരോ വരികള്‍ക്കിടയിലും ഉള്‍ക്കാഴ്ചയുണ്ടാകും. കവിതയോട് വളരെ അടുത്തിരിക്കും. കഥനസ്വഭാവമുള്ള എഴുത്തുകളായിരിക്കും. അതിന് സ്വീകാര്യത കൂടും.

നമ്മുടേയും അവരുടേയും ലോകത്തെല്ലാവരുടേയും വേരുകളൊക്കെ ഒന്നായിരിക്കും. ആഫ്രിക്കയില്‍നിന്നും വന്ന് കാലങ്ങളെടുത്ത് അങ്ങുമിങ്ങുമൊക്കെ പോയി വന്ന ഒരു ജനതയാണല്ലോ? തിരയലിന്റെ ഒരു രൂപമാണ് സാഹിത്യം. ഈ തിരയലൊക്കെ ഒരുപോലെയാണ് താനും. അവരുടെ കൃതി നമ്മുടെ തന്നെ കൃതിയായിട്ട് നമുക്ക് ബോധ്യപ്പെടും. ബഷീറിന്റെ കൃതികള്‍ക്കൊക്കെ ഈ സൗന്ദര്യമുണ്ട്. ഓര്‍മകളുണ്ട്. നല്ല നര്‍മബോധമുണ്ട്. ചില കഥകളോടുള്ള സന്പര്‍ക്കമുണ്ട്. നാടോടിയായ അനുഭവങ്ങളുണ്ട്. നല്ല നാടോടിത്തമുള്ള ഭാഷയുണ്ട്.’’

അറുപതുകളിലാണല്ലോ ആധുനികത വരുന്നത്. സാംസ്കാരികമായി ഗാന്ധിയടക്കം നേരത്തേ തള്ളിക്കള‍ഞ്ഞത് സാഹിത്യത്തിലൂടെ നമ്മളിലേക്ക് തിരിച്ചുവരുകയായിരുന്നോ? യൂറോപ്യന്‍ എഴുത്ത് വ്യക്തിയുടെ വിചാരങ്ങളിലേക്ക് ഒതുങ്ങുകയും സാമൂഹികത ഇല്ലാതാവുകയും ചെയ്യുന്ന ഒരവസ്ഥ വന്നുപോയിട്ടില്ലേ?

മരണം, പാപം, ഏകാന്തത ഇതൊക്കെ അനുഭവിക്കുക വ്യക്തിയുടെ തലത്തിലല്ലേ? യൂറോപ്യന്‍ നോവലുകളില്‍ ഈ വിഷയങ്ങള്‍ക്ക് വലിയ ആവിഷ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതൊക്കെ ആവിഷ്‍കരിക്കപ്പെടേണ്ടതുമാണ്. പരന്പരാഗതമായ സമൂഹാനുഭവങ്ങളും എഴുത്തില്‍ വരണം. യൂറോപ്യന്‍സ്വാധീനം നമുക്ക് ഗുണപരമായിട്ടുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസം’ പോലൊരു കൃതി ഉണ്ടാവുന്നത് അതിലൂടെയാണ്. എന്നാലത് വ്യക്തികേന്ദ്രീകൃതമാണെന്ന് പറ‍ഞ്ഞു തള്ളാനാവില്ല.

വിജയനെ ആധുനികതയുടെ എഴുത്തുകാരനായി നാം കാണുന്നു. ചവിട്ടുവണ്ടി പോലൊരു കഥ ആധുനികജീവിതത്തെ നിഷേധിക്കുന്നതുമാണല്ലോ? വേഗതക്ക് നമ്മള്‍ അടിമപ്പെടുന്നതും വേരുകള്‍ വിട്ട വികസനപരിപ്രേക്ഷ്യത്തിലേക്ക് ചുവടുമാറാനും നമ്മെ പ്രേരിപ്പിച്ചത് ആധുനികത തന്നെയായിരുന്നില്ലേ?

ആധുനികത എന്ന ടേം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. യൂറോപ്യന്‍ നവോത്ഥാനത്തില്‍നിന്നാണത് വരുന്നത്. ജാത്യതീതവും മതാതീതവുമായ ചിന്തകള്‍ ഉണ്ടാവുന്നതും അങ്ങനെയാണ്. വ്യക്തിസ്വാതന്ത്ര്യം എന്ന സങ്കൽപമുണ്ടാകുന്നതും അതിന് പ്രാധാന്യം ലഭിക്കുന്നതുമൊക്കെ അതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍, ഇതിനെ ഏകപക്ഷീയമായി സ്വീകരിക്കുകയല്ല എഴുത്തുകാര്‍ ചെയ്തത്. തകഴിയും കോവിലനും ബഷീറുമൊക്കെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നാണതിനെ സ്വീകരിക്കുന്നത്. ആ സ്വാധീനങ്ങള്‍ അവരെ മാറ്റിയിട്ടുമുണ്ട്. വിജയന്‍ ഇന്ത്യന്‍ ആത്മീയതയോട് ഇഷ്ടമുള്ളയാളാണ്. അദ്ദേഹം ലോറന്‍സ് ഡോയലിനെയൊക്കെ വായിച്ചിട്ടുണ്ട്, യൂറോപ്യന്‍, അമേരിക്കന്‍ എഴുത്തുകാരും ഇങ്ങനെ സ്വാധീനിക്കപ്പെട്ടിരുന്നു. അതിന്റെ ദോഷങ്ങള്‍ കണ്ടിട്ടുള്ളയാളാണ്. ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

‘ഗോവർധന്റെ യാത്രകള്‍’ വായിച്ച് സംഘര്‍ഷത്തിലായ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, എഴുത്തുകാരനെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സൗമ്യത അപാരമായിരുന്നു. അധികാര വിമര്‍ശനത്തിനിടയിലും സൗമ്യത സൂക്ഷിക്കാന്‍ മാഷിനും കഴിയാറില്ലേ?

പ്രസംഗങ്ങളില്‍ ആവുന്നത്ര സൗമ്യമായി പറയാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ കൈവിട്ടുപോകും. സ്വതവെ ഇതൊക്കെ ആവുന്നത്ര സൗമ്യമായിട്ടും മറ്റാരേയും പ്രയാസപ്പെടുത്താതെ ഐറണിക്കലായിട്ടും പറയണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എഴുത്തിലൊക്കെ സാധിക്കും. ജീവിതത്തിലും സാധിക്കും. അൽപമൊക്കെ ക്ഷോഭം കലരും. അങ്ങനെയൊരു ക്ഷോഭം കലര്‍ന്നു കണ്ടിട്ടില്ല ആനന്ദിലൊന്നും. എഴുതുന്ന സമയത്തുള്ള സമചിത്തത എല്ലാ ഘട്ടങ്ങളിലും പുലര്‍ത്തുന്ന ആളാണ് അദ്ദേഹം. അതാണ് ശരി. അതാണ് ന്യായമായിട്ടുള്ള വഴി. ഇത് ഇഫക്ടീവാവണം. നമ്മുടെ മുഖഭാവവും പ്രധാനമാണ്.

ശബ്ദത്തി​െന്റ ഉയര്‍ച്ചയും താഴ്ചയുമൊക്കെ നോക്കണം. അദ്ദേഹം സംഭാഷണത്തില്‍ ശ്രദ്ധിക്കുന്ന ആളല്ല. അതിലദ്ദേഹത്തിന് താൽപര്യവുമില്ല. ഞാനൊരു അധ്യാപകനാണ്. സംസാരിക്കുന്നത് എന്റെ മാധ്യമത്തിലൂടെയാണ്. അതുകൊണ്ട് ഉയര്‍ച്ച താഴ്ചകളൊക്കെ അതില്‍ വരും. ക്ഷോഭവും ശോകവുമൊക്കെ ഉപയോഗിക്കും. അദ്ദേഹത്തിന് യാഥാർഥ്യം വെളിപ്പെടുത്തണം. എന്തൊരസംബന്ധമാണ് ഭാരതത്തിന്റെ നീതിവ്യവസ്ഥയെന്ന് ഗോവർധനിലൂടെ വെളിപ്പെടും. അതിനദ്ദേഹത്തിന് കാഫ്കയെപ്പോലെ വലിയ മാതൃകകള്‍ ഉണ്ട്. അദ്ദേഹം കലാസൃഷ്ടികളിലൂടെ ക്ഷോഭം ആവിഷ്‍കരിക്കുന്ന ആളാണ്. പ്രഭാഷകന്‍ എന്ന നിലയില്‍ ഞാന്‍ അല്ലാതെയും ക്ഷോഭം ആവിഷ്‍കരിക്കുന്നു. ഇതാണ് വ്യത്യാസം.

അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മീതെയാണ് എഴുത്തുകാരന്റെ ദര്‍ശനമെന്നും നൂറുവര്‍ഷം കഴിഞ്ഞാലും തന്റെ കൃതികള്‍ നിലനിൽക്കുമെന്നും ജയമോഹന്‍ പറയുന്നു. എഴുത്തുകാര്‍ പൊതുവെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയാന്‍ ആഗ്രഹിക്കാത്തവരാണെന്ന് തോന്നിയിട്ടുണ്ട്. ജയമോഹന്‍ ആരാധിക്കുന്ന എഴുത്തുകാരന്‍ കൽപറ്റയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസവും സമകാലിക എഴുത്തുകാരെക്കുറിച്ചുള്ള തുറന്നുപറച്ചിലും എങ്ങനെയാണ് വിലയിരുത്തുന്നത്?

പലരും ഇത്തരം പറച്ചിലുകളെ ആത്മപ്രശംസയായി കാണും. അതിനെ ഭയപ്പെടും ആളുകള്‍. ആ ഭയം ജയമോഹനില്ല. അയാളുടെ മുന്പില്‍ ഞാനൊന്നും ആരുമല്ല. എഴുത്തിനുവേണ്ടിയുള്ള അയാളുടെ ജീവിതം അപാരമാണ്. എഴുത്തിനുവേണ്ടി യാത്രകള്‍ ചെയ്യും. പുസ്തകങ്ങള്‍ വായിക്കും. അത്രയധികം മനുഷ്യരുമായി ഇടപഴകും. ടോള്‍സ്റ്റോയ് സ്റ്റാച്ചറിലുള്ള എഴുത്തുകാരനാവുകയെന്നത് ജയമോഹന് വളരെ മോഹമാണ്. ഇത്ര അംബീഷ്യസായിട്ടുള്ള എഴുത്ത്, നൂറ്റാണ്ടുകള്‍ക്കുശേഷവും ഞാന്‍ വായിക്കപ്പെടുമെന്ന് ധൈര്യമുള്ള ഒരാള്‍. വാസ്തവത്തില്‍ അയാളേക്കാള്‍ വായിക്കപ്പെടുന്നവര്‍ ഇവിടെ ഉണ്ടായീന്ന് വരാം. നമുക്കറിയില്ല. ഇത് ഒരുതരം അഹങ്കാരമായി ആളുകള്‍ എടുക്കും.

ഇതിന് കാരണം അവരാരും ഇങ്ങനെ പ്രവര്‍ത്തനനിരതനായ ഒരെഴുത്തുകാരനെ സങ്കൽപിക്കുന്നില്ല. നാലുമണി മുതല്‍ ഇങ്ങനെ സദാ പ്രവര്‍ത്തനനിരതനായ ഒരെഴുത്തുകാരന്‍ കേരളത്തില്‍ വേറെയില്ല. തമിഴ്നാട്ടിലുമില്ല. അയാളുടെ ഓരോ വരിയിലും കാവ്യബോധമുണ്ട്. സംഘ സാഹിത്യമൊക്കെ വിരല്‍ത്തുന്പിലാണ്. അതുപോലെ മഹാഭാരതം, ഇന്ത്യയിലെ പഴയതും പുതിയതുമായ എഴുത്തുകള്‍ പഠിക്കാന്‍ താൽപര്യമെടുത്തിട്ടുള്ളയാളാണ്. വളരെ ക്രിയേറ്റിവാണ്. പ്രസംഗങ്ങളൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യും. ഞാനൊക്കെ ഒരു സിദ്ധികൊണ്ട് സംസാരിക്കുന്നയാളാണ്. ഒരു ദിവസം മനോഹരമാകും. മറ്റൊരു ദിവസം നന്നാവില്ല.

 

പ്രവൃത്തിയില്‍ മുഴുകുന്ന ഒരു ധ്യാനമുണ്ടല്ലോ. എഴുതുന്പോഴും വായിക്കുന്പോഴും പ്രഭാഷണം ചെയ്യുന്പോഴും അതനുഭവിക്കുന്നവരുണ്ട്. ഇതല്ലാതെയൊരു ആത്മീയതയുണ്ടോ? ഭൗതികത, ആത്മീയത എന്നിങ്ങനെയൊരു വിഭജനം യഥാർഥത്തില്‍ ആവശ്യമുണ്ടോ?

ഇല്ല. ദാസ് മാഷ് എന്റെ സുഹൃത്തായിരുന്നു. എന്നോട് ധ്യാനിക്കാന്‍ പറയുമെങ്കിലും എനിക്കതൊന്നും പറ്റില്ല. മാഷിനതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത്രമേല്‍ മുഴുകി അദ്ദേഹം ഒരു കാര്യം പറയും. ചെയ്യും. ഇതൊന്നും സാധിക്കാത്തവര്‍ക്ക് ധ്യാനം വേണം. നമ്മള്‍ പറയുന്നതില്‍ പൂര്‍ണമായിട്ട് മുഴുകുകയും അതിന്റെയൊരു ഏകാന്തത അനുഭവിക്കുകയും ചെയ്താല്‍ ധ്യാനംകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ ആ ഫലങ്ങളൊക്കെ സാക്ഷാത്കരിക്കും.

ഗാന്ധി അധികാരത്തിനെതിരായിരുന്നു. അധികാരത്തെ വികേന്ദ്രീകരിക്കാനുള്ള സിദ്ധാന്തം മാര്‍ക്സ് രചിച്ചത് ഭരണകൂടങ്ങള്‍ തകര്‍ന്നുവീഴാനാണ്. ഗ്രാമസ്വരാജും കമ്യൂണും അടിസ്ഥാന അർഥതലത്തില്‍ ഏതാണ്ടൊന്നുതന്നെയെന്ന് പറയാം. എന്തുകൊണ്ടാണ് ഈയൊരു ആശയപരമായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമായിട്ടും സംഭവിക്കാതെ പോകുന്നത്? എങ്ങനെ നമുക്ക് മാര്‍ക്സിന്റെ സൈദ്ധാന്തികതയും ഗാന്ധിയുടെ പ്രായോഗികതയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കും?

ഒരുപാട് മേഖലകളിലേക്ക് ചിന്ത എത്തിച്ചിട്ടുള്ള അത്ഭുതമനുഷ്യരാണ് മാര്‍ക്സും ഗാന്ധിയും. മാര്‍ക്സിന്റെ വിഷയം സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളും അതിന്റെ പരിഹാരങ്ങളുമാണ്. ഗാന്ധി വ്യക്തിപക്ഷത്തുനിന്നും സമൂഹപക്ഷത്തുനിന്നും ചിന്തിക്കുന്ന ഒരാളാണ്. ഗാന്ധിയുടെ ചിന്തകളില്‍ മരണം ഉണ്ട്. ഏകാന്തതയുണ്ട്. മാത്രമല്ല, ഗാന്ധി എന്നോ വരാനിരിക്കുന്ന സമത്വകാലത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഒരാളല്ല. അദ്ദേഹം ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തെ പ്രധാനമായി കാണുന്ന ഒരാളാണ്.

അങ്ങോട്ടു പോകുന്ന ആ വഴിയില്‍ സാക്ഷാത്കരിക്കാന്‍ പറ്റുന്നതേ മനുഷ്യന് പറ്റൂവെന്നും, അത് സാധ്യമാണെന്നും അദ്ദേഹം വിചാരിക്കുന്നുണ്ട്. ഒരു ഘട്ടത്തിലും പരാജയമല്ല മനുഷ്യന്റെ ജീവിതം. മാര്‍ക്സിന്റെ സങ്കൽപം വിപ്ലവം വന്നില്ലെങ്കില്‍ ഈ ജനത മുഴുവന്‍ പരാജയപ്പെട്ടുവെന്നാണ്. എത്ര കുറച്ചു നടന്നാലും അതൊരു വിജയമാണെന്നാണ് ഗാന്ധി വിചാരിക്കുന്നത്. ഗാന്ധിയുടെ ജീവിതത്തില്‍ അത്തരമൊരു പരാജയമേ ഇല്ല. സ്വരാജ് എന്ന് പറയുന്നതും ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടെ രാജ് അല്ല. ഓരോ ഗ്രാമീണന്റേയും സ്വരാജാണ്. ഇതാണ് വ്യത്യാസം.

കമ്യൂണ്‍ എന്നു പറഞ്ഞാല്‍ ഇങ്ങനെ വ്യക്തിസ്വാതന്ത്ര്യം ഉള്‍ക്കൊള്ളാത്തവരുടെ യൂനിറ്റാണ്. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം മാത്രമല്ല, സാമൂഹ്യനന്മ ലക്ഷ്യമാക്കുകയുംചെയ്യുന്ന ഇടമാണത്. ഗാന്ധിക്ക് കമ്യൂണ്‍ ഇഷ്ടമല്ല. സ്വന്തം ഭാഗധേയം സ്വയം നിര്‍ണയിക്കുന്ന വ്യക്തികളുടെ ഒരു സമൂഹത്തിനാണ് സ്വരാജ് എന്ന് പറയുന്നത്. ഒരാളും നിരാകരിക്കപ്പെടുന്നില്ല. അതാണ് ‘അണ്‍ടു ദിസ് ലാസ്റ്റ്’ എന്നു പറയുന്നത്. അവസാനത്തെയാള്‍ വരെ സ്വതന്ത്രനാവുന്നതുവരെ ഞാന്‍ സമരം തുടരുമെന്നാണ് ഗാന്ധി പറഞ്ഞതിന്റെ അർഥം. ഇതങ്ങനെയല്ല മർദിതജനവിഭാഗം സ്വതന്ത്രരായിത്തീരുകയും അങ്ങനെ തൊഴിലാളിവര്‍ഗസര്‍വാധിപത്യം വരുമെന്നും അതിലൂടെ കാലാന്തരത്തില്‍ സമത്വം കൈവരുമെന്നുമാണ് കമ്യൂണിസം വിശ്വസിക്കുന്നത്.

അതിന് ഏത് മാര്‍ഗവും സ്വീകരിക്കാമെന്നും തീരുമാനിച്ചു. അവര്‍ക്ക് ശത്രു ഉണ്ട്. വര്‍ഗശത്രു ഉണ്ട്. ഗാന്ധിക്ക് വര്‍ഗശത്രു ഇല്ല. ഏത് ധനികനും ഏത് അധികാരിയും അയാളു‍ടെ ശത്രുവല്ല. ഒരുപക്ഷേ, അധികാരി സ്വയം തിരിച്ചറിഞ്ഞ് അയാളുടെ അനര്‍ഹതയില്‍നിന്നും പിന്‍വാങ്ങിയെന്നു വരാം. അല്ലാതെ അയാളെ ഒരു വര്‍ഗചിഹ്നമായി കുറ്റപ്പെടുത്താനും ഗാന്ധി തയാറല്ല. ഒരു സന്പന്നന്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് വര്‍ഗസ്വഭാവമാണെന്നാണ് പറയുക. ഗാന്ധി അതിന് പറയുന്നത് വ്യക്തിസ്വഭാവം എന്നാണ്. രണ്ടും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.

ഗാന്ധി വിഭാവനംചെയ്ത ലോകത്തേത്ത് എത്തിപ്പെടാനുള്ള വിദ്യാഭ്യാസ പദ്ധതി രാജ്യം ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?

എന്റെ മുന്നിലുള്ള ലാറി ബേക്കര്‍ വീട് നോക്കൂ. ഈ ആശയം ഗാന്ധിയില്‍നിന്ന് കിട്ടുന്നതാണ്. ഓരോ മേഖലയിലും നമുക്ക് ഗാന്ധിയെ പ്രയോഗിക്കാം. അത് മാര്‍ക്സിനില്ലാത്ത, ഗാന്ധിയിലുള്ള ഒരു സൗകര്യമാണ്. കൃഷിയില്‍ നിങ്ങള്‍ക്ക് ഗാന്ധിയെ എടുക്കാം. പരിസ്ഥിതിയില്‍ എടുക്കാം. എല്ലാ മേഖലയിലും ഗാന്ധിക്ക് ഒരു പോംവഴിയുണ്ട്. ഓരോ അനുഭവത്തെയും ദാര്‍ശനികമായി ഉള്‍ക്കൊള്ളുകയും ദാര്‍ശനികമായ പരിഹാരമുണ്ടെന്ന് തെളിയിക്കുകയുംചെയ്ത വലിയൊരു വിഷനറിയാണ് അദ്ദേഹം.

ചൂഷണവ്യവസ്ഥ അവസാനിക്കണമെന്ന് ആഗ്രഹിച്ച മാര്‍ക്സും ലോകത്തിന് വലിയ സംഭാവന നൽകിയ ആളാണ്. ആളുകള്‍ ചിന്തിക്കുന്ന മാര്‍ഗവും അതാണ്. ഡി.പി.ഇ.പിയൊക്കെ ഗാന്ധിയന്‍ വിദ്യാഭ്യാസത്തെ സ്പര്‍ശിക്കുന്നുണ്ട്. പക്ഷേ, മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല. അങ്ങനെയൊരു വിഗ്രഹം അതിന്റെ പിന്നിലുള്ളവരുടെ ഉള്ളിലില്ല. ഗാന്ധി ത്യജിക്കുന്നതുപോലെ ത്യജിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഗാന്ധിയന്‍ വഴിയിലൂടെ മുന്നേറാന്‍ കഴിയൂ.

ഗാന്ധിയെ ദണ്ഡിയാത്രയില്‍ ഇത്രയും പേര്‍ പിന്തുടര്‍ന്നത് അദ്ദേഹം തിരഞ്ഞെടുത്ത ഉപ്പ് എന്ന സൂചകം വഴിയാണ്. വായുവും ജലവുംപോലെ ഇന്ത്യക്കാരന് അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഉപ്പ്. അതിന്റെ മേലെ നികുതി ചുമത്തുക എന്നു പറഞ്ഞാല്‍ സാന്പത്തികമായ അസ്വാതന്ത്ര്യം ഉണ്ടാക്കുക. ഇതിന് വിരുദ്ധമായിട്ട് ഗാന്ധി പ്രവര്‍ത്തിച്ചു. ഇത് ഓരോ ആളെയും സ്പര്‍ശിക്കുന്നതാണ്. വേറെയൊന്നായിരുന്നുവെങ്കില്‍ ഉപ്പുപോലെ പ്രവര്‍ത്തിക്കില്ല. എല്ലാവരുടെയും ആവശ്യമാണത്.

അതുകൊണ്ട് എല്ലാവരെയും സ്പര്‍ശിച്ചു. സാഹിത്യം അങ്ങനെ സാര്‍വജനീനമായി സ്വാധീനിക്കുന്ന ഒന്നല്ല. വളരെക്കുറച്ചാളുകളാണ് വായിക്കുന്നത്. ആ വായിക്കുന്നവരില്‍ ഇത്തരം കഥകളൊക്കെ വായിക്കുന്നവര്‍ വളരെക്കുറച്ചുപേരാണ്. അതിന് അഭിരുചി വേണം. സെന്‍സിബിലിറ്റി വേണം. അവര്‍ മാത്രമേ ഇതിലൂടെ പോകൂ. ഇവരൊക്കെ നേരത്തേ പരിണമിച്ചിട്ടുള്ളവരാണ്. നിങ്ങള്‍ ആ കഥ വായിച്ചിട്ട് ചെറിയ മാറ്റങ്ങളേ ഉണ്ടാകുന്നുള്ളൂ. നിങ്ങളുടെ അബോധത്തിനുള്ള ആവശ്യങ്ങള്‍ അതിലൂടെ നിറവേറ്റുകയാണ് ചെയ്യുന്നത്. നിങ്ങളാണ് അതിലെ കഥാപാത്രം. നിങ്ങള്‍ക്കറിയാത്തതല്ല ഇത്.

സാഹിത്യത്തില്‍ നിങ്ങള്‍ക്ക് അറിയാത്തതൊന്നും നിങ്ങളെ പഠിപ്പിക്കുന്നില്ല. അതിന് രാഷ്ട്രീയക്കാര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കുമൊക്കെ സാധിച്ചെന്നിരിക്കും. കലാകാരന്‍ ഭാവനാത്മകമായ ഒരു മാര്‍ഗം സ്വീകരിച്ചതുകൊണ്ടാണ് ദണ്ഡിയാത്ര ഒരു വിജയമായി മാറിയത്. ഈ കഥയോടുള്ള ഒരു സമ്മതം അവരുടെ മനസ്സിലുള്ളതുകൊണ്ടാണ് വായിക്കുന്നത്. ജ്ഞാനസ്നാനത്തിന് മാത്രമല്ല എല്ലാ മഹത്തായ കലാസൃഷ്ടിക്കും അത് ബാധകമാണ്. അതുകൊണ്ടാണ് പ്രചാരണോപാധിയായി സാഹിത്യം മാറാത്തത്. ഈ പ്രചാരണത്തിനുള്ള ആശയം നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളതിനെ കൊണ്ടുനടക്കും. ഇല്ലെങ്കില്‍ കളയും. സാഹിത്യം അത്ര വിപ്ലവകരമായൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

 

ഇന്ദിര ഗാന്ധി

‘കോന്തല’ വയനാടിന്റെ ആത്മകഥയാണ്. ഒരു ദേശത്തിന്റെ കഥ വ്യക്തിയുടെ കഥയായി അവതരിപ്പിക്കുന്പോള്‍ മാഷ് കണ്ടുമുട്ടിയ മനുഷ്യര്‍ക്കു മാത്രമല്ല പുല്ലിനും പുല്‍ച്ചാടിക്കും തേരട്ടക്കും തോട്ടിലെ മത്സ്യങ്ങള്‍ക്കുമൊക്കെ അവയുടെ മേല്‍വിലാസം ഉറപ്പിച്ചുകൊടുക്കുന്നൊരെഴുത്തുരീതിയാണതില്‍. കുട്ടിക്കാലം തൊട്ടുള്ള നേരനുഭവങ്ങള്‍ എഴുത്തില്‍ എത്രത്തോളം മാഷിന് സഹായകമായിട്ടുണ്ട്? വയനാടന്‍ പ്രകൃതിയല്ലേ മാഷിന്റെ കാഴ്ചയുടെ ഉറവിടം?

വയനാടിനെക്കുറിച്ച് ആധികാരികമായി സംസാരിക്കണമെങ്കില്‍ വയനാടിന്റെ ശാപങ്ങളൊക്കെ അനുഭവിച്ചിട്ടുള്ള ഒരാള്‍ക്കേ കഴിയൂ. സൗന്ദര്യം കാണണം അയാള്‍. അതിന്റെ വൈരൂപ്യങ്ങളും കാണണം. അതുകൊണ്ടുള്ള മഹാ ഏകാന്തതയും അയാള്‍ അനുഭവിച്ചിരിക്കണം. ദാരിദ്ര്യം സന്പുഷ്ടമായിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് എല്ലാം സൂക്ഷിച്ച് കാണാനും കേള്‍ക്കാനും കഴി‍ഞ്ഞിട്ടുണ്ട്. അത് മറ്റൊരാള്‍ക്ക് കഴിയണം എന്നില്ല. പി. വത്സല വയനാട്ടുകാരിയല്ല. കെ.ജെ. ബേബി പിന്നീടാണ് വയനാട്ടിലേക്ക് വരുന്നത്. ഇത് അവിടെ പൊട്ടിമുളച്ചിട്ടുള്ള ഒരാളാണ്. അവിടത്തെ സൗകര്യത്തില്‍നിന്നും അസൗകര്യത്തില്‍നിന്നും ഉണ്ടായിട്ടുള്ള ഒരാളാണ്. ജന്മനാ ഞാനൊരു വയനാട്ടുകാരനാണ്.

ഇപ്പോഴും സ്വപ്നം കാണുന്പോള്‍ എന്റെ ലൊക്കേഷന്‍ വയനാടാണ്. അതുകൊണ്ട് ഞാനെഴുതുന്നത് ആ നാടിന്റെ കഥയായിത്തീരും. പ്രസാധകന്മാരാണ് അതിന് ആത്മകഥ എന്ന് പേരിട്ടിരിക്കുന്നത്. എനിക്കും അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. നഗരത്തില്‍നിന്ന് അകലെയുള്ളൊരു വീട്. കുറച്ചുമാത്രം കൃഷിസ്ഥലം. പശുവിനെയൊക്കെ മേയ്ച്ചുനടക്കുന്ന ഒരു ബാല്യം. ജോലിയൊക്കെ സ്വയംചെയ്യുന്ന ഒരു കാലം. ആദിവാസിക്കുട്ടികളുടെ കൂട്ടുകാരനെന്നല്ല, അവരേക്കാള്‍ മോശക്കാരനായ കൂട്ടുകാരനാണ്. ഒന്നിലും മേധാവിത്വമില്ലാത്ത ഒരാള്. അങ്ങനെയൊരാള്‍ക്കേ നിര്‍മമമായി അതാവിഷ്‍കരിക്കാന്‍ പറ്റൂ.

വിരല്‍ത്തുന്പിലൂടെ ഗൂഗിളില്‍നിന്ന് എല്ലാം തപ്പിയെടുക്കാം. ഇതൊരു സാധ്യതയായിട്ടാണ് ലോകം കാണുന്നത്. അങ്ങനെയായിരുന്നേല്‍ മാഷ് ഇതുപോലെ ഒരെഴുത്തുകാരനായി മാറുമായിരുന്നോ? പൂവിന്റെ നിറവും മണവും തലച്ചോറില്‍ കോഡ് ചെയ്യപ്പെടുന്നില്ല. അനുഭവതലം ഇല്ലാതാകുന്നില്ലേ, അതോടൊപ്പം ഭാഷയും?

ശരിക്കും അന്യവത്കരിക്കും. വേദനയിലൂടെ കടന്നുപോകാത്ത ഒരാള്‍ എഴുതുന്പോള്‍ അത് ഉപരിപ്ലവമായിത്തീരും. നമുക്ക് അനുഭവങ്ങളൊന്നും വിലയ്ക്കു വാങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ അനുഭവങ്ങള്‍ വിലയ്ക്ക് വാങ്ങി ആവിഷ്‍കരിക്കുകയാണ്. ഒരു വിഷയമെടുക്കുന്നു. പഠിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. അടിസ്ഥാനശിലയായി അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ഇതും നമുക്ക് ഉപകാരപ്പെടും. തീര്‍ത്തും അനുഭവമുക്തമായാല്‍ നമ്മളില്ല. കാലം മുന്നേറുന്തോറും അനുഭവസാധ്യത കുറയും. കുട്ടികള്‍ നാടുകടത്തപ്പെടുന്നു. ഇവിടെ ഉള്ളതൊക്കെ അവിടെയും ഉണ്ടെന്നാണ് കുട്ടികളുടെ ധാരണ. എന്നാല്‍ ഇവിടത്തെ വെള്ളം വേറെ, അവിടത്തെ വെള്ളം വേറെ. വായു വേറെ. അതൊന്നുമറിയില്ല. പൊതുവായിട്ടുള്ള ജീവിതക്രമം മാറും. ആഗോളമനുഷ്യന് ഇങ്ങനെ ഡേറ്റകളൊക്കെ സ്വീകരിച്ച് എഴുതാന്‍ പറ്റും.

എന്നാല്‍ അയാള്‍ക്ക് ആഴമോ കനമോ ഉണ്ടാവില്ല. ഒരു ദസ്തയേവ്സ്കിയന്‍ കൃതിയോ എഴുത്തച്ഛന്‍ കൃതിയോ ഒരു ആശാന്‍ കൃതിയോ അങ്ങനെ എഴുതപ്പെടുമോയെന്നത് സംശയമാണ്. വീണപൂവിനെക്കുറിച്ചുള്ള ഡേറ്റയൊന്നുമല്ലല്ലോ ‘വീണപൂവ്’. ‘കരുണ’ എന്നു പറ‍ഞ്ഞാല്‍ കഥയുമല്ല. അതിന് ഇയാളിലും കരുണയുണ്ടാവണം. ഇയാള്‍ അനുഭവിച്ചതിലും ഉണ്ടാവണം. എന്നാലൊക്കെയേ അത് പറ്റൂ. അങ്ങനെയൊരു ഹ്യൂമണ്‍ പെയിന്‍ ഇല്ലെങ്കില്‍ വലിയ പ്രശ്നമായിട്ട് വരും. ചെറിയ അനുഭവങ്ങളൊക്കെ വലിയ അനുഭവങ്ങളായിട്ട് ഭാവനാപൂര്‍വം കാണാനും സാധിക്കും. എങ്കിലും അടിയിലൊരു പശ്ചാത്തലം വേണം.

കാലാതീതമായി നില്‍ക്കുന്നത് കവിത തന്നെയാണോ? അതാണോ അനുവാചകനെ കൂടുതല്‍ സ്പര്‍ശിക്കുന്നത്? നിരൂപണവും കഥയും നോവലുമൊക്കെ മാഷ് എഴുതുന്നുണ്ടെങ്കിലും കവിതയാണോ പ്രിയപ്പെട്ട ആവിഷ്കാര മാധ്യമം?

അങ്ങനെയൊന്നുമില്ല. ഏത് കൃതിയിലും കവിതയുള്ളതുകൊണ്ടാണ് നല്ല വായനക്കാര്‍ അത് സ്വീകരിക്കുന്നത്. ചിലത് ചെറുതായി പറയാന്‍ കവിത വേണം. നോവലി‍ന്റെ കാന്‍വാസില്‍ തന്നെ പറയേണ്ട വിഷയങ്ങളുമുണ്ടല്ലോ. കഴുതയുടെ ആത്മകഥയെന്നത് ‘മാതൃഭൂമി’യില്‍ എഴുതിയത് ലേഖനരൂപത്തിലാണ്. ഓരോന്ന് പറയാന്‍ ഓരോ മാധ്യമം എഴുത്തുകാരന് തിരഞ്ഞെടുക്കാം. അത്രമാത്രം.

കോണ്‍ഗ്രസിനോട് മൃദുസമീപനമെന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു? ഇന്ദിരയും ഇന്ത്യയില്‍ ഫാഷിസ്റ്റ് രീതിയില്‍ അടിയന്തരാവസ്ഥ കൊണ്ടുവന്നിരുന്നില്ലേ?

രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതും കോണ്‍ഗ്രസാണ്. ജിദ്ദുവിനെ കേട്ടാണ് ഇന്ദിര അത് ചെയ്യുന്നത്. തെറ്റായിപ്പോയെന്ന് മനസ്സിലാക്കി തിരുത്തി. പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ഒരടിയന്തരാവസ്ഥയും ഉണ്ടായിരുന്നില്ല. അതില്‍ പശ്ചാത്തപിച്ചു. മോദിഭരണം അതിലും കടുത്ത ഒരു അടിയന്തരാവസ്ഥയാണ്. അപ്രഖ്യാപിതമായിട്ട്. ഇതൊരു തെറ്റാണ്. നിങ്ങള് നടപ്പാക്കിയതല്ലേ ഞങ്ങള്‍ക്ക് നടപ്പാക്കാമെന്ന് ഇവര് പറയുന്പോള്‍ അനുകൂലിക്കാന്‍ കഴിയുമോ? ഇവര്‍ ഒരിക്കലും പിന്‍വലിക്കാന്‍ പോകുന്നില്ല. അനന്തകാലത്തേക്കുള്ള അടിയന്തരാവസ്ഥയാണ് ഇവര്‍ സ്വപ്നം കാണുന്നത്.

തത്ത്വചിന്തകര്‍ അധികവും എഴുത്തുകാരല്ല. സോക്രട്ടീസിനെ എഴുത്തുകൊണ്ടല്ലല്ലോ നാം ഓര്‍മിക്കുന്നത്. എന്നാല്‍ എഴുത്തുകാരന്റെ തത്ത്വചിന്ത പ്രധാനമാണുതാനും. വൈകാരികമായ വികാസവും തത്ത്വചിന്തയും എഴുത്തില്‍ ഒരുമിച്ച് വരുന്പോഴല്ലേ കാലാതീതമായ കൃതികള്‍ ഉണ്ടാകുന്നത്? കവികളുടെ ദര്‍ശനമാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടതെന്ന് ഐൻസ്റ്റൈനും പറയുന്നുണ്ട്. എന്നാല്‍, കവികളാവട്ടെ പലപ്പോഴും ശാസ്ത്രത്തിനാണ് അപ്രമാദിത്വം കൽപിച്ചുനൽകുന്നത്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?

കവിതകളില്‍ ദര്‍ശനമുണ്ട്. പരിഗണന ഇല്ലാതാകുന്പോഴുള്ള അനാഥത്വമാണതില്‍ പറയുന്നത്. ‘‘വീണപ്പോള്‍ താങ്ങിയ അപരിചിതന്‍ എന്നെക്കുറിച്ചുള്ള ശങ്ക തീര്‍ത്തുതന്നില്ലേ?’’ ബുദ്ധനെക്കുറിച്ച് എനിക്കെഴുതാവുന്ന ഏറ്റവും നല്ല വരികളാണിത്. ഇങ്ങനെ ഓരോ ഉള്‍ക്കാഴ്ചകളാണ് ഞാന്‍ കവിത എന്നും പറഞ്ഞ് എഴുതിക്കൊണ്ടിരിക്കുന്നത്. ലേഖനങ്ങളിലും നോവലുകളിലും ഉള്‍ക്കാഴ്ചകളാണുള്ളത്. ഏറ്റവും കൂടുതല്‍ മനുഷ്യന്‍ പരിണമിച്ചൂന്ന് പറയുന്നതിന്റെ കാര്യം ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കാന്‍ അയാള്‍ പ്രാപ്തനായെന്നുള്ളതാണ്. അതുകൊണ്ടാണ് വേദന ഏറ്റവും കൂടുതല്‍ അനുഭവിച്ചയാള്‍ ആസിഡ് വിക്ടിമാണെന്ന നിലക്ക് ആ പുസ്തകമെഴുതുന്നത്.

ഇങ്ങനെയുള്ള ഉള്‍ക്കാഴ്ചകളാണ് എന്റെയൊരു വഴി. ഫിലോസഫി. ആത്മാവിന്റെ ചിത നമ്മെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. വെറും വിചാരങ്ങളാണ് മാഷ് എഴുതുന്നത്, കവിതയല്ല എന്നു പറയും. ഇപ്പോള്‍ അഭിപ്രായം മാറിവരുന്നുണ്ടാവണം. പക്ഷേ, സൂക്ഷ്മമായി ആലോചിച്ചാല്‍ നമ്മളെ സ്വാധീനിച്ചത് അതിന്റെ ചിന്തകൊണ്ടാണെന്ന് മനസ്സിലാകും. വികാരവശംകൊണ്ടല്ല. ചങ്ങന്പുഴയുടെ വരികളുണ്ട്. ‘‘കുറ്റപ്പെടുത്തുവാനാവില്ല, നാമെല്ലാ -മെത്രയായാലും മനുഷ്യരല്ലേ.’’ ഒരാളുടെ ധാര്‍ഷ്ട്യം കണ്ട് നാമയാളെ കുറ്റപ്പെടുത്തണോ?

 

വൈക്കം മുഹമ്മദ് ബഷീർ,ഒ.വി. വിജയൻ

പുസ്തകവായന മാഷ് ചെറുപ്പത്തിലേ തുടങ്ങിയിരുന്നോ? മാഷെ വല്ലാതെ സ്വാധീനിച്ച എഴുത്തുകാര്‍ ആരൊക്കെയാണ്?

ഭാഷയിലുള്ള ഭ്രമമായിരുന്നു എനിക്കാദ്യം. വിജയനും കാക്കനാടനുമൊക്കെ ഭാഷയില്‍ ഭ്രമിച്ച എഴുത്തുകാരായിരുന്നു. പ്രീഡിഗ്രിക്കാലത്തുതന്നെ വലിയ വായനയുണ്ട്. ദസ്തയേവ്സ്കിയാണ് എന്റെ മാസ്റ്റര്‍. സ്വാധീനം ചെലുത്തിയതും അയാളായിരുന്നു. കവിതയില്‍ ഭംഗിയുള്ള വാക്യങ്ങളാണ് എന്റെയൊരിഷ്ടം. ‘ഏതിലയും മധുരിക്കുന്ന കാടുകളില്‍’ എന്ന് പറയുന്നതുപോലെ. സൗന്ദര്യം വെളുപ്പുമായി ഒരുടന്പടിയിലും ഒപ്പു​െവച്ചിട്ടില്ല. കറുപ്പ് ഇരുട്ടല്ല. വെളുപ്പ് വെളിച്ചവുമല്ല. എല്ലാ ചലനങ്ങളും വ്യതിചലനങ്ങളാണ്. നല്ല വാക്യങ്ങളാണ് എന്റെ ഹരം.

‘സാപിയന്‍സി’ന്റെ വായന ഓര്‍ത്തെടുക്കാമോ? സൂര്യപ്രകാശത്തിനും വായുവിനും മണ്ണിന്റെ സ്വഭാവത്തിനുമനുസരിച്ച് നടന്ന പരിണാമത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല ഘട്ടങ്ങളിലായി നടന്ന പരിണാമവികാസങ്ങളെ ഏകമൂശയിലേക്ക് ഒതുക്കുകയല്ലേ ഇത്തരം ബെസ്റ്റ് സെല്ലര്‍ കൃതികളിലൂടെ ചെയ്യുന്നത്?

ന്യൂനീകരണം ഇല്ലാതെ ലോകഗതിയെക്കുറിച്ച് പറയാന്‍ പറ്റില്ല. ഓരോ ചെറിയ ഘടകത്തിനും വ്യത്യസ്തതയുണ്ട്.വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാന്‍ ലോകഗതിയെക്കുറിച്ചുള്ള ഒരു പൊതുനിരീക്ഷണത്തിനും സാധ്യമല്ല. ഈയൊരു അമൂര്‍ത്തതയെ സമഗ്രമായി ആവിഷ്‍കരിക്കുന്നതിനാണ് നാം കവിതയെന്നൊക്കെ പറയുന്നത്. എന്നാല്‍, ചരിത്രത്തില്‍ എപ്പോഴും ഇത് സാധ്യമാവണമെന്നില്ല. അത് ഭാഗികമായിരിക്കും. എഴുതുന്ന ആളുടെ കാഴ്ചപ്പാട് എല്ലാറ്റിനെയും സ്വാധീനിക്കും.

ബുദ്ധന് കഴി‍ഞ്ഞിട്ടുണ്ടാവണം. ഈ കഥകളൊക്കെ പരിമിതബോധത്തില്‍നിന്ന് മനുഷ്യനെ അടര്‍ത്തിയെടുക്കലാണ്. ഒന്നയച്ചുവിടുകയാണ് എപ്പോഴും ചെയ്യുന്നത്. ഇതേയുള്ളൂവെന്ന് നമ്മള്‍ പറയുന്നത് ദാസ്യമാണെന്ന് ഓരോ ഘട്ടത്തിലും ബുദ്ധന്‍ പറയുന്നു. നമ്മുടെ പൊതുവായിട്ടുള്ള ഉണര്‍വിന്റെ പേരാണ് ബുദ്ധന്‍. ശ്രീബുദ്ധനല്ല അത്. അങ്ങനെയൊരു വ്യക്തിയില്ല. ചരിത്രരൂപമില്ല. അവബോധത്തിന്റെ പേരായി പറയുകയാണ്. നമ്മള്‍ അതില്‍ ആരോപിക്കുകയാണ്. ഈ കഥകളൊക്കെ ഉള്‍ക്കൊള്ളുകയാണ്. നിങ്ങളെത്ര ബുദ്ധനാണോ അത്രയേ ബുദ്ധനുള്ളൂ. ഇപ്പറഞ്ഞത് ‘സാപിയന്‍സ്’ അടക്കം എല്ലാ രചനകള്‍ക്കും ബാധകമാണ്.

ആരോഗ്യത്തിലും പരിസ്ഥിതിയിലും വിദ്യാഭ്യാസത്തിലും സാന്പത്തികശാസ്ത്രത്തിലുമൊക്കെ ഗാന്ധിക്ക് അടിത്തറയിടാൻ സാധിച്ചത് ഓരോ മേഖലയിലും നടന്ന ശാസ്ത്രീയ റിസര്‍ച്ചുകളടക്കം അപ്ഡേറ്റ് ചെയ്തുകൊണ്ടാണ്. എന്നാല്‍ ഇത് വേണ്ടത്ര ആളുകള്‍ക്കറിയില്ല എന്ന് തോന്നിയിട്ടില്ലേ? ഗാന്ധി അശാസ്ത്രീയമെന്ന് കരുതപ്പെട്ടിട്ടില്ലേ?

അത് മനുഷ്യരുടെ പരിമിതികൊണ്ടാണ്. നിങ്ങള്‍ക്ക് നിങ്ങളിലുള്ള ആദര്‍ശത്തോളം മാത്രമേ മറ്റൊരാളുടെ ആദര്‍ശം മനസ്സിലാവൂ. ഒരു ഗാന്ധിയെ പിന്തുടരണമെങ്കില്‍ വലിയ പ്രയാസമുണ്ട്. ഒരു ഗാന്ധിക്ക് തന്നെയേ പിന്തുടരാന്‍ പറ്റൂ. എളുപ്പമല്ല. പ്രവര്‍ത്തനതലത്തില്‍ ഉയരണം. ഇന്ന് നുണ പറയില്ലെന്ന് തീരുമാനിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ നുണ പറയേണ്ടിവരും. അദ്ദേഹം നുണ പറയാതെ ജീവിച്ചു. സത്യാനന്തര കാലത്ത് അതിന് എത്രപേര്‍ക്ക് കഴിയും? അതിജീവിക്കണമെങ്കില്‍ മറ്റൊരാളുടേത് കൂടി തട്ടിപ്പറിച്ചേയടങ്ങൂന്ന് വരുന്ന ഒരു മത്സരകാലത്ത് എളുപ്പമല്ല അത്.

പുതിയ സാഹചര്യം ഗാന്ധിയായി മാറാന്‍ നമ്മളെ വല്ലാതെ പ്രേരിപ്പിക്കും. അനുവദിക്കില്ല. സോക്രട്ടീസ് പറയുന്നുണ്ട് എനിക്കാവശ്യമില്ലാത്ത കാര്യങ്ങളാ നാട്ടില്‍ മുഴുവനെന്ന്. വാങ്ങിക്കൂട്ടുന്ന കെട്ടിടവും കുപ്പായവുമൊക്കെ. അതുപോലെ ഗാന്ധിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാ ഇതൊക്കെ. കുറ‍ഞ്ഞ ആവശ്യങ്ങളേയുള്ളൂ. ഗാന്ധിയുടെ ആശ്രമത്തില്‍ കയറി എന്ത് മോഷ്ടിക്കാനാണ്? അയാള്‍ക്ക് മോഷണത്തെ പേടിക്കണോ? അയാള്‍ക്ക് സ്വത്തില്ല. അപഹരിക്കപ്പെടുന്നതില്‍ ഭയം വേണ്ട. ഗാന്ധി വേറൊരു മൂല്യവിചാരത്തിലുള്ള ആളാണ്. നമ്മുടെ മൂല്യവിചാരവുമായി പോയാല്‍ ഗാന്ധിയുടെ അടുത്ത് പരാജയപ്പെടുകയേ ഉള്ളൂ. ഗാന്ധിവിരുദ്ധമായിട്ടുള്ള ഒരു ലോകമാണിത്.

 

ദസ്തയേവ്സ്കി,ജിദ്ദു കൃഷ്ണമൂർത്തി

അംബേദ്കറും ഗാന്ധിയും തമ്മിലുള്ള വൈരുധ്യം പലപ്പോഴും ചര്‍ച്ചാവിഷയമാവാറുണ്ട്. അംബേദ്കറെ ഗാന്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴി‍ഞ്ഞു. പക്ഷേ, അംബേദ്കര്‍ക്ക് ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്ന വാദത്തോട് മാഷിന്റെ പ്രതികരണമറിയാന്‍ താൽപര്യമുണ്ട്..?

അത് അംബേദ്കറുടെ പരിമിതിയല്ല. ഗാന്ധി സാംസ്കാരിക വിഭവമുള്ളയാളാണ്. മറ്റേയാള്‍ വിഭവമില്ലാത്തൊരാളാണ്. ഗാന്ധി കുപ്പായം ധരിക്കാതിരുന്നാല്‍ അതൊരു ദര്‍ശനത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കും. അംബേദ്കര്‍ കുപ്പായം ധരിക്കാതിരുന്നാല്‍ അയാളുടെ ദാരിദ്ര്യംകൊണ്ടാണെന്നേ മനസ്സിലാവൂ. അതുകൊണ്ട് അംബേദ്കര്‍ ഓവര്‍കോട്ടിടും. ഗാന്ധി അർധനഗ്നനായി നടക്കും. ഈ വ്യത്യാസം ഉണ്ട്. ഉന്നതവര്‍ഗത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഗാന്ധിയെ അത്തരം ഒരു പ്രാതിനിധ്യവുമില്ലാത്ത അംബേദ്കര്‍ എങ്ങനെ ഉള്‍ക്കൊള്ളും? അയാളുടെ പരിമിതിയല്ല, ഗാന്ധിയുടെ സാധ്യതയാണ്. അംബേദ്കര്‍ക്ക് ഗാന്ധിയുടെ വഴിക്ക് നടക്കാന്‍ സാധ്യമല്ല.

കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് മാഷിന്റെ അഭിപ്രായം എന്താണ്? പലപ്പോഴും വിവാദങ്ങളില്‍ മുങ്ങി ഗുണപരമായ മാറ്റങ്ങള്‍ക്കുള്ള സാധ്യത അടഞ്ഞുപോകുന്നതായി തോന്നിയിട്ടുണ്ടോ?

പത്തോ അന്പതോ വര്‍ഷം മുന്പുള്ള പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ മാതൃക അന്ധമായിട്ട് പിന്തുടരുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇവിടെനിന്ന് ഉയര്‍ന്നുവരേണ്ട വെളിച്ചം ഉയര്‍ന്നുവന്നതേയില്ല. വിദ്യാഭ്യാസം മനുഷ്യന് കൂടിയേ പറ്റൂ. പക്ഷേ ആ വിധത്തിലുള്ള ഒന്ന് നമുക്കില്ല. മെക്കാളെ തന്നെയാണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ഇപ്പോഴും നയിക്കുന്നത്. നമ്മള് പഠിക്കുന്നത് പണിക്ക് വേണ്ടിയാണ്. എന്നിട്ട് ഒരു പണിക്കാരനാവും. മറ്റ് ചിന്തകളൊക്കെ അതോടുകൂടി ഇല്ലാതാകും. ഇന്നും ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രി മെക്കാളെയാണ്. അയാളുടെ ആസൂത്രണത്തിലാണ് എല്ലാ സ്കൂളുകളും നടക്കുന്നത്.

ഭാഷയിലേക്കും എഴുത്തിലേക്കും സൂക്ഷ്മതയോടെ കണ്ണുകള്‍ പായിക്കുന്നൊരാള്‍ എന്ന നിലയില്‍ മാഷിന്റെ അഭിപ്രായമെന്താണ്? മാതൃഭാഷയിൽ വലിയ പോരായ്മകളുണ്ട് നമ്മുടെ കുട്ടികള്‍ക്ക്. എന്തുചെയ്യും?

ബി.എ കഴിഞ്ഞു, എം.എ കഴി‍ഞ്ഞു എന്ന് ആളുകള്‍ പറയും. എന്നിട്ട് എഴുതാന്‍ അറിയില്ലെന്നും. വാസ്തവത്തില്‍ ഏഴാം ക്ലാസാകുന്പോഴേക്കും തീരേണ്ട പ്രശ്നമാണിത്. ഒന്നാം ക്ലാസില്‍ വരുന്ന കുട്ടിക്ക് ഭാഷയറിയാം. അയാള്‍ക്കതിന്റെ ലിഖിതരൂപവുമായി പരിചയപ്പെടുകയേ വേണ്ടൂ. ഇതത്ര പ്രയാസമുള്ള കാര്യമേയല്ല. അവര്‍ക്കറിയാവുന്ന ഭാഷക്ക് ലിഖിതരൂപം കിട്ടുന്പോള്‍ അവരത് വായിക്കും. അവര്‍ക്കറിയാവുന്ന ഭാഷ വളര്‍ന്ന് കവിതയാകും. കഥകളാകും. സാമൂഹികശാസ്ത്രമായിട്ട് മാറും.

അങ്ങനെ നടക്കുന്ന ഒരിടമൊരുക്കണം. അത് നടക്കുന്നോയെന്ന് നോക്കിയാല്‍ മതി. ആറേഴ് വയസ്സായ കുട്ടി. അവന് എന്താണറിയാത്തത്? ഏഴാം ക്ലാസാകുന്പോഴേക്കും കുട്ടിക്ക് ആ പഠനം പൂര്‍ണമായിരിക്കണം. അതിന്റെ മേലോട്ട് ആലോചിക്കുകയേ വേണ്ട. നല്ല സാഹിത്യകൃതികള്‍ പ്രൈമറി ക്ലാസില്‍ പാഠപുസ്തകങ്ങളുടെ ഭാഗമാവണം. നല്ല അധ്യാപകര്‍ വേണം. മിനിമം യോഗ്യതയുള്ളവര്‍ പോരാ. നല്ല ഗവേഷണസന്നദ്ധരായിട്ടുള്ള അധ്യാപകരായിരിക്കണം. അവര്‍ കുട്ടികളെ മനസ്സിലാക്കിയിരിക്കണം. ഈ ഘട്ടത്തിലാണ് ഭാവുകത്വം കുട്ടിയിലുണ്ടാകേണ്ടത്. പിന്നീടൊന്നുമല്ല, പിന്നീടത് വളര്‍ന്നോളും.


 



ഇന്ത്യയിലെയും കേരളത്തിലെയും പ്രശ്നം പ്രൈമറി തലം പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ്. ഈ തലത്തിലെ വിദ്യാഭ്യാസം പരാജയപ്പെട്ടാല്‍ പിന്നെ ഒരു തലത്തിലും അത് വീണ്ടെടുക്കാന്‍ പറ്റുന്നതല്ല. അത്ര കാവ്യബോധമുള്ള ഒരു ഒന്നാം ക്ലാസ് അധ്യാപകന്‍ പഠിപ്പിക്കണം. ശാസ്ത്രബോധമുള്ളവരും ഗണിതബോധമുള്ളവരും പഠിപ്പിക്കണം. ഇത് ഇന്ത്യയില്‍ സാധ്യമല്ല. അതാണ് വിദ്യാഭ്യാസത്തെ നിര്‍ണയിക്കുന്നത്. ഏഴാം ക്ലാസു വരെയുള്ള പരാജയമാണ് പിന്നീട് മുഴുവനും ബാധിക്കുന്നത്.

വിദ്യാഭ്യാസത്തെ സംബന്ധിച്ച് വലിയ സങ്കൽപങ്ങള്‍ വേണം. കുട്ടികള്‍ക്ക് അടുത്തഘട്ടത്തിലേക്ക് കടക്കാനുള്ളതാണ് ഒന്നാം ക്ലാസ്. ഒന്നാം ക്ലാസില്‍ പഠിക്കേണ്ട ലക്ഷ്യങ്ങള്‍ മുഴുവന്‍ സാക്ഷാത്കരിച്ചിട്ടുവേണം രണ്ടാം ക്ലാസിലെത്തേണ്ടത്. അതിനുശേഷം അടുത്തടുത്ത ഘട്ടങ്ങളിലേക്ക് പോകണം. തോൽപിക്കുന്നത് തെറ്റാണ്, പക്ഷേ തോല്‍ക്കാനുള്ള സാഹചര്യമുണ്ടാക്കുന്നത് അതിലും വലിയ തെറ്റാണ്. കുട്ടികള്‍ തോല്‍ക്കില്ല. അവരെ സ്വതന്ത്രരാക്കുന്ന ഒരു സന്പ്രദായം നിലനിൽക്കുന്നുണ്ടെങ്കില്‍ തോല്‍ക്കില്ല. അത് നിര്‍മിച്ചുകൊണ്ടുവരണം. വേണ്ടാതെ മാര്‍ക്ക് കൊടുക്കലും മത്സരവുമൊക്കെയായി ചെറിയ പ്രശ്നങ്ങളും പരിഹരിക്കാനാവണം.

ചാപ്ലിന്റെ ‘മോഡേൺ ടൈംസി’ലെ സൂചനകള്‍ പോലെ യന്ത്രവത്കരണം യാഥാർഥ്യമായില്ലേ? തൊഴിലിനോടുള്ള വൈമുഖ്യം കുട്ടികളില്‍ വ്യാപകമായി വരുന്നില്ലേ?

നമ്മള്‍ ആവശ്യത്തിലേറെ ജോലിചെയ്യുന്നുണ്ട്. ആവശ്യത്തിനുള്ളത് ചെയ്യുന്നുമില്ല എന്ന തോന്നലുണ്ട്. നല്ല ശന്പളമൊക്കെ കിട്ടി പിരി‍ഞ്ഞ ഒരു അധ്യാപകന്‍. അയാള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പോവുകയാണ്. ഇങ്ങനെ സന്പത്തിനോടുള്ള ഭ്രമംകൊണ്ട് ആവശ്യത്തിലേറെ ആള്‍ക്കാര്‍ ജോലിചെയ്യുന്നു. കൂടുതല്‍ ജോലിചെയ്യാതെ വിശ്രമം, വിനോദം ഒക്കെ വേണം. ജീവിക്കുന്നത് ജോലിക്കു വേണ്ടിയല്ലല്ലോ. ജീവിക്കാനായി ജോലി ചെയ്യുകയാണല്ലോ. നിരന്തരം ജോലി ചെയ്യുന്ന ഒരു കള്‍ച്ചറേ നല്ലതല്ല. രാത്രിപോലും പകലാക്കുന്നുണ്ടല്ലോ. ഐ.ടി മേഖലയിലൊക്കെയുള്ള ജോലി വലിയ പ്രശ്നമാണ്.

ചെറുപ്പത്തിലേ തൊഴില്‍സന്നദ്ധത കൈവരിക്കുന്നതിനൊപ്പം ന്യൂറോണുകളുടെ വികാസവും കൈകളുടെ ചലനവും തമ്മിലുള്ള ബന്ധംകൂടി മനസ്സിലാക്കിയാണ് ഗാന്ധി ക്രാഫ്റ്റ് വര്‍ക്കുകള്‍ പരിചയപ്പെടുത്തുന്നത്. ഇന്ന് കോർപറേറ്റ് സ്കൂളുകളിൽപോലും അതാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്..?

ഗാന്ധിയുടെ വിദ്യാഭ്യാസം അടിമുടി സര്‍ഗാത്മകമായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ നമ്മളത് വേണ്ടരീതിയില്‍ പ്രാവര്‍ത്തികമാക്കിയില്ല. മരപ്പണിക്കാരന്‍ സര്‍ഗാത്മകത ആവിഷ്‍കരിക്കുന്നതിലൂടെ മാത്രമേ സന്തുഷ്ടനാവൂ. മറ്റൊരാള്‍ക്കുവേണ്ടി ഉപകരണമുണ്ടാക്കി കൂലി വാങ്ങുന്നതുകൊണ്ട് അയാള്‍ക്ക് തൃപ്തിയുണ്ടാവണമെന്നില്ല. അയാളുടെ ജീനിയസ് അതിന് ഉപയോഗപ്പെടണം. സമൂഹം അത് അംഗീകരിക്കുകയുംവേണം. അത് എല്ലാ മേഖലകളിലും ഇല്ലാതായിത്തുടങ്ങി. ഇതൊക്കെ എങ്ങനെ വീണ്ടെടുക്കുമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അനേകമാളുകള്‍ ചിന്തിച്ചാലേ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാവൂ.

Tags:    
News Summary - weekly interviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.