തടഞ്ഞുനിർത്തുമപരാഹ്നം മണിപ്പൂട്ടിൻ മുഴക്കം മുറ്റത്തുനിൽക്കുമൊരു ചെമ്പകം അതിൽ കുറേ പൂക്കൾ അഞ്ചാറു പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു മുഖം കുനിഞ്ഞുനിൽക്കുമൊരു കാറ്റ് മുണ്ടിൻതുമ്പ് കുടയും നിഴൽ മേഘവിധാനത്തിൽ അണിഞ്ഞൊരുങ്ങിയ രണ്ടു പാവകൾ കെട്ടിപ്പുണരുന്നു കയ്യടിയൊച്ചകൾ താക്കോലെപ്പൊഴും പഴുതിൽത്തന്നെയിരിക്കു മപ്പന്റെ പെട്ടിയുടെ മണിപ്പൂട്ടിൻ മുഴക്കം മുറ്റത്തൊരിക്കലുമില്ലായിരുന്നൊരു ചെമ്പകം അതിലിരിക്കുന്നു കുറേ മൈനകൾ അഞ്ചാറെണ്ണം...
തടഞ്ഞുനിർത്തുമപരാഹ്നം
മണിപ്പൂട്ടിൻ മുഴക്കം
മുറ്റത്തുനിൽക്കുമൊരു ചെമ്പകം
അതിൽ കുറേ പൂക്കൾ
അഞ്ചാറു പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു
മുഖം കുനിഞ്ഞുനിൽക്കുമൊരു കാറ്റ്
മുണ്ടിൻതുമ്പ് കുടയും നിഴൽ
മേഘവിധാനത്തിൽ
അണിഞ്ഞൊരുങ്ങിയ രണ്ടു
പാവകൾ കെട്ടിപ്പുണരുന്നു
കയ്യടിയൊച്ചകൾ
താക്കോലെപ്പൊഴും പഴുതിൽത്തന്നെയിരിക്കു
മപ്പന്റെ പെട്ടിയുടെ
മണിപ്പൂട്ടിൻ മുഴക്കം
മുറ്റത്തൊരിക്കലുമില്ലായിരുന്നൊരു ചെമ്പകം
അതിലിരിക്കുന്നു കുറേ മൈനകൾ
അഞ്ചാറെണ്ണം താഴെയും നടക്കുന്നു
പച്ചച്ചുവരുകളുള്ളയാകാശം
ചില്ലുകൂടിനുള്ളിലെ വെളിച്ചത്തിൻ മണം
മേഘവിധാനത്തിൽ
രണ്ടു പാവകൾ ഉമ്മവെക്കുന്നു
മിന്നുന്ന കോസ്റ്റ്യൂം
കയ്യടിയൊച്ചകൾ
മറ്റാരും തുറക്കാനൊരിക്കലും തുനിഞ്ഞിട്ടില്ലാത്ത
അപ്പന്റെ പെട്ടിയുടെ
മണിപ്പൂട്ടിൻ മുഴക്കം
മുറ്റത്തെപ്പോഴെങ്കിലുമുണ്ടായേക്കാ
നിടയുള്ളൊരു ചെമ്പകം
അതിൽ നിറച്ചും പൂക്കൾ
അതിൽ നിറച്ചും മൈനകൾ
കുറേ പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു
കുറേ മൈനകൾ താഴെയും നടക്കുന്നു
ആരോ ആരെയോ നീട്ടിവിളിക്കുന്നു
ആരോ വിളികേൾക്കുന്നു
ഇടയിലെ മൗനം
തുടരുന്നു
മേഘവിധാനത്തിൽ
പന്ത്രണ്ടു രാശികളിൽ പന്ത്രണ്ടു പാവക്കുട്ടികൾ
തിളങ്ങിയിരിക്കുന്നു
കുറേ മാറി മങ്ങിനിന്നു
പതിമൂന്നാമത്തെ പാവക്കുട്ടി
വിതുമ്മുന്നു
കയ്യടിയൊച്ചകൾ
കയ്യടിയൊച്ചകൾ
ചൂളംകുത്തുകൾ
കൂക്കിവിളികൾ
താക്കോലൂരിത്താഴെ
വെച്ചേതോ രാത്രി കവർന്നെടുത്തോണ്ടുപോയ
അപ്പന്റെ പെട്ടിയുടെ
മണിപ്പൂട്ടിൻ മുഴക്കം
തടഞ്ഞുനിൽക്കുമപരാഹ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.