ചീട്ടുകൊട്ടാരം

നിന്നെക്കുറിച്ചൊരു വാര്‍ത്ത കണ്ടു -കണ്ടതായ് തോന്നിയതായിരിക്കാം; പിന്നതേപ്പറ്റി പറഞ്ഞുകേട്ടു -കേട്ടതായ് തോന്നിയതായിരിക്കാം. കണ്ണില്‍നിന്നും കാതിലേക്കൊഴുകും കണ്ണുനീര്‍ച്ചോലക്കിരുപുറവും കണ്ടതും കേട്ടതും തമ്മിലൊന്നും മിണ്ടാതെ, കാലം കടന്നിരിക്കാം. നട്ടുച്ചവന്നു നഗരവാതില്‍ കര്‍ട്ടന്നു തീയിട്ടു പോകുവോളം; വെട്ടിമരിച്ച കരുക്കള്‍ വൈകി- ട്ടെത്തി കളത്തില്‍ നിരക്കുവോളം; ചുറ്റും വെയിലുവടിച്ചിറക്കി മുറ്റത്തു മാന്തണല്‍ ചായുവോളം; കത്തിപ്പുകഞ്ഞ് പ്ലാസ്റ്റിക് കുപ്പ- ത്തൊട്ടിയില്‍ പൂത, മുയിര്‍ക്കുവോളം. ഒന്നുമേ മിണ്ടാതൊരു കലണ്ടര്‍- ക്കള്ളി...

നിന്നെക്കുറിച്ചൊരു വാര്‍ത്ത കണ്ടു

-കണ്ടതായ് തോന്നിയതായിരിക്കാം;

പിന്നതേപ്പറ്റി പറഞ്ഞുകേട്ടു

-കേട്ടതായ് തോന്നിയതായിരിക്കാം.

കണ്ണില്‍നിന്നും കാതിലേക്കൊഴുകും

കണ്ണുനീര്‍ച്ചോലക്കിരുപുറവും

കണ്ടതും കേട്ടതും തമ്മിലൊന്നും

മിണ്ടാതെ, കാലം കടന്നിരിക്കാം.

നട്ടുച്ചവന്നു നഗരവാതില്‍

കര്‍ട്ടന്നു തീയിട്ടു പോകുവോളം;

വെട്ടിമരിച്ച കരുക്കള്‍ വൈകി-

ട്ടെത്തി കളത്തില്‍ നിരക്കുവോളം;

ചുറ്റും വെയിലുവടിച്ചിറക്കി

മുറ്റത്തു മാന്തണല്‍ ചായുവോളം;

കത്തിപ്പുകഞ്ഞ് പ്ലാസ്റ്റിക് കുപ്പ-

ത്തൊട്ടിയില്‍ പൂത, മുയിര്‍ക്കുവോളം.

ഒന്നുമേ മിണ്ടാതൊരു കലണ്ടര്‍-

ക്കള്ളി കടന്നുവെന്നാശ്വസിക്കെ,

നിന്നെക്കുറി, ച്ചാംബുലന്‍സൊരെണ്ണം

എന്തോ പറഞ്ഞുപോയ്- തോന്നലാകാം.

തോന്നലുകൊണ്ടു നിർമിച്ചതാണീ

ജീവിതം; ഊരുവെ,ന്തോർമകളില്‍

കായല്‍പ്പരപ്പില്‍ നിലാവ് കായും

പായല്‍ത്തുരുത്തിലെ രാത്രിപോലെ.

കൊട്ടകയില്‍ പണ്ടുവിറ്റ പാട്ടു-

പുസ്തകത്തിന്‍ കഥാവസ്തുപോലെ,

പെട്ടിയിലാവിക്കുവെച്ച പാലൈ-

സൊന്നു നുണ, ഞ്ഞിടവേളപോലെ;

ഒറ്റമുറിച്ചുവരാകെ നമ്മള്‍

കുത്തിവരച്ചതാണീ പ്രപഞ്ചം

ഒറ്റയ്ക്കുതിപ്പിന്നു പോയ്മടങ്ങാ-

മത്ര ചെറുപ്പമാ, ണന്നു ലോകം.

ഒറ്റത്തടിപ്പാലമാണ് നമ്മള്‍-

ക്കക്കരെയിക്കരെ സഞ്ചരിക്കാന്‍

ചുറ്റിപ്പിണ, ഞ്ഞിഴജാതി വള്ളി-

ച്ചപ്പിലിഴയുന്നപോലെ ജന്മം!

ചുറ്റുവിളക്കി, ലെണ്ണത്തിരികള്‍

കത്തിക്കെടുംപോല്‍, അടുത്തതാരെ-

ന്നച്ചു നിരത്തിത്തളര്‍ന്ന പത്ര-

മുറ്റത്തിരുന്നുകൊണ്ടിന്നു നമ്മള്‍

ചെയ്ത സ്വയംകൃതാനര്‍ഥമോരോ-

ന്നെണ്ണി, വായിക്കാന്‍ അറച്ചിരിക്കെ

എത്ര ചുവടാ, ലളന്നെടുക്കും

അറ്റമില്ലാത്തൊരീ വിസ്മയത്തെ?

വാര്‍ത്തകളെ ചേര്‍ത്തിണക്കി നമ്മള്‍

വര്‍ത്തമാനത്തെ പടുത്തുപോകെ

പാര്‍ക്കാന്‍ വരേണ്ട വിരുന്നുകാരാ

പാലിക്കുവാന്‍ പനിത്തീണ്ടലുണ്ട്.

കണ്ടതും കേട്ടതും രണ്ടുറൊട്ടി-

ത്തുണ്ടുകള്‍പോല്‍ ഓർമകൊണ്ടു തമ്മില്‍

ഒട്ടിച്ചുതി, ന്നെനിക്കും നിനക്കും

പെട്ടെന്നു നാവു കലിച്ചുപോകാം;

കല്‍ക്കണ്ടമെന്നു രുചിച്ചതെല്ലാം

കയ്പ്പെന്നറിഞ്ഞ് മടുത്തുപോകാം

കൈയുറയിട്ടിളകുന്ന പ്രേത-

മുദ്രകള്‍ കണ്ടു ഭയന്നുപോകാം.

എങ്കിലും വീണ്ടും മുഖമറകള്‍

ക്കുള്ളി, ലടക്കം കൊറിച്ചു നമ്മള്‍

മട്ടോളമാറ്റി കുടിപ്പു കാപ്പി-

ക്കപ്പോളം ആറിത്തണുത്ത മൗനം.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.