കണ്ണാടിക്കുള്ളിൽനിന്ന് ഒരു പതിനെട്ടുകാരി പതുക്കെ മിഴി തുറന്ന് നോക്കുന്നു. നോട്ടത്തിൽ കണ്ണാടിക്കു പുറത്ത്, മുന്നിലായി, തന്റെ പ്രതിബിംബത്തെ കാണുന്നു. സൂക്ഷ്മമായും സ്ഥൂലമായും അവർ പരസ്പരം നോക്കിനിന്നു. അനന്തരം പെൺകുട്ടി പുറത്തെ അവളോട് ചോദിക്കുന്നു ഈ കാണുന്ന മുഖത്തിൽ, ഉടലിൽ, എന്റേതായി അവശേഷിക്കുന്നതെന്ത്? കൊടും വേനലും കൊടും തണുപ്പും കൊടും പ്രളയവും വന്നുപോയ, കൊടും പ്രണയത്തോടൊപ്പം കുത്തിയൊഴുകിപ്പോയ, ഈ ശരീരശിൽപം...
കണ്ണാടിക്കുള്ളിൽനിന്ന്
ഒരു പതിനെട്ടുകാരി
പതുക്കെ മിഴി
തുറന്ന് നോക്കുന്നു.
നോട്ടത്തിൽ കണ്ണാടിക്കു പുറത്ത്,
മുന്നിലായി,
തന്റെ പ്രതിബിംബത്തെ കാണുന്നു.
സൂക്ഷ്മമായും സ്ഥൂലമായും
അവർ പരസ്പരം നോക്കിനിന്നു.
അനന്തരം പെൺകുട്ടി
പുറത്തെ അവളോട് ചോദിക്കുന്നു
ഈ കാണുന്ന മുഖത്തിൽ,
ഉടലിൽ,
എന്റേതായി അവശേഷിക്കുന്നതെന്ത്?
കൊടും വേനലും
കൊടും തണുപ്പും
കൊടും പ്രളയവും വന്നുപോയ,
കൊടും പ്രണയത്തോടൊപ്പം
കുത്തിയൊഴുകിപ്പോയ,
ഈ ശരീരശിൽപം ആരുടേതാണ്?
രവിവർമ ചിത്രത്തിൽ
നിന്നിറങ്ങിവന്ന സുന്ദരിയുടേതുപോലുള്ള
ഒരു രൂപം നിനക്കുണ്ടായിരുന്നില്ല
സമ്മതിച്ചു
പക്ഷേ
പദ്മിനി ചിത്രത്തിലെ ഊഞ്ഞാലാട്ടക്കാരിയുടെയോ
തിരുവാതിര കളിക്കാരിയുടെയോ
ഉല്ലാസം നിറഞ്ഞ മുഖം
നിനക്കുണ്ടായിരുന്നല്ലോ
അതിനെ നീ എന്തു ചെയ്തു?
ആട്ടത്തിനും കളിക്കുമിടയിൽ
അവൾ ഉടലിൽ പുരട്ടിെവച്ച
ആ ചാമ്പൽനിറം പോലെ
ഇപ്പോൾ,
ഈ കണ്ണാടിക്ക് പുറത്തു നിൽക്കുന്നതാരാണ്?
നീ ഞാനല്ല തന്നെ
കണ്ണെഴുത്തും നെറ്റിക്കുറിയും മായാത്ത
മുഖവുമായി നിന്ന്
പെൺകുട്ടി കണ്ണാടിക്കുള്ളിൽനിന്ന്
നിർത്തില്ലാതെ ചോദിക്കുകയായി.
അതുകേട്ട്
വൈകുന്നേരങ്ങളിൽ കൂമ്പിയടയുന്ന
മന്ദാരയിലകൾപോലെ
അവളുടെ പ്രതിച്ഛായ പുറത്ത്
കണ്ണടച്ചു.
ആ നേരം
യയാതിയോട് ചേർന്ന പുരുവെന്നപോലെ
തന്റെ ആ മറുബിംബത്തോടൊപ്പം ചേർന്ന്
പുനരവതരിക്കണമെന്ന്
പെൺകുട്ടി തിടുക്കപ്പെട്ടു.
എന്നാൽ
ഒട്ടും തിടുക്കമില്ലാത്ത
ഒരു ചെറു കാറ്റുവന്ന്
കണ്ണാടിയിലെ വിളക്കൂതി.
തെളിഞ്ഞ ഇരുട്ട്
കണ്ണാടിക്കുള്ളിലെ പെൺകുട്ടിയെ മായ്ച്ചു
ഒരു ഞൊടിയിൽ
അവളുടെ പ്രതിച്ഛായയേയും.
●
*ശീർഷകത്തിന് കവി അയ്യപ്പപ്പണിക്കർ സാറിനോട് കടപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.