എല്ലാമൊളിച്ചുവയ്ക്കുംമുറ്റത്തറ്റത്തെ ഈ വട്ടക്കിണർ മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം അമ്പിളിയുടെ അരഞ്ഞാണം അനിയന്റെ കളിത്തോക്ക് ഇളയമ്മയുടെ കെട്ടുതാലി ഏടത്തിയുടെ ഏങ്ങലടികൾ ഒരു പാതാളക്കരണ്ടിക്കും വശപ്പെടാത്ത വന്യത ഏതു *ചുക്രു രാവുത്തരെയും ചുറ്റിക്കുന്ന ചുരുളി ഒറ്റ നിൽപ്പാണ് മുറ്റത്തുയരത്തിൽ ആഴത്തിലങ്ങനെ... എന്നിട്ട്, ഓർത്തിരിക്കാ...
എല്ലാമൊളിച്ചുവയ്ക്കും
മുറ്റത്തറ്റത്തെ ഈ വട്ടക്കിണർ
മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം
അമ്പിളിയുടെ അരഞ്ഞാണം
അനിയന്റെ കളിത്തോക്ക്
ഇളയമ്മയുടെ കെട്ടുതാലി
ഏടത്തിയുടെ ഏങ്ങലടികൾ
ഒരു പാതാളക്കരണ്ടിക്കും
വശപ്പെടാത്ത വന്യത
ഏതു *ചുക്രു രാവുത്തരെയും
ചുറ്റിക്കുന്ന ചുരുളി
ഒറ്റ നിൽപ്പാണ്
മുറ്റത്തുയരത്തിൽ
ആഴത്തിലങ്ങനെ...
എന്നിട്ട്,
ഓർത്തിരിക്കാ നേരത്ത്
ഓരോന്നോരോന്നായി
പുറത്തെടുത്തിടും
ഈ ജലഗർഭം
അമ്മയുടെ ദീനങ്ങൾ
അമ്മിണിയേച്ചിയുടെ
കമ്മലുകൾ
ഓട്ടുകിണ്ടി, ഓടാമ്പൽ
ചൂട്ടുകറ്റ, ചുടുചോറ്
പ്രണയം പറഞ്ഞു തീരാത്ത
പത്മിനിയുടെ മൊബൈൽ
എത്രകാലം കിടക്കണോ എന്തോ
എന്നെയെപ്പോഴാണിത്
വലിച്ചു പുറത്തിടുന്നതാവോ?
ആഴത്തിലുയരത്തിൽ
മുറ്റത്തറ്റത്തങ്ങനെ
ഒറ്റനിൽപ്പല്ലേ നിലയിട്ട്..!
* ഖസാക്കിന്റെ ഇതിഹാസത്തിലെ മുങ്ങാംകോഴി ചുക്രു രാവുത്തർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.