യുക്രെയ്ൻ രചനകളുടെ സമകാലിക ദർശനങ്ങൾ

യുക്രെയ്ൻ രചനകളുടെ സമകാലിക ദർശനങ്ങൾ

യുക്രെയ്നിൽനിന്നുള്ള 15 പ്രധാനപ്പെട്ട സാഹിത്യകാരന്മാരുടെ രചനകളുടെ സമാഹാരമായ ‘The White Chalk of Days’ എന്ന പുസ്തകം വായിക്കുന്നു. യുക്രെയ്ൻ നേരിടുന്ന റഷ്യൻ സൈനിക ആക്രമണത്തിന്റെ യാതനകൾ നിറഞ്ഞ ദുരന്താനുഭവങ്ങളുടെ കഥകൾ ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതരം വാർത്തകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. 20ാം നൂറ്റാണ്ട് യുക്രെയ്നെ സംബന്ധിച്ചിടത്തോളം ശരിക്കും നാശകാരിയായ കാലഘട്ടംതന്നെയായിരുന്നു. 1990-91 കാലയളവിൽ മിഖായേൽ ഗോർബച്ചേവിന്റെ കീഴിലെ റഷ്യൻ ഭൂമികക്കുണ്ടായ തകർച്ച ഫലത്തിൽ സോവിയറ്റ് യൂനിയനുണ്ടായ തകർച്ചതന്നെയായിരുന്നു. റഷ്യയിലും മറ്റ്​ കിഴക്കൻ യൂറോപ്യൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും...

യുക്രെയ്നിൽനിന്നുള്ള 15 പ്രധാനപ്പെട്ട സാഹിത്യകാരന്മാരുടെ രചനകളുടെ സമാഹാരമായ ‘The White Chalk of Days’ എന്ന പുസ്തകം വായിക്കുന്നു.

യുക്രെയ്ൻ നേരിടുന്ന റഷ്യൻ സൈനിക ആക്രമണത്തിന്റെ യാതനകൾ നിറഞ്ഞ ദുരന്താനുഭവങ്ങളുടെ കഥകൾ ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതരം വാർത്തകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. 20ാം നൂറ്റാണ്ട് യുക്രെയ്നെ സംബന്ധിച്ചിടത്തോളം ശരിക്കും നാശകാരിയായ കാലഘട്ടംതന്നെയായിരുന്നു. 1990-91 കാലയളവിൽ മിഖായേൽ ഗോർബച്ചേവിന്റെ കീഴിലെ റഷ്യൻ ഭൂമികക്കുണ്ടായ തകർച്ച ഫലത്തിൽ സോവിയറ്റ് യൂനിയനുണ്ടായ തകർച്ചതന്നെയായിരുന്നു. റഷ്യയിലും മറ്റ്​ കിഴക്കൻ യൂറോപ്യൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായി.

വളരെക്കാലമായി തങ്ങൾ മനസ്സിൽ സൂക്ഷിച്ച സ്വാതന്ത്ര്യ ചിന്തകൾക്ക് അനുകൂലമായ കാലം വന്നെത്തിയതിൽ യുക്രെയ്ൻ ജനത സന്തോഷിച്ചു. ഇന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 34 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷേ, ഇന്നത്തെ റഷ്യൻ പ്രസിഡന്റായ പുടിന്റെ അധികാര മോഹങ്ങൾക്കെതിരെ യുക്രെയ്ൻ ഭൂമിക്കെതിരെ ധീരമായി പോരാടിയതിന്റെ കഥകൾ കേൾക്കുന്നു. വൻ നാശമാണ് പുടിന്റെ റഷ്യൻ സൈന്യം വരുത്തിവെച്ചത്. ഇപ്പോഴും റഷ്യൻസൈന്യത്തിന് അന്തിമവിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഒരു ആന്തോളജിയുടെ രൂപത്തിൽ പുറത്തുവന്നിരിക്കുന്ന പുസ്തകത്തിൽ യുക്രെയ്നിൽനിന്നുള്ള 15 പ്രധാനപ്പെട്ട സാഹിത്യകാരന്മാരുടെ രചനകൾകൊണ്ട് സമ്പന്നമാണ്. 2017ൽ പ്രസിദ്ധീകരിച്ച ദിനങ്ങളുടെ ‘ധവളമൃത്തികകൾ’ (The White Chalk of Days) എന്ന പുസ്തകത്തിന്റെ ഒരു പുനഃപ്രസിദ്ധീകരണമായി ഇതിനെ കാണണമെന്ന് ആമുഖത്തിൽതന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. യുക്രെയ്ൻ ഭൂമികയുടെ ചരിത്രവും രാഷ്ട്രീയബോധവും സംസ്കാരവും പ്രതീകാത്മകമായി ഇതിലെ രചനകളിൽ സമന്വയിക്കപ്പെട്ടിരിക്കുന്നുവെന്നത് ഒരു വലിയ സർഗാത്മകമായ ചുവടുവെപ്പായി കാണേണ്ടിയിരിക്കുന്നു.

20ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളുടെയും 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളുടെയും പ്രതിനിധികളായി ഇതിലൂടെ കടന്നുവരുന്ന എഴുത്തുകാർക്ക് അവരുടേതായ സ്വാതന്ത്ര്യബോധത്തിന്റെ ദാർശനികമായ സ്പർശം അനുഭവിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. അവരുടെ സർഗാത്മകമായ ആകാശത്തിലെ പ്രകാശബിന്ദുക്കളെ അണക്കാൻ ഏകാധിപതി പുടിനുപോലും കഴിഞ്ഞിട്ടില്ല. ജോസഫ് സ്റ്റാലിന്റെ കാലത്തെ പ്രതിസന്ധികളെ പോലും നാണിപ്പിക്കുന്ന മനുഷ്യക്കുരുതിയാണവിടെ നിത്യവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ സാഹിത്യരചനകൾ ശരിക്കും ഇന്നത്തെ യുക്രെയ്ൻ ഭൂമികയുടെ സ്വാതന്ത്ര്യ നിഷേധങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ അടക്കാനാവാത്ത ചരിത്രത്തിന്റെ വേറിട്ടൊരു മുഖത്തെ എടുത്തുകാണിക്കുന്നു.

ഏതു രീതിയിലാണ് യുക്രെയ്ൻ ജനത ആക്രമണത്തിനെതിരെ നിശ്ശബ്ദ പ്രതിരോധത്തിലൂടെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതെന്നുള്ളതും പ്രത്യേകം എടുത്തുകാണിക്കുന്നു. ഇന്നത്തെ യുക്രെയ്ന്റെ യഥാർഥ പ്രശ്നങ്ങളെ അതിരുകൾ ലംഘിച്ച് ലോകജനതക്കു മുന്നിൽ വെക്കാനും പുസ്​തകത്തിന്​ കഴിഞ്ഞിരിക്കുന്നു.

നോവൽ, കഥ, കവിത, ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിലെ ഒരു സമ്പന്നമായ സാന്നിധ്യംതന്നെ ഈ സമാഹരണത്തിലുണ്ട്. യുക്രെയ്ന്റെ സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പുതന്നെ കലാപരമായ പ്രകടനങ്ങൾക്കുള്ള സ്വാതന്ത്ര്യം അവിടത്തെ മുൻനിര എഴുത്തുകാർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്കയുടെ പതനത്തിന്റെ വിഷാദാത്മകമായ ഒരന്തരീക്ഷം ആകെ ആവരണം ചെയ്തിരുന്ന അന്തരീക്ഷത്തിൽ സ്വന്തം സ്വാതന്ത്ര്യബോധത്തിന്റെ തീക്കനലുകൾ അവർ അണയാതെ സൂക്ഷിച്ചു.

അന്നുണ്ടായിരുന്ന സോവിയറ്റ് സോഷ്യലിസ്റ്റ് റിയലിസത്തെ പാടെ അവഗണിക്കാനും അവർ തയാറായി. വരികൾക്കിടയിൽനിന്നുമുള്ള വായനയിലൂടെ പുതിയ വായനക്കാർക്കിതിനെ തിരിച്ചറിയാനും കഴിയുമായിരുന്നു. ​ഗ്ലാസ്നോസ്തിന്റെ പരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്തിയിരുന്ന സർഗാത്മകതയുടെ പുതിയ തലങ്ങൾ സ്വന്തമാക്കാനുള്ള ത്വര പുതിയ യുക്രെയ്നിലെ എഴുത്തുകാർ ശരിക്കും ഉൾക്കൊണ്ടു.

യുക്രെയ്ൻ ദേശീയ പാരമ്പര്യത്തിന്റെ വേരുകൾ തേടിയുള്ള യാത്രയിൽ പുതിയ സൃഷ്ടികൾ പിറന്നു. പോസ്റ്റ് മോഡേൺ ആശയങ്ങളുടെ സൃഷ്ടിതാളങ്ങളിൽ പുതിയ കഥയും കവിതയും പിറന്നതിന്റെ ആഹ്ലാദങ്ങൾ ഈ സമാഹാരത്തിലെ രചനകളിൽ പ്രകടമാകുന്നുമുണ്ട്. ചെർണോബിൽ ദുരന്തം വരുത്തിയ നാശങ്ങളുടെ ഓർമകളിൽനിന്ന് ഒരു ‘പോസ്റ്റ് ചെർണോബിൽ’ സാഹിത്യത്തിനുള്ള വഴികൾ തുറക്കാനും അവർക്ക് കഴിഞ്ഞു. ശരിക്കും യുക്രെയ്നിന്റെ സ്വന്തം ആശയങ്ങളിൽനിന്ന് ജന്മംകൊള്ളുന്ന സാഹിത്യത്തെയാണവർ വിഭാവന ചെയ്തിരുന്നത്. യുക്രെയ്നിന്റെയും ലോക ചരിത്രത്തിന്റെയും കൃത്യമായ ഒരു സമന്വയത്തിന്റെ സ്പർശം തങ്ങളുടെ പുതിയ സൃഷ്ടികളിലൂടെ അവർക്കവതരിപ്പിക്കാനും കഴിഞ്ഞു.

ഈ സമാഹാരത്തിൽ ആദ്യമായുൾപ്പെടുത്തിയിരിക്കുന്ന രചന ആന്ദ്രെ കുർക്കോവിന്റെ (Adrey Kurkov) 2012ൽ ഇറങ്ങിയ ‘ജിമി ഹെൻഡ്രിക്സ് ലിവിൽ താമസിക്കുന്നു’ (Jimi Hendrix live in Liviv) എന്ന നോവലിന്റെ ഒരു ഭാഗമാണ്. യുക്രെയ്നിലെ ലിവിലുള്ള ഹിപ്പി സമൂഹത്തിന്റെ 1970 കാലത്തെ ജീവിതസമസ്യകളെയാണ് അതിൽ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത്. കിയവ് നഗരത്തിൽ താമസിക്കുന്ന കുർകോവിന് തന്റെ നഗരത്തെക്കുറിച്ചുള്ള മിത്തുകളെ നോവലിന്റെ തലങ്ങളിൽ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.

ലിവിൽ വെച്ചാണീ നോവൽ രചനക്കദ്ദേഹം തയാറാക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട പല കഥാപാത്രങ്ങളും അവിടെ ജീവിച്ചിരിക്കുന്നവരാണ്. അവർ ഹിപ്പി പ്രസ്ഥാനത്തിന്റെ ശരിക്കുള്ള നേതാക്കളുമായിരുന്നു. ലിവിലെ എഴുത്തുകാരനായ യൂറി വൈനിഷൂക് ഈ കഥയിൽ ഒരു ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രമാകുന്നു. ആന്ദ്രെ കുർകോവ് കുറച്ചുകാലം മുമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ കേരളത്തിലും വന്നതിന്റെ ഓർമകൾ മായാതെ നിൽക്കുന്നുണ്ട്.

രണ്ടാമതായി ചേർത്തിരിക്കുന്നത് യുക്രെയ്നിലെ വോളിൻ പ്രദേശത്തെ കവി ഹ്രിറ്റ്സ്കൊ ഷൂബായുടെ (Hrytsko Chubau 1949-1982) ചില കവിതകളാണ്. ലിവിലെ 1970 കാലത്തെ അധോലോക സംസ്കാരത്തിന്റെ തലങ്ങളിലെ ഒരു പ്രധാന ബിന്ദുവായി ഈ കവിയും അദ്ദേഹത്തിന്റെ രചനകളും നിലനിന്നിരുന്നു. സോവിയറ്റ് അധികാരികളുടെ നിരന്തരമായ പീഡനങ്ങൾ അദ്ദേഹത്തിനേറ്റുവാങ്ങേണ്ടി വന്നു. ഗാനരൂപത്തിലും ഈ കവിതകൾ ആസ്വാദകരുടെ മനംകവർന്നു. മിക്ക കവിതകൾക്കും രചനക്കുശേഷം സംഗീതാവിഷ്കാരമുണ്ടായി. ഇതിൽ ചേർത്തിരിക്കുന്ന മൂന്നു കവിതകളിലും ഐഹികമായ തലങ്ങളിൽനിന്നും പ്രകൃതിയിലേക്ക് സമന്വയിക്കുവാൻ ശ്രമം നടത്തുന്ന ഒരു സ്ത്രീയുടെ രൂപത്തെയും ചിന്തകളെയുമാണ് അവതരിപ്പിക്കുന്നത്.

അത് ശരിക്കുമൊരു അസ്തിത്വപരമായ അന്വേഷണമാണോ അതോ താൻ അനുഭവിക്കുന്ന വീർപ്പുമുട്ടലിന്റെ യാഥാർഥ്യങ്ങളിൽനിന്നുള്ള സ്വകാര്യ മോചനമാണോ എന്ന സംശയവും നിലനിൽക്കുന്നു. രണ്ടായാലും ഇവിടെ പ്രകൃതി നിഗൂഢമായ ഒരു രീതിയിലാണ് പ്രതികരിക്കുന്നത്. ‘സ്ത്രീ’ എന്ന ആദ്യ കവിതയിൽതന്നെ ഇതിന്റെ സ്ഫുരണങ്ങളുണ്ട്. അവർ സാവധാനം ഒരു നദിയായി മാറുന്നു. കരകളില്ലാത്ത നദിയുടെ അത്യപൂർവമായ കാഴ്ചകൾ കവിതയിൽ നിറഞ്ഞുനിൽക്കുന്ന അവളുടെ മുടിയിഴകൾ പ്രവഹിക്കുന്നതുപോലും നിഗൂഢതയിലാണ്. ശരീരവും ചലനാത്മകമാകുന്നത് നിഗൂഢതയുടെ അന്തർധാരകൾക്കുള്ളിലാണ്. പ്രകാശവും കുറ്റസമ്മതവും എന്ത് നീണ്ട കവിതയും പ്രകൃതിയുടെ സൗന്ദര്യദർശനങ്ങൾക്കുള്ളിലെ കവിയുടെ സഞ്ചാരങ്ങളെയാണ് കാണിക്കുന്നത്.

ഒലി ലൈഷെഷാ (Oleh Lyshesha) എന്ന കവിയുടെ ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്ന കവിത സമകാലിക യുക്രെയ്നിയൻ സാഹിത്യശ്രേണിയിൽ ഉൾപ്പെടുത്തിയ ഒന്നാണ്. ശരിക്കുമിതൊരു താരാട്ടുപാട്ടാണ്. 1949ൽ ജനിച്ച് 2014ൽ അന്തരിച്ച ഈ കവി ഒരു ലേഖകനും പരിഭാഷകനുമായിരുന്നു.

ഉറങ്ങുക... എന്റെ പ്രിയേ/ ചുറ്റുമെല്ലാം പാതിയുറക്കത്തിലാണ്.../ തൊട്ടിലിലെ നിദ്രക്കിടയിൽ നദിയിൽനിന്നുള്ള/ കാടിന്റെ ഒഴുക്ക് അവിടേക്ക് കടന്നുവരും.../ ഞാൻ കത്തിച്ചുവെച്ച മെഴുകുതിരികൾ ഇപ്പോഴും കത്തുന്നുണ്ട്.../മുകളിലും താഴെയുമായി മഞ്ഞിന്റെ ശകലങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്.../ ഓർമകൾ അതിന്റെ അഗ്നിക്കുള്ളിൽ എരിഞ്ഞില്ലാതാകും...

 

‘The White Chalk of Days’ പുസ്​തകത്തി​ന്റെ എഡിറ്റർ മാർക്ക് ആൻഡ്രിസിക് 

ഈ സമാഹാരത്തിലൂടെ സാന്നിധ്യം കുറിക്കുന്ന മറ്റൊരു കാവ്യപ്രതിഭ മാർയാന സാവ്ക (Marjana Sauka) ആണ്. 2007ൽ അമേരിക്കയിലൂടെ നടത്തിയ യാത്രകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച കവിതകളാണിതിലുള്ളത്. ‘ഈ നഗരത്തിൽ’ എന്ന കവിത നിഗൂഢതകൾ നിറഞ്ഞ ലിവ് നഗരത്തിൽ ജീവിക്കുന്നതിന്റെ അനുഭവസാക്ഷ്യങ്ങളാണ്.

‘നാം ഒരിക്കലും വായിക്കാത്ത പുസ്തകങ്ങൾ’ എന്ന കവിത ജീവിക്കുന്ന കാലത്തിന്റെ നിഗൂഢതകളെ ഉൾക്കൊള്ളുന്നു. ‘നാം ഒരിക്കലും വായിക്കാത്ത പുസ്തകം’ ശരിക്കും നമുക്കൊരു പുതിയ തുടക്കമാണ്. രാത്രിയിലെ കാറ്റിൽ പട്ടണങ്ങൾ മങ്ങിയ പ്രകാശത്തിനുള്ളിലാണ്.../തണുപ്പ് ആരംഭിച്ചിരിക്കുന്നു.../ വസന്തകാലത്തെ ട്രെയിൻ സ്റ്റേഷനുകളിൽ നല്ല ചൂടാണ്.../ താളുകൾപോലെ വഴികൾ വളഞ്ഞുപോകുന്ന/ കാറ്റിൽ മിഴികൾ ചുവന്നിരിക്കുന്നു: പുതിയ പ്രഭാതത്തിൽ പുസ്തകങ്ങൾക്കായി ഞാൻ കൊതിയോടെ കാത്തിരിക്കുന്നു.../ കാറ്റിന്റെ താളത്തിൽ ദൈവം തന്റെ സംഗീതമുതിർക്കുന്നു.../ നാം സംസ്കൃതവാക്കുകൾപോലെ പരിശുദ്ധരും വിചിത്രവുമായിരിക്കുന്നു.../ നാം സൂര്യനെ അഭിവാദ്യംചെയ്യുന്നു/ നമുക്ക് അതിന്റെ നല്ല പ്രതിച്ഛായയുണ്ട്... സാവ്കയുടെ രചനകൾക്ക് യുക്രെയ്നിലെ കാഴ്ചകളുടെ ദൃശ്യങ്ങളുടെ ഇണങ്ങിച്ചേരലുകളുണ്ട്.

സെർഫി ഷാദാനിന്റെ കവിതകളും ഗദ്യരചനകളും ഈ സമാഹാരത്തിലെ മികച്ച സംഭാവനകളിൽ ഉൾപ്പെടുന്നു. ഏകാകികളായ ആത്മാവുകളുടെ സാന്ത്വനത്തിനും സൗഹൃദത്തിനുമായുള്ള അന്വേഷണങ്ങളുടെ ചിത്രീകരണം നിറഞ്ഞുനിൽക്കുന്നു. അപ്രതീക്ഷിതമായി കടന്നുവരുന്ന രൂപാലങ്കാരങ്ങൾ അദ്ദേഹത്തിന്റെ രചനകൾക്ക് വിചിത്രമായ തലം തുറന്നുകൊടുക്കുന്നു.

വിധാനിന്റെ കഥകളിലെ കഥാപാത്രങ്ങൾക്ക് അനുഭവങ്ങളുടെ തകർച്ചയിൽനിന്ന് ഉയിർത്തെഴു​ന്നേൽക്കാനുള്ള പ്രത്യാശകളുണ്ട്. ആകെ തകർന്ന വ്യക്തിജീവിതത്തിന്റെ ശിഥിലമായ തലങ്ങൾ അവരെ വിഷാദത്തിന്റെ പ്രതിരോധങ്ങളിലൂടെ പുതിയ കരുത്ത് പകർന്നുകൊടുക്കുന്നു. സ്വന്തം ഭൂമികയുടെ വിഷാദധ്വനികൾ കവിതയിലും കഥയിലും ഉൾക്കൊള്ളാതിരിക്കുവാനും അവർക്ക് കഴിയില്ല. ഏറ്റവും പുതിയ കാലത്തിന്റെ പ്രതിരോധമുൾക്കൊണ്ട് അവർ പുടിന്റെ ആക്രമണങ്ങളെ ശക്തിയായി എതിർക്കുന്നു. കാഴ്ചകൾ വായനക്കാരെ ശരിക്കും അസ്വസ്ഥരാക്കും.

ഒരു ചെർണോബിൽ ദുരന്തത്തിനുപോലും തകർക്കാൻ കഴിയാത്ത യുക്രെയ്നിയൻ ജനതയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും പ്രതിരോധിച്ചു നിർത്തുന്ന ഈ സമാഹാരത്തിലെ രചനകൾ അവിടത്തെ എഴുത്തുകാരുടെ ശക്തമായ ദർശനങ്ങളുടെയും വിചിന്തനങ്ങളുടെയും സാക്ഷ്യപ്പെടുത്തലുകൾകൂടിയാണ്. സ്വന്തം ഭൂമികയിൽതന്നെ സ്വാതന്ത്ര്യത്തോടെ നിലനിൽക്കാനുള്ള മനുഷ്യരുടെ ആവേശത്തിന്റെയും പ്രതിരോധത്തിന്റെയും അടങ്ങാത്ത മുന്നേറ്റം ഇതിനുള്ളിൽ നമുക്ക് തിരിച്ചറിയുവാൻ കഴിയും. ലോകമാനവികതയും മനഃസാക്ഷിയും ഒരിക്കലും പുടിന് മാപ്പു കൊടുക്കാൻ പോകുന്നില്ല.

Tags:    
News Summary - The White Chalk of Days book analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.