ഞങ്ങടെ നാട്ടിലൊക്കെ അനങ്ങൻമലയുടെ താണിരിക്കണ അറ്റത്തുക്കൂടെ ഉരുണ്ടുരുണ്ടു മറിഞ്ഞാണ് രാവിലെ സൂര്യൻ മുറ്റത്തെത്തുന്നത് വടക്കു കിഴക്കേ മൂലക്കുള്ള തെങ്ങിന്റെ പട്ടയ്ക്കിടയിലൂടെ എത്തിവലിഞ്ഞ് നോക്കി, രാവിലേ നേരത്തേ ചൂലുകൊണ്ട് മുറ്റത്ത് പെണ്ണുങ്ങൾ വരച്ചിട്ട തിരമാലകൾ വരിയൊത്തിട്ടുണ്ടോന്ന് പരിശോധിച്ച് അവനങ്ങനെ കേറിക്കേറി വരും. ഓരോ ചോട് നടക്കുമ്പോഴും ഓരോ വയസ്സ് കൂടിക്കൂടി പെരയുടെ മേലെത്തുമ്പഴേക്ക് ഒത്ത...
ഞങ്ങടെ നാട്ടിലൊക്കെ
അനങ്ങൻമലയുടെ
താണിരിക്കണ അറ്റത്തുക്കൂടെ
ഉരുണ്ടുരുണ്ടു മറിഞ്ഞാണ്
രാവിലെ സൂര്യൻ മുറ്റത്തെത്തുന്നത്
വടക്കു കിഴക്കേ മൂലക്കുള്ള
തെങ്ങിന്റെ പട്ടയ്ക്കിടയിലൂടെ
എത്തിവലിഞ്ഞ് നോക്കി,
രാവിലേ നേരത്തേ
ചൂലുകൊണ്ട് മുറ്റത്ത്
പെണ്ണുങ്ങൾ വരച്ചിട്ട തിരമാലകൾ
വരിയൊത്തിട്ടുണ്ടോന്ന് പരിശോധിച്ച്
അവനങ്ങനെ കേറിക്കേറി വരും.
ഓരോ ചോട് നടക്കുമ്പോഴും
ഓരോ വയസ്സ് കൂടിക്കൂടി
പെരയുടെ മേലെത്തുമ്പഴേക്ക്
ഒത്ത ബാല്യക്കാരനായിക്കഴിയും
ഓടിനിടക്കിടക്ക് ഒളിപ്പിച്ചു വെച്ച
ചില്ലോട്ടിനുള്ളിക്കൂടെ, അധികാരത്തില്‍
ഉള്ളിലേക്കെടുത്തു ചാടും
അടുക്കളയിലുമുമ്മറത്തും
അച്ചും പുള്ളിയും കുത്തി
നാല് നാലരയാവോളം
ഓടിച്ചാടിക്കളിക്കും.
കളിച്ച് കളിച്ച് മടുക്കുമ്പോൾ
ചില്ലിനുള്ളിലൂടെ തിരിച്ചിറങ്ങി
പുളിമരത്തിനേം മാവിനേം തൊട്ട്
യാത്ര പറയാതൊരു പോക്കാണ്
തന്റെയൂഴത്തിന് കാത്തു നിക്കണ
അനിയനെ കണ്ടോണ്ടാവും
ഇടക്കൊക്കെ ആ മടങ്ങിപ്പോക്ക്
ഭൂമി തിരിഞ്ഞാണ് പകലുണ്ടാവുന്നതെന്ന്
നിങ്ങക്ക് പറയാനെളുപ്പണ്ട്
നമ്മള് ദിവസോം കാണതല്ലേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.