'പറമ്പ്'; സംഘ്പരിവാറിനെ പ്രകോപിപ്പിച്ച ആ കവിത ഇതാണ്

പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ഇഷ്ടം പ്രമേയമാക്കി കവിതയെഴുതിയ യുവ കവി എസ്. രാഹുലിനെതിരെ സംഘ്പരിവാർ സൈബറാക്രമണം. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1253 പ്രസിദ്ധീകരിച്ച കവിതക്കെതിരെയാണ്  സൈബർ ആക്രണവും ഭീഷണിയും തുടരുന്നത്. പു.ക.സ തിരുവനന്തപുരം ജില്ല ജോയന്റ് സെക്രട്ടറി കൂടിയായ എസ്. രാഹുലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിക്കുകയും കവിത പോസ്റ്റ് ചെയ്തതിന് താഴെ തെറിവിളിയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

സംഘപരിവാറിനോട് കോംപ്രമൈസ് ചെയ്തുകൊണ്ട് ഒന്നിനും തയാറ​ല്ലെന്നും ഫേസ്ബുക്ക് പൂട്ടിപ്പോയാലും ഞങ്ങൾക്ക് തെരുവുകളുണ്ടെന്നും അവിടെ കൂടുതൽ കരുത്തോടെ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും എസ്. രാഹുൽ പ്രതികരിച്ചു. 


പറമ്പ്


ഇന്ത്യയും പാകിസ്​താനും തമ്മില്‍...


പറമ്പില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍

ടോസ് കിട്ടരുതേന്നു പ്രാർഥിക്കും.

ടോസ് കിട്ടിയാല്‍

ഇന്ത്യയാകേണ്ടിവരും...

സച്ചിനേക്കാ, ളഫ്രീദിയും

സഹീറിനേക്കാളുമക്തറും

പ്രിയമാണീ പറമ്പിന്.

അക്തറെറിയുമ്പോള്‍

ഒരുശിരന്‍ കാറ്റ്

പാഞ്ഞേറും ഞരമ്പിലായ്.

സിക്സറിലൂടുയര്‍ന്നു പൊങ്ങി

ഗാലറി കടന്ന്

ഞങ്ങളുടെ ഇടനെഞ്ചില്‍ വന്ന്

നിപതിച്ച് നിവര്‍ന്നെഴുന്നു നില്‍ക്കുമഫ്രീദി...


പറമ്പിത്തിരി മുതിർന്നപ്പോൾ

കബഡിയിൽ പന്തുപോലാളുകൾ

പൊന്തി തെറിച്ചു.

കളികഴിഞ്ഞിരിക്കുമ്പോളൊരുത്തൻ

പാകിസ്താനിലേക്കിനി ഫ്രീയായി

ടിക്കറ്റുണ്ടെന്നറിയിച്ചു.


അഫ്രീദിയുമക്തറും

വിട്ടുപോയ പറമ്പിനെങ്ങിനെയും

അവരോടൊത്ത് കളിക്കണം.

പോകാമെന്നുറപ്പിച്ച് പൊടിഞ്ഞുണങ്ങിയ

കൈകാലുകൾ നിവർത്തി വേച്ചുവേച്ച്

കാര്യാലയത്തിലെത്തി ടിക്കറ്റെടുത്തു.


അതിരാവിലെ ബസെത്തി.

അടുത്തിരുന്ന പെണ്‍കുട്ടി

ഗുലാം അലിയെപ്പാടി.

പഞ്ചാബിൽനിന്നു

ലാഹോറിലേക്ക് പകുത്തുപോയ

മറുപാതിയിലലിഞ്ഞ സിങ്

വെയിലിൽ ലെസിയെ പകർന്നു.

സച്ചിനില്‍ വിറകൊണ്ടോ-

രക്തറിന്‍ ബൗണ്‍സര്‍

പറമ്പില്‍ പതിഞ്ഞ മാതിരി

ബസു പാഞ്ഞൂ വേഗത്തില്‍...

അതിര്‍ത്തിയോടടുത്തതും

ഡ്രൈവര്‍ ബസിനെയൊന്ന്

കുടഞ്ഞപോല്‍ പുറത്തുചാടി.

പാകിസ്താനിലെത്തുംമു-

മ്പക്ഷണം ബസൊരാഘാത-

മായി...പൊട്ടിത്തെറിച്ചുപോയ്...

പണ്ടേതോ കുട്ടികള്‍

ക്രയോണില്‍ക്കോറിയുപേക്ഷിച്ച

പാതികത്തിയൊരിന്ത്യന്‍

ഫ്ലാഗും വലംകൈയും ഇപ്പുറം വീണു

Dear Afridi & Akhtar

Lots of Love from India

എന്നെഴുതിത്തീർത്തൊരു കത്തും ഇടത്തേകൈയും

അപ്പുറം വീണു.

ഉടലാകെത്തെറിച്ച്

പൊടിഞ്ഞുപോയ പറമ്പ്

അവിടെയുമിവിടെയുമായി

ചിതറിക്കിടന്നു.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.