പാലുകാച്ച്

ഏനാദിമംഗലത്തൊരു (*)പാലുകാച്ചിനു ചെല്ലുന്നു. രേഖയായിരുന്ന കാലത്തെ വീട,ല്ലിതാളു മാറിയേ, എടുപ്പുകൾ കേമമായി, ചുനിപ്പുകൾ വ്യക്തമായി- കൂട്ടുകാരാ നിനക്കൊരു കൈ. ചായയിൽ, പലഹാരത്തിൽ ബാങ്കുവായ്പ രുചിച്ചാലും പാരിതോഷികം കൈമാറവേ മേടത്തിനുഷ്ണമെന്നാലും, കൈവെള്ളയിൽ ചുള്ളിവര വീട്ടുയോഗമെന്ന ഗതി നേരായ് ഭവി,ച്ചതുമതി ദീർഘശ്വാസത്തൈച്ചുഴലി. വീടു പോരാഞ്ഞൊരു മുറ്റം കാടുകയറുന്നപോലെ. വീതി നീളത്തിൽ ചേരാത്തൊ- രനുപാത താപം ഹാളിൽ ചർച്ചയ്ക്കിരിക്കുന്നു, വാസ്തു തെറ്റിയോ, കുറ്റാന്വേഷണം വീടുചുറ്റി നടന്നു കാണവേ, മാവു ധാരാളം കായ്ച്ചു ചാഞ്ഞുനില്ക്കും ടെറസ്സിൽ, മാറ്റിമാറ്റി വരച്ചൊടുക്കം ഫലിച്ച...

ഏനാദിമംഗലത്തൊരു

(*)പാലുകാച്ചിനു ചെല്ലുന്നു.

രേഖയായിരുന്ന കാലത്തെ

വീട,ല്ലിതാളു മാറിയേ,

എടുപ്പുകൾ കേമമായി,

ചുനിപ്പുകൾ വ്യക്തമായി-

കൂട്ടുകാരാ നിനക്കൊരു കൈ.

ചായയിൽ, പലഹാരത്തിൽ

ബാങ്കുവായ്പ രുചിച്ചാലും

പാരിതോഷികം കൈമാറവേ

മേടത്തിനുഷ്ണമെന്നാലും,

കൈവെള്ളയിൽ ചുള്ളിവര

വീട്ടുയോഗമെന്ന ഗതി

നേരായ് ഭവി,ച്ചതുമതി

ദീർഘശ്വാസത്തൈച്ചുഴലി.

വീടു പോരാഞ്ഞൊരു മുറ്റം

കാടുകയറുന്നപോലെ.

വീതി നീളത്തിൽ ചേരാത്തൊ-

രനുപാത താപം ഹാളിൽ

ചർച്ചയ്ക്കിരിക്കുന്നു, വാസ്തു

തെറ്റിയോ, കുറ്റാന്വേഷണം

വീടുചുറ്റി നടന്നു കാണവേ,

മാവു ധാരാളം കായ്ച്ചു

ചാഞ്ഞുനില്ക്കും ടെറസ്സിൽ,

മാറ്റിമാറ്റി വരച്ചൊടുക്കം

ഫലിച്ച വീട്ടുപൊക്കം.

നിത്യവേനൽ പൊള്ളലിൽ

മധ്യപൗരസ്ത്യ(**) വാസന,

മരുഭൂവിനെച്ചുംബിച്ചു

പൂവിടീച്ച നാട്ടുചങ്കുറപ്പ്...

കൂട്ടുകാരാ നിനക്കൊരു കൈ.

രണ്ടുമൂന്നു മാവിലത്തുമ്പു

തമ്മിലൊട്ടിച്ചു മിശിറുകൾ

ചാഞ്ഞ മാഞ്ചില്ലയിൽ കൂടിൻ

പാലുകാച്ചിനൊരുങ്ങവേ,

വെന്തുപോകുന്നില്ലേ, നമ്മൾ,

കൊണ്ട തീയേറുകൾ കൃത്യം

മരുസ്സൂര്യനെത്ര തുച്ഛം.

എങ്കിലും വിദഗ്ധശൈലിയിൽ

കണ്ണുവെട്ടിച്ചു വിങ്ങലാൽ

വീടുയർത്തിയ മാന്ത്രികാ,

കൂട്ടുകാരാ നിനക്കൊരു കൈ.

മുഗ്ധമാം തടിപ്പണിക്കൊമ്പിൽ

തുപ്പലൊട്ടിച്ചു കാട്ടുകാർ

കൊച്ചുസൗധം പടുത്തിട്ടു

സൂര്യനെ വച്ചു പാലുകാച്ചവേ,

കണ്ണിൽ നാം കണ്ണുനട്ടു

തെല്ലുനേരം ചുരുങ്ങവേ,

പ്രവാസസാഗരം നീന്തി

കരയ്ക്കു പറ്റിയ തോഴനേ,

വീട്ടുകാരാ നിനക്കൊരു കൈ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.