വലിച്ചുവാരിയിട്ടിരിക്കുന്നചിത്രത്തുന്നലുകളും മെഴുകിയും ചുളിവുകള്‍തീര്‍ത്ത് വെടിപ്പാക്കാതെയുമുള്ള നേര്‍ത്ത പൊടിപടലങ്ങളും ലേലത്തിനായി ചമ്രംപടിഞ്ഞിരിക്കുന്നവരുടെ രണ്ടറ്റങ്ങളില്‍ കണ്ണില്‍ക്കണ്ണില്‍ നോക്കാനാവാതെ തലതാഴ്ത്തിനിന്നു പിന്നത്തെ വരിയുടെ തുടക്കത്തില്‍തന്നെ ഇന്നലെകളിലെ ദീര്‍ഘനിശ്വാസങ്ങളും നെടുവീര്‍പ്പുകളും എവിടുന്നൊക്കെയോ ഓടിപ്പാഞ്ഞുവന്ന് ഇരിക്കുന്നുണ്ടായിരുന്നു ഒറ്റപ്പെട്ടുപോയ നിരാശകളും ദിക്കറിയാത്ത നോട്ടങ്ങളും ഏന്തിയും വലിഞ്ഞും വീണും...
വലിച്ചുവാരിയിട്ടിരിക്കുന്ന
ചിത്രത്തുന്നലുകളും
മെഴുകിയും ചുളിവുകള്‍തീര്‍ത്ത്
വെടിപ്പാക്കാതെയുമുള്ള
നേര്‍ത്ത പൊടിപടലങ്ങളും
ലേലത്തിനായി
ചമ്രംപടിഞ്ഞിരിക്കുന്നവരുടെ
രണ്ടറ്റങ്ങളില്‍
കണ്ണില്‍ക്കണ്ണില്‍
നോക്കാനാവാതെ
തലതാഴ്ത്തിനിന്നു
പിന്നത്തെ വരിയുടെ
തുടക്കത്തില്‍തന്നെ
ഇന്നലെകളിലെ
ദീര്‍ഘനിശ്വാസങ്ങളും
നെടുവീര്‍പ്പുകളും
എവിടുന്നൊക്കെയോ
ഓടിപ്പാഞ്ഞുവന്ന്
ഇരിക്കുന്നുണ്ടായിരുന്നു
ഒറ്റപ്പെട്ടുപോയ നിരാശകളും
ദിക്കറിയാത്ത നോട്ടങ്ങളും
ഏന്തിയും വലിഞ്ഞും വീണും ഉരുണ്ടുപെരണ്ടെഴുന്നേറ്റും
വല്ലവിധേനയും
സമക്ഷത്തിലേക്ക്
എത്തുന്നുണ്ടായിരുന്നു
ഈര്‍പ്പമകന്ന ചെടിച്ചട്ടികളും
ദാഹിച്ചു നാക്കുപറ്റിയ ചെടികളും
വിരിയാന്‍ മറന്ന മൊട്ടുകളും
പച്ചമറന്നു തുടങ്ങിയ ഇലകളും
എങ്ങോട്ടെന്നില്ലാതെ ആരോടെന്നില്ലാതെ
നിറഞ്ഞ കണ്ണുകള്‍ മറച്ച്
മെല്ലെ നടന്നുവരുന്നുണ്ടായിരുന്നു
ചക്കരമണം കലര്‍ന്നു നനഞ്ഞ
പഴയൊരു ദിനപ്പത്രത്തുണ്ട്
ഒരുപാടു കാതം ദൂരത്തുനിന്നും
കൗമാരകൗതുകവുമായി
ഒരുവരിയിലിടം പിടിച്ചു;
തീക്കട്ടയില്‍ തൊട്ടതുപോലെ
എന്തെന്നറിയാതെ
പകച്ചുനിന്ന പെരുവഴിയുടെ
ഒരു കരയില്‍നിന്നാണ്
ഏകാന്തതയുടെ
ഒറ്റവരകളെല്ലാം
ഞെട്ടറ്റ പട്ടമായി
പകല്‍ മറന്നുനിന്നത്
അപ്പോഴും
ഒരു വീടു മാത്രം
ആരുമില്ലെന്ന തോന്നലിനെ
ഓടിച്ചുവിടാനാവാതെ
ഒരു നടപ്പൊച്ചയും
ഒരു തലോടലും
ഒരു കഞ്ഞിമണവും
ഉള്ളിലിട്ടോമനിച്ച്
ഒരു വിളിയൊച്ചക്ക്
കാതോര്‍ത്തിരുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.