പാട്ടെഴുത്തുകൾ ഇനിയും വേണം
സംഗീതം, സിനിമ, സാഹിത്യം, കായികം, രാഷ്ട്രീയം, ചരിത്രം എന്നീ വൈവിധ്യമായ വിഷയങ്ങളെയെല്ലാം പ്രതിപാദിച്ചുകൊണ്ടാണ് ഓരോ ലക്കവും ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ വൈവിധ്യമായ വിഷയങ്ങളിലെ ആഴത്തിലുള്ള വായന ആഴ്ചപ്പതിപ്പ് നൽകുന്നുണ്ട്. ഉസ്താദ് കമാൽ സാബരിയുടെ അഭിമുഖവുമായി പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പ് (ലക്കം: 1272) മികച്ച നിലവാരം പുലർത്തി. പി.എ. പ്രേംബാബു, വിജു വി. നായർ, ബി.ആർ.പി. ഭാസ്കർ എന്നിവരുടെ എഴുത്തുകളെല്ലാം സമകാലികമായിരുന്നു. ഉസ്താദ് കമാൽ സാബരിയുടെ അഭിമുഖത്തോടൊപ്പം ചേർത്ത ഒരു ചിത്രം മാറിയെന്ന് തോന്നുന്നു. അതിൽ സാബരിയോടൊപ്പമുള്ളത് തബലവിദ്വാൻ സാകിർ ഹുസൈനല്ല, അദ്ദേഹത്തിന്റെ സഹോദരൻ ഫസൽ ഖുറേഷിയാണെന്ന് തോന്നുന്നു. പാട്ടിനെക്കുറിച്ചും പാട്ടുകാരെക്കുറിച്ചും കൂടുതൽ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
അബ്ദുൽ ലത്തീഫ്, തിരൂർ
മലയാള സിനിമയിൽ രണ്ട് കടമറ്റത്തച്ചനുണ്ട്
ഒരേ പേരിൽ പല മലയാളം സിനിമകളും വിവിധകാലങ്ങളിലായി ഇറങ്ങിയിട്ടുണ്ട്. ചിലത് പേരിൽമാത്രം സാമ്യമുള്ളപ്പോൾ മറ്റുചിലത് പ്രമേയത്തിലും സാമ്യമുണ്ട്. പ്രത്യേകിച്ചും ചരിത്രപുരുഷൻമാരുടെ പേരിൽ ഒന്നിലധികം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, കടമറ്റത്തച്ചൻ എന്നിവയെല്ലാം ഉദാഹരണമാണ്. ലക്കം 1273ൽ ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകളിൽ പ്രതിപാദിക്കുന്നത് 1966ൽ പുറത്തിറങ്ങിയ 'കടമറ്റത്തച്ചനി'ലെ ഗാനങ്ങളാണ്. എന്നാൽ, ആഴ്ചപ്പതിപ്പ് ചേർത്തത് 1984ൽ എൻ.പി. സുരേഷ് സംവിധാനംചെയ്ത 'കടമറ്റത്തച്ചന്റെ' ചിത്രമാണ്. ഈ പിഴവ് ആഴ്ചപ്പതിപ്പിന് മാത്രമല്ല, പ്രമുഖ വാർത്ത വെബ്സൈറ്റായ imdb അടക്കമുള്ളവർക്കും സംഭവിച്ചിട്ടുണ്ട്. രണ്ടിലും പ്രേം നസീർ അഭിനയിച്ചതും പിഴവിന് കാരണമാകാം. റോജിന്‍ തോമസിന്റെ സംവിധാനത്തിൽ ജയസൂര്യയെ നായകനാക്കി 'കത്തനാർ' എന്ന പേരിൽ ഒരു ചിത്രംകൂടി വരുന്നുണ്ടെന്ന് വാർത്തകളിലൂടെ അറിഞ്ഞിരുന്നു. തമ്പിസാറിന്റെ എഴുത്ത് ഒരുപാട് ഗാനങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോകുന്നുണ്ട്. ചരിത്രം പ്രതിപാദിച്ചുപോകുന്നതോടൊപ്പം പാട്ടുകൾ പിറന്ന വഴികളെക്കുറിച്ചുകൂടി വിവരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
പ്രശാന്ത്, എറണാകുളം
കോടതികൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്
'അങ്കഗണിതമല്ല നീതിന്യായം' എന്ന ശീർഷകത്തിൽ വിജു വി. നായർ എഴുതിയത് കോടതിയുടെ തലതിരിഞ്ഞ വിധികളെക്കുറിച്ചാണ് (ലക്കം: 1272). രാഷ്ട്രീയം കേരളത്തിൽ ചിലർക്ക് ഉപജീവനവും ചിലർക്ക് ബിസിനസുമായിരിക്കുന്നപോലെ പല കോടതിവിധികളും ഒരുനേരം അരിയാഹാരം കഴിക്കുന്നവർക്ക് ദഹിക്കാത്ത അവസ്ഥയിലാണ്. മഹാരാഷ്ട്രയിൽ നടന്നത് അക്ഷരാർഥത്തിൽ കുതിരക്കച്ചവടമാണ്.
വിജയ് ബാബു, ദിലീപ് എന്നീ സിനിമാക്കാരുടെ കേസുകൾ കോടതി കൈകാര്യംചെയ്യുന്ന രീതി പരിഹാസ്യമാണ്. ''പണത്തിന് മുകളിൽ പരുന്തും പറക്കില്ല'' എന്ന പഴമൊഴി ശരിവെക്കുന്ന രീതിയിലാണ് മേൽപറഞ്ഞവരുടെ കേസുകളുടെ ഗതിവിഗതികൾ നീങ്ങുന്നത്. ഒരു മുങ്ങിയ പ്രതിക്ക് വിദേശത്തിരുന്ന് എങ്ങനെ മുൻകൂർ ജാമ്യം നേടാൻ കഴിയും? പ്രസക്തമായ ഈ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാൻ ഉത്തരവാദപ്പെട്ടവർക്ക് ഒരിക്കലും കഴിയില്ല. വിജയ്ബാബു-ദിലീപ് കേസുകളിൽ കോടതിയിലുള്ള വിശ്വാസ്യത ജനത്തിന് നഷ്ടപ്പെട്ടു എന്നതാണ് യാഥാർഥ്യം. എന്തായാലും ഇന്ത്യൻ ജുഡീഷ്യറി ഒരു പുനഃപരിശോധന ആവശ്യപ്പെടുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന ദിലീപ് കേസുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ അനവസരത്തിലുള്ള വെളിപ്പെടുത്തലുകൾ ദിലീപിന്റെ പണക്കൊഴുപ്പിന്റെയും സ്വാധീനത്തിന്റെയും പ്രത്യക്ഷ തെളിവാണ്. ആർ. ശ്രീലേഖയുടെ 'വെളിപാടുകൾ' വിചിത്രമെന്നേ പറയാനൊക്കൂ. ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമാണെന്ന് പറയുന്ന ശ്രീലേഖ താനടക്കമുള്ള സ്ത്രീ സമൂഹത്തെ ഒറ്റുകൊടുക്കുകയാണ് എന്നേ പറയാനുള്ളൂ.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ മുളന്തുരുത്തി
ഇടത്-വലത് വ്യത്യാസമില്ലാത്ത നാടകം
ഈ ബല്ലാത്ത ദുനിയാവിലെ ഒരു ബല്ലാത്ത ജനവഞ്ചക നാടകങ്ങളാണ് ഭരണപക്ഷ-പ്രതിപക്ഷ കക്ഷികൾ ആടിക്കൊണ്ടിരിക്കുന്നത്. കഥയറിയാത്ത കാണികളായ ജനം സ്ഥല-ജല വിഭ്രാന്തിയിലാണിന്ന്. 'കറുപ്പ് ഒരു നിറമല്ല' എന്ന വിജു വി. നായരുടെ കേരളത്തിന്റെ വർത്തമാന രാഷ്ട്രീയ ചിത്രം തെളിമയുള്ളതായിരുന്നു.
ഇവിടെ ഇന്ന് ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസങ്ങളൊന്നുമില്ല. സ്ഥാപിത താൽപര്യങ്ങളുടെ ഒരേ തൂവൽപക്ഷികൾ മാത്രം. ഇടതുപക്ഷമെന്ന അവകാശവാദമുയർത്തുന്നവർ അക്ഷരാർഥത്തിൽ ഇടതുപക്ഷമാണാ? കറുത്തവർഗത്തിനുവേണ്ടി അടരാടിയ നെൽസൺ മണ്ടേലക്ക് നമ്മുടെ തെരുവീഥികളിൽ വിപ്ലവാഭിവാദ്യങ്ങൾ മുഴക്കിയവർക്ക് ഇന്ന് കറുപ്പ് ഫോബിയയാണ്. ''എന്റെ കറുത്ത മക്കളെ ചുട്ടുകൊന്നു നിങ്ങൾ'' എന്ന് തെരുവോരങ്ങളിൽ മൈക്ക് കെട്ടി ക്ഷുഭിതരായി പാടിനടന്നവർ ഇന്നവരെ കാണുമ്പോൾ വഴിമാറി നടക്കുന്നു.
പാവപ്പെട്ടവന്റെ ജീവിതത്തിലേക്ക് രഥമുരുട്ടുന്ന ഏതു ഗവൺമെന്റും 'ഇടതുപക്ഷം' എന്ന അവകാശവാദത്തിന് ഒട്ടും അർഹരല്ല. ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ സിഖുകാരാണ് അതിന് കാരണക്കാർ എന്നുപറഞ്ഞ് അവരെ നിഷ്കരുണം ഹനിച്ച കോൺഗ്രസുകാരും നെഹ്റുവിയൻ ഇടതുപക്ഷക്കാരല്ല. ഭരണകൂട ഭീകരതയെ കെട്ടഴിച്ചുവിട്ട ഇന്ദിര ഗാന്ധിയെ നാമെങ്ങനെ ഇടതുപക്ഷമെന്ന് പറയും?
ബാങ്ക് ദേശസാത്കരണവും 'ഗരിബി ഹഠാവോ'യുംകൊണ്ടു മാത്രം നെഹ്റുവിയൻ സോഷ്യലിസം കൊണ്ടുവരാൻ കഴിഞ്ഞോ? ഇത്തരം ഭരണകക്ഷികളായ രാഷ്ട്രീയ പാർട്ടികളുടെ അനാശാസ്യ വ്യതിയാനങ്ങൾക്കെതിരെ ജനപക്ഷത്തുനിന്നുള്ള തിരുത്തൽ ശക്തികൾ ഇന്നത്തെ ജീർണ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഉയർന്നുവരണം. അങ്ങനെ മാത്രമേ ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ് ശക്തികൾ ഇന്ത്യയിൽ ഉയർന്നുവരികയുള്ളൂ. അങ്ങനെയുള്ളൊരു നവ ഇടതുപക്ഷത്തിന്റെ വരവ് കാലം ഇന്ന് കാത്തിരിക്കുന്നുണ്ട്. വിജു വി. നായർ മാധ്യമം ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും എഴുതിയിരുന്ന രാഷ്ട്രീയാവബോധ ലേഖനങ്ങൾ ശ്രദ്ധിച്ച് വായിച്ചിരുന്നു. ഇത്തരം പത്രപ്രവർത്തകരും നിരീക്ഷകരും ഇന്ന് തുലോം തുച്ഛമാണ്. അദ്ദേഹത്തിന്റെ കൂടുതൽ വിശകലനങ്ങൾക്കായി കാത്തിരിക്കുന്നു.
കെ.ടി. രാധാകൃഷ്ണൻ കൂടാളി
ആത്മഭാഷണങ്ങളിലെ തുറന്നുപറച്ചിലുകൾ
ആത്മഭാഷണങ്ങളുടെ ലക്കത്തിൽ (1271) അടിയന്തരാവസ്ഥ ഓർമകളിലൂടെ കടന്നുപോകുന്ന നാലുപേർ കെ.എ. അലി അക്ബർ, എ. വാസു, എബ്രഹാം മാനുവൽ, സി.കെ. ദാമോദരൻ -പറയാതെ പറഞ്ഞുതരുന്ന ഒരു കാര്യമുണ്ട്: രാജ്യം മറ്റൊരു സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെടാൻ സമയമായി എന്നതാണത്. അടിയന്തരാവസ്ഥയിലെ ഭീതിദനാളുകൾ ഓർത്തെടുക്കുമ്പോൾ ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ഭരണം അട്ടിമറിക്കപ്പെടുന്നതും നിലനിൽപിനെ ചോദ്യംചെയ്തുകൊണ്ട് പൗരത്വം വിഷയമാക്കുന്നതും എന്തിന്, ബുൾഡോസർ ജനാധിപത്യത്തിനുവേണ്ടി കോപ്പുകൂട്ടുന്നതുമെല്ലാം ഇവരുടെ ആത്മഭാഷണങ്ങളിൽ കടന്നുവരുന്നു.
സേവനം ചെയ്യുന്ന ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ച് പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കുമ്പോൾ സ്വന്തം പ്രയത്നത്തിൽ പുറത്തുനിന്ന് ഓക്സിജൻ സിലിണ്ടർ എത്തിച്ച് പിടയുന്ന ജീവനുകളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കഫീൽ ഖാൻ നേരിട്ട പീഡനങ്ങൾ ഉള്ളുലക്കുന്നു.
കറുത്തവനായതുകൊണ്ടുകൂടിയാണ് 'പുഴു' എന്ന സിനിമയിലെ കുട്ടപ്പൻ എന്ന കഥാപാത്രത്തെ തനിക്ക് ലഭിച്ചതെന്ന് നടൻ അപ്പുണ്ണി ശശി തുറന്നുപറയുമ്പോൾ 'നിറം' എക്കാലത്തും ഒരു വിഷയമാണ് എന്ന യാഥാർഥ്യം തന്നെയാണ് പുറത്തുവരുന്നത്. അപ്പുണ്ണിയുടെ നാടകാനുഭവങ്ങളായിരുന്നു ആ ആത്മഭാഷണത്തിലെ ഏറ്റവും ആകർഷണീയം.
ദിലീപ് വി. മുഹമ്മദ് മൂവാറ്റുപുഴ
അഭിനന്ദനം അർഹിക്കുന്ന കഥ
പോയ ആഴ്ചയിലെ വായനയിൽ ഒന്ന് മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം: 1272) 'സ്നേഹംകൊണ്ടും വിശ്വാസം കൊണ്ടും പണിത ത്രാസ്' ആയിരുന്നു.
ആക്രിക്കച്ചവടത്തിനെയും കച്ചവടക്കാരെയും ഭാവനയുടെ സഹായത്തോടെ കഥാകൃത്ത് മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നു. ഒരിക്കൽ നാം വിലമതിച്ചിരുന്ന പല ഓർമകളും കാലഹരണപ്പെടുമ്പോൾ അവയുടെ അവസാന സൂക്ഷിപ്പുകാരായി ആക്രിക്കാർ മാറുകയാണ്. വിൽക്കുന്ന സാധനങ്ങൾക്കനുസരിച്ചു വീട്ടകങ്ങളും അവർക്കു പരിചിതങ്ങളാകുന്നു.
പഴയ സാധനങ്ങൾ തരം തിരിച്ചുമാത്രം വിൽക്കുന്ന പുതിയകാലത്ത് നാം അളവുതൂക്കങ്ങളെപ്പറ്റി ജാഗരൂകരാണ്. അതുകൊണ്ടുതന്നെ പഴയ ത്രാസുകളെ നാം സംശയത്തോടെ നോക്കുന്നു.അത്തരം സംശയത്തിനും ജാഗ്രതക്കുമിടയിൽ ഞെരുങ്ങിപ്പോകുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് ശ്രീകണ്ഠൻ കരിക്കകത്തിന്റേത്.
അത്ര ശ്രദ്ധയില്ലാതെ നാം കടന്നുപോകുന്ന ഒരു ജീവിതസന്ദർഭത്തെ ഹൃദയസ്പർശിയായ കഥയാക്കി മാറ്റിയ ഭാവന അഭിനന്ദനം അർഹിക്കുന്നു.
വായനയുടെ അവസാനം, ലോകക്രമം എത്ര മാറിയാലും ചിലതൊക്കെ മുകളിൽ ഇരിക്കാനും ചിലതൊക്കെ താഴെ വെക്കേണ്ടതും ആണെന്ന് ഞാനും ഉറപ്പിക്കുന്നു.
ജയ അനിത എബ്രഹാം, ഫേസ്ബുക്ക്
ആസ്വദിച്ച് വായിച്ച കഥ
ശ്രീകണ്ഠൻ കരിക്കകത്തിന്റെ 'സ്നേഹംകൊണ്ടും വിശ്വാസംകൊണ്ടും പണിത ത്രാസ്' ആസ്വദിച്ച് വായിച്ചു. ഏറെ ചിന്തിപ്പിച്ചു.
ഉപയോഗമില്ലാത്തതും ഒഴിവാക്കേണ്ടതും വലിച്ചെറിയേണ്ടതുമാണല്ലോ ആക്രി. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലും മൂലകളിലുമാണ് അതിനിടം. തീരുന്ന ജീവിതങ്ങളോരോന്നും ആക്രിയല്ലേ. ''അച്ഛനപ്പൂന്മാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ? ലോകക്രമങ്ങൾ മാറിയില്ലേ? പറയ്, ഇന്നത്തെക്കാലത്ത് ആരാണ് ഇങ്ങനെ കണക്കും വഴക്കുമൊന്നും ഇല്ലാതെ തൂക്കുന്നത്?''
മനസ്സുകൊണ്ടളക്കുന്ന, മതിപ്പിൽ മിടിക്കുന്ന ചില തൂക്കങ്ങളുണ്ട്. തുരുമ്പിച്ചതാണെങ്കിലും അത് പണത്തൂക്കത്തോളം വരും. ഇസ്മായിൽ ഹാജിയും അച്ഛനും അളന്നുതൂക്കിയത് ആ പഴയ തുലാസിലാണ്. പക്ഷേ, പഴമയെ പഴിക്കുമ്പോഴും പഴയ പ്രമാണങ്ങൾ ചിലപ്പൊഴൊക്കെ പുതുതലമുറക്ക് നിരത്തിവെക്കാനറിയാം. ''ഇനി വരുമ്പോൾ നിങ്ങൾ ഒരു ത്രാസുകൂടി കൊണ്ടുവരിൻ, ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നാണല്ലോ പ്രമാണം.'' പ്രമീളയുടെ പുതിയ ത്രാസിന്റെ തട്ടുകളിൽ സ്നേഹവും വിശ്വാസവുമല്ല തൂങ്ങുന്നത്. പണം മാത്രമല്ല, വലിച്ചുവാരി തട്ടിയൊഴിക്കേണ്ട സർവ സ്വാർഥങ്ങളും കെട്ടിക്കേറ്റും. അവനവന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെട്ട് തൂങ്ങുന്ന തൂക്കുകട്ടകളാണ് കാലത്തിന് ആവശ്യം. എത്ര പഴയതാണെങ്കിലും ചിലത് കൃത്യതയും സൂക്ഷ്മതയുമുള്ളതാകും.
അച്ഛൻ, ഇബ്രാഹിം ഹാജിക്ക് മനസ്സുകൊണ്ട് സമ്മാനിച്ച പഴയ തേക്കിന്റെ പുറംചട്ടയുള്ള ക്ലോക്ക്, കാലമെത്ര പിന്നിട്ടാലും ഹൃദയതാളം തെറ്റാത്ത ആത്മബന്ധങ്ങളുടെ തുടർച്ചയാണ്. അതിനാലാണ് നൂറ്റാണ്ടിന്റെ കഥയുറങ്ങുന്ന പഴയ പുസ്തകം തൂക്കി നോക്കാതെ എഴുത്തുകാരന് സമ്മാനിക്കുന്നത്. ''ഉടമസ്ഥർ ഇല്ലാതാകുമ്പോൾ എത്ര മഹത്തായ പുസ്തകവും പറുദീസയിൽനിന്ന് ജഡമായി ആക്രിക്കടകളുടെ ആഴത്തിലേക്ക് നിപതിക്കുന്നു.''
ഉടമസ്ഥനെ സൃഷ്ടിച്ച് പുസ്തകത്തിന് ജീവൻ കൊടുക്കാൻ കഴിയും. പക്ഷേ ചില ജീവിതങ്ങൾക്കോ? തൂക്കി വിറ്റ ശേഷം ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകുന്ന, ഒരുകാലത്ത് വീട്ടിലെ പ്രിയപ്പെട്ടതായിരുന്ന ഒരു വസ്തുവിനെപ്പോലെയല്ലേ, ഹാജിയുടെ മരണം. വീട്ടിലും പറമ്പിലും വേണ്ടാത്തതെല്ലാം ചിക്കിപ്പെറുക്കി കൊത്തിയെടുത്ത് പുറംപണി വെടിപ്പാക്കുന്ന കാക്കയെ ആരെങ്കിലും കാര്യമാക്കാറുണ്ടോ? എൻ.വി. കൃഷ്ണവാര്യരുടെ വരി ഓർത്തുപോകുന്നു - ''അറിയുന്നതാർ കടൽക്കാക്കയെ...'' എഴുത്തുകാരനും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
ഡോ. പി. സന്തോഷ് കുമാർ
ശ്രീലങ്കയിൽനിന്നും ഇന്ത്യക്ക് പഠിക്കാനേറെയുണ്ട്
ശ്രീലങ്കയില്‍ ജനകീയവിപ്ലവം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയില്‍ 'ലങ്കയിലെ ജനവിപ്ലവം' എന്നൊരു 'തുടക്കം' എഴുതാനും, 'ശ്രീലങ്കയിലെ കൊടുങ്കാറ്റ്' എന്ന പേരില്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കെ. മുരളിയെക്കൊണ്ട് വിശദമായ രാഷ്ട്രീയ വിശകലനം എഴുതിപ്പിക്കാനും മുന്നോട്ടുവന്നതിനെ അഭിനന്ദിക്കുന്നു. മോശമായ സാമ്പത്തികനിലയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ശ്രീലങ്കയെ ഇങ്ങനെയൊരു അവസ്ഥയില്കൊണ്ടെത്തിച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട. തുടര്‍ന്നുണ്ടായ യുെക്രയ്ന്‍ യുദ്ധവും ഇന്ധനക്ഷാമവും എരിതീയില്‍ എണ്ണയൊഴിച്ചതുപോലെ കാര്യങ്ങള്‍ വഷളാക്കി. പ്രസിഡന്റ് ഗോടബയ രാജപക്സയുടെയും ശിങ്കിടികളുടെയും അനിയന്ത്രിതമായ ധൂര്‍ത്തും കെടുകാര്യസ്ഥതയും പതനത്തിന്റെ ആഴം കൂട്ടി. രാത്രിയില്‍ കത്തിക്കാനൊരു വിളക്കിനുള്ള എണ്ണയോ അടുപ്പെരിയിക്കാന് അൽപം ഗ്യാസോ സ്കൂട്ടറോടിക്കാന്‍ ഒരു തുള്ളി പെട്രോളോ ലഭ്യമല്ലാത്ത അവസ്ഥയില്‍ ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാത്തത്?
രാജ്യത്തെ 95 ശതമാനം വരുന്ന വിദ്യാര്ഥിസമൂഹത്തോടൊപ്പം ജനങ്ങളും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് തെരുവിലേക്കിറങ്ങിയപ്പോള്‍ ഭരണാധികാരികള്‍ അയല്‍രാജ്യങ്ങളിലേക്ക് ജീവനുംകൊണ്ട് പലായനം ചെയ്യുന്ന തിരക്കിലായി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കൈയേറിയ പ്രക്ഷോഭകര്‍ അവിടെനിന്നും വലിച്ചെറിഞ്ഞ ആഡംബരവസ്തുക്കളും കറന്‍സി കൂമ്പാരങ്ങളും കണ്ട് ജനം അമ്പരന്നുപോയി.
ശ്രീലങ്കയില്‍ ഇനി ശാന്തി വരുക അസാധ്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പാകിസ്താന്റെ ഗതി തന്നെയാകും അവിടെയും. ഭരണം പിടിച്ചെടുക്കാന്‍ പട്ടാളം സജ്ജമായിക്കഴിഞ്ഞു. അതിനുമുമ്പേ ഒരു നേതാവിനെ കണ്ടെത്തി ജനാധിപത്യസംവിധാനത്തിലേക്ക് പോയാലേ രാജ്യത്ത് സമാധാനം നിലനില്‍ക്കൂവെന്ന് സാരം. ശ്രീലങ്കന്‍ ചരിത്രത്തില്‍നിന്നും ഇന്ത്യക്കും ഒരുപാട് പഠിക്കാനുണ്ട്.
സണ്ണി ജോസഫ്, മാള
മനോഹര കഥക്ക് നന്ദി
ശ്രീകണ്ഠൻ കരിക്കകത്തിന്റെ 'സ്നേഹംകൊണ്ടും വിശ്വാസംകൊണ്ടും പണിത ത്രാസുകൾ' എന്ന മനോഹര കഥ വായിച്ചു.
തലയും വാലും ഇല്ലാത്ത ന്യൂ ജനറേഷൻ കഥകളുമായി താരതമ്യം ചെയ്യുമ്പോൾ ജീവൻ തുടിക്കുന്ന ഒന്ന്. വീടുകളിൽനിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽനിന്നും പഴയ പത്രമാസികകളും ഉപയോഗശൂന്യമായ വസ്തുവകകളും സംഭരിച്ചു ജീവിച്ചുപോകുന്ന ആക്രി കച്ചവടക്കാരനായ ഒരു ഹാജ്യാരുടെ കഥ. കാണാപ്പുറത്തുള്ളതും നമ്മുടെ ചിന്തകൾക്ക് അപ്രാപ്യവുമായ വസ്തുക്കളെ പൊലിപ്പിച്ചു കാണിക്കുന്ന ഇന്നത്തെ വായനകൾക്കിടയിൽ തികച്ചും വ്യത്യസ്തമായി തോന്നിയ കഥ.
നല്ലൊരു വായന സമ്മാനിച്ചതിന് അദ്ദേഹത്തോട് വളരെ നന്ദി തോന്നുന്നു. 'സ്നേഹംകൊണ്ടും വിശ്വാസം കൊണ്ടും പണിത ത്രാസുകൾ' വായിച്ചപ്പോൾ പണ്ടെന്നോ കണ്ട് മറന്ന ഒരുപാട് മുഖങ്ങൾ മനസ്സിൽ തെളിഞ്ഞുവന്നു. തന്റെ കുഞ്ഞിനെയും ഒക്കത്തുവെച്ചു കുപ്പിയും പാട്ടയും പെറുക്കാൻ വരുന്ന മുത്തുലക്ഷ്മി, ഉന്തുവണ്ടി തള്ളിവരുന്ന മിഴികളിൽ ദൈന്യത സ്ഫുരിക്കുന്ന ക്രിസ്തുരാജ്, ഇരുകൈകളിലും ആറു വിരലുകളുള്ള രാജപ്പൻ അങ്ങനെ കുറെയേറെ മുഖങ്ങൾ.
ഒരാൾക്ക് മറ്റൊരാളോടുള്ള വിശ്വാസത്തിന്റെ കണക്കെടുക്കാനോ സ്നേഹത്തിന്റെ അളവെടുക്കാനോ ഉള്ള ഉപകരണങ്ങൾ ഇല്ല. അത് പരസ്പരം കെട്ടിപ്പടുക്കുന്ന ഒരു ധാരണയിൽ നിക്ഷിപ്തമായിരിക്കുന്നു. ആ ആത്മബന്ധമാണ് കഥാകൃത്തും ഹാജ്യാരും തമ്മിലുള്ളത്. ''ഹാജ്യാരുടെ ആക്രിക്കടയിൽനിന്നും ഒരാൾ ഒരു പുസ്തകം വാങ്ങുമ്പോൾ അയാൾ ഒരു ജഡമാണോ വാങ്ങുന്നതെന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്.
വി.ഐ.പി സ്യൂട്ടുകളിൽ വിമാനം കയറിപ്പോയിട്ടൊടുവിൽ ഭാരം അളന്ന് ജഡമായി ലഗേജുകളുടെ കൂട്ടത്തിൽ മടങ്ങുന്നതുപോലെ, ഉടമസ്ഥർ ഇല്ലാതാകുമ്പോൾ എത്ര മഹത്തായ പുസ്തകവും പറുദീസയിൽനിന്നും ജഡമായി ആക്രിക്കടകളുടെ ആഴത്തിലേക്ക് പതിക്കുന്നു'' എന്ന അദ്ദേഹത്തിന്റെ വരികൾ മാത്രം മതി ഈ കഥയുടെ അന്തഃസത്ത വെളിവാക്കാൻ. കച്ചവടം നടക്കുമെങ്കിൽ പെരുന്നാളിന്റെ അന്നുപോലും കട തുറക്കാറുള്ള ഹാജ്യാർ ജാതി മത ചിന്തകൾക്കനുസൃതമായി ആഘോഷങ്ങളെ മഹത്ത്വവത്കരിച്ചു കാണിക്കുന്ന ഒരു വിഭാഗം ജനങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു എന്ന് മാത്രമല്ല താൻ ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥതകൂടി വെളിവാക്കുന്നു.
ഉപയോഗശൂന്യമായ വസ്തുവകകളെ ഒഴിവാക്കാനുള്ള ത്വര മനുഷ്യസഹജമാണ്. മാത്രമല്ല, അവ സംഭരിക്കാൻ വരുന്നവരോട് ഒരുതരം അവജ്ഞ പ്രകടിപ്പിക്കുക എന്നത് സ്വാഭാവികവും. ഈ രണ്ട് പ്രക്രിയക്കും ഉത്തമ ഉദാഹരണമായി പ്രമീളയെ കഥാകൃത്ത് ഇവിടെ അവതരിപ്പിക്കുമ്പോൾ അത് ഞാനാണോ അല്ലെങ്കിൽ എന്റെ അയൽവാസിയാണോ അതുമല്ലെങ്കിൽ പരിചയത്തിലുള്ള മറ്റു വല്ലവരുമാണോ എന്ന ചിന്ത വായനക്കാരനിൽ ജനിപ്പിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
ചേതൻ ഭഗത്തിന്റെയും അരുന്ധതി റോയിയുടെയും പുസ്തകങ്ങൾ എടുത്തു മാറ്റിയിട്ടു പകരം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത വെച്ചു തൂക്കം ശരിയാക്കാൻ പറയുന്ന കഥാകൃത്ത് വലിയൊരു സത്യം നമ്മളോട് പറയാതെ പറയുന്നുണ്ട്. അവിടെയാണ് ഈ കഥയുടെ മൂല്യം കുടികൊള്ളുന്നത്.
ഹാജിയാരുടെ മരണംപോലും പാഴ് വസ്തുക്കൾക്കിടയിൽ കുടുങ്ങിപ്പോയ മനോഹരമായ ഒരു പുസ്തകംപോലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് വളരെ വേദനാജനകമായി തോന്നി. തികച്ചും മനോഹരവും ഹൃദയസ്പർശിയുമായ ഒരു വായനാനുഭവം സമ്മാനിച്ചതിന് ശ്രീകണ്ഠൻ കരിക്കകത്തിന് എന്റെ നന്ദി.
സബീന അക്ബർ, തൃശൂർ
ഫാഷിസം തകരുക തന്നെ ചെയ്യും
മാധ്യമം ആഴ്ചപ്പതിപ്പിൽ 'തുടക്കം' പംക്തിയിൽ (ലക്കം: 1271) എഴുതിയ 'ജനത്തിനുനേരെ പ്രതികാരം' വായിച്ചു. പറഞ്ഞതിനോട് യോജിക്കുന്നു. ഗുജറാത്ത് വംശഹത്യ കേസിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതിപോലും ക്ലീൻ ചിറ്റ് നൽകി എല്ലാവരെയും വെറുതെ വിട്ടുവല്ലോ. ഗുജറാത്തിലെ കോൺഗ്രസ് മുൻ എം.പി ക്രൂരമായി കൊല്ലപ്പെട്ട ജാഫരിയുടെ ഭാര്യയുടെ കേസ് കോടതി നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. ബി.ജെ.പി കേന്ദ്രം ഭരിക്കുന്നതിനാൽ ഈ കേസിലെ പ്രതികളെ എല്ലാം (യഥാർഥത്തിൽ കുറ്റക്കാരാണ് എങ്കിലും) വെറുതെ വിട്ടതിൽ അത്ഭുതമില്ല. ഇതിൽ പറഞ്ഞപോലെ മോദിക്കെതിരെ തെളിവ് നൽകിയ സാമൂഹികപ്രവർത്തകരായ ആർ.ബി. ശ്രീകുമാർ, ടീസ്റ്റ സെറ്റൽവാദ്, സഞ്ജീവ് ഭട്ട് എന്നിവരെയെല്ലാം ജയിലിലാക്കുകയും ചെയ്തു. എന്റെ സുഹൃത്ത് കൂടിയായ മലയാളി ആർ.ബി. ശ്രീകുമാറുമായി ഞാൻ സംസാരിച്ചിരുന്നു. ജാഫരി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടത് ജനാധിപത്യവാദികളെ ദുഃഖിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം ഫോണിൽ എന്നോട് സംസാരിച്ചിരുന്നു. ഈ വിധിയിൽ അദ്ദേഹം ദുഃഖംപ്രകടിപ്പിച്ചു. അന്ന് വൈകീട്ട് ടി.വി ചാനലിൽകൂടി ആർ.ബി. ശ്രീകുമാറിനെയും ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റ് ചെയ്ത വാർത്ത കാണുന്നത് എന്നിൽ ഞെട്ടലുണ്ടാക്കി. ഇത് ബി.ജെ.പി സർക്കാറിന്റെ പ്രതികാരനടപടി തന്നെയായാണ് എന്നുപറയേണ്ടതില്ലല്ലോ. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളോട് (പ്രത്യേകിച്ച് മുസ്ലിം) ഉള്ള പ്രതികാരവും വെല്ലുവിളിയുമാണ്. 'തുടക്ക'ത്തിൽ പറഞ്ഞപോലെ ഫാഷിസത്തിന് നീണ്ടകാല നിലനിൽപില്ല. ഒരുകാലത്ത് അത് തകരും. അല്ലെങ്കിൽ അവശ, പിന്നാക്ക മതന്യൂനപക്ഷങ്ങൾ ചേർന്ന് തകർക്കും. കാരണം രാജ്യത്തെ മഹാഭൂരിപക്ഷവും പിന്നാക്ക, അവശ, മതന്യൂനപക്ഷങ്ങളാണ്. സവർണ ഫാഷിസ്റ്റുകൾ ന്യൂനപക്ഷമാണ്. അവരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെങ്കിലും.
ആർ. ദിലീപ് മുതുകുളം
അറിയിപ്പ്
സംസ്കാരസാഹിതി സാഹിത്യക്യാമ്പ്
സംസ്കാരസാഹിതി സംസ്ഥാന കമ്മിറ്റി തൃശൂരിൽ നടത്തുന്ന സാഹിത്യക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. നവാഗതരായ എഴുത്തുകാർക്കും കോളജ് വിദ്യാർഥികൾക്കും വേണ്ടിയുള്ളതാണ് ക്യാമ്പ്. താൽപര്യമുള്ളവർ ബയോഡേറ്റയും സ്വന്തം രചനയും (കഥ/കവിത) സഹിതം ഡോ. അജിതൻ മേനോത്ത്, കോഓഡിനേറ്റർ, സംസ്കാര സാഹിതി, അക്ഷയ ഹാവെൻസ്, കാര്യാട്ടുകര, തൃശൂർ-680611, ഫോൺ 9249796802 (ഇ-മെയിൽ ajithanmenoth@gmail.com) എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 20.
സാഹിത്യരചനാ മത്സരം നടത്തുന്നു
സമസ്ത കേരള സാഹിത്യപരിഷത്ത് ഹൈസ്കൂൾ-കോളജ് വിദ്യാർഥികൾക്കായി സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു. കഥ, കവിത, നാടകം, സാഹിത്യവിമർശനം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. സാഹിത്യവിമർശനം എന്ത്, എന്തിന്? എന്നതാണ് സാഹിത്യവിമർശനത്തിന്റെ മത്സരവിഷയം. നാലുവിഭാഗത്തിലും ഒന്നാം സമ്മാനാർഹമാകുന്ന സൃഷ്ടിക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. മത്സരത്തിനയക്കുന്ന സൃഷ്ടികൾ മുമ്പ് പ്രസിദ്ധീകരിച്ചയാകരുത്.
രചനകൾ സ്ഥാപനമേധാവികളുടെ സാക്ഷ്യപത്രത്തോടൊപ്പം ജനറൽ സെക്രട്ടറി, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഹോസ്പിറ്റൽ റോഡ്, എറണാകുളം, കൊച്ചി-682 011 എന്ന വിലാസത്തിൽ ജൂലൈ 31നകം ലഭിക്കണം.
ഗാനരചനാ മത്സരം
പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ ഗാനരചനാമത്സരം സംഘടിപ്പിക്കുന്നു. സാമൂഹികപ്രസക്തിയുള്ളതും പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്നതുമായ വിപ്ലവഗാനങ്ങൾ, സംഘഗാനങ്ങൾ എന്നിവക്ക് മുൻഗണന നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം.
തെരഞ്ഞെടുക്കുന്ന 10 ഗാനങ്ങൾ സംഗീതംചെയ്ത് സി.ഡിയാക്കുകയും സാക്ഷ്യപത്രങ്ങൾ നല്‍കുകയും ചെയ്യും. രചനകൾ അയക്കേണ്ട വിലാസം : ബാബുരാജ് വൈറ്റില, പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ, ഇ.ആർ.ജി റോഡ്, ഹൈകോടതിക്ക് എതിർവശം, കൊച്ചി - 682 018. അവസാന തീയതി 2022 ജൂലൈ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.