ആണ്ടുപോയ സ്വപ്നത്തെതേടിയെടുക്കാന് എനിക്കൊരു പാതാളക്കരണ്ടി വേണം. എത്രയാഴമെന്നറിയാത്തൊരബോധമാണ്. ചൂഴ്ന്നു നോക്കിയാലും ആഴം കാണില്ല. കല്ലെറിഞ്ഞാലും മുഴക്കം കേള്‍ക്കില്ല. സൂര്യന് നേരുദിച്ചാലും നേരടി തെളിയില്ല. ചന്ദ്രന് നിലാവു കലക്കിയാലും വികാരമിളകില്ല. ഓർമപോലും മുങ്ങാങ്കുഴിയിടില്ല. മറവിയുടെയാഴം ആരറിയുന്നു? പല കോണുകളില്‍നിന്ന് നോക്കിയിട്ടുണ്ട് ഞാന്‍. അടിയിരുട്ടാണ്. തെളിയാവുന്നത്ര തെളിച്ച് ചിരിയുടെ ഞെക്കുവിളക്കടിച്ചു...
ആണ്ടുപോയ സ്വപ്നത്തെ
തേടിയെടുക്കാന്‍
എനിക്കൊരു പാതാളക്കരണ്ടി വേണം.
എത്രയാഴമെന്നറിയാത്തൊരബോധമാണ്.
ചൂഴ്ന്നു നോക്കിയാലും
ആഴം കാണില്ല.
കല്ലെറിഞ്ഞാലും മുഴക്കം കേള്‍ക്കില്ല.
സൂര്യന് നേരുദിച്ചാലും നേരടി തെളിയില്ല.
ചന്ദ്രന് നിലാവു കലക്കിയാലും
വികാരമിളകില്ല.
ഓർമപോലും മുങ്ങാങ്കുഴിയിടില്ല.
മറവിയുടെയാഴം ആരറിയുന്നു?
പല കോണുകളില്‍നിന്ന്
നോക്കിയിട്ടുണ്ട് ഞാന്‍.
അടിയിരുട്ടാണ്.
തെളിയാവുന്നത്ര തെളിച്ച് ചിരിയുടെ
ഞെക്കുവിളക്കടിച്ചു നോക്കിയിട്ടുണ്ട് ഞാന്‍.
തെളിയുന്നത് തിരിച്ചടിക്കും
പ്രതിവെളിച്ചം മാത്രം.
എന്നാലുമതാഴത്തിലുണ്ടെന്നറിയാം.
അഹംബോധത്തിന്റെ
കുഴഞ്ഞ ചെളിയില്‍.
ആകയാല്‍ വേണമെനിക്കൊരു
പാതാളക്കരണ്ടി.
ഇരുമ്പു കൊണ്ടാവരുതത്,
തൊട്ടാല്‍ നോവും.
മൂര്ച്ചയേറിയതാവരുത്,
മുറിഞ്ഞാല്‍ ആകാശമായതൊലിക്കും.
പഞ്ഞിപോല് മിനുത്തതാവണമത്
തൊട്ടാല്‍ സ്നേഹം കൂടുന്നത്.
കാന്തമെന്നു ഹൃദയം വലിച്ചെടുക്കുന്നത്.
തൊട്ടാല്‍ പിടിവിടാത്തത്.
കൂടെപ്പോരുന്നത്.
വേണമെനിക്കൊരു പാതാളക്കരണ്ടി
ഇനിയുമാഴത്തിലെന്റെ സ്വപ്നത്തില്‍
വഴുതിപ്പോയൊരാളെ
വീണ്ടെടുക്കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.