1 മലയുടെ തുഞ്ചത്തു കയറി നിന്ന്ആകാശത്തിന് അഴികളില്ലാത്തൊരു ജനാല വരച്ചു വിളിക്കാതെ വന്നു നിന്ന നിലാവും നക്ഷത്രങ്ങളും അതിനെ മനോഹരമാക്കി കാണുന്നവരെല്ലാം പറയും എന്തു നല്ല പെയിന്റിങ്! മലയുടെ അരക്കെട്ടോളം കയറി വന്ന് നിസ്സംഗയായി അതും നോക്കി നിന്ന നിന്നെ നിശാവാതം തിരഞ്ഞു വന്ന് ഓർമിപ്പിച്ചു: കുഞ്ഞേ തണുപ്പത്ത് നീ ഒറ്റയ്ക്കാണ് താഴ്‌വരയിലെ വീടും. 2 ഏകാന്തതയെക്കുറിച്ച് വാചാലരാവുന്ന ഒരാൾക്കും അറിഞ്ഞുകൂടാ നിന്നിൽ ഒളിച്ചു പാർക്കുന്ന രഹസ്യങ്ങളെ, നിശ്ശബ്ദരായി നമ്മൾ പങ്കിടുന്ന ധർമസങ്കടങ്ങളെ, കെട്ടുപോകാനായി ഉള്ളിൽ ഊതിക്കുഴിച്ചിട്ട സ്നേഹത്തെ, ഞാൻ വരച്ച ജനാലയ്ക്കലേക്ക് വരാനിരിക്കുന്ന...
1
മലയുടെ തുഞ്ചത്തു കയറി നിന്ന്
ആകാശത്തിന്
അഴികളില്ലാത്തൊരു ജനാല വരച്ചു
വിളിക്കാതെ വന്നു നിന്ന നിലാവും നക്ഷത്രങ്ങളും
അതിനെ മനോഹരമാക്കി
കാണുന്നവരെല്ലാം പറയും
എന്തു നല്ല പെയിന്റിങ്!
മലയുടെ അരക്കെട്ടോളം
കയറി വന്ന്
നിസ്സംഗയായി
അതും നോക്കി നിന്ന നിന്നെ
നിശാവാതം തിരഞ്ഞു വന്ന്
ഓർമിപ്പിച്ചു:
കുഞ്ഞേ
തണുപ്പത്ത്
നീ ഒറ്റയ്ക്കാണ്
താഴ്‌വരയിലെ വീടും.
2
ഏകാന്തതയെക്കുറിച്ച്
വാചാലരാവുന്ന
ഒരാൾക്കും അറിഞ്ഞുകൂടാ
നിന്നിൽ ഒളിച്ചു പാർക്കുന്ന
രഹസ്യങ്ങളെ,
നിശ്ശബ്ദരായി
നമ്മൾ പങ്കിടുന്ന ധർമസങ്കടങ്ങളെ,
കെട്ടുപോകാനായി ഉള്ളിൽ
ഊതിക്കുഴിച്ചിട്ട സ്നേഹത്തെ,
ഞാൻ വരച്ച ജനാലയ്ക്കലേക്ക്
വരാനിരിക്കുന്ന വലിയ മേഘത്തെ.
വീടിനോടൊത്ത്
പോകുമെന്നു തോന്നുന്നു
അകത്ത് ഉറങ്ങിക്കിടക്കുന്ന
എല്ലാ ഓർമകളും.
ശൂന്യതയിലേയ്ക്കല്ലാതെ
പറക്കാനുള്ള മോഹം
നമുക്കെന്താണ് ഇല്ലാതെ പോയത്!
നീ പടുത്തുണ്ടാക്കിയ
താഴ്‌വരയിലെ വീട്
എന്നേക്കുമായി തനിച്ചാവുമ്പോൾ
തെളിഞ്ഞണയുന്ന സൂര്യവെളിച്ചം
ബാക്കിെവച്ച ചുവരുകളിലെ
ഇളം ചൂടിലേക്ക്
മാരകമായ മഞ്ഞ് പെയ്തിറങ്ങുമ്പോൾ
നിന്റെ ചർമത്തിൽ
നിലാവു പൂശിയിരുന്ന ചന്ദ്രൻ
രശ്മികൾ പിൻവലിച്ച്
രാത്രിയിൽത്താഴുമ്പോൾ
നിർമിതിയുടെ അടിത്താങ്ങായ ഭൂമി
കിരുകിരുത്ത്
ഒരു നെടുവീർപ്പിനെ
മുകളിലേയ്ക്കയക്കും.
3
നിത്യതയിലേക്ക് കണ്ണയക്കാനുള്ളതല്ല
ഞാൻ വരച്ച ജനാല
മലമുകളിലേക്ക് കയറി വരൂ
എന്നെത്തൊട്ടു നിന്ന്
നീ
നക്ഷത്രങ്ങൾക്കപ്പുറത്തേക്കു നോക്കൂ.
കാണുന്നവർക്കു തോന്നട്ടെ
അതാ
സ്വർഗജാലകപ്പുറത്തെ
തിരസ്കൃത ലോകത്തിന്റെ
വിനീതരായ രണ്ടു കാവൽക്കാർ
എന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.