അടവിയെന്നെഴുതിയ
അവസാന കവിയും
മിടിപ്പറ്റു വീണതോടെ
ഭാഷയിൽ കാട്
പേടിച്ചു ചുറ്റും നോക്കി.
വകുപ്പു പേരുപലകകളിൽ
ചായം വരച്ചുവെച്ച വാക്കിന്റെ ഗമയോടെ
ടീവീപ്പേച്ചിലും പത്രപ്പേജിലും
പാറിനടക്കുന്ന വനം
പണ്ടേ ഭാഗംപിരിഞ്ഞു പോയിരുന്നു.
കോമാ രോഗിയെപ്പോലെ
മരണമയക്കത്തിലായിരുന്ന കാന്താരം
അയൽപക്കം കടന്നിടയ്ക്കുവന്ന
ഒരു സിനിമാപ്പേരു കുത്തിവെപ്പിൽ
പെട്ടെന്ന് ഞെട്ടിയുണർന്ന് പകച്ചു കിടന്നു.
* * *
മരമൃഗാദികൾ, ചെളിച്ചതുപ്പുകൾ
പലതരം പച്ചകൾ, പ്രാണികൾ ചേർന്ന
ഇരുണ്ട ജീവന്റെ പരപ്പിനെക്കണ്ട്
വിശപ്പിനെത്തിന്ന് ഉടമ്പുകൾ കോർത്ത്
ആദിയിൽ നാമിഴഞ്ഞു നിവർന്ന കാലത്ത്
തൊണ്ടയിലതിന്
ആദ്യമായ് ചുരന്ന വാക്കെന്താവും?!
കേറിക്കേറിപ്പോകുമ്പോൾ
മൊട്ടക്കുന്നിന്റെയുച്ചിയിൽ വെച്ചോ
ഇറങ്ങിയിറങ്ങിച്ചെല്ലുമ്പോൾ
നീലക്കടൽ കണ്ട തീരത്തുനിന്നോ
വിട്ടുവന്ന ദിക്കിലേക്ക് വിരൽചൂണ്ടിപ്പകച്ച്
ഒരാൾ, ആദ്യത്തെയാൾ നിന്നെ
ഒച്ചയിലേക്കു പകർത്തിയിരിക്കും
‘‘ആ’’യെന്ന് ആഞ്ഞലറുന്നതിനിടയിൽ
കുറുനാക്ക് തൊണ്ടയിലമർന്ന്
‘‘കാ’’യെന്നൊരു കാറൽ പിന്നെ
കാടായിപ്പിടച്ചു നീണ്ടിരിക്കും..!
കേട്ടുചൊല്ലുന്നു പിന്നൊരാൾ
പിന്നെയും മറ്റൊരാൾ, വേറൊരാൾ...
*
അപ്പോൾ ഞങ്ങളോ ഞങ്ങളോ എന്ന്
വനം, കാനനം, വിപിനം, കാന്താരം
അടവിയാദികളപ്പാടെയൊച്ച കൂട്ടി
ഭാഷയുടെ ഡാർവിനെവിടെയെന്ന്
ശബ്ദതാരാവലിച്ചട്ടയിൽ കേറിനിന്ന്
ഒപ്പം കൂടിയ വാക്കുകൾ
മുദ്രാവാക്യം മുഴക്കി...
പൂച്ചയെന്നു വിളിച്ചാൽ
എപ്പോഴും താൻ വിളികേൾക്കില്ലെന്ന്
മാർജാരൻ മുരണ്ടു.
ഇരുളിൽ ചേർന്നമരുന്നതിന്റെ
പതുങ്ങലാപ്പേരിനില്ല.
പൂവെന്നെഴുതിയാൽ
എപ്പോഴും തങ്ങൾ വിടരില്ലെന്ന്
സൂനങ്ങൾ കട്ടായം പറഞ്ഞു.
പുറത്തുകാണിക്കാത്തൊരിതളിന്റെ
ഒളിമണമതിൽ ചേരില്ല.
‘കു’വെന്നു ചേരുന്ന നീയും
ഞാനും തമ്മിലില്ല ചാർച്ചയെന്ന്
സുമം കുസുമത്തോട് മുഖംകോട്ടി.
സിനിമാപ്പാട്ടു വരികൾക്കുള്ളിൽ
ഇപ്പോഴും മിണ്ടാട്ടം മുട്ടിയിട്ടില്ലാത്ത മലർ
പുറത്തേക്കെത്തി നോക്കി
ആശ്വാസ വീർപ്പിട്ടു.
പുളിനം തീരത്തോട്
കൂന്തൽ മുടിയോട്
അംബുജം താമരയോട്
കൊണ്ടൽ മേഘത്തിനോട്
ഉഡു നക്ഷത്രത്തിനോട്...
പരമാണുവിൽനിന്ന്
പെരുംപിറവികൾ പോലെ
പുരാജീവകാലങ്ങളിൽനിന്ന്,
കാറ്റിലുലാത്തി വരും വിത്തുകൾപോലെ
പല നാട്ടുപേച്ചുകളിൽ
മുളപൊട്ടി നീർന്ന്, വിരുന്നിനായ് വന്ന്
വീട്ടുകാരായ്ച്ചേർന്ന്...
പെരുകിയ വാക്കുകൾ
പര്യായ നാനാർഥങ്ങൾ
ഭാഷയുടെ വേലിയതിരുകളിൽ
ആരുമെത്തി നോക്കാത്ത പുസ്തകമൂലകളിൽ
പൊടിക്കാറ്റുതിർന്ന്
പതുക്കെത്തൂർന്നു തീരുന്ന കുഴികളായി
വാ തുറന്നു കിടന്നു.
*
കൊല്ലപ്പരീക്ഷയ്ക്ക്
കാടിന്റെ പര്യായ ചോദ്യത്തിന്
ഫോറസ്റ്റെന്നെഴുതി കോമയിട്ട്
കിട്ടാവാക്കുകൾക്ക് കുത്തിട്ടുവച്ച്
കുട്ടി ക്ലാസ്സിറങ്ങിപ്പോയപ്പോൾ
ചന്ദ്രക്കലയുടെ മുനകൊണ്ടു തോണ്ടി
കാട് ഫോറസ്റ്റിന്റെ
കെട്ടുപുള്ളിയിൽത്തൊട്ടു...
ചുവന്ന വെട്ടുവര വീഴുന്ന നേരംവരെ
ഒറ്റയ്ക്കല്ലെന്ന ഉൾത്തണുപ്പോടെ
‘ഫ’യുടെ മൊട്ടത്തലയിൽ
തോൾ ചായ്ച്ചു കിടന്നു..!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.