പാർലമെന്ററി ജനാധിപത്യത്തിന്റെ പാതയിൽനിന്നും അകന്നുനിൽക്കുന്ന രാഷ്ട്രീയ നിലപാടുകളും പ്രയോഗപദ്ധതികളും കൊണ്ട് കലുഷമാക്കിയ ഒരു കാലത്തിൽനിന്നാണ് തിരിച്ചടിയുടെയും തിരിച്ചറിവിന്റെയും പുതുവഴിയിലേക്ക് കെ.കെ. കൊച്ച് ഉൾപ്പെടുന്ന ഒരു തലമുറ മാറിസഞ്ചരിക്കുന്നത്. അതേസമയം, പ്രത്യയശാസ്ത്രപരമായ സംവാദങ്ങളെ നിരന്തരം ഉയർത്തിപ്പിടിക്കാനും അത് സാമൂഹിക മേഖലയിൽ പ്രതിഫലിപ്പിക്കാനും കൊച്ചേട്ടന് കഴിഞ്ഞിരുന്നു.
‘ബുദ്ധനിലേക്കുള്ള ദൂരം’ എന്ന കെ.കെ. കൊച്ചിന്റെ പുസ്തകത്തിന്റെ പേരിൽനിന്നാണ് ഇങ്ങനെ ഒരു തലക്കെട്ട് രൂപപ്പെടുത്തിയത്. ഈ നൂറ്റാണ്ടിനെ സ്വാധീനിച്ച ദർശനമായ മാർക്സിസം ചൂണ്ടിക്കാണിച്ചിട്ടുള്ള അടിത്തറ^മേൽപ്പുര സംവിധാനങ്ങളിൽ അദൃശ്യമായി പിടിമുറുക്കിയ അധികാരരൂപങ്ങളിൽ ഒന്നായാണ് സാംസ്കാരികാധികാരത്തെ വിലയിരുത്തുന്നത്. പിൻകാലത്ത് പിയറി ബോദ്യുവിനെ പോലുള്ളവർ കൂടുതൽ പ്രാധാന്യത്തോടെ സാംസ്കാരിക മൂലധനത്തെയും സാംസ്കാരികാധികാരത്തെയും സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യാ ചരിത്രത്തിൽ നൂറ്റാണ്ടുകളായി വരേണ്യതയുടെ കുത്തകയായിരുന്നു സാംസ്കാരികാധികാരം. ഏതധികാരത്തിലേക്കും പ്രവേശിക്കുവാൻ തുറവി സൃഷ്ടിക്കുന്ന ഈ സാംസ്കാരികാധികാരത്തെ അതിന്റെ വരേണ്യ ഇടങ്ങളിൽനിന്നും വിമോചിപ്പിച്ച് അടിസ്ഥാന മനുഷ്യരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ച കർമനിരതമായ ഒരു പ്രവൃത്തിപഥമായിരുന്നു കെ.കെ. കൊച്ചിേന്റത്. അദ്ദേഹത്തിെന്റ ആത്മകഥക്ക് അവതാരിക എഴുതിയ കെ.കെ. ബാബുരാജ് ഇത് വ്യക്തമാക്കുന്നുണ്ട്. നിരവധി ചെറു ഇടങ്ങളെയും കീഴ് അടരുകളെയും കണ്ടെത്തുകയും അവയെ ഔദ്യോഗികവും ആധികാരികവും ആക്കിമാറ്റിത്തീർക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമായിരുന്നു അദ്ദേഹം മുന്നോട്ടുെവച്ചത്.
പാർലമെന്ററി ജനാധിപത്യത്തിന്റെ പാതയിൽനിന്നും അകന്നുനിൽക്കുന്ന രാഷ്ട്രീയ നിലപാടുകളും പ്രയോഗ പദ്ധതികളുംകൊണ്ട് കലുഷമാക്കിയ ഒരു കാലത്തിൽനിന്നാണ് തിരിച്ചടിയുടെയും തിരിച്ചറിവിന്റെയും പുതുവഴിയിലേക്ക് അദ്ദേഹം ഉൾപ്പെടുന്ന ഒരു തലമുറ മാറിസഞ്ചരിക്കുന്നത്. അതേസമയം, പ്രത്യയശാസ്ത്രപരമായ സംവാദങ്ങളെ നിരന്തരം ഉയർത്തിപ്പിടിക്കാനും അത് സാമൂഹിക മേഖലയിൽ പ്രതിഫലിപ്പിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
1980ന്റെ അവസാനം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളുടെയും കേരളീയ യുവജനവേദിയുടെയും മറ്റും മുൻകൈയിൽ തലശ്ശേരിയിൽ കേരള ദേശീയതയെക്കുറിച്ച് നടന്ന ഒരു സിംപോസിയത്തിൽ ഡോ. എം. ഗംഗാധരൻ ഉൾപ്പെടെയുള്ളവർക്കൊപ്പം കെ.കെ. കൊച്ചും പങ്കെടുത്തിരുന്നു. അദ്ദേഹം അന്ന് ഭാഷാശാസ്ത്ര പണ്ഡിതനായ സി.എൽ. ആന്റണിയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുകയുണ്ടായി. സദസ്സിലിരുന്നുകൊണ്ട് കൊച്ചേട്ടനെ ആദ്യമായി കണ്ട സന്ദർഭം അതായിരുന്നു എന്നാണ് ഇന്ന് ഓർമിക്കുന്നത്.
കേരളത്തിന്റെ സാമൂഹിക ജ്ഞാനരൂപവത്കരണത്തെ സംബന്ധിച്ച് കെ.കെ. കൊച്ച് രചിച്ച അതിവിപുലമായ ഒരു ആത്മകഥ നിലവിലുണ്ട്. ‘സഞ്ചാരപഥങ്ങൾ’ എന്ന പേരിലായിരുന്നു അത് ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. അതിന്റെ ചില ലക്കങ്ങൾ മറ്റു ചില ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിതൻ എന്ന പ്രസ്തുത കൃതി കേരളസമൂഹം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ ഒരു സന്ദർഭം നമുക്കു മുന്നിലുണ്ട്. ആയതിനാൽ കൊച്ചേട്ടനെക്കുറിച്ചുള്ള ഓർമയും എഴുത്തും ആവർത്തനത്തിനിടവരാതെ ചില പ്രതിപാരായണവുംകൂടി കുറിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
രാഷ്ട്രീയ പ്രവർത്തനവും സൈദ്ധാന്തിക വിശകലനവും ആക്ടിവിസവും സാംസ്കാരികസംവാദവും സൗഹൃദവും ഒന്നിച്ചുകൊണ്ടുപോയ ഒരു ദീർഘജീവിതമാണ് കൊച്ചേട്ടനിൽ നാം കാണുന്നത്. അതാകട്ടെ പലപ്പോഴും സമാന്തരവുമായിരുന്നു. മുഖ്യധാരാ ഗാന്ധിയൻ പ്രസ്ഥാനങ്ങളും മുഖ്യധാരാ മാർക്സിയൻ പ്രസ്ഥാനങ്ങളും നോക്കിക്കണ്ട വഴികളിൽനിന്നും വേറിട്ടതായിരുന്നു ഈ സമാന്തര പാത. നക്സലൈറ്റ് ബന്ധങ്ങളും തൊഴിലാളി സംഘടനാപ്രവർത്തനവും ജനാധിപത്യ-മനുഷ്യാവകാശ പ്രവർത്തനങ്ങളും രൂപപ്പെടുത്തിയിരുന്ന ഘട്ടത്തിൽതന്നെയാണ് സാംസ്കാരികമായ നവീന ചലനങ്ങൾക്കും അദ്ദേഹം ശ്രമിച്ചിരുന്നത്. പ്രത്യേകിച്ചും ചിന്താ രവിയെപ്പോലുള്ള എഴുത്തുകാരുടെ ഭാഷയുടെ പ്രത്യേകതയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.
1984ൽ അദ്ദേഹമെഴുതിയ ‘കലാപവും സംസ്കാരവും’ എന്ന കൃതിയിലെ ‘ഉണ്ണുമ്പോൾ ഉരുളയിൽ ചോര’ എന്ന ലേഖനത്തിൽ മലയാള സാംസ്കാരിക ചരിത്രത്തിൽ ദലിത് സാഹിത്യം രൂപപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എ. അയ്യപ്പന്റെയും സിവിക് ചന്ദ്രന്റെയും രചനകളിൽ മലയാളത്തിലെ ദലിത് സാഹിത്യത്തിന്റെ നവമായ വഴികളുണ്ട് എന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി. മാത്രവുമല്ല ‘യെനാൻ’ മാസിക ഉൾപ്പെടെയുള്ളവയിലൂടെ നവമാർക്സിസത്തിന്റെയും നവവിമർശനത്തിന്റെയും വഴികൾ രൂപപ്പെടുത്തിയതിനെ സംബന്ധിച്ചും പാഠങ്ങളും പ്രതിപാഠങ്ങളും നമുക്ക് കാണുവാൻ സാധിച്ചിട്ടുമുണ്ട്. തീവ്ര ഇടതുവഴിയിൽനിന്നും വിമർശനാത്മക രാഷ്ട്രീയത്തിന്റെ (Critical Politics) വഴിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം രൂപപ്പെടുന്നത് സീഡിയൻ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതോടുകൂടിയാണ്.
ഇതേ ഘട്ടത്തിൽതന്നെയാണ് കല്ലറ സുകുമാരന്റെയും പോൾ ചിറക്കരോടിന്റെയും മറ്റും മുൻകൈയിൽ മറ്റൊരു അംബേദ്കറൈറ്റ് പ്രസ്ഥാനമായിരുന്ന ILPയുടെയും IDFന്റെയും പ്രവർത്തനവും സജീവ സാന്നിധ്യമാവുന്നത്. ഈ ഘട്ടത്തിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് തദ്ദേശജനതയെ നോക്കിക്കാണുകയായിരുന്നു സീഡിയൻ പ്രസ്ഥാനം. ഇതാകട്ടെ പാർലമെന്ററി ജനാധിപത്യത്തെ വിമർശനാത്മകമായി നോക്കിക്കണ്ടുകൊണ്ടുള്ള ഒരു പ്രക്രിയയുടെ ഭാഗവുമായിരുന്നു. ആധുനിക വിശകലന സംവിധാനങ്ങളെയും തത്ത്വദർശനങ്ങളെയും ആഴത്തിൽ പുനർപരിശോധിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന ഒരു പഠനസ്കൂൾ എന്ന നിലയിലാണ് സീഡിയൻ അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയത്.
യൂറോപ്പിൽ മാർക്സിയൻ ആശയത്തിന് നവീന പാരായണം രൂപപ്പെടുത്തിയ ഫ്രാങ്ക്ഫർട്ട് സ്കൂളിന് സമാനമായിട്ടാണ് ഇന്ത്യയിൽ സീഡിയൻ പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഇന്ത്യൻ തൊഴിലാളിവർഗത്തെ അഭിസംബോധന ചെയ്യുമ്പോൾ അത് ഇന്ത്യൻ ജാതിവ്യവസ്ഥയെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രധാനമായും മാർക്സിസ്റ്റുകളോടു നടത്തിയ സംവാദംകൂടിയായിരുന്നു സീഡിയൻ ഉയർത്തിക്കൊണ്ടുവന്നത്. മാത്രമല്ല, സാർവദേശീയതയിൽ ഊന്നുന്ന ആശയരൂപവത്കരണങ്ങൾക്കും പ്രസിദ്ധീകരണ പ്രവർത്തനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും സീഡിയൻ ശ്രമിക്കുകയുമുണ്ടായി. ഇതാകട്ടെ തീവ്ര ഇടത് ദർശനങ്ങൾക്കുള്ളിൽത്തന്നെ രൂപപ്പെട്ട മറ്റൊരു പാരായണവുമായിരുന്നു.
അതേസമയം, നവ മാർക്സിയൻ ധാരയിലേക്ക് പ്രവേശിക്കുന്ന ഇടത് ചിന്താലോകവുമായി ഐക്യപ്പെട്ടുകൊണ്ടാണ് പല പ്രക്ഷോഭ പരിപാടികളും ഇക്കാലത്ത് രൂപപ്പെട്ടത്. കെ.എം. സലിംകുമാറിന്റെ മുൻകൈയിൽ പ്രവർത്തിച്ചുവന്ന അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ പ്രവർത്തനവും അധഃസ്ഥിത- ആദിവാസി സാംസ്കാരികോത്സവം, മനുസ്മൃതി ദഹനം തുടങ്ങിയവയോട് യോജിച്ചും വിയോജിച്ചും നിലപാട് സ്വീകരിക്കുമ്പോൾതന്നെ ആദിശങ്കരന്റെ കോലം കത്തിക്കൽ, പുത്രകാേമഷ്ടി യാഗത്തിനെതിരെയുള്ള വിമർശനജാഥ, ജപ്തിവിരുദ്ധ-കർഷക പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങളോട് ഐക്യപ്പെടൽ തുടങ്ങിയവ ആദ്യകാല പ്രവർത്തനത്തിന്റെ ചില ഉദാഹരണങ്ങളായിരുന്നു.
സി.ടി. സുകുമാരൻ IASന്റെ മരണവും ദലിത് ജനതയുടെ ഐക്യസമരവും നടക്കുന്നത് 1992ലായിരുന്നു. വിവിധ ദലിത് പ്രസ്ഥാനങ്ങൾ അണിനിരന്ന സമരം ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടുന്ന ഒന്നാണ്. സി.ടി. സുകുമാരൻ IASന്റെ പിതാവ് തേവൻ മാഷ് സെക്രേട്ടറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുകയുണ്ടായി. കൊച്ചേട്ടന്റെയും മറ്റും നേതൃത്വത്തിലായിരുന്നു പ്രസ്തുത സമരം നടന്നത്. ഗാന്ധിയൻ ദേശീയപ്രസ്ഥാനം ദലിത് ജനതയോടു പുലർത്തിവന്ന നീതിരാഹിത്യത്തിന്റെ തെളിവുകളിൽ ഒന്നായിരുന്നു ഈ വിഷയത്തിൽ സി.ടി. സുകുമാരൻ IASന്റെ കുടുംബത്തോടു പുലർത്തിയ കൈയൊഴിയൽ. ഇതാകട്ടെ ദലിതരിൽനിന്നും വിദ്യാസമ്പന്നരും ഉയർന്ന പദവിയിൽ എത്തുന്നവരുമായ സമുദായ അംഗങ്ങൾ നേരിടുന്ന പ്രതിസന്ധികളും ഭരണകൂടം അവരോട് പുലർത്തുന്ന കൈയൊഴിയലിന്റെയും ഉദാഹരണംകൂടിയായിരുന്നു. കെ.കെ. കൊച്ചിനെ സംബന്ധിച്ചിടത്തോളം പ്രസ്തുത സംഭവം ഗാന്ധിയൻ ദർശനങ്ങളെയും അതിന്റെ അധികാര സമവാക്യങ്ങളെയും കൂടുതൽ വിമർശനത്തോടെ വിലയിരുത്തുവാൻ കാരണമായിത്തീർന്നു.
ഇതിനൊപ്പംതന്നെയാണ് 1996ലെ ആദിവാസി ഭൂമി അവകാശ നിയമത്തെ റദ്ദ് ചെയ്ത സംഭവം ഉണ്ടാകുന്നത്. കെ.ആർ. ഗൗരിയമ്മയൊഴികെ ഭരണപക്ഷവും പ്രതിപക്ഷവുമായ ജനപ്രതിനിധികൾ ഒന്നടങ്കം ഐക്യപ്പെട്ടു സ്വീകരിച്ച നിയമസഭാ തീരുമാനവും പ്രസ്തുത തീരുമാനം കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി അയച്ച പ്രവൃത്തിയും നീതിരാഹിത്യത്തിന്റെ മറ്റൊരുദാഹരണമായിരുന്നു. ഇതിൽ SC ജനപ്രതിനിധികളും ഒപ്പുെവച്ചു എന്നതാണ് ദലിതർക്കിടയിൽ സാമുദായീകരണം നടക്കാത്തതിന്റെ തെളിവായി കെ.കെ. കൊച്ച് ചൂണ്ടിക്കാണിച്ചത്. കാരണം അവർ ഒരു സമുദായത്തെ പ്രതിനിധാനംചെയ്യുന്നില്ല എന്നതാണ് ദലിതരുടെ മുന്നിലെ വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അന്ന് രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ഡോ. കെ.ആർ. നാരായണൻ പ്രസ്തുത ബിൽ പാസാക്കാതെ മടക്കിയയക്കുകയായിരുന്നു. ഇത് കേരളത്തിന്റെ ദലിത് അവബോധത്തിന് ഒരു പുനർവിചിന്തനത്തിന് അവസരമൊരുക്കുന്ന ഒന്നായിരുന്നു.
ഈ ഘട്ടത്തിലാണ് പാർലമെന്ററി വിരുദ്ധമായ നിലപാടുകളിൽനിന്നും വ്യത്യസ്തമായി പാർലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്ക് കൊച്ചേട്ടൻ അടക്കമുള്ളവർ പുനരാലോചന നടത്തുന്നത്. ഇത് കേവലമായ ഒരു പര്യാലോചനയായിരുന്നില്ല എന്നതാണ് പ്രാധാന്യമുള്ള വസ്തുത. എന്തെന്നാൽ നവോത്ഥാനാനന്തരം കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക മേഖലയിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ച ചിന്താധാരകൾ പലയളവിലും മുഖ്യധാരാ വ്യവഹാരത്തിന്റെയും വരേണ്യ ഭാവനയുടേതുമായിരുന്നു.
ഈ മുൻധാരണകളെ സാംസ്കാരികമായി നവനിർമിച്ചുകൊണ്ടും രാഷ്ട്രീയമായി പുതുക്കിപ്പണിതുകൊണ്ടും മാത്രമേ ഒരു വ്യവഹാരമണ്ഡലം രൂപപ്പെടുത്തിയെടുക്കുന്നതിൽ അർഥമുള്ളൂ എന്നദ്ദേഹം നിരീക്ഷിച്ചു. എങ്കിൽ മാത്രമേ രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കൂ എന്ന വിലയിരുത്തൽകൂടിയായിരുന്നു ഇത്. ഇതിൽ സാഹിത്യരചനയുടെയും സാംസ്കാരിക ഇടത്തിന്റെയും വിമർശനപഠനങ്ങളുടെയും പ്രാധാന്യം അദ്ദേഹം ഉയർത്തിപ്പിടിച്ചു. സി. അയ്യപ്പനെപ്പോലുള്ള എഴുത്തുകാർ ഈ ഘട്ടത്തിൽ പുനർപാരായണം ചെയ്യപ്പെട്ടു. ഇക്കാലത്ത് അദ്ദേഹമെഴുതിയ രചനകൾ പിൻകാലത്ത് സമാഹരിക്കപ്പെട്ടതായിരുന്നു ‘വായനയുടെ ദലിത് പാഠങ്ങൾ’ എന്ന കൃതി.
മുകളിൽ സൂചിപ്പിച്ച കല്ലറ സുകുമാരന്റെയും പോൾ ചിറക്കരോടിന്റെയും മുൻകൈയിൽ രൂപപ്പെട്ടിരുന്ന ദലിത് സാമൂഹികവിശകലനത്തിൽനിന്ന് പൂർണമായും അകന്നുനിൽക്കാൻ രണ്ടാംഘട്ടത്തിൽ അദ്ദേഹം ശ്രമിച്ചില്ല. മാത്രമല്ല, രണ്ടാംഘട്ടത്തിൽ ഐക്യവും പിന്തുണയും നൽകുന്ന ചില പ്രവർത്തനങ്ങൾ രൂപപ്പെടുന്നതും കാണാൻ സാധിക്കും. ദലിത് ബന്ധു എൻ.കെ. ജോസിന് ദലിത് ബന്ധു എന്ന പേര് നൽകിക്കൊണ്ട് IDFഉം ബി.എസ്.പിയും CKTUവും മറ്റും നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ ദലിത് സാഹിത്യ സമ്മേളനത്തിൽ കൊച്ചേട്ടൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
അതേസമയം, അക്കാലത്ത് ദേശീയമായി ഏറെ ചലനം സൃഷ്ടിച്ചിരുന്ന ബി.എസ്.പിയുടെ പ്രവർത്തനങ്ങളിൽനിന്നും അകന്നുനിന്നിരുന്നു എന്നതും പ്രധാനപ്പെട്ട ഒന്നായി കാണേണ്ടതുണ്ട്. ഇതിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ വിലയിരുത്തൽ പ്രത്യയശാസ്ത്രപരമായ ഒരടിത്തറ സൃഷ്ടിക്കുന്നതിൽ ബി.എസ്.പി വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നായിരുന്നു. കൊച്ചേട്ടൻ മുന്നോട്ടുെവച്ച വീക്ഷണം ബഹുജൻ സമാജ് പ്രവർത്തകർക്ക് പലപ്പോഴും വിയോജിപ്പിന് കാരണമായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിന് സമാനമായ നിലപാട് സ്വീകരിച്ച മറ്റൊരു ചിന്തകനായിരുന്നു ഡോ. ഗോപാൽ ഗുരു എന്നതും ഇക്കൂട്ടത്തിൽ ചേർത്തു വായിക്കേണ്ട ഒന്നാണ്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലായ്മ ഒരു ഘട്ടത്തിൽ പ്രസ്ഥാനത്തെ നിർജീവമാക്കിയേക്കാം എന്ന ഈ രണ്ടുപേരുടെയും വീക്ഷണം ഇന്ന് പരിശോധിക്കുമ്പോൾ ശരിയായിരുന്നു എന്നു വ്യക്തമാക്കിത്തരുന്നു.
കേരളത്തിൽ IDF/ ILP പ്രസ്ഥാനങ്ങൾ മുന്നോട്ടുെവച്ച തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പങ്കെടുത്തുകൊണ്ട് രൂപപ്പെടുത്തിയ ദലിത്പക്ഷ സമീപനം ഒരുപക്ഷേ കൂടുതൽ വികസിതമാവാതിരുന്നത് മധ്യ കേരളത്തിൽ അതിന്റെ ചർച്ചക്കു മേൽ മറ്റൊരു ചർച്ച രൂപപ്പെടുത്തിയ സീഡിയൻ പ്രസ്ഥാനത്തിന്റെ ചർച്ചാമണ്ഡലംകൂടിയായിരുന്നു. പ്രത്യേകിച്ചും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണത്തിന്റെ ഭാഗമായി സീഡിയൻ ഉയർത്തിയ പാർലമെന്ററി വിമർശനത്തിന്റെ പല സംവാദങ്ങളും കല്ലറ സുകുമാരൻ പ്രസ്ഥാനത്തിനു മുന്നിൽ വിഘാതങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ഇത് കൂടുതൽ പഠിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ട വിഷയമാണ്. അതേസമയം ILP/ IDF രണ്ടാം നേതൃനിരയുടെ പ്രശ്നങ്ങളും പരിമിതിയും കല്ലറ സുകുമാരൻ പ്രസ്ഥാനത്തിന്റെ തുടർച്ചക്ക് ക്ഷയമുണ്ടാക്കിയിട്ടുണ്ട് എന്ന കാര്യവും എടുത്തു പറയേണ്ടതായുണ്ട്.
സീഡിയന്റെ പാതയും ILPയുടെ പാതയും പരസ്പരം വിമർശിക്കുക മാത്രമല്ല പലതും പരസ്പരം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങളിലും പുനർപരിശോധനക്ക് ഉതകുന്ന ഒന്നായിരുന്നു പ്രസ്തുത സംവാദം എന്ന് കാണാവുന്നതാണ്. കൊച്ചേട്ടന്റെ മുൻകൈയിൽ നടന്ന വിമർശനം ആന്തരികമായ അഴിച്ചു പണിക്ക് സന്നദ്ധമായി. സീഡിയൻ പ്രവർത്തനത്തിനുശേഷം പാർലമെന്ററി പാതയുടെ പ്രയോഗത്തിലേക്ക് കൊച്ചേട്ടന്റെ മുൻകൈയിലുള്ള ഫെഡറൽ െഡമോക്രാറ്റ് പാർട്ടിയുടെ (FDP) പ്രവർത്തനത്തെ നവീകരിക്കുന്നത് ഈ സന്ദർഭത്തിലാണ്. മാത്രവുമല്ല ഒറ്റപ്പാലം തെരഞ്ഞെടുപ്പിൽ SP- FDP- ഉൾപ്പെടെ സോഷ്യലിസ്റ്റ്, മതേതര പ്രസ്ഥാനങ്ങളുടെ സഖ്യം മത്സരിക്കുകയും ചെയ്യുകയുണ്ടായി. ഈ നവീകരണം പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയിലേക്കുള്ള പരിവർത്തനംകൂടിയായിരുന്നു എന്നു വ്യക്തമാക്കുന്നു.
ഈ പരിവർത്തനപാത കൊച്ചേട്ടനെ സംബന്ധിച്ചിടത്തോളം നിരവധി വിമർശകരെ ക്ഷണിച്ചുവരുത്തുന്നതു കൂടിയായിരുന്നു. അതേസമയം, തന്റെ രാഷ്ട്രീയ യാത്രയിലെ പുതിയൊരേട് എന്ന് വിലയിരുത്താവുന്നതുമായിരുന്നു. പാലക്കാട് കലക്ടറെ ബന്ദിയാക്കിയ സമരമുറകൾ ഉൾപ്പെടെയുള്ളവയോട് വിമർശനം നടത്തുവാൻ അദ്ദേഹം ശ്രമിച്ചു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രയോഗങ്ങളോടും ബഹുജൻ രാഷ്ട്രീയ പ്രയോഗത്തോടും വിമർശനം നടത്തുമ്പോഴും നവീനമായ അന്വേഷണങ്ങളും പ്രയോഗങ്ങളും അദ്ദേഹം തുടർന്നു. ഒരുപക്ഷേ മുൻ മന്ത്രിയായിരുന്ന ഡോ. എം.എ. കുട്ടപ്പനുമായും മറ്റും ഐക്യപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായിരുന്നു.
പുതുതലമുറയോടുള്ള സംവേദനവും എഴുത്ത് എന്ന സർഗാധികാരത്തെ തിരിച്ചെടുക്കലും അദ്ദേഹത്തിന് ജീവിതത്തിന്റെ ഭാഗമായിരുന്നു. തൊണ്ണൂറിന്റെ ആദ്യഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളജിൽ രൂപപ്പെട്ട ദലിത് വിദ്യാർഥി ഏകോപന സമിതി എന്ന വിദ്യാർഥി കൂട്ടായ്മ ഇതിന്റെ ഭാഗമായി രൂപപ്പെട്ട നവീനമായ ഒരു ആലോചനയായിരുന്നു. തുടർന്ന് അതിന് DSM അഥവാ ദലിത് സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന് നാമകരണം ചെയ്തതും അദ്ദേഹമായിരുന്നു. ഈ ഘട്ടം മുതൽ കലാലയ വിദ്യാർഥികളായിരുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ജീവിതത്തെ പുതുക്കിപ്പണിയുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് അംബേദ്കറൈറ്റ് സാമൂഹികാവബോധവും വിദ്യാസമ്പാദനവും മെച്ചപ്പെട്ട ജീവിതവീക്ഷണവും ആവിഷ്കരിക്കുവാനാണ് അദ്ദേഹം പുതുതലമുറയോടു സംവദിച്ചത്. ഇതിനായി മഹാത്മാ അയ്യൻകാളിയും സഹോദരൻ അയ്യപ്പനും ശ്രീനാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും ഉൾപ്പെടുന്ന നവോത്ഥാന നേതൃത്വങ്ങളെയാണ് മാതൃകയാക്കിയത്. മാത്രവുമല്ല നവോത്ഥാന പ്രവർത്തനങ്ങൾക്ക് ഒരു നവീനപാഠം ഒരുക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി രൂപപ്പെട്ടു.
ഈ ഘട്ടത്തിലാണ് ‘അംബേദ്കർ ജീവിതവും ദൗത്യവും’ എന്ന കൃതി എഡിറ്റ് ചെയ്യുന്നത്. പ്രസ്തുത കൃതിയിൽ ഡോ. ബി.ആർ. അംബേദ്കറും മുൽക് രാജ് ആനന്ദും തമ്മിലുള്ള ഒരു അഭിമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓം മണി പത്മേഹും എന്നു പറഞ്ഞുകൊണ്ടാണ് അംബേദ്കർ, മുൽക് രാജ് ആനന്ദിനെ അഭിവാദ്യം ചെയ്യുന്നത്. പത്മദലങ്ങൾ സമർപ്പിതമാകട്ടെ എന്ന് അർഥം വരുന്ന ഈ പ്രയോഗം അംബേദ്കർ ദർശനത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നുണ്ട്. 80കളിൽ ടി.കെ.സി വടുതലയുടെയും മറ്റും മുൻകൈയിൽ രൂപപ്പെട്ട അംബേദ്കർ ചിന്തയുടെ സാംസ്കാരികമായ ഒരു തുടർച്ചകൂടിയായിരുന്നു ഈ കൃതി.
ഇതേ സമയത്തുതന്നെ ‘ഇന്ത്യൻ െഡമോക്രാറ്റ്’ മാസികയുടെ പ്രസിദ്ധീകരണവും നടന്നിരുന്നു. കെ. സുനിൽകുമാർ, അഡ്വ. ഷാജി ജേക്കബ്, ജോൺ ജോസഫ്, സണ്ണി എം. കപിക്കാട്, കെ.കെ. ബാബുരാജ് തുടങ്ങിയ ഒരു നിരയെ വാർത്തെടുത്ത കൊച്ചേട്ടൻ അതേസമയം കലാലയങ്ങളിൽനിന്നും അതിന്റെ തുടർച്ച കണ്ടെത്തുകയുംചെയ്തിരുന്നു. അന്ന് കൊച്ചേട്ടനോടൊപ്പം പി.എൻ. സുകുമാരൻ, പി. ശശികുമാർ, പി.സി. ഉഷ, വി.സി. രാജപ്പൻ തുടങ്ങിയ സീനിയർ നേതൃനിരയും ഉണ്ടായിരുന്നു. ദലിത് സമുദായ രൂപവത്കരണം എന്ന ആശയം കൂടുതൽ ചർച്ചാകേന്ദ്രമാകുന്നതും ഈ ഘട്ടത്തിലായിരുന്നു.
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര ധാരയും അംബേദ്കർ ധാരയും തമ്മിലുള്ള വിമർശനത്തെ നോക്കിക്കാണുന്നതുപോലെ പ്രധാനപ്പെട്ടതായിരുന്നു നവോത്ഥാന പഠനങ്ങളുടെ പുനഃപരിശോധനയും ഗാന്ധിയൻ ജനാധിപത്യത്തെ നവീനമായി നോക്കിക്കാണുന്ന സമീപനങ്ങളും. പിൽക്കാലത്ത് അക്കാദമിക് മേഖലയിൽ സ്വാധീനമുറപ്പിച്ച നവോത്ഥാന പഠനങ്ങൾ രൂപപ്പെടുത്തുന്നതിന് ഈ ജ്ഞാനമേഖലയിൽ നടന്ന പുനർവായനകൾ സഹായകമാവുകയുണ്ടായി. ഡോ. ഉമർ തറമേൽ ചൂണ്ടിക്കാണിച്ചതുപോലെ ‘സരസ്വതിവിജയം’ നോവലിന്റെ പുതിയ പതിപ്പിന് ‘കേരളം മറന്ന സാമൂഹിക പരിഷ്കരണം’ എന്ന പേരിൽ അദ്ദേഹം നടത്തിയ പഠനം കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്കു തന്നെയും ഒരു പുനർപാരായണത്തിന് തുടക്കമിടുകയായിരുന്നു. ഉത്തരാധുനിക ചർച്ചകളുടെ ഒരു ഘട്ടത്തിൽ പി. ഗോവിന്ദപ്പിള്ളയുടെ മുൻകൈയിൽ നവോത്ഥാന രചനകൾ ഗ്രന്ഥങ്ങളായി മാറുകയുണ്ടായി. എന്നാൽ, അതിനും പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ എൻ.കെ. ജോസ്, ടി.എച്ച്.പി. ചെന്താരശ്ശേരി, കെ.കെ. കൊച്ച്, ചെറായി രാമദാസ് ഉൾപ്പെടെയുള്ളവർ രൂപപ്പെടുത്തിയ നവോത്ഥാന പുനർവായനയുടെ നനവുള്ള മണ്ണിലാണ് ഇത് സംജാതമായത് എന്ന കാര്യം മുഖ്യധാരാ വിമർശകർ സൗകര്യപൂർവം മറന്നുപോയി.
തൊണ്ണൂറിന്റെ ആദ്യപാദത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ MCRV ഹോസ്റ്റലിലെ സ്ഥിര സന്ദർശകനായിരുന്നു കൊച്ചേട്ടൻ. അത് ഒരു വിദ്യാർഥിനിരയെ വാർത്തെടുത്തതിന്റെ കാലവുമായിരുന്നു. പിൻകാലത്ത് ഞാനെഴുതിയ ‘ജാഗ’ എന്ന നോവലിൽ കൊച്ചേട്ടൻ അടയാളപ്പെടുന്നുണ്ട്. രാത്രിയുടെ യാമങ്ങളിൽ ഹോസ്റ്റൽവാതിൽ തട്ടിവിളിക്കുന്ന, താടിയും മുടിയും നീട്ടിവളർത്തിയ, മിക്കവാറും സമയവും പുകവലിക്കുന്ന കൊച്ചേട്ടൻ. ഒരു അവധൂതനു തുല്യമായിട്ടാണ് ആ നോവലിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. സി.ടി. സുകുമാരൻ IASന്റെ മരണവുമായി ബന്ധപ്പെട്ട് അന്ന് നടന്ന സമരങ്ങളും ആലോചനകളും ഒരു പുതിയ തലമുറയെ നിർമിച്ചെടുക്കുകയുണ്ടായി. ദലിത് ഏകോപന സമിതിയുടെ പ്രവർത്തന കാലമായിരുന്നു അത്. മുളന്തുരുത്തിയിലെ സി.ടി. സുകുമാരൻ IASന്റെ വസതിയിൽ െവച്ച് ‘ഇന്ത്യൻ െഡമോക്രാറ്റ്’ മാസികയുടെ കോപ്പി എനിക്ക് തന്നുകൊണ്ട് പ്രകാശനം നിർവഹിക്കപ്പെട്ടത് ഇന്നും ഓർക്കുന്നു.
ജനാധിപത്യ മതേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ മറ്റൊരു ഘട്ടത്തിൽ കേരളത്തിലെ ദലിത് സമരങ്ങളുടെ ജനാധിപത്യ ദിശയിൽനിന്നുള്ള വ്യതിയാനം അദ്ദേഹം വിമർശനപരമായാണ് നോക്കിക്കണ്ടത്. തൊണ്ണൂറിന്റെ അവസാനഘട്ടത്തിലാണ് കോട്ടയത്ത് സചിവോത്തമപുരം 11 KV സമരം നടന്നത്. കേരളത്തിന്റെ ഉത്തരകാലത്തെ അടയാളപ്പെടുത്തുമ്പോൾ ഒരു വഴിത്തിരിവായിരുന്നു 11 KV സമരചരിത്രം. പ്രസ്തുത സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ ഡോ. വി.സി. ഹാരിസ് ഉൾപ്പെടെയുള്ളവരുടെ മുൻകൈയിൽ എം.ജി സർവകലാശാല കാമ്പസിൽനിന്നും അധ്യാപകരും വിദ്യാർഥികളും സമരത്തിന് പിന്തുണയുമായി എത്തിച്ചേർന്നു. അത് സമരത്തിന് ഒരു സഹായക സമിതിയായി വികസിച്ചു.
എന്നാൽ, ജനങ്ങളുടെ സ്വാഭാവിക സമരങ്ങൾക്ക് ദിശാവ്യതിയാനം സംഭവിച്ചിരിക്കുന്നു എന്ന നിലയിൽ പ്രസ്തുത സമരത്തെ കൊച്ചേട്ടൻ വിമർശിച്ചുകൊണ്ട് ചില ലേഖനങ്ങൾ എഴുതുകയുണ്ടായി. ഇത് പ്രസ്തുത സമരത്തിനുമേൽ കരിനിഴൽ വീഴ്ത്തുകയുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, കൊച്ചേട്ടനുമായി പരസ്യമായി വിമർശനം നടത്തിയ ആദ്യത്തെയും അവസാനത്തെയും സന്ദർഭമായിരുന്നു അത്. കെ. വേണു എഡിറ്ററായ ‘സമീക്ഷ’ മാസികയിലായിരുന്നു വിയോജിപ്പോടെയുള്ള എന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. തുടർന്ന് കുറച്ചുകാലം കൊച്ചേട്ടനെ കാണുവാനോ മറ്റോ പോയിരുന്നില്ല. ഇതിനിടയിലാണെന്നു തോന്നുന്നു തൃശൂരിൽ ഒരു പ്രോഗ്രാമിന് കൊച്ചേട്ടനെ കാണുന്നത്. ഒരു മുൻവിധിയുമില്ലാതെ എന്നെ തൃശൂരുള്ള വീട്ടിൽ കൊണ്ടുപോയി. വീണ്ടും സൗഹൃദത്തിന് പുതിയ തുടക്കമായി.
ഇത് ഒരുപക്ഷേ കൊച്ചേട്ടന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിന്റേതുകൂടിയായിരുന്നു. ദീർഘകാലം ജോലിയിൽനിന്നും വിട്ടുനിന്ന അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ച കാലമായിരുന്നു അത്. തുടർന്ന് സർവിസിൽനിന്നും വിരമിക്കുകയും രചനകളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. സചിവോത്തമപുരം സമരം, സെക്രേട്ടറിയറ്റിനു മുന്നിലെ കുടിൽകെട്ടു സമരം, മുത്തങ്ങാ സമരം തുടങ്ങിയ സമരങ്ങളോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ അദ്ദേഹംകൂടി പങ്കെടുത്ത ചെങ്ങറ ഭൂമി സമരത്തോടും അദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇവയെ സംബന്ധിച്ച വിയോജിപ്പുകളും മറുപടികളും എല്ലാം കൂടുതൽ പഠനാർഹമായ ഒന്നാണ്.
പുതു സാംസ്കാരിക രചനകളും പഠനങ്ങളും രൂപപ്പെടേണ്ടതിന്റെ പ്രാധാന്യത്തിൽനിന്നുകൊണ്ട് അദ്ദേഹം രചിച്ച വിവിധ ലേഖനങ്ങളുടെ സമാഹാരമായ ബുദ്ധനിലേക്കുള്ള ദൂരം എന്ന കൃതി പ്രസിദ്ധീകൃതമായത് ഈ സന്ദർഭത്തിലാണ്. ഡി.സി ബുക്സിൽ എഡിറ്റേഴ്സ് ആയിരുന്ന ഡോ. ദിലീപ് രാജ്, ഡോ. പി.എസ്. സുരേഷ് കുമാർ ഉൾപ്പെടെയുള്ളവർ ദലിത്-ബഹുജന രചനക്ക് നവീനമായ ഒരു സ്ഥാനം നൽകാൻ പ്രയത്നിച്ചവരാണ്. കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ്, കെ.എം. സലിംകുമാർ, പ്രദീപൻ പാമ്പിരികുന്ന് (പേരുകൾ അപൂർണം) തുടങ്ങിയവരുടെ കൃതികളുടെ ഒരു സെറ്റ് ‘ദലിതം പരമ്പര’ എന്ന പേരിലാണ് പ്രസിദ്ധം ചെയ്തത്. ഇതാകട്ടെ ദലിത്-ബഹുജന രചനക്ക് ശക്തമായ ഒരു മുഖ്യധാരാ കർത്തൃത്വം ലഭിക്കുന്നതിന് കാരണമായി. കൊച്ചേട്ടൻ രചിച്ചുവന്നിരുന്ന കേരളചരിത്ര രചനയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾ ഈ ഘട്ടത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. വിവിധ പണ്ഡിതന്മാരോടും ഗവേഷകരോടും കേരള ചരിത്രത്തെ സംബന്ധിച്ച വീക്ഷണങ്ങൾ അദ്ദേഹം പങ്കുവെക്കുമായിരുന്നു. ഞങ്ങളോടൊക്കെയും സംസാരിക്കുമ്പോൾ കേരള ചരിത്രവും രാഷ്ട്രീയ ചരിത്രവും അദ്ദേഹത്തിന്റേതായ വീക്ഷണത്തിൽ പങ്കുെവച്ചിരുന്നു.
കേരളചരിത്ര രചനയുടെ ഭാഗമായി ടി.കെ. മോഹൻദാസ് ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ കൊച്ചേട്ടന് പുസ്തകം വാങ്ങുന്നതിനും മറ്റും പണം കൊടുത്ത് ഒപ്പം നിന്നതിനെക്കുറിച്ച് കൊച്ചേട്ടൻ പറഞ്ഞിട്ടുണ്ട്. ചരിത്രരചനയുടെ അവസാനഘട്ടത്തിൽ അതിന്റെ വായനക്കും നിർദേശങ്ങൾക്കും വേണ്ടി അദ്ദേഹത്തിന്റെ വസതിയിൽ ഒരു ദ്വിദിനക്യാമ്പ് സംഘടിപ്പിച്ചത് ഓർക്കുന്നു. അക്കാദമിഷ്യന്മാരും ചരിത്രകാരന്മാരും പങ്കെടുത്ത ക്യാമ്പ് സവിശേഷതയുള്ളതായിരുന്നു. ഒരു സാധാരണ പ്രസാധകരിൽ പ്രസിദ്ധീകരിക്കാൻ ആയിരുന്നു കൊച്ചേട്ടന് താൽപര്യം. പ്രസ്തുത ക്യാമ്പിൽ ഉയർന്നുവന്ന അഭിപ്രായത്തിന്റെ ഭാഗമായാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസ്തുത പുസ്തകം സമർപ്പിക്കുന്നതും അവർ പ്രസിദ്ധീകരിക്കുന്നതും. ഇത് കേരള ചരിത്രരചനയുടെതന്നെ നവീനമായ ഒരു വീക്ഷണം വിദ്യാർഥികൾക്കും ഗവേഷകർക്കും ഇടയിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായി. ഈ ഘട്ടത്തോടെ സർവകലാശാലകൾ, കാമ്പസുകൾ, അക്കാദമിക് ഇടങ്ങൾ എന്നിവയിൽ കൊേച്ചട്ടന്റെ പ്രഭാഷണങ്ങൾ ശ്രദ്ധാകേന്ദ്രങ്ങളായി മാറി.
മുമ്പു സൂചിപ്പിച്ച സാംസ്കാരിക ഇടങ്ങളെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ‘സൂചകം’ മാസികയുടെ ആലോചനകളും പൊയ്കയിൽ അപ്പച്ചൻ പുനർപാരായണവും എന്നു വിലയിരുത്താം. വി.വി. സ്വാമി, ഇ.വി. അനിൽ, ടി.കെ. മോഹൻദാസ്, അന്തരിച്ച വി.ടി. രാജപ്പൻ, കെ.കെ. ബാബുരാജ്, പി.ബി. സുരേഷ്, സുഭാഷ് അമര, രഘു ഇരവിപേരൂർ, ആർ. പ്രകാശ്, ശങ്കരനാരായണൻ മലപ്പുറം, ഡോ. വി.സി. ഹാരിസ് (പേര് അപൂർണം) ഉൾപ്പെടുന്ന ഒരു പിടിയാളുകൾ നടത്തിയ ചർച്ചകളുടെ പ്രതിഫലനമായിരുന്നു ‘സൂചകം’ മാസികയുടെയും പൊയ്കയിൽ അപ്പച്ചൻ പുനർപാരായണത്തിന്റെയും പ്രവർത്തനം. ‘സൂചകം’ മാസികയിൽ ‘മറുഭാഷ’ എന്ന പേരിൽ ഡോ. വി.സി. ഹാരിസ് എഴുതിയ കോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. പൊയ്കയിൽ അപ്പച്ചന്റെ ‘ജ്ഞാനമേഖല’യെ പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഈ പ്രവർത്തനം കൂടുതൽ സഹായകമായി. അതോടൊപ്പം സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസിദ്ധീകരണം ഉത്തരകാലം വെബ് പോർട്ടലിന്റെ പ്രവർത്തനം തുടങ്ങിയവയിലേക്കും അത് വികസിക്കുകയുണ്ടായി.
ദലിത് സമുദായ രൂപവത്കരണം എന്ന ആശയം ലക്ഷ്യംെവച്ച് വിവിധ സംഘടനകൾ സംവാദവും പ്രവർത്തനവും വളരെ മുന്നേതന്നെ രൂപപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും കെ.എം. സലിംകുമാറിന്റെയും മറ്റും മുൻകൈയിൽ ദലിത് ഐക്യമുന്നണിയുടെ പ്രവർത്തനം ഇതിൽ പ്രധാനമായിരുന്നു. കെ.പി.എം.എസ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളിൽനിന്നും ദീർഘകാലം അകന്നു സഞ്ചരിക്കുകയായിരുന്നു കെ.കെ. കൊച്ച്. ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഈ പ്രസ്ഥാനങ്ങളോട് ദലിത് സമുദായ രൂപവത്കരണത്തെക്കുറിച്ച് സംസാരിക്കുന്നില്ല എന്ന എന്റെ ചോദ്യത്തിന് അദ്ദേഹംതന്ന മറുപടി പ്രത്യയശാസ്ത്രപരമായ ഒന്നായിരുന്നു. ബി.എസ്.പി തുടങ്ങിയവയോട് മുമ്പ് പുലർത്തിയിരുന്ന നിലപാടിൽനിന്നും വ്യത്യാസമുള്ളതായിരുന്നില്ല അത്.
പ്രത്യയശാസ്ത്രപരമായി സംഘടിക്കാതെ ഒരു ജാതിയുടെ ബോധത്തിലോ, വൈകാരികതയിലോ ഒരു സമൂഹം ഐക്യപ്പെടുന്നത് ഭാവിയില്ലാത്ത ഒന്നാകുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെ കുറിച്ച് കൂടുതൽ അവഗാഹം ആവശ്യമായിരുന്നു. അദ്ദേഹം പറഞ്ഞു. തൊണ്ണൂറിലാണ് ദലിത് സ്റ്റുഡന്റ്സ് മൂവ്മെന്റ് (DSM) രൂപപ്പെട്ടത്. അതിന് ഒരു ചിന്താമണ്ഡലം വികസിപ്പിച്ചെടുക്കാൻ സാധിച്ചു. ഡോ. കെ.എസ്. മാധവൻ, ഡോ. എ.കെ. വാസു, ഡോ. എ. അരുൺ, ഡോ. സുമി, ഡോ. ഒ.കെ. സന്തോഷ്, (പേരുകൾ അപൂർണം) ഉൾപ്പെടുന്ന ഒരു നിരയെ വാർത്തെടുക്കുവാൻ അതിനു സാധിച്ചു. ഇനിയും ഒരു തലമുറ ഗവേഷണ പഠനങ്ങൾ ഉൾപ്പെടെ നടത്തുന്നു. ഇവിടെയൊക്കെയും ദലിത് പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. പരിഷ്കരണവും സമുദായ രൂപവത്കരണവും ചർച്ചചെയ്ത തൊണ്ണൂറുകളിൽനിന്നും 2010ൽ എത്തുമ്പോൾ നിരവധി ദൃശ്യതകൾ രൂപപ്പെടുത്താൻ സാധിച്ചു. ഇതാണ് ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ എന്നതുകൊണ്ട് അർഥമാക്കുന്നത്.
കെ.കെ. കൊച്ച് തന്റെ വഴികളിൽ പ്രധാനമായും ഊന്നിയത് ജ്ഞാനനിർമിതിക്കായുള്ള ശ്രമം ആയിരുന്നു എന്ന് ഇതിൽനിന്നും വ്യക്തമാണ്. അദ്ദേഹം ലക്ഷ്യമിടുന്ന പ്രത്യയശാസ്ത്രം എന്നത് സംസ്കാര നിർമിതിയും ജ്ഞാനനിർമിതിയും ആയിരുന്നു. ഇതാകട്ടെ മുഖ്യധാരാ വ്യവഹാര നിർമിതിയുമായി ബന്ധപ്പെട്ടതുമായിരുന്നു. സമാന്തര പ്രസിദ്ധീകരണങ്ങൾക്കൊപ്പം മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹവും തന്റെ ദൃശ്യത കരസ്ഥമാക്കിയവരും എഴുതിത്തുടങ്ങുകയുംചെയ്തു. അക്കാദമികവും നിർമാണാത്മകവുമായ ഈ പ്രവർത്തനത്തിന്റെ വഴിയിൽ പലപ്പോഴും അദ്ദേഹം കണ്ട പല സമരങ്ങളും അതിന്റെ ദിശമാറ്റുന്നതായി അദ്ദേഹം വിലയിരുത്തി. ഇതാകട്ടെ നിരവധി വിമർശകരെ സമ്മാനിക്കുകയുംചെയ്തു.
അതേസമയം, സ്ഥിരമായ അകൽച്ചയോ പിണക്കമോ അദ്ദേഹം െവച്ചുപുലർത്തിയില്ല. ‘സൂചകം മാസിക’യുടെയും പൊയ്കയിൽ അപ്പച്ചൻ പുനർവായനയുടെയും ‘സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസ്’ എന്ന പ്രസിദ്ധീകരണ പ്രവർത്തനത്തിന്റെയും ‘ഉത്തരകാലം’ വെബ് പോർട്ടലിന്റെയും പ്രവർത്തനത്തെ അദ്ദേഹം നോക്കിക്കണ്ടത് നിർമാണാത്മകതയുടെ ഭാഗമായിട്ടായിരുന്നു. ഇതാവട്ടെ വരേണ്യ സാംസ്കാരികാധികാരത്തിൽനിന്നും ജ്ഞാനത്തെ ബഹുജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളായിരുന്നു.
2010ലാണെന്നു കരുതുന്നു, പുന്നല ശ്രീകുമാർ വിളിക്കുന്നത്. കെ.പി.എം.എസ് സംഘടന ആലപ്പുഴയിൽ ഒരു സാംസ്കാരിക സമ്മേളനം നടത്തുന്നുണ്ട് എന്നും അതിലേക്ക് സീനിയേഴ്സ് ആയ ദലിത് എഴുത്തുകാരെ പങ്കെടുപ്പിക്കാൻ മുൻകൈയെടുക്കണം എന്നും പറഞ്ഞുകൊണ്ടായിരുന്നു അത്. ഇക്കാര്യം ഞാൻ ഡോ. എ.കെ. വാസുവുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി കെ.കെ. കൊച്ച്, കെ.കെ.എസ്. ദാസ്, കെ.കെ. ബാബുരാജ്, എസ്. ജോസഫ്, ഡോ. എ.കെ. വാസു, തമിഴ്നാട്ടിൽ നിന്നുള്ള കവിയായ സുകിർതറാണി (പേരുകൾ അപൂർണം) ഉൾപ്പെടെയുള്ളവരെ ആലപ്പുഴയിൽ നടന്ന സാംസ്കാരിക സന്ധ്യയിൽ പങ്കെടുപ്പിക്കുകയുമുണ്ടായി.
1. കെ.കെ. കൊച്ചിന്റെ ആത്മകഥയുടെ ആദ്യ മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം ^2016 ജനുവരി 25 (ലക്കം: 934)
ഈ ശ്രമമാവട്ടെ കെ.പി.എം.എസ് എന്ന സംഘടനക്ക് ദലിത് എഴുത്തുകാരുമായി അടുപ്പമുണ്ടാക്കുന്നതിനും മറിച്ചും അവസരം രൂപപ്പെടുന്നതിന് സഹായകമായി. തുടർന്ന് വിവിധ സമ്മേളനങ്ങളിൽ പ്രമുഖരായ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതിലേക്ക് അത് മാറുകയുണ്ടായി. മുമ്പ് സൂചിപ്പിച്ചതുപോലെ നിർമാണാത്മകമായ ഒരു ചാലക രൂപവത്കരണം നടന്നോ എന്നു വ്യക്തമല്ല. മറിച്ച് ദലിത് ബുദ്ധിജീവികൾ ഒരുവശത്തും ദലിത് സമൂഹങ്ങൾ, ജാതി സമുദായ സംഘടനകൾ തുടങ്ങിയവ മറുവശത്തും എന്ന നിലയിൽ ദീർഘകാലമായി നിലനിന്നിരുന്ന അകലം അവസാനിപ്പിക്കുന്നതിന് ഈ ഘട്ടത്തോടെ സാധിക്കുകയുണ്ടായി.
കെ.കെ. കൊച്ച് ഒരു കുറിപ്പിൽ ഇങ്ങനെ പറഞ്ഞു, ഭരണാധികാരികളെ അട്ടിമറിക്കുക എന്നത് അംബേദ്കറിസത്തിന്റെ പദ്ധതിയല്ല. കാരണം ജനാധിപത്യ ഗവൺമെന്റുകളോടാണ് ദലിതർക്ക് സംവദിക്കുവാനുള്ളത്. ദലിതരുടെയും ദരിദ്രരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കേണ്ടത് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുമാണ്. ആയതിനാൽ ഏതു സർക്കാറും ദലിതരെയോ ദരിദ്രരെയോ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അതേസമയം, കേരളത്തിൽ രൂപപ്പെട്ട ഭൂമി സമരങ്ങളും മറ്റിതര സമരങ്ങളും ഒരുവശത്ത് പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയിൽനിന്നും മാറി സഞ്ചരിച്ചു എന്നും ചില സമരങ്ങൾ ഭരണസംവിധാനങ്ങളോട് ഏകപക്ഷീയമായി സമരസപ്പെട്ടു എന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ രണ്ടു നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. കൊച്ചേട്ടന്റെ നിലപാടുകൾക്ക് ധാരാളം പ്രതിപാഠങ്ങളും രൂപപ്പെട്ടു. കെ.എം. സലിംകുമാർ, കെ.കെ.എസ്. ദാസ്, ലൂക്കോസ് നീലമ്പേരൂർ, എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, കെ.കെ. ബാബുരാജ് തുടങ്ങിയവരൊക്കെയും പല സന്ദർഭങ്ങളിലും കെ.കെ. കൊച്ചിനോട് വിയോജിച്ചിട്ടുള്ളവരാണ്.
ഇത്തരം പ്രതിപാഠങ്ങളുടെയും വിയോജിപ്പുകളുടെയും സന്ദർഭങ്ങളിലാണ് ‘കേരളചരിത്ര രചനയും, ഇതര പഠനങ്ങളും’ അദ്ദേഹം നിർവഹിച്ചത്. ‘സഞ്ചാരപഥങ്ങൾ’ എന്ന പേരിൽ എഴുതിയ ആത്മകഥ ഈ വഴികളുടെ ഡോക്യുമെന്റും വിശദീകരണങ്ങളുമായിരുന്നു. ഇടതുപക്ഷം അതിന്റെ ഉത്തരവാദിത്തത്തെ തിരിച്ചറിയാതെ പോകുന്നതിനെ ചൂണ്ടിക്കാട്ടുന്ന ഒരു ദേശസ്നേഹിയെയാണ് നാമിവിടെ കാണുന്നത്. ഒരു ഭരണസംവിധാനത്തിന് നേർവിപരീതമല്ല അംബേദ്കേറിയൻ സങ്കൽപം എന്നും ഗാന്ധിയോടും നെഹ്റുവിനോടും അംബേദ്കർ വിയോജിക്കുന്നത് രാഷ്ട്ര നിർമാണത്തിന്റെയും രാഷ്ട്രസ്നേഹത്തിന്റെയും ഭാഗമായാണെന്നും ഇന്ന് നാം തിരിച്ചറിയുന്നു. ഡോ. ബി.ആർ. അംബേദ്കറെ കേവലമായ ഒരു ഹരിജൻ നേതാവിൽനിന്നും രാഷ്ട്രനിർമാണത്തിന്റെ ശിൽപികളിൽ ഒരാളായി മാറ്റിത്തീർക്കുന്ന നവീന പഠനങ്ങൾക്കു തുല്യമാണ്, കെ.കെ. കൊച്ചിന്റെ എഴുത്തും പ്രവർത്തനവും ദലിത് ഇടങ്ങളിൽ മാത്രമല്ല, അത് രാജ്യത്തിനും ഭാഷക്കും സംസ്കാരത്തിനും സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന വർത്തമാനകാല തിരിച്ചറിവ്.
സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി ആദരിക്കുകയുണ്ടായി. ജനപ്രതിനിധികളും മന്ത്രിമാരും പ്രതിപക്ഷ നേതാവും എഴുത്തുകാരും സാംസ്കാരിക-സാമൂഹിക പ്രവർത്തകരും ഔദ്യോഗിക വ്യക്തിത്വങ്ങളും അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മാധ്യമങ്ങൾ അദ്ദേഹത്തിന്റെ വേർപാടിനെ ശരിയായ പ്രാധാന്യത്തോടെ ജനങ്ങൾക്കു മുന്നിൽ എത്തിച്ചു. ഇതിലൂടെ നാം മനസ്സിലാക്കുന്നത് കെ.കെ. കൊച്ച് തന്റെ ജ്ഞാനവും പ്രയോഗവുംകൊണ്ട് നടത്തിയ കർമനിരതമായ പ്രവർത്തനം വിജയിക്കുകയായിരുന്നു എന്നാണ്. അത് തിരിച്ചറിയുന്ന ഒരു മതേതര-ജനാധിപത്യ നവീന കേരളസമൂഹം രൂപപ്പെടുന്നുണ്ട് എന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.