പുലർച്ച വെളിച്ചംകുറച്ചെടുത്ത് ഉരുട്ടിപകലിന്റെഒരു പ്രതിമയുണ്ടാക്കുന്നുരാത്രി വൈകിഅതിന്റെ തെളിച്ചത്തിരുന്ന്ചോറു കുഴച്ചുണ്ണുന്നു.പകൽ മുഴുവൻഓരോ നാരുകൾചിക്കിച്ചീകി,കൈവേഗം കുറഞ്ഞതെങ്കിലുംവിരുതുള്ളഒരു പണിക്കാരിയെപ്പോലെതോന്ന്യേതോരോന്ന്മെനഞ്ഞു വെയ്ക്കുകയാണല്ലോ!തേനീച്ചകളുടെ കൂടിന്റെആകൃതി, വലുപ്പവുംപൂക്കളുടെ നിറത്തിന്റെഏറ്റക്കുറച്ചിലുകളുംമഴവില്ലിന്റെ വരത്തു പോക്കുകളുംമഞ്ഞിന്റെയും മഴയുടെയും...
പുലർച്ച വെളിച്ചം
കുറച്ചെടുത്ത് ഉരുട്ടി
പകലിന്റെ
ഒരു പ്രതിമയുണ്ടാക്കുന്നു
രാത്രി വൈകി
അതിന്റെ തെളിച്ചത്തിരുന്ന്
ചോറു കുഴച്ചുണ്ണുന്നു.
പകൽ മുഴുവൻ
ഓരോ നാരുകൾ
ചിക്കിച്ചീകി,
കൈവേഗം കുറഞ്ഞതെങ്കിലും
വിരുതുള്ള
ഒരു പണിക്കാരിയെപ്പോലെ
തോന്ന്യേതോരോന്ന്
മെനഞ്ഞു
വെയ്ക്കുകയാണല്ലോ!
തേനീച്ചകളുടെ കൂടിന്റെ
ആകൃതി, വലുപ്പവും
പൂക്കളുടെ നിറത്തിന്റെ
ഏറ്റക്കുറച്ചിലുകളും
മഴവില്ലിന്റെ വരത്തു പോക്കുകളും
മഞ്ഞിന്റെയും മഴയുടെയും വെയിലിന്റെയും
ചേരുവയളവുകളും
അവളുടെ കൈപ്പിടിക്കുള്ളിൽ ഒതുങ്ങി.
നാരകത്തിന്റെ പുളിപ്പും
മധുരനാരങ്ങയുടെ ഇനിപ്പും
അവൾ വിചാരിക്കുന്നതുപോലെയാണ്.
ചുമ്മാ നേരമ്പോക്കിന്
വലങ്കാൽ ചുഴറ്റി
ഇടങ്കാൽ ചുഴറ്റി
അവൾ കറക്കിയെറിയുന്ന
കാറ്റുകളാണ്
ഭൂഗോളത്തിന്റെ
നന്നാലു പതിനാറ് ദിക്കിലും
കിടന്ന്
ചുറ്റിത്തിരിയുന്നത്.
പൂച്ചയുറക്കം പോലത്തെ
രാത്രിയുറക്കമാണവൾക്ക്
പകലുറങ്ങാൻ
നേരവുമില്ലപോലും
ചവിട്ടടികൾകൊണ്ട്
ഇക്കണ്ടു കാണായതും
അല്ലാത്തതുമായ
പ്രപഞ്ചം മൊത്തം
അവൾക്കളന്നെടുക്കാം.
ഏതു ലോകത്തൊരാൾ
അവളോട് മിണ്ടിയാലും
അതിനൊത്ത
കണക്കൊരു പൂ
അവരുടെ മുറ്റത്ത് വിരിയും
അവളുടെ ഭാഷ
അതിന്റെ മണം
അണിഞ്ഞൊരുങ്ങാനവൾക്കിഷ്ടമാണ്
അവൾക്കും
തുള്ളിച്ചാടുന്ന കൊതികളുണ്ട്.
വലത്തെ മൂക്കിൽ
ചുവന്ന കല്ലിന്റെ സൂര്യനും
ഇടത്തെ മൂക്കിൽ
വെള്ളിക്കല്ലിൽ തീർത്ത
പാതി മുഴുത്ത ചന്ദ്രനും
അവൾ കൊരുത്തിട്ടു.
കാലിലെ
കട്ടിക്കൊലുസിൽ
എണ്ണിയാൽ തീരാത്ത മുത്തുകൾ
കടും തവിട്ടുടലിലെപ്പൊഴും
മുഗാപ്പുഴുക്കളെ
കൊന്നെടുത്ത
കട്ടിയുള്ള പട്ടുതുണി മാത്രം
ഞൊറിഞ്ഞുടുത്തു
അവൾക്കു വേണ്ടി
കാട്ടുമരങ്ങളിൽ വളർന്ന്
പൊള്ളിപ്പുഴുങ്ങിയൊടുങ്ങിയ
പുഴുക്കളെല്ലാം
പുണ്യാത്മാക്കൾ
ഇഷ്ടനിറത്തിലെ
നക്ഷത്ര ജീവിതം
അവർക്കെന്നേക്കുമുള്ള പ്രതിഫലം
ഇങ്ങനെയോരോന്ന്
ചെയ്ത് മടുക്കുമ്പോൾ
അവൾക്ക്
കഥകൾ കേൾക്കാൻ കൊതിയാവും
ആരും മിണ്ടാനില്ലാതെ
തിക്കുമുട്ടി
കണ്ണു നിറഞ്ഞിരിക്കുന്ന
ആളുകളെ
തെരഞ്ഞ് പോവും
കെട്ടിപ്പിടിക്കാൻ
അവർക്കൊരു
കാറ്റിനെ കൊടുക്കും
അവരെയങ്ങനെ
മൂളിക്കേട്ടുകൊണ്ട്
അവളവരുടെ മുടിയിഴകളിൽ
ചെറു ചെറു ചിത്രങ്ങൾ വരഞ്ഞിട്ടും
പറന്നു പോവുന്ന കിളികൾ
ത്രികോണം പോലത്തെ മലകൾ
അവയ്ക്കിടെ ഒരു പുഴ
അതിൽ ചെറിയൊരു തോണി
ആടി വളഞ്ഞ തെങ്ങുകൾ
അവൾക്കതൊരു രസം
മടങ്ങാൻ നേരം
ആരും കേട്ടിട്ടില്ലാത്ത
ഒരു ഈണത്തിന്റെ
കഷണം മുറിച്ച്
അവരുടെ ചെവിയിലിടും
അതിന്റെയലകളിൽ
അവർ
തലയാട്ടി പുഞ്ചിരിക്കുന്നതും നോക്കി
കാലിളക്കി താളം ചവിട്ടി
അവളൊരു ചൂടു ചായ
-ഊതിയൂതിക്കുടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.