തൊണ്ണൂറ്റിയാറു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കഥാകൃത്തിനു ഒരു കൊച്ചനിയത്തിയെ കിട്ടുന്നു. സ്വയം തെറ്റുതിരുത്തി എത്തിയവളാണ് ആ എഴുത്തുകാരി. കഥാകൃത്ത് പട്ടത്തെ ആയുർവേദിക് റിസർച് സെന്ററിലെ ചികിത്സയിൽ കഴിയുമ്പോഴാണ് ആ എഴുത്തുകാരി അദ്ദേഹത്തെ കാണാൻ വരുന്നത്. കാമ്പസ് ജീവിതകാലത്തെ ഒരു തെറ്റിന് ക്ഷമ ചോദിക്കുക കൂടി അവരുടെ ഉദ്ദേശ്യമായിരുന്നു. എന്തായിരുന്നു ആ തെറ്റ് എന്നു വിവരിക്കുന്നില്ല. ടി. പത്മനാഭന്റെ കഥകളുടെ കാന്തിവിശേഷം മുഴുവൻ ഈ കഥയിലുമുണ്ട് (ലക്കം 1409). കാത്തിരുന്ന് മാധ്യമത്തിൽ ഈ കഥ വായിക്കാൻ പ്രത്യേകിച്ച് ഒരു കാരണംകൂടിയുണ്ട്. പത്മനാഭൻ ഈ കഥ മറക്കാതെ വായിക്കണമെന്നു പ്രത്യേകം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് ഞാൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച അമ്പത്തിരണ്ടു പഠനങ്ങളുടെ സമാഹാരമായ ‘ഭാവം പത്മനാഭം’ സമർപ്പിക്കാൻ എത്തിയതായിരുന്നു ഞങ്ങൾ. എഴുത്തുകാരായ ഡോ. ദീപേഷ് കരിമ്പുങ്കരയും ഡോ. ജൈനിമോൾ കെ.വിയും ഡോ. സുനിൽ ജോസും ഡോ. സിബി കുര്യനും എന്നോടൊപ്പമുണ്ടായിരുന്നു. ‘കൊച്ചനിയത്തി’ എന്നാണ് കഥയുടെ പേര് എന്നും പ്രിയപ്പെട്ട കഥാകൃത്ത് ഞങ്ങളോട് പറഞ്ഞു. രാമചന്ദ്രൻ തുടക്കത്തിലും ഒടുക്കത്തിലും കഥയിൽ വരുന്നുണ്ടെന്നും പറഞ്ഞു. അന്നു മുതൽ കഥ വായിക്കാൻ കാത്തിരുന്നു. അഭിപ്രായങ്ങൾ ധീരമായും സത്യസന്ധമായും എന്നും വിളിച്ചുപറഞ്ഞ കഥാകൃത്തിന്റെ കഥയിലും ആ ധീരതയും സത്യസന്ധതയും വായിക്കാം. മലയാളത്തിൽ പത്മനാഭനു തുല്യം പത്മനാഭൻ മാത്രം. അദ്ദേഹത്തിന്റെ 76ാം എഴുത്തു വർഷത്തിൽ ഒരു വിശേഷാൽ പതിപ്പ് ഇറക്കാൻ മാധ്യമം കാണിച്ച സ്നേഹത്തിന് വായനക്കാരുടെ കൂപ്പുകൈ.
ഡോ. തോമസ് സ്കറിയ, പ്രഫസർ, മലയാള വിഭാഗം, സെന്റ് തോമസ് കോളജ്, പാലാ
ടി. പത്മനാഭൻ പതിപ്പ് (ലക്കം 1409) ഉചിതവും ആദരസൂചകവുമായി. അഭിമുഖത്തിൽ ഒരിടത്ത് ടി. പത്മനാഭൻ പ്രായാധിക്യംമൂലം കണ്ണിനുണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. പത്രക്കാർ തലക്കെട്ടുകൾ നീല, ചുവപ്പ് അക്ഷരങ്ങളിൽ അച്ചടിക്കുമ്പോൾ വായനയിലുണ്ടാകുന്ന തടസ്സവും പരാതിയും ഈ അഭിമുഖത്തിൽ വായിക്കാം. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തെ കുറിച്ചുള്ള മിക്ക എഴുത്തിന്റെയും തലക്കെട്ടുകൾ നീല അക്ഷരങ്ങളായത് അദ്ദേഹത്തെ എത്രമാത്രം ക്ലേശിപ്പിച്ചിട്ടുണ്ടാകും എന്ന സങ്കടവും ആശങ്കയും പങ്കിടുന്നു. ആ ലക്കത്തിലെങ്കിലും ശീർഷകങ്ങൾ കറുത്ത അക്ഷരങ്ങളിൽ മതിയായിരുന്നു എന്ന് തോന്നി.
അജിത്, തൃപ്പൂണിത്തുറ
ഇ.പി. ശ്രീകുമാറിന്റെ സ്വരം എന്ന നോവലിന് ആഷാമേനോൻ എഴുതിയ പഠനം രണ്ടു ലക്കങ്ങളിൽ (1407, 1408) വായിച്ചത് മാനസികമായ നവോന്മേഷം പകർന്നു. നാനാവിധമായ ബഹളങ്ങളിലും അസ്വസ്ഥതകളിലും ആണ്ട് മുങ്ങിപ്പോകുന്ന മനസ്സിനെ ധൈഷണികതയുടെ മാന്ത്രിക സ്പർശംകൊണ്ട് ശാന്തമാക്കി, ധ്യാനാത്മകതയുടെ ശമനൗഷധം പകർന്ന് പരിചരിക്കുന്നതുപോലെ ഏറെ ധന്യമായ അനുഭൂതി പകരുന്നതായിരുന്നു ആഷാമേനോന്റെ സംഗീതബദ്ധമായ ഈ ‘സ്വരാ’ർച്ചന. പാരിസ്ഥിതികമായ ഉൾക്കാഴ്ചയോടെ സാഹിത്യ കൃതികളുടെ ലാവണ്യതലങ്ങളാരാഞ്ഞ് അഭിനന്ദനീയമാം വിധം വിജ്ഞാനത്തിന്റെ ആഴപ്പരപ്പുകളിൽ സദാ വിരാജിക്കുന്നു ആഷാ മേനോന്റെ ജാഗ്രത്തായ നിരൂപക ചേതസ്സ്.
ശാന്തസമുദ്രത്തിലെ കപ്പലിൽനിന്ന് പുറപ്പെടുവിച്ച സംഗീതവീചികളോട് സക്രിയമായി പ്രതികരിച്ച് അനുധാവനം ചെയ്യുന്ന beluga whale എന്ന നീലത്തിമിംഗലങ്ങളെക്കുറിച്ച് എഴുതിക്കൊണ്ട്, സംഗീതപ്രധാനമായ ഇ.പി. ശ്രീകുമാറിന്റെ കൃതിയെക്കുറിച്ച പഠനം തുടങ്ങുമ്പോഴും പ്രകടമാകുന്നത് ഈ അനുഗൃഹീത നിരൂപക പ്രതിഭയിൽ സുവാസിതമായ പാരിസ്ഥിതിക വിവേകത്തിന്റെ ഇനിമയും ആർദ്ര ജലശയ്യകളുമാണ്.
സംഗീത സൗന്ദര്യാവബോധത്തിന്റെ അപാരമായ വിസ്തൃതിയിൽ വിഹരിച്ചുകൊണ്ട് ആഷാമേനോൻ സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നത് വായിച്ചപ്പോൾ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ, ഉദയാസ്തമയങ്ങൾ ഷഡ്ജ ധൈവതങ്ങളാം ഗഗന മഹാ രാഗമാകുന്ന ഗസലിലെ വരികൾ ഓർത്തു. പലിശ, പറ്റുപടി, വൈദ്യനും വാടകയും പകുത്തെടുക്കുന്ന നിത്യ ജീവിത ഋണ ധന ഗണിതത്തിന്റെ ദുഷ്കര പദപ്രശ്നത്തിലിഴുകിയൊഴുകുന്ന ഗസലിൽ ചുള്ളിക്കാട് എഴുതുന്നു:
‘‘ഗണിതമല്ലോ താളം
താളമാകുന്നു കാലം
കാലമോ സംഗീതമായ്
പാടുന്നു ഗുലാം അലി.’’
മഹത്തായ ഇന്ത്യൻ സംസ്കൃതിയിൽനിന്ന് ഉരുവമാർന്ന മുരളികയും ബാവുൽ ശ്രുതികളും അഷ്ടപദിയും ജയദേവനും ദേവനന്ദനും ത്യാഗരാജനും ബിസ്മില്ലാഖാനും ബാംഗ്ലൂർ നാഗരത്നമ്മയും ഷഡ്കാല ഗോവിന്ദമാരാരുമൊക്കെ വിചാരഗതിയിൽ വരുന്ന ആഷാമേനോന്റെ ആഴത്തിലുള്ള പഠനത്തിലൂടെ ഇ.പി. ശ്രീകുമാറിന്റെ കൃതിയുടെ ഉള്ളടക്കം അപാരമായ വിസ്തൃതിയിലേക്ക് വിടരുന്നു. എന്നെപ്പോലെ ‘സ്വരം’ ഇതുവരെ വായിക്കാനാകാത്തവർക്ക് അത് വായിക്കാതെ പോകുന്നത് വലിയ നഷ്ടമാകുമെന്ന് ബോധ്യപ്പെടുത്താൻ ഈ പഠനം പര്യാപ്തമാകുന്നുണ്ട്.
അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക ദൂഷണം പോലെതന്നെ, ബഹുസ്വരതയുടെ രാഗ ഗംഗാ പ്രവാഹത്തിൽ പുഷ്കലമായ ഇന്ത്യൻ സംസ്കൃതിയുടെ ഉറവിടങ്ങളിലെല്ലാമിന്ന് മത വിദ്വേഷത്തിന്റെ കാളകൂടം കലക്കി വെറുപ്പും ശത്രുതയും വിളയിച്ചുകൊണ്ടിരിക്കുന്നു, ആഷാമേനോന്റെതന്നെ വാക്കുകളിൽ ‘‘ഒരേ സമയം കഅ്ബയെയും സാരാനാഥിനെയും ഹൃദയത്തിൽ വഹിച്ചു
കൊണ്ട് താരതമ്യമില്ലാത്ത നേർമകൾ നുകർന്നു ജീവിക്കുന്ന’’വർക്കിടയിൽ ഹിംസയുടെ രാഷ്ട്രീയം നട്ടുവളർത്തി സമൂഹത്തെ ശിഥിലീകരിച്ച്, ആ പിളർപ്പിലൂടെ തമോമയ ശക്തികൾ അധികാര സോപാനത്തിലേക്ക് എളുപ്പവഴി വെട്ടുമ്പോൾ, തപോധന്യമായ ഏകാഗ്രതയോടെ എഴുതുന്ന ആഷാമേനോന്റെ വേറിട്ട ചിന്തകൾക്ക് പ്രസക്തിയേറുന്നു.
‘‘താര പരിവേഷങ്ങളിൽനിന്നും ആരവങ്ങളിൽനിന്നും അകന്നുമാറി, ചിദാകാശത്തിന്റെ സാത്വിക നൈർമല്യങ്ങളിലേക്ക് ഉന്മുഖമായി, അനുഷ്ഠാന വിശുദ്ധിയോടെ ജ്ഞാനതപസ്സിൽ മരുവുന്നു ഈ പ്രതിഭാശാലി. ഹൃദയ സരസ്സിൽ വിടരുന്ന സാരസ്വതത്തെ ധ്യാനിച്ച് അറിവിന്റെ തീര രേഖകൾ മറികടന്നുകൊണ്ടുള്ള തീർഥയാത്രയിലൂടെ ആഷാമേനോന്റെ മനീഷ സ്വായത്തമാക്കുന്നത് വിജ്ഞാനത്തിന്റെ നവംനവങ്ങളായ ചക്രവാളങ്ങളാണ്. ധൈഷണികതയുടെ പ്രകാശതീരങ്ങളിലൂടെ സംസ്കാരത്തിന്റെ അമൃത സലിലങ്ങൾ തേടിയുള്ള ആത്മായനത്തിനിടക്ക് പ്രശസ്തിയുടെ വെള്ളി വെളിച്ചമോ കുഴലൂത്തുകാരുടെ തിരുവാഴ്ത്തു മൊഴികളോ ഒന്നും ഈ മുനിമാനസനെ ഭ്രമിപ്പിക്കുന്നില്ല’’ എന്ന് രണ്ട് പതിറ്റാണ്ട് മുമ്പ് ആഷാമേനോനെക്കുറിച്ച് ഈയുള്ളവൻ ഒരു ലേഖനത്തിൽ എഴുതിയത് സാന്ദർഭികമായി അനുസ്മരിക്കട്ടെ.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞ് മരണം കാത്ത് ഐ.സി.യുവില്‍ കിടക്കുന്ന കരുണാകരനാണ് സച്ചിദാനന്ദൻ എഴുതിയ ‘ദയാവധ’ത്തിലെ പ്രധാന കഥാപാത്രം (ലക്കം 1408). ഇടയ്ക്കിടെ ഐ.സി.യുവില്‍ കിടക്കേണ്ടി വരുന്ന എനിക്ക് ഈ കഥ ഇഷ്ടമാകാനുള്ള കാരണം മെയിൻ കഥാപാത്രത്തിന്റെ വിചാരഗതികളും ഐ.സി.യുവിലെ രീതികളും കൃത്യമായി എഴുതിയിരിക്കുന്നു എന്നതാണ്. എത്ര തണുപ്പുള്ള രാത്രിയാണേലും നാലു മണിക്ക് എണീപ്പിച്ച് നഴ്സുമാര്‍ തരുന്ന ‘തുടച്ചുകുളി’ അടക്കം എല്ലാം കൃത്യമായി കോറിയിട്ടിരിക്കുന്നതിൽനിന്നും കഥാകൃത്തിനും ഐ.സി.യു അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം. ‘‘പോകാറായോ ഡോക്ടര്‍?’’ എന്ന് സഹധർമിണി ചോദിക്കുമ്പോള്‍ ‘‘ഇവിടെ എത്ര ദിവസം കിടക്കാം ഡോക്ടറേ’’ എന്നാണ് രോഗി നിശ്ശബ്ദമായി ചോദിക്കുന്നത്. അയാളുടെ ഭൂമിയിലെ ദൗത്യം തീര്‍ന്നു. ഇനി ഇവിടെ നിന്നും രക്ഷപ്പെടണം. വാർധക്യത്തിലെത്തിയ എല്ലാവരും ചിന്തിക്കുന്നത് അങ്ങനെതന്നെ ആയിരിക്കും. അയാള്‍ അപ്പോൾ ‘ദയാവധം’ അഥവാ ‘യൂത്തനേഷ്യ’യെക്കുറിച്ചോർക്കുന്നു. അത് ഉള്ളംകൈയില്‍ കോറിയിട്ട് ഡ്യൂട്ടി ഡോക്ടറെ കാണിക്കുന്നു. ഡോക്ടര്‍ക്ക് സമ്മതം. ‘ബ്രെയിന്‍ ഡെഡ്’ മതിയോന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍ രോഗി തലയാട്ടുന്നു. കഥ തീരുന്നു.
വലിയ വാചാടോപങ്ങള്‍ ഒന്നും ഇല്ലാത്ത കഥ. ബീജഗണിത നിര്ധാരണംപോലെ ബുദ്ധികൊണ്ട് ചര്‍വണം ചെയ്യേണ്ടതായി ഒന്നുമില്ല. ആസ്വാദ്യകരമായ ഒരു യാത്രാമൊഴിപോലെ കഥ തീരുന്നു. ഹ്രസ്വവും ഹൃദ്യവുമായ രീതിയില്‍ കഥ പറഞ്ഞിട്ടുണ്ട് സച്ചിദാനന്ദന്.
ഒരു നക്സലൈറ്റിന്റെ വിചാരഗതികളിലൂടെ സഞ്ചരിക്കുന്ന ബിജു പുതുപ്പണത്തിന്റെ ‘സങ്കടലഹരി’യും വായനസുഖം തരുന്ന കഥയാണ്. ‘‘നമ്മള് കാണിക്കുന്ന കരുണയില്പോലും സൗകര്യത്തിനനുസരിച്ച് വിവേചനം കാണിക്കുന്ന ഹാസ്യാത്മക അഹിംസാവാദം’’, ‘‘ചൂഷണങ്ങളും, ക്രൂരതകളുംകൊണ്ട് വെട്ടിപ്പിടിച്ച അളിഞ്ഞ സമ്പത്തിനു മുകളിലിരുന്ന് അഹങ്കരിക്കുന്ന മനുഷ്യരൂപം പൂണ്ടവര്‍’’ തുടങ്ങിയ ‘ഫിലോസഫിക്കല്‍ ചിന്തകള്‍’ നിറച്ച ഈ കഥ എന്നെ പ്രബോധിതനാക്കുന്നു. സൂക്ഷ്മതേയാടെ എഴുതിയിരിക്കുന്ന കഥ, പരീക്ഷണത്തിന്റെ അര്‍ഥമല്ല ജീവിതത്തിന്റെ കാതലെന്നും ഉള്‍ക്കാഴ്ചയുടെ അര്ഥമാണതെന്നും പറഞ്ഞുതരുന്നു.
സണ്ണി േജാസഫ്, മാള
കഥകൾ കനലുകളായി പുകഞ്ഞു കിടക്കുന്ന ജീവിതങ്ങൾ നമുക്കിടയിൽ ഇന്നും സുലഭമാണ്. സാമ്പത്തിക പുരോഗതിയും സാങ്കേതികജ്ഞാന വിപ്ലവവുമൊക്കെ പുളഞ്ഞുപായുന്ന നമ്മുടെ സമൂഹത്തിൽ ഇരുട്ടുമാറാത്ത ചിലയിടങ്ങൾ, പുറമ്പോക്കുകളായി നിലനിൽക്കുന്ന ഇടങ്ങളിലെ ജീവിതങ്ങൾ എങ്ങനെയൊക്കെയാണെന്ന് അറിയാൻ പൊതുവേ ആർക്കും താൽപര്യവുമില്ല. എന്നാൽ ചില എഴുത്തുകാർ അത്തരം ഇടങ്ങളിലേക്ക് കടന്നുചെല്ലുകയും അവിടെ ആറിത്തണുത്തു കിടക്കുന്ന മനുഷ്യരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവരുകയും, വായനക്കാർക്ക് ആഹ്ലാദം പകരുന്ന തരത്തിൽ എടുത്തുകാട്ടുകയും ചെയ്യാറുണ്ട്. അത്തരമൊരു കഥയാണ് മാധ്യമത്തിൽ (ലക്കം 1407) വായിച്ചത്.
‘കണ്ണാടി പ്രതിഷ്ഠ’ എന്ന മങ്ങാത്ത കാഴ്ച മലയാളത്തിന്റെ ആത്മഹർഷമാണല്ലോ. അതേ പേരിൽ ശ്രീകണ്ഠൻ കരിക്കകം കരുത്തുറ്റ ഒരു കഥ പറയുന്നത് പുറമ്പോക്കിലെ രണ്ടര സെന്റിൽ ദുരിതജീവിതം നയിക്കുന്ന തങ്കോണിയുടെയും മകൾ പതിനെട്ടുകാരിയായ വൈഗയുടെയും തിളക്കുന്ന ജീവിതത്തെ മുൻനിർത്തിയാണ്.
‘‘... അവൾ സൈക്കിൾ ചവിട്ടി സ്കൂളിൽ പോയി. മുടി ക്രോപ്പു ചെയ്തു. മഴക്കാലത്തും കണ്ണിൽ ഇരുണ്ട നിറമുള്ള സൺഗ്ലാസ് വെച്ചു. പറയുന്ന മൂന്നിൽ രണ്ടു വാക്കിലും ഇംഗ്ലീഷ് പിടിപ്പിച്ചു. കൊറിയൻ പാട്ടുകൾ പാടി. പ്രേമം പറഞ്ഞു വന്നവർക്കെല്ലാം എൻട്രി പാസ് കൊടുത്തു. ചില മണ്ണുണ്ണികളോട് ശംഖുംമുഖത്തെ കടൽ സ്ത്രീധനമായി കൊടുക്കാമെന്നു പറഞ്ഞു. ചില ഞരമ്പുരോഗികളോട് പുത്തരിക്കണ്ടത്ത് നക്ഷത്രങ്ങളെ എണ്ണി അന്തിയുറങ്ങാമെന്ന് പറഞ്ഞു. അദാനിയിൽനിന്ന് തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും വാങ്ങാമെന്ന് പറഞ്ഞു...’’
ഇങ്ങനെയുള്ള ഏകമകൾ അമ്മ തങ്കോണിയുടെ മുന്നിൽ ജീവിതത്തെ ആവേശത്തോടെ നിവർത്തിയിടുകയാണ്:
‘‘നിങ്ങളിനി പട്ടിണി കൊടക്കൂല്ല, പറട്ട തള്ളേ... ഞാനാണ് പറയണത്.’’
കഥയുടെ വികാസവഴിയിൽ വായനക്കാരെ ജാഗ്രതയോടെ കൊണ്ടുപോയി ആഹ്ലാദത്തിലെത്തിക്കാൻ കഥാകൃത്ത് കാട്ടുന്ന മികവ് അതേപടി ചിത്രങ്ങളിലാക്കിയിട്ടുണ്ട് ചിത്രകാരൻ തോലിൽ സുരേഷ്.
ഇടക്കാട് സിദ്ധാർഥൻ(ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.