സമരങ്ങളിലും സാമൂഹിക പ്രസ്ഥാനങ്ങളിലും കെ.കെ. കൊച്ചിന്റെ സഹയാത്രികൻകൂടിയായ ലേഖകൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളെയും സമരങ്ങളിലെ പങ്കാളിത്തത്തെയും പടിപടിയായുള്ള ചിന്താ വികാസത്തെയും കുറിച്ച് എഴുതുന്നു.
മാർച്ച് 14ന് ഉച്ചക്ക് 2.30. കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ ആളിക്കത്തുന്ന തീയിൽ ആ ദേഹം എരിഞ്ഞുതീരുമ്പോഴും ഓർമകൾ അടങ്ങുന്നില്ല. നാലു പതിറ്റാണ്ടു മുമ്പ് എറണാകുളത്തുെവച്ചാണ് കെ.കെ. കൊച്ച് എന്ന വലിയ മനുഷ്യനെ പരിചയപ്പെടുന്നത്. അപ്പോഴേക്കും ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം നേർത്ത പ്രതിധ്വനികളായി മാറിയിരുന്നു. അടിയന്തരാവസ്ഥയുടെ ഭയാനക രാപ്പകലുകൾ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പുകൾക്ക് വഴിമാറിക്കഴിഞ്ഞു. പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ സംഘർഷങ്ങളിലൂടെ കടന്നുവന്ന ഒരാളെയാണ് അന്ന് കണ്ടത്.
1984ൽ തലയോലപ്പറമ്പിൽ നടന്ന ജാതിവിരുദ്ധ മതേതര കൺവെൻഷനു മുമ്പ് എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിനു മുന്നിൽ െവച്ച് മഹാരാജാസിൽ സീനിയറായിരുന്ന കൊച്ചേട്ടന്റെ സഹോദരൻ കെ.കെ. ബാബുരാജിനൊപ്പമായിരുന്നു ആ കൂടിക്കാഴ്ച. ഒരു വർഷത്തെ പ്രീഡിഗ്രി കാലത്തെ എസ്.എഫ്.ഐ പ്രവർത്തനത്തിൽ അതൃപ്തനായി നടക്കുന്നതിനിടയിലായിരുന്നു കോളജിൽ നക്സലൈറ്റായി തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരനും മികച്ച വായനക്കാരനുമായ ബാബുരാജുമായി സൗഹൃദത്തിലായത്. ബാബുരാജാകട്ടെ നക്സലിസത്തെ മാത്രമല്ല, മാർക്സിസത്തെയും മറികടന്ന് പുതിയ രാഷ്ട്രീയ-സാംസ്കാരിക അന്വേഷണങ്ങളിലും പഠനങ്ങളിലുമായിരുന്നു. വിപ്ലവകാരിയാകാൻ ചെന്ന ഞാൻ കുറച്ച് നിരാശപ്പെടുകയുംചെയ്തു.
എന്നാൽ, കൊച്ചേട്ടനുമായുള്ള കൂടിക്കാഴ്ചയും സംസാരവും പുതിയ രാഷ്ട്രീയ പ്രതീക്ഷകൾ നൽകി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രൂപപ്പെട്ട സൗഹൃദത്തിൽ അദ്ദേഹം എന്നെ ജാതിവിരുദ്ധ മതേതര കൺവെൻഷനിലേക്ക് ക്ഷണിച്ചു. വൈപ്പിൻ വിഷമദ്യ വിരുദ്ധ സമരവും ജനകീയ സാംസ്കാരിക വേദിയും സൃഷ്ടിച്ച ആവേശത്തിൽ നക്സലൈറ്റുകൾ ബഹുജന രാഷ്ട്രീയത്തിലേക്ക് വഴിമാറുന്ന കാലമായിരുന്നു അത്. അതിന്റെ തുടർച്ചയിലാണ് ജാതിവിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചത്. കൺവെൻഷന് മുമ്പായി നടന്ന യോഗങ്ങളിൽ പങ്കെടുത്തിരുന്ന ഞാൻ കൊച്ചേട്ടന്റെ ക്ഷണംകൂടി കിട്ടിയതോടെ പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
അന്ന് കേരളത്തിൽ കെ. വേണുവും കെ.എൻ. രാമചന്ദ്രനും നേതൃത്വം നൽകിയിരുന്ന അവിഭക്ത സി.ആർ.സി സി.പി.ഐ എം.എൽ സജീവമായിരുന്നു. അവരുടെ നേതൃത്വത്തിൽ സീഡിയൻ സർവിസ് സൊസൈറ്റി, യുക്തിവാദി സംഘം, സീഡിയന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.എ തുടങ്ങിയവരുമായി ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. അതിന്റെ സംഘാടകരിൽ ഒരാളും പ്രബന്ധ അവതാരകനുമായിരുന്നു കെ.കെ. കൊച്ച്.
ഉന്മൂലന സമരത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസുകളിലുംപെട്ട് ശിഥിലമായിത്തുടങ്ങിയ നക്സലൈറ്റ് പ്രസ്ഥാനം അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമർത്തലുകൾകൂടി അനുഭവിച്ച് ആഴമേറിയ പ്രതിസന്ധികളെ നേരിട്ടു. അതിനെ അതിജീവിക്കാനുള്ള ശ്രമംകൂടിയായിരുന്നു ജാതിവിരുദ്ധ മതേതര വേദി രൂപവത്കരണം. 14 വർഷത്തിലേറെയായി ജയിൽവാസം അനുഷ്ഠിച്ച നക്സലൈറ്റ് തടവുകാരുടെ മോചനത്തിനു വേണ്ടി പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന ഒരു ബഹുജന കാമ്പയിനും അവർ തുടങ്ങിയിരുന്നു. കെ.കെ. കൊച്ച് അതുമായും സഹകരിച്ചിരുന്നു.
ജാതിവിരുദ്ധ മതേതര കൺവെൻഷൻ നക്സലൈറ്റുകളുടെ ബഹുജന രാഷ്ട്രീയ പരീക്ഷണം മാത്രമായിരുന്നില്ല ജാതിയുമായി ബന്ധപ്പെട്ട് അവർ നടത്തിയ രാഷ്ട്രീയ അന്വേഷണത്തിന്റെ തുടക്കംകൂടിയായിരുന്നു. എം.എൽ പാർട്ടിയുടെ പ്രധാന നേതാക്കൾ മാത്രമല്ല, സീഡിയന്റെയും യുക്തിവാദി സംഘത്തിന്റെയും പ്രമുഖരും കൺവെൻഷനിൽ ഉണ്ടായിരുന്നു. കെ.വി.കെ. വാര്യർ, പവനൻ, കെ.എൻ. രാമചന്ദ്രൻ, എം.എം. സോമശേഖരൻ, കെ.എം. സലിംകുമാർ തുടങ്ങിയവരുടെ സാന്നിധ്യം ഓർക്കുന്നു. അവിടെ െവച്ചാണ് സീഡിയൻ സർവിസ് സൊസൈറ്റി (SEEDIAN എന്ന വാക്കിന്റെ പൂർണരൂപം – Socially Economically Educationally Depressed Indian Ancient Natives) എന്ന സംഘടനയെയും അതിന്റെ നേതാക്കളായ ഡോ. കെ.കെ. മന്മഥനെയും കെ.കെ.എസ്. ദാസിനെയും പരിചയപ്പെടുന്നത്. രണ്ട് ദിവസത്തെ കൺവെൻഷനും ജാതിവിരുദ്ധ മതേതര വേദി രൂപവത്കരണവും ആവേശകരമായ രാഷ്ട്രീയ അനുഭവമായിരുന്നു. തലയോലപ്പറമ്പിൽ നടന്നത് ജാതിവിരുദ്ധ മതേതര കൺവെൻഷൻ ആണെങ്കിലും മതേതരത്വത്തിലാണ് കൂടുതൽ ഊന്നിയത്. അന്ന് സംവരണത്തെ എതിർത്തിരുന്നവരാണ് യുക്തിവാദികളും ഒരു വിഭാഗം നക്സലൈറ്റുകളും. കൺവെൻഷനിൽ ഉയർന്ന സംവരണ വിരുദ്ധതയെ ചോദ്യംചെയ്തത് കെ.കെ. കൊച്ചും ഡോ. മന്മഥനും കെ.കെ.എസും ഉൾപ്പെടെയുള്ള ദലിത് വിഭാഗങ്ങളിൽനിന്നുള്ള നേതാക്കളായിരുന്നു. സംവരണം ജാതിയെ നിലനിർത്തുന്നുവെന്ന വിചിത്ര യുക്തിവാദവും ഭരണകൂട പരിരക്ഷയിൽ കഴിയുന്ന ദാസന്മാരായി മർദിതരെ മാറ്റുന്നുവെന്ന നക്സലൈറ്റ് വാദവുമായിരുന്നു സംവരണ വിരുദ്ധതയുടെ അടിസ്ഥാനം.
കൊച്ചേട്ടനുമായുള്ള തുടർസംഭാഷണങ്ങൾക്കും ചില വായനകൾക്കും ശേഷം നക്സലൈറ്റ് രാഷ്ട്രീയത്തെയും സന്ദേഹത്തോടെ കാണാൻ തുടങ്ങി. ഇന്ത്യയുടെ സവിശേഷ മർദക സാമൂഹിക വ്യവസ്ഥയായ ജാതിയോട് നക്സലൈറ്റുകൾ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകൾ പുലർത്തുന്നത് അജ്ഞതയും ഫലത്തിൽ സവർണ താൽപര്യവുമാണെന്ന് തോന്നി.
സീഡിയനിലേക്ക്
തലയോലപ്പറമ്പ് കൺവെൻഷന് ശേഷം കൊച്ചേട്ടൻ സീഡിയന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. അദ്ദേഹം സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സീഡിയൻ വാരികയുടെ പത്രാധിപരും ആയി. നക്സലൈറ്റ് ആഭിമുഖ്യം തുടർന്നെങ്കിലും കൊച്ചേട്ടൻ വഴി ഞാനും സീഡിയനുമായി കൂടുതൽ അടുത്തു. വർഗസമരവും ജാതിവിരുദ്ധ സമരവും ഒന്നിച്ചുകൊണ്ടുപോകണം എന്ന പ്രത്യയശാസ്ത്ര നിലപാട് പുലർത്തിയിരുന്ന സീഡിയൻ പുതിയ പ്രതീക്ഷയായി. ഏറെ വൈകാതെ പള്ളുരുത്തിയിൽ നടന്ന കൺവെൻഷന് ശേഷം ജാതിവിരുദ്ധ മതേതര വേദി സ്വയം പിരിഞ്ഞുപോയി. നക്സലൈറ്റ് നേതൃത്വത്തിന്റെ താൽപര്യക്കുറവും ആന്തരിക സംഘർഷങ്ങളുമായിരുന്നു മുഖ്യ കാരണം. ജാതി വിരുദ്ധ മതേതര കാമ്പയിനുകൾ സജീവമായതോടെ വർഗസമരവും വർഗസമീപനവും കൈയൊഴിയുന്നുവെന്ന ആശങ്ക നേതൃത്വത്തെ പിടികൂടി. ദേശീയ പ്രശ്നവും കേരള ദേശീയവാദവും പുതിയ വിഷയമായി അവർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംഘടനക്കുള്ളിലെ ആന്തരിക പ്രശ്നങ്ങളും വേദിയുടെ അകാല ചരമത്തിന് കാരണമായി.
70കളിൽ ഒരു ദലിത് സംഘടനയായി തുടങ്ങിയ സീഡിയൻ സർവിസ് സൊസൈറ്റി മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയമാണ് ഏറ്റെടുത്തത്. അതേസമയം ജാതിയും സാമൂഹിക വിവേചനങ്ങളും ഭൂരാഹിത്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉന്നയിച്ചു. നക്സലൈറ്റുകളുമായി വിമർശനാത്മക സൗഹൃദമാണ് അവർക്കുണ്ടായിരുന്നത്. സി.പി.ഐ-എം.എൽ ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടികളിലെ സവർണ മധ്യവർഗ നേതൃത്വത്തിനെതിരെയും അവരുടെ രാഷ്ട്രീയ നിലപാടുകൾക്കുമെതിരെയുമായിരുന്നു മുഖ്യ വിമർശനം. നക്സലൈറ്റ് കേസിൽ ദീർഘകാലം ജയിലിൽ കഴിഞ്ഞ ഡോ. മന്മഥനും എഴുത്തുകാരനും കവിയുമായ കെ.കെ.എസ്. ദാസും അടക്കമുള്ള ബൗദ്ധിക നേതൃത്വം അക്കാലത്ത് സീഡിയനുണ്ടായിരുന്നു. എങ്കിലും സംഘടനയും സീഡിയൻ വാരികയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്താതെ ചില പ്രത്യേക മേഖലകളിൽ ഒതുങ്ങിനിന്നു.
കെ.കെ. കൊച്ച് പത്രാധിപരും സംഘടന നേതാവും ആയതോടെ പത്രത്തിനും സംഘടനക്കും പുതുജീവൻ െവച്ചു. സീഡിയൻ വാരിക സമാന്തര പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി. ഗൗരവമുള്ള ലേഖനങ്ങളും റിപ്പോർട്ടുകളും മുഖപ്രസംഗങ്ങളും ഇടതുപക്ഷ-ദലിത് വായനക്കാരെ ആകർഷിച്ചു. നക്സലൈറ്റ് വൃത്തങ്ങളിലും ദലിത് സംഘടന പ്രവർത്തകരിലുമാണ് അത് കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കിയത്.
സീഡിയന്റെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്കും ആളുകളിലേക്കും വ്യാപിച്ചു. സമര മുന്നണികളുടെയും ബഹുജന ഐക്യവേദികളുടെയും ഭാഗമായി. ജാതിവിരുദ്ധ മതേതര വേദിക്ക് പുറമെ ക്രിസ്തുവിന്റെ ‘ആറാം തിരുമുറിവ്’ നാടക നിരോധനത്തിനെതിരായ ആവിഷ്കാര സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് കെ.കെ. കൊച്ചും കെ.കെ.എസ്. ദാസും അടക്കമുള്ള നേതാക്കൾ അറസ്റ്റ് വരിച്ചു. തൃശൂരിൽ നടന്ന ആവിഷ്കാര സ്വാതന്ത്ര്യ കൺവെൻഷനിലും സീഡിയൻ പ്രവർത്തകർ പങ്കാളികളായി. കോട്ടയത്ത് ഒതുങ്ങിനിന്ന സംഘടനയുടെ പ്രവർത്തനം മറ്റ് ജില്ലകളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിൽ കെ.കെ. കൊച്ചിന് വലിയ പങ്കുണ്ടായിരുന്നു. വിഷമദ്യ വിരുദ്ധ സമരത്തിനു ശേഷം നക്സലൈറ്റുകൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന വൈപ്പിനിൽ സീഡിയനും സജീവമായി. സമരത്തിലും നക്സലൈറ്റ് പ്രവർത്തനത്തിലും നേതൃത്വമായിരുന്ന വി.സി. രാജപ്പൻ, പി.എൻ. സുകുമാരൻ തുടങ്ങിയവരെ സീഡിയനിലേക്ക് എത്തിച്ചത് അദ്ദേഹമായിരുന്നു. ഈ പ്രദേശങ്ങളിൽ ദിവസങ്ങളോളം തങ്ങിയാണ് അദ്ദേഹം പ്രവർത്തനം നടത്തിയത്.
എന്റെ നാടായ മുളന്തുരുത്തിയിലും പിറവത്തുമെല്ലാം അദ്ദേഹം വന്ന് താമസിച്ചു. ഇതോടെ ചെറു ദലിത് ഗ്രൂപ് എന്നതിനപ്പുറം കൂടുതൽ പ്രദേശങ്ങളിലേക്ക് സീഡിയനെ എത്തിച്ചു. സീഡിയന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് എന്നെയും ഇലഞ്ഞി സ്വദേശിയായ ഷാജി ജോസഫിനെയും എത്തിച്ചതോടെ ദലിതരല്ലാത്തവരെയും ഉൾക്കൊണ്ട് സംഘടനാപരമായും രാഷ്ട്രീയമായും വികസിപ്പിക്കാൻ ശ്രമിച്ചു. കെ.കെ.എസ്. ദാസ്, ഡോ. കെ.കെ. മന്മഥൻ, കെ.കെ. കൊച്ച്, വി.സി. രാജപ്പൻ, പി.എൻ. സുകുമാരൻ തുടങ്ങിയ മുതിർന്ന നേതൃനിരക്കൊപ്പം പി.ഒ. ജോൺ, സണ്ണി എം. കപിക്കാട്, എം.ഡി. തോമസ്, ഷാജി ജോസഫ്, കെ.ഒ. രാജു തുടങ്ങി യുവാക്കളുടെ ഒരു നിരയും ഉയർന്നുവന്നു. ഇതിനിടയിൽ സീഡിയന്റെ നേതൃത്വത്തിൽ ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി രൂപവത്കരണത്തിനും ശ്രമിച്ചു. കെ.കെ. കൊച്ചായിരുന്നു സംഘാടക സമിതി കൺവീനർ.
1988ൽ കോട്ടയത്ത് നടത്തിയ ദേശീയ ദലിത്, പിന്നാക്ക ന്യൂനപക്ഷ സമ്മേളനത്തിൽ മഹാരാഷ്ട്രയിലെ ദലിത് പാന്തർ പ്രസ്ഥാനത്തിന്റെ നേതാവും കവിയുമായ അരുൺ കാംബ്ലെ, ബംഗാളിൽനിന്നുള്ള നക്സലൈറ്റ് നേതാവായ സന്തോഷ് റാണ, ആന്ധ്ര ദലിത് മഹാസഭ നേതാവ് കാത്തി പത്മറാവു, കർണാടക ദലിത് സംഘർഷ സമിതി നേതാവ് കെ. ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഇതോടെ കേരളത്തിന് പുറത്തേക്കും സീഡിയൻ ശ്രദ്ധിക്കപ്പെട്ടു. കെ.കെ.എസ്. ദാസ് ആയിരുന്നു അതിനുവേണ്ടി കഠിനാധ്വാനംചെയ്തത്. ആ സമ്മേളനത്തിൽ കെ.കെ. കൊച്ച് അവതരിപ്പിച്ച പ്രബന്ധം മാർക്സിസം-ലെനിനിസത്തെ അംബേദ്കർ ചിന്തയുമായി ചേർത്തുെവക്കുന്നതായിരുന്നു (മാർക്സിസം-ലെനിനിസം-മാവോ-അംബേദ്കർ ചിന്തയും ഇന്ത്യയിലെ ജാതി വർഗ രാഷ്ട്രീയ പ്രശ്നങ്ങളും –കലാപവും സംസ്കാരവും– കെ.കെ. കൊച്ച് -1989). പിൽക്കാലത്ത് അംബേദ്കറൈറ്റ് ആശയങ്ങളെ സ്വീകരിച്ച അദ്ദേഹം ഈ പ്രത്യയശാസ്ത്രവത്കരണത്തെ തിരുത്തുകയോ മറികടക്കുകയോ ചെയ്തിട്ടുണ്ട്.
കൺെവൻഷനിൽ െവച്ച് ദേശീയ ദലിത് വിമോചന മുന്നണി (NDLF) രൂപവത്കരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി തലയോലപ്പറമ്പിൽ െവച്ച് മനുസ്മൃതി കത്തിച്ചതിന് പിന്നാലെ എൻ.ഡി.എൽ.എഫിന്റെ നേതൃത്വത്തിൽ 1989 ഒക്ടോബർ 2ന് വൈപ്പിനിൽ െവച്ച് ആദിശങ്കരനെ കത്തിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട് ഹെഗലിന്റെ ആശയവാദത്തെ അദ്വൈതവുമായി താരതമ്യംചെയ്ത് ആദിശങ്കരനെ ഇന്ത്യൻ ഹെഗലായി വാഴ്ത്തിയതിനെതിരായ പ്രതിഷേധംകൂടിയായിരുന്നു ഇത്. ‘‘ജാതിവ്യവസ്ഥക്ക് സിദ്ധാന്തം ചമച്ച ശങ്കരനെ കത്തിക്കുന്നു’’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞപ്പോൾ ശങ്കരന്റെ കോലങ്ങൾ കത്തിച്ചു. തലേന്ന് എ. വാസു ഉദ്ഘാടനം ചെയ്ത യോഗത്തിൽ എന്തുകൊണ്ട് ആദിശങ്കരനെ കത്തിക്കുന്നുവെന്ന് ഡോ. മന്മഥൻ വിശദീകരിച്ചു.
അതിനു മുമ്പ് വൈപ്പിനിൽ പൊക്കാളിപ്പാടങ്ങൾ തരിശിടുന്നതിനെതിരെ വി.സി. രാജപ്പൻ നടത്തിയ നിരാഹാര സമരവും ദരിദ്രരും ദലിതരുമായ കുടുംബങ്ങളെ ജപ്തി ചെയ്ത് തെരുവിലിറക്കുന്നതിനെതിരെ നടത്തിയ ഉപരോധവും വലിയ തോതിൽ ജനശ്രദ്ധ നേടിയ സമരങ്ങളായിരുന്നു. ഇവിടെയെല്ലാം കെ.കെ. കൊച്ചിന്റെ സാന്നിധ്യവും നേതൃത്വവും ഉണ്ടായിരുന്നു.
മണ്ഡൽ റിപ്പോർട്ടും സീഡിയനിലെ പിളർപ്പും
1990 ആഗസ്റ്റ് 7ന് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന പ്രധാനമന്ത്രി വി.പി. സിങ് സർക്കാറിന്റെ പ്രഖ്യാപനം രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചപ്പോൾ മറുവശത്ത് സംവരണത്തിന് അനുകൂലമായി രൂപംകൊണ്ട ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം പുതിയൊരു രാഷ്ട്രീയ മുന്നേറ്റമായി മാറി. ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കുമെന്ന പ്രഖ്യാപനവുമായി നടത്തിയ ഹിന്ദുത്വ ഏകീകരണ ശ്രമങ്ങളെ താൽക്കാലികമായി തടഞ്ഞുനിർത്തുന്നതായിരുന്നു മണ്ഡൽ പ്രഖ്യാപനം. ക്ഷേത്ര നിർമാണത്തിനുള്ള കർസേവ നടത്തുന്നതിനുള്ള പ്രചാരണവുമായി രഥയാത്ര നടത്തിയ എൽ.കെ. അദ്വാനിയെ ലാലു പ്രസാദ് യാദവിന്റെ സർക്കാർ സമസ്തിപ്പൂരിൽ െവച്ച് അറസ്റ്റ് ചെയ്തു. ഇതോടെ ബി.ജെ.പി പിന്തുണ പിൻവലിച്ചപ്പോൾ വി.പി. സിങ് സർക്കാറിന് രാജിവെക്കേണ്ടി വന്നു.
1991ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി നിർണായകമായിരുന്നു. മണ്ഡൽ റിപ്പോർട്ട് നടപ്പാക്കിയ വി.പി. സിങ് സർക്കാറിനെ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ എതിർത്തപ്പോൾ ശക്തമായ ത്രികോണ മത്സരമായി മാറി. ബി.ജെ.പി അധികാരത്തിലെത്തുമോ എന്ന് ആശങ്കപ്പെട്ട തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയ വി.പി. സിങ്ങിനെയും നാഷനൽ ഫ്രണ്ടിനെയും പിന്തുണക്കണമെന്നായിരുന്നു കെ.കെ. കൊച്ചിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സ്വീകരിച്ച നിലപാട്. എന്നാൽ, തെരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന നക്സലൈറ്റ് നിലപാട് പിന്തുടർന്ന കെ.കെ.എസ്. ദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരെയും പിന്തുണക്കേണ്ടതില്ലെന്ന് വാദിച്ചു. ഇതോടെ സീഡിയനും എൻ.ഡി.എൽ.എഫും പിളർന്നു. ആർക്കും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. പിന്നീട് സംഘടന തന്നെ ശിഥിലമാകുകയുംചെയ്തു. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസ് രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഉയർന്ന സഹതാപ തരംഗത്തിൽ വിജയിച്ചു. ബി.ജെ.പി അധികാരത്തിൽ വരുമെന്ന ഭീഷണി തൽക്കാലം ഒഴിവായി.
തെരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന നിലപാട് നേരത്തേ തന്നെ കെ.കെ. കൊച്ച് ഉന്നയിച്ചിരുന്നു. സീഡിയൻ വാരികയിൽ 1987ൽ പ്രസിദ്ധീകരിച്ച ‘ഗവണ്മെന്റ് രൂപീകരണത്തിന്റെ രാഷ്ട്രീയം’ എന്ന ലേഖനത്തിൽ ‘‘ഇന്ത്യയിലെ ഗവണ്മെന്റുകളുടെ അടിസ്ഥാന വർഗ സ്വഭാവം പരിവർത്തനപ്പെടുത്താൻ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന രാഷ്ട്രീയ കക്ഷികൾക്ക് അസാധ്യമാണെങ്കിൽതന്നെ ഗവണ്മെന്റിലെ മേധാവിത്വത്തിലൂടെ സാമൂഹിക പരിഷ്കരണത്തിലും ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിലും അവക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയും 1977ലെ കേന്ദ്രത്തിലെ ജനതാ ഗവണ്മെന്റും തെളിയിച്ചിട്ടുണ്ട്’’ എന്ന് എഴുതി (കലാപവും സംസ്കാരവും –കെ.കെ. കൊച്ച്). സായുധ വിപ്ലവം, തെരഞ്ഞെടുപ്പ് ബഹിഷ്കരണം തുടങ്ങിയ നക്സലൈറ്റ് നിലപാടുകളെ തള്ളിക്കളയാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അക്കാലത്ത് തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുമായി ഇന്ത്യൻ ഭരണകൂടം ഉണ്ടാക്കിയ കരാറാണ് (Social Contract) ഭരണഘടന എന്നായിരുന്നു അദ്ദേഹം വാദിച്ചത്.
സീഡിയനിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയും അദ്ദേഹത്തെ പിന്തുണക്കുന്നവർ പിരിഞ്ഞുപോകുകയും ചെയ്തതോടെ സീഡിയൻ പ്രതിസന്ധിയിലായി. രാഷ്ട്രീയ പ്രവർത്തനങ്ങൾ നിർത്തി അദ്ദേഹം കെ.എസ്.ആർ.ടി.സിയിലെ ജോലിയിൽ തിരികെ പ്രവേശിച്ചു.
സംവരണ സമുദായ മുന്നണി
എസ്.എൻ.ഡി.പി യോഗത്തിന്റെയും മുസ്‍ലിം സംഘടനകളുടെയും നേതൃത്വത്തിലുള്ള സംവരണ സമുദായ മുന്നണിയുടെ ഭാഗമായും കെ.കെ. കൊച്ച് പ്രവർത്തിച്ചു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. രാഘവൻ വക്കീലുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. എ. വാസു, കല്ലറ സുകുമാരൻ, മുൻ എം.എൽ.എ പി.പി. വിൽസൻ, മുസ്‍ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ എസ്.എൻ.ഡി.പിയുടെ കണയന്നൂർ താലൂക്ക് യൂനിയൻ ഓഫിസിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. സംഘടന ഉണ്ടായിരുന്നില്ലെങ്കിലും കെ.കെ. കൊച്ചിനൊപ്പം ഞാനും ഷാജി ജോസഫും ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
സി.ടി. സുകുമാരൻ സമരം
സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭ വേദിയിലേക്കാണ് അദ്ദേഹം പിന്നീട് എത്തിയത്. എന്റെ നാടായ മുളന്തുരുത്തി സ്വദേശിയായ എം.പി.ഇ.ഡി.എ ചെയർമാൻ സി.ടി. സുകുമാരൻ ഐ.എ.എസ് ചെന്നൈയിലെ എം.പി.ഡി.ഇ.എ ഓഫിസിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇത് കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ വിശ്വസിച്ചു. തുടർന്ന് മുളന്തുരുത്തിയിലെ നാട്ടുകാരും കേരളത്തിലെ ദലിത് സംഘടനകളും അന്വേഷണം ആവശ്യപ്പെട്ട് സമരരംഗത്തെത്തി. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എമ്മും സമരരംഗത്തുണ്ടായിരുന്നു. എറണാകുളത്ത് ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ സി.പി.എം നേതാക്കളായ ടി.കെ. രാമകൃഷ്ണനും എം.എം. ലോറൻസും എ.പി. വർക്കിയുമെല്ലാം പങ്കെടുത്തിരുന്നു. ആ കൺവെൻഷനിൽ സി.ടി. സുകുമാരന്റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കുക എന്ന പ്രമേയം അവതരിച്ചപ്പോൾ അതൊരു ദുരൂഹ മരണമല്ലെന്നും കൊലപാതകമാണെന്നും സദസ്സിലിരുന്ന കെ.കെ. കൊച്ചും പി.എൻ. സുകുമാരനും പറഞ്ഞു. ആക്ഷൻ കൗൺസിലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കൺവെൻഷനിൽ നിന്ന് അവർ ഇറങ്ങിപ്പോയി.
ഈ സമരം ദലിതരുടെ ആത്മാഭിമാന സമരമാണ് എന്ന് പ്രഖ്യാപിച്ച് പട്ടികജാതി-വർഗ സംഘടനകളുടെ യോഗം വിളിച്ച് പുതിയ സമരവേദി ഉണ്ടാക്കി. ആക്ഷൻ കമ്മിറ്റിക്കൊപ്പം സമര രംഗത്തുണ്ടായിരുന്ന ഞാനും ജോൺ ജോസഫും സി.കെ. പ്രകാശുമെല്ലാം ഈ നിലപാടിനോട് യോജിച്ച് സമരസമിതിയോട് ചേർന്ന് പ്രവർത്തിച്ചു. സംസ്ഥാന വ്യാപകമായ സമരമായി അത് വളർന്നു. മുളന്തുരുത്തിയിലെത്തിയ കെ.കെ. കൊച്ചും പി.എൻ. സുകുമാരനും സുകുമാരന്റെ അച്ഛൻ എം.സി. തേവനുമായി ചർച്ച ചെയ്താണ് സമരം മുന്നോട്ട് കൊണ്ടുപോയത്. ഒറ്റപ്പാലത്ത് കെ.കെ. കൊച്ചിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലുള്ള ദലിത് ഏകോപന സമിതി നടത്തിയ ട്രെയിൻ തടയൽ സമരത്തിൽ തേവൻ മാഷിനൊപ്പം ഞാനും പങ്കെടുത്ത് സംസാരിച്ചു.
ദലിതരുടെ ആത്മാഭിമാന സമരമായിരുന്നുവെങ്കിലും എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവും സമരസമിതി നേടിയെടുത്തു. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തകർ എം.കെ. രാഘവന്റെയും ഡോ. കെ.കെ. രാഹുലന്റെയും പി.പി. രാജന്റെയും നേതൃത്വത്തിൽ എറണാകുളത്തെ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. പി.ഡി.പി പ്രവർത്തകർ അബ്ദുന്നാസിർ മഅ്ദനിയുടെ നേതൃത്വത്തിലാണ് പങ്കെടുത്തത്. നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും സമ്മേളനവും സമരത്തിന്റെ ജനപിന്തുണയുടെ തെളിവായി. ട്രെയിൻതടയൽ അടക്കം നിരവധി സമരങ്ങളും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രചാരണ ജാഥയും നടന്നു. ഒടുവിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എം.സി. തേവൻ അനിശ്ചിതകാല സത്യഗ്രഹം നടത്തി. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ നേരിട്ടെത്തി സി.ബി.ഐ അന്വേഷണ ഉത്തരവ് കൈമാറിയതോടെയാണ് സമരം അവസാനിച്ചത്. സമരത്തെ നയിക്കുന്നതിൽ കെ.കെ. കൊച്ച് വലിയ പങ്കുവഹിച്ചു. രാഷ്ട്രീയ പാർട്ടികളുടെയോ പ്രബല ജാതി സംഘടനകളുടെയോ നേതൃത്വത്തിലല്ലാതെ ദലിതർ നയിച്ച ആ സമരത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
എന്നാൽ, ഈ സമരത്തിന്റെ ആവേശത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. പീപ്ൾസ് വാർ ഗ്രൂപ് വിട്ട് പുറത്തിറങ്ങിയ കെ.ജി. സത്യമൂർത്തി ഉൾപ്പെടെ പ്രമുഖ നേതാക്കളുമായി ചേർന്ന് രൂപവത്കരിച്ച എഫ്.ഡി.പിയും പരാജയപ്പെട്ടു.
എങ്കിലും വ്യക്തിയെന്ന നിലയിൽ ഒട്ടേറെ മനുഷ്യാവകാശ-ജനാധിപത്യ സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. അതിലൊന്ന് അബ്ദുന്നാസിർ മഅ്ദനിയെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരമായിരുന്നു. പ്ലാച്ചിമട, ലാലൂർ, മൂന്നാറിലെ തോട്ടം തൊഴിലാളി സമരം എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
സമരങ്ങൾ, വിയോജിപ്പുകൾ
സെക്രട്ടേറിയറ്റിന് മുന്നിൽ സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും സണ്ണി എം. കപിക്കാടിന്റെയും നേതൃത്വത്തിൽ നടന്ന സമരത്തെ കെ.കെ. കൊച്ച് എതിർത്തത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. മുത്തങ്ങയിലെ പൊലീസ് അതിക്രമത്തെ എതിർത്തെങ്കിലും സമരത്തെ തള്ളിപ്പറഞ്ഞ് എഴുതിയതും വിമർശനത്തിനിടയാക്കി. 1975ലെ ആദിവാസി ഭൂമി സംരക്ഷണ നിയമത്തെ അട്ടിമറിക്കാൻ സഹായിക്കുന്ന സമരം കുടിയേറ്റക്കാരുടെ സൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ഘട്ടത്തിൽ സമരത്തെക്കുറിച്ച് ‘മാധ്യമ’ത്തിൽ ലേഖനമെഴുതിയ എന്നെയും കുടിയേറ്റക്കാരുടെ ആളായി ചിത്രീകരിച്ചത് ഞങ്ങളുടെ സൗഹൃദത്തിൽ നേരിയ കല്ലുകടിയുണ്ടാക്കി. എങ്കിലും അത്തരം പ്രശ്നങ്ങൾ പരിഹരിച്ച് സ്നേഹബന്ധം പുനഃസ്ഥാപിക്കുന്നതിൽ അദ്ദേഹം ഒട്ടും മടിച്ചില്ല.
കുറിച്ചി കോളനിക്ക് മുകളിലൂടെ സ്ഥാപിച്ച 11 KV ലൈൻ വിരുദ്ധ സമരത്തോടും നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ചെങ്ങറ ഭൂമി സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ളാഹ ഗോപാലനുമായി ഉണ്ടായ ചില പ്രശ്നങ്ങളോടെ പ്രത്യക്ഷ സമരത്തിൽനിന്ന് അകന്നു. എങ്കിലും സമരത്തെ ധാർമികമായി പിന്തുണച്ചു. അരിപ്പ ഭൂസമരത്തിലും പിന്തുണയുമായി അദ്ദേഹം എത്തി. സമരം മാധ്യമശ്രദ്ധയിലെത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങൾ വലുതായിരുന്നു.
എഴുത്തുകാരെ സൃഷ്ടിച്ച പത്രാധിപർ
70കളിൽ ഡോ. വി.സി. ശ്രീജൻ എഡിറ്ററായ യെനാൻ എന്ന നക്സലൈറ്റ് അനുകൂല മാസികയുടെ പത്രാധിപ സമിതിയിൽ കെ.കെ. കൊച്ചും സിവിക് ചന്ദ്രനും ഉണ്ടായിരുന്നു. സീഡിയൻ വാരികക്ക് പുറമെ ഇന്ത്യൻ ഡെമോക്രാറ്റ്, സൂചകം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായിരുന്നു. എഴുത്തുകാരോട് ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതി വാങ്ങിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പുതിയ എഴുത്തുകാർക്ക് നൽകിയ പ്രോത്സാഹനവും എടുത്തുപറയണം. എഴുതാൻ കഴിയുന്നവരെന്ന് തോന്നുന്നവരെക്കൊണ്ട് നിർബന്ധിച്ച് എഴുതിക്കുകയും വൃത്തിയായി എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈക്കം മുഹമ്മദ് ബഷീർ മരിച്ചപ്പോൾ, ഞാൻ അദ്ദേഹത്തിന്റെ എഴുത്തിലെ സാമുദായിക പശ്ചാത്തലവും അതിനെ അതിജീവിക്കുന്ന മനുഷ്യസങ്കൽപവും ‘ഓർമയുടെ അറകളി’ൽ എഴുത്തുകാരനാകാൻ പ്രേരിപ്പിച്ച കാര്യങ്ങളും പറഞ്ഞു. ഉടൻ ‘‘അതൊരു ലേഖനമായി താൻ എഴുതണം’’ എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇന്ത്യൻ ഡെമോക്രാറ്റിൽ ‘കന്മതിലുകൾക്കപ്പുറത്തെ മനുഷ്യശബ്ദങ്ങൾ’ എന്ന ലേഖനത്തിന്റെ ആദ്യഭാഗം എഴുതിയത്. ശബ്ദങ്ങളെ കേന്ദ്രീകരിച്ച് രണ്ടാം ഭാഗം എഴുതാൻ തയാറെടുക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം മാസിക നിന്നു.
മറ്റു പലരെക്കൊണ്ടും ഇത്തരത്തിൽ നിർബന്ധപൂർവം ലേഖനങ്ങൾ എഴുതിച്ചിരുന്നു. എഴുതിക്കുക മാത്രമല്ല മറ്റുള്ളവരോട് പറഞ്ഞ് അതിന് പ്രചാരണവും കൊടുത്തിരുന്നു. ഇപ്പോൾ പുതിയ തലമുറയിലെ ശ്രദ്ധേയരായ പല എഴുത്തുകാർക്കും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു. പത്രപ്രവർത്തനമാണ് തനിക്ക് പറ്റിയ തൊഴിൽ എന്ന് എന്നോട് പറഞ്ഞവരിൽ ഒരാൾ കൊച്ചേട്ടനായിരുന്നു. അത് നൽകിയ ആത്മവിശ്വാസം ചെറുതല്ല. പി.ആർ.ഡി.എസിലെ ബുദ്ധിജീവികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമായിരുന്നു സൂചകം. പൊയ്കയിൽ അപ്പച്ചൻ എന്ന ജാതിവിരുദ്ധ സമരനായകനെ കൂടുതൽ ജനകീയനും പൊതുസ്വീകാര്യനുമാക്കുന്നതിൽ മാസികയും അപ്പച്ചനെക്കുറിച്ചുള്ള അനേകം ലേഖനങ്ങളും വഴിയൊരുക്കി.
നിലപാടുകൾ, മാറ്റങ്ങൾ
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീഷണിക്കെതിരെ ജനാധിപത്യ പ്രതിരോധങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം കരുതിയിരുന്നു. അതിന്റെ ഭാഗമായാണ് എറണാകുളത്ത് രൂപംകൊണ്ട നവ ജനാധിപത്യ പ്രസ്ഥാനവും സാഹോദര്യ പ്രസ്ഥാനവും രൂപവത്കരിക്കുന്നതിൽ പങ്കാളിയായത്. പിന്നീട് രാഷ്ട്രീയലക്ഷ്യത്തോടെ രൂപവത്കരിച്ച ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും തുടക്കത്തിൽ നേതൃത്വത്തിലുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോകുന്നില്ല എന്ന് ബോധ്യപ്പെട്ട അദ്ദേഹം സജീവ സംഘടന പ്രവർത്തനങ്ങളിൽനിന്ന് പിന്മാറുകയായിരുന്നു.
അവസാന കാലത്ത് ഇടതുപക്ഷ സർക്കാറിനോട് വിമർശനാത്മക സഹകരണം പുലർത്തി. കെ. റെയിൽപോലുള്ള പദ്ധതികളെ പിന്തുണച്ചത് സമരക്കാരിൽനിന്നും സഹപ്രവർത്തകരിൽനിന്നും വിമർശനം നേരിട്ടു. എന്നാൽ, അത്തരം വൻകിട പദ്ധതികളും നോളജ് ഇക്കോണമി പോലുള്ള സങ്കൽപങ്ങളും കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
എ. അയ്യപ്പന്റെ കവിതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട് ‘മുറിവുകളുടെ വസന്തം’ എന്നാണ്. ഒരർഥത്തിൽ കെ.കെ. കൊച്ച് എന്ന പ്രത്യയശാസ്ത്ര മനുഷ്യന്റെ ജീവിതത്തിനും ചേർക്കാവുന്ന ഒരു വിശേഷണമാണിത്. ആപൽക്കരമായി ജീവിക്കുക എന്ന നീത്ഷെയുടെ വാക്കുകളിലെ ഫാഷിസ്റ്റ് മുദ്രകൾ തിരിച്ചറിഞ്ഞ അദ്ദേഹം അതിനെ സർഗാത്മകമായി തിരുത്തുന്നത് ‘ആപൽക്കരമായി കർമം’ ചെയ്യുക എന്നാണ്. ‘‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’’ എന്ന ഗുരുവിന്റെ വരികളെ വികസിപ്പിക്കുന്നത് ‘‘അവനവനാത്മ വിമോചനത്തിനായി ആചരിക്കുന്നവ അപരന്റെ വിമോചനത്തിനായി വരണം’’ എന്നാണ്. ‘‘സ്വാതന്ത്ര്യം ഭൂമിയിലെ മനുഷ്യവംശത്തിൽ സാക്ഷാത്കരിക്കേണ്ട സമസ്യയാണ്’’ എന്ന് വിശ്വസിച്ച ഒരാളാണ് തന്റെ ഒരായുഷ്കാലത്തെ കർമങ്ങളും ചിന്തകളും സമൂഹത്തിന് സമർപ്പിച്ച് എരിഞ്ഞടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.