1
ശുഭോദർക്കമായ കൂട്ടക്കൊല
എത്ര ഭയാനകം എന്റെ കാലഘട്ടം!
എന്നിരുന്നാലും അതെന്റെ കാലമായിരുന്നു,
ഞാൻ സ്വയം അതിൽ ഇരിക്കുന്നതല്ല
അതിൽ എന്റെ പങ്കിത്രമാത്രം-
അതിന്റെ ഉദരത്തിലേക്ക്
എന്റെ കാലടികൾ ആഴ്ത്തുക
ആ ചളി എന്റെ ആത്മാവോളം
ചവിട്ടിക്കുഴക്കുക,
ആ ചളിയിൽ മുഖം മൂടുക
അഴുക്കുവെള്ളത്താൽ എന്റെ
കൃഷ്ണമണികളിൽ ചളിപടർത്തുക
എന്നിട്ട് നിത്യതയോളം അതിന്റെ ഭയാനകതയാൽ
നാറ്റം വമിക്കുന്ന
പാദമുദ്രയൊന്നു പതിപ്പിച്ച്
ഭാവിയുടെ തീരങ്ങളിലേക്ക്
പുറപ്പെടുക.
എന്നിരുന്നാലും അതെന്റെ ജീവകാലമായിരുന്നു.
വ്രണബാധിതമായത്.
നായിനെപ്പോലുള്ളത്.
ബീഭത്സമായത്.
തീർച്ചയായും ചെന്നായ് സൃഷ്ടിച്ചത്.
സ്നേഹത്തിന്റെയും ജീവിതത്തിന്റെയും പേരിൽ
വെറുപ്പാലും മരണത്താലും തകർക്കപ്പെട്ടത്.
എത്ര ഭയാനകം എന്റെ കാലഘട്ടം!
എന്നിരുന്നാലും അതെന്റെ കാലമായിരുന്നു,
ഭാവിയിലെ മനുഷ്യരേ,
നിങ്ങൾ ഞങ്ങളുടെ കാലഘട്ടത്തെക്കുറിച്ചു
ചിന്തിക്കുമ്പോൾ
മനുഷ്യരെക്കുറിച്ചു ചിന്തിക്കുകയേയരുത്:
വന്യമൃഗങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുക
ഞങ്ങൾ കൊലപാതക തൃഷ്ണമുറ്റി
ഞങ്ങളിൽ അവശേഷിച്ചിരുന്ന
ആത്മത്തരികളെ
കോമ്പല്ലുകളാൽ
കടിച്ചുകീറുകയായിരുന്നു;
ഇതും കൂടിയോർക്കുക:
മൃഗങ്ങൾ തമ്മിലുള്ള ഈ യുദ്ധത്തിൽ
വന്യമൃഗങ്ങൾ എന്നെന്നേക്കുമായി
മരിച്ചുപോയി.
അതോടെ മനുഷ്യത്വം പിറക്കുകയുണ്ടായി-
എന്റെ കാലഘട്ടത്തെക്കുറിച്ചുള്ള
ഒരേയൊരു നല്ല കാര്യം.
ഇതുകൂടിയോർക്കുക:
ഇതിനെല്ലാമിടയിൽ
ഞങ്ങളിൽ ചിലർ കണ്ടു
മാറാലകളാലും
ജനിതകധൂളികളാലും നിറഞ്ഞ്
മനുഷ്യത്വം വന്യമൃഗത്തെ
കീഴടക്കുന്നതെങ്ങനെയെന്ന്.
മാനവികതയുടെ ഭാരത്തിനു കീഴിൽ
ആ വന്യമൃഗം ചതഞ്ഞു ചാവുമ്പോൾ
ഒരു നക്ഷത്രത്തെ
മുടിയിഴകളിൽ അണിഞ്ഞ്
ഭാവി അടുത്തേക്കു
വളരുന്നതെങ്ങനെയെന്നും
ഞങ്ങളിൽ ചിലർ കണ്ടു.
2- മഹാനായ ഉൽപതിഷ്ണു
ഒരിക്കലും
ഒരാളോടും
അയാൾ യാതനകൾ
അനുഭവിക്കുന്നോ എന്നു
ചോദിക്കരുത്
കാരണം എല്ലാവരും
ഏതെങ്കിലും തരത്തിൽ
ഏതെങ്കിലും മാർഗത്തിൽ
എല്ലായ്പോഴും
യാതനകൾ
അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
ഉദാഹരണത്തിന്
ഇന്ന്,
എന്റെ രാഷ്ട്രമേ,
നിന്റെ വേദന
എന്റെ ആത്മാവിന്റെ
ഔന്നിത്യങ്ങളോളം
ഞാനനുഭവിക്കുന്നു.
മുറിവേറ്റവനാണ്
എന്ന കാരണത്താൽ
നിന്റെ ദുരന്തങ്ങളിൽനിന്ന്
എനിക്ക് മോചനമേയില്ല.
ഞാൻ നിന്നിലൂടെത്തന്നെ ജീവിക്കണം
കാരണം, എന്റെ ജീവിതത്തിന്റെ
നിഷ്ഫല മാറിടങ്ങൾ നിനക്കു നൽകാനല്ല
ഞാൻ പിറന്നിരിക്കുന്നത്.
മറിച്ച് എന്റെ കൈവശമുള്ള
ഏറ്റവും കുലീനവും
എനിക്കേറ്റവും അവശ്യമുള്ളതുമായതു
സമർപ്പിക്കാനാണ്-
എന്റെ ജീവിതത്തിന്റെ ജീവൻ
അതിന്റെ മാർദവവും അന്തസ്സും.
നിനക്കൊപ്പം ആരെങ്കിലും
യാതനകൾ അനുഭവിക്കുന്നുവെങ്കിൽ
ആ സാധുമനുഷ്യൻ
ഞാൻ തന്നെയാവണം:
ഞാൻ സഹിക്കുന്നു നിന്റെ യാചകരെ
നിന്റെ വേശ്യകളെ
നിന്റെ വിശപ്പിനെ
വിശപ്പിന്റെയും തണുപ്പിന്റെയും
കഴുകുകൾക്ക് താവളമുള്ള
നിന്റെ കടുംപിടിത്തക്കാരായ
അയൽപക്കങ്ങളെ.
എന്നാൽ ഞാൻ നിന്നെ സഹിക്കുന്നത്
എന്റെ തുറന്ന കണ്ണുകളാൽ മാത്രമല്ല
മറിച്ച് എന്റെ ഉടലിന്റെയും
ആത്മാവിന്റെയും
മുഴുവൻ മുറിവിനാലുമാണ്.
കാരണം, ഞാൻ മറ്റെന്തിനേക്കാളും മുമ്പ്
എല്ലാവരുടെയും തൊലിക്കടിയിൽ
തക്കസമയത്തിനായി കാത്തു
ജീവിക്കുന്ന
മഹാനായ ഉൽപതിഷ്ണുവാണ്.
നിങ്ങൾക്ക് ഒരിക്കലും
ഉപേക്ഷിക്കാനാവാത്ത
ജനങ്ങളെക്കാൾ നന്നായി
ഒരാൾക്കുമറിയില്ല
പോരാട്ടങ്ങളെക്കുറിച്ച്
അതുപോലെത്തന്നെ
വിജയങ്ങൾ നിങ്ങൾക്കൊരിക്കലും
നിരാകരിക്കാനുമാവില്ല.
3
ചോളവയലുകളുടെയും പ്രാവുകളുടെയും പ്രഭാതം
തന്നോടുതന്നെ
യുദ്ധത്തിലേർപ്പെട്ട്
ഭൂമിയുടെ ഫലപുഷ്ടിയിൽ
ക്രമീകരിക്കപ്പെട്ടതാണ്
കനി.
അത് ദൂരങ്ങൾ
താണ്ടുന്നു
ഹരിതകത്താൽ
പച്ചയായിരിക്കുന്നു
ജീവിതത്തിന്റെ
മനോഹരമായ അശ്വത്തെ
പരിപോഷിപ്പിക്കുന്നു.
പിന്നൊരു നാൾ,
അനശ്വരമായൊരു നാൾ,
അതു സൂര്യനും ജലത്തിനും
മുന്നിൽ
അവയുടെ പ്രേമസല്ലാപങ്ങളാൽ
പക്വമായ
തന്റെ ഹൃദയത്തിന്റെ
പടി കൊട്ടിയടയ്ക്കുന്നു.
ഇതുപോലെ,
ഫലോദ്യാനത്തിന്റെ
നെഞ്ചിൽ
അഭിമാനത്തോടെ
തിളങ്ങിനിൽക്കാനുള്ള
അവകാശത്തെ
കൈപ്പിടിയിലാക്കുന്നു.
കാരണം,
അതൊരിക്കലും
ആഗ്രഹിച്ചിട്ടില്ല
ജീവിതാശ്വത്തിനൊപ്പം
കുതിച്ചോടുവാൻ-
ഭൂമിയുടെ
അന്ധകാരമയമായ
ആഴങ്ങളിലേക്ക്;
അതിന്റെ സംഗീതത്തിന്റെ
മരണമെന്ന്
അടയാളപ്പെടുത്തിയേടത്തേക്ക്;
അതിന്റെ പരമാനന്ദത്തിന്റെ
പൂർണമായ ഇല്ലാതാകലിലേക്ക്!
എന്റെ മണ്ണേ,
നിന്റെ ലളിതവും
സങ്കീർണവുമായ
ചരിത്രം
ഇപ്രകാരം തന്നെയായിരിക്കും
ഭാവിയിലേക്കുള്ള
വിധിനിർണായകമായ
ഒരു കുതിച്ചുപായൽ
ചോലവയലുകളിൽ
അവരുടെ പ്രഭാതങ്ങൾ
ചിലവിടുന്ന
നിന്റെ ജനതയും
സമാധാനത്തിന്റെ പറവകളുമുള്ള
ഒന്ന്.
പക്ഷേ,
എപ്പോഴും ഓർക്കുക
പ്രഭാതം
നിന്റേതായിരിക്കും
പിംഗലവർണമാർന്നത്.
നിന്റെ ജനങ്ങളുടെ
കരങ്ങളാലെങ്കിൽ
നീ
കീഴടക്കുമത്!
4
നിന്നോടെനിക്കുള്ള തൃഷ്ണ
നിന്നോടെനിക്കുള്ള തൃഷ്ണയെ
വികാരവത്തായ
ഒരു കുതിരക്കുട്ടിയെന്നു
വിളിക്കാം.
കാരണം അതെന്റെ
കണ്ണുകളിൽനിന്ന്
നിന്റെ ഉടലിന്റെ
ഗ്രാമപ്രദേശങ്ങളിലേക്ക്
കുതിക്കുന്നു.
അതു നിന്നിലേക്ക്
അവിശ്രമം കുതിച്ചുചാടുന്നു-
നിമിഷങ്ങൾ തോറും
വർഷങ്ങൾ തോറും
മുഴുവൻ നൂറ്റാണ്ടുകൾ തോറും.
നിന്റെ ആത്മാവിന്റെ
നുരകളിലൂടെ
അതിന്റെ കുളമ്പുകളാൽ
മുദ്രപതിപ്പിച്ച്
അത് കടന്നുപോകുന്നു-
അതിനാൽ നീയറിയും
അതവിടെ ഉണ്ടെന്ന്.
എന്നാൽ
എപ്പോഴെങ്കിലുമത്
നിന്റെ നെഞ്ചിനു കുറുകെ
കുതിക്കുകയോ
ലോകത്തിലേക്കും
എന്റെ കൈകളുടെ ആഴക്കടലിലേക്കും
നിന്റെ ശരീരം ഒഴുകിയെത്തുന്ന
നിന്റെ മാറിടങ്ങളിൽ
നിൽക്കുകയോ
പിൻകാലുകളിലൂന്നി
ഉയരുകയോ ചെയ്താൽ
അന്ധമായതിനെ വിശ്വസിക്കരുതേ.
ത്രസിപ്പിച്ചുകൊണ്ട്
നിന്റെ ഉദരത്തിലൂടെയതു
കടന്നുപോകുമ്പോൾ
നോക്കുക: എത്ര കുലീനം
അതിന്റെ പാദപതനം;
അതിന്റെ ചലനക്രമത്തിലെ
ധൂമിക!
നിന്റെ തുടകളിൽ
കുഞ്ചിരോമങ്ങളമർത്തി
തന്റെ ഇമ്പമുള്ള രോമങ്ങൾ
മൃദുവായി താലോലിക്കുന്ന
ചന്ദ്രനെ
മിഴികളുയർത്തി നോക്കുന്ന
അതിനെ രാവിലും കാണുക.
നീയത് അറിയുന്നുണ്ടോ എന്നും
നിനക്കത് ഇഷ്ടമാണോ എന്നും
ഒരിക്കലും അറിയുകപോലും ചെയ്യാതെ
നിന്നിലൂടെ കുതിച്ചുപായുന്ന
അതിനെ കേൾക്കൂ.
അപ്പോൾ അത് തീർക്കുന്ന
ഇതിഹാസം
പുകമൂടി പോവുകയില്ല.
നിന്നോടെനിക്കുള്ള തൃഷ്ണ
എന്റെ പ്രണയമേ
തീയിലൂടെ
കടന്നുപോകുന്നു.s
ഓട്ടോ റെനേ കാസ്റ്റില്ലോ
ഗ്വാട്ടമാലയിലെ ക്വേസൽടെനാൻഗോയിൽ 1936 ഏപ്രിൽ 25ന് ജനനം. 1954ൽ എൽസാൽവഡോറിലേക്ക് നാടുകടത്തപ്പെട്ടു. അക്കാലത്താണ് ആദ്യ കവിതകൾഎഴുതിയത്. 1957ൽ ഭരണമാറ്റത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തുകയും സാൻ കാർലോസ് സർവകലാശാലയിൽ നിയമപഠനം നടത്തുകയും ചെയ്തു. മായൻ സംസ്കാരത്തിന്റെ ആത്മീയാടിത്തറകളെയും നാടുകടത്തൽ, അടിച്ചമർത്തലുകൾക്കും പീഡനത്തിനും അസ്വാതന്ത്ര്യത്തിനും എതിരായ രാഷ്ട്രീയ നിലപാടുകൾ, മാനവികത, പ്രണയം എന്നിവ ഉരുകിച്ചേരുന്ന ഇടമായിരുന്നു കാസ്റ്റില്ലോക്ക് കവിതയെന്ന് നിരൂപകർ നിരീക്ഷിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കൻസാഹിത്യത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രധാനിയാണ് കാസ്റ്റില്ലോ. ഗ്വാട്ടമാലയിലെ Revolutionary Armed Forces(FAR)ൽ സജീവപ്രവർത്തകനായിരുന്നു അദ്ദേഹം. ഗറില പോരാളിയെന്നനിലയിൽ ഗ്വാട്ടമാലൻ സൈന്യം അദ്ദേഹത്തെ 1967 മാർച്ച് 15ന് പിടികൂടുകയും നാലുദിവസത്തെ കൊടിയ പീഡനങ്ങൾക്കു ശേഷം 1967 മാർച്ച് 19ന് ചുട്ടുകൊല്ലുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.