ഒരീസം രാവിലെ ഓർമ വന്നു കതകിൽ തട്ടി ഇനി ഇവിടെ നിൽക്കുന്നില്ലത്രേ... ജാനുവിനോടു പേരുപോലും പറയാതെ ഒറ്റപ്പോക്ക്. പോവല്ലേ... പോവല്ലേന്ന് ജാനു കരഞ്ഞു, പറഞ്ഞു, ഉറഞ്ഞു തുള്ളി. ആ ഉറവയെല്ലാം കൂടി ഒറ്റപ്പൊട്ടൽ? ഒഴുകി അതൊരു പുഴപോലെ, പുഴ വന്നു ജാനുവിന്റെ പെരുവിരൽ തട്ടി. ''എന്നെ അറിയുമോ?'' നരനീണ്ട മുടി തൊട്ടു...
ഒരീസം രാവിലെ ഓർമ
വന്നു കതകിൽ തട്ടി
ഇനി ഇവിടെ നിൽക്കുന്നില്ലത്രേ...
ജാനുവിനോടു പേരുപോലും
പറയാതെ ഒറ്റപ്പോക്ക്.
പോവല്ലേ... പോവല്ലേന്ന്
ജാനു കരഞ്ഞു, പറഞ്ഞു, ഉറഞ്ഞു
തുള്ളി.
ആ ഉറവയെല്ലാം കൂടി
ഒറ്റപ്പൊട്ടൽ?
ഒഴുകി അതൊരു പുഴപോലെ,
പുഴ വന്നു ജാനുവിന്റെ
പെരുവിരൽ തട്ടി.
''എന്നെ അറിയുമോ?''
നരനീണ്ട മുടി തൊട്ടു ജാനു
പറഞ്ഞു
''നീ വടക്കേതിലെ കല്യാണീടെ മോളല്ലേ..?
മുറിഞ്ഞുപോയിയെല്ലാം.
പുഴ മിണ്ടാതെ ഒഴുകി
ഓർമ പിണങ്ങിയതിൽ പിന്നെ
ജാനുവിന് എപ്പോഴും ചിരിയാ.
മണ്ണെണ്ണ നിറഞ്ഞ രാവിൽ
ജാനു തുരുമ്പിച്ച മറവിയെ
ഒന്നുരസി നോക്കും.
നാവിൽ തുരുമ്പ് കൈയ്ക്കുമ്പോൾ
ഉമ്മത്തിൻ പൂവായ് വിടരും.
ഉച്ചികുത്തിവീണ
നൊമ്പരങ്ങളെ നോക്കി
പൊട്ടിച്ചിരിക്കും...
ഉച്ചവെയിലിൻ
ബുദ്ധനാവും
ഇല്ലാത്ത കുടവയർ തടവി
ചില്ലുകൂട്ടിൽ ചടഞ്ഞിരിക്കും.
വന്നവരോടും നിന്നവരോടും
പൂത്തതലോച്ചറല്ലികളെ-
പ്പറ്റി പറയും.
ഓർമകൾ പിണങ്ങിയതു
മുതൽ ജാനു ചിരിയിലാണ്
നിർത്താത്ത ചിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.