01
അസ്തമയം കഴിഞ്ഞ തനിനേരത്ത്
കുതിര മുറ്റത്തു വന്നുനിന്നു
നിശ്ശബ്ദസന്ധ്യയുടെ ശ്രദ്ധയിൽ അതിന്റെ
ചിനയ്ക്കൽ തെളിഞ്ഞു
കാലുകൾ ഇളക്കിച്ചവിട്ടു
മൊച്ചകളും
അത് കാത്തുനിന്നു
മൂന്നു കുപ്പികൾ അതിന്റെ ജീനിയിൽ തൂങ്ങിക്കിടന്നു
ബുദ്ധനോളം പഴക്കമുള്ള വീഞ്ഞ്
നാരകയിലകളിൽ ചിക്കിയതാരാണ്
നീയോ രാക്കാറ്റോ
ഞരമ്പിന്റെ കയങ്ങളിൽ മീനിളക്കങ്ങളെയുണർത്തുന്നു
ഈ മണം
എന്നത്തെക്കാളും വേഗത്തിൽ ഞാനിന്നെന്റെ
കുതിരയെ ഓടിച്ചുപോകും
ഏതു വേഗത്തിലോടിയാലും
രാത്രിയുടെ അങ്ങേയതിരിലെത്താൻ
ഒരേ സമയമാണെങ്കിലും
എനിക്കും കുതിരക്കും പിന്നി
ലവളും പടിവാതിലും അകന്നകന്നകന്നകന്നകന്നകന്നകന്നു
പോകുന്നതിനിടയിൽ കേട്ടു
കുതിരയോട്ടക്കാർക്കുമേൽ അവർ നോട്ടമിട്ടിട്ടുണ്ട്
സൂക്ഷിച്ചോളൂ
മറ്റൊരിക്കലും നിന്റെ ഒച്ച
ഇത്രത്തോളം ദൂരെയായിരുന്നിട്ടില്ല
എനിക്കറിയാം നേരം വെളുക്കുംവരെ അവൾ മുറിയിലെ
ലൈറ്റണയ്ക്കുകയില്ല
ഞാനും കുതിരയും പോകുന്ന വഴിയിലെല്ലാം
വെളിച്ചമുണ്ടായിരിക്കാനെന്നപോലെ
അധികമായ ആശങ്കകൊണ്ടും
അധികമായ പ്രതീക്ഷകൊണ്ടും ഞെരിക്കപ്പെടാതിരിക്കാനായ് അവൾ
സ്വയംഭോഗം ചെയ്യാറുണ്ടാവും
അവളുമൊരു കുതിരയെ ഓടിക്കുന്നതു
കാണുന്നു ഞാൻ
02
പകലിന്റെ പൊറ്റങ്ങൾ ഓർമകൾപോലെ
പൊഴിഞ്ഞുമാഞ്ഞുകൊണ്ടേയിരിക്കും
മടിയിലവൾ നിവർത്തിവെച്ച പത്രത്തിലെ പാലിമൗനത്തിൽ
ഒരു പ്രകാശപാളി മയങ്ങിക്കിടക്കും
അവളതിലേക്കു പേനുകളെ ഈരിയിടും
ഇടയ്ക്ക് ഓരോന്നിനെയായി പെറുക്കിയെടുത്ത്
പെരുവിരൽനഖങ്ങൾക്കിടയിൽവെച്ച് ഞെക്കി
'ടിക്' എന്ന നിശ്ശബ്ദമായ ഒച്ചയുണ്ടാക്കി കൊല്ലും
തത്തക്കൊക്കിലേക്കു പഴത്തുണ്ട് വെച്ചുകൊടുക്കുമതേ
ഉള്ളയവോടെ
അവളുടെ നിശ്വാസങ്ങൾ ചിലപ്പോൾ
പാറിനിൽക്കുന്ന പാപ്പാത്തികളെ തള്ളിനീക്കുന്നതു കാണാം
03
രാത്രികളിൽ ഞാൻ കുതിരമേലിരുന്ന്
വീടുകൾക്കിടയിലൂടെ കടന്നുപോകുന്നു
കുളമ്പടികളുടെ മൗനം വാതിലുകളിൽച്ചെന്നു മുട്ടുന്നു
ജനലുകൾ തുറന്നുനോക്കുന്ന ആളുകൾ
കുതിരയെ മാത്രം കാണുന്നു
എപ്പോഴെങ്കിലും ഒരാൾ
എന്നെ മാത്രവും കണ്ടേക്കാം
ആഴത്തിലേക്കു മുഖംതാഴ്ത്തി
കുതിര ഏറ്റവും പതിയെ നടക്കും
അതെന്റെ മനസ്സു വായിക്കുകയാവുമപ്പോൾ
എനിക്കറിയാം അതിന് എന്നോടെന്തോ പറയാനുണ്ടെന്ന്
തീയേക്കുറിച്ച് ജലത്തേക്കുറിച്ച്
അതെന്തെന്നു
മെനിക്കറിയാം
അറിയാം
04
അനശ്വരത എന്റെ വിധിയാകുന്നു
രാത്രി എന്റെ സങ്കൽപമാണ്
പകൽ
എന്റെ
സ്വപ്നവും
അടയ്ക്കാക്കിളികൾ ചിലച്ചുണർത്തു
മാകാശം
ആകാശം നിറയെ
അകലെ അകലെ അകലെയകലെയകലെ എന്ന പാട്ട്
നരച്ച ഓർമ
ത്രിപുണ്ഡ്രങ്ങൾക്കുള്ളിൽ ഒരു ശൂന്യചക്രം പുകയും
പകലിന്റെ പൊറ്റങ്ങളതിലേക്കു
പൊഴിഞ്ഞുകൊണ്ടേയിരിക്കും
അവൾ പറയും
റോസാപ്പൂവുകൾക്ക് എന്തൊരു കുറുമ്പാണല്ലേ പ്രത്യേകിച്ച്
മുഴുവനായി വിരിയുന്നതിനുമുമ്പേ
നന്നേ രാവിലെകളിൽ
നനഞ്ഞയീ മണം എന്റെയുള്ളിലെ വടുക്കളിൽ
ആകാശങ്ങളെ കൊത്തിവെക്കുന്നു
ഞാൻ പറയും
എനിക്ക് ഈ ഇലകളെയാണിഷ്ടം
ഇവയുടെ അതിരുകളിലാണ്
അവിസ്മരണീയത സ്ഥിരമായി താമസിക്കുന്നത്
നീ പറഞ്ഞു
ദുഃഖാകുലമായ ദുഃഖമേ എന്റെ
എല്ലാ ഹൃദയങ്ങളെയും വിട്ട് കടന്നുപോകൂ
മറ്റൊരിക്കലും നിന്റെ ഒച്ച
അത്രത്തോളം അരികിലായിരുന്നിട്ടില്ല
05
സന്ധ്യയതിന്റെ മനസ്സിനെ
ഒരു പഴങ്കടലാസെന്നു നെടുകെക്കീറുന്നു
ആകാശത്തിനും പുറത്തേക്ക് പറത്തിവിടുന്നു
അവിടെ മറ്റൊരാകാശം നിറയുന്നു
ചെമ്പകപ്പൂമണം ഒരു കുന്നാണ്
അതിന്റെ നെറുകയിലെനിക്ക്
നാലുകെട്ടായ ഒരു കണ്ണാടിമാളികയുണ്ട്
വിളക്കുകളൊന്നും തെളിക്കാതെയാ
മുറികളിലെല്ലാം വെളിച്ചം നിറയും
ഓരോ മുറിയിലും നീയുണ്ടാവും
നിന്നെത്തൊടുമ്പോഴെല്ലാ
മെന്റെ വിരലുകൾ പൊള്ളും
നീ തൊടുമ്പോ
ളെനിക്കു കുളിരും
നമുക്കിടയിലൂടൊരാകാശ
മൊഴുകും
അവിടെ
നടുമുറ്റത്ത്
ബുദ്ധനോളം പഴക്കമുള്ളൊരു നിലാവ് താമസിക്കുന്നുണ്ട്
06
രണ്ട് ആളലുകളുടെ
ഒറ്റ മൗനമാണ് വെളിച്ചം
അത് ഉപ്പിന്റെ മണമുള്ള പുകയുതിർത്തുകൊണ്ടേയിരിക്കും
താമരയിതളുകളുടെ അതിരുകളുള്ളൊരു
ലോഹക്കണ്ണാടിയാണ് ഇരുട്ട്
അതിൽ മുഖംനോക്കുമ്പോഴെല്ലാം
കാണുന്നതു നിന്നെ നീയുടുക്കുന്നത് ഉലയുമിലപ്പച്ച
യതിന് തീയുടെയലുക്കുകൾ
നിനക്കു പിന്നിൽ പൂമണങ്ങളുടെ
വെള്ളച്ചാട്ടം
07
കണ്ണാടിയുടെ രഹസ്യവാതിൽ തുറന്ന്
ഒരു ദിവസം ഞാൻ നിന്നെ പുറത്തിറക്കും
എന്നിട്ട് നമ്മൾ കുതിരപ്പുറത്ത്
ഒരുമിച്ചു സഞ്ചരിക്കും
നിലാവും റോസാച്ചെടിയും
നമ്മളോടൊപ്പം വരും
അകലെ
അകലെ
അകലെ
എവിടെയെങ്കിലും നമ്മൾ
നമ്മുടെ ദേശത്തെ കണ്ടെടുക്കും
അവിടെ നമ്മൾ വീഞ്ഞും പൂമണങ്ങളും വിൽക്കുമൊരു
കട തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.