01കപ്പവാട്ടുകാലമായാൽനാടുമുഴുവൻ ചുറ്റുന്നൊരു വാട്ടുചെമ്പ് അപ്പന്റെ തലയിലേറി ഗമയിലങ്ങനെ മലകേറി ഞങ്ങടെ വീട്ടിലേക്ക് വരുന്നു. അടുക്കളയിലപ്പോ പോത്ത് വേകുന്നു. കുടംപുളിയിട്ടുെവച്ച ഉണക്കമീൻകറിക്കമ്മ എരിവുംപുളിയും നോക്കുന്നു. കപ്പവാട്ടല്ലേ നാളത്തെ ദിവസം സ്കൂളീപോകണ്ടല്ലോന്നോർത്ത് ദിവാസ്വപ്നംകണ്ട് നിൽക്കുമ്പോ അപ്പന്റെ അലർച്ച ''ഇതൊന്ന് പിടിച്ചു താഴെവയ്ക്കടീ പുല്ലേ''ന്ന്. അപ്പന്റെ തെറികേട്ട് പാഞ്ഞുവന്ന അമ്മയും ഞാനും അനിയനുംകൂടി അപ്പന്റെ തലേന്ന് പിടിച്ചിറക്കുന്നു; ഞങ്ങളുടെ വീട്ടിലേക്കുവന്ന വിശിഷ്ടാതിഥിയെ. 02കുറെയേറെപ്പേർകപ്പ...
01
കപ്പവാട്ടുകാലമായാൽ
നാടുമുഴുവൻ ചുറ്റുന്നൊരു
വാട്ടുചെമ്പ്
അപ്പന്റെ തലയിലേറി
ഗമയിലങ്ങനെ മലകേറി
ഞങ്ങടെ വീട്ടിലേക്ക് വരുന്നു.
അടുക്കളയിലപ്പോ
പോത്ത് വേകുന്നു.
കുടംപുളിയിട്ടുെവച്ച
ഉണക്കമീൻകറിക്കമ്മ
എരിവുംപുളിയും നോക്കുന്നു.
കപ്പവാട്ടല്ലേ
നാളത്തെ ദിവസം
സ്കൂളീപോകണ്ടല്ലോന്നോർത്ത്
ദിവാസ്വപ്നംകണ്ട് നിൽക്കുമ്പോ
അപ്പന്റെ അലർച്ച
''ഇതൊന്ന് പിടിച്ചു
താഴെവയ്ക്കടീ പുല്ലേ''ന്ന്.
അപ്പന്റെ തെറികേട്ട്
പാഞ്ഞുവന്ന അമ്മയും
ഞാനും അനിയനുംകൂടി
അപ്പന്റെ തലേന്ന് പിടിച്ചിറക്കുന്നു;
ഞങ്ങളുടെ വീട്ടിലേക്കുവന്ന
വിശിഷ്ടാതിഥിയെ.
02
കുറെയേറെപ്പേർ
കപ്പ പറിക്കുന്നു;
കപ്പ തണ്ടേന്ന്
വെട്ടിക്കൂട്ടുന്നു.
അതിലേറെപ്പേർ
പാറയ്ക്കടുത്തുള്ള
ചെമ്പകമരത്തണലിലേക്ക്
കപ്പ ചുമക്കുന്നു.
ചുമട് വല്ലങ്ങളിൽ
കപ്പ നിറയ്ക്കാൻ
ഓടിപ്പായുന്നു;
ഞാനും അനിയനും.
03
വെളുപ്പിനെ തന്നെ
എത്തുന്ന
ബന്ധുക്കളും
നാട്ടുകാരും
ചെമ്പകച്ചോട്ടിലെ
കപ്പമലയ്ക്ക് ചുറ്റും
കാലുനീട്ടിയിരുന്ന്
കപ്പ പൊളിക്കുന്നു.
അടയ്ക്കാക്കത്തി
മടലിൽക്കോർത്ത്
കാൽത്തുടയാൽ
ബഞ്ചിലമർത്തി
കപ്പയങ്ങനെ
കച,കച,കചാന്ന്
അരിഞ്ഞുവീഴ്ത്തുന്ന
വീരനായകർ പാപ്പന്മാർ.
ചെമ്പിന്റെ മൂട്ടിൽ
തീയിടുന്നുണ്ടൊരു ചേട്ടൻ
ഇന്നലെ ഗമയിൽ
അപ്പന്റെ തലയിലേറി
നാടുചുറ്റി വന്നവൻ
മൂട്ടിൽ തീപിടിച്ച്
നിന്നുപൊള്ളുന്നു.
04
അപ്പന് പറയാനുണ്ട്;
ഒരുപാട് കഥകൾ.
അത് പൂരിപ്പിക്കാനും
പുതിയത് പറയാനും
പാപ്പന്മാരും
അവരുടെ കൂട്ടുകാരും.
പൊളിച്ചിട്ട കപ്പ
അരിയുന്നവരുടെ
വല്ലത്തിലേക്കെത്തിച്ചും
ബീഡിയും മുറുക്കാനും വെള്ളവും
ഇരിപ്പിടങ്ങളിൽ എത്തിച്ചും
പാഞ്ഞുനടക്കുന്ന
നിക്കറുകാരൻ
ആ കഥകൾ കേട്ട്
നാടിന്റെ ചരിത്രമറിയുന്നു.
05
വേവുനോക്കി
വാട്ടിക്കോരിയ കപ്പ
കരിമ്പാറക്കൂട്ടങ്ങളെ
വെള്ളയുടുപ്പണിയിക്കുന്നു.
ഞങ്ങടെ കപ്പ
ഉണങ്ങിക്കിട്ടി
പാറ ഒഴിയാൻ
മൂന്നുദിവസമെന്ന് കൂട്ടി,
അടുത്ത കുടുംബത്തിന്റെ
കപ്പവാട്ട്
തീരുമാനിക്കുന്നു.
06
കപ്പവാട്ടി പാറേലിട്ട്
രണ്ടുദിവസം
കഴിഞ്ഞൊരു മഴയിൽ
എല്ലാം നശിച്ചേന്റെ
കഥ പറയുന്നുണ്ടൊരു
അയൽക്കാരി ചേച്ചി.
അപ്പന്റേം അമ്മേടേം
ഉള്ളു കാളുന്നു,
മേലോട്ട് നോക്കുന്നു.
07
ഒരു വർഷത്തെ അധ്വാനം
കരിമ്പാറയ്ക്ക് മേലേ
മൂന്നു ദിവസത്തേക്ക്
ഉണക്കാനിട്ടിരിക്കുന്നു.
മുറ്റത്തിറങ്ങിയിരുന്ന്
ഇടയ്ക്കിടെ മേലോട്ട് നോക്കി
നീളമേറെയുള്ള
സന്ധ്യാപ്രാർഥന.
ഉറങ്ങാൻ കിടന്നാലും
ഇടയ്ക്കിടെ മുറ്റത്തിറങ്ങി
വാനനിരീക്ഷകരാകുന്നു
അപ്പനും അമ്മയും.
തെളിഞ്ഞ വാനത്തെ
നക്ഷത്രക്കുഞ്ഞന്മാരുടെ ചിരി
അവരുടെ മുഖത്തും
പ്രകാശം പരത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.