ആളും കോളുമില്ലാതെ
തുറമുഖത്ത് നീ കുന്തിച്ചിരിക്കുന്നത്
ഇന്നലെ ഞാൻ കാൺകെ,
ഒരനാഥക്കുഞ്ഞുപോൽ
നിന്നിലേക്കോടിയണഞ്ഞു ഞാൻ.
മുൾക്കിരീടമണിഞ്ഞ പർവതശൃംഗങ്ങളിൽ
ആട്ടിൻകുട്ടിയില്ലാത്ത ഇടയയെപ്പോൽ
നിന്നെ ഞാൻ കണ്ടു.
നിന്റെ വന്യതകൾ വേട്ടയാടപ്പെട്ടിരുന്നു
നീയാണെൻ പൂങ്കാവനം,
സ്വന്തം കൂട്ടിൽ ഞാനിന്നന്യനാണ്.
കാഴ്ചയിൽ നീയൊരു ഫലസ്തീനിയാണ്.
പേരിലും കനവിലും സ്വരത്തിലും
നീയൊരു ഫലസ്തീനിയാണ്.
നീയെനിക്ക് കണ്ണാവുക,
നീയെനിക്ക് നിറമേകുക,
ഹൃദയത്തിന് തിരിയാവുക,
എന്റെയപ്പത്തിനുപ്പാവുക,
ജന്മഭൂമിയുടെ സ്വാദാവുക.
2. ഒരുണർത്തുപാട്ട്
വരിക
ചങ്ങലകളിലും ദുഃഖങ്ങളിലും
പൂട്ടിയിട്ടിരിക്കുന്ന സഖാക്കളെ,
പരാജയത്തിലേക്കൊരിയ്ക്കലും
നമുക്ക് അണിനീങ്ങേണ്ടിവരില്ല.
നഷ്ടപ്പെടുവാൻ ശവമഞ്ചങ്ങൾ മാത്രം!
ദൂരങ്ങളിലേക്ക് പ്രതീക്ഷകൾ പറത്തിവിടുക
നീലാകാശങ്ങളെ നോക്കി നമുക്ക് പാടുക;
തൊഴിൽശാലകളിൽ, ഖനികളിൽ
വിളനിലങ്ങളിൽ നമുക്ക് പാടാം.
അപകർഷതയെ വലിച്ചെറിഞ്ഞ്
സുരമുഖം തേടാം
‘‘അവർ കാട്ടറബികൾ, സംസ്കാരമറിയാത്തോർ’’
ശത്രുക്കൾ സങ്കീർത്തനമാലപിക്കുകയാണ്.
ഞങ്ങൾ അറബികളാണ്,
തൊഴിൽശാലകൾ, വീടുകൾ, ആശുപത്രികൾ,
വിദ്യാലയങ്ങൾ, ബോംബ്, മിസൈലുകൾ
എങ്ങനെയുണ്ടാക്കാമെന്നും ഞങ്ങൾക്കറിയാം
പാട്ടും കവനകലയും ഞങ്ങൾക്കറിയാം.
(മാധ്യമം ബുക്സ് വൈകാതെ പ്രസിദ്ധീകരിക്കുന്ന മഹ്മൂദ് ദർവീശിന്റെ കവിതാസമാഹാരത്തിലുള്ളതാണ് ഇൗ കവിതകൾ.)
മൊഴിമാറ്റം: വി.എ. കബീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.