1. അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നുഅവനവനെത്തന്നെ അതിജീവിക്കുവാൻ. കൂടുതൽ ദൈവമാകാനുള്ള ഒരവസരം ആരാണ് വേണ്ടെന്ന് വെക്കുക! ** 2. മുറിഞ്ഞും തൂർന്നും ഒരാൾ മരണങ്ങളെ വകഞ്ഞു നീന്തുമ്പോൾ ജീവിതമേ ജീവിതമേ എന്ന മീനുകളാണ് അവനൊപ്പം അനുതാപപൂർവം സഞ്ചരിക്കുന്നത്. ** 3. കണ്ട ആഴങ്ങളെക്കാൾ കാണാത്ത ആഴങ്ങളാണ് നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്, ഇഴയുന്ന ആമകൾക്കെല്ലാം നന്മ നന്മ എന്ന് ഒരാൾ പേരിട്ടു മറിഞ്ഞ് മലരുമ്പോൾ അവക്കെല്ലാം അവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു. ** 4. നിശ്ശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന് നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാം...
1. അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു
അവനവനെത്തന്നെ അതിജീവിക്കുവാൻ.
കൂടുതൽ ദൈവമാകാനുള്ള ഒരവസരം
ആരാണ് വേണ്ടെന്ന് വെക്കുക!
**
2. മുറിഞ്ഞും തൂർന്നും ഒരാൾ
മരണങ്ങളെ വകഞ്ഞു നീന്തുമ്പോൾ
ജീവിതമേ ജീവിതമേ എന്ന മീനുകളാണ്
അവനൊപ്പം അനുതാപപൂർവം സഞ്ചരിക്കുന്നത്.
**
3. കണ്ട ആഴങ്ങളെക്കാൾ
കാണാത്ത ആഴങ്ങളാണ് നമ്മെ
ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്,
ഇഴയുന്ന ആമകൾക്കെല്ലാം
നന്മ നന്മ എന്ന് ഒരാൾ പേരിട്ടു
മറിഞ്ഞ് മലരുമ്പോൾ അവക്കെല്ലാം
അവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു.
**
4. നിശ്ശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന്
നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാം
നിറഞ്ഞിരിക്കുന്നതിൽ എല്ലാം
തികഞ്ഞിരിക്കുന്നുമില്ലെന്ന്
നിഴലുകൾ നീങ്ങുന്ന
നേരങ്ങൾ സാക്ഷി.
**
5. വിശ്വാസം മാത്രമല്ല വിവേകംകൂടി വേണം
വിശ്വവിഖ്യാതമായ ഈ ജീവിതത്തെ നേരിടുമ്പോൾ,
വിലയേറിയതെല്ലാം കാഴ്ചവസ്തുക്കളാകുന്ന
ഒരു നൃത്തക്കാരനാണ്
സമയം!
**
6. അതിജീവിച്ച ഒന്ന്
നമ്മെ കൂടുതൽ ശക്തമാക്കുന്നുവെന്ന് പറയുന്നു
എങ്കിലും കശക്കിയെറിയപ്പെട്ട ഉരഗത്തെപ്പോലെ അത്
അവനെ ബാക്കിയാക്കുകകൂടി
ചെയ്യുന്നുണ്ടല്ലോ!
**
7. നാം ആഗ്രഹിക്കുന്ന കാര്യവും
നാം നേടുന്ന കാര്യവും രണ്ടാണ്
നമുക്കുള്ളിലോ പുറത്തോ അതിന്റെ പൂർണത
നഷ്ടമാകുന്നു,
തലക്കുമുകളിലന്നേരം
നിലാവോ വെയിലോ എന്നൊരു രൂപകമാടുന്നു.
**
8. സ്വർഗത്തിലേക്ക് മാത്രം കണ്ണുംനട്ടിരിക്കുമ്പോൾ
സ്വതന്ത്രമായവയെല്ലാം ഒരുവനെ അസ്വസ്ഥനാക്കുന്നു.
അവനവനിൽ നിന്നഴിഞ്ഞുപോകാനാകാതെ
കെട്ടിയ കുറ്റിയിൽക്കറങ്ങുന്നു
അരുമയായ അവന്റെ സ്വാർഥത.
**
9. സത്യത്തിന് പൂമണമില്ല
മിസ്രഗന്ധമുള്ള സർപ്പത്തിന്റെ ഒരുടലാണ്
അത് ചുമന്നു നടക്കുന്നത്.
സദാചാരജീവിതത്തിൽ
ഭയത്തിന്റെയും വിശപ്പുകളുടെയും
തൊട്ടാപ്പൊട്ടലുകൾകൊണ്ട്
മനുഷ്യനെയത് മേയ്ച്ചുനടക്കുന്നു.
**
10. അവനവനെ
എത്ര പുതുക്കിയാലും
പഴയൊരു നമ്മൾ
ഉള്ളിന്റെയുള്ളിൽ
ഒളിച്ചു പാർക്കുകതന്നെ ചെയ്യും.
**
11. നിന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവൻ
നിന്നെ ദുർബലനാക്കുകകൂടിയാണ് ചെയ്യുന്നത്.
അതിന്റെ കടിഞ്ഞാണിൽ പായുന്ന
കണ്ണുകെട്ടിയ കുതിരയാവാതിരിക്കുക എന്നതാണ്
നമുക്ക് നമ്മോടു ചെയ്യാവുന്ന ഒരു നീതി.
**
12. നമ്മെ നയിക്കുന്നത് ഏറെയും അശാന്തികളാണ്
താളംതെറ്റിയ കാറ്റ്പോലെ
അത് ഒരുവന്റെ പകലുകളേയും രാത്രികളെയും
തലകീഴായവ മറിച്ച് കളയുന്നു.
**
13. നമ്മുടെയുള്ളിൽപ്പെട്ടുപോയ ഏകാന്തതയോടും
നിശ്ശബ്ദതയോടും മത്സരിക്കരുത്
മരിച്ചവരായിരിക്കുക എന്നത് ജീവിച്ചിരിക്കുന്നതിനെക്കാൾ എളുപ്പമാണെന്ന പ്രലോഭനത്തെ
അതിജീവിക്കുകതന്നെ വേണം.
**
14. ഏറെ ഒന്നുമിെല്ലന്ന,
ജീവിതത്തെ ജയിക്കുവാൻ അതിനോടുതന്നെ യുദ്ധംചെയ്യേണ്ടിയിരിക്കുന്നു.
കൂടുതൽ ദൈവമാകാനുള്ള ഒരവസരം
ആരാണ് വേണ്ടെന്ന് വെക്കുക!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.