'വിളിച്ച്​ വിളിച്ച്​ നിലയ്ക്കുന്നത്​' -കെ.ജി.എസിന്‍റെ കവിത

പ്രേമം മൂത്താൽ ഞാൻ നിന്നെ

എന്തൊക്കെയാ വിളിക്ക്യാന്ന് പറയാൻ പറ്റൂല...

മോളെന്നോ മാനെന്നോ മയിലെന്നോ വിളിക്കും.

ഹെലനെന്നോ ജൂലിയറ്റെന്നോ വിളിക്കും.

പൂവെന്നോ പൂന്തേനെന്നോ വിളിക്കും.

പേരേതും നി​െൻറ പേരാക്കി മൃദുവായി

വിളിച്ച് വിളിച്ചെനിക്ക് മദിക്കണം.

ഒരിക്കൽ

മൃഗരാജകടിയെന്നോ മറ്റോ ഞാൻ തുടങ്ങിയപ്പോൾ,

അയ്യോ! കാട്ടുമൃഗമല്ല കേശുവേട്ടാ ഞാനെന്ന് നീ കുതറി.

എ​െൻറയീ വിളിയൊക്കെ സാറാമ്മേ, ഞാൻ

മൃഗശാലസൂപ്രണ്ടായതുകൊണ്ടല്ല.

ഹോർട്ടികൾച്ചറിസ്​റ്റായതുകൊണ്ടോ, സൈക്കിളിൽ വരുന്ന

കൂവിവിളി വ്യാപാരിയായതുകൊണ്ടോ അല്ല.

പിന്നെ?

പറയാനുണ്ടൽപം കൂസൽ.

എന്നാലും പറയാം.

പ്രേമിക്കുമ്പൊ ഞാനൊരു കവിയാ സാറാമ്മേ;

ലോലവിലോല കവിലു.

കാശില്ലായ്‌മ കാൽപനികതകൊണ്ട്

പൂരിപ്പിക്കുന്നൊരു പുല്ലാങ്കുഴൽ.

പ്രേമം ആദികവിത, ആദിമതം.

ഉമ്മപോലൊരാദി മന്ത്രം

സ്വപ്നംപോലൊരാദി ദർശനം

ഏകാന്തതപോലൊരു സ്വകാര്യസൂക്തം.

പ്രേമം ജീവ​െൻറ കുതിരകളിൽ

ഏറ്റവും മുന്നിൽ പായുന്ന വേഗാശ്വം.

പ്രേമമില്ലാത്തത് ജഡം മാത്രം.

യുക്തിപ്പടികളും സുഖലിഫ്റ്റുകളുമേറും ഡേറ്റിങ്ങി​െൻറ പുത്തനുയരങ്ങൾ നമുക്ക് വയ്യ;

നാമൊരു നാടൻ കഥനക്രമം; വാക്കിൽ

ഉയർന്നു താഴും രസം; നമ്മിലറിയാം

പുണരലോ ഞെരിക്കലോ ആവുന്ന

ലോകത്തി​െൻറ താപനില; നാം

ലോകമനസ്സിെൻറ ചരിത്രമാപിനി, സാറാമ്മേ.

നമ്മെ രസിച്ച് നാമങ്ങനെ ബീച്ചിലിരിക്കെ

സ്വാതന്ത്ര്യത്തിെൻറ ചെകിടത്തൊരു

നാറ്റത്തെറിവിളി:

ഡാ...

പ്രേമം! ലൗ ജിഹാദ്;

തീവ്രവാദം ജാതിമതവിരുദ്ധം.

ദേശവിരുദ്ധ രഹസ്യയുദ്ധം.

ഈ പ്രേമം യു.എ.പി.എയിലേക്ക്.

ജീവിക്കാത്ത ജീവിതം ജീവചരിത്രമാകുന്ന

ഇരുമ്പഴിയിലേക്ക്...

അഴിക്കുള്ളിൽ

പേരുകൾ കളി നിർത്തി

അക്കങ്ങൾ കളി തുടങ്ങി.

Tags:    
News Summary - kgs poem madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.