തമിഴ് രാഷ്ട്രീയം, ജീവിതം, സിനിമ, കവിത, സെൻസർഷിപ്, ജാതി, അഭയാർഥിത്വം, സ്ത്രീ അവസ്ഥകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തന്‍റെ നിലപാടുകൾ മുെമ്പന്നത്തെയുംപോലെ തുറന്നു പറയുകയാണ് കവിയും സാമൂഹികപ്രവർത്തകയും സംവിധായികയുമായ ലീന മണിമേഖലൈ. താൻ നേരിടുന്ന സെൻസർഷിപ് ഭീഷണികളെക്കുറിച്ചും അവർ സംസാരിക്കുന്നു.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്യുന്ന സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയായ ഇന്ത്യൻ സംവിധായികയും കവിയും ആക്ടിവിസ്റ്റും അഭിനേതാവുമാണ് ലീന മണിമേഖലൈ. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ജാതീയവ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ടവർ എന്നിങ്ങനെയുള്ളവരുടെ ശബ്ദമായാണ് ലീന തന്‍റെ സിനിമകളും പുസ്തകങ്ങളും അവതരിപ്പിക്കുന്നത്. സിനിമകളിൽ പലതും അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ലീന പല കോണുകളിൽനിന്നും പല എതിർപ്പുകളും നേരിട്ടുകൊണ്ടിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഭരണകൂട വ്യവസ്ഥിതി മുതൽ ആൺകോയ്മയും യാഥാസ്ഥിതിക വാദവും മനസ്സിൽ പേറുന്ന സമൂഹം വരെ അവരെ പലതരത്തിൽ നിയന്ത്രണത്തിനും നിരോധനത്തിനും അടിച്ചമർത്തലുകൾക്കും വിധേയയാക്കിക്കൊണ്ടിരുന്നു. തന്‍റെ വർക്കുകൾ മതതീവ്രവാദികളെ ചൊടിപ്പിച്ചതിനാൽ പലരിൽനിന്നും വധഭീഷണിയും ബലാത്സംഗ ഭീഷണിയുമെല്ലാം ഉണ്ടായി. എന്നാൽ എല്ലാതരം നിയന്ത്രണങ്ങളെയും ഭീഷണിയെയും കാറ്റിൽപറത്തി തനിക്ക് പറയാനും പ്രകടിപ്പിക്കാനുമുള്ളത് സധൈര്യം സിനിമകളിലൂടെയും കവിതയിലൂടെയും പറയുകയും അതിലൂടെ സാമൂഹിക വിപ്ലവത്തിന്‍റെ ചാലകശക്തിയായി മാറുകയുമാണ് ലീന മണിമേഖലൈ എന്ന ഫെമിനിസ്റ്റ് കലാകാരി. താൻ നടന്ന വഴികളിൽ നേരിട്ട എതിർപ്പുകളെ കുറിച്ചും സ്വത്വത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ചും തന്‍റെ സിനിമ-എഴുത്ത് ജീവിതത്തെ കുറിച്ചും ലീന സംസാരിക്കുന്നു.
മലയാള സിനിമയിലൊന്നാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് അടുത്തിടെയാണ്. സിനിമ പ്രവർത്തകയെന്ന നിലക്ക് അതേക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?
സിസ്റ്റർഹുഡിന്‍റെ ശ്രദ്ധേയമായ നേട്ടമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തങ്ങളുടെ വീരോചിതമായ പോരാട്ടത്തിലൂടെ പുരുഷാധിപത്യത്തിന്‍റെ ഇരുമ്പു വാതിലുകൾ തകർത്തെറിയുകയാണ് വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യൂ.സി.സി). എന്റെ സിനിമ കരിയറിന്‍റെ തുടക്കകാലത്ത് കാറിൽ എന്നെ ചതിച്ച് തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച വേട്ടക്കാരനെതിരെ തുറന്നുപറയാൻ എനിക്ക് പ്രേരണയായത് ഡബ്ല്യൂ.സി.സിയാണ്. എന്നെ പോലൊരു റാഡിക്കൽ ഫെമിനിസ്റ്റിന് എന്തുകൊണ്ട് ഇക്കാര്യം തുറന്നുപറയാൻ ഇത്രയും നാളെടുത്തു എന്ന് നിങ്ങളെല്ലാം ചിന്തിക്കുന്നുണ്ടാകും.
മലയാളത്തിലെ നടിക്കു സംഭവിച്ച ക്രൂരമായ അനുഭവം എന്നെ വല്ലാതെ ട്രിഗർ ചെയ്തു, അത് ഞാൻ തുറന്നുപറയുന്നതുവരെ എന്‍റെ ഉറക്കവും ഊണും നഷ്ടപ്പെടുത്തി. അങ്ങനെ തുറന്നുപറഞ്ഞതിന് ഇന്നും ഞാൻ വലിയ വില നൽകിക്കൊണ്ടിരിക്കുകയാണ്. എനിക്കു നേരെ ഡിഫമേഷൻ കേസ് വന്നു, ആ കേസിന്‍റെ പേരിൽ പലരും എന്നെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.
ഒരു ലീഗൽ പെറ്റീഷനിൽ എന്നെ അർബൻ നക്സൽ, ദേശദ്രോഹി, പോർണോ പോയറ്റ്, ഭ്രാന്തി എന്നിങ്ങനെ വിശേഷിപ്പിക്കുകയും അതെല്ലാം എല്ലാ പത്രങ്ങളിലും അച്ചടിച്ചുവരുകയും ചെയ്തു. എന്റെ പാസ്പോർട്ട് മജിസ്ട്രേറ്റ് കോടതി നിയമവിരുദ്ധമായി കണ്ടുകെട്ടി. ഇതു തിരിച്ചുകിട്ടാനായി സെഷൻസ്, ജില്ലാ കോടതികളിലും സുപ്രീംകോടതിയിലും നിയമപോരാട്ടം നടത്തേണ്ടിവന്നു. എന്നെ പിന്തുണക്കുന്നവരെ പോലും നിശ്ശബ്ദരാക്കാനായി ആദ്യമെടുത്ത ഡിഫമേഷൻ കേസിനു മേലെ വീണ്ടും വീണ്ടും കേസെടുത്തുകൊണ്ടിരുന്നു.
എന്നെ പിന്തുണക്കുന്നവരായ ഗായിക ചിന്മയി, ‘ദ ന്യൂസ് മിനിറ്റ്’ എഡിറ്റർ ധന്യ രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് ദിവ്യ, ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ കോർപറേഷനുകൾക്കൊപ്പം 10.1 മില്യൺ ഇന്ത്യൻ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാൻ സിവിൽ കേസ് നേരിടുകയാണ്. ഇന്ത്യൻ എക്സ്പ്രസ് കൊച്ചി എഡിഷനിൽ വന്ന മീടൂ, സ്ത്രീസുരക്ഷ വിഷയങ്ങൾ സംബന്ധിച്ചുള്ള ലേഖനങ്ങളിൽ കോടതിയലക്ഷ്യ കേസുമുണ്ട്. ന്യായമായ വിചാരണ ഉണ്ടാവണം എന്ന ലക്ഷ്യമില്ലാതെ എന്നെ വേട്ടയാടിയയാൾ കോടതിയെയും നിയമത്തെയും നിന്ദിച്ചുകൊണ്ടിരിക്കുകയാണ്.
ജാതിവിരുദ്ധ വിപ്ലവകാരികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുൾപ്പെടെ എല്ലാ സിനിമ സംവിധായകരും തമിഴ് സിനിമ കൂട്ടായ്മയുമൊന്നാകെ മൗനംപാലിച്ചു. അവർ വേട്ടക്കാരനെയാണോ അതോ സ്വയം തന്നെയാണോ സംരക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി. എത്ര സ്ത്രീകൾക്ക് ഇത്തരത്തിലുള്ള വേട്ടയാടലുകൾ അതിജീവിക്കാനാവും. സമൂഹമൊന്നാകെ വേട്ടക്കാരനുവേണ്ടി പിമ്പിങ് ചെയ്യുമ്പോൾ നിയമപരമായ നടപടികളെല്ലാം പ്രഹസനമല്ലേ. ആർ.ജി കർ സംഭവമുൾപ്പെടെ നിർഭയ കേസുകൾ ആവർത്തിക്കപ്പെടുന്നതിൽ അത്ഭുതമുണ്ടോ?
തമിഴ്നാട് മുഖ്യമന്ത്രി വൈരമുത്തുവിനെ അവസരം കിട്ടുമ്പോഴെല്ലാം തമിഴ്നാടിന്‍റെ അഭിമാനമെന്നാണ് വിശേഷിപ്പിക്കുന്നത്. ഗായിക ചിന്മയി മാത്രമല്ല, 20 പേർ അയാളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി. സഹ കവികളായ കനിമൊഴിയും തമിഴച്ചിയും അതേ പാർട്ടിയിൽനിന്ന് പാർലമെന്റേറിയൻസ് ആണ്. അതേ വേട്ടക്കാരനുമായി വേദി പങ്കിടുകയും പ്രതികരിക്കാൻ ധൈര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന അവരെ ഞാനെങ്ങനെ സഹോദരിമാർ എന്നു വിളിക്കും. സംസ്ഥാന നിയമസഭയിൽ വനിത മുഖ്യമന്ത്രിയുടെ വസ്ത്രംപോലും കീറിയ ഒരു നാട്ടിൽനിന്നാണ് ഞാൻ വരുന്നത്. ഇത് നീതിയിലേക്കുള്ള ഒരു നീണ്ട പാതയാണ്. എന്നാൽ പ്രതിരോധം എനിക്ക് ജീവിക്കാനുള്ള കാരണമാണ്.
ലീനയുടെ പ്രധാന വർക്കുകളെല്ലാം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ്. ഉദാഹരണത്തിന് മാടാത്തി ജാതി വ്യവസ്ഥയെയും ലിംഗനീതിയെയും കുറിച്ചുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ‘സെങ്കടലി’ൽ അഭയാർഥി പ്രശ്നങ്ങൾ വ്യക്തമാക്കുമ്പോൾ ‘വൈറ്റ് വാൻ സ്റ്റോറീസി’ൽ ശ്രീലങ്കയിലെ നിർബന്ധിത അപ്രത്യക്ഷമാകലുകളെ കുറിച്ചും പറഞ്ഞുവെക്കുന്നു. എങ്ങനെയാണ് ഈ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്? സ്വാഭാവികമായി വരുന്നതാണോ?
ഒരു ശൂദ്ര തമിഴ് സ്ത്രീയെന്ന നിലക്കും കുടുംബത്തിൽ ബിരുദത്തിനു ചേർന്ന ആദ്യത്തെയാളെന്ന നിലക്കും എന്‍റെ ശരീരം പുരുഷാധിപത്യത്തിനും ബ്രാഹ്മണ്യത്തിനും സാമ്രാജ്യത്വത്തിനും വംശീയതക്കുമെതിരെ യുദ്ധംചെയ്യുന്ന യുദ്ധഭൂമിയാണ്. ഞാൻ കവിതയെഴുതുന്നു, സിനിമകളുണ്ടാക്കുന്നു, കലകൾ സൃഷ്ടിക്കുന്നു. ഇതെല്ലാം കോളനിവത്കരിക്കപ്പെട്ട വിഷയങ്ങളുടെ അഭാവത്തെ കുറിച്ച് അന്വേഷിക്കാനും വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ട നോൺ എക്സിസ്റ്റൻസിനു പകരം ഇത്തരം വിഷയങ്ങളെ സ്ഥാപിക്കാനുമാണ്. ബിംബസൃഷ്ടിയെന്നാൽ എനിക്ക് വ്യക്തിപരവും രാഷ്ട്രീയപരവുമാണ്. അസമത്വങ്ങൾക്കെതിരെയുള്ള എന്‍റെ അക്രമരഹിത സമരങ്ങളാണ് സിനിമയും കവിതയും. ഈ കല ഇല്ലായിരുന്നെങ്കിൽ ഞാൻ എളുപ്പത്തിൽ ഒരു സീരിയൽ കില്ലർ ആയി മാറിയേനേ.
സാമൂഹിക പ്രസക്തമായതുകൊണ്ടുതന്നെ ഈ വർക്കുകളെല്ലാം സവർണർ, പുരുഷാധിപത്യവാദികൾ, ഭരണകൂടം ഇങ്ങനെ പലരെയും പ്രകോപിപ്പിക്കുന്നുണ്ട്. അടുത്തിടെ കാളി പോസ്റ്റർ മതനിന്ദയാണെന്നു പറഞ്ഞ് വലിയ കോലാഹലമാണ് അരങ്ങേറിയത്, താങ്കൾക്കു നേരെ നിരവധി ഭീഷണിയും ഉയർന്നു. ഇത്തരം പ്രതികരണങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
കാളി പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഈ രാജ്യത്തെ പകുതിയോളും പേർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, മറ്റു പകുതി ആളുകൾ ബലാത്സംഗ ഭീഷണി മുഴക്കി. എന്റെ തല വെട്ടുന്നവർക്ക് ഹിന്ദു മതനേതാക്കൻമാർ പാരിതോഷികം പ്രഖ്യാപിച്ചു. നിരവധി എഫ്.ഐ.ആറുകൾ, ലുക്കൗട്ട് നോട്ടീസുകൾ, ബന്ദ്, കോലം കത്തിക്കൽ, ഗോദി മീഡിയയുടെ പ്രൈം ടി.വി ആക്രോശങ്ങളും അലർച്ചകളും, എന്‍റെ കുടുംബാംഗങ്ങളെയും സിനിമ സഹപ്രവർത്തകരെയും ഉൾപ്പെടെ അധിക്ഷേപിക്കൽ...ഇങ്ങനെ അന്ന് നടക്കാത്തതായി ഒന്നുമില്ല. ഞാൻ കാനഡയിലേക്ക് കുടിയേറാൻ നിർബന്ധിതയാക്കപ്പെട്ടു, എന്‍റെ സംരക്ഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു.
എന്നാൽ, ഇത് സെൻസർഷിപ്പുമായി ബന്ധപ്പെട്ട ആദ്യ യുദ്ധമായിരുന്നില്ല. ശ്രീലങ്കൻ തമിഴ് അഭയാർഥികളെ കുറിച്ചും ഇന്തോ -ശ്രീലങ്കൻ അതിർത്തിയിലെ ഇന്ത്യൻ തമിഴ് മത്സ്യത്തൊഴിലാളികളെ കുറിച്ചുമുള്ള എന്‍റെ ആദ്യ ഫീച്ചർ സിനിമയായ ‘സെങ്കടൽ; ദി ഡെഡ് സീ’ 2010ൽ ഇന്ത്യൻ സെൻസർ ബോർഡ് നിരോധിച്ചു. ഞാൻ സുപ്രീംകോടതിക്കു കീഴിലുള്ള ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ൈട്രബ്യൂണൽ (എഫ്.സി.എ.ടി) വഴി നിയമപോരാട്ടത്തിലൂടെ 2011ൽ സെൻസർഷിപ് യുദ്ധം ജയിച്ചു. ഒരു സിംഗിൾ കട്ട് പോലുമില്ലാതെ ചിത്രം പുറത്തിറങ്ങി. അതേ വർഷം ഏറെ പ്രശസ്തമായ ഇന്ത്യൻ പനോരമ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു, ഒപ്പം നിരവധി മറ്റു പുരസ്കാരങ്ങൾക്കും.
തെക്കൻ തമിഴ്നാട്ടിലെ ഒരു ‘കണ്ടുകൂടാത്ത’ ജാതി വിഭാഗത്തെ കുറിച്ചുള്ള 2019ൽ എന്‍റെ രണ്ടാം ചിത്രമായ ‘മാടാത്തി ആൻ അൺഫെയറി ടെയിലി’നും പ്രാദേശിക സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിഷേധിച്ചു. സമാനമായി കട്ടുകളില്ലാതെ പുറത്തിറക്കാനായി ൈട്രബ്യൂണലിനു മുന്നിൽ പോരാടേണ്ടി വന്നു. പിന്നാലെ 2019ലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിക്കുകയും വിജയകരമായ ഫെസ്റ്റിവൽ പ്രദർശനശേഷം മുബിയിൽ സ്ട്രീമിങ് ആരംഭിക്കുകയുംചെയ്തു.
ട്രാൻസ്ജെൻഡർ അവകാശങ്ങളെ കുറിച്ചുള്ള ‘ഇസ് ഇറ്റ് ടൂമച്ച് ടു ആസ്ക്’ (2017), താഴ്ന്ന ജാതിയിൽപെട്ട പെൺകുട്ടികളെ ദൈവത്തിന് കാഴ്ച വെക്കുന്നതിനെ കുറിച്ചുള്ള ‘മാതമ്മ’ (2003), ജാതി, ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ‘പറൈ’ (2004) തുടങ്ങിയ ചെറു ഡോക്യുമെന്ററികളെല്ലാം ഇത്തരം സെൻസർഷിപ് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ശ്രീലങ്കയിലെ നിർബന്ധിത പലായനങ്ങളെ കുറിച്ചുള്ള ഫീച്ചർ ഡോക്യുമെന്ററി ഇപ്പോഴും ശ്രീലങ്കയിൽ നിരോധിക്കപ്പെട്ടതാണ്.
ഒരു കലാകാരനെ/ കാരിയെ സെൻസർ ചെയ്യാനാഗ്രഹിക്കുന്നവർക്ക് എന്തോ ഒളിപ്പിക്കാനുണ്ടെന്നതാണ് യാഥാർഥ്യം. അടിച്ചമർത്തലുകാർക്കും വേട്ടക്കാർക്കും ഫാഷിസ്റ്റുകൾക്കും കുടപിടിക്കുന്നതാണ് സെൻസർഷിപ്. എന്നാൽ, കലക്ക് എപ്പോഴും ഒരു സത്യമുണ്ടെന്നും ആ സത്യം എങ്ങനെയെങ്കിലും ജയിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. പോരാട്ടങ്ങളിലൂടെ ഞാൻ പഠിച്ച പാഠമിതാണ്. ജീവിതത്തിൽ ഒരു ഡോണ്ട് (പാടില്ല) മാത്രമേയുള്ളൂ, അത് സെൻസർഷിപ്പിനെ എന്‍റെ വഴി മുടക്കാൻ സമ്മതിക്കില്ല എന്നതാണ്. ഞാൻ സൃഷ്ടിക്കുകയും ഞാൻ സ്വന്തമാക്കുകയും ഞാൻ എല്ലാ മുറിവുകളും എടുക്കുകയും ചെയ്യുന്നുവെന്നതാണ് എന്‍റെ രീതി. അതാണ് എന്‍റെ വഴി. എന്‍റെ സത്യത്തിനൊപ്പം ഞാൻ നിന്നില്ലെങ്കിൽ വേറെയാര് നിൽക്കും.
കാളിയുടെ പോസ്റ്റർ സംബന്ധിച്ച് നിയമയുദ്ധങ്ങളും ഉണ്ടായി. നിരവധിപേർ ഒരു കലാസൃഷ്ടിയെ അനാവശ്യമായി ആക്രമിക്കുന്നതിലൂടെ കലാകാരന്‍റെ സർഗാത്മക ചിന്തയെ കൂടിയാണ് അടിച്ചമർത്തുന്നത് എന്നു തോന്നിയിട്ടുണ്ടോ?
ഇന്ത്യയുടെ ഭരണകൂട സംവിധാനത്തിൽ അതിന്‍റെ മതഭൂരിപക്ഷ വാദത്തെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന കലാകാരൻമാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരെയെല്ലാം വേട്ടയാടുന്ന രീതിയുണ്ട്. ലൈംഗിക, വംശ, മതന്യൂനപക്ഷങ്ങളുടെ കൊലക്കളമായി ഇന്ത്യ മാറുകയാണ്, സ്വതന്ത്ര ചിന്തകരുടെ തടവറയും. ഇറാൻ കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ രാഷ്ട്രീയ തടവുകാരുള്ളത് നമ്മുടെ നാട്ടിലാണ്. കേന്ദ്ര സർക്കാർ സ്വയം ഒരു വലിയ വർഗീയ ഘടകമായി മാറുന്നു. ഇനിയെങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ഭരണഘടനാപരമായി പൊരുതുമെന്ന ചിന്തയിലാണ് ഞാൻ.
മുസ്‍ലിംകൾക്കെതിരായ തങ്ങളുടെ നഗ്നമായ വിദ്വേഷ പ്രചാരണം നടത്തിയവരുടെ ശക്തി പകുതിയായി ഇല്ലാതാക്കിയ ഇന്ത്യൻ വോട്ടർമാർക്ക് നന്ദി. എന്നാൽ, ഹിന്ദുത്വ വലതുപക്ഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിൽ അപകടകരമായ രീതിയിൽ ഇസ്‍ലാമോഫോബിക് സംവിധാനത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ്, ഈ സംവിധാനം ഹിന്ദു സവർണവാദികളെ കൂടുതൽ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് മുസ്‍ലിംകൾ ആൾക്കൂട്ടക്കൊലക്കിരയാവുമ്പോഴും അവരുടെ വീടുകൾ ബുൾഡോസറിനാൽ തകർക്കപ്പെടുമ്പോഴും ബധിരമായ ശിക്ഷാവിധിയാവുന്നത്.
ഞാൻ 1990കളിൽ വളർന്നുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ ബുക് ഷെൽഫിൽ യാസർ അറഫാത്തിന്‍റെ ചിത്രമുണ്ടായിരുന്നു. ഫലസ്തീനിനോടും അവരുടെ ആത്മാഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടത്തോടും നമ്മൾ ഇന്ത്യക്കാർ ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നത് ഭീതിദമാണ്. ഇന്ത്യ ഇസ്രായേലിനുവേണ്ടി ആളുകളെയും ആയുധങ്ങളും നൽകിക്കൊണ്ടിരിക്കുന്നു. ഇന്ത്യ ശ്രീലങ്കയിൽ തമിഴ് വംശഹത്യ നടത്തി. ഇപ്പോൾ ഫലസ്തീനികളുടെ വംശഹത്യയിൽ ഔദ്യോഗിക പങ്കാളിയായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ആരും ചോദ്യംചെയ്യാത്തത്? എല്ലാവരും ആർ.എസ്.എസിന്‍റെ വ്യവസ്ഥാപിത വിഷംപകരലായ ഇസ്‍ലാമോഫോബിയയെ ഉൾക്കൊണ്ടു കൊണ്ടിരിക്കുകയാണോ?
നമ്മൾ അസമത്വങ്ങളുടെ നാട്ടിലാണ് ജീവിക്കുന്നത്. സാമൂഹികമായും ലിംഗപരമായും സാമ്പത്തികമായും ജാതീയമായുമെല്ലാം അസമത്വങ്ങളാണ് നമുക്കിടയിൽ. എല്ലാം ഒറ്റയടിക്ക് മായ്ച്ചുകളയാൻ കഴിയില്ലെങ്കിലും എന്താണ് ഒരു സാധാരണക്കാരന് ഇക്കാര്യത്തിൽ ചെയ്യാനാവുക? ഒരു ഡോക്യുമെന്ററിക്ക് ഇത്തരം സാമൂഹിക മാറ്റങ്ങളിൽ എത്രത്തോളം പങ്കുണ്ട്?
ജനാധിപത്യമെന്നത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനമാണ്. അതിനൊരിക്കലും ഓട്ടോ പൈലറ്റ് മോഡിലാവാൻ കഴിയില്ല. പൗരൻമാരെന്ന നിലക്ക് നാമാണതിന്‍റെ ഉടമസ്ഥർ, നമ്മളതിനെ പരിശോധിച്ചുകൊണ്ടിരിക്കുകയും കേടുപാടുകൾ തീർക്കുകയും വളർത്തി വലുതാക്കുകയുമെല്ലാം വേണം. ജനാധിപത്യത്തിന്‍റെ പ്രാതിനിധ്യത്തോടും സമത്വത്തിനോടും പങ്കാളിത്തത്തോടുമുള്ള അർപ്പണത്തിന്‍റെ കാര്യത്തിൽ നാം കൂടുതൽ ഉത്തരവാദിത്തമുള്ളവരാകേണ്ടതുണ്ട്. എന്‍റെ സിനിമകൾ ഒരു ജനാധിപത്യ സംഭാഷണത്തിനുള്ള ആയുധമെന്ന നിലക്കും പൊതുധാരകൾ ഉണ്ടാക്കാനും ചോദ്യങ്ങളുയർത്താനും നിലവിലെ മാറ്റമില്ലാത്ത രാഷ്ട്രീയ, സാമൂഹിക സ്ഥിതിയെ വെല്ലുവിളിക്കാനും, വാദങ്ങളെ റിഫ്രെയിം ചെയ്യാനും പുതിയ വഴികൾ നിർദേശിക്കാനും കൂട്ടായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുമെല്ലാമാണ് ഞാനുപയോഗിക്കുന്നത്.
എന്റെ ഓരോ സിനിമ സ്ക്രീനിങ്ങും ഒരു രാഷ്ട്രീയ മുന്നേറ്റത്തെ ഗർഭംധരിച്ചവയാണ്. ഞാനൊരു ഹൈ ആർട്ട് സൃഷ്ടിക്കുന്നയാളല്ല, പകരം ഫെസ്റ്റിവൽ സ്ക്രീനിങ്ങുകൾ മാത്രമാണ് ചെയ്യുന്നത്. ഞാനൊരു ഡിജിറ്റൽ ടൂൾകിറ്റുമായി നൂറുകണക്കിന് ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയും ആളുകളെ ഒരുമിച്ചു കൂട്ടുകയും സിനിമകൾ പ്രദർശിപ്പിക്കുകയും സംവാദങ്ങൾ സംഘടിപ്പിക്കുകയുംചെയ്തു. ഞാൻ ധൈര്യം കാണിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ചിത്രങ്ങളൊന്നും സംഭവിക്കില്ലായിരുന്നു.
എന്റെ കഥയിലെ പങ്കാളികളായവരുടെ വിവേകത്തിൽനിന്നാണ് ഞാൻ ജീവിതത്തിൽ പഠിച്ച കാര്യങ്ങളത്രയും ലഭിച്ചത്. പ്രാതിനിധ്യവത്കരിക്കപ്പെടാതെ പോയവരും അധികാര കേന്ദ്രങ്ങളും തമ്മിലുള്ള പോരാട്ടത്തെ ഞാനൊരു നിരൂപണാത്മക കോണിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചു. ഒരു കലാകാരിയായ പൗരയെന്ന നിലക്ക് ഞാൻ ഒരു ബദലിനും കൂടുതൽ മെച്ചപ്പെട്ട ഭാവിക്കും സാക്ഷിയാവാനാഗ്രഹിക്കുന്നു.
ഒരു സമ്പന്നമായ സാമൂഹിക-രാഷ്ട്രീയ ചരിത്രമുള്ള നാട്ടിൽനിന്നുള്ളയാളെന്നനിലക്ക് ലീന സ്വയം എവിടെയാണ് പ്രതിഷ്ഠിക്കുന്നത്?
ഞാൻ പശ്ചിമഘട്ടത്തിന്‍റെ മകളാണ്. അതു മാത്രമാണ് ഞാൻ സ്വന്തമായി പറയാനാഗ്രഹിക്കുന്ന ഏക പാരമ്പര്യം. ഒരു സ്ത്രീയെന്ന നിലക്ക് ഒരു ഭാഷയോ സംസ്ഥാനമോ രാജ്യമോ മതമോ വംശമോ ഒന്നും എനിക്ക് നീതി വാഗ്ദാനം ചെയ്തില്ല. ലാഭമുണ്ടാക്കാനും എല്ലാം നിയന്ത്രിക്കാനും വേണ്ടി പുരുഷൻമാർ സൃഷ്ടിക്കുന്നവയാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടുതന്നെ ഞാനീ സ്വത്വങ്ങൾക്കു കീഴിലൊന്നും വരില്ല. എന്റെ ഭാഷയെ വിമർശിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമെന്ന നിലക്കാണ് ഞാൻ കവിതയെഴുതുന്നത്. ഓരോ അക്ഷരവും ഓരോ പ്രയോഗവും ഓരോ വാചകവും സ്ത്രീകളുടെ ശരീരത്തെ അധിക്ഷേപിക്കുന്നതിനായി കണ്ടുപിടിക്കപ്പെട്ടവയാണ്.
ഈ പശ്ചാത്തലത്തിൽ ഞാൻ പ്രതിഷേധിക്കാനാണ് നിലനിൽക്കുന്നത്, കാരണം അതു മാത്രമാണ് എന്‍റെ അന്തസ്സ് സംരക്ഷിക്കാനുള്ള വഴി. ചിലപ്പോൾ ഞാൻ ചതുരഗിരി മലയുടെ (മധുരക്കടുത്തുള്ള തീർഥാടന കേന്ദ്രം) ചരിവുകളിലുള്ള ഒരു കാട്ടു നെല്ലിക്കാ മരമായി സ്വയം സങ്കൽപ്പിക്കും. ചിലപ്പോൾ ഞാൻ സ്വന്തം കവിത ആരും വായിക്കാത്ത പുരാതന തമിഴ് സിദ്ധ കവയിത്രിയുടെ പ്രേതമായി സങ്കൽപിക്കും, ചിലപ്പോൾ ഇരുണ്ട ദിവസങ്ങളിൽ സ്വയം കുഴിച്ചുമൂടുകയും നല്ല ഋതുക്കളിൽ ഒളിച്ചുകടക്കുകയും ചെയ്യുന്ന അണ്ണാനായി സ്വയം വിചാരിക്കും.
മണിമേഖലൈ എന്ന പേരു തന്നെ ഇതിഹാസ സാഹിത്യമാണ്. എങ്ങനെയാണ് ആ പേരു ലഭിക്കുന്നത്?
എന്റേത് ഒരു സോഷ്യലിസ്റ്റ് ബുദ്ധിസ്റ്റ് പേരാണ്. തമിഴ് ഭാഷാ പ്രഫസർ ആയിരുന്ന എന്‍റെ പിതാവാണ്, എനിക്ക് മണിമേഖലൈ എന്ന പേരു നൽകിയത്. കാരണം ഞാൻ ഇതിഹാസത്തിലെ കഥാപാത്രത്തെ പോലെ ഒരു ചിന്തകയാവണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അച്ഛന്‍റെ സഹോദരൻ, എന്‍റെ പെരിയപ്പ സുബ്ബയ്യ ഒരു പ്രാദേശിക കമ്യൂണിസ്റ്റ് നേതാവായിരുന്നു.
റഷ്യൻ വിപ്ലവകാരി വ്ലാദ്മിർ ഇല്ലിച്ച് ലെനിൻ (ഉല്യാനോവ്) സോവിയറ്റ് യൂനിയനിലെ ലീന നദിയുടെ പേരിൽനിന്ന് തന്‍റെ പേരിനൊപ്പം ലെനിൻ എന്നു ചേർത്തതിന്‍റെ അടിസ്ഥാനത്തിലാണ് പെരിയപ്പ എനിക്ക് ലീന എന്ന പേരു നൽകുന്നത്. ഞാൻ അവർ രണ്ടുപേരോടും കടപ്പെട്ടിരിക്കുന്നു, കാരണം എന്റെ കുടുംബത്തിലെ ബാക്കിയെല്ലാവർക്കും ഹിന്ദു പേരുകളാണുള്ളത്. ഒരു അവിശ്വാസിയെന്ന നിലക്ക് ലീന മണിമേഖലൈ എന്ന പേരാണ് എനിക്ക് ഏറ്റവും നന്നായി ചേരുന്നത്. ഞാൻ മണിമേഖലൈ ഇതിഹാസം സമകാലിക തമിഴ് ഭാഷയിൽ എഴുതുന്നുണ്ട്. അത് ആധുനിക തമിഴ് സാഹിത്യത്തിലേക്കുള്ള എന്‍റെ സംഭാവനയായിരിക്കും.
അടുത്തിടെ താങ്കൾ വിഡിയോ ഓൺ ഡിമാൻഡ് (VoD) പ്ലാറ്റ്ഫോം ഒരുക്കിയല്ലോ. സ്വതന്ത്ര സിനിമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം എത്രത്തോളം ഫലപ്രദമാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ..?
സിനിമ ഒരുക്കൽ വലിയൊരു പോരാട്ടമാണ്. അത് വിതരണം ചെയ്യൽ അതിലും വലിയ പോരാട്ടമാണ്. ഇന്ത്യയിൽ തിയറ്ററിൽ സിനിമ വിതരണം ഒരു മാഫിയയുടെ കൈപ്പിടിയിലാണ്. ടി.വിയാണെങ്കിൽ മോദിയും മോദിയുടെ ശിങ്കിടികളും കൈയടക്കിവെച്ചിരിക്കുകയാണ്. ലോകത്തിന്‍റെ 40 ശതമാനം വിഭവങ്ങളും സ്വന്തമായുള്ള കോർപറേറ്റുകളാണ് ഒ.ടി.ടികൾ നയിക്കുന്നത്. ഒരു വനിതാ രാഷ്ട്രീയ സിനിമക്കാരിയെന്ന നിലക്ക് ഞാനെപ്പോഴും പുറന്തള്ളപ്പെട്ടയാളും ചരിത്രത്തിന്‍റെയും കമ്പോള വ്യവസ്ഥയുടെയും അരികിൽ കുടുങ്ങിയയാളുമാണ്. അതുകൊണ്ട് ഞാൻതന്നെ എന്‍റെ കൊച്ചു കട ആരംഭിച്ചു. വേൾഡ് വൈഡ് വെബിന് നന്ദി, ഇവിടെ എന്‍റെ സ്വയംഭരണാവകാശം സംരക്ഷിക്കാനാവും.
പുസ്തകങ്ങളിലേക്ക് വരുമ്പോൾ; ചിച്ലി ഒരു നിത്യ പ്രണയിനിയാണ്. പാറാത്തയരുൾ റാണിയെന്നാൽ ഒരിക്കലും ദഹിപ്പിക്കാനാവാത്ത ദുർമന്ത്രവാദിനിയാണ്. എല്ലാ എഴുത്തുകൾക്കും സ്ത്രീകളുമായി ഒരു ആഴത്തിലുള്ള ബന്ധമുണ്ടല്ലോ. അത് ബോധപൂർവമാണോ?
ഞാൻ കുട്ടിക്കാലം മുതലേ കവിതയെഴുതുന്നുണ്ട്. എന്‍റെ ആദ്യ പ്രണയം ഭാഷയാണ്. എന്നാൽ മുതിർന്ന് ഒരു അഭിമാനമുള്ള ഫെമിനിസ്റ്റ് ആയി മാറിയപ്പോൾ തിരിച്ചറിഞ്ഞത് ഭാഷയുമായുള്ള സമാഗമമെന്നത് എന്‍റെ ശത്രുവിനൊപ്പം കിടക്കുന്നതുപോലെയാണെന്നാണ്. ഞാൻ തമിഴിൽ ആറ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. തമിഴ് എന്നത് പുരുഷാധിപത്യ വ്യവസ്ഥിതിയുടെ അത്രതന്നെയും പഴക്കമുള്ള ഭാഷയായതിനാൽ എന്‍റെ പൂർവ മാതാക്കൾ എ.ഡി രണ്ടിനും ബി.സി രണ്ടിനും ഇടയിൽ എഴുതിയവരായിരുന്നു. ‘എന്റെ പെണ്ണാടി’ (മൈ മിറർ ഇസ് ദി ഡോർ) എന്ന 42 മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രകാവ്യം സംഘകാലത്തെ കവയിത്രിമാരെ കുറിച്ചാണ്.
ഞാൻ ചിലപ്പോൾ ഒരു സൈബോർഗ് (സാധാരണ മനുഷ്യനേക്കാൾ ശക്തിയുള്ള സാങ്കൽപിക യന്ത്രം) ആയിരുന്നു, ചിലപ്പോൾ പൂർവികരെ വിളിച്ചു വരുത്താൻ കഴിയുന്ന ഒരു മുറിവേൽക്കപ്പെട്ട ആത്മാവായിരുന്നു. കുറ്റസമ്മതം മുതൽ റാഡിക്കൽ ഫെമിനിസം, ലെസ്ബിയനിസം, അരാജകത്വം എന്നിങ്ങനെ വിഷയങ്ങൾ ചർച്ചചെയ്യുന്ന അഞ്ഞൂറോളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതരം കടുത്ത നിരോധനങ്ങൾ നേരിട്ടിട്ടുണ്ട്. പോർണോഗ്രഫി, ദൈവനിന്ദ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വേട്ടയാടപ്പെട്ടിട്ടുണ്ട്. മതമൗലിക വാദികൾ ചേർന്ന് എന്റെ രണ്ടാമത്തെ കവിതാ സമാഹാരത്തിന്‍റെ പകർപ്പുകൾ കത്തിച്ചു ചാമ്പലാക്കിയിട്ടുണ്ട്.
എന്‍റെ കവിത തീവ്ര ഇടത്, തീവ്ര വലത്, തമിഴ് മേൽക്കോയ്മ വാദികൾ എന്നിവരെയെല്ലാം ചൊടിപ്പിച്ചു. എന്‍റെ കവിതയെഴുത്തിലൂടെ മനസ്സിലാക്കിയൊരു കാര്യമുണ്ട്, കുറച്ച് ലളിതമായ വാക്കുകൾകൊണ്ടെനിക്ക് ഭരണകൂടങ്ങളെ അസഹ്യരാക്കാം. എന്നെ സമൂഹം ഒരു വേശ്യയെന്ന് വിളിച്ചപ്പോൾ ഞാൻ വേശ്യകളുടെ റാണി (ക്യൂൻ ഓഫ് സ്ലട്ട്സ്) എന്ന പേരിൽ ഒരു കവിതാസമാഹാരമെഴുതി. ഏറ്റവും അപരിചിതമായ ചോദ്യങ്ങൾക്കുപോലും കവിതയിലൂടെ എനിക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. ഒരു കവിയെന്ന കവിതകൊണ്ട് ആരെയും എവിടെയും കടിച്ചുപറിക്കാനാവുന്ന രക്തരക്ഷസ്സായി എനിക്കു തോന്നി.
അത് അത്രയും ശാക്തീകരിക്കുന്നവയാണ്. സ്ത്രീ ലൈംഗികാവയവങ്ങളുമായും മറ്റും ബന്ധപ്പെട്ട് പുതിയ വാക്കുകൾ തമിഴിൽ രൂപപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ആർത്തവം, രതിമൂർച്ഛ പോലുള്ള വാക്കുകളുമായി ബന്ധപ്പെട്ടും ഈ ശ്രമമുണ്ടായി. പുരുഷാധിപത്യ ധാരണകൾക്ക് പുറത്ത് നിലവിലെ വാക്കുകളെല്ലാം സ്ത്രീകളെ സംബന്ധിച്ച് ശാപമാണ്. സ്ത്രീപക്ഷതലത്തിൽ വാക്കുകൾ ആവശ്യമാണെന്ന ബോധത്തിലാണ് പുതിയവ സൃഷ്ടിക്കുന്നത്. എന്‍റെ കവിതാപരമായ പ്രകടനങ്ങളുടെ സ്വാഭാവിക വിപുലീകരണമായാണ് സിനിമകൾ എന്നിലേക്ക് വരുന്നത്.
ഛത്തിസ്ഗഢിലെ ദന്തേവാഡയിൽ ഒരു സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണല്ലോ ലീന..
അത് ദന്തേവാഡയെ കുറിച്ചുള്ള സിനിമയല്ല. ഞാൻ നിശ്ശബ്ദയായിരിക്കില്ല എന്നു പറഞ്ഞ വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള അഞ്ച് ലൈംഗികാതിക്രമ അതിജീവിതകളുടെ ജീവിതം പറയുന്ന ഹൈബ്രിഡ് ഡോക്യുമെന്ററി ഫിലിം ആണ്. 2015 മുതൽ ഈ ചിത്രം നിർമാണത്തിലുണ്ട്. ഇതിന്‍റെ ചിത്രീകരണം പൂർത്തിയായി, ഇനിയുള്ളത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ്.
‘സറാക്കുറ’ എന്ന ചിത്രത്തിന്‍റെ അനൗൺസ്മെന്റ് പോസ്റ്റർ കണ്ടിരുന്നു. അതേക്കുറിച്ച്?
ആമസോൺ മഴക്കാടുകളിലെ അറ്റ്ലാന്റിക് അടിമക്കച്ചവടത്തിൽനിന്ന് രക്ഷപ്പെട്ട് ഒളിച്ചോടിയവരാണ് ക്വിലംബോല സമൂഹം. അവർ ആദ്യം കൊളോണിയലിസത്തിനെതിരെ പോരാടി, അതു നിർത്തലാക്കിയ ശേഷം വ്യവസ്ഥാപിതമായ വംശീയതക്കെതിരായും അവരുടെ പ്രാദേശികമായ അവകാശങ്ങൾക്കു വേണ്ടിയും യുദ്ധംചെയ്തു. ഇപ്പോളവർ കാലാവസ്ഥ അടിയന്തരാവസ്ഥക്കെതിരെയുള്ള മുന്നണിപ്പോരാളികളാണ്. അവരുടെ മുഴുവൻ സ്വത്വവും പ്രതിരോധത്താൽ പണിതെടുത്തതാണ്.
ബ്രസീലിലെ കാലാവസ്ഥ പോരാളികളിലൂടെ അവരെ കുറിച്ചറിയാൻ അവസരം ലഭിച്ചപ്പോൾ ഈ സമൂഹത്തിന്‍റെ പ്രതിരോധശേഷി എനിക്ക് വലിയ പ്രചോദനം പകർന്നു. പാരിസ്ഥിതിക വംശീയതയെ എതിർക്കുന്നതിനും ക്വിലംബോലക്കാരുടെ വീരത്വത്തെ ആഘോഷിക്കുന്നതിനുമായി കലാകാരൻമാരെയും ആക്ടിവിസ്റ്റുകളെയും അക്കാദമീഷ്യൻസിനെയും എല്ലാ ഉത്തരവാദിത്തമുള്ള പൗരൻമാരെയും ഒരുമിച്ചു ചേർക്കുന്നതിന്‍റെ ഭാഗമായാണ് ‘സറാക്കുറ’ എന്ന ചിത്രമൊരുക്കുന്നത്. അതൊരു സിനിമക്കും അപ്പുറമാണ്. പ്രതീക്ഷ നിറഞ്ഞ നാളേക്കുവേണ്ടി തദ്ദേശീയരിൽനിന്നുള്ള ജ്ഞാനം സ്വീകരിക്കുന്നതിനെ കുറിച്ചാണത്. സിനിമ യാഥാർഥ്യമാക്കുന്നതിനായി ഇപ്പോൾ ഗോഫൗണ്ട് മി (ക്രൗഡ് ഫണ്ടിങ് രീതി) കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സംരംഭത്തിന് പിന്തുണക്കാൻ സാധിക്കുന്ന വായനക്കാരോടും അഭ്യർഥിക്കുന്നു.
ലീന മണിമേഖലൈ ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ
ചലച്ചിത്രകാരി, എഴുത്തുകാരി... ഇതിലേതാണ് താങ്കളിഷ്ടപ്പെടുന്ന ലീന, എന്തുകൊണ്ടാണത്?
ഞാൻ എന്നെ സ്വയം സ്നേഹിച്ചില്ലായിരുന്നെങ്കിൽ കവിതകളെഴുതില്ലായിരുന്നു. ഈ ലോകം അത്ര കണ്ട് നല്ലതായിരുന്നെങ്കിൽ ഞാൻ സിനിമകളെടുക്കില്ലായിരുന്നു. ഈ ഭൂമിയിൽ അനുഭവിക്കുന്ന ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളെക്കുറിച്ചും ഇപ്പോഴും അത്ഭുതം നഷ്ടപ്പെട്ടിട്ടില്ലാത്ത, ഓരോ കുഞ്ഞു ജീവിതത്തോടും സഹാനുഭൂതി കാത്തുസൂക്ഷിക്കുന്ന എന്‍റെ ഉള്ളിലുള്ള കൊച്ചുകുഞ്ഞാണ് എന്‍റെ പ്രിയപ്പെട്ട ലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.